Thursday 26 October 2017

ഇങ്ക്വിലാ സിന്ദാബാ









എടാ സ്കൂള്‍ ബസ്സ് വരാന്‍ സമയമായി. വേഗം ചോറ്റുപാത്രം പാത്രം പെട്ടിയില്‍ വച്ച് ഓടാന്‍ നോക്ക്, രാജുവിന്‍റെ അമ്മ ശാസനാ രൂപത്തില്‍ പറഞ്ഞു.

നാലാം ക്ലാസ്സില്‍ പഠിക്കുന്ന രാജു തലയില്‍ കുരുവിക്കൂട് ഉണ്ടാക്കുന്ന തിരക്കിലാണ്. അതിനൊരു പ്രത്യേക ടെക്നിക് ഉണ്ട്. കുളി കഴിഞ്ഞ് മുടി ഉണങ്ങുന്നതിന് മുന്‍പ് തലയുടെ മുന്‍ഭാഗത്തെ മുടി ചീപ്പുകൊണ്ട് ചെറുതായൊന്നു പൊക്കി, മറുഭാഗം കൈകൊണ്ടു മെല്ലെ തട്ടി താഴ്ത്തി ഒരു പ്രത്യേക കര വിരുതു കൊണ്ടാണ് കുരുവിക്കൂട് ഉണ്ടാക്കുന്നത്‌. അമ്മ എപ്പോഴും അത് കണ്ടാല്‍ പറയും, അതാ വരുന്നു കുരുവി, നിന്‍റെ കൂട്ടില്‍ ഇരിക്കാന്‍.

ചോറ്റുപാത്രം അടക്കുന്നതു ഒരു ബുദ്ധിമ്മുട്ടു പിടിച്ച പണിയാണ്. നന്നായി അടച്ചില്ലെങ്കില്‍ ചോറിലെ കറിയെല്ലാം ഒലിച്ചു പുറത്തുപോയി പുസ്തകമെല്ലാം വൃത്തികേടാകും. കോഴിമുട്ട ആകൃതിയിലുള്ള ആ ചോറ്റുപാത്രം രണ്ടു കൈകളും ചേര്‍ത്ത് രാജു അമര്‍ത്തി അടച്ചു. മുഴുവന്‍ അടയണമെങ്കില്‍ അതിന്‍റെ മുകളില്‍ ഇരിക്കണം. അതല്ലെങ്കില്‍ ടപ്പോ എന്ന് പെട്ടെന്ന് തുറക്കും.

ഇനിയിപ്പോ ഇത് ഞെങ്ങടെ ഏലിയാമ്മ ടീച്ചര്‍ക്കും കൂടി തുറക്കാന്‍ കിട്ടില്ല, ചിലപ്പോള്‍ ഹെഡ് മാസ്റ്ററായ പള്ളീലച്ചന്റെ അടുത്തു തന്നെ പോകേണ്ടി വരും. രാജു അതോര്‍ത്ത് ചെറുതായൊന്ന് പുഞ്ചിരിച്ചു. ആര്‍ക്കും തുറക്കാന്‍ കിട്ടിയില്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ ആയ പള്ളീലെ അച്ചന്‍റെ അടുത്തു കൊണ്ടുപോകും. അച്ചന്‍ വളരെ ബുദ്ധിമ്മുട്ടി തുറന്നിട്ട്‌ ചോദിക്കും, ആരാടാ ഇത് ഇത്ര മുറുക്കി അടച്ചത്, ഇനി ഇത് ഇങ്ങോട്ട് തുറക്കാന്‍ കൊണ്ടുവന്നാല്‍ നിനക്ക് ഇതിനകത്തെ ചോറ് ഞാന്‍ തരത്തില്ല., എല്ലാം ഞാന്‍ കഴിക്കും…. എന്നിട്ട് കണ്ണിറുക്കി ഒരു ചിരി ചിരിക്കും.

ഇനി ഇപ്പൊ പുസ്തക പെട്ടി അടയ്ക്കണം. ടൈം ടേബിളൊന്നും എടുത്തു വയ്ക്കാന്‍ നേരമില്ല.. എല്ലാ പുസ്തകവും അതില്‍ തിരുകി കയറ്റി. പക്ഷെ ഇനി അടയുകയുമില്ല. അതിന് രാജുവിന്‍റെ കയ്യില്‍ എളുപ്പ വഴി ഉണ്ട്. അവന്‍ അതിനു മുകളില്‍ ചന്തി ഒന്നമര്‍ത്തി ഇരുന്നു.. പെട്ടിയുടെ കൊളുത്ത് അനായാസം ഇട്ട്, പെട്ടി എടുത്ത് സ്കൂള്‍ ബസ്സ്‌ പിടിക്കാന്‍ ഓടി.

ഹാവു ഭാഗ്യത്തിന് സ്കൂള്‍ ബസ്സ് വരുന്നേ ഉള്ളു. ഒരു മിനിട്ട് വൈകിയിരുന്നെങ്കില്‍ കിട്ടില്ലായിരുന്നു. എന്തായാലും ചേട്ടന്മാരുടെ കൂടെ തിക്കി തിരക്കി അകത്ത് കയറിപ്പറ്റി. സീറ്റ് കിട്ടിയില്ലെങ്കില്‍ നിന്ന്‍ തന്നെ പോകണം. അപ്പോള്‍ പലപ്പോഴും ബസ്സിന്‍റെ കമ്പി പിടിക്കാതെ, വീഴാതെ എങ്ങനെ നില്‍ക്കാം എന്ന പരിശ്രമത്തിലായിരിക്കും അവന്‍. പ്പോഴും എന്തെങ്കിലും പുതിയത് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് രാജു.

