Friday 23 November 2018

വിശ്വാസം, അതല്ലേ എല്ലാം..!!




 
പുതുതായി നടക്കാന്‍ പഠിച്ച കാലത്ത്, ഈ ലോകത്തിലെ പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ തുടങ്ങിയ കാലത്ത്, നിങ്ങള്‍ അച്ഛന്‍റെ കൈ എപ്പോഴും പിടിക്കാന്‍ കൊതിച്ചതോര്‍മ്മയുണ്ടോ..?

എന്തിനും ഏതിനും അച്ഛാ കൈ പിടിക്കൂ എന്ന്‍ വിളിച്ചു കൂവിയിരുന്ന കാലം.

ലോകത്തെ എല്ലാ സംശയങ്ങള്‍ക്കും വിഷമങ്ങള്‍ക്കും ഒരേ ഒരു പരിഹാരം അച്ഛനും അമ്മയും ആണ് എന്ന്‍ ഉറച്ചു വിശ്വസിച്ചിരുന്ന കാലം.

വിശ്വാസത്തിന്‍റെ പരിരക്ഷണം എപ്പോഴും കാംക്ഷിച്ചിരുന്ന കാലം.





സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ആ വിശ്വാസം ടീച്ചര്‍മാരിലേക്ക് ആയി.. അവര്‍ ആയി ആ വഴികാട്ടികള്‍.

കോളേജില്‍ എത്തിയപ്പോള്‍ ആ വിശ്വാസം അടുത്ത സുഹൃത്തുക്കളിലേക്ക് മാറി.

പിന്നീട് ജീവിത ആയോധനക്കളരിയില്‍ ആരോടൊക്കെയോ എന്തിനു വേണ്ടിയൊക്കെയോ പട വെട്ടുമ്പോള്‍, അതേ വിശ്വാസം നാം ആരില്‍ നിന്നൊക്കെയോ കാംക്ഷിക്കാന്‍ തുടങ്ങിയില്ലേ?

മാറി മാറി വീശുന്ന വിശ്വാസം...






ഒരിക്കല്‍ യുക്തിവാദിയായ അടുത്ത സുഹൃത്ത്‌, നിങ്ങള്‍ എന്തിനാ എല്ലാ കാര്യത്തിനും വിളക്ക് കൊളുത്തി വയ്ക്കുന്നത് എന്ന്‍ ചോദിച്ചു.

വിളക്ക് അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്കുള്ള, അജ്നാനത്തില്‍ നിന്നും വിജ്ഞാനത്തിലേക്കുള്ള വഴികാട്ടിയുടെ പ്രതീകം ആണല്ലോ എന്നായിരുന്നു ഉത്തരം.

വിശ്വാസം അല്ലേ എല്ലാം...





അപ്പോള്‍ നിങ്ങള്‍ നവവല്‍സരത്തില്‍ വിഷുക്കണി കണ്ടത് കൊണ്ട് നല്ലതേ വരൂ എന്ന്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം വന്നു..


നല്ല സാധനങ്ങള്‍ എന്നും മനസ്സിന് കുളിര്‍മ്മയേകുന്നതല്ലേ?. അത് എന്നും കാണാന്‍ ആഗ്രഹമുണ്ട്, പക്ഷേ, പുതു വര്‍ഷപ്പുലരിയിലെങ്കിലും അത് കണ്ടാസ്വദിക്കാമല്ലോ എന്ന ഉത്തരം വന്നു.…!!!

കൂടെയിരുന്ന അടുത്ത ആളുടെ നര്‍മ്മം ഇത്തരത്തില്‍..
പിന്നെ, നിങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ഇതിന്‍റെ കൂടെ നിങ്ങള്‍ക്കിഷ്ടമുള്ള വസ്തുക്കള്‍ - ചുവന്ന്‍ പട്ട്, ഫുട്ബോള്‍, ചുറ്റിക, രിവാള്‍ - എന്നിവ വയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും കാണാമല്ലോ..

, ഇതൊക്കെ ചുമ്മാതാണെന്നേ… എന്ന മറുപടി കമന്റും ഉടനെ വന്നു…


വിശ്വാസം അല്ലേ എല്ലാം....





പര്‍വതാരോഹകര്‍ക്ക്‍ മഞ്ഞിന്മേലും, കയറിന്മേലും, അവരുടെ മഞ്ഞ് മഴുവിന്മേലും എന്നുവേണ്ട, അവരുടെ സഹ യാത്രികരിലും ഉള്ള അന്ധമായ വിശ്വാസം ശ്രദ്ധിച്ചിട്ടില്ലേ..

