Friday 27 January 2017

CUP സ്കൂളില്‍ മലമ്പാമ്പ്






അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. ഇടവപ്പാതിക്ക് മഴ തകര്‍ത്തു പെയ്ത് ഒന്ന് തോര്‍ന്നിട്ടേയുള്ളൂ.

ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ചെറിയാന്‍ എന്നോട് പതുക്കെ ചെവിയില്‍ പറഞ്ഞു.. പുഴയില്‍ നിറയെ വെള്ളം വന്നിട്ടുണ്ട്. രണ്ടറ്റവും മുട്ടിയാ പുഴ ഒഴുകുന്നത്‌. ഞാന്‍ അതിശയത്തോടെ അവനെയൊന്നു നോക്കി. ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു… ഞാന്‍ പുഴയോരത്തല്ലേ താമസിക്കുന്നത്...ഞങ്ങടെ മുറ്റത്തിന്‍റെ താഴെ വരെ വെള്ളം വന്നു. നമുക്കിന്ന് പുഴ കാണാന്‍ പോകാം.
എന്നാ നമുക്ക് കാണാന്‍ പോകാം...ഞാന്‍ തെല്ല് ആകാംഷയോടെ പറഞ്ഞു.

ഞങ്ങള്‍ അന്ന് ഉച്ചയ്ക്ക്, കൊണ്ടുവന്ന പൊതിച്ചോറ് വേഗം വാരി വിഴുങ്ങി.

വെള്ളിയാഴ്ച്ച ഉച്ചക്ക് അരമണിക്കൂര്‍ ഒഴിവ് കൂടുതലുണ്ട്..ആള്‍ക്കാര്‍ക്ക് നിസ്കാരം നടത്താന്‍..

ഞങ്ങള്‍ പുഴവക്കത്തേക്കു ധൃതിയില്‍ നടന്നു. മനസ്സിന്‍റെ ആകാംക്ഷ കാലുകളുടെ വേഗം കൂട്ടി. നടക്കുകയാണോ ഓടുകയാണോ എന്ന് സംശയം.

ചീനിക്കടവിനടുത്തെത്താറായപ്പോള്‍ പുഴയുടെ ഇരമ്പം അങ്ങനെ കേള്‍ക്കാം. പുഴയങ്ങനെ തച്ചു തകര്‍ത്തു ഒഴുകുകയാവും. കാണാന്‍ നല്ല രസമായിരിക്കും.

കുന്നിന്‍ ചെരുവിറങ്ങിയപ്പോള്‍, പല കൈ വഴികളും പുഴയോട് ചേരാനുള്ള വെമ്പലോടെ താഴോട്ട് കുതിക്കുന്നത് കണ്ടു. ഓരോ ചരുവിലും വെള്ളം കുത്തിയൊഴുകി കുഴികളായിട്ടുണ്ട്. വഴി മുഴുവന്‍ വെള്ളവും ചളിയും കലര്‍ന്ന കുഴമ്പു രൂപം. എന്‍റെ ചെരുപ്പിട്ട കാല്‍പ്പാടുകള്‍ പലരുടേയും കാല്‍പ്പാടുകള്‍ മായ്ച്ചുകൊണ്ടിരുന്നു.

കുന്നിന്‍റെ ചെരുവോരം പുഴയിലേക്ക് ചേരുകയാണ്. രണ്ടു കുന്നിന്‍ ചെരുവും മുട്ടുമാറ് നിറഞ്ഞൊഴുകുകയാണ് നദി. വെള്ളത്തിന്‌ കാവി നിറം. ഇന്നലെ പെയ്ത വെള്ളം മുഴുവന്‍ തിരക്കിട്ട് എങ്ങോട്ടോ കുതിക്കുകയാണ്. ഇടക്കിടക്ക് മരങ്ങളും, കുറ്റിച്ചെടികളും, കൈത പൊന്തകളും മറ്റു പലതും ഒഴുകിക്കൊണ്ടേയിരിക്കുന്നു.

എന്‍റെ വീട് ഇവിടെ അടുത്താ..ഞാനിതെന്നും കാണുന്നതാ..വാ നമുക്ക് അടുത്തു പോയി നോക്കാം… ചെറിയാന്‍ പറഞ്ഞു.. ഞങ്ങള്‍ രണ്ടുപേരും കൂടി വെള്ളത്തിനടുത്തേക്ക് നടന്നു. ഒഴുക്കിന്‍റെ ശക്തിയില്‍ ഓരോ ഓളവും കരയോടു കൂടുതല്‍ കൂടുതല്‍ കയര്‍ക്കുന്നത് പോലെ തോന്നി.

ഞങ്ങള്‍ നദിക്കരയില്‍ നില്‍ക്കെ ഒരു പാണ്ടി അവിടെ കെട്ടിയിട്ടിരിക്കുന്നതായി കണ്ടു. പാണ്ടിയുടെ യജമാനന്‍ അവിടെ അടുത്തില്ല.

എനിക്കു പാണ്ടി കുത്താനറിയാം. ഞങ്ങളിടക്കിടക്ക് പോകുന്നതാ..നമുക്കക്കരെ പോകാം...ചെറിയാന്‍ പറഞ്ഞു. ഞാനൊരു കൂസലും കൂട്ടാതെ പാണ്ടിയില്‍ കയറി. പുഴക്കരയില്‍ താമസിക്കുന്നവനു പാണ്ടി കുത്താനും അറിയാമെങ്കില്‍ എനിക്കെന്തു പേടി.

അവന്‍ പാണ്ടിയുടെ കെട്ടഴിച്ചു. പാണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. അവന്‍ പാണ്ടിയോടു ചേര്‍ന്ന വലിയ മുളയെടുത്ത് വിദഗ്ദ്ധനെപ്പോലെ അപ്പുറവും ഇപ്പുറവും കുത്തിത്തുടങ്ങി. പാണ്ടി അവന്‍റെ ദിശാബോധത്തിനനുസരിച്ചുകൊണ്ട് നീങ്ങിത്തുടങ്ങി. പക്ഷേ പുഴയും അവളുടെ അധികാരം പാണ്ടിയില്‍ കാണിച്ചു തുടങ്ങി. പുഴയുടെ കാല്‍ ഭാഗം എത്തിയപ്പോള്‍ ഒഴുക്ക് കൂടി. പാണ്ടി ചെറിയാനെ അനുസരിക്കാതെ, ഒഴുക്കിനെ അനുസരിക്കാന്‍ വ്യഗ്രത കാണിച്ചു. വിദഗ്ധനുണ്ടല്ലോ… അവന്‍ ദിവസവും ഇത് കാണുന്നതല്ലേ..എനിക്കെന്തു പേടി.

ഒരു നാലഞ്ചടികൂടി പോയിക്കാണും, അവന്‍ കുത്തുന്ന മുള, മുഴുവന്‍ വെള്ളത്തിനടിയിലേക്ക്‌ കുത്തിയിട്ടും അറ്റം കാണുന്നില്ല. വീണ്ടും കുത്തി നോക്കി. എടാ ഇവിടെ മുളയെക്കള്‍ ആഴത്തിലാണല്ലോ വെള്ളം. എവിടെ കുത്തും. അവന്‍ എന്നെയൊന്നു നോക്കി. നീയല്ലേ ഇതിന്‍റെ മെക്കാനിക്ക്, എന്ന രീതിയില്‍ ഞാന്‍ തിരിച്ചും നോക്കി. എനിക്കെന്തറിയാം... നീ അപ്പുറത്തും ഇപ്പുറത്തും കുത്തി നോക്ക്...

പാണ്ടി ചെറിയാനെ അനുസരിക്കാതെയായി. ഒരു വലിയ വെള്ളത്തിര പാണ്ടിയുടെ മുകളില്‍ക്കൂടി കയറി മറിഞ്ഞു. ഞാന്‍ പെട്ടെന്ന് പാണ്ടിയില്‍ ഇരുന്നു. അടുത്ത തിര എന്‍റെ ട്രൌസറില്‍ കൂടി കയറിപ്പോയി. ഛെ, എന്‍റെ ട്രൌസര്‍ ആകെ നനഞ്ഞല്ലോ..ഇനി ഞാനെങ്ങനെ സ്കൂളില്‍ തിരിച്ചു പോകും. ഞാന്‍ ചാടി എണീറ്റു.

ചെറിയാന്‍, നീളമുള്ള മുളകൊണ്ട് പലയിടത്തും കുത്തി നോക്കുന്നുണ്ടായിരുന്നു. അടുത്തൊന്നും നില കാണുന്നില്ല.

ഞങ്ങള്‍ നാലു പുറവും നോക്കി. അങ്ങ് ദൂരെ മറ്റേ കരയില്‍ നിന്ന് ഒരു തലേക്കെട്ടുകാരന്‍ കൂക്കുകയും ആംഗൃം കാണിക്കുകയും ഒക്കെ ചെയ്യുന്നു. പുഴവെള്ളത്തിന്‍റെ ഇരപ്പു കാരണം ഒന്നും ശരിക്ക് കേള്‍ക്കുന്നില്ല. അയാള്‍ ധൃതിയില്‍ ഇവിടെ കുത്ത്, ഇവിടെ കുത്ത് എന്ന് ആംഗൃം കാണിച്ചു.

അയാള്‍ പറഞ്ഞ സ്ഥലത്ത് പാണ്ടിക്കോലിനു നില കണ്ടു തുടങ്ങി. തുടര്‍ന്നു അയാള്‍ പറഞ്ഞ മാതിരി ഓരോ കുത്തും പാണ്ടിയുടെ ദിശ മെല്ലെ മെല്ലെ മാറ്റിക്കൊണ്ടിരുന്നു.കുത്തനെ താഴേക്കു പോയിരുന്ന പാണ്ടി ചരിഞ്ഞു നീങ്ങാന്‍ തുടങ്ങി.

ഞങ്ങളുടെ ഓരോ നീക്കത്തിനും തടയായി, തുണയായി അയാളും പാണ്ടിക്കൊത്ത് താഴോട്ടു നടന്നു കൊണ്ടേയിരുന്നു. വളരെ ശ്രമപ്പെട്ട്, ഒരു നൂറ്റമ്പതടി താഴെയായി ഞങ്ങള്‍ അക്കരെയണഞ്ഞു.

നിങ്ങളെന്താ കുട്യോളെ, ഈ നെലയില്ലാ വെള്ളത്തില്‍ കാട്ടണത്. ഒരു പതിനഞ്ചടിയും കൂടി താഴെ പോയിരുന്നെങ്കി അറിയായിരുന്നു കഥ..ആ രക്ഷകന്‍ ഞങ്ങളെ ശാസിച്ചു.

നിങ്ങളെവടക്കാ പോണേ.. അയാള്‍ ചോദിച്ചു.
ഞങ്ങള്‍ പറഞ്ഞു..സ്കൂളിന്നു വന്നതാ..
ന്നാ അക്കരെ വിടാം..കേറിക്കൊളിന്‍.
അപ്പോഴേക്കും രണ്ടു മൂന്നു യാത്രക്കാര്‍ കൂടി വന്നു. ഞങ്ങളെ കയറ്റി പാണ്ടി ഇക്കരക്ക് പുറപ്പെട്ടു.
ഇപ്രാവശ്യം പാണ്ടി ഒരു അനുസരണക്കേടും കാണിച്ചില്ല.



ഇക്കരെ എത്തിയ ഞങ്ങള്‍ മെല്ലെ തീരത്ത് കൂടി നടന്നു കയറുമ്പോള്‍ അതാ ഒരു മലമ്പാമ്പ് മുന്‍പില്‍ മട്ട മലച്ചു കിടക്കുന്നു. ഇന്നലത്തെ പെരു വെള്ളപ്പാചിലില്‍ ഒഴുകി വന്നതാണ്.

എന്തൊരു ഫയങ്കര പാമ്പ്,ചത്തതാ...എന്ന് ചെറിയാന്‍..
ഞാന്‍ പറഞ്ഞു...ഫയങ്കര അല്ല, ഭയങ്കര ഭ, , ഭാര്യയിലെ ഭ…
, ഭാര്യയെക്കുറിച്ച് നിനക്ക് നല്ല പരിചയവാ…
ഞങ്ങള്‍ രണ്ടു പേരും ചിരിച്ചു…

ഇതിനെ നമുക്ക് സ്കൂളി കൊണ്ടുപോകാം..

ഞങ്ങള്‍ അതിന്‍റെ വാലില്‍ വള്ളി കുടുക്കി...കെട്ടി വലിക്കാന്‍ തുടങ്ങി….

വഴിപോക്കര്‍ക്കെല്ലാം അതിശയം...ഇതിനെ എവടക്കാ കുട്യോളേ, കൊണ്ടുപോണത്.

സ്കൂളിലെ കുട്യോള്‍ക്ക് കാണിക്കാനാ…

ഇടക്ക് വച്ച്, ഞാന്‍ എന്‍റെ നനഞ്ഞ ട്രൌസറിനെ ഓര്‍ത്തു.. ഈ നനഞ്ഞ ട്രൌസറും കൊണ്ട് എങ്ങനെ ക്ലാസ്സില്‍ പോകും..

ഞങ്ങള്‍ സ്കൂളിന്‍റെ പടിക്കല്‍ എത്തിയതും, കുട്ടികള്‍ പുറകെ കൂടിത്തുടങ്ങി. അയ്യോ...പാമ്പ്...മലമ്പാമ്പ്…

അസംപ്ളി ഗ്രൗണ്ടില്‍ എത്തിയപ്പോഴേക്കും ചുറ്റും കുട്ടികള്‍, ആര്‍പ്പും വിളിയും. ബഹളത്തിനിടയില്‍ ആരോ പോയി ഇതു മാഷോട് പറഞ്ഞു എന്നാ തോന്നുന്നത്…

ഹരിദാസന്‍ മാഷ്‌ ഇറങ്ങി വന്നു…
കുട്യോളെ, ഇതു മലമ്പാമ്പാണല്ലോ..എവിടുന്നു കിട്ടി.

ഞങ്ങള്‍ പറഞ്ഞു...ഇതു പോഴവക്കത്തു ചത്ത്‌ കിടന്നിരുന്നതാ…

എന്തായാലും ഇതിനെ നമുക്ക് കുഴിച്ചിടാം...കുറച്ചു ദിവസം കഴിഞ്ഞാല്‍ ഇതിന്‍റെ അസ്ഥികൂടം പുറത്തെടുത്തു സയന്‍സ് ലാബില്‍ സൂക്ഷിക്കാം..കശേരുകികളെ കുറിച്ചു മനസ്സിലാക്കാന്‍ വളരെ നല്ലതാണ്. ഹരിദാസന്‍ മാഷ്‌ പറഞ്ഞു.

ഞങ്ങളെല്ലാവരും കൂടി ആ പാമ്പിനു ഒരു ആറടി കുഴിവെട്ടി. അദ്ധേഹത്തെ നീട്ടി നിവര്‍ത്തി കിടത്തി, മണ്ണിട്ട്‌ മൂടി. കാട്ടില്‍ കിടന്ന മലമ്പാമ്പിനു സ്കൂളില്‍ ബഹുമതികളോടെ കുഴിമാടം.

എന്തായാലും ഈ ബഹളത്തിനിടയില്‍ എന്‍റെ നനഞ്ഞ ട്രൌസര്‍ ആരും ശ്രദ്ധിച്ചില്ല.. അല്ലെങ്കില്‍ ഞാനും ഈ കുഴിമാടത്തില്‍ ഒളിച്ചിരിക്കേണ്ടി വന്നേനെ...

ആറുമാസം കഴിഞ്ഞു ഞങ്ങള്‍ ആ കുഴിമാടം മെല്ലെ തുറന്നു...പാമ്പിന്‍റെ എല്ലുകള്‍ മാത്രം നീളത്തില്‍ നിരത്തി വച്ചിരിക്കുന്നു. ഞങ്ങള്‍ അതു മെല്ലെ പെറുക്കി അതേ രീതിയില്‍ കമ്പിയില്‍ കോര്‍ത്ത്‌, സ്കൂളിലെ സയന്‍സ് ലാബിന്‍റെ അലങ്കാരമാക്കി.









Wednesday 18 January 2017

രാമകൃഷ്ണന്‍ മാസ്റ്റരുടെ പൂഴിക്കടകനടി









ഇന്ന് ഇന്ദിര ടീച്ചര്‍ ലീവിലാണ്. ഹിന്ദി പീരീഡ്‌ ഒഴിവാണ്. രാമകൃഷ്ണന്‍ മാഷെ വിളിക്കണം. കഴിഞ്ഞ പ്രാവശ്യം പറഞ്ഞു നിറുത്തിയ ഒതേനന്‍റെ കഥ മുഴുമിപ്പിക്കണം.

ഹിന്ദി പീരീഡ്‌ വന്നപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം പറയാന്‍ തുടങ്ങി.. രാമകൃഷ്ണന്‍ മാഷെ വിളിക്കാ..മാഷെ വിളിക്കാ. കറുപ്പന്‍ എന്നെ പിടിച്ചുന്തി..പോയി വേഗം വിളിച്ചോണ്ടുവാ..കുട്ടികള്‍ ബഹളം ഉണ്ടാക്കാണ കേട്ടില്ലേ..ഞാന്‍ ഓടി മാഷെ വിളിക്കാന്‍…

മാഷക്കും ഭാഗ്യത്തിന് ആ പീരീഡ്‌ ഒഴിവായിരുന്നു...അദ്ദേഹം ഉടനെ തന്നെ പുറകെ വന്നു.

മാഷ് ഒരു വശ്യമായ പുഞ്ചിരിയോടെയാണ് ക്ലാസ്സിലേക്ക് കടക്കുക. കുട്ടികള്‍ ഒരു ആരവത്തോടെ മാഷെ വരവേറ്റു.

അപ്പൊ ഏതു കഥയാ കഴിഞ്ഞ പ്രാവശ്യം പറഞ്ഞു നിറുത്തിയത്. മാഷ്‌ വേഗം കാര്യത്തിലേക്ക് കടന്നു. കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു....

ഒതേനന്‍റെ കഥ.

എവിടെയാ നമ്മള്‍ പറഞ്ഞു നിറുത്തിയത്..
കെട്ടോനും കെട്ടോനും ഒരു വഴി..കുട്ടികള്‍ പറഞ്ഞു.

മാഷ്‌ പതുക്കെ കഥയുടെ ചുരുളഴിച്ച്‌ തുടങ്ങി.

അങ്ങനെ ചാപ്പന്‍ കൂടെ നടക്കുമ്പോ ഒതേനനോടു പറഞ്ഞു. ഒതേനാ നാട്ടു മര്യാദകളില്‍ വളരെ പ്രധാനമാണ് ഞാന്‍ ഇപ്പൊ പറയണത്…

കുട്ടികള്‍ ഉഷാറായി…
കെട്ടോനും കെട്ടോനും ഒരു വഴി…
കെട്ടോനും നല്ലോനും രണ്ടു വഴി..
നല്ലോനും നല്ലോനും മൂന്നു വഴി…

ഇതിന്‍റെ അര്‍ത്ഥം മനസ്സിലായ്യോ മാഷ്‌ ചോദിച്ചു… ഇല്ല എന്ന് കുട്ടികള്‍ തലയാട്ടി.

നാട്ടില്‍ വരമ്പത്തു കൂടെ രണ്ടാള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കുമ്പോള്‍, രണ്ടു പേരും മോശം സ്വഭാവക്കരാണെന്നു വച്ചാല്‍, നീ മാറെടാ നീ മാറെടാ എന്ന് വിചാരിച്ച് രണ്ടുപേരും മാറാതെ നില്‍ക്കും. പിന്നെ ഉന്തും തള്ളും വക്കാണവും വരെ ഇതെത്താം…. അപ്പൊ രണ്ടു പേരും മോശക്കരായാല്‍ അവര്‍ക്ക് ഒരു വഴി മാത്രം.

രണ്ടാമത്തെ കൂട്ടരില്‍ ഒരുത്തന്‍ കെട്ടവന്‍...അവന്‍ വഴി മാറാതെ അമ്പട ഞാനേ എന്ന് നടക്കും. പക്ഷേ മറ്റേയാള്‍ സാരമില്ല, ഞാന്‍ മാറാം എന്ന് വിചാരിച്ച്, വഴി ഒന്ന് മാറി നടക്കും…അപ്പൊ രണ്ടു വഴിയായി…..

മൂന്നാമത്തെ കൂട്ടരാകട്ടെ...രണ്ടു പേരും നല്ലവരായതിനാല്‍ പരസ്പരം വഴി മാറിക്കൊടുത്തുകൊണ്ട് നടക്കും. അപ്പോള്‍ അവര്‍ നടക്കുന്ന വഴി മാത്രമല്ല ഇടക്കൊരു വഴി കൂടി ഉണ്ടാകും. അങ്ങനെ മൂന്നു വഴി. ഇതാണ് നല്ലവരായാലത്തെ ഗുണം.

കുട്ടികള്‍ എന്തോ ഒരു ലോജിക്ക് പിടി കിട്ടിയത് പോലെ തലയാട്ടി.

കുട്ടികളോടോത്ത് മാഷ്‌ കഥ തുടര്‍ന്നു. അങ്ങനെ വലിയ ഒരു അങ്കത്തിനൊരുക്കമായി..,അവിടത്തെ നാടു വാഴിയായ ചിണ്ടന്‍ നമ്പ്യാരുമായി. ചിണ്ടന്‍ നമ്പ്യാരുമായുള്ള അങ്ക പുറപ്പാട് അതി ഗംഭീരമാണ്. ഒരുക്കുമാനങ്ങളൊക്കെ അതിന്‍റെ ചാരുതയോടെ നിവര്‍ത്തിയത്തിനു ശേഷം, മാഷ്‌ കഥയുടെ ത്രില്ലറിലേക്ക് കടന്നു. കുട്ടികള്‍ ഒരു ത്രീഡി സിനിമ കാണുന്നത് പോലെ ചാഞ്ഞും ചരിഞ്ഞും ഒഴിഞ്ഞും മാറിയും കഥക്കൊത്ത് മുങ്ങിപ്പൊങ്ങി.

അങ്കം തുടങ്ങി. അവര്‍ കുറേ നേരം വാളും ഉറുമിയും പരിചയുമായി പയറ്റി. ഒതേനന്‍ പതിനെട്ടടവും പയറ്റി നോക്കി. രക്ഷയില്ല…. രണ്ടു പേരും സമാസമം. ഒരാളോന്നെടുത്താ, മറ്റേ ആള് വേറൊന്നെടുക്കും. അങ്ങനെ മണിക്കൂറുകളോളം പയറ്റി...ആരും തോല്‍ക്കുന്ന മട്ടില്ല...

അവസാനം ഒതേനന്‍ ഒരു പുതിയ വിദ്യ എടുക്കാന്‍ തീരുമാനിച്ചു. അത് വളരെ ബുദ്ധിമ്മുട്ടു പിടിച്ച കാര്യാണ്. അതു തെറ്റിയാല്‍ അവനവന്‍ തന്നെ ചെലപ്പോ കുടുങ്ങും. അതാണ്‌ പൂഴിക്കടകനടി….

മാഷ്‌ തുടര്‍ന്നു.. ഒതേനന്‍ മൂന്നു ചുവടു പുറകിലേക്കു വച്ചു. ഒരു ചുവട് ഇടത്തോട്ടും. എന്നിട്ട് വലതു കാല്‍ പൊക്കി. ഒരൊറ്റ അടി, നിലത്തു കിടന്ന മണലില്‍. ഒരു പനപ്രമാണം ഉയരത്തില്‍ പൂഴി അങ്ങനെ പൊങ്ങി…ഒരു വലിയ ചുഴലിക്കാറ്റ് അടിച്ച പോലെ, ആ പരിസരമാകെ പൂഴികൊണ്ട് നിറഞ്ഞു. ആര്‍ക്കും ഒന്നും കാണാന്‍ പറ്റുന്നില്ല. നമ്പ്യാര്‍ക്കും ഒന്നും കാണാന്‍ പറ്റിയില്ല എന്ന് പറയേണ്ടതില്ലല്ലോ...കുറേ നേരം കഴിഞ്ഞു പൂഴിയൊക്കെ കെട്ടടങ്ങിയപ്പോള്‍, ചുറ്റുമുള്ള ആള്‍ക്കാര്‍ ഒരു ഞെട്ടലോടെ നോക്കി...നമ്പ്യാരുടെ തലയറ്റു നിലത്തു കിടക്കുന്നു.

ടിം ടിം ടിം. ടിം...മണി മുഴങ്ങുന്ന ശബ്ദം...കുട്ടികള്‍ പെട്ടെന്ന് സ്വപ്ന ലോകത്തില്‍ നിന്ന് പുറത്തു വന്നു...ഈ കാര്യസ്ഥനു മണി അടിക്കാന്‍ കണ്ട നേരം… കുട്ടികള്‍ ചിണുങ്ങി…

അങ്ങനെ എത്ര വീര ഗാഥകള്‍ കുഞ്ഞു മനസ്സുകളില്‍ കോളിളക്കം സൃഷ്ടിച്ചു. ആ ഓരോ കോളിളക്കത്തിന്‍റെയും അലകള്‍ ഇന്നും നമ്മുടെ മനസ്സുകളില്‍ കുഞ്ഞോളങ്ങളായി തലോടിക്കൊണ്ടിരിക്കുന്നു.


അന്ന്‍, അങ്ങ് വിതച്ച നല്ല ഗുണങ്ങളുടെ വിത്തുകള്‍ പലതും വളര്‍ന്നു, വലുതായി, പന്തലിച്ചു. വരും തലമുറയ്ക്ക് തണലേകി തുടങ്ങി. ഓരോ കിളിയും പാന്ഥനും ആ മരത്തണലില്‍ ഇരുന്നു ചൂടാറ്റുമ്പോള്‍ അങ്ങയെ ഓര്‍ക്കും, ഒരായിരം നന്ദിയോടെ….








Wednesday 11 January 2017

ബാലന്‍ തമ്പാന്‍ മാഷോട് ഒരു കുട്ടിയുടെ ക്ഷമാപണം








അമ്മ സന്ധ്യക്ക്‌ വിളക്ക് കൊളുത്താനോരുങ്ങുകയാണ്. എനിക്കു പെട്ടെന്ന് നെല്ലിക്ക തിന്നാനോരാശ. ഞാന്‍ മുറ്റത്തിറങ്ങി ആലയുടെ മുകളില്‍ ചാഞ്ഞു നില്‍ക്കുന്ന ഉയരത്തിലുള്ള നെല്ലിയിലേക്ക് നോക്കി. ചാഞ്ഞു നില്‍ക്കുന്ന കൊമ്പില്‍ ചെറിയ നെല്ലിക്ക സായം സന്ധ്യയുടെ വിളറിയ വെളിച്ചത്തില്‍ കാണാം. ഞാന്‍ ഉന്നം വച്ചു എറിയുവാന്‍ തുടങ്ങി. ഇതു കണ്ടു കൊണ്ട് അടുത്ത വീട്ടിലെ ചേച്ചി കടന്നു വരുന്നു.

ചേച്ചി: എന്താടാ നെല്ലിക്ക എറിയ്യാ..നിന്‍റെ സ്കൂളില്‍ നിറയെ നെല്ലിക്കയില്ലേ..ഈ തൃസന്ധ്യ നേരത്ത് നീ മരത്തിലിക്ക് കല്ലെറിയ്യാ..

ഞാന്‍: സ്കൂളില്‍ നെല്ലിക്കയുണ്ട്..പക്ഷെ ആ പഹയന്മാര്‍ അവടെ എറിയാന്‍ സമ്മതിക്കില്ല…!!


ഇതു കേട്ടുകൊണ്ട് അമ്മ സമാധിയില്‍ വിളക്ക് വച്ചു മടങ്ങി വരുന്നു.
ഉടനെ അമ്മ ദേഷ്യ ഭാവത്തില്‍ - എന്താടാ നീ പറഞ്ഞത്. പഹയന്മാരെന്നോ..നീ മാഷന്മാരെ ചീത്ത വിളിച്ചുവോ...നിന്നെ പഠിപ്പിക്കുന്ന ഗുരുക്കന്മാരെ ചീത്ത പറഞ്ഞുവോ...

ഞാന്‍: അമ്മേ, ഞാന്‍ അവരെ അല്ല പറഞ്ഞത്..അവിടുത്തെ സ്കൂള്‍ ലീഡറെ ആണ് പറഞ്ഞത്.

അമ്മ: നീ ആരെയാണ് പറ്റിക്കാന്‍ നോക്കണത്. പഹയന്മാര്‍ എന്ന് വിളിച്ചാല്‍ മാഷന്മാരെ അല്ലാതെ ആരെയാ..

ഞാന്‍: അമ്മേ, ഞാന്‍ അറിയാതെ പറഞ്ഞു പോയതാണ്. തെറ്റ് പറ്റി. ഇനി പറയില്ല അമ്മേ, അമ്മ അടിക്കരുത്.


അമ്മ: ഞാന്‍ അടിക്കാനും പിടിക്കാനും ഒന്നും വരില്ല. പക്ഷെ, നീ ആരെയാണോ ചീത്ത വിളിച്ചതു, അവരോടു മാപ്പ് പറഞ്ഞിട്ട് എന്നോടു മിണ്ടിയാല്‍ മതി. നാളെ നീ സ്കൂളില്‍ പോയി മാപ്പ് പറയാതെ വന്നാല്‍ നിന്നെ ഇനി വീട്ടില്‍ കേറ്റില്ല. അതിനു ശേഷം അമ്മ ഒന്നും മിണ്ടിയില്ല.



അന്ന് രാത്രി, എന്‍റെ ചെറിയ ബുദ്ധിയില്‍, ഞാന്‍ ചെയ്ത തെറ്റിനെക്കുറിച്ചും, ഇതിനെ എങ്ങനെ മറികടക്കും എന്നതിനെക്കുറിച്ചും തകൃതിയായ മല്ലയുദ്ധം നടന്നു.

പിറ്റേ ദിവസം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മ ഇന്നലെ പറഞ്ഞ കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. മാപ്പ് പറഞ്ഞില്ലിങ്കില്‍, നീ ഇനി വീട്ടിലേക്കു മടങ്ങി വരണ്ട.


അന്ന് വൈകുന്നേരം വരെ എനിക്കു ക്ലാസ്സില്‍ ഒന്നും തന്നെ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. വൈകുന്നേരം നാലു മണിക്ക് ബെല്ലടിച്ചപ്പോള്‍ ഞാന്‍ എന്തോ ആലോചിച്ചുറച്ചെന്നപോലെ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു. അവിടെ നിറയെ മാഷന്മാരാണ്. ഇവരുടെ മുന്‍പില്‍ എന്‍റെ കഥ അവതരിപ്പിക്കാന്‍ ഒട്ടും പറ്റിയതല്ല. അതുകൊണ്ട് പുറത്തു കൂടെ ഞാന്‍ പതുക്കെ ഹെഡ്മാസ്ടരുടെ അടുത്തുള്ള ജനലിനരികിലേക്ക് നടന്നു. മാഷോട് അടുത്ത് സംസാരിക്കാനുള്ള സാഹചര്യം ഒത്തു വരുമല്ലോ എന്ന് കരുതി.


ഒട്ടും ധൈര്യം വരുന്നില്ല. അവിടെ ചുറ്റിപ്പറ്റി നിന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ മെല്ലെ മെല്ലെ അവരുടെ ഭാണ്ഡം എടുത്തു കല പില കൂട്ടിക്കൊണ്ടു പോകുന്നത് നോക്കി നിന്നു. പതുക്കെ ക്ലസ്സുകളെല്ലാം ശൂന്യമായി. ഹെഡ് മാഷ് ഇപ്പോഴും അദ്ദേഹത്തിന്‍റെ പണിയില്‍ വ്യാപൃതനാണ്. അകത്തു സ്റ്റാഫ്‌ റൂമിലും അടുത്തൊന്നും ആരുമില്ല. ആരൊക്കെയോ വന്നും പോയും ഇരിക്കുന്നു. ഞാന്‍ പതുക്കെ ജനലിനടുത്തേക്ക് നീങ്ങി നിന്നു. അദ്ദേഹം യാദൃശ്ചികമായി തല പൊക്കിയപ്പോള്‍ എന്നെ കണ്ടു. അപ്പോള്‍ സ്വാഭാവികമായുള്ള കുശല പ്രശ്നങ്ങള്‍ തുടങ്ങി. പഠിത്തം എങ്ങനെ നടക്കുന്നു എന്നൊക്കെ. അദ്ദേഹം കരുതിയിരിക്കണം, ഈ കുട്ടി ചെറിയ ക്ലാസ്സിലെ ആരെയോ കാത്തു നില്‍ക്കുകയാണ് എന്ന്.



പതുക്കെ എല്ലാവരും ഒഴിഞ്ഞു. എല്ലാവരും പോയിട്ടും ഞാന്‍ പോകാത്തത് കണ്ട് മാഷ്‌ മെല്ലെ ചോദിച്ചു, വീട്ടില്‍ പോകണ്ടേ..
ഞാന്‍ പറഞ്ഞു എനിക്ക് മാഷോട് ഒരു കാര്യം പറയാനുണ്ട്..
എന്താണ്, അദ്ദേഹം തിരക്കി…
ഞാന്‍ ഇന്നലെ മാഷന്മാരെ മോശക്കാരാണെന്ന് പറഞ്ഞു…
ഉവ്വോ….എന്തിനാ…
അവര്‍ നെല്ലിക്ക എറിയാന്‍ സമ്മതിക്കാത്തത് കൊണ്ട് ചീത്തയാണെന്ന് പറഞ്ഞു.
അതെയോ...ഉം….
അതിനു ഞാന്‍ മാപ്പ് പറയാന്‍ വന്നതാണ്.
അമ്മ, എന്നോടു ഇവിടെ വന്നു മാപ്പ് പറയണം, എന്ന് പറഞ്ഞു...മാപ്പ് തരണം, ഇനി ഞാന്‍ അങ്ങനെ പറയില്ല.


തെല്ലും ഭാവ വ്യത്യാസമില്ലാതെ അദ്ദേഹം തലയാട്ടി. ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു...ശരി സാരമില്ല. ഇനി അങ്ങനെ പറയരുത് ട്ട്വോ…
ഞാന്‍ തലയാട്ടി...നേര്‍ത്ത തണുത്ത കാറ്റ് എന്‍റെ മുഖത്ത് മെല്ലെ തലോടിയത് പോലെ…..സമാധാനമായി...
നമ്ര ശിരസ്ക്നായി ഞാന്‍ അവിടെ നിന്നും ഇറങ്ങി.


വീട്ടില്‍ തിരിച്ചെത്തിയതും...അമ്മ, എന്താടാ മാപ്പു ചോദിച്ചോ..
ഞാന്‍ തലയാട്ടി..
ആരോടാ ചോദിച്ചത്..അമ്മ തെല്ലു സംശയത്തോടെ ചോദിച്ചു.
ഹെഡ്മാഷോട്, ഞാന്‍ നനുത്ത സ്വരത്തില്‍ പറഞ്ഞു.
എന്നിട്ടോ മാഷെന്തു പറഞ്ഞു….
സാരല്ല്യ, ഇനി പറയരുത് എന്ന് പറഞ്ഞു.
അമ്മ അവിശ്വസനീയതയോടെ എന്നെ ഒന്ന് നോക്കി. നീ നുണ പറഞ്ഞാല്‍ ഞാന്‍ കണ്ടു പിടിക്കും. വേണ്ടി വന്നാല്‍ ഞാന്‍ മാഷോട് ചോദിക്കും….
ഞാന്‍ പറഞ്ഞു..ന്നാ ചോദിച്ചോളൂ..
എന്തായാലും ആ വിഷയം അവിടെ കെട്ടടങ്ങി.


പിന്നെ പലപ്പോഴും സ്കൂളില്‍ ഹെഡ് മാഷ്‌ എന്നെ കാണുമ്പോള്‍, പുഞ്ചിരിക്കുന്നുണ്ടോ എന്നൊരു തോന്നല്‍. അതിന്‍റെ പൊരുള്‍ എനിക്കൊട്ടും മനസ്സിലായില്ല. നീ ഒരു വികൃതി ആണല്ലോ എന്നോ മറ്റോ കരുതിയിരിക്കണം. ഞാനും ഒരു ചമ്മിയ ചിരി പാസ്സാക്കും…


ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു കാണും, ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം, ഒരു ദിവസം മാസ്റ്റര്‍ പടി കടന്നു വീട്ടിലേക്കു വരുന്നു. ഞാന്‍ ആകെ അമ്പരന്നു പോയി. ഞാന്‍ അകത്തേക്ക് ഓടി..അമ്മയോട് പറഞ്ഞു..ഹെഡ് മാഷ്‌ വരുന്നു.. അമ്മ ഒന്നും മനസ്സിലാകാതെ പുറത്തേക്കു വന്നു, കണ്ട മാത്രയില്‍ തൊഴുതു കൊണ്ട് പരിഭ്രമാതിശയം കലര്‍ന്ന ശബ്ദത്തില്‍...ഹെഡ് മാഷോ..പൂമുഖത്തേക്ക്‌ ഇരിക്കൂ...
അതെ, ഞാന്‍ ഈ വഴിക്ക് മടങ്ങുമ്പോള്‍ ഇവിടെ ഒന്ന് കയറാം എന്ന് കരുതി.


കുശല പ്രശ്നങ്ങള്‍ക്കിടയില്‍ മാഷ്‌ എന്നെ അന്വേഷിക്കുന്നത് കേട്ടു. മാഷ്‌ പണ്ടത്തെ രവിയുടെ ക്ഷമാപണ കഥ വിവരിക്കുന്നു. അദ്ദേഹത്തിന് വാസ്തവത്തില്‍ വലിയ അതിശയമാണ് തോന്നിയതത്രേ…!!! ഇന്നത്തെ കാലത്ത് ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്ന്. ഈ കഥ അവിടത്തെ പല മാഷന്മാരോടും പങ്കു വച്ചുവത്രേ..


യാത്ര പറഞ്ഞു മാഷ്‌ പോകാന്‍ പുറപ്പെടുമ്പോള്‍ ഞാന്‍ പതുക്കെ പുറത്തു വന്നു. അദ്ദേഹം എന്നെ പുറത്തു തട്ടി, തലയില്‍ ഒന്ന് തലോടി ഒന്ന് ചിരിച്ചു. നന്നായി പഠിക്കുന്നില്ലേ...രവി..?
ഞാന്‍ പകുതി തലയാട്ടി.


പിന്നീട് എപ്പോള്‍ കാണുമ്പോഴും അദ്ദേഹം എന്നെ നോക്കി ചിരിക്കുന്നതിന്‍റെ അര്‍ത്ഥം എനിക്കു പിടികിട്ടി. ആ ചിരി ഇന്നും എന്‍റെ മനസ്സില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു, ഒരു പ്രചോദനം പോലെ.


അങ്ങനെ എത്ര എത്ര കഥകള്‍ അദ്ദേഹത്തിന് ഓര്‍ത്തോര്‍ത്തു ചിരിക്കാനുണ്ടാവും..ചിരിച്ചിട്ടുണ്ടാവും.


അങ്ങ് ദൂരെ ആ നക്ഷത്രങ്ങളില്‍ ഒരാളായി അദ്ദേഹം നമ്മളെ ഒക്കെ നോക്കി ഇതൊക്കെ ഓര്‍ത്ത് കണ്‍ചിമ്മി ചിരിക്കുകയാവും.