ബസ്സ്‌ ചെറുതോണി മാര്‍ക്കെറ്റ് കഴിഞ്ഞ് വാഴത്തോപ്പിലെത്തി. അവിടെ നിന്ന് സ്കൂളില്‍ എത്താന്‍ കുന്നിന്‍ മുകളിലേക്ക് നടക്കണം . കുന്നിന്‍ മുകളില്‍ നല്ല ഭംഗിയുള്ള പള്ളിയും പള്ളിക്കൂടവും.

രാജുവും കൂട്ടരും അസംബ്ലി കഴിഞ്ഞ് ക്ലാസ്സില്‍ ചെന്ന് പുസ്തകം തുറക്കുമ്പോഴേക്കും ഒരു കൂട്ടം മുതിര്‍ന്ന ചേട്ടന്മാര്‍ ബഹളം ഉണ്ടാക്കിക്കൊണ്ട് ക്ലാസ്സില്‍ കയറി വന്നു. , വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടി എടുക്കാന്‍. ഇന്ന് സമരമാണത്രേ, അതുകൊണ്ട് എല്ലാവരോടും വീട്ടില്‍ പോകുവാന്‍ പറഞ്ഞു. ഇങ്ക്വിലാ സിന്ദാബാ , അവകാശങ്ങള്‍ നേടിയെടുക്കും എന്ന്‍ ഉറക്കെ പറഞ്ഞുകൊണ്ട് അവര്‍ ആവേശത്തോടെ പുറത്തേക്ക് ഇറങ്ങി.
രാജു പതുക്കെ പെട്ടിയും തൂക്കി പുറത്തേക്കിറങ്ങി.. ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഒരു അപ്രതീക്ഷിത സ്വാതന്ത്ര്യം കിട്ടിയ പ്രതീതി. അല്പനേരം അവനും കൂട്ടകാരും അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു തിരിഞ്ഞു നടന്നു, അവസാനം അവര്‍ വീട്ടില്‍ പോകുവാന്‍ തീരുമാനിച്ചു.

പക്ഷേ സ്കൂള്‍ ബസ്സ്‌ വരുവാന്‍ വൈകുന്നേരമാകും അതുവരെ കാത്തു നില്‍ക്കുന്നതിനു പകരം നടക്കുക തന്നെ.

മൂന്നു നാല് കിലോമീറ്റര്‍ ദൂരമുണ്ടാകും. അവര്‍ ബസ്സുകള്‍ പോകുന്ന പൊതു നിരത്തില്‍ കൂടി നടക്കാന്‍ തുടങ്ങി. നിരത്തിലൂടെ ബസ്സ്‌ വരുന്നത് കണ്ട് രാജു ഒരു തമാശ പൊട്ടിച്ചു, "നിങ്ങക്ക് ഇപ്പൊ ബസ്സ്‌ മറിഞ്ഞു വീഴുന്ന കാണണോ, ഞാന്‍ ഒന്ന് കാല് വച്ചു കൊടുക്കാന്‍ പോകുവാ”, എന്ന് പറഞ്ഞു അവന്‍റെ ചെറിയ കാല്‍ ഒരു രണ്ടിഞ്ചു മുന്നോട്ടു വച്ചു. മറ്റു കുട്ടികള്‍ പേടിച്ച് അവനെ പുറകിലേക്ക് വലിച്ചു. "നിങ്ങള്‍ ഇപ്പൊ പിടിചില്ലാര്‍ന്നേല്‍ ആ വണ്ടി മറിഞ്ഞേനെ” രാജു ചിരിച്ചുകൊണ്ട് വീമ്പിളക്കി.

അങ്ങനെ വികൃതി കാണിച്ച് നടക്കുന്നതിനിടയില്‍ രാജുവും കൂട്ടരും കുറെ ചുകന്ന തോരണങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന സ്ഥലത്തെത്തി. ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തിനു തൂക്കിയ കോടി തോരണങ്ങള്‍ ആയിരുന്നു അത്. അവര്‍ അതിനു താഴെ നിന്ന് കുറെ ഇങ്ക്വിലാ സിന്ദാബാ മുഴക്കി. . ഇതിനിടയില്‍ രാജു പതുക്കെ അവിടെ കുത്തി നിറുത്തിയിരുന്ന, ചുവപ്പും വെള്ളയും തോരണങ്ങള്‍ ഒട്ടിച്ച ഒരു കൊമ്പ് പുഴക്കി എടുത്തു. കൂടെ മറ്റുള്ളവരും ഓരോ ചില്ലകള്‍ പുഴക്കി മുദ്രാ വാക്യങ്ങള്‍ മുഴക്കി. ഇനി ഇതു കൊണ്ട് തന്നെ യാത്ര. അവരുടെ മുദ്രാവാക്യങ്ങള്‍ മലകളാല്‍ ചുറ്റപെട്ട ആ പ്രദേശത്ത് മറ്റു മലകളില്‍ തട്ടി മാറ്റൊലിക്കൊണ്ടു.

കുറച്ചു ദൂരം നടന്നപ്പോഴേക്കും അതാ വരുന്നു ഒരു ജീപ്പ്. വെയിലത്ത്‌ നടന്നു തളര്‍ന്നു തുടങ്ങിയ രാജുവും കൂട്ടരും ജീപ്പ് തടുക്കാന്‍ തീരുമാനിച്ചു. തങ്ങളെ വീട്ടില്‍ കൊണ്ടുപോയി ഇറക്കണം എന്നതാണ് ആവശ്യം. ജീപ്പിനു കൈ കാട്ടി. പക്ഷെ ജീപ്പ് നിറുത്താതെ കടന്നു പോയി. ഇത് കണ്ട രാജുവിന് വാശി കൂടി.

അടുത്ത ഒരു ജീപ്പ് കൂടി വരുന്നു. ഡാം പണി നടക്കുന്നിടത്തെ വലിയ സാറന്‍മ്മാരാണെന്ന് തോന്നുന്നു. എങ്കിലെന്ത് ഞങ്ങളെ ഞെങ്ങടെ വീട്ടില്‍ കൊണ്ടുപോയി ആക്കണം. കൈ കാണിച്ചു, പക്ഷെ അതും നിറുത്താതെ കടന്നുപോയി.