അതുകൊണ്ടാണല്ലോ അവര്‍ അജയ്യമായ ഉയരങ്ങള്‍ കീഴടക്കുന്നത്‌....!!

വിശ്വാസം അല്ലേ എല്ലാം..





അതേ സുഹൃദ് വിശ്വാസവും ആത്മവിശ്വാസവും ഉറുമ്പുകള്‍ പുഴ കടക്കുമ്പോള്‍ കാണിക്കുന്നില്ലേ.? 
 
വിശ്വാസം അല്ലേ എല്ലാം..








ഡോക്ടര്‍, ആധി വ്യാധികളില്‍ ഉഴലുന്ന രോഗിയെ സമാശ്വസിപ്പിച്ചു കൊണ്ട്, വിഷമിക്കണ്ട എല്ലാം ശരിയാവും എന്ന്‍ പറയോമ്പോള്‍ രോഗിയുടെ മുഖത്തെ ആശ്വാസം നോക്കൂ.. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള വിശ്വാസം നോക്കൂ..

വിശ്വാസം അല്ലേ എല്ലാം…




 
ഒരു ദിവസം പോലും തെറ്റാതെ ഉദിക്കുന്ന സൂര്യന്‍...





ഒരു ദിവസം പോലും അസ്തമിക്കാന്‍ മറക്കാത്ത സൂര്യന്‍..

നമ്മുടെ ഭൂമിയുടെ എല്ലാ ജീവ ഗതിവിഗതികളും ഈ ഉദയാസ്തമനങ്ങളെ ആശ്രയിച്ചിരിക്കുന്നു.അല്ലേ..

എന്നാല്‍ സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല
മാത്രമല്ല, ഒരിടത്ത് സ്ഥിരമായി നില്‍ക്കുന്ന സൂര്യനെ ഭൂമി നിരന്തരം ഒരേ വേഗത്തില്‍‍ ചുറ്റിക്കൊണ്ടിരിക്കുന്നു എന്ന്‍,  ഭൂമിയെ ബഹിരാകാശത്ത് നിന്ന് കണ്ടവര്‍ പറയുന്നു.

മിഥ്യ സത്യമായോ സത്യം മിഥ്യയായോ തോന്നുന്നു...

വിശ്വാസം അല്ലേ എല്ലാം…





സൂര്യനെ നോക്കി ചെടികള്‍ മോട്ടിടുന്നു..ജീവന്‍റെ ഓരോ കണികയും നാമ്പിടുന്നു...




സൂര്യനെ നോക്കി വിടരുന്നു, പുഷ്പിക്കുന്നു.  വര്‍ണ്ണ ജാലം തീര്‍ക്കുന്നു..





താമസിയാതെ വാടുന്നു, കൊഴിയുന്നു. 

സൂര്യന്‍റെ ദിനചര്യയും, ജീവന്‍റെ ദിനചര്യയും തമ്മില്‍ അഭേദ്യമായ ബന്ധം തോന്നുന്നില്ലേ...?!

ഈ പ്രതീകാത്മക ബന്ധം എല്ലാം നശ്വരമാണ് എന്ന്‍ നമ്മെ സൂര്യന്‍ നിത്യേന ഓര്‍മ്മിപ്പിക്കുന്നത് പോലെ തോന്നുന്നില്ലേ..

വിശ്വാസം അല്ലേ എല്ലാം.... 





എന്നിരിക്കിലും ഭാരതം ഒന്നൊന്നായി ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് തൊടുത്തു കൊണ്ടിരുന്നില്ലേ..
 


ഒന്നിന് പുറകേ മറ്റൊന്നായി ചന്ദ്രനിലേക്കും, ചോവ്വയിലെക്കും, 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഭൂസ്ഥിര ഭ്രമണ പഥത്തിലേക്കും തൊടുത്തു വിട്ടു കൊണ്ടിരുന്നില്ലേ..!!

ഒരു കാലത്ത് ‍റോക്കറ്റ് ,സൈക്കിളില്‍ കൊണ്ട് പോയി തൊടുത്തവരാണ് ഇന്ന് ഈ വെന്നിക്കൊടി പാറിക്കുന്നത് എന്ന്‍ മനസ്സിലാകുമ്പോള്‍ അഭിമാനം തോന്നുന്നില്ലേ…

വിശ്വാസം അല്ലേ എല്ലാം.






എത്ര ചക്രങ്ങള്‍ സമന്വയിച്ച് അനുസ്യൂതം പ്രവര്‍ത്തിച്ചാണ് ഘടികാരം നമുക്ക് അനു നിമിഷം നീങ്ങുന്ന സമയം തെറ്റാതെ കാണിക്കുന്നതെന്ന് ചിന്തിച്ചാല്‍...!!






വിശാലമായ ആകാശത്ത് ലക്ഷക്കണക്കിന്‌ നക്ഷത്രങ്ങള്‍ കാണുമ്പോള്‍ അതിലോരോന്നും തെറ്റാതെ കറങ്ങുന്നത് കൊണ്ടാണ് നമ്മുടെ ജീവിത ഘടികാരം തെറ്റാതെ നടക്കുന്നതെന്ന് ചിന്തിച്ചു പോയാല്‍
അതും ശരിയല്ലേ..

വിശ്വാസം അല്ലേ എല്ലാം.





വിശ്വ വിഖ്യാതനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിംഗ്,  പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പില്‍ ദൈവം ഇടപെടുന്നില്ല എന്ന്‍ സ്ഥാപിക്കാന്‍ എഴുതിയ പുസ്തകത്തിന്‍റെ പേര് തന്നെ "Grand Design” എന്നാണ്.

അതില്‍, ഭൂമിയുടെ അസ്തിത്വത്തിനു വേണ്ട പരിതസ്ഥിതികളെ പ്രതിപാദിക്കുന്നത് വായിച്ചാല്‍ തോന്നും ശരിക്കും ഇത് ഒരു ഗ്രാന്‍ഡ്‌ ഡിസൈന്‍ തന്നെയാണ് എന്ന്‍

ഭൂമിയില്‍ ജീവന്‍റെ കണിക തുടിക്കാന്‍ ഇടയായ ഒരു പ്രധാന ഘടകം അതിന്‍റെ 23.5 ഡിഗ്രീ ചരിവോടെയുള്ള സൂര്യന് ചുറ്റുമുള്ള പ്രയാണം ആണ് എന്നത് ഒരു അതിശയം തന്നെയെന്ന്‍ അദ്ദേഹം പറയുന്നില്ലേ.. 

വിശ്വാസം തന്നെയല്ലേ എല്ലാം….






ഇതെല്ലാം കുറച്ചെങ്കിലും അറിയുന്ന ഒരുവന്‍ ആ അനന്തമജ്ഞാതമവര്‍ണ്ണനീയമായ പ്രപഞ്ചത്തിന് മുന്‍പില്‍  സമര്‍പ്പിക്കാന്‍, എന്‍റെ കൈയ്യില്‍ ഈ ഒരു തുള്ളി ജലം മാത്രമേയുള്ളൂ എന്ന്‍ പറയുന്നത് എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിക്കും പോലെ..

വിശ്വാസം അല്ലേ എല്ലാം...




 
ആ വിശ്വാസത്തിന് മുന്നില്‍ പ്രണാമം... വിശ്വാസം അല്ലേ എല്ലാം 




വിവിധ വിചാരധാരകള്‍ ഒരു മാലയില്‍ എന്നോണം കോര്‍ത്തിണക്കിയ,  നീ ആണ്, അതെ, നിന്നിലുള്ളിലുള്ള ആ നീയാണ്, നീ ആത്യന്തികമായി അറിയേണ്ടത് എന്ന്‍ വിളിച്ചോതുന്ന (തത്ത്വമസി)ഈ സന്നിധാനത്ത് ജന കോടികള്‍ അല മാലകളായി ഒഴുകിയെത്തിയാല്‍...

വിശ്വാസം, അതല്ലേ എല്ലാം….!!






ഇതെല്ലാം മനസ്സിലാക്കി ജീവിത സായാഹ്നത്തില്‍, വീണ്ടും, ഓരോ പിച്ച വയ്ക്കാനുള്ള വിശ്വാസം, പേരക്കുട്ടിയില്‍ നിന്നും തേടുന്ന മുത്തശ്ശന്‍ ‍ ചിന്തിക്കുന്നുണ്ടായിരിക്കാം… എന്തെല്ലാം കണ്ടു കേട്ടു ആസ്വദിച്ചു...ഇതെല്ലാം ചുമ്മാതാണെന്നെ…..!! സന്മനസുള്ളവര്‍ക്ക് സമാധാനം.

വിശ്വാസം അതല്ലേ എല്ലാം..



നമ്മുടെ സുഹൃത്തും ഇത്തരത്തില്‍ ആണ് ഇതെല്ലാം ചുമ്മതാണെന്നെ... എന്ന് ഉദ്ദേശിച്ചതെന്ന് സമാശ്വസിക്കാം..

വിശ്വാസം, അതല്ലേ എല്ലാം….