Friday 23 November 2018

വിശ്വാസം, അതല്ലേ എല്ലാം..!!




 
പുതുതായി നടക്കാന്‍ പഠിച്ച കാലത്ത്, ഈ ലോകത്തിലെ പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ തുടങ്ങിയ കാലത്ത്, നിങ്ങള്‍ അച്ഛന്‍റെ കൈ എപ്പോഴും പിടിക്കാന്‍ കൊതിച്ചതോര്‍മ്മയുണ്ടോ..?

എന്തിനും ഏതിനും അച്ഛാ കൈ പിടിക്കൂ എന്ന്‍ വിളിച്ചു കൂവിയിരുന്ന കാലം.

ലോകത്തെ എല്ലാ സംശയങ്ങള്‍ക്കും വിഷമങ്ങള്‍ക്കും ഒരേ ഒരു പരിഹാരം അച്ഛനും അമ്മയും ആണ് എന്ന്‍ ഉറച്ചു വിശ്വസിച്ചിരുന്ന കാലം.

വിശ്വാസത്തിന്‍റെ പരിരക്ഷണം എപ്പോഴും കാംക്ഷിച്ചിരുന്ന കാലം.





സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ആ വിശ്വാസം ടീച്ചര്‍മാരിലേക്ക് ആയി.. അവര്‍ ആയി ആ വഴികാട്ടികള്‍.

കോളേജില്‍ എത്തിയപ്പോള്‍ ആ വിശ്വാസം അടുത്ത സുഹൃത്തുക്കളിലേക്ക് മാറി.

പിന്നീട് ജീവിത ആയോധനക്കളരിയില്‍ ആരോടൊക്കെയോ എന്തിനു വേണ്ടിയൊക്കെയോ പട വെട്ടുമ്പോള്‍, അതേ വിശ്വാസം നാം ആരില്‍ നിന്നൊക്കെയോ കാംക്ഷിക്കാന്‍ തുടങ്ങിയില്ലേ?

മാറി മാറി വീശുന്ന വിശ്വാസം...






ഒരിക്കല്‍ യുക്തിവാദിയായ അടുത്ത സുഹൃത്ത്‌, നിങ്ങള്‍ എന്തിനാ എല്ലാ കാര്യത്തിനും വിളക്ക് കൊളുത്തി വയ്ക്കുന്നത് എന്ന്‍ ചോദിച്ചു.

വിളക്ക് അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്കുള്ള, അജ്നാനത്തില്‍ നിന്നും വിജ്ഞാനത്തിലേക്കുള്ള വഴികാട്ടിയുടെ പ്രതീകം ആണല്ലോ എന്നായിരുന്നു ഉത്തരം.

വിശ്വാസം അല്ലേ എല്ലാം...





അപ്പോള്‍ നിങ്ങള്‍ നവവല്‍സരത്തില്‍ വിഷുക്കണി കണ്ടത് കൊണ്ട് നല്ലതേ വരൂ എന്ന്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം വന്നു..


നല്ല സാധനങ്ങള്‍ എന്നും മനസ്സിന് കുളിര്‍മ്മയേകുന്നതല്ലേ?. അത് എന്നും കാണാന്‍ ആഗ്രഹമുണ്ട്, പക്ഷേ, പുതു വര്‍ഷപ്പുലരിയിലെങ്കിലും അത് കണ്ടാസ്വദിക്കാമല്ലോ എന്ന ഉത്തരം വന്നു.…!!!

കൂടെയിരുന്ന അടുത്ത ആളുടെ നര്‍മ്മം ഇത്തരത്തില്‍..
പിന്നെ, നിങ്ങള്‍ ഇതില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ഇതിന്‍റെ കൂടെ നിങ്ങള്‍ക്കിഷ്ടമുള്ള വസ്തുക്കള്‍ - ചുവന്ന്‍ പട്ട്, ഫുട്ബോള്‍, ചുറ്റിക, രിവാള്‍ - എന്നിവ വയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും കാണാമല്ലോ..

, ഇതൊക്കെ ചുമ്മാതാണെന്നേ… എന്ന മറുപടി കമന്റും ഉടനെ വന്നു…


വിശ്വാസം അല്ലേ എല്ലാം....





പര്‍വതാരോഹകര്‍ക്ക്‍ മഞ്ഞിന്മേലും, കയറിന്മേലും, അവരുടെ മഞ്ഞ് മഴുവിന്മേലും എന്നുവേണ്ട, അവരുടെ സഹ യാത്രികരിലും ഉള്ള അന്ധമായ വിശ്വാസം ശ്രദ്ധിച്ചിട്ടില്ലേ..

അതുകൊണ്ടാണല്ലോ അവര്‍ അജയ്യമായ ഉയരങ്ങള്‍ കീഴടക്കുന്നത്‌....!!

വിശ്വാസം അല്ലേ എല്ലാം..





അതേ സുഹൃദ് വിശ്വാസവും ആത്മവിശ്വാസവും ഉറുമ്പുകള്‍ പുഴ കടക്കുമ്പോള്‍ കാണിക്കുന്നില്ലേ.? 
 
വിശ്വാസം അല്ലേ എല്ലാം..








ഡോക്ടര്‍, ആധി വ്യാധികളില്‍ ഉഴലുന്ന രോഗിയെ സമാശ്വസിപ്പിച്ചു കൊണ്ട്, വിഷമിക്കണ്ട എല്ലാം ശരിയാവും എന്ന്‍ പറയോമ്പോള്‍ രോഗിയുടെ മുഖത്തെ ആശ്വാസം നോക്കൂ.. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള വിശ്വാസം നോക്കൂ..

വിശ്വാസം അല്ലേ എല്ലാം…




 
ഒരു ദിവസം പോലും തെറ്റാതെ ഉദിക്കുന്ന സൂര്യന്‍...





ഒരു ദിവസം പോലും അസ്തമിക്കാന്‍ മറക്കാത്ത സൂര്യന്‍..

നമ്മുടെ ഭൂമിയുടെ എല്ലാ ജീവ ഗതിവിഗതികളും ഈ ഉദയാസ്തമനങ്ങളെ ആശ്രയിച്ചിരിക്കുന്നു.അല്ലേ..

എന്നാല്‍ സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല
മാത്രമല്ല, ഒരിടത്ത് സ്ഥിരമായി നില്‍ക്കുന്ന സൂര്യനെ ഭൂമി നിരന്തരം ഒരേ വേഗത്തില്‍‍ ചുറ്റിക്കൊണ്ടിരിക്കുന്നു എന്ന്‍,  ഭൂമിയെ ബഹിരാകാശത്ത് നിന്ന് കണ്ടവര്‍ പറയുന്നു.

മിഥ്യ സത്യമായോ സത്യം മിഥ്യയായോ തോന്നുന്നു...

വിശ്വാസം അല്ലേ എല്ലാം…





സൂര്യനെ നോക്കി ചെടികള്‍ മോട്ടിടുന്നു..ജീവന്‍റെ ഓരോ കണികയും നാമ്പിടുന്നു...




സൂര്യനെ നോക്കി വിടരുന്നു, പുഷ്പിക്കുന്നു.  വര്‍ണ്ണ ജാലം തീര്‍ക്കുന്നു..





താമസിയാതെ വാടുന്നു, കൊഴിയുന്നു. 

സൂര്യന്‍റെ ദിനചര്യയും, ജീവന്‍റെ ദിനചര്യയും തമ്മില്‍ അഭേദ്യമായ ബന്ധം തോന്നുന്നില്ലേ...?!

ഈ പ്രതീകാത്മക ബന്ധം എല്ലാം നശ്വരമാണ് എന്ന്‍ നമ്മെ സൂര്യന്‍ നിത്യേന ഓര്‍മ്മിപ്പിക്കുന്നത് പോലെ തോന്നുന്നില്ലേ..

വിശ്വാസം അല്ലേ എല്ലാം.... 





എന്നിരിക്കിലും ഭാരതം ഒന്നൊന്നായി ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് തൊടുത്തു കൊണ്ടിരുന്നില്ലേ..
 


ഒന്നിന് പുറകേ മറ്റൊന്നായി ചന്ദ്രനിലേക്കും, ചോവ്വയിലെക്കും, 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഭൂസ്ഥിര ഭ്രമണ പഥത്തിലേക്കും തൊടുത്തു വിട്ടു കൊണ്ടിരുന്നില്ലേ..!!

ഒരു കാലത്ത് ‍റോക്കറ്റ് ,സൈക്കിളില്‍ കൊണ്ട് പോയി തൊടുത്തവരാണ് ഇന്ന് ഈ വെന്നിക്കൊടി പാറിക്കുന്നത് എന്ന്‍ മനസ്സിലാകുമ്പോള്‍ അഭിമാനം തോന്നുന്നില്ലേ…

വിശ്വാസം അല്ലേ എല്ലാം.






എത്ര ചക്രങ്ങള്‍ സമന്വയിച്ച് അനുസ്യൂതം പ്രവര്‍ത്തിച്ചാണ് ഘടികാരം നമുക്ക് അനു നിമിഷം നീങ്ങുന്ന സമയം തെറ്റാതെ കാണിക്കുന്നതെന്ന് ചിന്തിച്ചാല്‍...!!






വിശാലമായ ആകാശത്ത് ലക്ഷക്കണക്കിന്‌ നക്ഷത്രങ്ങള്‍ കാണുമ്പോള്‍ അതിലോരോന്നും തെറ്റാതെ കറങ്ങുന്നത് കൊണ്ടാണ് നമ്മുടെ ജീവിത ഘടികാരം തെറ്റാതെ നടക്കുന്നതെന്ന് ചിന്തിച്ചു പോയാല്‍
അതും ശരിയല്ലേ..

വിശ്വാസം അല്ലേ എല്ലാം.





വിശ്വ വിഖ്യാതനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിംഗ്,  പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പില്‍ ദൈവം ഇടപെടുന്നില്ല എന്ന്‍ സ്ഥാപിക്കാന്‍ എഴുതിയ പുസ്തകത്തിന്‍റെ പേര് തന്നെ "Grand Design” എന്നാണ്.

അതില്‍, ഭൂമിയുടെ അസ്തിത്വത്തിനു വേണ്ട പരിതസ്ഥിതികളെ പ്രതിപാദിക്കുന്നത് വായിച്ചാല്‍ തോന്നും ശരിക്കും ഇത് ഒരു ഗ്രാന്‍ഡ്‌ ഡിസൈന്‍ തന്നെയാണ് എന്ന്‍

ഭൂമിയില്‍ ജീവന്‍റെ കണിക തുടിക്കാന്‍ ഇടയായ ഒരു പ്രധാന ഘടകം അതിന്‍റെ 23.5 ഡിഗ്രീ ചരിവോടെയുള്ള സൂര്യന് ചുറ്റുമുള്ള പ്രയാണം ആണ് എന്നത് ഒരു അതിശയം തന്നെയെന്ന്‍ അദ്ദേഹം പറയുന്നില്ലേ.. 

വിശ്വാസം തന്നെയല്ലേ എല്ലാം….






ഇതെല്ലാം കുറച്ചെങ്കിലും അറിയുന്ന ഒരുവന്‍ ആ അനന്തമജ്ഞാതമവര്‍ണ്ണനീയമായ പ്രപഞ്ചത്തിന് മുന്‍പില്‍  സമര്‍പ്പിക്കാന്‍, എന്‍റെ കൈയ്യില്‍ ഈ ഒരു തുള്ളി ജലം മാത്രമേയുള്ളൂ എന്ന്‍ പറയുന്നത് എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിക്കും പോലെ..

വിശ്വാസം അല്ലേ എല്ലാം...




 
ആ വിശ്വാസത്തിന് മുന്നില്‍ പ്രണാമം... വിശ്വാസം അല്ലേ എല്ലാം 




വിവിധ വിചാരധാരകള്‍ ഒരു മാലയില്‍ എന്നോണം കോര്‍ത്തിണക്കിയ,  നീ ആണ്, അതെ, നിന്നിലുള്ളിലുള്ള ആ നീയാണ്, നീ ആത്യന്തികമായി അറിയേണ്ടത് എന്ന്‍ വിളിച്ചോതുന്ന (തത്ത്വമസി)ഈ സന്നിധാനത്ത് ജന കോടികള്‍ അല മാലകളായി ഒഴുകിയെത്തിയാല്‍...

വിശ്വാസം, അതല്ലേ എല്ലാം….!!






ഇതെല്ലാം മനസ്സിലാക്കി ജീവിത സായാഹ്നത്തില്‍, വീണ്ടും, ഓരോ പിച്ച വയ്ക്കാനുള്ള വിശ്വാസം, പേരക്കുട്ടിയില്‍ നിന്നും തേടുന്ന മുത്തശ്ശന്‍ ‍ ചിന്തിക്കുന്നുണ്ടായിരിക്കാം… എന്തെല്ലാം കണ്ടു കേട്ടു ആസ്വദിച്ചു...ഇതെല്ലാം ചുമ്മാതാണെന്നെ…..!! സന്മനസുള്ളവര്‍ക്ക് സമാധാനം.

വിശ്വാസം അതല്ലേ എല്ലാം..



നമ്മുടെ സുഹൃത്തും ഇത്തരത്തില്‍ ആണ് ഇതെല്ലാം ചുമ്മതാണെന്നെ... എന്ന് ഉദ്ദേശിച്ചതെന്ന് സമാശ്വസിക്കാം..

വിശ്വാസം, അതല്ലേ എല്ലാം….










































Saturday 20 October 2018

ഏ തമ്പി....ഉങ്കിട്ടെ ഇരിക്കാ....!!!





ഗോപാല്‍ ഒരു ബാങ്കര്‍ ആണ്. യൂണിയന്‍ ബാങ്കിലാണ് ജോലി. അയാളുടെ ആത്മാര്‍ഥമായ ജോലിയുടെ അംഗീകാരമായി പ്രൊമോഷനോടു കൂടി ഒരു ചെറിയ ഡെപ്യൂട്ടേഷനും കിട്ടി, സാന്‍ ഹൂസേയിലേക്ക്.

ഓര്‍ഡര്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഗോപാലിന് വിശ്വസിക്കാന്‍ പ്രയാസം. എവിടെയാണപ്പാ ഈ സാന്‍ ജോസ്. ഓര്‍ഡറില്‍ San Jose എന്നാണ് എഴുതിയിരിക്കുന്നത്. അവന്‍ വേഗം ഗൂഗിളില്‍ തിരഞ്ഞു നോക്കി.

അമേരിക്കയിലെ പുതിയ ആവിഷ്കാരങ്ങളുടെ കേന്ദ്രമായ ലോക പ്രശസ്ത സിലിക്കോണ്‍ വാലിയുടെ ഹൃദയ ഭാഗത്താണ് സാന്‍ ഹൂസേ. San Jose എന്ന് ഇംഗ്ലീഷില്‍ എഴുതുമെങ്കിലും സ്പാനിഷില്‍‍ സാന്‍ ഹൂസേ എന്നാണ് പറയുന്നത്. കോസ്റ്റാറിക്കയില്‍ നിന്നും വന്ന സ്പാനിഷ്കാര്‍ അവരുടെ നാട്ടിലെ സെയിന്‍റ് ജൊസെഫ് (San Jose ) എന്ന പേര് തന്നെ ഈ സ്ഥലത്തിനും ഇട്ടുവത്രേ.

അവന്‍ ഗൂഗിളില്‍ അതിശയത്തോടെ വായിച്ചു.

സിലിക്കോണ്‍ വാലി എന്നാല്‍ ലോകത്തെ തന്നെ മുഴുവന്‍ വിരല്‍ത്തുമ്പില്‍ കറക്കുന്ന ടെക്നോളജി കമ്പനികളുടെ ആസ്ഥാനം.

ഗോപാലിന് വിശ്വാസം വരുന്നില്ല.

ഗൂഗിളിന്‍റെ , ഫെയിസ് ബുക്കിന്‍റെ, ആപ്പിളിന്‍റെ, അഡോബിയുടെ, സിസ്കോയുടെ എന്നിങ്ങനെ പല പല അന്താരാഷ്ട്ര ഭീമന്‍മാരുടെയും ആസ്ഥാനങ്ങള്‍ ഗൂഗിള്‍ കണ്ണു കൊണ്ടും, മനക്കണ്ണ്‍ കൊണ്ടും അവന്‍ അങ്ങനെ ആസ്വദിച്ചു.

ഇതിനിടെ ടിക്കറ്റ് ബുക്ക്‌ ചെയ്യാന്‍ ഏജെന്റിന്‍റെ ഫോണ്‍ വന്നു. അയാള്‍ ചോദിക്കുകയാണ്, താങ്കള്‍ പെസഫിക് സമുദ്രത്തിന് മുകളിലൂടെയോ, അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയോ പോകാന്‍ ആഗ്രഹിക്കുന്നത് എന്ന്‍.

ഓഹോ...അങ്ങനെയുമുണ്ടോ. അപ്പോള്‍ എങ്ങനെ പോയാലും അവിടെയെത്തുമല്ലേ. ഭൂമി ഉരുണ്ടതാണല്ലോ അല്ലേ..

പക്ഷെ ഗോപാലിന് ഒരു ഉത്തരവുമില്ല. എല്ലാം കൂടി മുന്നില്‍ ഉരുണ്ടു കൂടിയതായി തോന്നുന്നു.

ഗോപാല്‍ അറ്റ്ലാന്റിക്കിനു മുകളിലൂടെയാണ് പറന്നത്. അതും
നെതെര്‍ലാണ്ട്സിന്‍റെ ആസ്ഥാനമായ ആംസ്റ്റര്‍ഡാമിലൂടെ.

അവിടെ വിമാനം താഴ്ന്നു പറക്കുമ്പോള്‍ എന്തൊരു ഭംഗിയാണ് താഴെ കാണാന്‍. നിറയെ തലങ്ങും വിലങ്ങും കനാലുകള്‍. ആ കനാലുകളില്‍ നിറയെ വള്ളങ്ങള്‍, ബോട്ടുകള്‍, പച്ചക്കറി കച്ചവടം. നമ്മുടെ ആലപ്പുഴ പോലെ...!!

അവിടം സമുദ്ര നിരപ്പില്‍ നിന്നും താഴെകിടക്കുന്ന സ്ഥലമായത് കൊണ്ട് കനാലുകള്‍ കീറിയാണത്രേ ഭൂമിയില്‍ വെള്ളം കയറാതെ നിറുത്തുന്നത്.

അവിടെ എല്ലാ കാപ്പിക്കടയിലും മരിജുവാനയും കഞ്ചാവും ഒക്കെ സുലഭമായി കിട്ടുമത്രേ. എയര്‍പോര്‍ട്ടില്‍ ഒന്ന് രണ്ടു കാപ്പിക്കടയില്‍ ചോദിച്ചെങ്കിലും അതൊന്നും കിട്ടിയില്ല.

എയര്‍പ്പോര്‍ട്ടില്‍ മൂത്രമൊഴിക്കുമ്പോള്‍ ഗോപാല്‍ ഒന്ന് ശ്രദ്ധിച്ചു. മൂത്രമൊഴിക്കുന്ന സ്ലാബില്‍ ഒരു ഈച്ച. അവന്‍ ആ ഈച്ചക്ക് മുകളില്‍ അവന്‍റെ ശരം തൊടുത്തു. ഈച്ചക്ക് ഒരനക്കവുമില്ല. പിന്നെ മനസ്സിലായി, അത് ഈച്ചയുടെ ചിത്രമാണ് എന്ന്. അത്ര ജീവസ്സുറ്റ ചിത്രം...!!

ഗോപാല്‍ ചുറ്റും ശ്രദ്ധിച്ചു. എല്ലാ മൂത്ര സ്ലാബുകളിലും ഒരു ഈച്ചയുടെ ചിത്രം. ഒരു പക്ഷെ ഈച്ചകള്‍ ഇല്ലാത്തതിന്‍റെ വിഷമമായിരിക്കാം. ഇവിടെ വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ഈ വിചിത്ര ജീവിയെ അവര്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ വേണ്ടിയായിരിക്കും ഒരു തന്ത്ര പ്രധാന സ്ഥലത്ത് ഈ ചിത്രപ്പണി ചെയ്തിരിക്കുന്നത്...!!

ഞെങ്ങടെ നാട്ടില്‍ വരൂ, ഞങ്ങള്‍ ഈ ജീവിയെ പല വളങ്ങളും ഊട്ടി ധാരാളം വളര്‍ത്തുന്നുണ്ട്. വേണമെങ്കില്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ പെട്ടിയില്‍ ഒരു അഞ്ചാറെണ്ണത്തിനെ ഇവിടെ കൊണ്ടുവന്ന് വിട്ടിട്ടു പോകാം. ഗോപാലിന്‍റെ ചുണ്ടില്‍ ചെറിയ കുസൃതിച്ചിരി പൊടിഞ്ഞു.

ഇനി ന്യൂയോര്‍ക്കിലേക്ക്..
ന്യൂയോര്‍ക്കിലെ JFK എയര്‍പോര്‍ട്ട് കണ്ട് ഗോപാല്‍ അന്തം വിട്ടു. എത്ര ടെര്‍മിനലുകളാണ് അവിടെ എന്നൊരു പിടുത്തവുമില്ല. പ്ലെയ്നുകള്‍ നമ്മുടെ കെ. എസ്. ആര്‍.‍ ടി. സി സ്റ്റാന്‍ഡില്‍ വണ്ടി ഇട്ടിരിക്കുന്നത് പോലെ തലങ്ങും വിലങ്ങും ഇട്ടിരിക്കുന്നു.

അങ്ങോട്ടും ഇങ്ങോട്ടും ആള്‍ക്കാര്‍ ഒഴുകുകയാണ്. ഒരു പൂരത്തിന്‍റെ തിരക്ക്.

ചില ടെര്‍മിനലുകളിലെത്താന്‍ ട്രാമില്‍ പോകണം. ചിലയിടങ്ങളില്‍ തലയ്ക്ക് മുകളിലൂടെയാണ് ട്രാമിന്‍റെ യാത്ര.

വലിയ ഡിസ്പ്ലേ പാനലുകളില്‍ കട്..കട്..കട്.. എന്ന് വണ്ടികളുടെ സമയ വിവരം തളിഞ്ഞും മാഞ്ഞും. ആകപ്പാടെ ഒരു കൊച്ചു ടൌണ്‍ അതിനകത്തു തന്നെ.

ഈ എയര്‍പോര്‍ട്ട് കണ്ട് ഗോപാലിന് ടോം ഹാങ്ക്സിന്‍റെ വളരെ പ്രസിദ്ധമായ ദി ടെര്‍മിനല്‍ എന്ന ചിത്രമാണ് ഓര്‍മ്മ വന്നത്. ലോക പ്രശസ്ത ഡയറക്ടര്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായ ദി ടെര്‍മിനലില്‍, വിക്ടര്‍ നവോര്‍സ്കി എന്ന കഥാപാത്രം മാസങ്ങളോളം കുടുങ്ങിപ്പോകുന്ന കഥ. അങ്ങനെ എങ്ങാന്‍ ഇവിടെ കുടുങ്ങിപ്പോയാല്‍..!!

ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ ഹൂസേയിലേക്കുള്ള യാത്ര രസകരമായിരുന്നു. ചെറിയ 50 സീറ്റര്‍ പ്ലെയിന്‍. സുന്ദരികളായ എയര്‍ ഹോസ്റ്റസ്സുമാര്‍. വിന്‍ഡോ സീറ്റ്. നല്ല ആഹാരം. എല്ലാവരും തമ്മില്‍ തമ്മില്‍ സൊറ പറയുന്നു, ചിരിക്കുന്നു. ഗോപാലും ആ വിശാല കുടുംബത്തിലെ ഒരംഗം.

അധികം ഉയരത്തില്‍ പറക്കാത്തത് കൊണ്ട് താഴെ ഭൂപ്രകൃതി നന്നായി കാണാം. മലകളും, കാടുകളും, പുഴകളും പട്ടണങ്ങളും ഒരു വലിയ കാന്‍വാസില്‍ എന്ന പോലെ ഒന്നൊന്നായി തെളിഞ്ഞു മാഞ്ഞു. എന്ത് ഭംഗിയാ മുകളില്‍ നിന്ന് കാണാന്‍.

പെട്ടെന്ന് കുറേ മഞ്ഞു മലകള്‍ പ്രത്യക്ഷപ്പെട്ടു. മലകള്‍ മടക്കു മടക്കായി മഞ്ഞു മൂടിക്കിടക്കുന്നത് മുകളില്‍ നിന്ന് കാണാന്‍ എന്ത് രസമാണെന്നോ. റോക്കി പര്‍വത നിരകളാണത്രേ ആ കാണുന്നത്. പണ്ട് സാമൂഹ്യ പാഠത്തില്‍ പഠിച്ച അമേരിക്കയിലെ അതേ റോക്കി പര്‍വത നിരകള്‍….!!

സാന്‍ ഹൂസേയിലെ എയര്‍പോര്‍ട്ട് വിചാരിച്ചതിലും വളരെ ചെറുതാണ്. അവിടെ നിന്ന് നേരത്തേ ബുക്ക്‌ ചെയ്തിരുന്ന എക്സ്റ്റന്‍ഡഡ് ഹോം എന്ന ഹോട്ടലിലേക്ക് അവന്‍ കാറില്‍ കയറി.

എക്സ്റ്റന്‍ഡഡ് ഹോം നീണ്ട താമസത്തിന് പറ്റിയതാണ്. കൊച്ചു അടുക്കളയും പാത്രങ്ങളും, ഫ്രിഡ്ജും ഒക്കെയുണ്ട്. കുറച്ചു ദിവസം താമസിക്കണമല്ലോ.

ആദ്യം ബാങ്കിന്‍റെ അഡ്രസ്സ് അന്വേഷിച്ചു കണ്ടുപിടിച്ചു. അധികം ദൂരമില്ല, നടക്കാവുന്നതേയുള്ളൂ.

അന്ന്‍ വൈകുന്നേരത്തെ ആഹാരം അവന്‍ മക് ഡോണാള്‍ഡില്‍ നിന്നും ഒപ്പിച്ചു. മക്ടി ബര്‍ഗര്‍. പക്ഷെ ഇതുകൊണ്ട് ജീവിതം മുന്നോട്ട് പോകില്ലല്ലോ. അടുപ്പെരിഞ്ഞില്ലെങ്കില്‍ പട്ടിണി ആകും.

പിറ്റേ ദിവസം രാവിലെത്തന്നെ ബാങ്കിലേക്ക് നടന്നു. റോട്ടിലൂടെ നടക്കുന്നവര്‍ വളരെ ചുരുക്കം. പക്ഷെ ചെറു തണുപ്പുള്ള പ്രഭാതത്തില്‍ നടക്കാന്‍ നല്ല രസം.

വഴി നീളെ തണല്‍ മരങ്ങള്‍. മരത്തിനു താഴെ മരച്ചീളുകള്‍ കൊണ്ട് മണ്ണ് മൂടിയിരിക്കുന്നു. വഴിയെല്ലാം ഇഷ്ടിക പാകിയിരിക്കുന്നു. ബാക്കിഭാഗം പുല്ല് വച്ചു പിടിപ്പിച്ചിരിക്കുന്നു. എങ്ങും ഒരു തരി മണ്ണ് കാണാനേയില്ല.

പ്രതീക്ഷിച്ചതിന് വിപരീതമായി അവിടത്തെ കെട്ടിടങ്ങള്‍ ആറേഴു നിലകളേ ഉള്ളൂ. എല്ലായിടത്തും പരന്നു കിടക്കുന്ന കെട്ടിട സമൂഹം.

പിന്നീടാണ് മനസ്സിലായത്, അവിടമെല്ലാം ഭൂകമ്പത്തിനു സാധ്യതയുള്ള പ്രദേശമാണ്, അതുകൊണ്ട് അംബര ചുംബികള്‍ നിര്‍മ്മിക്കാറില്ല.

ആദ്യ ദിവസം ബാങ്കില്‍ പുതിയ കാര്യങ്ങള്‍ അറിയുന്ന തിരക്ക്, സമയം പോയതേ അറിഞ്ഞില്ല.

പിറ്റേ ദിവസം സഹ പ്രവര്‍ത്തകരോട്, മറക്കാതെ ഇന്ത്യന്‍ പലചരക്ക് കിട്ടുന്ന സ്ഥലത്തെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കി.

അത് വാങ്ങാന്‍ കുറേ ദൂരം ട്രാമില്‍ പോകണം. അവിടത്തെ ട്രാം നാല് ബോഗിയുള്ള ഒരു കൊച്ചു ട്രെയിന്‍. അത് അധിക സമയവും റോഡിന് സൈഡില്‍ കൂടിയാണ് യാത്ര. ചിലപ്പോള്‍ റോഡ്‌ മുറിച്ചു കടക്കും, ടിം ടിം ടിം എന്ന് മണി അടിച്ചുകൊണ്ട്….!!!.

വൈകുന്നേരം ഗോപാല്‍ ഇന്ത്യന്‍ സ്റ്റോറില്‍ എത്തി. ആഹാ, അവിടത്തെ സാധനങ്ങള്‍ കണ്ട് അവന് ശ്വാസം വീണു. ഇനി ഇപ്പൊ ജീവിക്കാനുള്ള വകയൊക്കെ ഇവിടെയുണ്ട്.

അവിടത്തെ കാഷ്യര്‍ തരുണിയും മിടുക്കിയാണ്. ഇനി ഇവിടെ ഇടക്കിടക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നതില്‍ തെറ്റില്ല.

അവന്‍ ആവേശത്തോടെ പലതും വാങ്ങിക്കൂട്ടി. കൂടെ കുക്കറും.

ഈ മക്ക്ഡി ബര്‍ഗറുമായി എത്രകാലം ജീവിക്കും. രണ്ടു ദിവസമായി അരിയാഹാരം കഴിച്ചിട്ട്…. നല്ല തൈര് കൂട്ടി കുഴച്ചടിച്ചിട്ട്….

പൊങ്ങാത്തത്ര ചുമടുമായി അവന്‍ ട്രാമില്‍ തിരിച്ചു മടങ്ങി. വണ്ടിയിറങ്ങിയപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. സ്റ്റേഷനില്‍ ചുരുക്കം ചിലര്‍ മാത്രം. അതുപോലെ തന്നെ റോഡും.

റൂമില്‍ എത്തിയപ്പോള്‍ ആണ് സമാധാനമായാത്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബാങ്കില്‍ പണിയെടുക്കുന്ന മുരുകനും കൂടെ താമസിക്കാന്‍ വന്നു. മുരുകന്‍ കോയമ്പത്തൂര്‍കാരന്‍ തമിഴന്‍ ആണ്.

മുരുകന് മലയാളം കൊഞ്ചം കൊഞ്ചം തെരിയും. ഗോപാലിന് തമിഴും അപ്പടി താന്‍.

അവര്‍ രണ്ടുപേരും അപ്പടിയും ഇപ്പടിയും പേശി. അടുക്കളയില്‍ പല വിഭവങ്ങളും രൂപപ്പെട്ടു.

ഒരു ദിവസം രാത്രി അടുത്ത റൂമില്‍ ആകെ ജഗ പൊഗ. ഇടക്കിടക്ക് വാതില്‍ തുറക്കുന്നതും അടയ്ക്കുന്നതും ആയ ശബ്ദം. ഗോപാലും മുരുകനും പതുക്കെ വാതില്‍ തുറന്നു നോക്കി. അവിടെ ഇടക്കിടയ്ക്ക് വലിയ സുന്ദരന്മാരും സുന്ദരികളും വരുന്നു പോകുന്നു. വല്ല പാര്‍ട്ടിയും നടക്കുകയായിരിക്കും….!!

അര്‍ദ്ധരാത്രി, ഏകദേശം ഒരു മണിയ്ക്ക് മുറിയില്‍ വലിയ ശബ്ദത്തിലുള്ള അലാറം മുഴങ്ങുന്നത് കേട്ട് ഇരുവരും ഞെട്ടിയുണര്‍ന്നു. ഒരു കടും മഞ്ഞ ലൈറ്റ് കത്തിക്കൊണ്ട് വളരെ ഉച്ചത്തില്‍ ഫയര്‍ അലാറം അടിക്കുകയാണ്. വാതില്‍ തുറന്നപ്പോള്‍ വരാന്തയില്‍ നിന്നും, മറ്റു പലയിടത്തു നിന്നും ചെകിടടപ്പിക്കുന്ന ശബ്ദവും, വെളിച്ചവും. എന്തോ അപായ സൂചനയാണ്. എല്ലാവരും അവരവരുടെ മുറികളില്‍ നന്ന് ധൃതിയില്‍ പുറത്തിറങ്ങി.

എല്ലാവരും ഹോട്ടലിനു മുന്നില്‍ തടിച്ചുകൂടി. എവിടന്നാണ് തീയും പുകയും വരുന്നത്…‍ ആര്‍ക്കും ഒരു പിടുത്തവുമില്ല..

മിക്കവരും അവരുടെ കിടപ്പ് വേഷങ്ങളില്‍ ആണ്...

നിമിഷങ്ങള്‍ക്കകം ഫയര്‍ എഞ്ചിന്‍ സീല്‍ക്കാരം മുഴക്കിക്കൊണ്ട് വന്നു. ഫയര്‍മാന്‍മാര്‍ എവിടെ നിന്നാണ് തീയോ പുകയോ കണ്ടത് എന്ന തിരച്ചില്‍ തുടങ്ങി.

അവസാനം ഞങ്ങളുടെ എതിര്‍ വശത്തുള്ള മുറിയില്‍ നിന്നും എന്തോ ചുടുകയോ, സിഗരറ്റ് വലിക്കുകയോ ചെയ്തതായിരിക്കാം… എന്തായാലും ആളെ തിരിച്ചറിഞ്ഞു.

അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് കണ്ട് മുരുകന്‍ ഒരു വേവലാതിയോടെ ചോദിച്ചു, അവര്‍ അവനെ എന്ന ശെയ്യുവോ….?

ഗോപാല്‍ പറഞ്ഞു അവനെ...അവര്‍ ഞെക്കിപ്പഴുപ്പിക്കും…..!!

നേരം മൂന്ന്‍ മണിയായി, വാ നമുക്ക് പോയി കിടന്നുറങ്ങാം.

അടുത്ത ആഴ്ച അവര്‍ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാന്‍ഫ്രാന്‍സിസ്കോ കാണാന്‍ തീരുമാനിച്ചു. സാന്‍ ഹൂസേയില്‍ നിന്ന് ഒരു മണിക്കൂര്‍ ട്രെയിനില്‍ പോകണം.

അവിടത്തെ ഡൌണ്‍ടൌണ്‍ പസഫിക് സമുദ്രത്തോട്‌ ചേര്‍ന്ന്‍ കിടക്കുന്ന ഒരു കുന്നിന്‍ ചരിവിലാണ്. അംബര ചുംബികളായ കെട്ടിടങ്ങള്‍ റോഡിനിരുവശവും. പട്ടണം ചരിഞ്ഞിറങ്ങി വരുന്നത് സമുദ്രത്തിലേക്ക്.

ആ ചരിഞ്ഞ നിരത്തിലൂടെ ചെറിയ ട്രാമില്‍ പോകാം. അതങ്ങനെ ഇറക്കം ഇറങ്ങി വരുമ്പോള്‍ യാത്രക്കാര്‍ ആര്‍ത്തുവിളിക്കും.

നീല നിറത്തിലുള്ള സമുദ്രത്തില്‍ വെള്ളത്താറാവുകളെപ്പോലെ അല്ല അരയന്നങ്ങളെപ്പോലെ ബോട്ടുകള്‍ എമ്പാടും ചിതറിക്കിടക്കുന്നു.
സമുദ്രക്കരയില്‍ ഓരോ പിയറിനും‍ (കടവ്) ഓരോ പ്രത്യേകതയാണ്. ഇത് 1800 കളില്‍ ഉണ്ടാക്കിയ ചെമ്മീന്‍ കടയാണ്, ഇത് ലോകത്തിലെ ഏറ്റവും വിശിഷ്ട മീന്‍ കറി കിട്ടുന്ന സ്ഥലമാണ് എന്നൊക്കെ. ഓരോ മാര്‍ക്കറ്റിനു ചുറ്റും നിറയെ യാത്രക്കാര്‍ ഓരോ വിഭവങ്ങളും രുചിച്ചുകൊണ്ട്.

മുരുകനും ഗോപാലും അവിടം ഒക്കെ ചുറ്റി നടന്നു.

കൂടുതല്‍ ചുറ്റിക്കാണാന്‍ നേരത്തേ ബുക്ക്‌ ചെയ്തിരുന്ന ട്രാവല്‍സ് ബസ്സില്‍ കയറി. ഓരോ സ്ഥലവും വിവരിച്ചുകൊണ്ട് ബസ്സ്‌ കുന്നിന്‍ മുകളിലേയ്ക്ക് കയറി.

അതിനിടയില്‍ ഇടതു ഭാഗത്തേയ്ക്ക് ചൂണ്ടിക്കൊണ്ട് ബസ്സിന്‍റെ ഡ്രൈവര്‍ 'be care full, this is LGBT majority district’ എന്ന്‍ പറഞ്ഞു. എല്ലാവരും അതിശയത്തോടെയും ചെറു പുഞ്ചിരിയോടെയും അങ്ങോട്ട്‌ നോക്കുന്നുണ്ടായിരുന്നു.

എല്‍. ജി. ബി. ടി..., അവാ ഗേ താനേ…., അവ എന്ന ശെയ്യുവോ? മുരുകന്‍ ചരിച്ചുകൊണ്ട് ഗോപാലിനോട് ചോദിച്ചു.

അവര്‍ നിന്നെ കിട്ടിയാല്‍ ഞെക്കിപ്പഴുപ്പിക്കും. രണ്ടുപേരും ഉച്ചത്തില്‍ ചിരിച്ചു.

മുകളില്‍ നിന്ന് നീല സമുദ്രം കാണാന്‍ നല്ല ഭംഗി. അവിടെ നിന്നും ലോക പ്രശസ്തമായ ഗോള്‍ഡന്‍ ഗെയിറ്റ് ബ്രിഡ്ജ് കാണാം. കടലിനു നടുവിലൂടെ മറ്റൊരു കുന്നിനെ ചേര്‍ത്തിണക്കുന്ന, തൂക്കുപാലം പോലെ നിര്‍മ്മിച്ച അതിമനോഹര ബ്രിഡ്ജ്. നടുവില്‍ ഒരിടത്ത് മാത്രം ഒരു കാല്‍ സമുദ്രത്തിലേക്ക് ഇറങ്ങി നില്‍ക്കുന്നു. ഒറ്റക്കാലില്‍ നില്‍ക്കുന്ന ഇത്ര വലിയ ബ്രിഡ്ജ്. അതില്‍ വാഹനങ്ങള്‍ അതിവേഗത്തില്‍ നിറഞ്ഞോടുന്നു.

എത്രയെത്ര കിടിലന്‍ സിനിമളിലെ കോരിത്തരിപ്പിക്കുന്ന സീനുകള്‍ക്ക് സാക്ഷ്യംവഹിച്ച ബ്രിഡ്ജ് ആണ് ഇത്.

ബസ് പതുക്കെ കുത്തനെയിറങ്ങുന്ന ഹെയര്‍പിന്‍ വളവുകളിലൂടെ താഴെയിറങ്ങി വന്ന് ബ്രിഡ്ജില്‍ കയറി.

ഗോപാലിന് എന്തെന്നില്ലാത്ത ആവേശം. അവന്‍ പല സിനിമകളുടെയും സീനുകള്‍ ഓര്‍ത്തു. സ്റ്റാര്‍ ട്രെക്ക്, റൈസ് ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി എയ്പ്സ് പോലുള്ള സിനിമകളുടെ ക്ലൈമാക്സ് മുന്നില്‍ കണ്ടു. എന്തൊരു ത്രില്ല് ആണ് അതോര്‍ക്കുമ്പോള്‍. നൂറു കണക്കിന് കുരങ്ങന്മാര്‍ ഈ ബ്രിഡ്ജിന്‍റെ അഴികളിലൂടെ പിടിച്ചു പിടിച്ചു മുന്നേറുന്നു. ലോകം തിരിച്ചു പിടിക്കാനുള്ള വെമ്പല്‍...

ഗോപാലിന്‍റെ ഭാവ വ്യത്യാസം കണ്ട് മുരുകന്‍ ചോദിച്ചു, എന്ന തമ്പീ പശിക്കറുതാ….. ഇല്ല അണ്ണാ കോരിത്തരിക്കറുത്...ഗോപാലിന്‍റെ മറുപടി.

അവര്‍ തരം കിട്ടുമ്പോഴൊക്കെ ബഹുരാഷ്ട്ര ഭീമന്മാരുടെ ആസ്ഥാനങ്ങള്‍ കാണാന്‍ പോയി.

ഗൂഗിളിന്‍റെ മൌണ്ടന്‍ വ്യൂയിലെ ആസ്ഥാനം കണ്ടു. ഒരു ചെറിയ മലയ്ക്ക് മുന്നിലാണ് ഈ ആസ്ഥാനം. അതുകൊണ്ട് മൌണ്ടന്‍ വ്യൂ…!!

ആപ്പിളിന്‍റെ,ഫെയിസ്ബുക്കിന്‍റെ, ഒറാക്കിളിന്‍റെ, സിസ്കോയുടെ, അഡോബിയുടെ ഒക്കെ ആസ്ഥാനങ്ങള്‍ നടന്നു കണ്ടു.

ആ ആസ്ഥാനങ്ങള്‍ക്കൊന്നും അവരുടെ പേര് പോലെ പ്രൌഢഗാംഭീര്യം കണ്ടില്ല. അവന് മനസ്സിലായി കെട്ടിടങ്ങള്‍ക്കല്ല അവയുടെ പേരിനാണ് വില. അവയുടെ കണ്ടു പിടുത്തങ്ങള്‍ക്കാണ് വില, ബ്രാന്ടിനാണ് വില.

ഒരു ഒഴിവു ദിവസം അടുത്തുള്ള നേപാ വാലിയിലുള്ള വൈന്‍യാര്‍ഡ്‌ കാണാന്‍ പോയി. കൊച്ചു മലകളാല്‍ ചുറ്റപ്പെട്ട സ്ഥലം. അവിടെ നിറയെ മുന്തിരിത്തോട്ടങ്ങള്‍. ഏതു മുന്തിരിതോപ്പില്‍ പോയാലും അവര്‍ കുറച്ചു വൈന്‍ സ്വാദ് നോക്കാന്‍ തരും.

ഒരു മുന്തിരിത്തോപ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക്, പല പല വൈന്‍ കുടിച്ചു കൊണ്ട് അങ്ങനെ...ആ ഹാ…

ഒരു ഞായറാഴ്ച്ച പകല്‍ പതിവ് പോലെ ഗോപാല്‍ അടുക്കളയില്‍ ചെറിയ പാചകം നടത്തുന്നു. മുരുകന്‍ പുറത്തുള്ള വാഷിംഗ് മെഷീനില്‍ തുണികള്‍ കഴുകാന്‍ കൊണ്ടു പോയിരിക്കുകയാണ്.

പെട്ടെന്ന് മുരുകന്‍ കിതച്ചുകൊണ്ട് റൂമിനകത്ത് വന്നു
ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് അവന്‍ ഗോപാലിന്‍റെ ചെവിയില്‍ പറഞ്ഞു... ഗേ…

ഗോപാലിന് കാര്യം പിടികിട്ടിയില്ല. മുരുകന്‍ പതുക്കെ പറഞ്ഞു, വെളിയില്‍ ഗേ ഇരിക്കേ. അവര്‍ എന്നെ അടുത്തിക്കിട്ടെ കൈ കാട്ടി കൂപ്പിടറുത്. അപ്പറം അവ എന്നാമേ കൈ കൊണ്ട് കാട്ടിറത്….

അങ്ങനെ ആകാന്‍ വഴിയില്ല. നമുക്ക് ഒന്ന് നോക്കാം എന്ന് ഗോപാല്‍. അവന്‍ പതുക്കെ വാതില്‍ തുറന്നു നോക്കി. ഗോപാലിന് ശ്വാസം നിലച്ച പോലെ. ഒരു ഏഴടി പൊക്കവും, അതിനനുസരിച്ച് വണ്ണവുമുള്ള ഒരു മല്ലന്‍ ഇവരെത്തന്നെ നോക്കി നില്‍ക്കുകയാണ്.

ഗോപാല്‍ ഉടനെ വാതില്‍ അടച്ചു.

അവര്‍ക്ക് മുറിക്കുള്ളില്‍ നില്‍ക്കാന്‍ തന്നെ പേടി. ആ മല്ലന് എങ്ങാന്‍ ഹാലിളകിയാല്‍... അവന്‍റെ മുറിക്കുള്ളില്‍ വേറെ മല്ലന്മാരും ഉണ്ടെന്ന്‍ തോന്നുന്നു. ഇനി അവനെങ്ങാന്‍ വാതിലില്‍ വന്ന് മുട്ടിയാല്‍ കഥ തീര്‍ന്നു. അവന്‍റെ ഓരോ തുടയുടെ വണ്ണമേയുള്ളൂ നമ്മളോരോന്നും…!!

നമ്മളെ ഇന്ന് ഞെക്കിപ്പഴുപ്പിച്ചത് തന്നെ….!!

നമുക്ക് വേഗം വരാന്തയുടെ മറ്റേ ഭാഗത്ത്‌ കൂടെ പുറത്തേയ്ക്ക് രക്ഷപ്പെടാം. ഗോപാല്‍ വേഗം ഇലക്ട്രിക് അടുപ്പോക്കെ ഓഫാക്കി. രണ്ടുപേരും പെട്ടെന്ന് കതകടച്ച് ഇറങ്ങി.

ഗോപാല്‍ ആ ഭീമനെ ഇടം കണ്ണിട്ട് ഒന്ന് നോക്കി. അവന്‍ നമ്മളെത്തന്നെ നോക്കുകയാണ്. അവന്‍ ഇപ്പോഴും എന്തോ ആംഗ്യം കാണിച്ചുവെന്ന് അവര്‍ക്ക് തോന്നി.

അവര്‍ ഒന്നും നോക്കാതെ വേഗം നടന്നു. ഹോട്ടലിന് പുറത്തു കടന്നപ്പോഴാണ് ഒന്ന് ശ്വാസം വീണത്.

കുറച്ചു ദൂരം റോട്ടിലൂടെ നടന്നപ്പോള്‍ ഗോപാലിന് ഒരു സംശയം, സ്റ്റൌ ശരിക്ക് ഓഫാക്കിയില്ലേ എന്ന്‍. ധൃതിയില്‍ എന്തൊക്കെയോ ചെയ്ത് അവിടെ നിന്നിറങ്ങി. ഇനി ഇപ്പൊ സംശയ നിവൃത്തിക്ക് അവിടെ പോയാല്‍ കഥ തീര്‍ന്നത് തന്നെ.

അര മണിക്കൂറു നേരം അവിടെയൊക്കെ കറങ്ങി നടന്ന് അവര്‍ പതുക്കെ പോകാന്‍ തീരുമാനിച്ചു. വളരെ പേടിച്ച് പേടിച്ച് അവര്‍ ഹോട്ടലിനകത്തു കടന്നു നോക്കി. അവിടെ ആരുമില്ല ഭാഗ്യത്തിന്.

പതുക്കെ റൂം തുറന്നു. ഗോപാല്‍ വേഗം സ്റ്റൌവിന് അടുത്തേക്ക് പോയി. അത് ഇപ്പോഴും മിനിമത്തില്‍ കത്തുകയാണ്. കുക്കറില്‍ ഉണ്ടായിരുന്നതെല്ലാം കരിഞ്ഞു പുറ്റായിരിക്കുന്നു. എന്തോ ഭാഗ്യത്തിന് പുക പുറത്തു വന്നില്ല.

ദൈവമേ, ഇന്ന് ആരൊക്കെ എന്നെ ഞെക്കിപ്പഴുപ്പിക്കുമായിരുന്നു എന്നറിയില്ല….!! എന്തായാലും രക്ഷപ്പെട്ടു എന്ന് തോന്നുന്നു..

ഗോപാല്‍ തന്‍റെ ഓരോ നട്ടും ബോള്‍ട്ടും തപ്പി നോക്കി. ഒരു നീണ്ട നിശ്വാസത്തോടെ അടുത്തുള്ള ബെഡ്ഡിലേയ്ക്ക് മറിഞ്ഞു.

അപ്പോള്‍ ഒരു ശബ്ദം അപ്പുറത്തു നിന്നു വന്നു. 

ഏ തമ്പി എന്നുടെ ഒരു നട്ട് കെടക്കലേ...ഉങ്കിട്ടെ ഇരിക്കാ....!!!