ദേഷ്യം വന്ന രാജുവും കൂട്ടുകാരും അടുത്ത ജീപ്പ് വന്നപ്പോള്‍ തോരണക്കൊമ്പ് പിടിച്ച് നടു റോഡില്‍ നിന്നു. ആ ജീപ്പ് സീല്‍ക്കാരം പൂണ്ട് കൊണ്ട് നിറുത്തി. ഡ്രൈവര്‍ കാര്യം എന്താണെന്ന് തിരക്കി. ഞങ്ങളെ വീട്ടില്‍ കൊണ്ടുപോയി ആക്കണം. "പക്ഷെ ഞങ്ങള്‍ ആ വഴിക്ക് പോകുന്നില്ലല്ലോ" എന്ന്‍ ഡ്രൈവര്‍. എന്തായാലും മുന്നില്‍ ഇരുന്ന മുതിര്‍ന്ന അങ്കിള് ഞങ്ങളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി.  പകുതി വഴി വരെ കൊണ്ടു പോകാം എന്ന്‍ ‍ പറഞ്ഞു. വിപ്ലവാവേശത്തിനിടയില്‍ ആരാണ് മുന്നില്‍ ഇരിക്കുന്നത് എന്നൊന്നും നോക്കിയേ ഇല്ല. ആരായാലെന്താ, ഞങ്ങളുടെ ആവശ്യങ്ങള്‍ നേടി എടുക്കണം. അത്ര മാത്രം.

തോരണങ്ങള്‍ പിടി വിടാതെ രാജുവും കൂട്ടരും ജീപ്പിന്റെ പുറകില്‍ കയറിപ്പറ്റി. പകുതി വഴിയെത്തിയപ്പോള്‍ ഇറങ്ങി. തങ്ങളുടെ വിപ്ലവം ജയിച്ച മട്ടില്‍ ഇങ്കിലാ സിന്ദാബാ വിളിച്ചു കൊണ്ട് അവര്‍ വരി വരിയായി വീട്ടില്‍ എത്തി. ഇതു കണ്ടമ്പരന്ന അമ്മ ഇതെതാണെന്ന് തിരക്കി. ഇന്ന് സ്കൂളില്‍ സമരമാ എന്ന്‍ പറഞ്ഞ് രാജു തോരണക്കൊമ്പും എടുത്ത് കൊണ്ട് കൂട്ടുകാര്‍ക്കൊത്ത് പുറത്തേക്കോടി…. വിപ്ലവം ജയിച്ചത്‌ ആഘോഷിക്കാന്‍…

ഒരു കുന്നില്‍ നിന്ന്‍ മറ്റേ കുന്നിലേക്ക് കേള്‍ക്കുമാറ് വിപ്ലവ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അവര്‍ ഓടി നടന്നു.

ആഹാരം പോലും കഴിക്കാതെ വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് തിരിച്ചു വീട്ടില്‍ വരുമ്പോള്‍ അച്ഛന്‍ തലയില്‍ കൈയും വച്ച് എന്നെ കാത്ത് ഇരിക്കുന്നു. ദേഷ്യം കൊണ്ട് കണ്ണ് ചുവന്നിട്ടുണ്ട്.

രാജു വീട്ടിനകത്ത് കയറിയതും പടക്കം പൊട്ടുന്ന രീതിയില്‍ പുറത്ത് അടി വന്നു വീണു. വിപ്ലവത്തില്‍ ലാത്തിച്ചാര്‍ജുണ്ടാകുന്ന കാര്യം രാജു അറിഞ്ഞിരുന്നില്ല. ലാത്തിച്ചാര്‍ജിനിടയില്‍ അച്ഛന്‍ പോലീസ് പറയുന്നത് കേട്ടു. "നീ തടഞ്ഞു നിറുത്തിയ ആ ജീപ്പ് എന്‍റെ മേലധികാരിയുടെ ആയിരുന്നു”. അദ്ദേഹം ഞങ്ങളെ വിട്ട് നേരെ ചെന്ന് അച്ഛനോട് ചോദിച്ചുവത്രേ, "എടോ നിന്‍റെ മകന്‍ വലിയ സമരക്കാരനായി അല്ലേ, അവന്‍ എന്‍റെ ജീപ്പ് തടഞ്ഞു സമരം നടത്തി.” അതുകേട്ട് അച്ഛന്‍ അലിഞ്ഞ് ഐസായി പോലും !!!

അച്ഛന്‍ പോലീസ് തലങ്ങും വിലങ്ങും അടിച്ചു. അടി കൊണ്ട് തളര്‍ന്ന ആ കൊച്ചു വിപ്ലവകാരി ചുവപ്പും വെളുപ്പും കലര്‍ന്ന തോരണങ്ങള്‍ സ്വപ്നം കണ്ടുകൊണ്ട്‌ കരഞ്ഞു കരഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു.



Tuesday 4 July 2017

ശുചിത്വമോ.... അതെനിക്കറിയാം







ഏതൊരു പ്രദേശത്തിന്‍റെയും സ്ഥാപനത്തിന്‍റെയും ആകര്‍ഷണീയത അതു എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ്. ആ സ്ഥലം വേണ്ടത്ര വൃത്തിയില്ലെങ്കില്‍ ആരിലും മതിപ്പുളവാക്കാന്‍ വളരെ വിഷമമാണ്.

ഇതു തന്നെ ഒരു ഗ്രാമത്തിനോ, പട്ടണത്തിനോ, സംസ്ഥാനത്തിനോ രാജ്യത്തിനോ ബാധകമാണ്.

നമ്മുടെ രാജ്യത്തില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ ആ രാജ്യത്തിന്‍റെ വൃത്തിയെക്കുറിച്ച് വളരെ മതിപ്പുളവാക്കുന്ന രീതിയില്‍ സംസാരിക്കാറുണ്ട്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലെ വൃത്തിയെക്കുറിച്ച്. അവിടെ വൃത്തി എന്നത് അവരുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു.

ഇതിന്‍റെ അര്‍ത്ഥം നാം വൃത്തി ഇല്ലാത്തവരാണ് എന്നല്ല. പൊതുവേ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വീടുകള്‍ വളരെ വൃത്തിയാര്‍ന്നവയാണ്. നാം പലരും നമ്മുടെ വീട്ടില്‍ ചെരുപ്പ് പോലും ഉപയോഗിക്കുന്നില്ല. കേരളത്തില്‍ പലരും വളരെ വൃത്തിയുള്ള തൂ വെള്ള മുണ്ടും തൂ വെള്ള ഷര്‍ട്ടും ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്.

അവരവരുടെ വീട് വളരെ വൃത്തിയാക്കിവക്കുകയും നമ്മുടെ വീടിനു പുറത്ത് എങ്ങനെ ആയാലും വിരോധമില്ല എന്ന് കരുതുകയും ചെയ്യുന്ന മനോഭാവം ആണ് വിഷമം ഉണ്ടാക്കുന്നത്. ആ മനോഭാവം മാറ്റിയാല്‍ വലിയൊരളവില്‍ നമ്മള്‍ നമ്മുടെ പരിസരം വൃത്തിയാക്കി വയ്ക്കുന്നതില്‍ വിജയിക്കും.

മിക്ക ആരാധനാലയങ്ങളും വളരെ വൃത്തിയുള്ളവയാണ്. പക്ഷേ അധികം തീര്‍ഥാടകര്‍ വരുന്നിടത്ത് വൃത്തിയുടെ മാനദണ്ഡം മാറുന്നു. കാശി മധുര എന്നിവിടങ്ങളില്‍ ഇത് ശ്രദ്ധേയമാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌?

നമ്മുടെ വീടിനു പുറത്തും, പരിസര പ്രദേശങ്ങളും,നിരത്തും, എന്തുകൊണ്ടാണ് ഇങ്ങനെ മലിനപ്പെട്ടു കാണുന്നത്.

ഇതു മുനിസിപ്പാലിറ്റി അവരുടെ ജോലി ചെയാത്തത് കൊണ്ടാണോ, മറ്റുള്ള അധികൃതര്‍ അവരുടെ ജോലി ശരിക്ക് ചെയ്യാത്തത് കൊണ്ടാണോ? അതോ ആവശ്യത്തിനു ചവറ്റുവീപ്പകള്‍ വേണ്ടിടത്ത് സ്ഥാപിക്കാത്തത് കൊണ്ടാണോ? അതോ നമ്മള്‍ തീരെ ശ്രദ്ധയില്ലാതെ ചപ്പു ചവറുകള്‍ അങ്ങിങ്ങ് വലിച്ചെറിയുന്നത് കൊണ്ടാണോ?

ഒരു പക്ഷേ ഇതെല്ലാം കൂടിയാവാം.

പരിസര ശുചീകരണത്തിലുള്ള അനാസ്ഥ കുറേ കാലമായി തുടര്‍ന്നു വരുന്ന ഒരു പൊതു പ്രവണതയാണ്. നാം പൊതു സ്ഥലത്ത് വച്ചു എന്തെങ്കിലും കഴിച്ചാല്‍, അതിന്‍റെ അവശിഷ്ടങ്ങള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ചുറ്റുപാടും വലിച്ചെറിയുന്നു. മിക്ക തെരുവു കച്ചവടക്കാരുടെ പക്കലും ചവറ്റു കുട്ട ഉണ്ടാകാറുമില്ല. 'അവിടെ എവിടെയെങ്കിലും ഇട്ടോളൂ' എന്നുള്ള മറുപടിയാവും മിക്ക കച്ചവടക്കാരുടെ അടുത്തു നിന്നും കേള്‍ക്കുക.

മുന്‍കാലങ്ങളില്‍ ഈ മനോഭാവം തുലോം കുറവായിരുന്നു. പീടിക സാധനങ്ങള്‍ പൊതിയാന്‍ തേക്കിന്‍റെ ഇലയോ കടലാസോ ആണ് ഉപയോഗിച്ചിരുന്നത്. ഇതു പിന്നീട് മണ്ണിനോട് വളരെ വേഗത്തില്‍ അഴുകിച്ചേരുന്നു എന്നതിനാല്‍ എവിടെ നിക്ഷേപിച്ചാലും വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.

പക്ഷേ ഇന്ന്, പ്ലാസ്റ്റിക്കിന്‍റെ വരവോടെ ഈ സ്ഥിതി പാടെ മാറി. അങ്ങിങ്ങ് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ മണ്ണിനോട് ചേരാതെ അവിടവിടെ കുമിഞ്ഞു കൂടി തുടങ്ങി.

അതില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകി. പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിച്ചു. പശുക്കളും മറ്റു മൃഗങ്ങളും ഇതു ആഹാരാവശിഷ്ടങ്ങളുടെ കൂടെ തിന്നു, വയറു വീര്‍ത്തു ചത്തു തുടങ്ങി.

പട്ടണങ്ങളില്‍ ജനവാസം പതിന്മടങ്ങ് വര്‍ദ്ധിച്ചതോടെ ഇങ്ങനെ കുമിഞ്ഞു കൂടിവന്ന ചപ്പു ചവറുകള്‍ നിക്ഷേപിക്കാനോ അവ നിര്‍മ്മാര്‍ജനം ചെയ്യാനോ അധികൃതര്‍ക്ക് ബുദ്ധിമ്മുട്ടായി വന്നു.

