Thursday 13 April 2023

കന്യാകുമാരി



 

ഒരു അവധിക്കാലത്ത് ഞങ്ങള്‍ കന്യാകുമാരിയിലേയ്ക്ക് യാത്ര പുറപ്പെട്ടു. ഒലവക്കോട്ട് നിന്ന് ട്രെയിനില്‍ ആണ് പുറപ്പെട്ടത്‌. ധാരാളം ചരിത്ര സ്മാരകങ്ങളുള്ള ഭാരതത്തിന്‍റെ തെക്കേ അറ്റത്തെ മുനമ്പ്‌. മൂന്ന് സമുദ്രങ്ങള്‍ സമാഗമിക്കുന്ന സ്ഥലം. സമുദ്രത്തില്‍ തലയെടുത്ത് നില്‍ക്കുന്ന വിവേകാനന്ദപ്പാറ, കന്യാകുമാരി ദേവിയുടെ ക്ഷേത്രം, കപ്പലുകള്‍ക്ക് വഴി കാട്ടിയായിരുന്ന ദൂരെ നിന്ന് കാണുന്ന കന്യാകുമാരി ദേവിയുടെ തിളങ്ങുന്ന മൂക്കുത്തി, എന്ന് വേണ്ട, ചരിത്രമുറങ്ങുന്ന ആത്മീയ സ്ഥലങ്ങള്‍ കാണാന്‍ നിറയെ.

ഞങ്ങള്‍ അച്ഛനും അമ്മയും കുഞ്ഞനും അടങ്ങുന്ന കൊച്ചു കുടുംബവും കൂടെ അമ്മായിയമ്മയും കൂടി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് അറിഞ്ഞത് മുന്നില്‍ എവിടെയോ മണ്ണിടിഞ്ഞത് കാരണം വഴി മുടങ്ങിക്കിടക്കുകയാണത്രേ.വണ്ടി മുന്നോട്ട് പോകില്ലത്രേ. ഞങ്ങള്‍ കുടുങ്ങി. ഇനി ഇപ്പോള്‍ ബസ്സില്‍ യാത്ര ചെയ്യാതെ നിവൃത്തിയില്ല.

പക്ഷേ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ടത് അവിടെയും മിന്നല്‍ പണിമുടക്കാണ് . വണ്ടികള്‍ നിന്നിടത്തു നിന്നും അനങ്ങുന്നില്ല. ജനങ്ങള്‍ ബസ് സ്റ്റാന്റില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. കെ എസ് ആര്‍ ടി സി യുടെ മിന്നലിന്‍റെ കൂടെ ആകാശത്തും മിന്നല്‍ കണ്ടു തുടങ്ങി. മഴ ഇപ്പോള്‍ പൊട്ടി വീഴും എന്നുള്ള അവസ്ഥ.

ഞങ്ങള്‍ അവിടെ കുടുങ്ങി. കുറേ സമയം അവിടെ അങ്ങിനെ തൃശങ്കു സ്വര്‍ഗത്തിലായി കഴിച്ചു കൂട്ടി. ആകാശത്തെ കാറുകള്‍ ഇരുണ്ടു, ഉരുണ്ടു. മുകളില്‍ നിന്നും മഴ നൂല്‍ താഴേയ്ക്ക് ഇറങ്ങി വന്നു തുടങ്ങി.

ബസ് സ്റ്റാന്റില്‍ ജനങ്ങളുടെ തിരക്ക് കൂടിക്കൂടി വന്നു. എങ്ങോട്ട് പോകേണ്ടൂ എന്നറിയാതെ ഉഴലുന്ന ജനങ്ങള്‍.

ഞങ്ങളുടെ ഭാഗ്യത്തിന് അധികം താമസിയാതെ ഒരു ബസ് ഉരുണ്ട് ഞങ്ങളുടെ മുന്നില്‍ എത്തി. ഈ ബസ്സ്‌ കന്യാകുമാരിക്കുള്ള ആദ്യത്തേതും അവസാനത്തേതും ആയ ബസ്സാണത്രേ. ഞങ്ങളുടെ ആകുലത കണ്ട് സമരക്കാര്‍ക്ക് മനസ്സലിഞ്ഞുവോ, അറിയില്ല. ആ ബസ്സിനുള്ളില്‍ കയറിപ്പറ്റാന്‍ ഒരു പൂരത്തിന്‍റെ ജനങ്ങള്‍. ഞങ്ങള്‍ എന്തു ചെയ്യേണ്ടൂ എന്ന് ഒരു നിമിഷം പകച്ചു നിന്നു. ബസ്സിന്‍റെ വാതിലിലൂടെ നേരേ ചൊവ്വേ കയറിപ്പറ്റാന്‍ ഒരു തരത്തിലും സാദ്ധ്യമല്ല. ജനങ്ങള്‍ ബസ്സിന്‍റെ നാല് വശത്ത് കൂടിയും ഇടിച്ചു കയറുകയാണ്. ആര്‍ക്കും ജനലും ഷട്ടറും ഒന്നും പ്രശ്നമല്ല.

ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഞങ്ങളുടെ കൊച്ചു കുഞ്ഞനെ പൊക്കിയെടുത്ത് സീറ്റില്‍ ഇട്ടു. ഒരു സീറ്റ് കിട്ടുമോ അര സീറ്റ് കിട്ടുമോ..സംശയം. അവന് സീറ്റ് പിടിക്കാന്‍ അത്ര വശം പോര. കുഞ്ഞനല്ലേ പയറ്റി തെളിഞ്ഞ് വരുന്നല്ലേ ഉള്ളു. ഞങ്ങള്‍ അമ്മായിയമ്മയെ പോക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ അദ്ധ്വാനവും അവരുടെ മെയ് വഴക്കവും കൊണ്ട് പതുക്കെ ഉരുണ്ട് ജനലിന് അപ്പുറത്തുള്ള സീറ്റിലേയ്ക്ക് അവര്‍ മറിഞ്ഞു വീണു. ഹാവൂ സമാധാനം. രണ്ട് സീറ്റ് ഉറപ്പ്. ഇനി വണ്ടിയില്‍ ഇടയ്ക്കിരുന്നോ നിന്നോ ഒക്കെ പോകാം.

സമയം വൈകുന്നേരം ആറു മണി. ഇനി രണ്ടു മണിക്കൂറെങ്കിലും വേണം കന്യാകുമാരിയെത്താന്‍. ബസ്സ്‌ പതുക്കെ പുറപ്പെട്ടു. കൂടെ മഴയും കനത്തു.

വഴിയില്‍ മിന്നല്‍ പണിമുടക്ക് പലയിടത്തും എത്തി നോക്കിയെങ്കിലും ഞങ്ങള്‍ അതൊക്കെ തട്ടിമാറ്റി പതുക്കെ മുന്നോട്ട് നീങ്ങി.

ഏകദേശം ഒന്‍പത് മണിയോടെ ഹോട്ടലില്‍ എത്തി. കനത്ത മഴ കാരണം കറന്റു ആ ഭാഗത്തൊന്നും ഇല്ല. മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിച്ച് ഞങ്ങള്‍ കിടക്കാനൊരുങ്ങി.

നാളെ അതിരാവിലെ സൂര്യന്‍ ഉദിക്കുന്നത് കാണാന്‍ പോകണം. ഏറ്റവും ഭംഗിയുള്ള സൂര്യോദയ-അസ്തമനക്കാഴ്ചകളില്‍ ഒന്നാണത്രേ ഇവിടുത്തേത്. സൂര്യന്‍ഉദിക്കുന്നതും അസ്തമിക്കുന്നതും കടലില്‍ തന്നെ എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മഴയും മഴക്കാറും മറയ്ക്കാതിരുന്നാല്‍ മതിയായിരുന്നു !!! ഈ കാഴ്ചകളൊക്കെ കാണാന്‍ ഭാഗ്യം വേണം, നേരെ കാണണമെങ്കില്‍ അതിലേറെ ഭാഗ്യവും.

നേരം വെളുക്കുമ്പോഴെയ്ക്ക് മഴ നിന്നിരിക്കുന്നു. ഞങ്ങള്‍ പുലര്‍ച്ചെ ഒരുങ്ങി കടല്‍തീരത്തെത്തി. ഇന്നലെ പെയ്ത മഴയുടെ ബാക്കി വെള്ള ക്കാറുകള്‍ വെള്ളക്കൊറ്റികള്‍ പോലെ അങ്ങിങ്ങ് പാറി നടക്കുന്നു.

രാവിലെ അഞ്ചരയോടടുത്ത് സൂര്യന്‍റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചു. പരന്നു കിടക്കുന്ന കടലും മണല്‍പരപ്പും ഒരുപോലെ കാണായി. അവിടെ ഉദിച്ചുയരുന്ന സൂര്യനെ കാണാന്‍ വ്യൂ പോയിന്‍റ് ഉണ്ടാക്കിയിട്ടുണ്ട്.

അതിനു മുകളില്‍ കയറി നോക്കിയ ഞെങ്ങളെ കാത്തിരുന്ന കാഴ്ച് വളരെ ആകര്‍ഷകമായിരുന്നു. വളരെ വലിയ വട്ടത്തില്‍ കടലില്‍ നിന്ന് ഉദിച്ചുയരുന്ന ചുവന്ന സൂര്യന്‍. സൂരുന്‍റെ വെളിച്ചം തട്ടി അടുത്തുള്ള മേഘപാളികള്‍ ഒക്കെ ചുവന്നിരിക്കുന്നു. പിന്നെ പതുക്കെ സൂര്യന്‍ ഓറഞ്ച് നിറമായി. ഒപ്പം തന്നെ പതുക്കെ വലിപ്പം ചെറുതാകുകയും നിറം മാറുകയും ചെയ്യുന്ന സൂര്യന്‍റെ കാഴ്ച് ഒന്ന് വേറെത്തന്നെയാണ്. ഈ വളരെ ചുരുങ്ങിയ സമയത്തെ സൂര്യന്‍റെ കാഴ്ച് കാണാന്‍ കടല്‍തീരത്ത് എത്ര ജനങ്ങളാണ് വന്നിരിക്കുന്നത്.!!

താമസിയാതെ ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് മടങ്ങി. പ്രാതലൊക്കെ കഴിഞ്ഞ്‍ വിവേകാനന്ദപ്പാറ കാണാനിറങ്ങി. അതിന് ഫെറിയില്‍ പോകണം. 50 രൂപ ടിക്കെറ്റ് എടുക്കണം. വലിയ ബോട്ടില്‍ നിറയെ ആളുകള്‍. ദൂരെ നിന്ന് തന്നെ വിവേകാനന്ദപ്പാറ നന്നായി കാണാം. അതിനു തൊട്ടടുത്തുള്ള വലിയ തിരു വള്ളുവര്‍ പ്രതിമയും. ഞെങ്ങളുടെ ബോട്ട് തിരമാലകള്‍ക്ക് മുകളിലൂടെ പതുക്കെ നീങ്ങി ആ വലിയ പാറയ്ക്കടുത്തുള്ള ബോട്ട് ജെട്ടിയിലെത്തി, ഇറക്കി.

ഞങ്ങളെ അവിടെ കാത്തിരുന്നത് കണ്ണിനെ കുളിര്‍പ്പിക്കുന്ന അനുഭവമായിരുന്നു. ഉള്ളില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത വിവേകാനന്ദന്‍റെ അതികായ പ്രതിമ. അതിശാന്തമായ അന്തരീക്ഷം. താഴത്ത് ‍ ധ്യാനത്തിനുള്ള ഹാള്‍. ഹാളിനു മുന്നില്‍ ആയി ഓം എന്നെഴുതിയ ഒരു വെളിച്ചം. ആര്‍ക്കും കുറച്ചു നേരം ഇരുന്ന് ധ്യാനിക്കാന്‍ തോന്നുന്ന തണുപ്പുള്ള പ്രശാന്തമായ അന്തരീക്ഷം. അവിടെ കുറച്ചു നേരം ഇരുന്ന് മനസ്സ് ശാന്തമാക്കിയ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. ചുറ്റും കടല്‍. തിരമാലകള്‍ പാറയില്‍ തട്ടി പത നുരകളായി മാറുന്നത് എത്ര കണ്ടാലും മതി വരാത്ത കാഴ്ചയാണ്. ഓരോ തിരമാലയും ആവേശത്തോടെ ആ വലിയ പാറയെ കെട്ടി പുണര്‍ന്നു, അലിഞ്ഞില്ലാതായി. അതില്‍ തട്ടി വരുന്ന തണുത്ത കാറ്റ് വെയിലിന്‍റെ ചൂടിനെ ഒട്ടൊന്ന് കുറച്ചു. കൂടെ കന്യാകുമാരി ദേവിയുടെ കാല്‍ പതിഞ്ഞ ഇടം എന്ന് പറയപെടുന്ന ഇടവും കാണാം. സ്വാമി വിവേകാനന്ദനോട് വിട പറഞ്ഞു ഞങ്ങള്‍ ബോട്ടില്‍ കയറി.

അടുത്തു തന്നെ തിരുവള്ളുവരുടെ ഒരു വലിയ പ്രതിമ ഉണ്ട്. അവിടെയും ഇറങ്ങി ആ അതികായ പ്രതിമയുടെ അഭൌമമായ ഭംഗി ആസ്വദിച്ച് ഞങ്ങള്‍ ബോട്ടില്‍ തീരത്തേയ്ക്ക് തിരിച്ചു.

ഇനി കന്യാകുമാരി ക്ഷേത്രം. തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിന്‍റെ ചിട്ടയും മട്ടും ഉണ്ട് കന്യാകുമാരി ക്ഷേത്രത്തിന്. ചുവന്ന വരകളുള്ള ക്ഷേത്ര മതില്‍. കൊത്തുപണികള്‍ കൊണ്ട് നിറഞ്ഞ ക്ഷേത്ര ഗോപുരങ്ങള്‍. ഞങ്ങള്‍ തൊഴുകുമ്പോള്‍ മുക്കുത്തി മുഖത്ത് തിളങ്ങുന്നത് ശ്രദ്ധിക്കാന്‍ മറന്നില്ല. അത് ക്ഷേത്രത്തിനു പുറത്ത് നിന്നും നന്നായി തിളങ്ങുന്നത് കാണാം. പണ്ട് അത് നോക്കിയാണത്രേ പല കപ്പിത്താന്‍മാരും രാത്രികളില്‍ കപ്പലുകളെ പാറകളില്‍ ഇടിച്ചു തകരാതെ നിയന്ത്രിച്ചിരുന്നത്.

അവിടെയുള്ള കടല്‍പ്പുറത്ത് പല നിറങ്ങളിലും ആകൃതിയിലുമുള്ള മണല്‍ ചിതറിക്കിടക്കുന്നത് കാണാം. നല്ല ഭംഗിയുള്ള മണലുകള്‍. കന്യാകുമാരിദേവി ശിവനെ കല്യാണം കഴിക്കാന്‍ കാത്തിരുന്നു ക്ഷമ കെട്ടപ്പോള്‍ ഉണ്ടാക്കി വച്ചിരുന്ന ചോറും കറികളും എടുത്ത് എറിഞ്ഞതാണത്രേ.!! എന്തായാലും നല്ല ഭംഗിയുള്ള മണല്‍ കൊണ്ട് നിറഞ്ഞ കടല്‍ത്തീരം. നമ്മുടെ കുഞ്ഞന്‍ ഇതെല്ലാം വാരി പോക്കറ്റില്‍ നിറയ്ക്കുന്നു.ഇത് പാക്കറ്റില്‍ നിറച്ചു വില്‍ക്കുന്ന കുട്ടികളും ധാരാളം.

മൂന്ന് സമുദ്രങ്ങളും കൂടിക്കലരുന്ന ത്രിവേണി സംഗമം കൂടിയാണ് കന്യാകുമാരി മുനമ്പ്‌. ഓരോ ദിശയിലും ഓരോ സമുദ്രം‍. തിരമാലകള്‍ തലങ്ങും വിലങ്ങും അടിക്കുന്നതൊഴികെ സമുദ്രത്തിലെ വെള്ളത്തിന് വലിയ മാറ്റങ്ങള്‍ ഒന്നും അവിടെ കണ്ടില്ല. ആ പ്രശാന്ത സുന്തരമായ ബീച്ചില്‍ ഞങ്ങള്‍ ഒന്ന് മുങ്ങിക്കുളിച്ചു. എന്തൊരു അനുഭൂതി.

അടുത്തത് ഞങ്ങള്‍ കണ്ടത് മഹാത്മാഗാന്ധി സമാധി മന്ദിരം ആണ്. ഗാന്ധിജിയുടെ അസ്ഥികള്‍ സമുദ്രത്തില്‍ ഒഴുക്കുന്നതിന് മുന്‍പ് ഇവിടെയാണത്രേ സൂക്ഷിച്ചത്. നിറയെ ചരിത്ര പുസ്തകങ്ങള്‍ ഉറങ്ങുന്ന ഇടവും കൂടിയാണ് ഇവിടം.

ചരിത്രവും ചാരുതയും കൂടിക്കലര്‍ന്ന ഇടമാണ് പത്മനാഭപുരം കൊട്ടാരം. ഇനി അവിടെക്കായി യാത്ര. പ്രശാന്ത സുന്ദരമായ വെളിമലയാല്‍ ചുറ്റ പെട്ട അതിന്‍റെ താഴ്വരയില്‍ തലയെടുത്തു നില്‍ക്കുന്ന ഈ കൊട്ടാരം ഏഷ്യയിലെ തന്നെ മരത്തില്‍ പണിത ഏറ്റവും വലിയ കൊട്ടാരമാണത്രേ!!. പലപ്പോഴായി അന്ന് നാട് വാണിരുന്ന രജാക്കന്മാര്‍ പണി കഴിപ്പിച്ച സുന്ദര കെട്ടിട സമുച്ചയങ്ങളാണ് ഈ കൊട്ടാരത്തില്‍. ഇതിനകത്ത് ഇതിന്‍റെ മുഖ്യ കൊട്ടാരം തായ് കൊട്ടാരമാണ്. അതിനു ചുറ്റും പല രാജാക്കന്മാര്‍ അവരുടെ കാലത്ത് പണിതുയര്‍ത്തിയ പ്രൌഡഗംഭീര വാസ്തു ശില്പം കേരള തച്ചു ശാസ്ത്രത്തെ നെഞ്ചിലേറ്റുന്ന കാഴ്ച് നമുക്കോരോരുത്തര്‍ക്കും അഭിമാനം നല്‍കുന്നു. ഏകദേശം 6 ഏക്ക്രയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ കൊട്ടാരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇതിന്‍റെ നടത്തിപ്പ് കേരള ആര്‍കിയൊള ജിക്കല്‍ വകുപ്പിന്‍റെ കീഴില്‍ ആണത്രേ.

സന്ധ്യക്ക് മുന്‍പ് മുനമ്പില്‍ എത്തണം. സൂര്യാസ്തമനം കാണാന്‍. അത് നന്നായി കാണാന്‍ ഒരു വ്യൂ പോയിന്‍റ് അവിടെ പണിതുട്ടുണ്ട് . നേരത്തെ ചെന്നില്ലെങ്കില്‍ സ്ഥലം കിട്ടാന്‍ വിഷമമാണത്രേ.

ഞങ്ങള്‍ തിടുക്കത്തില്‍ വണ്ടിയില്‍ കയറി മടക്ക യാത്ര ആരംഭിച്ചു.

സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കടലില്‍ തന്നെ. ഉദയത്തേക്കാള്‍ ഭംഗിയുണ്ട് അസ്തമനത്തിന്. തനി തങ്ക നിറത്തിലുള്ള സൂര്യന്‍ പതുക്കെ പതുക്കെ കടലിലേയ്ക്ക് ഊളയിടുന്നു. ഊള ഇടുന്തോറും സൂര്യന്‍റെ വലുപ്പവും ചുകപ്പ് നിറവും കൂടിക്കൂടി വന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഭംഗി.

ഇനി ശുചീന്ദ്രം ക്ഷേത്രം കൂടി കാണണം. ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ച് അങ്ങോട്ട്‌ യാത്ര ആരംഭിച്ചു. ഒരു ഭാഗത്ത്‌ കടല്‍. സഹ്യപര്‍വ്വതം കടലിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്നത് പോലെ . പെട്ടെന്ന് തണുത്ത കാറ്റടിച്ചു തുടങ്ങി. താമസിയാതെ പെരുമഴയും. തുള്ളിക്ക്‌ ഒരു കുടം പോലെയുള്ള മഴ. ഇവിടെ അങ്ങിനെയാണത്രേ. എപ്പോഴാണ് മഴ പൊട്ടി വീഴുന്നത് എന്നറിയില്ല. കാറ് കൂടും, മലയില്‍ തട്ടും, തണുക്കും അവിടെത്തന്നെ പെയ്യും.

പകുതി നനഞ്ഞ് പതിനൊന്ന് കി.മി. യാത്ര ചെയ്ത് ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. ആരെയും ആകര്‍ഷിക്കുന്ന തലയെടുത്ത് നില്‍ക്കുന്ന ഗോപുരത്തിന്‍റെ ശില്പ ചാതുരി. അകത്തു കടന്നപ്പോള്‍ കണ്ടത് വിശാലമായ ക്ഷേത്ര സമുച്ചയമാണ്‌. ഇവിടത്തെ പ്രതിഷ്ഠയുടെ പ്രത്യേകത ഇവിടത്തെ ശിവലിംഗത്തില്‍ മുകളില്‍ ശിവനും, നടുക്ക് വിഷ്ണുവും, താഴെ ബ്രഹ്മാവ്‌മാണ് സങ്കല്‍പ്പം. ഇത്തരത്തില്‍ ഉള്ള ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ വിരളമായിരിക്കും.

കൂടാതെ പതിനെട്ട് അടി ഉയരമുള്ള ഹനുമാനാണ് ഇവിടത്തെ മറ്റൊരു പ്രത്യകത. വടമാലയും ഇവിടത്തെ പ്രധാന വഴിപാടും. എവിടെ ഹനുമാനുണ്ടോ അവിടെ വട കിട്ടും തീര്‍ച്ച!!. അശോക വനത്തില്‍ സീതാ ദേവിക്ക് കാണിച്ചു കൊടുത്ത രൂപമാണത്രേ ഈ ദീര്‍ഘകായ പ്രതിമ . എന്തായാലും മനസ്സില്‍ എക്കാലത്തും സൂക്ഷിക്കുന്ന രൂപമാണ് ഈ ഹനുമാന്‍റെത്.

പിന്നെ വിശാലമായ സ്ഥലത്ത് കൊച്ചു കൊച്ചു പ്രതിഷ്ട്കള്‍, അതി വിശാലമായ ഒരു അമ്പലക്കുളം. ആയിരം കാല്‍ മണ്ഡപത്തില്‍ സപ്ത സ്വരങ്ങള്‍ വായിക്കുന്ന തൂണുകള്‍ അങ്ങനെ പലതും.

അവിടത്തെ ഗ്രാമം മുഴുവന്‍ ഈ ക്ഷേത്ര സമുച്ചയം നിറഞ്ഞു നില്‍ക്കുന്നതായി നമുക്ക് തോന്നും.

രാത്രി വൈകിയതോടെ മഴ ശമിച്ചു. ഞങ്ങള്‍ ഹനുമാന്‍റെ ഗാംഭീര്യം കണ്ണിലും മനസ്സിലും നിറച്ച് ഹോട്ടലിലേക്ക് മടങ്ങി.

പിറ്റേ ദിവസം രാവിലെ ആ തങ്ക സൂര്യോദയം ഒരിക്കല്‍ കൂടി കണ്ണില്‍ നിറച്ച് ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. ഇപ്രാവശ്യം റോട്ടിലും ആകാശത്തും മിന്നല്‍ കണ്ടില്ല. കന്യാകുമാരിയെ കണ്‍നിറയെ കണ്ട സന്തോഷത്തോടെ ഞങ്ങള്‍ വീണ്ടും യാത്രയായി.