Friday 31 July 2020

കോവിഡും വെട്ടുകിളിയും










കോവിഡ്‌ എന്ന മഹാമാരി ചുറ്റും പടര്‍ന്നു പിടിച്ചതിനു ശേഷം ഗിരിധറിന്‍റെ പുറം ലോകവുമായുള്ള ബന്ധം അതിവേഗം ഇല്ലാതായി.

എങ്ങും ഹോട്ട് സ്പോട്ടുകളും ക്വാറന്ടീനും കാരണം ഉറ്റ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഒരു നോക്ക് കാണാന്‍ പോലും സാധിക്കാത്ത അവസ്ഥ. എവിടെയും അനിശ്ചിതാവസ്ഥ, ആകെ ഒറ്റപ്പെട്ട പ്രതീതി. അപ്പോഴാണ്‌ മുറിയുടെ വടക്കു ഭാഗത്തുള്ള ഈ ജാലകം അവന്‍റെ തുണക്കെത്തിയത്.

ആദ്യമൊക്കെ അതിലൂടെ എത്തിനോക്കിയപ്പോള്‍ അവന് പറയത്തക്ക താല്‍പ്പര്യമൊന്നും തോന്നിയില്ല, പക്ഷേ പതുക്കെ പതുക്കെ ഒരു പുതിയ ലോകത്തിലേക്കുള്ള എത്തി നോട്ടമാണ് ഈ ജാലകം എന്ന് അവന് തോന്നിത്തുടങ്ങി. ഇന്നേവരെ കാണാത്ത ഒരു പുതിയ ലോകം.

എപ്പോഴും മീറ്റിങ്ങും പ്രസന്‍റെഷനും ടാര്‍ഗറ്റും ടെന്‍ഷനും മാത്രം കൈമുതലായ ഒരു യാന്ത്രിക ജീവിതം നയിച്ചിരുന്ന ഗിരിധറിന് ഈ കൊച്ചു കാടിന്‍റെ ഒച്ചയും താളവും കേള്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല, അതിന് കഴിയുമായിരുന്നില്ല. തലയിലൂടെ പായുന്ന ചിന്തകളുടെ ശബ്ദ കോലാഹലങ്ങള്‍, അല്ല ആക്രോശങ്ങള്‍ കാരണം തന്‍റെ ചുറ്റിലുമുള്ള കലപില നിറഞ്ഞ ഈ സ്നേഹ പ്രപഞ്ചത്തിലെ ഒരു ഒച്ചയും അവന്‍ കേട്ടിരുന്നില്ല.

അവന്‍റെ ആ ജനലിന് മുന്‍പിലായി ഇരുപത്‌ ഏക്കറയോളം പരന്നു കിടക്കുന്ന ഒരു കൊച്ചു കാടുണ്ട്‌. മുന്നില്‍ത്തന്നെ ചുവന്ന വട്ടക്കുട പിടിച്ചു നില്‍ക്കുന്ന വാകമരം. അതിന്‍റെ ഓരോ ചില്ലകളും ഇലകള്‍ കാണാത്ത വിധം ചുവന്ന പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു ചുവന്ന പൂക്കുട പോലെ. അതില്‍ തേന്‍ നുകരുവാന്‍ വരുന്ന പൂമ്പാറ്റകള്‍, തേനീച്ച, വണ്ട്‌, തേന്‍ കുരുവികള്‍...പിന്നെ തേന്‍ കുടിച്ചിട്ടാണോ എന്തോ, ഇളം വെയില്‍ കൊണ്ടു മയങ്ങുന്ന അണ്ണാനും. വര്‍ണ്ണ പ്രപഞ്ചത്തെ ഉരുമ്മി നില്‍ക്കുന്ന ജീവ പ്രപഞ്ചം.

വാകയ്ക്ക് ചുറ്റും കുറെ കൊച്ചു മള്‍ബെറി മരങ്ങള്‍. അതില്‍ നിറയെ മള്‍ബെറി. പുറകിലായി വേപ്പ്, മാവ്, വീട്ടി അശോകം, പേരാല്‍, അരയാല്‍ ഉയരത്തില്‍ നീണ്ടു വളര്‍ന്നു നില്‍ക്കുന്ന പൂള മരങ്ങള്‍. കാറ്റാടി മരങ്ങള്‍, ഞാവല്‍പ്പഴങ്ങള്‍ ഉതിരുന്ന വലിയ ഞാവല്‍ മരങ്ങള്‍. മറ്റൊരു ഭാഗത്ത്‌ കുറെ പാല മരങ്ങള്‍. പാല പൂത്താല്‍ മത്ത് പിടിപ്പിക്കുന്ന മണമാണ്. അതുകൊണ്ടായിരിക്കും പണ്ട് യക്ഷിയും അതില്‍ താമസമാക്കിയത്...!! അങ്ങനെ എല്ലാം ചേര്‍ന്ന്‍ പച്ചപ്പ്‌ നിറഞ്ഞ ഭംഗിയുള്ള ഒരു കൊച്ചു കാട്.

ഓരോ മരങ്ങള്‍ക്കും പച്ചയുടെ ഓരോ ഓരോ ഷെയ്ഡുകള്‍ ആണ്. അവയില്‍ പ്രകൃതി എന്ന ചിത്രകാരന്‍ അങ്ങിങ്ങ് പല നിറങ്ങളും വിതറിയിട്ടുണ്ട്. അവന്‍റെ ജനല്‍ ഒരു വര്‍ണ്ണ കാന്‍വാസ് ആണ് എന്ന്‍ അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവനുള്ള വര്‍ണ്ണ കാന്‍വാസ്.

രാവിലെ ആവി പറക്കുന്ന ചായ കുടിക്കുന്നതിനിടെ അവന്‍ ജനലുകള്‍ തുറന്നു പുറത്തേയ്ക്ക് നോക്കും. ഇന്ന്‍ പതിവില്ലാതെ പുറത്ത് ചന്നം പിന്നം ചാറുന്ന മഴ. നനുത്ത കാറ്റിന്‍റെ കൂടെ ചാറല്‍ മഴ ജനലിനകത്തേയ്ക്ക് എത്തി നോക്കി. ഗിരിധര്‍ ജനലിലൂടെ പുറത്തേയ്ക്കും. ആ നനുത്ത വെള്ളത്തുള്ളികള്‍ അവന്‍റെ മുഖത്ത് മഞ്ഞുതുള്ളികള്‍ പോലെ പെയ്തപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി.

വേനല്‍ മഴയ്ക്ക് എപ്പോഴും പുതു മണമാണ്. ദാഹിച്ചു വരണ്ട ഭൂമിയില്‍ വെള്ളത്തുള്ളികള്‍ വീണുടയുമ്പോള്‍ മണ്ണില്‍ നിന്നുണരുന്ന സുഗന്ധം എത്ര ആസ്വദിച്ചാലും മതിവരില്ല. പുതുമണ്ണിന്‍റെ മണമുള്ള ചാറ്റല്‍ മഴ അവന്‍റെ മുഖത്തുകൂടെ പെയ്തിറങ്ങിയപ്പോള്‍ അവന്‍റെ സ്വപ്നങ്ങള്‍ക്ക് പുതുജീവന്‍.

മരങ്ങളിലൊക്കെ ചിറകുള്ള കൂട്ടുകാരുടെ കലപില.

കുശലക്കാരനായ കറുത്ത കാക്കയും, എപ്പോഴും കല പില പറഞ്ഞുകൊണ്ടിരിക്കുന്ന മൈനയും, മാന്തളിരുണ്ട് മതി മറന്ന് മധുരമായി പാടുന്ന കുയിലും, ചില്ലകളില്‍ എപ്പോഴും ചാടി ചപലത കാണിക്കുന്ന വണ്ണാത്തിക്കിളികളും, സെക്കന്റില്‍ അമ്പത് പ്രാവശ്യമെങ്കിലും ചിറകുകള്‍ പറത്തി പൂക്കളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അതിന്‍റെ കുഞ്ഞു നീണ്ട കൊക്കുകൊണ്ട് പൂവു പോലുമറിയാതെ തേന്‍ കുടിക്കുന്ന തേന്‍ കുരുവിയും, തന്‍റെ കാമുകിയോട് ഈണത്തില്‍ ഇടക്കിടയ്ക്ക് സ്വകാര്യം പറഞ്ഞുകൊണ്ടിരിക്കുന്ന കറുത്ത തൊപ്പിക്കാരന്‍ ബുള്‍ ബുളും, ആ പച്ച മരത്തിലെ ചുവന്ന പഴം കൊത്തിത്തിന്ന്‍ രസിച്ച് വാതോരാതെ സൊറ പറയുന്ന മഞ്ഞക്കിളികളും, ഒരു പഴുത്ത പഴം കാണുമ്പോഴേയ്ക്ക് ബഹളമുണ്ടാക്കി കൂട്ടം കൂട്ടമായി പറന്നുവരുന്ന പച്ച തത്തകളും, സൈബീരിയയില്‍ നിന്ന് സുഖവാസത്തിന്‌ എത്തിയ നീണ്ട കൊക്കും കാലും ഉള്ള നമ്മുടെ സ്വന്തം കൊറ്റിയും, കഴുത്തില്‍ മണിയുള്ള അരി പ്രാവും, ചുവന്ന കണ്ണുള്ള ചെമ്പോത്തും, മരത്തില്‍ എപ്പോഴും കൊത്തി പോട് നോക്കുന്ന ചുവന്ന തൊപ്പിക്കാരന്‍ മരംകൊത്തിയും, അടയ്ക്ക പോലെ ഉരുണ്ടിരിക്കുന്ന അടയ്ക്കാ കിളിയും, പിന്നെ പേരറിയാത്ത കുറെ കിളിക്കൂട്ടുകാരും. ഇവരുടെയൊക്കെ വിവിധ സ്വര വര്‍ണ്ണങ്ങള്‍ കാടെന്ന കാന്‍വാസിനെ കൂടുതല്‍ ജീവസ്സുള്ളതാക്കി.

പടുകൂറ്റന്‍ പൂള മരങ്ങളിലെ ‍വലിയ വലിയ പൂക്കളില്‍ തേന്‍, കുടം കണക്കിന് നിറഞ്ഞു തുളുമ്പുന്നു. ആര് എത്ര കുടിച്ചാലും തീരാത്തത്ര തേന്‍. എല്ലാ കിളികളും - മൈനകളും കാക്കകളുമടക്കം ആ പൂക്കളിലെ മധു നുകര്‍ന്ന് മത്തരായി കിറുങ്ങി താഴെ വന്നിരിക്കുന്നത് കാണാം. അമ്പട, അപ്പൊ മദ്യപാനം എല്ലാവര്‍ക്കുമുണ്ട് അല്ലേ...!!

ഞാവല്‍ മരങ്ങളിലെ വയലറ്റ് ഞാവല്‍പ്പഴങ്ങള്‍ തിന്ന്‍ അവര്‍ കൊക്കും നാക്കും വയലറ്റാക്കി.

രാവിലെ ചൂടു ചായയോടൊപ്പം പത്രത്തിലെ ചൂടു വാര്‍ത്തകളും ഗിരിധര്‍ ഇപ്പോള്‍ ശീലമാക്കിത്തുടങ്ങി. കിളികളുടെ കലപിലക്കിടയിലെ പത്ര വായന ഒരു രസമാണ്. അവന്‍ പത്രത്തിലൂടെ കണ്ണോടിച്ചു.

എവിടെ നോക്കിയാലും കോവിഡ്‌ വാര്‍ത്ത തന്നെ. കോവിഡിന്‍റെ എണ്ണത്തില്‍ ആ രാജ്യം മുന്നില്‍, ഈ രാജ്യം തൊട്ടു പുറകില്‍. ഇങ്ങനെ റെക്കോര്‍ഡുകളുടെ കണക്കുകള്‍ തന്നെ.

പുറത്ത് കോവിഡ്‌ പടര്‍ന്നു പിടിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ‍ മൂവായിരവും നാലായിരവും പേര്‍ ഈ രോഗത്തിന്നിരയായിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും ദൈനംദിന ആവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. അവശ്യ സാധനങ്ങള്‍ കിട്ടാത്ത അവസ്ഥ.

കൂടെ ഒരു വാര്‍ത്തയില്‍ അവന്‍റെ കണ്ണുടക്കി.

ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ കഴിഞ്ഞ വര്‍ഷം വേനല്‍ മഴകാരണം തഴച്ചുണ്ടായ പച്ചപ്പില്‍ നിന്നും വളര്‍ന്നു പെരുകിയ വെട്ടുകിളിക്കൂട്ടം - locusts - ലക്ഷക്കണക്കിനായി ഇപ്പോള്‍ അയല്‍ രാജ്യങ്ങളിലേയ്ക്ക് പറന്നു പരക്കുകയാണത്രേ...!! അവ വന്നിരുന്നാല്‍ കൃഷി സ്ഥലങ്ങളും മറ്റു പച്ചപ്പുകളും മണിക്കൂറുകള്‍ കൊണ്ട് മൊട്ടപ്പറമ്പായി മാറുമത്രേ..!!

കോവിഡിന്‍റെ കൂടെ വെട്ടുകിളി ആക്രമണവും..!! ബൈബിളില്‍ പറഞ്ഞത് പോലെ ഇത് എട്ടാമത്തെ പ്ലേഗ് ആയി പടരുകയാണോ? എല്ലാത്തിനെയും ഇല്ലാതാക്കുന്ന പ്ലേഗ്. 40 ലക്ഷത്തോളം വരുന്ന വെട്ടുകിളി സംഘങ്ങള്‍ 35000ആളുകള്‍ക്കുള്ള വിളവുകള്‍ മണിക്കൂറുകള്‍ കൊണ്ട് തിന്നു തീര്‍ക്കുമത്രേ..ഇതെന്തൊരു തീറ്റ മെഷീന്‍..!! ഒരു ഭാഗത്ത്‌ കോവിഡ്‌, മറുഭാഗത്ത്‌ വെട്ടുകിളി.

അവന്‍ ഒരു വിഷമത്തോടെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി.

വാക മരത്തില്‍ കാക്ക കൂടുണ്ടാക്കുന്ന തിരക്കിലാണ്. ഓരോ ഉണക്കച്ചുള്ളികള്‍ പെറുക്കി വച്ച് കൂടുണ്ടാക്കുകയാണ്. ഈ കൂടിന് ഒരു പ്രത്യേകതയുണ്ട്. കുറേശ്ശെ പറന്നു തുടങ്ങിയ തന്‍റെ കാക്കക്കുഞ്ഞിനു വേണ്ടിയാണ് ഇപ്പോള്‍ കാക്ക കൂടുണ്ടാക്കുന്നത്. ഓരോ ചുള്ളി വയ്ക്കുമ്പോഴും കാക്കക്കുഞ്ഞ് അതിലൊന്ന് ഇരുന്ന്‍ നല്ല സുഖമുണ്ടോ എന്ന്‍ നോക്കും. എന്നിട്ട് തള്ളക്കാക്കയോട് പറയും ഇനിയും ചുള്ളികള്‍ കൊണ്ടുവന്ന് വയ്ക്കാന്‍. അമ്മ വീണ്ടും കൊണ്ടുവരും.

കൂടാതെ അമ്മ കൊണ്ടുവന്നു കൊടുക്കുന്ന തീറ്റിയൊക്കെ കൊച്ചന്‍ വലിയ ഒച്ചയുണ്ടാക്കി വാ പൊളിച്ച് വയറു നിറയെ ശാപ്പിടും. ഇടയ്ക്കിടയ്ക്ക് പറക്കല്‍ ട്രെയിനിങ്ങും ഉണ്ട്...!!

മറ്റൊരു മരത്തില്‍ തേന്‍ കുരുവി, തന്‍റെ കൊക്കിന്‍റെ വൈദഗ്ധ്യം കൊണ്ട് ഓരോ നൂലുകള്‍ നെയ്ത് കോര്‍ത്ത് നല്ല ഭംഗിയുള്ള തൂങ്ങിക്കിടക്കുന്ന കൂട് ഉണ്ടാക്കുന്ന തിരക്കിലാണ്. അത് കൂട് ഉണ്ടാക്കുന്ന രീതി കണ്ടാല്‍ അതിശയം തോന്നും. എവിടെ നിന്നോ നാരുകള്‍ ശേഖരിക്കുന്നു. അത് കൊണ്ടുവന്ന് ഒന്നൊന്നായി കൊക്കുകൊണ്ട്‌ നെയ്തെടുക്കുന്നു. എല്ലാ എന്ജിനീയറിംഗ് വൈദഗ്ധ്യവും കൈമുതലായ കൊച്ചു സുന്ദരന്‍.

ദിവസങ്ങള്‍ കഴിയുംതോറും കിളികളുടെ കൂടുകളുടെ രൂപം തളിഞ്ഞു വന്നുകൊണ്ടിരുന്നു. പലപ്പോഴും ഇതൊക്കെ കണ്ട് ഗിരിധറിന്‍റെ ചിന്തകള്‍ കാടു കയറാറുണ്ട്. കാട്ടിലെ ജീവികള്‍ തങ്ങളുടെ കാര്യങ്ങളില്‍ എത്ര ശുഷ്കാന്തിയുള്ളവരാണ്. ഓരോ കാര്യങ്ങളും എത്ര ചിട്ടയായിട്ടാണ് അവര്‍ ചെയ്യുന്നത്.

ഇടയ്ക്ക് ഈ തിരക്കിട്ട പണികള്‍ക്കിടയില്‍ അവര്‍ ആഹാരം തേടും, കൂടെ സമയം കിട്ടുമ്പോഴൊക്കെ പാട്ടുപാടും ഉല്ലസിക്കും വീണ്ടും പണിയെടുക്കും. ബോറടി അവരുടെ ജീവിതത്തില്‍ ഇല്ല തന്നെ...!!

നമ്മള്‍ മനുഷ്യര്‍ അങ്ങനെയാണോ..എന്താവാം കാരണം...

നമുക്കെപ്പോഴും കഴിഞ്ഞു പോയതിനെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചിന്തകളാണ്.. അതെന്താ അങ്ങനെ പറ്റിയത്, ഇതെന്താ ഇങ്ങനെ പറ്റിയത്..ഇനിയിപ്പോ ഇതെന്താകും...ഇങ്ങനെ പോയാല്‍ അതെന്താകും....എന്നൊക്കെ..!!

അവര്‍ കിളികളാകട്ടെ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് ടെന്‍ഷന്‍ എന്ന സംഗതി വളരെ കുറവ്.

ദിവസങ്ങള്‍ അധികം കൊഴിയുന്നതിനു മുന്‍പ്, വീണ്ടും പത്രത്തില്‍ വെട്ടുകിളി വാര്‍ത്തകള്‍ പൊങ്ങി വന്നു. എത്യോപ്യയില്‍ നിന്നും സോമാലിയയില്‍ നിന്നും അവ മരുപ്രദേശങ്ങളില്‍ക്കൂടി യമനിലും ഒമാനിലും വന്ന്‍ തമ്പടിച്ചിരിക്കുന്നു.

കുറച്ചു ഗ്രൂപ്പുകള്‍ പാക്കിസ്ഥാനിലും എത്താന്‍ തുടങ്ങി. അവര്‍ മരുപ്പച്ചയും കൃഷിയിടങ്ങളും നോക്കി ആയിരക്കണക്കിന് കിലോമീറ്ററുകളാണ് പറന്നു താണ്ടുന്നത്. ഓരോ സ്ഥലത്തും വന്നിറങ്ങിയാല്‍ അവിടത്തെ വിളവു നശിപ്പിക്കുക മാത്രമല്ല, അവിടെ മുട്ടയിട്ട് പെരുകുകയും ചെയ്യും. ഇന്ത്യ, പാക്കിസ്ഥാന് ഇവയെ നശിപ്പിക്കാന്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും അവര്‍ അത് നിരസിച്ചു. എനിക്ക് ഒന്നു കിട്ടിയാല്‍ നിനക്ക് രണ്ടു കിട്ടണം.

അവന്‍ ഒരു ചെറിയ നെടുവീര്‍പ്പോടെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി.

പല നിറങ്ങളിലുള്ള പൂമ്പാറ്റകള്‍ അങ്ങിങ്ങ് തത്തിക്കളിക്കുന്നു. അവര്‍ പറക്കുന്നത് കണ്ടാല്‍ തോന്നും അവരെപ്പോലെ ഉല്ലാസവാന്മാരായി ഈ ലോകത്തില്‍ ആരും തന്നെയില്ല എന്ന്‍. ചന്തക്കുപ്പായമിട്ട് സുന്തരികളായ പൂക്കളുടെ കൂടെ കുറച്ചു ദിവസം. മൂന്ന്‍ നാല് ദിവസമേയുള്ളൂവെങ്കിലും അടിച്ചു പോളിച്ചുള്ള ജീവിതം.

ചിലര്‍ പറയുന്നു, ഈ മനുഷ്യ ജന്മം അസുലഭമായി കിട്ടിയതാണെന്ന്‍. പക്ഷേ ഈ ഭൂമിയില്‍ മനുഷ്യരുടെ എണ്ണം എത്ര?..700 കോടി...!! പക്ഷേ പൂമ്പാറ്റകള്‍ എത്ര ഉണ്ട്….വളരെ കുറവ്, തേന്‍ കുരുവികള്‍ എത്ര ഉണ്ട്, കുറച്ച് ആയിരങ്ങള്‍ മാത്രം. അപ്പോള്‍ ജന്മത്തില്‍ ഏതാണ് ദുര്‍ല്ലഭം.

അവന്‍ ഒന്ന്‍ തീരുമാനിച്ചു, അടുത്ത ജന്മം ഉണ്ടെങ്കില്‍ ഒരു പൂമ്പാറ്റയായി ജനിക്കണം. എന്നിട്ട് ചന്തക്കുപ്പായമിട്ട് അങ്ങനെ തത്തി തത്തി പറന്ന്‍ വിലസണം.

മൂന്നു നാല് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും പത്രത്തില്‍ വീണ്ടും വെട്ടുകിളി തെളിഞ്ഞു. അവ ഇപ്പോള്‍ പാകിസ്ഥാനിലെ റാവല്‍പ്പിണ്ടിയില്‍ നിന്നും ഇന്ത്യയുടെ അതിര്‍ത്തി കടന്ന്‍ ജയ്പ്പൂരില്‍ എത്തിയിരിക്കുന്നു. അവര്‍ക്ക് അതിര്‍ത്തികള്‍ ഒന്നും പ്രശ്നമേയല്ല. വീടുകളിലും പാടത്തും എല്ലായിടത്തും വെട്ടുകിളികള്‍ മാത്രം. നിമിഷ നേരം കൊണ്ട് തീരുന്ന വിളവുകള്‍.

അവന്‍ വീണ്ടും പുറത്തേയ്ക്ക് നോക്കി. എന്തെങ്കിലും വിഷമം വന്നാല്‍ കുറച്ചു നേരം പുറത്തേയ്ക്ക് നോക്കിയാല്‍ മനസ്സ് ശാന്തമാവും.

പരുന്തുകള്‍ മുകളില്‍ വട്ടമിട്ടു പറക്കുന്നു. അവര്‍ പ്രാപ്പിടിയന്മാരാണ്. തക്കം കിട്ടിയാല്‍ പറക്കുന്ന പ്രാവുകളെ ആകാശത്ത് വച്ചുതന്നെ റാഞ്ചിക്കൊണ്ട് പോകും. പരുന്തുകളെ കണ്ടാല്‍ പ്രാവുകള്‍ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായും.

കൂട്ടത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്ന പ്രാവുകളെ പലപ്പോഴും പരുന്തുകള്‍ കൂട്ടത്തോടെ വേട്ടയാടും. അങ്ങനെയായാല്‍ അവര്‍ക്ക് ഇര കിട്ടാന്‍ എളുപ്പമാണ്. ആ ആകാശ വേട്ടയാണ് ഗിരി ഇപ്പോള്‍ കാണുന്നത്. മൂന്നു പരുന്തുകള്‍ ഒരുമിച്ച് കൊച്ചു വട്ടങ്ങളില്‍ പറക്കുന്നു, പ്രാവുകള്‍ വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നു..താമസിയാതെ പരുന്തിന്‍റെ കാലില്‍ ഒരു പ്രാവ് കുടുങ്ങും.

ഇപ്പോള്‍ പുറത്തെ കാഴ്ചകള്‍ അവനെ അത്ര സമാധാനപ്പെടുത്തുന്നില്ല.

ഇന്നുവരെ കാണാന്‍ സാധിക്കാതെ പോയ, തന്നോടുരുമ്മിക്കിടക്കുന്ന ഈ ജീവിത വിസ്മയങ്ങള്‍ എന്നെന്നേക്കും നഷ്ടപ്പെടുമോ, താന്‍ ഇപ്പോള്‍ കണ്ടാസ്വദിക്കുന്ന ജീവ പ്രപഞ്ചം അപ്പാടെ ഇല്ലാതാകുമോ.. എന്നുള്ള ആശങ്കയാണ്.

ഇനിയിപ്പോള്‍ വെട്ടുകിളികള്‍ ഏതു സമയത്തും ഇവിടെയും എത്താം. അവ വന്നാല്‍ ഈ കാണുന്ന പച്ചക്കാട് മൊട്ടപ്പറമ്പാകും. തീര്‍ച്ച. ആയിരക്കണക്കിന് പറവകളുടെ, ജീവികളുടെ ആവാസ വ്യവസ്ഥ, തകിടം മറിയും.

അവന് രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല. അവ വന്നാല്‍ എന്തായിരിക്കും സ്ഥിതി. ഒന്ന്‍ മയങ്ങുന്നതിനിടെ അവന്‍ വെട്ടുകിളികളെ ത്തന്നെ സ്വപ്നം കണ്ടു. അവ കൂട്ടമായി പറന്നു വരുന്നതും മനുഷ്യര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കുന്നതും, ഞൊടിയിടയില്‍ പച്ചപ്പുകള്‍ അപ്രത്യക്ഷമാകുന്നതും അവന്‍ കണ്ടു.

രാവിലെ എഴുന്നേറ്റ ഉടനെ അവന്‍ ജനലിലൂടെ എത്തി നോക്കി. വെട്ടുകിളികള്‍ വന്നിട്ടില്ല, കാട് അങ്ങനെത്തന്നെയുണ്ട്. അവന് തെല്ലൊരാശ്വാസം തോന്നി. അവ വന്നാലത്തെ നിസ്സഹായാവസ്ഥ അവന്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി.

ആകാശം കാറ് മൂടി നില്‍ക്കുന്നു. ചെറിയ ചാറ്റല്‍, കാറ്റില്‍ പാറി വരുന്നുണ്ട്. മഴ പെയ്യുമായിരിക്കും.

അവന്‍ പലപ്പോഴായി ജനലിലൂടെ നോക്കിക്കൊണ്ടിരുന്നു. പുറത്തു വരാന്തയില്‍ വച്ചിരുന്ന പൂച്ചട്ടികള്‍ അവന്‍ അകത്ത് കൊണ്ടുവന്നു വച്ചു. ആകെ അവന് ചെയ്യാവുന്ന ഒരു കാര്യം അതാണ്‌. കൂടാതെ കുറെ വേവലാതിപ്പെടാം.

ഏകദേശം മൂന്ന്‍ മണിയായിക്കാണും, പുറത്ത് എവിടെ നിന്നോ വെട്ടുകിളികള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. നിമിഷങ്ങള്‍ക്കകം അവ മേഘ പാളികള്‍ പോലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അവ കൂട്ടം കൂട്ടമായി വന്നിറങ്ങി. വീടിന് പുറത്ത് ജനലില്‍, വരാന്തയില്‍ ചെടികളില്‍ മരങ്ങളില്‍ എല്ലായിടത്തും അവ വന്ന് നിറഞ്ഞു. പക്ഷികള്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും പറന്നു. അവയ്ക്ക് ഇരിക്കാന്‍ സ്ഥലമില്ല.

പതുക്കെ മഴ കനത്തു തുടങ്ങി. മഴയുടെ ശക്തി കൂടുംതോറും കാറ്റിന്‍റെ ശക്തിയും കൂടിക്കൂടി വന്നു. മരങ്ങള്‍ ആടിയുലഞ്ഞു. മഴ കാറ്റിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും പെയ്തു. കാറ്റിന്‍റെ വേഗത വീണ്ടും വര്‍ദ്ധിച്ചു . കാറ്റാടി മരങ്ങള്‍ വില്ലുപോലെ വളഞ്ഞു. അവയിലൊന്ന് ഗിരിയുടെ ജനലിന്‍റെ സണ്ഷെ‍യിഡില്‍ വന്നുടക്കി. അടുത്ത കാറ്റ് അതിലും ശക്തയായി വന്നു. അത് ഒരു കൊടും കാറ്റായി മാറുകയാണ്. കാറ്റാടി മരം ഗിരിയുടെ സണ്ഷെയിഡിന്‍റെ പകുതി ഭാഗം തകര്‍ത്തുകൊണ്ട് നിലംപൊത്തി.

മുന്നിലുള്ള വാകമരത്തിന്‍റെ ഒരു കൊമ്പ് ഒടിഞ്ഞു താഴെ വീണു. മഴ വീണ്ടും കനത്തു. കാറ്റും മഴയും ഒന്നിനൊന്നു ശക്തിയില്‍. കാടാകെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി. അപ്പുറത്ത് പല പൂളമരങ്ങളുടെയും തല പൊട്ടി വീണു, ചിലത് കട പുഴകി വീണു. പല വന്മരങ്ങളും നിലം പൊത്തി.

അരമണിക്കൂര്‍ നേരത്തെ താണ്ഡവത്തിനു ശേഷം പ്രകൃതി ശാന്തമായി. പക്ഷികള്‍ എവിടെപ്പോയി എന്നറിയില്ല. വെട്ടുകിളികള്‍ എവിടെപ്പോയി എന്നറിയില്ല. നേരം സന്ധ്യമയങ്ങിയത് കൊണ്ട് ഒന്നും തെളിഞ്ഞു കാണുന്നുമില്ല.

രാവിലെ എഴുന്നേറ്റ് ഗിരി ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. കാക്കയുടെ കൂടിരുന്ന കൊമ്പാണ് പൊട്ടി വീണത്‌. കാക്ക കരഞ്ഞുകൊണ്ട്‌ അങ്ങിങ്ങ് വട്ടമിട്ട് പറക്കുന്നുണ്ട്, പതുക്കെ അതിന് മനസ്സിലായി തന്‍റെ കൂട് ഇന്നലത്തെ മഴയത്ത് തകര്‍ന്ന് പോയി എന്ന്.

ഇപ്പുറത്ത് തേന്‍കുരുവി തന്‍റെ കൂട് തിരയുകയാണ്. അതും കാണാനില്ല. കരഞ്ഞുകൊണ്ട്‌ അത് അങ്ങിങ്ങ് തിരയുന്നു.. പതുക്കെ അതും മനസ്സിലാക്കി തന്‍റെ കൂട് ഇന്നലത്തെ കാറ്റിലും മഴയിലും തകര്‍ന്ന്‍ പോയിയെന്ന്.

ഗിരി ഒരു ദീര്‍ഘനിശ്വാസത്തോടെ സമാധാനിക്കാന്‍ ശ്രമിച്ചു. വെട്ടുകിളികള്‍ ഇന്നലത്തെ കാറ്റത്ത്‌ എങ്ങോപോയിരിക്കുന്നു. കുറച്ചു മരങ്ങള്‍ പോയെങ്കിലും മൊത്തം കാട് രക്ഷപ്പെട്ടു. പ്രകൃതിയുടെ മായാജാലം.

കാക്കയും തേന്‍കുരുവിയും വീണ്ടും തങ്ങളുടെ കൂട് കെട്ടാന്‍ ചുള്ളിക്കമ്പും നാരുമായി പറന്നു തുടങ്ങി. കാക്കക്കുഞ്ഞ് വീണ്ടും റെഡിയായി, അമ്മയുണ്ടാക്കുന്ന കൂടിന്‍റെ സുഖം ഒന്നുകൂടി പരീക്ഷിച്ച് അനുഭവിക്കാന്‍.