അവര്‍ താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ പട്ടണത്തിനു പുറത്തു ഇവ നിക്ഷേപിക്കുവാന്‍ ഉള്ള അനുവാദം കൊടുത്തു. ആ നിക്ഷേപ കൂമ്പാരങ്ങള്‍ വലിയ കുന്നുകളായി വളര്‍ന്നു വലുതായി രാക്ഷസ്സാകാരം പൂണ്ടു, പട്ടണത്തെ തന്നെ വിഴുങ്ങുമെന്ന നിലയിലെക്കെത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു.

മറ്റൊരു പ്രധാന അപകടകരമായ സ്വഭാവം പൊതു സ്ഥലത്തുള്ള മല മൂത്ര വിസര്‍ജനമാണ്. പണ്ട് വീടുകളില്‍ത്തന്നെ കക്കൂസുകള്‍ കുറവായിരുന്നപ്പോള്‍ രാവിലെ മല മൂത്ര വിസര്‍ജനതിന് പുറത്തു പോകുക പതിവായിരുന്നു. ഈ പ്രവൃത്തിക്ക് 'വെളിക്കു പോകുക' എന്ന പേര് സിദ്ധിച്ചത് ഇതുകൊണ്ടാണ്. ഈ മനോഭാവം ഇന്നും മാറിയിട്ടില്ല. വീട്ടില്‍ കക്കൂസുള്ളവരും 'വെളിക്കു' പോകുന്ന പ്രവണത ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നറിഞ്ഞാല്‍ വിഷമം തോന്നും.

പട്ടണത്തില്‍ എത്തിയാലും പൊതുസ്ഥലത്ത് ഈ പ്രവൃത്തി തുടരുക എന്നത് വളരെ ജുഗുപ്സാവഹം തന്നെയാണ്. ആയിരക്കണക്കിനാളുകളുടെ ഈ പ്രവൃത്തികൊണ്ട് ആ പ്രദേശം മുഴുവന്‍ വൃത്തികേടു മയമായിത്തീരുന്നു. ഇത്തരത്തിലുള്ള ബഹുഭൂരിഭാഗം ജനങ്ങളുടെ ശ്രദ്ധക്കുറവോടെ ഉള്ള പ്രവൃത്തികൊണ്ട് എത്ര മാരകമായ രോഗങ്ങളേയും, പകര്‍ച്ചവ്യാധികളെയുമാണ് നാം ക്ഷണിച്ചു വരുത്തുന്നത്.

എന്നാല്‍ വളരെ വൃത്തിയുള്ള ഗാംഗ്ടോക് പോലുള്ള പട്ടണങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ട്. അവിടെ പരിസര ശുതിത്വം അവരുടെ ഒരു ദിനചര്യ ആണ്. രാവിലെ അവിടത്തെ എല്ലാ കടകളും തുറന്ന് അവരവരുടെ കടയിലെയും വീടുകളിലേയും ചപ്പു ചവറുകള്‍ അവിടെ വരുന്ന ശുചീകരണ വണ്ടിയില്‍ കൊണ്ടുപോയി നിക്ഷേപിക്കുക എന്നത് അവരുടെ ദിനചര്യ ആണ്. അതുപോലെ പച്ചക്കറി ചന്തകള്‍ രാത്രി അടച്ചു പോകുന്നതിനു മുന്‍പ് പരിസരമടക്കം അടിച്ചു വൃത്തിയാക്കി എല്ലാം ചവറ്റു കുട്ടയില്‍ ഇട്ടിട്ടാണ് അവര്‍ അന്നത്തെ ദിവസം അവസാനിപ്പിക്കുന്നത്. ഇതും നമ്മുടെ ഇന്ത്യാ രാജ്യത്തു തന്നെ നടക്കുന്നു എന്ന് കാണുമ്പോള്‍ അതിശയവും, അഭിമാനവും, ആദരവും തോന്നും.
അവിടത്തെ പ്രധാന മാര്‍ക്കറ്റ്‌ ആയ എം ജി റോഡില്‍ നിരത്തില്‍ തുപ്പാന്‍ പോലും പാടില്ല. അത് അവിടെ എല്ലാവരും പാലിക്കുകയും ചെയ്യുന്നതു കൊണ്ട് പരിസരമെല്ലാം സ്ഫടികം പോലെ വൃത്തിയായി കിടക്കുന്നു.

മറ്റൊരു പ്രവണത എന്നത്, വീടുകളിലും, ഹോട്ടലുകളിലും മറ്റും ഉള്ള മലിന ജലം അടുത്തുള്ള നദിയിലേക്കോ, തോട്ടിലേക്കോ താല്‍ക്കാലിക സൗകര്യത്തിനു ഒഴുക്കി വിടുന്നു എന്നതാണ്. ഇങ്ങനെ ഒരു പട്ടണത്തിലെ മുഴുവന്‍ മാലിന്യങ്ങള്‍ അടുത്തുള്ള പുഴയിലേക്ക് ഒഴിക്കി വിട്ടാലത്തെ സ്ഥിതി ഒന്ന്‍ ആലോചിച്ചു നോക്കൂ. അങ്ങനെയാണ് നമ്മുടെ പ്രധാന നദികളായ ഭാരതപ്പുഴയും, പെരിയാറും മറ്റു നദികളും മലീമസമായത്. ഉത്തരേന്ത്യയില്‍ യമുന ഒഴുക്ക് നിറുത്തി ഒരു വലിയ അഴുക്ക് ചാലായി മാറിയിരിക്കുന്നു. ഗംഗാനദിയും വൈകാതെ ഈ നിലയിലാകും.
ഇപ്പോഴത്തെ പുതിയ പ്രവണത കൊന്ന കോഴികളുടെയും, ആട് മാടുകളുടെയും അവശിഷ്ട്ടങ്ങള്‍ പുഴയിലും റോഡിനരികിലും ആരും അറിയാതെ നിക്ഷേപിക്കുക എന്നതാണ്. ഇതും ഒരു എളുപ്പ വഴി. ഇതു എന്‍റെ പരിസരം വൃത്തിയാക്കി വച്ച് മറ്റുള്ളവരുടെ പരിസരം അങ്ങേയറ്റം വൃത്തികേടാക്കുക എന്ന മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമല്ലേ?

