Friday 3 August 2018

തത്ത്വമസി - ഒരു ശബരിമല യാത്ര



രാമുവും മകന്‍ രോഹനും ശബരിമലയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്.മാലയിട്ടതിന് ശേഷം ഒരു പ്രത്യേക ആവേശവും അനുഭൂതിയും ആണ് രോഹന്. എന്നും കൂട്ടാലക്കുളത്തില്‍ ആ തണുത്ത വെള്ളത്തില്‍ കൂട്ടുകാരോടൊത്ത് കുളിച്ച് കൂട്ടശരണം വിളികളോട് കൂടി കൂട്ടാല അമ്പലത്തില്‍ തോഴുമ്പോള്‍ മനസ്സില്‍ പതഞ്ഞു പൊങ്ങി വരുന്ന ആ ആനന്ദമുണ്ടല്ലോ അത് മറ്റൊരിക്കലും മറ്റൊരിടത്തും കിട്ടാറില്ല..!!

എല്ലാ വര്‍ഷവും മുടങ്ങാതെ പോകുന്ന ഗംഗന്‍ ആണ് അവരുടെ ഗുരുസ്വാമി അതായത് ടീം ലീഡര്‍. രാമുവിന് ഗംഗനെന്ന ഗുരുസ്വാമിയെ നന്നായിട്ടറിയാം. കൂടെപ്പോകുന്ന സംഘത്തിലെ ഓരോരുത്തരുടേയും സംശയങ്ങള്‍ക്ക് നല്ല കാഴ്ചപ്പാടോട് കൂടി മറുപടി തരാന്‍ ഗുരു ഗംഗന് കഴിയും. അവരുടെ സംഘം ചേര്‍ന്നുള്ള പല യാത്രകളും പല ചര്‍ച്ചകള്‍ക്കും വഴി തെളിച്ചിട്ടുണ്ട്.

യാത്ര എന്നാല്‍ കൂടുതല്‍ കൂടുതല്‍ അടുത്തറിയുക എന്നാണല്ലോ. പുസ്തകത്തില്‍ പല ആവൃത്തി വായിക്കുന്നത് ഒന്ന് നേരിട്ട് കണ്ടാല്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാകും. അതാണ്‌ യാത്രയുടെ പ്രത്യേകത...

രോഹന് യാത്രകള്‍ എന്നാല്‍ കണ്ടും, കേട്ടും, തൊട്ടും, തലോടിയും ചോദിച്ചും പറഞ്ഞും അറിയുക എന്നാണ്. ഈ യാത്രയും അങ്ങനെ ആകണേ...രോഹന്‍റെ മനസ്സ് മന്ത്രിച്ചു...!!

താമസിയാതെ ആ കാത്തിരുന്ന ദിവസം വന്നു. കെട്ടുനിറച്ച് യാത്ര പുറപ്പെടുന്ന ദിവസം. കാനന വാസനെ നേരിട്ട് കാണാനുള്ള ദിവസം. അതിരാവിലെ എല്ലാവരും കൂട്ടാലക്കുളത്തില്‍ കുളിച്ച്, കൃഷ്ണന്‍റെ അമ്പലത്തില്‍ ‍കെട്ടുനിറയ്ക്കായി എത്തി.

കെട്ടുനിറയ്ക്കുമ്പോഴുള്ള താളത്തിനൊത്ത ശരണധ്വനി രോഹനെ വളരെയധികം ആകര്‍ഷിച്ചു. പ്രത്യേകിച്ച് നാളികേരത്തിന്‍റെ കണ്ണിലൂടെ ചെറു ചൂടുള്ള നെയ്യ് കുറേശ്ശെ കുറേശ്ശെയായി ഒഴിച്ചു നിറയ്ക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് ശരണം വിളിക്കുന്ന ആ സാന്ദ്രമായ അന്തരീക്ഷം ഒന്ന് വേറെത്തന്നെയാണ്. എല്ലാം പ്രതീകാത്മകമാണ്. നെയ്യും, തേങ്ങയും മനസ്സും ശരീരവും എന്ന പോലെ ഇരു മുടിക്കെട്ടും, അതിലുള്ള ദ്രവ്യങ്ങളും എല്ലാം പ്രതീകാത്മകങ്ങളാണ് എന്ന് ഗുരുസ്വാമി ഗംഗന്‍ പറഞ്ഞത് രോഹന് ഓര്‍മ്മ വന്നു.

അധികം താമസിയാതെ എല്ലാവരുടെയും കെട്ടുനിറ കഴിഞ്ഞു. ഇരുമുടിക്കെട്ടെടുത്ത് തലയില്‍ വച്ച് ഓരോ നാളികേരം എറിഞ്ഞുടച്ച് എല്ലാവരും വരി വരിയായി ക്ഷേത്രത്തിന് വലതു വശത്തുകൂടെ ശരണം വിളിയുമായി, മുന്നോട്ട് നടന്നു... പുറകോട്ട് തിരിഞ്ഞു നോക്കാതെ. ഓരോ യാത്രകളും അങ്ങനെയാണല്ലോ. മുന്നോട്ട്, മുന്നോട്ട്...മുന്നോട്ട്.. നമ്മുടെ ജീവിത യാത്രയും.

പണ്ട് ഘോര വനത്തിലൂടെ കാല്‍ നടയായി യാത്ര ചെയ്യാന്‍ പോകുന്ന ആ സാഹസികതയുടെ മിന്നൊളിയാണ് താന്‍ ഇപ്പോള്‍ കാണുന്നത്... രോഹന്‍ ചിന്തിച്ചു.

എല്ലാവരും വണ്ടിയില്‍ കയറി. വണ്ടി മുന്നോട്ടെടുത്തപ്പോള്‍ ശരണം വിളികള്‍ ഒന്ന് കൂടി ഉറക്കെ മുഴങ്ങി. യജ്ഞാഗ്നിയില്‍ നെയ്യ് ഒഴിക്കുമ്പോള്‍ തീ ഒന്ന് ആളിക്കത്തുന്നത് പോലെ.. പിന്നെ ശാന്തമായി.

അതിരാവിലെ ഉള്ള യാത്ര രോഹന് വളരെ ഇഷ്ടമാണ്. തെന്നിളം കാറ്റ് മുഖത്ത് തലോടുമ്പോള്‍ ഉള്ള ഒരു സുഖം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആ കുളിര്‍മ്മ താഴേക്കിറങ്ങി ഹൃദയത്തിലൂടെ ദേഹമാസകലം പരക്കുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.

ബാല സൂര്യന്‍ കല്ലടിക്കോടന്‍ മലയുടെ മുകളില്‍ നിന്നും എത്തി നോക്കുന്നു. ഒളിച്ചുകളിക്കുകയാണ് അവന്‍. വണ്ടിയുടെ വേഗതയ്ക്കനുസരിച്ച് അവന്‍ ആ‍ മലനിരയുടെ പല മടക്കുകളിലൂടെയും എത്തി നോക്കി ചിരിച്ചുകൊണ്ടിരുന്നു. അവന്‍റെ ബാല കിരണങ്ങള്‍ നാടാസകലം സ്വര്‍ണ്ണാഭ പരത്തുന്നു.

ഒലവക്കോട് ഒരു ചായക്കടയ്ക്കു മുന്നില്‍ വണ്ടി നിറുത്തി. രാവിലത്തെ ഞങ്ങളുടെ പെട്രോള്‍ നിറയ്ക്കല്‍ ഈ ചായക്കടയില്‍ നിന്നാണത്രേ…!!

കുളിരുന്ന പ്രഭാതത്തില്‍ നല്ല ആവി പറക്കുന്ന ഇഡ്ഡലിയും പച്ചമുളകരച്ച നാളികേര ചട്ണിയും കൂടെ പാലക്കാടന്‍ ചട്ടിണിപ്പൊടിയും അതും നല്ലെണ്ണയില്‍ ചാലിച്ചത്... !! ആഹാ... കൂടെ വടയും ചായയും കൂടി ആയപ്പോള്‍ എന്താ രസം…!! കുറേ കാലങ്ങളായി കിട്ടാത്ത രുചി.

പ്രാതല്‍ കഴിഞ്ഞ് വണ്ടിയില്‍ കയറുമ്പോള്‍ രോഹന്‍ ഗംഗേട്ടന്‍റെ അടുത്തിരുന്നു. ഈ യാത്ര, കുറേ കാലമായി മനസ്സില്‍ ഉരുട്ടിക്കൊണ്ട് നടക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടുപിടിക്കാന്‍ ഉതകുന്നതാകണം .

രോഹന്‍ ഒച്ചയനക്കിക്കൊണ്ട് ഗംഗേട്ടനോടു ചോദിച്ചു. ഗംഗേട്ടാ എനിക്കൊരു സംശയം. ഗംഗന്‍ അവനെ ഒന്ന് നോക്കി. അവന്‍ ചോദ്യത്തിന്‍റെ ആദ്യത്തെ അമ്പ് എയ്തു. ഗംഗേട്ടാ, ഈ അയ്യപ്പന്‍റെ ജനനം എങ്ങനെയാ ഉണ്ടായത്. പൊതുവേ പ്രചാരത്തിലുള്ള കഥ , ശിവന് മോഹിനിയില്‍ ഉണ്ടായതാണ് അയ്യപ്പന്‍ എന്നാണല്ലോ?

നീ ആള് കൊള്ളാമല്ലോ എന്ന പോലെ ഗംഗന്‍ ഒരു ചെറു ചിരി ചിരിച്ചു.. എന്നിട്ട് കറുപ്പും വെളുപ്പും കലര്‍ന്ന താടിയില്‍ മെല്ലെ തടവി. എന്നിട്ട് പതുക്കെ പറഞ്ഞു തുടങ്ങി

ഇതിന്‍റെ വാസ്തവം അറിയാന്‍ നമുക്ക് കുറച്ചു പുറകോട്ട് ചിന്തിക്കേണ്ടിവരും. ഗുരു ഗംഗന്‍ കാര്യങ്ങള്‍ പതുക്കെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ്. കുട്ടികള്‍ ചോദ്യം ചോദിക്കുമ്പോള്‍ യുക്തി യുക്തമായി ഉത്തരം നല്‍കിയില്ലെങ്കില്‍ പ്രശ്നമാണ്. ടിവിയും ഗൂഗിളും യൂട്യൂബും ഉള്ള ഈ കാലത്ത് അവര്‍ തന്നെ മിക്കതിനും ഉത്തരം കണ്ടുപിടിക്കും... എങ്കിലും നമുക്കറിയുന്നത് പറഞ്ഞു കൊടുക്കുക തന്നെ..

ചരിത്രപരമായി വളരെ പുരാതന ക്ഷേത്രമാണ് ശബരിമല. രാമായണത്തില്‍ ശബരിയുമായി ബന്ധപ്പെട്ടിട്ടുള്ള കഥയുണ്ടല്ലോ. അതുകൊണ്ടായിരിക്കാം ശബരിമലയ്ക്ക് ആ പേര് കിട്ടിയത്.

ആ കഥ ഞാന്‍ കേട്ടിട്ടുണ്ട് എന്ന് രോഹന്‍. രാമനും ലക്ഷ്മണനും സീതയെ അന്വേഷിച്ച് ഈ വഴിക്ക് പോയപ്പോള്‍, ശബരി പഴങ്ങള്‍ കടിച്ചു നോക്കി മധുരമുള്ളത് മാത്രം കൊടുത്ത കഥയല്ലേ…

അതെ ..അതെ‍ ഗംഗന്‍ തലയാട്ടി.പണ്ട് ഏകദേശം ക്രി. മു അഞ്ചാം ശതകത്തില്‍ ആയിരിക്കാം ചേര ചോള രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലം. അക്കാലത്ത് ഹിന്ദു മതത്തില്‍ ശൈവ വൈഷ്ണവ വിശ്വാസങ്ങള്‍ വളരെ ശക്തമായിരുന്നു. ഈ വിശ്വാസികള്‍ തമ്മില്‍ വളരെയധികം സ്പര്‍ദ്ധയും നിലനിന്നിരുന്നുവത്രേ...!!

അതെയോ, അതെങ്ങനെ.. നമുക്ക് ഇപ്പോള്‍ അങ്ങനെ ഒരു വ്യത്യാസം തോന്നുന്നില്ലല്ലോ. രഘുവും ചര്‍ച്ചയില്‍ കൂടി.

ഗംഗന്‍ തുടര്‍ന്നു. ഇന്ന് അങ്ങനെ വ്യത്യാസങ്ങള്‍ കുറവായിരിക്കാം. പക്ഷേ നമ്മുടെ പുരാണങ്ങള്‍ തന്നെ എടുത്തു നോക്കൂ.

വിഷ്ണു പുരാണത്തില്‍ ശിവനെ എപ്പോഴും ശക്തി കുറഞ്ഞും താഴെയുമായാണ് ചിത്രീകരിക്കുക.ഭസ്മാസുരന് വരം കൊടുത്ത കഥ തന്നെ നോക്കൂ. ശിവന്‍ വരം കൊടുത്ത് കഴിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ ഓടുകയല്ലേ. അവസാനം വിഷ്ണുവല്ലേ രക്ഷപ്പെടുത്താന്‍ എത്തുന്നത്. അതും പഴയ മോഹിനി വേഷം കെട്ടി.

അത് പോലെ ശിവ പുരാണത്തില്‍ വിഷ്ണുവിന് ശക്തി കുറഞ്ഞതായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. എല്ലാ പരിഹാരങ്ങള്‍ക്കും വിഷ്ണുവടക്കം എല്ലാവരും ശിവന്‍റെ കൈലാസത്തില്‍ എത്തും, അഭ്യര്‍ത്ഥനയുമായി...!!

ദേവീ പുരാണത്തില്‍ ശിവനും വിഷ്ണുവും ശക്തി കുറഞ്ഞവരാണ്. ദേവിക്കാണ് ശക്തി കൂടുതല്‍.അങ്ങനെ ഓരോ പുരാണങ്ങളിലും അതാത് വിശ്വാസക്കാര്‍ക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു.

ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പണ്ടു കാലങ്ങളില്‍ വളരെക്കൂടുതല്‍ ആയിരുന്നു. ഇത് കൊച്ചു കലഹങ്ങളില്‍ വരെ എത്തിയിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

അക്കാലത്താണ് പല പണ്ഡിതരും ചേര്‍ന്ന് ശൈവ വൈഷ്ണവ വിശ്വാസങ്ങള്‍ സമന്വയിപ്പിക്കാന്‍ വളരെ കിണഞ്ഞു പരിശ്രമിച്ചു തുടങ്ങിയത്.

അതി പുരാതന പ്രതിഷ്ഠയായ ശ്രീ ശാസ്താവിനെ ശൈവ വൈഷ്ണവ ശക്തി സമന്വയിപ്പിച്ച് ജനങ്ങളുടെ ഇടയില്‍ അവതരിപ്പിച്ചാല്‍ ഇവരുടെ കലഹങ്ങള്‍ക്ക് കുറവ് വന്നേക്കാം എന്ന് ‍ അവര്‍ കരുതിയിട്ടുണ്ടാകണം.

ആ ശക്തി സമന്വയത്തിന് ഒരു ആധികാരികത വരുത്തുവാന്‍ വേണ്ടി മോഹിനിയുടെയും ശിവന്‍റെയും കഥ പുരാണത്തില്‍ പ്രതിപാദിച്ചിട്ടുള്ളിടത്ത് അവര്‍ ഒരു കുഞ്ഞിന്‍റെ കഥ കൂടി കൂട്ടി. അത് പിന്നീട് ഫലവത്താവുകയും വളരെ പ്രചാരത്തില്‍ വരികയും ചെയ്തു.

പക്ഷേ, അതങ്ങനെ വിശ്വസിക്കാന്‍ പ്രയാസമാണല്ലോ, ഗംഗാ... എന്തെങ്കിലും തെളിവുണ്ടോ. ഇതെല്ലാം കേട്ടിരുന്ന ചന്ദ്രന്‍ ഇടക്കു കയറി ചോദിച്ചു.

ഗംഗനും തലയാട്ടി.. ശരിയാണ് അത്ര എളുപ്പത്തില്‍ വിശ്വസിക്കാവുന്നതല്ല ഈ വക സംഗതികള്‍.

ഒരു ചെറിയ ഉദാഹരണം പറയാം, ഗംഗന്‍ ഇത് വിശദീകരിക്കാന്‍ ശ്രമിച്ചു.

ശിവന്‍റെ മകനായി അയ്യപ്പനെ, ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള പുരാണകഥകളില്‍ കാണുന്നില്ല. അവര്‍ ഗണപതിയേയും കാര്‍ത്തികേയനെയും മാത്രമേ അംഗീകരിക്കുന്നുള്ളു.

ഉത്തരേന്ത്യയില്‍ ശിവന് മൂന്ന് മക്കള്‍ ഇല്ലല്ലോ…?

അതെ, അത് ശരിയാണ് എന്ന് രോഹന്‍ ഇടക്ക് കയറി പറഞ്ഞു. അവിടെ അയ്യപ്പന്‍റെ ജനന കഥ പറഞ്ഞു മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്, അവര്‍ അത് വിശ്വസിക്കില്ല.

ഓരോ സ്ഥലങ്ങളില്‍ ഓരോ വിശ്വാസം. അയ്യപ്പന്‍ എന്ന ശ്രീ ധര്‍മ്മ ശാസ്താവ് ദക്ഷിണേന്ത്യക്കാര്‍ക്ക് ശൈവ വൈഷ്ണവ വിശ്വാസങ്ങളുടെ സമന്വയത്തിന്‍റെ ഒരു വലിയ പ്രതീകമാണ്... ഗംഗന്‍ പറഞ്ഞു നിറുത്തി.

വണ്ടി അങ്കമാലി എത്താറായിരിക്കുന്നു. രോഹന്‍ ഇടക്ക് പുറത്തേക്കൊന്നു നോക്കി. എല്ലാ റോഡുകളും വഴിയോരങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുന്നു. നാടൊക്കെ പുരോഗമിക്കുകയാണ് എന്നാണ് പൊതുവേയുള്ള തോന്നല്‍.

എന്നാല്‍ ഇത്തരത്തില്‍ ഉള്ള പുരോഗമനം എങ്ങോട്ട് എന്ന് ഒരുവേള അതിശയിച്ചു പോകും. പുരോഗമിക്കുന്ന സ്ഥലത്തൊന്നും പച്ചപ്പ്‌ കാണാനേയില്ല. പ്രകൃതിയില്‍ നിന്നും അകന്നകന്നു പോകുന്ന ഈ പുരോഗമനം എങ്ങോട്ട്…. അറിയില്ല.

ഇവിടെ അടുത്ത് നല്ല ഒരു ശരവണഭവ ഹോട്ടല്‍ ഉണ്ട്. അവിടെ തരക്കേടില്ലാത്ത ആഹാരം കിട്ടും, രഘു ഓര്‍മ്മിപ്പിച്ചു. വര്‍ത്തമാനത്തില്‍ സമയം പോയത് അറിഞ്ഞതേയില്ല....

അല്‍പ്പ സമയത്തിനുള്ളില്‍ വണ്ടി പ്രധാന ഹൈവേയില്‍ നിന്നും പതുക്കെ താഴേക്കുള്ള ചരിവിലേക്ക് ഇറങ്ങി. വണ്ടി പാര്‍ക്ക് ചെയ്യാന്‍ വിശാലമായ സ്ഥലവും, ശങ്കകള്‍ തീര്‍ക്കാനുള്ള നല്ല സൌകര്യവും അവിടെ ഉണ്ട്.

എല്ലാവരും കൈ കഴികി വന്ന്, ശാപ്പാട് ഓര്‍ഡര്‍ ചെയ്തു. അധികം വൈകാതെ വിഭവങ്ങള്‍ നിറഞ്ഞ ധാലി വന്നു.

ഓരോ വിഭവവും ഒഴിച്ചങ്ങനെ സ്വാദ് നോക്കി വരുമ്പോഴേക്ക് വയറു നിറയും. അതാണ്‌ അവരുടെ ഊണിന്‍റെ പ്രത്യേകതയും.

അതില്‍ കട്ട തൈരും പായസവും എടുത്തു പറയാതെ തരമില്ല.

അയ്യപ്പന്‍ എന്ന ധര്‍മ്മ ശാസ്താവ് വളരെക്കാലമായി ശബരിമലയില്‍ ഉണ്ട്. പക്ഷേ അദ്ധേഹത്തെക്കുറിച്ചുള്ള എന്തെല്ലാം അവിശ്വസനീയ കഥകള്‍... രോഹന്‍റെ ചിന്ത ചര്‍ച്ചകളില്‍ തന്നെ ഉടക്കി നിന്നു.

ഓരോരുത്തരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ഓരോ കഥകള്‍.. അദ്ദേഹത്തിന് ഇതൊന്നും തെല്ലും ഏശുന്നുണ്ടാവില്ല. പുരാണങ്ങളില്‍ മിക്കവാറും കഥകള്‍ തന്നെയാണല്ലോ..

രോഹന്‍ പുഡ്ഡിഗ് പോലുള്ള മൃദുലമായ ആ കട്ടതൈര് പതുക്കെ ചോറില്‍ ഒഴിച്ച് കുഴച്ചു.

രോഹന്‍…., എന്താ ആലോചിച്ച് കൊണ്ടിരിക്കണേ, വേഗം കഴിച്ചിട്ട് വാ.. പുറകില്‍ നിന്ന് വിളികേട്ട് രോഹന്‍ ഒന്ന് ഞെട്ടി. വേഗം ഊണ് കഴിച്ച്, പായസം തുടച്ചു നക്കി എഴുന്നേറ്റു.

എല്ലാവരും വണ്ടിയില്‍ കയറി. ഇപ്രാവശ്യവും രോഹന്‍ ഗംഗേട്ടന്‍റെ അടുത്തു തന്നെ ഇരുന്നു. ഗംഗേട്ടന്‍റെ ചികഞ്ഞുള്ള മറുപടികള്‍ അവനിഷ്ടമായി. ഇനിയും പലതും ചോദിച്ചറിയണം. ഈ യാത്രയില്‍ കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു. ഗംഗേട്ടന്‍റെ വിശകലനങ്ങള്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരു തരത്തില്‍ ചിന്തോദ്ദീപകമാണ്. നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും ആയ പലതും പച്ച വെള്ളം ചേര്‍ക്കാതെ അങ്ങ് വിഴുങ്ങാന്‍ വിഷമമാണല്ലോ...!!

ഗംഗേട്ടാ, ശബരിമലയിലെ തത്ത്വമസി വളരെ പ്രസിദ്ധമാണല്ലോ? എന്താണ് അതിന്‍റെ ശരിക്കുള്ള അര്‍ത്ഥം? രോഹന്‍റെ ജിജ്ഞാസ വീണ്ടും ഉണര്‍ന്നു..

രോഹന്‍റെ ചോദ്യം കേട്ട് ഗംഗന് വളരെ സന്തോഷം തോന്നി. ചെറുപ്പക്കാര്‍ ചുരുക്കമായേ ഇതൊക്കെ അറിയാന്‍ ശ്രമിക്കാറുള്ളു. തനിക്ക് അറിയുന്നത്, യുക്തമായത് പറഞ്ഞു കൊടുക്കുക തന്നെ...

ഇതിനും നമുക്ക് കുറച്ചു ചികഞ്ഞാലോചിക്കേണ്ടി വരും... വീണ്ടും പതിവു പടി ഗുരു ഗംഗന്‍ പായ നിവര്‍ത്തുന്നത് പോലെ നിവര്‍ത്തിത്തുടങ്ങി..നോക്കാം.

ഗംഗന്‍ പതുക്കെ തന്‍റെ കറുപ്പും വെളുപ്പും കലര്‍ന്ന താടി പതുക്കെ ചികഞ്ഞു... വകഞ്ഞു.. എന്നിട്ട് പതുക്കെ പറഞ്ഞു തുടങ്ങി..

ഹിന്ദു മതം എന്നത് വളരെ പഴക്കമുള്ള ഒരു ചിന്താ ധാരയാണ്. അതി പുരാതനം എന്ന് തന്നെ പറയാം. പല കാലത്ത് പല മത വിശ്വാസങ്ങള്‍ വളര്‍ന്നു വന്നത് കൂടിക്കലര്‍ന്നത് കൂടിയാണ് ഇത്.

എന്നു വച്ചാല്‍, രോഹന്‍ സംശയം പ്രകടിപ്പിച്ചു.

ഭാരതത്തില്‍ പലരുടെയും ഭരണ കാലത്ത്, അധിനിവേശ കാലത്ത് ഓരോ ചിന്താ ധാരകള്‍ ആണ് ആധിപത്യം നേടിയിരുന്നത്. നേരത്തേ പറഞ്ഞത് പോലെ ശൈവം, വൈഷ്ണവം എന്ന പോലെ സാമ്രാട്ട് അശോകന്‍റെ കാലത്ത് ബുദ്ധമതവും, വര്‍ധമാന മഹാവീരന്‍റെ കാലത്ത് ജൈന മതവും, ശ്രീ ശങ്കരന്‍റെ കാലത്ത് വീണ്ടും ഹിന്ദു മതവും ജനങ്ങള്‍ക്കിടയില്‍ ആധിപത്യം നേടി.

സാമ്രാട്ട് അശോകന്‍ കലിംഗ യുദ്ധത്തിന് ശേഷം ബുദ്ധമതം സ്വീകരിച്ചത് നമുക്കൊക്കെ അറിയാവുന്നതാണല്ലോ..

പാലക്കാട് ജൈന മേട് ഇതുപോലെ ജൈനരുടെ കാലത്തെ സൂചിപ്പിക്കുന്നതായിരിക്കും, രാമു പതുക്കെ പറഞ്ഞു.

അതെ, ആയിരിക്കാം, ഗംഗന്‍ തലയാട്ടി.

അങ്ങനെ മാറി മാറി വന്ന വിശ്വാസങ്ങള്‍ പിന്നീട് ക്രമേണ ഹിന്ദു മതത്തില്‍ ലയിച്ചു എന്ന് പറയാം. അതുകൊണ്ട് ഇന്ന് കാണുന്ന പല ഹിന്ദുമത ആചാരങ്ങളും ഇങ്ങനെ പല വിശ്വാസങ്ങളില്‍ നിന്നും കൂടിക്കലര്‍ന്നതും ആകാം .

ഗംഗന്‍ വിഷയത്തിലേക്ക് കടന്നു....

ഭാരതത്തിന്‍റെ തത്വജ്ഞാനത്തിന്‍റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ആണ് ഉപനിഷത്തുക്കള്‍... എന്ന് പ്രൊഫ. സുകുമാര്‍ അഴീക്കോട് തന്‍റെ "തത്ത്വമസി" യുടെ ആമുഖത്തില്‍ പറയുന്നു. ഭഗവദ്ഗീതയിലും ഉപനിഷത്തുക്കളുടെ സാരാംശം തന്നെ.

തത്ത്വമസി എന്ന മഹാവാക്യം ചന്ദോഗ്യ ഉപനിഷത്തില്‍ ഉദ്ദാലകന്‍ തന്‍റെ മകനായ ശ്വേതകേതുവിനോടുള്ള സംവാദത്തിനിടയില്‍ ആണ് ആദ്യം പറയുന്നത്. പിന്നീടും പലയിടത്തും ഇത് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഗംഗന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

ഇതിന്‍റെ അര്‍ത്ഥം - നിന്‍റെ ആത്മാവ് അതിന്‍റെ പരിശുദ്ധ ഭാവത്തില്‍ ആ പരമാത്മാവ്‌ തന്നെയാണ് എന്നാണ്.

തത് - അത്

ത്വം - നീ

അസി - ആകുന്നു.

അത് നീ ആകുന്നു.

ഈ അടുത്തയിടെ ഞാന്‍ ഒരു പുസ്തകം വായിച്ചു. തന്‍റെ കറുപ്പും വെളുപ്പും കലര്‍ന്ന താടിക്കുള്ളിലൂടെ വിരലോടിച്ചുകൊണ്ട് ഗംഗന്‍ പറഞ്ഞു തുടങ്ങി. അമേരിക്കയിലെ പ്രസിദ്ധനായ ഫിസിക്സ് ശാസ്ത്രജ്ഞന്‍ ഫ്രിജോഫ് കാപ്ര (Fritjof Capra) എഴുതിയ The Tao of Physiscs എന്ന പ്രസിദ്ധമായ പുസ്തകമാണ് അത്. 23 ല്‍ പ്പരം ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ആ പുസ്തകത്തിന്‍റെ തുടക്കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു.

അദ്ദേഹം ഒരിക്കല്‍ കടല്‍ത്തീരത്ത് ഇരിക്കുമ്പോള്‍ ഒന്നിന് പുറകെ ഒന്നൊന്നായി അടിക്കുന്ന തിരമാലകളുടെ താളം ശ്രദ്ധിച്ചു. ക്രമേണ ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്ക് ഒന്നിന് പുറകെ ഒന്നൊന്നായി പ്രപഞ്ചത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് ഒഴുകുന്ന ഊര്‍ജ്ജത്തിന്‍റെ തിരമാലകള്‍ അദ്ദേഹത്തിന് അനുഭവവേദ്യമായിത്തുടങ്ങി. ആ പ്രപഞ്ച സമുദ്ര തിരമാലകള്‍ക്കൊപ്പം തന്‍റെ ശ്വാസ ഹൃദയ താളം പ്രപഞ്ച താളത്തിനൊത്ത് തുടിക്കുന്നതായി അദ്ദേഹത്തിന് തോന്നി.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം, ഒരിക്കലും നില്‍ക്കാത്ത ശിവന്‍റെ നൃത്തം പോലെ, തന്‍റെ കയ്യിലുള്ള ഉടുക്കിന്‍റെ താളത്തിനൊത്ത് ചിലപ്പോള്‍ പതുക്കെയും മറ്റു ചിലപ്പോള്‍ വളരെ ചടുലതയോടെയും ചുവടുകള്‍ വയ്ക്കുന്നതായി അദ്ദേഹത്തിന് തോന്നി. ശിവന്‍റെ ആനന്ദമയ നൃത്തം.

എന്തൊരു അനുഭവമായിരിക്കും അത്. ഒരു നിമിഷത്തേയ്ക്കെങ്കിലും താന്‍ പ്രകൃതിയുടെ അഭിന്ന അംശമാണ്, പ്രകൃതിയുടെ അതേ ഊര്‍ജ്ജ ശ്രോതസ്സാണ് തന്‍റെ ഉള്ളിലും വിളങ്ങുന്നത് എന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരിക്കണം.

ഇങ്ങനെ ശങ്കരാചാര്യരും, ശ്രീ രാമകൃഷ്ണ പരമ ഹംസരും, വിവേകാനന്ദനും ശ്രീ രമണ മഹര്‍ഷിയും അങ്ങനെ പല വലിയ ഋഷി തുല്യരും ഇത്തരത്തില്‍ എല്ലായിപ്പോഴും അനുഭവ വേദ്യമായിക്കൊണ്ടിരിക്കുന്ന ആ ആനന്ദം - സത് ചിത് ആനന്ദം-അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരിക്കും. നമ്മുടെ ഉപനിഷത്തുക്കള്‍ എല്ലാം അതിനെക്കുറിച്ച് പ്രതിപാതിക്കുന്നവയാണ്. അതും ചോദ്യോത്തര രൂപത്തില്‍. ഉപ നിഷദ്... എന്നാല്‍ അടുത്ത് ഇരുന്ന് ഇരുന്ന് കേള്‍ക്കുന്നവയാണ് ഉപനിഷദ് എന്ന വാക്കിനര്‍ത്ഥം. ശിഷ്യനാകുമ്പോള്‍ അല്‍പ്പം താഴെ ആയിരിക്കും ഇരിക്കുക. അവയെക്കുറിച്ച് നമുക്ക് പിന്നൊരിക്കല്‍ ഒരു യാത്രയില്‍ ചര്‍ച്ചയാവാം. എന്തിന്....!! ഒരു ജീവിത യാത്ര തന്നെ അതിനെക്കുറിച്ച് പഠിക്കാന്‍ തികയാതെ വരും.... എന്ന് പറഞ്ഞു ഗുരു ഗംഗന്‍ ചുറ്റിലും കണ്ണോടിച്ചു.

ഇപ്പോള്‍ നമുക്ക് തത്വമസിയിലേക്ക് മടങ്ങാം...

ഇതേ തത്വം മനസ്സിലാക്കിക്കൊടുക്കുവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ്ഗീതയില്‍ ആദ്യത്തെ ആറു അദ്ധ്യായങ്ങള്‍ (1-6 ) "ത്വം" - നീ എന്ന ജീവാത്മാവിനെക്കുറിച്ചും അടുത്ത ആറു അദ്ധ്യായങ്ങള്‍ (7-12) "തത്" പദം സൂചിപ്പിക്കുന്ന പരമാത്മാവിനെക്കുറിച്ചും അവസാനത്തെ ആറു അദ്ധ്യായങ്ങള്‍ (13 – 18) "അസി" എന്ന പദം, എങ്ങനെ ജീവാത്മാവും, പരമാത്മാവും യോഗം, ഐക്യം ഉണ്ടാകുന്നു എന്നതിനെക്കുറിച്ചും അര്‍ജുനന് വിശദീകരിച്ച് കൊടുക്കുന്നു എന്ന് സ്വാമി ചിന്മയാനന്ദജി അദ്ധേഹത്തിന്‍റെ ഭഗവദ്ഗീതാ ഭാഷ്യത്തില്‍ പറയുന്നു.

കുറച്ചു കട്ടിയല്ലേ ഏട്ടാ ഇതൊക്കെ…എന്ന് രോഹന്‍..

അതെ, നമ്മുടെ ഉപനിഷത്തുക്കളുടെ സത്ത് മനസ്സിലാകാന്‍ എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോടിന്‍റെ "തത്ത്വമസി" വായിച്ചു നോക്കൂ. ചിരിച്ചുകൊണ്ട് ഗംഗന്‍ തുടര്‍ന്നു...

ഇതൊന്നും കാര്യമായി മനസ്സിലായില്ലെങ്കിലും നീ, എങ്ങനെ പ്രകൃതിയുടെ അനന്ത കണികകളില്‍ ഒന്നായി ജനിക്കുന്നു വളരുന്നു നശിക്കുന്നു, അതില്‍ തന്നെ വിലയം പ്രാപിക്കുന്നു എന്ന് മനസ്സിലാക്കാന്‍ വിഷമമുണ്ടാകില്ലല്ലോ….!!

ഇത്തരത്തില്‍ ഭഗവദ്ഗീതയുടെ ഉപദേശം മനസ്സിലാക്കി 18 അദ്ധ്യായങ്ങളും കടന്ന് മുകളില്‍ എത്തുന്ന ഒരുവന്‍ "തത്ത്വമസി" മനസ്സിലാക്കുന്നു.

അങ്ങനെ 18 പടികളും തത്ത്വമസിയും പ്രതീകാത്മകമായി ശബരിമലയില്‍ ആ അദ്വൈത സിദ്ധാന്തത്തെ വിളിച്ചോതുന്നു.ചരിത്ര പണ്ഡിതന്മാര്‍ ഇതിന് പല പല അര്‍ത്ഥങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് ഈ അര്‍ത്ഥമാണ് കൂടുതല്‍ യോജിച്ചതായി തോന്നിയത്.

ചുറ്റും കേട്ടിരുന്ന എല്ലാവരും ഒരു ദീര്‍ഘശ്വാസം വിട്ടു. എന്തോ വലിയ കാര്യം മനസ്സിലായി എന്ന മട്ടില്‍.

ചന്ദ്രന്‍ ഉടനെ പറഞ്ഞു, ഇനി കടുപ്പത്തില്‍ ഒരു ചായ കുടിക്കാതെ ഒരു രക്ഷയുമില്ല. പൊന്‍കുന്നത്ത് ദൈവസഹായം ഹോട്ടല്‍ ഉണ്ട്. അവിടെ നല്ല ചായ കിട്ടും.

താമസിയാതെ ദൈവസഹായം ഹോട്ടലിന് മുന്നില്‍ വണ്ടി നിന്നു.

അവര്‍ നല്ല ചായയും പരിപ്പു വടയും ആസ്വദിച്ച് അവിടെ നിന്നും പുറപ്പെട്ടു.

വണ്ടി വളഞ്ഞു പുളഞ്ഞു പോകുന്ന മീനച്ചിലാറിന് തൊട്ടു മുകളിലുള്ള റോഡിലൂടെ വളഞ്ഞും പുളഞ്ഞും നീങ്ങി. പിന്നെ എങ്ങും പച്ചപ്പ്‌ മാത്രം കാണാനുള്ള മലയാളം പ്ലാന്‍റെഷന്‍, പിന്നെ എഞ്ചിന്‍ ചൂട് പിടിപ്പിക്കുന്ന കയറ്റം ഉള്ള ലാഹാ എസ്റ്റേറ്റും കടന്ന്‌ വണ്ടി, ചാലക്കയം ബസ് സ്റ്റാന്റിനു മുന്നില്‍ എത്തി. അവിടുത്തെ വെള്ളം നിറഞ്ഞ കുഴികളില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പാടുപെട്ട് കയറി ഇറങ്ങുന്നത് കണ്ടു. ഈ കുഴികളൊക്കെ എന്നാണാവോ ഒന്ന് നേരെയാവുക എന്ന് പറഞ്ഞ് രഘു നെടുവീര്‍പ്പിട്ടു.

രോഹന് വീണ്ടും ഒരു സംശയം കൂടി നാമ്പെടുത്തു. അത് ചോദിക്കണോ വേണ്ടയോ എന്ന് ‍ ഒരു സംശയം. പക്ഷേ ഇതല്ലെങ്കില്‍ ഈ സംശയ നിവൃത്തിക്ക് വേറൊരു സന്ദര്‍ഭം കിട്ടുമോ എന്നും അറിയില്ല.

അവന്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു...ഈ ശബരിമലയില്‍ യൗവന യുക്തരായ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത തിനെക്കുറിച്ച്…..രോഹന്‍ പതുക്കെ ഒരു കൊച്ചമ്പ് കൂടി എയ്തു...

നിന്‍റെ സംശയം തീര്‍ന്നില്ല അല്ലേ എന്ന മട്ടില്‍ ഗംഗന്‍ ചെറിയ ചിരിയോടെ ഒന്ന് നോക്കി.

വാസ്തവത്തില്‍ വണ്ടിയില്‍ ഇരുന്ന എല്ലാവര്‍ക്കും ഈ കാര്യത്തില്‍ അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ട്.

അതിന് മറുപടിയായി ഗംഗന്‍ , വിഷ്ണു സഹസ്രനാമ സ്തുതിയിലെ ഒരു വരി ചൊല്ലി.

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ...

രൂപമില്ലാത്തതും- ഒന്നും എല്‍ക്കാത്തതും , ശുദ്ധവും നിത്യവും ആയ പരമാത്മാവ്‌ എന്നാണ് ഇതിന്‍റെ അര്‍ത്ഥം.

മാറ്റത്തിന്‍റെ കാറ്റ് മനസ്സിനുള്ളില്‍ നിന്നും വന്നാലേ അത് യഥാര്‍ത്ഥ മാറ്റമാകൂ. അതിന് രാഷ്ട്രീയ കുത്സിത ചിന്തകളുടെ പകപോക്കലുകള്‍ ഉണ്ടാവരുത്.

വണ്ടി പമ്പാനദിക്കരയിലെ പാര്‍ക്കിങ്ങില്‍ നിറുത്തി.

ചെറിയ ഒഴുക്കുള്ള തെളിഞ്ഞ പമ്പയില്‍ കുളിച്ചപ്പോള്‍ അവരുടെ എല്ലാ യാത്രാക്ഷീണവും മലയോരം പറ്റി വരുന്ന ആ കുളിര്‍ ഗംഗയില്‍ ഒഴുകിപ്പോയി. അധികം താമസിയാതെ അവര്‍ പമ്പാ ഗണപതിക്ക് മുന്നില്‍ തേങ്ങയെറിഞ്ഞു. മല ചവിട്ടാന്‍ തുടങ്ങി.

ചെറിയ ചാറ്റല്‍ മഴയുണ്ട്. മഴയത്ത് മലകയറാന്‍ നല്ല രസമാണ്. ക്ഷീണം തീരെ തോന്നില്ല. അംബര ചുംബികളായ വൃക്ഷങ്ങളെ തൊട്ടു തഴുകി വരുന്ന കുളിര്‍ കാറ്റേറ്റ് ചെറിയ ശരണം വിളിയുമായി അവര്‍ കയറ്റം ഓന്നൊന്നായി കയറി.

നീലിമല കയറ്റമേ ശരണം പോന്നയ്യപ്പാ..എല്ലാം അയ്യപ്പനില്‍ അലിഞ്ഞു, അയ്യപ്പനില്‍ അര്‍പ്പിച്ച് രോഹനും കൂട്ടരും ശരണം വിളിച്ചു. ആ മലയുടെ മുകളില്‍ നിന്നും ചുറ്റും കാണാന്‍ എന്തൊരു രസമാണെന്നോ.. ചുറ്റും നീല മലകള്‍ തന്നെ.

പിന്നെ അപ്പാച്ചിമേടു താണ്ടി, ശബരീ പീഠത്തില്‍ വണങ്ങി, ശരംകുത്തിയാല്‍ വലം വച്ച് അധികം താമസിയാതെ അവര്‍ സന്നിധാനത്തെത്തി.

ഇനി പതിനെട്ടാം പടി കയറാം. വലിയ തിരക്കാണ്.

താഴെ തേങ്ങ എറിഞ്ഞ് അവര്‍ പതിനെട്ടാം പടി പതുക്കെ കയറി.

ഇതിന് മുന്‍പ് വന്നപ്പോള്‍, കൊച്ചു രോഹനെ, സൈഡില്‍ നില്‍ക്കുന്ന പോലീസുകാര്‍ പതിനെട്ടാം പടി കാര്യമായി തൊടീക്കാതെ പൊക്കി മുകളില്‍ എത്തിച്ചിരുന്നു.

ഇന്നിപ്പോള്‍ പല കാര്യങ്ങളും മനസ്സിലാക്കിയ യുവ രോഹന്‍ പതുക്കെ ഓരോ പടിയും തൊട്ടു തൊട്ട് മുകളില്‍ എത്തി.

എന്തൊക്കെയോ ചില കാര്യങ്ങള്‍ അറിഞ്ഞു എന്ന തോന്നല്‍. താനിപ്പോള്‍ ആ പ്രസിദ്ധമായ "തത്ത്വമസി"യുടെ താഴെയാണ് നില്‍ക്കുന്നത്.

രോഹന് സന്തോഷവും സംതൃപ്തിയും തോന്നി.

ഒട്ടും വൈകാതെ അയ്യപ്പനെ കാണണം.. അകത്ത് തൊഴാനുള്ള വളഞ്ഞു പുളഞ്ഞു പോകുന്ന നീണ്ട വരിയിലൂടെ അയ്യപ്പന്‍റെ മുന്‍പില്‍ എത്തി. ആ പുഞ്ചിരി തൂകിയ ചൈതന്യ ബിംബം കണ്ടപ്പോള്‍ രോഹന് എന്തെന്നില്ലാത്ത സന്തോഷം..അനുഭൂതി..ആത്മ സംതൃപ്തി. അവന്‍റെ മനസ്സ് ഈ വരി മന്ത്രിച്ചു കൊണ്ടേ ഇരുന്നു.

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ….. നമോവാകം….!!!




No comments: