Saturday 26 October 2019

ഗാംബ്ലിങ്....






ത്രിലോചനെ അവന്‍റെ കൂട്ടുകാരൊക്കെ ത്രില്‍ എന്നാണ് വിളിക്കുക അതാണ്‌ അവന് ഇഷ്ടവും. പക്ഷേ, കാരണവന്മാരൊക്കെ ത്രിലോചനാ... എന്നു നീട്ടി വിളിക്കും. ഒരുമാതിരി വഴകൊഴാ എന്നൊരു വിളി. അവന് അത് തീരെ ഇഷ്ടമാവാറില്ല.

ത്രില്‍ എന്ന പേര് അന്വര്‍ത്ഥമാക്കും വിധം,‍ അവന് ഉദ്വേകം ജനിപ്പിക്കുന്ന കളികളും ഡിറ്റക്ടീവ് കഥകളും പുസ്തകങ്ങളും ഒക്കെ വളരെ ഇഷ്ടമാണ്.

അവന്‍ ചെറുപ്പത്തില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ‍ രാത്രിയില്‍ പഠിക്കുന്നതിനിടെ ആരും കാണാതെ ജെയിംസ് ഹാര്‍ഡ്ലി ചെയിസിന്‍റെ യും അഗഥാ ക്രിസ്റ്റിയുടെയും ഉദ്വേഗം നിറഞ്ഞ പല കുറ്റാന്വേഷണ നോവലുകളും വായിച്ചാസ്വദിക്കുമായിരുന്നു. പ്രത്യേകിച്ച് കണക്ക് തലയില്‍ കേറാതെ വരുമ്പോള്‍.

രാത്രിയിലെ വൈകിയ യാമങ്ങളില്‍ നോവലിലെ മദിരയും, മദാലസകളും, ചൂതാട്ടവും കലര്‍ന്ന പല കുറ്റാന്വേഷണ പ്ലോട്ടുകളും രംഗങ്ങളും അവന്‍റെ രക്ത ധമനികളില്‍ ആസക്തി പടര്‍ത്തി. ഉറക്കം കെടുത്തി.

ചെയ്സിന്‍റെ കഥകളിലെ ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ പലപ്പോഴും അരങ്ങേറിയത് ലാസ് വേഗാസിലെ തെരുവുകളിലും ഹോട്ടല്‍ മുറികളിലും ചൂതാട്ട കേന്ദ്രങ്ങളിലുമായിരുന്നു. അന്ന് തുടങ്ങിയതാണ്‌ ആ സ്വപ്ന നഗരി കാണാനുള്ള അവന്‍റെ അതിയായ മോഹം.

അവന്‍, ഒരു പ്രസിദ്ധ പ്രൈവറ്റ് ബാങ്കില്‍ ജോലിയില്‍ കയറിയിട്ട് കൊല്ലം പത്ത് പോയതറിഞ്ഞില്ല. കൂട്ടുകാരില്‍ പലര്‍ക്കും അങ്ങിങ്ങ് വിദേശത്ത് പോകുവാന്‍ അവസരം കിട്ടിക്കൊണ്ടിരുന്നതുകൊണ്ട് അവന്‍ സ്വപ്ന നഗരി കാണാനുള്ള ആഗ്രഹം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.

ഒരു ദിവസം മേലധികാരി അവനോടു സാന്‍ഫ്രാന്‍സിസ്കോയില്‍ പോകാനുള്ള ഒരു അവസരം വരുന്നതായി പറഞ്ഞപ്പോള്‍ അവന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അത് കേട്ട പാടെ ആദ്യം തിരഞ്ഞത് സ്വപ്ന നഗരി അവിടെ നിന്ന് എത്ര ദൂരം ഉണ്ട് എന്നാണ്. അധികം ദൂരമില്ല...ആശ്വാസം.

താമസിയാതെ അവന്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ഫ്ലൈറ്റ് ഇറങ്ങി. കൂടെ സുഹൃത്ത് മുകേഷും. സിലിക്കോണ്‍ വാലിയിലെ ഒരു ഹോട്ടലില്‍ ‍ അവര്‍ രണ്ടുപേരും മുറിയെടുത്തു. ഒരാഴ്ചത്തെ ട്രെയിനിംഗ് ആണ്. അതിനിടെ ഈ സ്വപ്നയാത്രയും തരപ്പെടുത്തണം.

അടുത്ത ആഴ്ച അമേരിക്കയുടെ ഇന്ടിപ്പെണ്ടന്‍സ് ഡേ ആണ് എന്നറിഞ്ഞപ്പോള്‍ ലോചനും മുകേഷും സന്തോഷം കൊണ്ട് തുള്ളിച്ചാടി... ലോങ്ങ്‌ വീക്കെണ്ട്.. രണ്ടു മൂന്ന്‍ ദിവസം അവധി. എല്ലാവരും കാഴ്ചകള്‍ കാണാന്‍ ഇറങ്ങുന്ന സമയം. നഗരങ്ങളെല്ലാം അണിഞ്ഞൊരുങ്ങും.

ഇനി സമയമില്ല. വേഗം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. പക്ഷെ ഫ്ലൈറ്റുകളൊക്കെ ഫുള്‍... ഭാഗ്യത്തിന് ബസ്സുണ്ട്. ഒരു രാത്രികൊണ്ട്‌ അവിടെ എത്തും. അതെങ്കില്‍ അത് അവര്‍ ബുക്ക്‌ ചെയ്തു. തരക്കേടില്ലെന്ന് തോന്നുന്ന ഒരു ഹോട്ടലിലെ മുറിയും തരപ്പെടുത്തി. മുടിഞ്ഞ ചാര്‍ജാ… മുകേഷ് ബുക്ക്‌ ചെയ്യുന്നതിനിടെ പറഞ്ഞു.

ആ സുദിനം വന്നു ചേര്‍ന്നു. അവര്‍ സമയത്തിന് തന്നെ ബസ് സ്റ്റേഷനില്‍ എത്തി. കൃത്യം പത്ത് മണിക്ക് ഡ്രൈവര്‍ എത്തി, ബസ്സ്‌ പുറപ്പെട്ടു.

ഇവിടെ വണ്ടികളില്‍ കണ്ടക്ടര്‍ ഇല്ല അല്ലേ.. ഡ്രൈവര്‍ തന്നെ എല്ലാ പണിയും ചെയ്യണം, ആളുകളില്ലാത്തതിന്‍റെ ബുദ്ധിമ്മുട്ടേ, പാവം ഡ്രൈവര്‍. മുകേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു..നമ്മുടെ നാട്ടില്‍ ഡ്രൈവര്‍, പിന്നെ മുന്നിലും പിന്നിലും കൊഞ്ചാനും പറയാനും കിളികള്‍, പിന്നെ സ്നേഹിച്ച് ഒന്നുകൂടി അടുത്തു നില്‍ക്കൂ എന്ന്‍ പറയാന്‍ കണ്ടക്ടറും..

വണ്ടിക്ക് വേഗം കൂടി..ലൈറ്റുകളെല്ലാം മങ്ങി...

അവര്‍ ബസ്സില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു... ബസ്സില്‍ സാമാന്യം തിരക്ക്‍.

പുറകില്‍ മങ്ങിയ വെളിച്ചത്തില്‍ ആണ്‍ പെണ്‍ ചെറുപ്പക്കാര്‍ എന്തോ കുശല പ്രശ്നങ്ങള്‍ നടത്തുന്നു.. മങ്ങിയ വെളിച്ചമല്ലേ. അവര്‍ സൊറ പറയട്ടെ..ലാസ് വേഗാസിലെ രംഗങ്ങള്‍ ഇവിടെത്തന്നെ അരങ്ങേറുമോ..!! രാത് ബാക്കി, ബാത്ത് ബാക്കി...ത്രില്ല് പതുക്കെ മൂളി.

അവര്‍ പതുക്കെ മയങ്ങാനുള്ള ഒരുക്കങ്ങള്‍ കൂട്ടി...

അര മണിക്കൂര്‍ കഴിഞ്ഞു കാണും.. പുറകില്‍ നിന്നും തോളില്‍ തട്ടി ഒരു വിളി... എക്സ്ക്യൂസ് മീ... രണ്ട് പെണ്‍കുട്ടികളും പുറകില്‍ നില്‍ക്കുന്നു..ഷാല്‍ വീ സിറ്റ് ഹിയര്‍…!!

മുകേഷും ത്രില്ലും തെല്ലൊന്ന് അമ്പരന്നു... എസ് പ്ലീസ്, അവര്‍ അവരുടെ മുന്‍പിലത്തെ സീറ്റ് ഓഫര്‍ ചെയ്തു. പക്ഷേ, ഷാല്‍ വീ സിറ്റ് ഹിയര്‍...ഇന്‍ ദി മിഡില്‍ ഓഫ് ദി സീറ്റ്..സീറ്റിനകത്ത് കയറി‍ ഇരിക്കണം.

ഡബിള്‍ സീറ്റില്‍ ഇടയില്‍ ഇരിക്കണമെങ്കില്‍ മുകേഷിന്‍റെ കൂടെ ഒരാള്‍, ത്രില്ലിന്‍റെ കൂടെ ഒരാള്‍. അമ്പമ്പോ... തെല്ല് അമ്പരപ്പുണ്ടെങ്കിലും ആ ഓഫര്‍ അവര്‍ക്ക് നിരസിക്കാന്‍ സാധിക്കാത്തതായിരുന്നു. അവര്‍ യാന്ത്രികമായി സ്ഥലം കൊടുത്തു, പെണ്ണുങ്ങള്‍ അകത്ത് അവര്‍ ‍ പുറത്ത്...

ഇരുവരും സ്വപ്നം കാണുകയാണോ, ലാസ് വെഗാസിലേയ്ക്കുള്ള യാത്രയില്‍ തീരെ അപ്രതീക്ഷിതമായി സുന്ദരിക്കുട്ടികള്‍ കൂടെ. ഇതെന്തൊരു മറിമായം…!!

അവര്‍ സ്വയം പരിചയപ്പെടുത്തി.. ജോളി സിംഗ് ആന്‍ഡ്‌ മോളി സിംഗ്…!!

ഞങ്ങള്‍ ത്രില്‍ ആന്‍ഡ്‌ മുകേഷ്…തിരിച്ചങ്ങോട്ടും..

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത്‌, പുറകിലുള്ള അപരിചിതരായ പയ്യന്മാര്‍ മങ്ങിയ വെളിച്ചത്തില്‍ കൂടുതല്‍ വളരെ അടുത്ത് പെരുമാറാന്‍ തുടങ്ങി. അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് ഇന്ത്യക്കാരായ അപരിചിതരാണ് ഭേദമെന്ന് തോന്നിയത്രേ…!!

ത്രില്ല് പതുക്കെ കമന്റ് അടിച്ചു.. അല്ലെങ്കിലും ഞങ്ങളെ കണ്ടാല്‍ ജെന്റില്‍മാന്‍ മാര്‍ എന്നേ തോന്നൂ.. എല്ലാവരും ചിരിച്ചു..

അവരുടെ ഉറക്കമൊക്കെ പമ്പ കടന്നു. കുശലപ്രശ്നങ്ങള്‍ തകൃതിയായി. അവരും ലാസ് വേഗാസ് കാണാന്‍ ഇറങ്ങിയത്‌ തന്നെ. എങ്കില്‍പ്പിന്നെ നമുക്കൊരുമിച്ചു കാണാം.

ബസ്സ്‌ അതിരാവിലെ ലാസ് വെഗാസില്‍ എത്തി.

രണ്ടു കൂട്ടരും തങ്ങളുടെ ഹോട്ടലുകളിലേക്ക് ടാക്സിയില്‍ കയറി. വൈകുന്നേരം വീണ്ടും കാണാം എന്ന വാഗ്ദാനവുമായി.

അവരുടെ ടാക്സി റോഡിനിരുവശവുമുള്ള അംബരചുംബികളായ പല മണി സൗധങ്ങളും കടന്ന് കസീനോ പാലസ് എന്ന ഹോട്ടലിന് മുന്നില്‍ നിന്നു. ഹോട്ടലില്‍ ഭയങ്കര തിരക്ക്.

റിസപ്ഷനിലെ നീണ്ട ക്യൂവില്‍ കാത്തു നില്‍ക്കുന്നതിനിടയ്ക്ക് അകത്ത് കസീനോ മഷീനുകളില്‍ നിന്ന് പൈസ ഉതിര്‍ന്ന്‍ വീഴുന്ന ശബ്ദം അവര്‍ക്ക് കേള്‍ക്കാം.. ത്രില്ലിന് വല്ലാത്ത തിടുക്കമായി..

റിസപ്ഷനിലെ ഒന്നര മണിക്കൂറിന്‍റെ കാത്തിരിപ്പിന് ശേഷം അവര്‍ അവരുടെ മുറിയില്‍ കയറിപ്പറ്റി.

പതിനഞ്ചാമത്തെ നിലയിലെ റൂമില്‍ നിന്നും അവര്‍ ചുറ്റും ഒന്ന്‍ കണ്ണോടിച്ചു..കാഴ്ചകള്‍ നല്ല രസം.. ചുറ്റിലും ലോകത്തെ വാസ്തു ശില്പ മോഡലുകള്‍ എന്ന്‍ തോന്നിപ്പിക്കുന്ന കെട്ടിടങ്ങള്‍ സമുച്ചയങ്ങള്‍… അവയ്ക്ക് മുകളില്‍ ജോയ് റയിഡുകള്‍.. താഴെ സ്വിമ്മിംഗ് പൂളുകള്‍..അവയില്‍ നീന്തി ഉല്ലസിക്കുന്നവരുടെ അസാമാന്യ തിരക്ക്.. ചുറ്റിലും ജലധാരകള്‍...

കുറച്ചു ദൂരെ ചുട്ടു പഴുത്ത മണലാരണ്യം. ഈ കാണുന്ന ചൂതാട്ട കേന്ദ്രങ്ങളൊക്കെ കെട്ടിപ്പോക്കിയിരിക്കുന്നത് ഈ ചുട്ടുപഴുത്ത നെവാദ മരുഭൂമിയുടെ നടുവിലാണ് ഇഷ്ടാ.. ത്രില്ലിന്‍റെ പൊതു വിജ്ഞാനം ഉണര്‍ന്നു..കൂടാതെ ലോക പ്രശസ്തമായ ഗ്രാന്‍ഡ്‌ കാനിയന്‍ പര്‍വത നിരകളും ഇവിടെ അടുത്തു തന്നെയാണത്രേ…!!

അവര്‍ കുളിച്ച് റെഡിയായി താഴെ പ്രാതലിന്നിറങ്ങി.

താഴെ കണ്ട കാഴ്ച്ച അവരെ ഞെട്ടിച്ചു.. താഴത്തെ നിലയില്‍ അഞ്ഞൂറോളം കണ്‍ചിമ്മിത്തുറക്കുന്ന ചൂതാട്ട യന്ത്രങ്ങള്‍... അതിന്‍റെ മുന്നില്‍ സിഗരറ്റ് വലിച്ച് ബിയര്‍ കുടിച്ചു ഭാഗ്യം പരീക്ഷിക്കുന്ന ചെറുപ്പക്കാര്‍, വയസ്സന്മാര്‍, സുന്ദരന്മാര്‍,സുന്ദരികള്‍...ഇതുകൊണ്ടാണല്ലേ ചെയ്സിന്‍റെ ഉദ്വേഗം നിറഞ്ഞ രംഗങ്ങള്‍ ഇവിടെ അരങ്ങേറിയത്… മദ്യവും ചൂതാട്ടവും..കുറ്റാന്വേഷണത്തിന് പറ്റിയ പ്ലോട്ട്...

ഹാളിന് മദ്ധ്യഭാഗത്തായി ഹരം പിടിപ്പിക്കുന്ന പോക്കര്‍ കളി‍. പോക്കര്‍ ബോര്‍ഡിന് ചുറ്റും കളിക്കാരുടെ തിരക്ക്. അവരില്‍ പലരും തൊപ്പിയും ഇട്ട് സിഗാറും വലിച്ച്‍ വളരെ ഗൌരവത്തില്‍ കയ്യിലുള്ള പന്തയ ദ്രവ്യം പണയം വച്ച് ആകാംക്ഷയോടെ മറ്റുള്ളവരുടെ ചീട്ടുകള്‍ നിവരുന്നത്‌ കാത്തിരിക്കുകയാണ്.

ബോര്‍ഡിന്‍റെ മറ്റേ അറ്റത്ത്‌ വശ്യത വഴിഞ്ഞൊഴുകുന്ന സുന്ദരി, ചീട്ടുകള്‍ എല്ലാവര്‍ക്കും പങ്കിടുന്നു.

പൂരപ്പറമ്പില്‍ ആന മയിലോട്ടകത്തിലും മുച്ചീട്ടുകളിയിലും തന്‍റെ പന്തയ വിരുത് പല പ്രാവശ്യം തെളിയിച്ച ത്രില്ലിന് ഇതൊക്കെ കളിക്കാന്‍ ജയിക്കാന്‍ കലശലായ ആഗ്രഹം.

ആദ്യം മെഷീനില്‍ നിന്ന്‍ തുടങ്ങണോ, സുന്ദരിയില്‍ നിന്ന് തുടങ്ങണോ.. ഇവിടെ ഒരു പരിചയം വന്നിട്ട് അവളുടെ അടുത്തേയ്ക്ക് പോകാം..അല്ലേ..!!

അവന്‍ ചൂതാട്ട യന്ത്രത്തിന് മുന്‍പില്‍ ഇരുന്നു.. അവന്‍റെ മുന്നില്‍ യന്ത്രം പല ഓഫറുകളും നിരത്തി..ഒന്ന് വച്ചാല്‍ പത്ത്, പത്ത് വച്ചാല്‍ നൂറ് നൂറ് വച്ചാല്‍ ആയിരം, പിന്നെ മില്ല്യന്‍ അങ്ങനെ..

അവന്‍ രണ്ട് ഡോളര്‍ വച്ചു കളി തുടങ്ങി..!! യന്ത്രത്തിന്‍റെ മീറ്റര്‍ ഓടുന്നത് ആന മയില്‍ ഒട്ടകത്തിന്‍റെ പോലെ ശബ്ദം ഉണ്ടാക്കിയാണ്. ആ കേട്ടു മറന്ന ശബ്ദം അവന് ഹരമായി... അവസാനം പൂജ്യം, അതായത് രണ്ട് ഡോളര്‍ പോയി..

ഇതിനിടയ്ക്ക് ബാര്‍ ടെണ്ടര്‍ ബിയര്‍ കുപ്പികളുമായി അവന്‍റെ അടുത്ത് എത്തി.. ചൂതാടുന്നവര്‍ക്ക് മദിര സൗജന്യം… അവന്‍ ആവേശത്തോടെ അതിശയത്തോടെ ബിയര്‍ എടുത്തു..
എങ്കില്‍പ്പിന്നെ ഇനിയും കളിക്കാമല്ലോ..ത്രില്ല് ബിയര്‍ നുകര്‍ന്നുകൊണ്ട് വീണ്ടും രണ്ട് ഡോളര്‍ വച്ചു.. വീണ്ടും മെഷീന്‍ കറങ്ങി…അതാ വരുന്നു അഞ്ച് ഡോളര്‍...അവന് സന്തോഷം...ആവേശം.

ഇത് കണ്ട മുകേഷിനും താല്‍പ്പര്യം.. അവന്‍ അടുത്ത യന്ത്രത്തില്‍ ഇരുന്നു..ഇതത്ര മോശമുള്ള കളിയൊന്നുമല്ല….!! കൂടെ ബിയറും ഉണ്ടല്ലോ..

കളിയില്‍ സമയം പോയതറിഞ്ഞില്ല..പലതും വന്നും പോയും ഇരുന്നു..കൂടെ ബിയറും. ത്രില്ല് പോക്കറ്റില്‍ കൈ ഇട്ട് നോക്കിയപ്പോള്‍ ‍ ഇരുപത്‌ ഡോളര്‍ തീര്‍ന്നു...ഇനിയിപ്പോ കളിച്ചാല്‍ ശരിയാവില്ല..അവര്‍ എഴുന്നേറ്റു..

അടുത്തു തന്നെ പോക്കര്‍ കളി തുടങ്ങാന്‍ പോകുകയാണ്..ഇനിയിപ്പോ പരിചയം വന്നത് കൊണ്ട് അതും ഒരു കൈ നോക്കാം...ചെയിസിന്‍റെ നോവലിലെ സുന്ദരി ബോര്‍ഡില്‍ ചാഞ്ഞു കിടന്നുകൊണ്ടാണ് ചീട്ടുകള്‍ എറിഞ്ഞിരുന്നത്… അവന്‍റെ പല പഴയ ഓര്‍മ്മകളും കണ്‍മുന്നില്‍ തെളിഞ്ഞു വന്നു.

മുകേഷ് പറഞ്ഞു..വേണ്ട ഇഷ്ടാ, വെറുതേ പൈസ പോകും.. പക്ഷെ ത്രില്ലിനെ പഴയ ചീട്ടുകളിയുടെ ആവേശം പിടികൂടുന്നു..കൂടെ കളിക്കുന്ന സുന്ദരിയുടെ അംഗ വിക്ഷേപങ്ങളും വല്ലാതെ ആകര്‍ഷിക്കുന്നു....അവന്‍ യാന്ത്രികമായി ആ ബോര്‍ഡിനടുത്തേയ്ക്ക് നീങ്ങി...

ഇപ്രാവശ്യം അമ്പത് ഡോളറാണ് പന്തയത്തുക..അതിനുള്ള കോയിനുകള്‍ അവള്‍ ഓരോരുത്തര്‍ക്കും നീക്കിക്കൊടുത്തു. പലരുടെയും ചുണ്ടില്‍ സിഗാര്‍.. ത്രില്ലിനും അത് വായില്‍ വച്ച് ഒന്ന്‍ ചുഴറ്റിയാല്‍ കൊള്ളാമെന്നുണ്ട്..!!

അവള്‍ ചീട്ടുകള്‍ ഒന്നൊന്നായി എറിഞ്ഞു..അത് ബോര്‍ഡിന്‍റെ അറ്റം വരെ പറന്ന് ഓരോരുത്തരുടേയും അടുത്ത് ചെന്നു വീണു..

അവന്‍ ബ്ലഫും കോളും ഒക്കെ കളിച്ചു..അവന്‍റെ കോയിനുകളുടെ കൂമ്പാരം അല്‍പ്പം പൊങ്ങി.

അവന് ഹരം കൂടി. വീണ്ടും കളിച്ചു.. പരിസരം മറന്ന് കളിച്ചു.. ചിലത് കിട്ടി, പലതും പോയി.. അവന്‍റെ കോയിന്‍ പതുക്കെ പതുക്കെ താഴ്ന്നു തുടങ്ങി..ഇത് കണ്ട മുകേഷ് ത്രില്ലിന് താക്കീത് നല്‍കി..പണ്ട് യുധിഷ്ഠിരന്‍ പാഞ്ചാലിയെ പണയം വച്ചത്പോലെ ഇനി നീ എന്നെയും പണയം വയ്ക്കും..അതിനു മുന്പ് എഴുന്നേല്‍ക്ക്..‍

താമസിയാതെ എല്ലാം കാലി..

എല്ലാം പോയി എന്നാലും ഹരത്തിന് ഒരു കുറവുമില്ല….ത്രില്ല് സന്തോഷത്തോടെ ഓര്‍ത്തു...

ഇതു തന്നെയാ ഇഷ്ടാ, പോക്കര്‍ പാപ്പരാക്കും എന്ന്‍ പറയുന്നത്..മുകേഷ് തട്ടിവിട്ടു..

അതാരാ പറഞ്ഞത്, ത്രില്‍ തെല്ല് ദേഷ്യത്തോടെ ചോദിച്ചു..

അത് പണ്ട്... ഇവിടെ വന്ന് കളിച്ച് കാശുപോയ കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്…ത്രില്ലിന്‍റെ മുഖത്ത് ഒരു ചമ്മിയ ചിരി..

അവര്‍ ആഹാരം കഴിഞ്ഞ് ഒന്നാമത്തെ നിലയിലേയ്ക്ക് നടന്നു കയറി.

അവിടെ അതിശയിപ്പിക്കുന്ന വിധത്തില്‍ പലതരം റൈഡുകള്‍, ഗെയിമുകള്‍‍ എന്നുവേണ്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവസം മുഴുവന്‍ കളിച്ചുല്ലസിക്കാന്‍ വേണ്ട എല്ലാ പരിപാടികളും.. എവിടെയും തിരക്ക്.

റൈഡുകളിലൂടെയൊക്കെ ഒരു ഓട്ടം കഴിഞ്ഞ് അവര്‍ ഹോട്ടല്‍ മുറിയിലേയ്ക്ക് മടങ്ങി.

നമ്മുടെ ഈ ഹോട്ടലില്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ വലിയ ഹോട്ടലുകളില്‍ എന്തായിരിക്കും സ്ഥിതി....ലോകത്തിലെ ഏറ്റവും മുന്തിയ ഹോട്ടലുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഈ സ്വപ്ന നഗരിയില്‍ ആണത്രേ..മുകേഷ് അതിശയത്തോടെ പറഞ്ഞു..!!

ഇവിടെ രാത്രിയാണിഷ്ടാ പൂരം..

*****

പറഞ്ഞുറപ്പിച്ചത് പോലെ സന്ധ്യയ്ക്ക് അവര്‍ കൊച്ചു കൂട്ടുകാരികളുമായി പൂരം കാണാനിറങ്ങി.

അവര്‍ നേരെ പോയത് സ്ട്രിപ്പിലേക്കാണ്…അതാണ് അവിടത്തെ സംഭവ ബഹുലമായ തെരുവ്.
പട്ടണമാകെ വര്‍ണ്ണ പ്രപഞ്ചത്തില്‍ മുങ്ങിയിരിക്കുന്നു. ഓരോ ഇടത്ത് ഓരോ ശില്പചാതുരിയെ ഓര്‍മ്മിപ്പിക്കുന്ന അലങ്കാര ദീപങ്ങളുടെ ചായക്കൂട്ട്.

ഇവിടെ ലാസ് വെഗാസില്‍ എവിടെയും ലഹരിയാണ്..

ചൂതാട്ടത്തിന്‍റെ ലഹരി…വിവിധ വര്‍ണ്ണങ്ങളുടെ ലഹരി… ഉദ്വേകം ജനിപ്പിക്കുന്ന റൈഡുക‍ളുടെ ലഹരി.. ആഡംബര കാറുകളുടെ ലഹരി, തുണിയുള്ളതും ഇല്ലാത്തതുമായ ഫാഷന്‍റെ ലഹരി, സര്‍‍ക്കസ്സിന്‍റെ ലഹരി, മാജിക്കിന്‍റെ ലഹരി… അങ്ങനെ, അങ്ങനെ..

കൂടാതെ ചൂത് കളിക്കുമ്പോള്‍ ബിയര്‍ ഫ്രീ, ഹോട്ടലുകളില്‍ കയറിയാല്‍ വയിന്‍ രുചി നോക്കാന്‍‍ ഫ്രീ... തെരുവുകളില്‍ ലഹരി നുകര്‍ന്നുകൊണ്ട് ഫ്രീ ആയി നടക്കാം..ആകെ ലഹരിമയം..

കാണെക്കാണെ സ്ട്രിപ്പ് സ്ട്രീറ്റില്‍ ജനങ്ങള്‍ നിറഞ്ഞു.

ഇവിടെ ഓരോ ബില്‍ഡിങ്ങുകളും ഓരോ ആശയങ്ങള്‍ വിളിച്ചോതുന്നവയാണ്. ഒരു ബില്‍ഡിംഗ് പാരീസിലെ ഈഫല്‍ ടവറിനെപ്പോലെയാണ്, മറ്റൊന്ന് വെനീസിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. ചുറ്റിലും കനാലുകളും, വെള്ളവും തോണിയും യാത്രക്കാരും അങ്ങനെ.

മറ്റൊരിടത്ത് ന്യൂയോര്‍ക്ക് സിറ്റിയെ ഓര്‍മ്മിപ്പിക്കുന്ന 'ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക്' എന്ന അതിഗംഭീര കെട്ടട സമുച്ചയം.

വേറൊരിടത്തു ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബെര്‍ട്ടി എന്ന്‍ തോന്നിപ്പിക്കുന്ന കെട്ടിടം. അതിന് ചുറ്റും കടലിന്‍റെ പ്രതീതി ജനിപ്പിക്കുന്ന ജലപ്പരപ്പ്.

മറ്റൊരിടത്ത് പിരമിഡ്കളുടെ പ്രതീതി ജനിപ്പിക്കുന്ന കെട്ടിടങ്ങള്‍..

ഇവിടത്തെ ജയന്റ് വീലില്‍ ഒന്ന് കയറി കറങ്ങിയാല്‍ പട്ടണത്തിന്‍റെ മാസ്മരികത മുകളില്‍ നിന്ന് ആസ്വദിക്കാം...

അവര്‍ക്ക് ഈ നഗരം മുഴുവന്‍ ഉന്മാദത്തില്‍ ആണ് എന്ന്‍ തോന്നി. കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകള്‍.

മുന്നില്‍ വിശാലമായ ഒരു തടാകം. അവിടെ ലോക പ്രശസ്തമായ ബലാജിയോ ഫൗണ്ടന്‍ ഷോ..

പനയോളം ഉയര്‍ന്നു പൊങ്ങുന്ന ജലധാരകള്‍ ആകാശത്ത് പല രീതിയിലുള്ള ചിത്രങ്ങള്‍ വരച്ചു...കഥ പറഞ്ഞു, പാട്ടു പാടി.. ഇരുപത്‌ മിനിട്ട് നീണ്ടുനിന്ന ആ മാസ്മരികത കണ്ട് ജനം ആര്‍ത്തുവിളിച്ചു...

ത്രില്ലും കൂട്ടരും മറ്റൊരിടത്തെത്തിയപ്പോള്‍ അവിടെ മിറാജ് അഗ്നിപര്‍വ്വത ഷോ..അഗ്നിപര്‍വ്വതത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഷോ. വെള്ളം കൊണ്ട് എന്തെന്തെല്ലാം വര്‍ണ്ണജാലങ്ങള്‍.

തെരുവുകളില്‍ തെരുവു നാടകങ്ങള്‍, ഫാഷന്‍ ഷോകള്‍, പല പല കലാ രൂപങ്ങള്‍, കൊട്ട് പാട്ട്.

മിക്ക യുവമിഥുനങ്ങളുടെ കൈയിലും ലഹരി പതഞ്ഞൊഴുകുന്ന ഗ്ലാസ്സുകള്‍…എല്ലാവരും പാട്ടും, നൃത്തവുമായി മദിച്ചുല്ലസിച്ചു നടക്കുകയാണ്. അതിനാണല്ലോ ഇവിടെ വരുന്നത്.

അകത്ത് ഓരോ ഹോട്ടലിലും തീര്‍ത്തും മറ്റൊരു പ്രതീതി. അവിടെ ചൂതാട്ട യന്ത്രങ്ങള്‍, പോക്കര്‍ കളികള്‍, ഫാഷന്‍ ഷോകള്‍, കാബറേ, ലോക പ്രശസ്തരുടെ മ്യൂസിക് കണ്‍സേര്‍ട്ട്, മാജിക് ഷോ അങ്ങനെ പലതും..

റോഡിന് മുകളിലൂടെ കമ്പിയില്‍ തൂങ്ങി സിപ്പ്-ലൈന്‍ സവാരി... ഉയര്‍ന്ന പല കെട്ടിടങ്ങളുടെ മുകളിലൂടെ രക്തം ത്രസിപ്പിക്കുന്ന റൈഡുകള്‍‍...

ലഹരിയും, ഉന്മാദവും, ഉദ്വേഗവും..

ത്രില്ലും കൂട്ടരും ഒട്ടും കുറവല്ല.. പറ്റുന്നിടത്തെല്ലാം അവരും രുചിച്ചു..രസിച്ചു..ഓരോ ചൂതാട്ടത്തിനും ബിയര്‍ ഫ്രീ..ഇതില്‍പ്പരം സന്തോഷത്തിന് ഇനിയെന്തു വേണം..

ഈ മണലാരണ്യത്തില്‍ ഇതെന്തൊരു ലോകം…!! വെറുതെയല്ല ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രം എന്ന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്..

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിട്ടും തിരക്കിന് യാതൊരു കുറവുമില്ല. അവര്‍ ആട്ടവും പാട്ടും കണ്ട് തളര്‍ന്ന് തുടങ്ങിയോ.. ഇനി ഹോട്ടലിലേക്ക് മടങ്ങിയാലോ..?

ഹോട്ടലിലേക്ക് മടങ്ങും വഴി അവര്‍ ഒരു ബോര്‍ഡ് കണ്ടു..'ത്രില്ലിംഗ് ഡാന്‍സ് ബാര്‍'. ത്രില്ലിന്, ചെയ്സും ക്രിസ്റ്റിയും പണ്ട് വരച്ചുകാട്ടി വിസ്മയിപ്പിച്ച, ഇതുവരെ കാണാത്ത ഒരു ലോകം കൂടി കാണാന്‍ അതിയായ മോഹം.

അവര്‍ ടിക്കറ്റെടുത്ത് അകത്ത് കടന്നു.. വാതില്‍ക്കലും പലയിടങ്ങളിലും ഏഴടി മല്ലന്മാര്‍. അവിടെ നൃത്തമാടുന്ന കണ്മണികളെ ആരും തൊടാതെ സംരക്ഷിക്കാനായിരിക്കും.

സ്റ്റേജില്‍ നൃത്തങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആരെയും അതിശയിപ്പിക്കുന്ന ജിംനാസ്റ്റിക് ചുവടുകളില്‍ അവര്‍ അംഗപ്രത്യംഗം ത്രസിപ്പിച്ചു‍. മിസ്‌ യൂണിവേര്‍സും മിസ്‌ വേള്‍ഡും ഒക്കെ ഇവരുടെ മുന്‍പില്‍ വെറും നിസ്സാരം. അത്രയ്ക്കുണ്ട് അവരുടെ ആകാര സൗഷ്ടവം.

കാണികളില്‍ പലരും ആവേശം കൊണ്ട് സ്റ്റേജിലേക്ക് ഡോളര്‍ എറിഞ്ഞു. ചിലര്‍ അവരുടെ ദേഹത്ത് തിരുകുവാന്‍ ഊഴം കാത്തിരുന്നു..

ത്രില്ലും മുകേഷും വായും പിളര്‍‍ന്നു ഇരുന്നുപോയി.. ഇത് ലാസ്-വേഗാസിന്‍റെ മറ്റൊരു മുഖം..

ഇതിനിടെ ട്രേയില്‍ ബിയറുമായി ഒരു നൃത്താംഗന വടിവൊത്ത ചുവടുമായി അവരുടെ അടുത്തേയ്ക്ക് നടന്നടുക്കുന്നു.

ത്രില്ലിന്‍റെ ആവേശത്തിനും അതിശയത്തിനും അതിരില്ല.. അവളുടെ ശരീര വടിവ് കാണിക്കാനെന്നവണ്ണം വസ്ത്രങ്ങള്‍ അങ്ങിങ്ങ് മാത്രം..

അവള്‍ മെല്ലെ മെല്ലെ നടന്നു വന്ന് അവര്‍ക്ക് ബിയര്‍ നീട്ടി..എന്നിട്ട് അതിശയിപ്പിക്കും വിധം ത്രില്ലിന്‍റെ മടിയിലെന്നപോലെ അടുത്തിരുന്നു. ഒരു വശ്യ സൗരഭ്യം ത്രില്ലിനെ ചുറ്റിപ്പുണര്‍ന്നു.

താന്‍ ചെയിസിന്‍റെ നോവലുകളില്‍ വായിച്ച നായികയുടെ അതേ വേഷവും ആകാരവും. ചെയിസിന്‍റെ കഥ ചുരുള്‍ നിവരുകയാണോ...അവന്‍റെ ഹൃദയ മിടിപ്പ് ക്രമാതീതമായി…

അവള്‍ മെല്ലെ അവനോടു ചോദിച്ചു..വാട്ട്‌ ഈസ്‌ യുവര്‍ നെയിം..

അവന്‍ തള്ളി വന്ന ഉദ്വേകം കാണിക്കാതിരിക്കാന്‍ പാടുപെട്ടുകൊണ്ട് മെല്ലെ പറഞ്ഞു.. ത്രില്‍…

ത്രില്‍…!! വൌ...റിയലി...ലവ്-ലി നെയിം….

ഐ ആം ജാസ്മിന്‍..

ത്രില്ലിന്‍റെ അതിശയം പതിന്മടങ്ങ് വര്‍ദ്ധിച്ചു…ചെയിസിന്‍റെ ഒരു നായികയുടെ പേരും ജാസ്മിന്‍ എന്ന് തന്നെയാണ്..

അവളുടെ ശരീരത്തില്‍ നിന്ന് ജാസ്മിന്‍ ഫ്രഞ്ച് പെര്‍ഫ്യൂം അവനെ പൊതിയുന്നതായി അവന് തോന്നി…

അവള്‍ വീണ്ടും ചോദിച്ചു.. ഡു യു റീഡ് ചെയ്സ്…

ത്രില്ലിന്‍റെ ദേഹമാസകലം ഓരോ രോമകൂപങ്ങളും എഴുന്നേറ്റ് നില്‍ക്കുന്നത് പോലെ.. താന്‍ സ്വപ്നം കാണുകയാണോ.. ലാസ് വേഗാസിന്‍റെ തെരുവിലൂടെ നടന്ന്‍ ബിയറും വയിനും ധാരാളം അകത്താക്കിയ അവന് ഇത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന്‍ ഒരു പിടിയും കിട്ടുന്നില്ല…!!

അവന്‍ പറഞ്ഞു.. ഐ ആം എ ചെയ്സ് ഫാന്‍..ഐ ഡു റീഡ് എ ലോട്ട് ഓഫ് ചെയ്സ്…!!

ഓ റിയലി...നൈസ് മീറ്റിംഗ് യു…അവള്‍ അവന്‍റെ കൈ പതുക്കെ പിടിച്ചു കുലുക്കി, വശ്യമായി ചിരിച്ചു...

അവള്‍ അവനെ ഉരുമ്മി പതുക്കെ എഴുന്നേറ്റു. വശ്യതയോടെ പതുക്കെ നടന്നു തുടങ്ങി. ത്രില്ലിന് അവളുടെ അടുത്തേയ്ക്ക് ഓടിചെല്ലണമെന്നുണ്ട്.. പക്ഷേ അതിനുള്ള ധൈര്യം വരുന്നില്ല..

പതുക്കെ സ്റ്റേജിലേക്ക് കയറിയ അവള്‍ അവനെ വശ്യതയോടെ നോക്കിയോ…?

സ്റ്റേജിലെ വിവിധ വാദ്യോപകരണങ്ങളുടെ ചടുലതയോടെയുള്ള താളത്തിനൊത്ത് വശ്യതയോടെ അവള്‍ ആടി ഉലഞ്ഞു..






രാവിലെ ഹോട്ടല്‍ മുറിയില്‍ കിടക്കയില്‍ നിന്നെഴുന്നേറ്റ ത്രില്ലിന് ‍ ‍ രാത്രിയില്‍ കണ്ട ആ മധുര ഓര്‍മ്മ സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന്‍ ഇനിയും പിടികിട്ടിയിട്ടില്ല.

അവന്‍ മുകേഷിനോട്‌ ചോദിച്ചു. മുകേഷിനും, ഡാന്‍സ് ബാറില്‍ കയറിയതും ബിയര്‍ വാങ്ങി കുടിച്ചതും ചെറിയ ഓര്‍മ്മയുണ്ട്…പക്ഷേ ബാക്കി ഒന്നും വ്യക്തമായി തെളിയുന്നില്ല…..!!

ഇന്നലെ കണ്ടത് സ്വപ്നമോ യാഥാര്‍ഥ്യമോ…

ത്രില്ല് ഇപ്പോഴും ഈ സ്വപ്ന നഗരിയിലെ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ലേ…? അവന് തന്നെ അറിയില്ല…!!

അവന്‍ തന്നോട് തന്നെ പറഞ്ഞു...ഇതാണ് മോനേ...ലാസ് വേഗാസ്.