ഈ നിലയില്‍ അഴുക്ക് ചാലുകളും അഴുക്ക് കൂമ്പാരങ്ങളും ഉണ്ടായിക്കൊണ്ടിരുന്നാല്‍ നമ്മുടെ അധികൃതര്‍ അഹോ രാത്രം പണിയെടുത്താലും ഇന്നത്തെ നില മെച്ചപ്പെടില്ല.

വികസിത രാജ്യങ്ങളായ യൂറോപ്പിലും അമേരിക്കയിലും പ്രാദേശിക അധികൃതരല്ല അവിടെ നിരത്തുകള്‍ വൃത്തിയാക്കുന്നത്. അവിടെ ഒരു സ്ഥിര സംവിധാനം ഉണ്ട്. ജനങ്ങള്‍ അതിനോട് അങ്ങേയറ്റം സഹകരിക്കുന്നു.

പാശ്ചാത്യ നാടുകളില്‍ സ്വന്തം വീടിനടുത്തുള്ള പരിസരപ്രദേശങ്ങളും അത് അവനവന്‍റെ അല്ലെങ്കില്‍ കൂടി, വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ തദ്ദേശ അധികൃതര്‍ പിഴ ചുമത്തും. കോടതിയില്‍ വിളിച്ചു വരുത്തി അച്ചടക്ക നടപടി എടുക്കും.

നമ്മള്‍ ഓരോരുത്തരും മാലിന്യത്തോടുള്ള, പരിസര ശുചീകരണത്തോടുള്ള സമീപനം മാറ്റണം. സ്വന്തം വീടും ശരീരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ശ്രമിക്കണം.

നമുക്ക് മാലിന്യത്തെ വേണ്ടരീതിയില്‍ സംസ്കരിച്ച് ഊര്‍ജമാക്കി മാറ്റാന്‍ സാധിക്കണം, മലിന ജലത്തെ സംസ്കരിച്ച് കൃഷിക്കനുയോജ്യമായ വളമാക്കി മാറ്റാന്‍ സാധിക്കണം, പ്രകൃതിക്കനുയോജ്യമായ മറ്റു പല അസംസ്കൃത വസ്തുക്കളും ആക്കി മാറ്റാന്‍ സാധിക്കണം. അതിനു വേണ്ടി അധികൃതരും ജനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം.

ഇല്ലെങ്കില്‍ ദൈവത്തിന്‍റെ സ്വന്തം നാടായ, പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ ഈ കൊച്ചു കേരളം ഒരു ചവറ്റു കൂനയായി മാറും. ഇവിടുത്തെ മനുഷ്യരും, ജീവജാലങ്ങളും മഹാരോഗ വാഹിനികളായും.





















Wednesday 19 April 2017

എങ്കിലും എന്‍റെ ചിന്നാ...





രാവിലെ ഏട്ടന്‍ ഉമിക്കരി കയ്യില്‍ ഇട്ടു തന്നിട്ട് പറഞ്ഞു, തെക്കും, വടക്കും നോക്കി നടക്കാതെ വേഗം പോയി പല്ലു തേക്കെടാ.

ഞാന്‍ ഉമിക്കരിയും പൊളിച്ച ഈര്‍ക്കിലയുമായി കിഴക്കേ തിണ്ടത്തേക്ക് നടന്നു.

മൂളിപ്പാട്ടും പാടി പല്ലു തേക്കുന്നതിനിടയില്‍ തെങ്ങിന്‍റെ ചുവട്ടിലേക്ക് അച്ചിങ്ങ പോലെ എന്തോ ചെറിയ ഒരു സാധനം വീഴുന്നത് കേട്ടു. വെറുതെ അങ്ങോട്ട്‌ ഒന്ന് കണ്ണ് പായിച്ചു. അപ്പോള്‍ അവിടെ എന്തോ ഇളകുന്നത് പോലെ. വേഗം അടുത്തു ചെന്ന് നോക്കിയപ്പോള്‍ രണ്ടു അണ്ണാന്‍ കുഞ്ഞുങ്ങള്‍. അവയെ ഉറുമ്പുകള്‍ ആകെ പൊതിഞ്ഞിരിക്കുന്നു.

രണ്ടിനെയും വേഗം ഇലയിലാക്കി വീട്ടിനകത്തേക്ക്‌ ഓടി. എട്ടന് കാണിച്ചു കൊടുക്കാന്‍.

ഏട്ടാ ഇതു നോക്കൂ, രണ്ടു അണ്ണാന്‍ കുഞ്ഞുങ്ങള്‍, ഇപ്പൊ തെങ്ങിന്‍റെ മുകളില്‍ നിന്ന്‍ വീണതാ.

ഏട്ടന്‍ വേഗം വാങ്ങി അവരുടെ ദേഹത്തുള്ള ഉറുമ്പിനെ ഒക്കെ തട്ടി മാറ്റി. ഒരാള്‍ അനങ്ങുന്നുണ്ട്. മറ്റേതിനു അനക്കവുമില്ല. കുറച്ചു നേരം സൂക്ഷിച്ചു നോക്കിയിട്ട്, ഏട്ടന്‍ പറഞ്ഞു, ഒന്ന്‍ ചത്തിരിക്കുന്നു. മറ്റേതു എങ്ങനെയാ ജീവിക്ക ആവോ…

അതിന് പാല് കൊടുക്കാ ഏട്ടാ…

ഞാന്‍ ഫില്ലര്‍ എടുക്കാനായി ഓടി.. ഫില്ലറില്‍ കൂടി പാലുംവെള്ളം തുള്ളിയായി തുള്ളിയായി കൊടുത്തപ്പോള്‍ അത് പതുക്കെ കുടിച്ചു തുടങ്ങി..

ഏട്ടന്‍ ചോദിച്ചു, എന്താടാ നിന്‍റെ മുഖത്തൊക്കെ, കറു കറുന്നനെ..
പോയി പല്ലും മുഖവും കഴികീട്ടു വാടാ…

അപ്പോഴാണ്‌ ഞാന്‍ പല്ലുതേപ്പ് മുഴുമിച്ചിട്ടില്ല എന്ന്‍ ഓര്‍മ്മ വന്നത്. ഞാന്‍ ഒരുവിധം പല്ലുതേച്ചു എന്നു വരുത്തി വേഗം ഓടി വന്നു.

കണ്ണു പോലും തുറന്നിട്ടില്ലാത്ത ആ പിഞ്ചു കുഞ്ഞു, ആരാണ്, ഈ പാല്‍ കൊടുക്കുന്നതെന്നറിയാതെ പാല്‍ നുണഞ്ഞുകൊണ്ടിരുന്നു.

പകലും രാത്രിയും വന്നു പോയത് ഞങ്ങള്‍ രണ്ടു പേരും അറിഞ്ഞതേയില്ല.

അത് പതുക്കെ കണ്ണു തുറന്നു.
കണ്ണു തുറന്നതു മുതല്‍ അവന്‍ എന്നെ ആണ് മുന്നില്‍ കാണുന്നത്.

എന്‍റെ കയ്യിന്‍റെ മണം അവന്‍ തിരിച്ചറിഞ്ഞു തുടങ്ങി.

ഞങ്ങള്‍ പതുക്കെ ചങ്ങാതിമാരായി.

ഞാന്‍ കൊടുക്കുന്ന ധാന്യങ്ങളൊക്കെ കയ്യില്‍ നിന്നു തന്നെ പിടിച്ചു വാങ്ങും. പഴമെന്നാല്‍ അവനു ജീവനാണ്.

എന്‍റെ കയ്യിലൂടെ കയറി തലയില്‍ ഇരിക്കും, ദേഹമാസകലം നടക്കും.

അങ്ങനെ അവന്‍ എന്‍റെ ചിന്നനായി.
ആരെങ്കിലും അടുത്തു വരുന്നു എന്നറിഞ്ഞാല്‍ ചിന്നന്‍ ഷര്‍ട്ടിനകത്ത് കയറി ഒളിക്കും.

പതുക്കെ ഞാന്‍ അവനെ പുറത്തു കൊണ്ടു പോകുവാന്‍ തുടങ്ങി. മുറ്റത്തും തൊടിയിലും ഒക്കെ.

അവന്‍ കൈയില്‍ നിന്നും ഇറങ്ങി ചെടികളുടെ മുകളില്‍ കയറും. മരത്തില്‍ എന്‍റെ ഉയരത്തില്‍ കയറും എന്നിട്ട് എന്‍റെ തലയിലേക്ക് ചാടും.

എവിടെ പോയാലും ഒന്ന് വിളിച്ചാല്‍ തിരിച്ച് ഓടി വരും.

ഒരു ദിവസം വൈക്കോല്‍ കുണ്ടയുടെ അടുത്തു ഞങ്ങള്‍ കളിക്കുകയായിരുന്നു. ചിന്നന്‍ മെല്ലെ കുണ്ടയുടെ അടിയില്‍ പോയി. എത്ര വിളിച്ചിട്ടും വരുന്ന മട്ടില്ല. മൂപ്പര്‍ അവിടെ ഇരുന്ന് അടിയിലെ നെല്ലോക്കെ പെറുക്കി തിന്നുകയാണ്.

അപ്പോഴുണ്ട് ഒരു പൂച്ചയുടെ ശബ്ദം ദൂരെ നിന്ന് വരുന്നു. ഉടനെ ഓടി വന്നു മേത്ത് കയറി ഷര്‍ട്ടില്‍ ഒളിച്ചിരുപ്പായി.

വീട്ടില്‍ ഒരു പൂച്ചയും ഉണ്ട്. അതിനെ പേടിച്ച് രാത്രി ചിന്നനെ ഒരു കുട്ടയില്‍ അടച്ചു വക്കും, എന്നിട്ട് മുറുക്കെ കെട്ടും.

ഒരു ദിവസം രാവിലെ എണീറ്റ് വന്നു നോക്കിയപ്പോഴുണ്ട് പൂച്ച കുട്ടയുടെ അടുത്തിരിക്കുന്നു. അയാള്‍ കയ്യും മുഖവും നന്നായി നക്കി തുടക്കുന്നുണ്ട്‌, ഒരു നല്ല സദ്യ കിട്ടിയ പോലെ. കുട്ട മറിഞ്ഞു കിടക്കുന്നു. കുട്ടയുടെ അകത്തു നിന്ന് ഒരനക്കവും കേള്‍ക്കുന്നില്ല.

എന്‍റെ ശ്വാസം നിന്ന പോലെയായി. തല ചുറ്റുന്നത്‌ പോലെ. ഞാന്‍ പതുക്കെ കുട്ടയെടുത്തു നിവര്‍ത്തി. പൂച്ചയെ ഓടിച്ചിട്ട് കുട്ട പതുക്കെ തുറന്നു.

ചിന്നനെ കാണുന്നില്ല. പതുക്കെ തുണികളോരോന്നായി മാറ്റി നോക്കി. അപ്പോഴുണ്ട് അവനതാ, ശ്വാസം പോലും വിടാത്ത മട്ടില്‍ അടിയില്‍ പതുങ്ങി ഇരിക്കുന്നു.

ചിന്നനെ ഷര്‍ട്ടിനകത്തിട്ട് ഞാന്‍ പതുക്കെ അങ്ങാടിയിലേക്കിറങ്ങും. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോളൊക്കെ അവനു അകത്തിരുന്നു ഒരുതരം ഞെട്ടല്‍. വണ്ടി ഹോണ്‍ അടിക്കുമ്പോള്‍ അവന്‍റെ ഹൃദയ മിടുപ്പു കൂടുന്നത് എനിക്കറിയാം. ആരും ഇല്ലാത്തപ്പോള്‍ ഇടക്ക് ബട്ടനിടയില്‍ക്കൂടി തല മെല്ലെ പുറത്തിട്ടു നോക്കും.

ഒരിക്കല്‍ അവന്‍ അങ്ങനെ തല പുറത്തിടുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ അത് കണ്ടു.

നിന്‍റെ ഷര്‍ട്ടിന്‍റെ ഉള്ളില്‍ എന്താടാ..

ഏയ്‌ ഒന്നുമില്ല, ഞാന്‍ ഒന്നുമറിയാത്ത മട്ടില്‍ പറഞ്ഞു.

അല്ല, എന്തോ ഇപ്പൊ ബട്ടന്‍റെ ഉള്ളില്‍ക്കൂടി തലയിട്ടപോലെ തോന്നിയല്ലോ..

അതൊന്നുമില്ല, നിനക്ക് തോന്നിയതാ,

അവന്‍ എന്‍റെ ഷര്‍ട്ടിനുള്ളില്‍ പരിശോധന നടത്തും എന്ന് മനസ്സിലായപ്പോള്‍, ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു…

നീ ആരോടും പറയരുത്, അണ്ണാനാണ് ഉള്ളില്‍..

അവന് വിശ്വസിക്കാന്‍ പ്രയാസം. അണ്ണാന്‍ ഇങ്ങനെ ഇണങ്ങി ദേഹത്ത് കൂടെ ഒക്കെ നടക്വോ..

അവസാനം അതിനെ കയ്യില്‍ എടുത്തു കാണിച്ചിട്ടാണ് അവനു സമാധാനമായത്.

ഒരു ദിവസം ഞാന്‍ ചിന്നനേയും കൊണ്ട് ബസ്സില്‍ കേറാന്‍ തീരുമാനിച്ചു.

ബസ്സില്‍ സീറ്റ് കിട്ടിയില്ല, ആകെ തിരക്കുമയം. ആള്‍ക്കാര്‍ ഉന്തുമ്പോള്‍ എനിക്ക് പേടി. ആരെങ്കിലും ഒന്ന്‍ അമര്‍ത്തി ഞെക്കിയാല്‍ മതി, ചിന്നന്‍റെ പണി കഴിയാന്‍. ഞെക്ക് കിട്ടി അവന്‍ എങ്ങാനും ഇറങ്ങി ഓടിയാല്‍..ആലോചിക്കാന്‍ കൂടി വയ്യ.

ഞാന്‍ തിരക്കിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും പുളഞ്ഞു കൊണ്ടേയിരുന്നു. ദൈവമേ, അതിനെ ആരും ഞെക്കരുതേ..

അടുത്ത് നിന്നിരുന്ന ഒരാള്‍ ചോദിച്ചു, നീ എന്തെടാ കുട്ടാ, ഒന്ന്‍ നേരെ നില്‍ക്കാത്തത്, ഞാന്‍ ഒന്ന് പരുങ്ങി.

അയാളോട് പറയാന്‍ പറ്റ്വോ, അപ്പുറത്തു നിന്ന് ആളുന്തിയാല്‍ എന്‍റെ ജീവന്‍ പോകും എന്ന്.

അകത്തു നിന്ന്, ചി എന്നൊരു ശബ്ദം. ഭാഗ്യത്തിന് ബസ്സിന്‍റെ ഇരമ്പലില്‍ അവന്‍റെ ശബ്ദം പുറത്തു വന്നില്ല.

ബസ്സിറങ്ങി വീട്ടില്‍ എത്തിയിട്ടാണ്, എനിക്കും ചിന്നനും ജീവന്‍ വീണത്‌. അവന്‍ ഇറങ്ങി ഒരൊറ്റ ഓട്ടം. ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ പുസ്തക സഞ്ചി മേശപ്പുറത്തിട്ടിട്ട് കളിയ്ക്കാന്‍ ഓടുന്നത് പോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍, ഒന്നും അറിയാത്തത് പോലെ, വീണ്ടും തിരിച്ചു വന്നു തലയില്‍ കയറി കളി തുടങ്ങി.

ഞങ്ങളുടെ ചങ്ങാത്തം തുടങ്ങിയിട്ട് അഞ്ചാറു മാസം കഴിഞ്ഞു കാണും. ചിന്നന്‍ ഒരു യുവാവായി ഇപ്പോള്‍. കാര്യ വിവരങ്ങള്‍ വെച്ചതു പോലെ.

പതിവു പടി ഞങ്ങള്‍ തൊടിയില്‍ കളിക്കുകയാണ്. അവന്‍ അടുത്തുള്ള തന്ത പ്ലാവില്‍ കയറി കളിക്കുന്നു. ഞാന്‍ വിളിക്കുമ്പോള്‍ ചിലച്ചു കൊണ്ട് ഇറങ്ങി വരും, വീണ്ടും കുറച്ചു ദൂരത്തേക്കു കയറും.

അങ്ങനെ കളിക്കുന്നതിനിടയില്‍ കുറച്ചു മുകളില്‍ നിന്ന്‍ ചി ചി എന്ന ഒരു ശബ്ദം. ചിന്നന്‍ ഒന്ന് ശ്രദ്ധിച്ചു. പിന്നെ പെട്ടെന്ന് മുകളിലേക്ക് കയറി. ചിന്നന്‍ ആ ശബ്ദത്തിന്‍റെ ