Saturday 1 January 2022

ഒരു കൊച്ചു പ്രണയ കഥ - 1 of 3



 
 


മനോഹര്‍ ന്യൂയോര്‍ക്കിലെ ലോക പ്രശസ്തമായ ജോണ്‍ എഫ് കെന്നഡി (JFK) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.

ന്യൂയോര്‍ക്കിലെ ഒരു പ്രസിദ്ധ സ്ഥാപനത്തില്‍ ജോലി കിട്ടി എന്നറിയിക്കുന്ന ഇ-മെയില്‍ വന്നപ്പോള്‍ തുടങ്ങിയ ആവേശവും ഉല്‍ക്കണ്ഠയുമാണ്‌. അത് ദിവസങ്ങള്‍ കഴിയുംതോറും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. സ്വപ്നസമാനമല്ലേ ഇതൊക്കെ.

ന്യൂഡല്‍ഹിയില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റില്‍ ആണ് കയറിയത്. ഇടയ്ക്ക് മാറിക്കയറാന്‍ നിന്നാല്‍ വഴി തെറ്റി വല്ല ഇറാനിലോ, ഇറാക്കിലോ സൈബീരിയയിലോ മറ്റോ എത്തിയാലോ എന്ന് അച്ഛനമ്മമാര്‍ക്ക് ആശങ്ക. മനോഹറിനും ഇല്ലാതില്ല. അതിര്‍ത്തി കടന്നുള്ള കന്നിയാത്രയല്ലേ?!

പക്ഷേ നേരിട്ടുള്ള യാത്ര ഇങ്ങനെ ആയിരിക്കുമെന്ന് കരുതിയില്ല. ഇരുന്ന ഇരുപ്പില്‍ 18 മണിക്കൂര്‍. ഇരുന്നിരുന്ന് തഴമ്പ് പിടിച്ചത് പോലെ.

ട്രെയിനിലാണെങ്കില്‍ നീണ്ട യാത്രകളില്‍, ഇരുന്ന് ബോറടിച്ചാല്‍ ചുറ്റിലുമുള്ളവരോടു സൊറ പറയാം. ഒരു പഴം പൊരിയും കാപ്പിയും വാങ്ങാന്‍ പാന്‍-റി വരെ ഒന്ന് ചുറ്റിയിട്ടു വരാം. പോകുന്ന വഴി ചേച്ചിമാരുടെയും അണ്ണന്‍മാരുടെയും കുടുംബകാര്യങ്ങള്‍ അന്വേഷിക്കാം.

ബോഗിയുടെ വാതില്‍ തുറന്നിട്ട്‌ കാറ്റ് കൊണ്ടങ്ങനെ നില്‍ക്കാം. പുറകോട്ട് അതിവേഗം കടന്നു പോകുന്ന കുന്നുകളും, മലകളും, മരങ്ങളും ഇലെക്ട്രിക് പോസ്റ്റുകളും എന്ന് വേണ്ട, ലോകത്തിലെ ഒട്ടുമിക്ക സംഗതികളും കാണാം. ചിലപ്പോള്‍ പശുവും, ആടും, എരുമയും, പോത്തും, കാളയും, നായയും, കുറേ വീടുകളും, സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും അടങ്ങിയ ഒരു കൊച്ചു ലോകം തന്നെ പുറകോട്ട് അതിവേഗം നീങ്ങുന്നത്‌ കാണാം.

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാണ് വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്‌. ആ പടുകൂറ്റന്‍ ആകാശക്കപ്പല്‍ നാനൂറില്‍പ്പരം യാത്രക്കാരെയും അവരെക്കാള്‍ കൂടുതല്‍ ലഗ്ഗേജും, അതിനേക്കാള്‍ കൂടുതല്‍ ഇന്ധനവും വഹിച്ചു കൊണ്ട് പറന്നു പൊങ്ങി. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ നിറുത്താതെ പറക്കണ്ടേ എന്നാലോചിച്ചപ്പോള്‍ മനോഹറിന്‍റെ മനസ്സില്‍ ചെറിയ ആശങ്കയുടെ നാമ്പുകള്‍ നാവ് നീട്ടി. ‍

അവന്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. കൂരാകൂരിരുട്ട് മാത്രം. മുപ്പതിനായിരം അടി ഉയരത്തില്‍ രാത്രി അപ്പോള്‍ എന്ത് കാണാന്‍.

താമസിയാതെ സുന്ദരിമാരായ എയര്‍ ഹോസ്റ്റസ്സ് മാരുടെ അനൌണ്സ്മെന്റു വന്നു, ആഹാരം വിളമ്പാന്‍ പോകുന്നു. എല്ലാവരും അവരവരുടെ സീറ്റില്‍ ഇരിക്കണം. സീറ്റുകള്‍ക്ക് ഇരുവശവും മണിക്കൂറുകളോളം നീണ്ടു നിന്ന അവരുടെ വിളമ്പലിന് ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍. വിളക്കണക്കാന്‍ പോകുകയാണ്, എല്ലാവര്‍ക്കും ഉറങ്ങാം. ഇനി ആറ് മണിക്കൂറ് കഴിഞ്ഞാല്‍ വിളിച്ചുണര്‍ത്തുമത്രേ. രാവിലെ ചായ തരാന്‍. പിന്നെ ആഹാരം. ആറാറു മണിക്കൂര്‍ കൂടുമ്പോള്‍ ഇത് തന്നെ പരിപാടി.

സൂര്യനെക്കാള്‍ വേഗത്തിലോ എതിരെയോ കുറുകെയോ പോകുമ്പോള്‍ ശരീര സമയം തിട്ടപ്പെടുത്താന്‍ ഇങ്ങനെയൊക്കെ ആയിരിക്കാം പരിപാടി.

വിളക്കണഞ്ഞു, താമസിയാതെ മനോഹറിന്‍റെ കണ്ണുകളും ഏതോ ലോകത്തേയ്ക്ക് ചാഞ്ഞു. മുപ്പതിനായിരം അടി ഉയരത്തില്‍, ഏതോ മരുഭൂമിയ്ക്ക് മുകളിലോ അതോ ആഴം കാണാക്കടലിനു മുകളിലോ ഇരുന്നുകൊണ്ട്, അവന്‍ മറ്റേതോ ലോകങ്ങളില്‍ വിഹരിച്ചു.

ഏതോ ഒരു കൊച്ചു സ്വപ്നത്തിനിടെ ഒരു കൊച്ചു കിളിനാദം കേട്ട് മനോഹര്‍ ഉണര്‍ന്നു. സര്‍, ടീ. ആഹാ ഉണര്‍ന്ന ഉടനെ ചായ കിട്ടുക, ഇത് സ്വപ്നങ്ങളില്‍ മാത്രം. വീട്ടില്‍ അമ്മയാണെങ്കില്‍ എണീറ്റ് പോയി പല്ലു തേച്ചിട്ട് വാടാ എന്ന് പറഞ്ഞു കൊണ്ടാണ് അവനെ ഉണര്‍ത്തുക.

എന്തായാലും ചായയുടെ പകുതിയില്‍ അപ്രതീക്ഷിതമായി അവന് ഒരു കാര്യം പെട്ടെന്നോര്‍മ്മ വന്നു, ഒരു വെളിപാട് പോലെ. ചായ കുടിച്ചു കഴിഞ്ഞാല്‍ ഉടന്‍ വെളിയ്ക്ക് പോകാറാണ് പതിവ്. അതായത് വയറു കാലിയാക്കാന്‍. അത് താനറിയാതെ ശീലിച്ചു പോയ വീട്ടിലെ ശീലങ്ങള്‍ ആണ്.

അവന്‍ പതുക്കെ തലയുയര്‍ത്തി മുന്‍പിലെ ടോയ്‌ലറ്റിന്‍റെ ഭാഗത്തേയ്ക്ക് നോക്കി. അവന്‍ ഞെട്ടിപ്പോയി. അവിടെ നാലഞ്ചാള്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ ക്യൂ നില്‍ക്കുന്നു.‍ പുറകിലെ ടോയ്‌ലറ്റിന്‍റെ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കി. അവിടെയും ഉണ്ട് അഞ്ചാറാള്‍ക്കാര്‍ അക്ഷമരായി നില്‍ക്കുന്നു.

അപ്പോള്‍ തന്നെക്കാള്‍ ധൃതിയുള്ളവര്‍ മുന്നില്‍ സ്ഥലം പിടിച്ചിരിക്കുന്നു. അവന്‍ ചായ കുടിച്ചു തീരുമ്പോഴേയ്ക്കും ക്യൂവിന്‍റെ നീളം കൂടി. കൂടെ ശങ്കയുടെ ശക്തിയും കൂടിയോ..ദൈവമേ ഇത് ആകെ പങ്കപ്പാടായല്ലോ.

ഇനിയിപ്പോള്‍ ക്യൂവില്‍ പോയി നിന്നില്ലെങ്കില്‍ ഇന്നുച്ചവരെ അല്ലെങ്കില്‍ ഇന്ന് വൈകുന്നേരം വരെ ഇങ്ങനെ മുള്‍മുനയില്‍.. അവന് ആലോചിക്കാന്‍ കൂടി വയ്യ. ഇടക്കെങ്ങാന്‍ പ്രഷര്‍ കൂടിയാല്‍.. ഓ പിന്നത്തെ കഥ പോക്ക് തന്നെ.

വേഗം അവിടെ ക്യൂവില്‍ പോയി നിന്നാലോ, കാത്തു നിന്നാല്‍ പ്രഷര്‍ കൂടുമോ, എന്നാപ്പിന്നെ കടിച്ചമര്‍ത്തി ഇരിക്കാം..എത്ര നേരം...എന്‍റെ ദൈവമേ..ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് എണീറ്റ ഉടനെയുള്ള പുലിവാല്. ചായയൊന്നും കുടിക്കാതെ അങ്ങനെ കണ്ണടച്ച് ഇരുന്നാല്‍ മതിയായിരുന്നു. അവന്‍റെ മുഖത്ത് വിയര്‍പ്പിന്‍റെ കണികകകള്‍ പൊടിഞ്ഞുവോ എന്നൊരു സംശയം..

മുമ്പൊരിക്കല്‍ ഇതുപോലൊരു ധര്‍മ്മസങ്കടത്തില്‍ പെട്ടതാണ്, കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത്. രാത്രി മെസ്സിലെ ചോറും മീന്‍കറിയും മൂക്കറ്റം അടിച്ച് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എല്ലാവര്‍ക്കും വയറുവേദനയും വയറിളക്കവും. കക്കൂസിലേക്കോടിയപ്പോള്‍ അവിടെ ഹൗസ്-ഫുള്‍. പല വാതിലുകളും മുട്ടിനോക്കി. ഇപ്പൊ പോകുമെന്ന മട്ടായപ്പോള്‍ ചന്തി ചുമരിനോട് ചേര്‍ത്തി വച്ച് അലറി, എന്‍റെ പൊന്ന് നായിന്‍റെ മക്കളെ ഇറങ്ങി വാടാ വേഗം...ഭാഗ്യത്തിന് ഒരുത്തന്‍റെ ഊഴം കഴിഞ്ഞ് പുറത്ത് വരുന്നു. അവനെ തള്ളിപ്പുറത്താക്കി സകല കണ്‍ട്രോളും വിട്ട താന്‍ അകത്തു കയറി. അങ്ങനെ ചുമരുകളൊന്നും ഹലാക്കാകാതെ രക്ഷപ്പെട്ടു.

ഇവിടെ അത്തരത്തിലുള്ള സാഹചര്യങ്ങളൊന്നുമില്ല, മനസ്സേ ശാന്തമാകൂ, പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്ന് പറഞ്ഞ്, അടുത്ത നാനൂറ് പേര്‍ ക്യൂവില്‍ വരുന്നതിന് മുന്‍പ് അവന്‍ പതുക്കെ ക്യൂവില്‍ കയറി നിന്നു.

ഫ്ലൈറ്റില്‍ ഈ സമയമാണ് കൈ കാലുകള്‍ നീട്ടുന്നതിന് ഉപയോഗിക്കുന്നത് എന്ന് അവന്‍ കണ്ടു പിടിച്ചു. താമസിയാതെ തന്‍റെ ഊഴവും വന്നു.

കാര്യങ്ങള്‍ കഴിഞ്ഞു തിരിച്ച് വന്നപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം. അപ്പോഴും ക്യൂവിന് നീളം കൂടുന്നതല്ലാതെ കുറയുന്ന മട്ട് കണ്ടില്ല. താന്‍ എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷേ വെള്ളത്തിന് പകരം പേപ്പറുപയോഗിച്ച ഒരസ്വസ്ഥത, ഈ വണ്ടിയിലെ എല്ലാവരും ഇങ്ങനെയല്ലേ എന്നോര്‍ത്തപ്പോള്‍ തെല്ലൊരാശ്വാസം.

അവന്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. സൂര്യന്‍ എങ്ങോ ഉച്ചിയില്‍ കത്തി നില്‍ക്കുന്നു. സമയമൊക്കെ മനസ്സിന്‍റെ തോന്നലുകളെ ആശ്രയിച്ചിരിക്കും എന്ന് പണ്ടൊരു ഫിലോസഫി ടീച്ചര്‍ പറഞ്ഞത് അവന് ഓര്‍മ്മ വന്നു. ജനലിന് പുറത്ത് നട്ടുച്ചയും, അകത്ത് കൊച്ചു വെളുപ്പാന്‍ കാലവും.

പ്രാതല്‍ കഴിഞ്ഞ് ഒരു സിനിമ കണ്ടു, അത് കഴിഞ്ഞ് ചായ കുടിച്ചു, പിന്നെ കുറേ കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു, പിന്നെ ഉച്ചയുറക്കം, പിന്നെ സിനിമ, പിന്നെ ഭക്ഷണം..അങ്ങനെ..അങ്ങനെ സമയത്തെ നീട്ടി വലിച്ചു... ചുരുട്ടിക്കെട്ടി..

ഇനി ഇതാ ജെ എഫ് കെ വിമാനത്താവളത്തില്‍ ഇറങ്ങാറായിരിക്കുന്നു. വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ മനോഹറിനെ പുറത്ത് കാത്തിരുന്നത് കണ്ണഞ്ചിപ്പിക്കുന്ന ഒരു മായാപ്രപഞ്ചമാണ്.

ഓരോ ടെര്‍മിനലില്‍ നിന്നും ഇറങ്ങിയ ആളുകള്‍ പ്രധാന പാതയിലേയ്ക്ക് വന്ന് നിറഞ്ഞു കവിഞ്ഞ് മുന്നോട്ട് ഒഴുകിക്കൊണ്ടിരിക്കുകയാണ്. വഴികള്‍ക്കിരുവശവും വര്‍ണ്ണപ്പകിട്ടാര്‍ന്ന കടകള്‍ ലോകത്തിലെ മുന്തിയ തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കും കാഴ്ചയ്ക്കും വച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നില്‍ ആണ് താനെന്ന് അവന്‍ അതിശയിച്ചു, അഭിമാനിച്ചു.

ഇവിടെ, എവിടെ നോക്കിയാലും ബോര്‍ഡുകളാണ്. വെള്ളം കുടിക്കാന്‍, കൈ കഴുകാന്‍, ഇടത്തോട്ടു തിരിയാന്‍, വലത്തോട്ട് തിരിയാന്‍ എന്ന് വേണ്ട, എല്ലായിടത്തും.

പെട്ടെന്ന് അവന് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെ അനൌണ്സ്മെന്‍റ് ഓര്‍മ്മവന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...തെക്കോട്ട്‌ പോകുന്ന ബസ്സുകളൊക്കെ സ്റ്റാന്റിന്‍റെ കിഴക്കു ഭാഗത്തും, വടക്കോട്ട്‌ പോകുന്ന ബസ്സുകളൊക്കെ സ്റ്റാന്റിന്‍റെ പടിഞ്ഞാറ് ഭാഗത്തും പാര്‍ക്ക് ചെയ്തിരിക്കുന്നു.

പക്ഷെ പാലക്കാട്, തൃശൂരിന്‍റെ ഏതു ഭാഗത്താണ് എന്നറിയാതെ ‍ താനൊന്നു കുഴങ്ങി. അതാ ബസ്സ്‌ വരുന്നു. കിഴക്കോട്ടോടണോ, പടിഞ്ഞാട്ടോടണോ. കുറേ ആള്‍ക്കാരുടെ കൂടെ ഓടടാ ഓട്ടം. ഡ്രൈവര്‍ക്കും തെറ്റ് പറ്റിയെന്നു തോന്നുന്നു, ആദ്യം അയാള്‍ കിഴക്കുഭാഗത്ത്‌ നിറുത്തി, പിന്നെ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തിരിച്ചിട്ടു, എന്നിട്ട് ചിരിച്ചുകൊണ്ട് ഇറങ്ങി ചായ കുടിക്കാന്‍ പോയി. മനോഹറിനും ചെറിയ ചിരി ഊറി വന്നു.

ഇവിടത്തെ യാത്രക്കാര്‍ അത്ര സമര്‍ത്ഥരല്ലെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും ഇത്രയധികം ബോര്‍ഡുകള്‍. ലോകത്തിന്‍റെ തെക്കോട്ടും, വടക്കോട്ടും, കിഴക്കോട്ടും, പടിഞ്ഞാട്ടും യാത്ര ചെയ്യുന്ന യാത്രക്കാര്‍. മാജിക് ലൈറ്റുകളോട് കൂടിയ ടണലുകള്‍, എസ്കലേറ്ററുകള്‍ ഇടയ്ക്ക് ട്രാമുകള്‍, ബാറ്ററി വണ്ടികളും..ആകെ ജഗ പൊഗ.

മനോഹര്‍ പെട്ടെന്ന് ഒന്ന് പകച്ചു. മുന്നില്‍ ബോര്‍ഡ് കാണുന്നില്ല. ഒന്ന് തെറ്റിയാല്‍ പോയി. പിന്നെ വല്ല ടെര്‍മിനലിലും പോയി കുടുങ്ങിപ്പോയാല്‍പ്പിന്നെ... ദ ടെര്‍മിനല്‍ എന്ന പ്രസിദ്ധ സിനിമയിലെ വിക്ടര്‍ നവോര്‍സ്കിയെപ്പോലെ, ഇവിടെ മാസങ്ങളോളം കുടുങ്ങിപ്പോകും. തിരിച്ചു സ്വന്തം രാജ്യത്തിലേയ്ക്ക് പോകാനും പറ്റില്ല, ന്യൂയോര്‍ക്ക് സിറ്റിയിലേയ്ക്ക് കാലെടുത്ത് കുത്താനും പറ്റില്ല. വല്ലാത്തൊരവസ്ഥ.

സ്ടീവെന്‍ സ്പീല്‍ബെര്‍ഗ് സംവിധാനം ചെയ്ത, ടോം ഹാങ്ക്സ് അഭിനയിച്ചു ജീവിച്ച, തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ കോര്‍ത്ത ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടിലെ നാടകീയ രംഗങ്ങള്‍ മനോഹറിന്‍റെ മനസ്സില്‍ തെളിഞ്ഞു.

എന്തായാലും, ആ പരിഭ്രമത്തില്‍ നിന്നും മുക്തി നല്‍കിക്കൊണ്ട് അവന്‍റെ മുന്നില്‍ എക്സിറ്റ് ബോര്‍ഡ് തെളിഞ്ഞു. ഇനി പുറത്ത് കടക്കാം.

പുറത്തു വരി വരിയായി നില്‍ക്കുന്നു വലിയ മഞ്ഞ ടാക്സികള്‍. അവന്‍ വരിയിലുള്ള ഒന്നില്‍ കയറി. ന്യൂ ജെര്‍സിയില്‍ പോകണം.

വണ്ടിയില്‍ കയറിയ മനോഹറിനോടു കറുത്ത വര്‍ഗ്ഗക്കാരനായ ഡ്രൈവര്‍ ചോദിച്ചു. വേര്‍ ആര്‍ യു ഫ്രം.. താന്‍ ഇന്ത്യയില്‍ നിന്നു വരുന്നു എന്ന് മറുപടി പറഞ്ഞു. ഇന്ത്യയില്‍ എവിടെ നിന്നാണ്, അടുത്ത ചോദ്യം. കേരളത്തില്‍ നിന്ന്.. ... വളരെ ഭംഗിയുള്ള സ്ഥലമാണ് കേരളം. ഡ്രൈവറുടെ മറുപടി കേട്ട് മനോഹറിന് അതിശയം. താന്‍ പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കേരളം എന്ന്കൂടി അയാള്‍ പറഞ്ഞപ്പോള്‍ അവന്‍റെ സന്തോഷം പതിന്മടങ്ങായി.

അയാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ നമസ്തേ പട്ടേല്‍. നമസ്തേ പട്ടേലോ, മനോഹറിന്‍റെ അതിശയത്തിന് അതിരില്ല. എനിക്ക് ധാരാളം ഇന്ത്യന്‍ കൂട്ടുകാരുണ്ട് ഇവിടെ. അവരുടെ ഇടയില്‍ ഞാന്‍ നമസ്തേ പട്ടേല്‍ ആണ്. അവരോട് നമസ്തേ പറഞ്ഞ് പറഞ്ഞ് അങ്ങനെ ആയി..രണ്ടു പേരും ചിരിച്ചു.

അവരുടെ വണ്ടി ഹൈവേയിലൂടെ ഒരു നൂറു മൈല്‍ സ്പീഡില്‍ പോകുകയാണ്.

അവന്‍റെ മുന്നില്‍ അതാ തെളിയുന്നു ന്യൂയോര്‍ക്ക് സിറ്റിയുടെ ഒരു ഭാഗം. എണ്‍പതും നൂറും നിലകളുള്ള കെട്ടിടങ്ങള്‍ ഒന്നിനൊന്നു മത്സരിച്ച് ആകാശത്തേയ്ക്ക് എത്തിനോക്കി നില്ക്കുന്നു. ഓരോന്നിനും ഓരോ വിശേഷ രൂപ കല്‍പ്പന, ഓരോ നിറം. അസ്തമന സൂര്യന്‍റെ കിരണങ്ങള്‍ ആ നിറങ്ങള്‍ക്കും രൂപങ്ങള്‍ക്കും മാറ്റ് കൂട്ടി.

ഇതാണ് ഹഡ്സന്‍ നദി, നമസ്തേ പട്ടേല്‍ പറഞ്ഞു.

നീല നിറത്തിലുള്ള ജലാശയം പോലെ ഹഡ്സന്‍ നദി പരന്നുകിടക്കുകയാണ്. ആ നദിക്കരയില്‍ നൂറു കണക്കിന് കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നു. പലതും പഞ്ചാര പോലെയുള്ള വെള്ളപ്പത അങ്ങിങ്ങ് ചിതറിക്കൊണ്ട് സഞ്ചരിക്കുന്നു. നദിയ്ക്ക് കുറുകെ നിറയെ ബ്രിഡ്ജുകള്‍. അവയ്ക്കിടയില്‍ കൃത്രിമ വെള്ളച്ചാട്ടങ്ങളും ഫൌണ്ടനുകളും. ചില കപ്പലുകളും ബോട്ടുകളും ബ്രിഡ്ജുകള്‍ക്ക് താഴെക്കൂടി കടന്നു പോകുന്നു.

നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത് ബ്രൂക്ക്ലിന്‍ ബ്രിഡ്ജിലൂടെയാണ്. വളരെ ചരിത്ര പ്രസിദ്ധമായ ബ്രിഡ്ജ് ആണ് ഇത്. ഇതിന്‍റെ ഇരുവശവും ലോകത്തിലെ പല പേര് കേട്ട കമ്പനികളും കഴിഞ്ഞ നൂറ്റാണ്ടില്‍ ജന്മമെടുത്തിട്ടുണ്ട്. ഈ ബ്രിഡ്ജ് പഴയതിനെ പുതിയതുമായി, ഇല്ലായ്മയെ ആഡംബരവുമായി, ലോകത്തെ പല പല സംസ്കാരങ്ങളുമായി കൂട്ടിയിണക്കുന്നു. നമസ്തേ പട്ടേല്‍ പറഞ്ഞു. ആ ചരിത്രത്തിന്‍റെ ഇടനാഴികളിലൂടെ കടന്നുപോകുന്നതായി അവന് തോന്നി. ഇടയ്ക്ക് പട്ടേല്‍ ഒരു ഗൈഡിനെപ്പോലെ അവന് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.

ന്യൂജേഴ്സിയില്‍ അപ്പാര്‍ട്ടുമേന്‍റിനു മുന്നില്‍ ഇറങ്ങിയപ്പോള്‍ പട്ടേലിന്‍റെ നമ്പര്‍ വാങ്ങി. നമസ്തേ പട്ടേല്‍ എന്ന ഗൈഡ് എപ്പോഴും മുതല്‍ക്കൂട്ടാണ്. ഇടയ്ക്ക് ആവശ്യമുണ്ടെങ്കില്‍ വിളിക്കാമെന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു.

പിന്നീടുള്ള ദിവസങ്ങള്‍ ഒരു ചുഴലിക്കാറ്റ് പോലെയായിരുന്നു.

ന്യൂയോര്‍ക്കിലെ ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ആയിരുന്നു മനോഹറിന് ജോലി. ലോകത്തിലെ തന്നെ സമ്പദ് വ്യവസ്ഥയുടെ സിരാ കേന്ദ്രങ്ങളിലെ പ്രധാന കണ്ണി. ജോലിത്തിരക്കിനിടയിലും അവിടത്തെ ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ച് കാണാനുള്ള ആവേശം കൂടിക്കൂടി വന്നത് സ്വാഭാവികം.

ആ എക്സ്ചേഞ്ചും അതിനു മുന്നിലുള്ള മുക്രയിടുന്ന കാളക്കൂറ്റനും മുന്‍പ് മുതലേ അവനെ ആകര്‍ഷിച്ചിരുന്നു. ശക്തിയുടെയും വിജയത്തിന്‍റെയും പ്രതീകമായ കാളയെ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തിന് സമ്മാനിച്ചത്, ഭയത്തിന്‍റെയും അവ്യക്തതയുടെയും പ്രതീകമായ കരടി ഓഹരി വിപണിയില്‍ പിടി മുറുക്കിയപ്പോള്‍ ആണത്രേ. ആ വിജയിയായ കാളയെ കണ്ടൊന്നു നന്നായി ആസ്വദിക്കണം.

താമസിയാതെ അവന്‍ മാന്‍ഹാട്ടണില്‍ എത്തി. ലോകത്തിലെ ഓഹരി വിപണിയുടെ, കാപ്പിറ്റലിസത്തിന്‍റെ സിരാ കേന്ദ്രം. അവിടെ സ്റ്റോക്ക് എക്സ്ചേഞ്ചിനടുത്ത് 'ചാര്‍ജിംഗ് ബുള്ളി'നെക്കാണാന്‍ എപ്പോഴും തിരക്കാണ്. നൂറുകണക്കിനാള്‍ക്കാര്‍ എപ്പോഴും ആ മുക്രയിടുന്ന കാളയെ തൊട്ടും തഴുകിയും സെല്‍ഫി എടുക്കുന്നു.

അതിന്‍റെ കൊമ്പും, പിന്‍ഭാഗവും, പ്രത്യേകിച്ച് ജനനേന്ദ്രിയങ്ങള്‍ തൊട്ടു തഴുകിയാല്‍ ധാരാളം സമ്പത്ത് ഒഴുകി വരുമത്രേ..!! അതുകൊണ്ട് കാളയുടെ മുന്‍ ഭാഗവും പിന്‍ഭാഗവും ആയിരക്കണക്കിന് കൈകള്‍ തഴുകിത്തഴുകി മിനുസമായിരിക്കുന്നു.

തന്‍റെ ആഗ്രഹവും ഇതായിരുന്നല്ലോ. മനോഹറും ആ കാളയെ ആശ്ലേഷിച്ചു, തഴുകി, പ്രത്യേകിച്ചും കൊമ്പുകളും, പിന്‍ഭാഗവും. ആ തഴുകലിനിടയില്‍ തൊട്ടടുത്തു നില്‍ക്കുന്ന ഒരു മുഖം മനോഹറിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ആ മുഖം താന്‍ എവിടെയോ മുന്‍പ് കണ്ടിട്ടുള്ളത് പോലെ. ആ ഭംഗിയുള്ള കണ്ണുകള്‍ തന്നെയും ശ്രദ്ധിച്ചുവോ.. ചിലപ്പോള്‍ തോന്നിയതാകണം.

ന്യൂജേഴ്സിയില്‍ നിന്ന് ബസ്സും, ട്രെയിനുമായി തിരക്കിനോട് മല്ലിടുന്ന ദിവസങ്ങള്‍ ഒന്നൊന്നായി പലതും വേഗത്തില്‍ വിടര്‍ന്നു, കൊഴിഞ്ഞു. സമയം മനസ്സിന്‍റെ അളവുകോല്‍ ആണെന്നും, മനസ്സ് മുഴുകുമ്പോള്‍ ‍ സമയം പായുകയും, മറിച്ചാണെങ്കില്‍ പതുക്കെ ഇഴഞ്ഞു നീങ്ങുകയും ചെയ്യുമെന്ന് പണ്ട് ഫിലോസഫി ടീച്ചര്‍ പറഞ്ഞത് അവന്‍ പ്രത്യേകിച്ച് ഓര്‍ത്തിരിക്കാനിടയില്ല.

ഒരിക്കല്‍ ന്യൂജേഴ്സിയില്‍ നിന്ന് ബസ്സില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ മുന്‍പ് കണ്ട അതേ മുഖം ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നു. ബസ്സില്‍ കയറിയ മനോഹര്‍ ‍ ധൈര്യം സംഭരിച്ച് അവളുടെ അടുത്ത് എത്തി. പക്ഷേ ഒന്നും സംസാരിക്കാന്‍ ധൈര്യം വന്നില്ല. അവളും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് തോന്നി.

പിന്നീടൊരിക്കല്‍ രാവിലെ അതേ സമയത്ത് അവളെ ബസ്സില്‍ കണ്ടു മുട്ടി. ദൈവം ഒരിക്കല്‍ക്കൂടി അവസരം തന്നിരിക്കുന്നു. ധൈര്യം സംഭരിച്ച് ഒന്ന് ചിരിച്ചുകൊണ്ട് ചെറിയ സംഭാഷണത്തിന് തുടക്കമിട്ടു. അവന്‍ സ്വയം പരിചയപ്പെടുത്തി, പിന്നെ തൊണ്ട അനക്കിക്കൊണ്ട് പതുക്കെ പേര് ചോദിച്ചു. ചോദിക്കാന്‍ ഉദ്ദേശിച്ചത്, ഈ സൗന്ദര്യത്തിന്‍റെ ഉടമയുടെ പേര് എന്താണ് എന്നാണെങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങി, പേരെന്താണ് എന്ന് മാത്രം പുറത്ത് വന്നു.

ലവ്-ലീനാ..ആ പേരിനും ശബ്ദത്തിനും വല്ലാത്തൊരാകര്‍ഷണീയത.

                                                                                                                                  തുടരും....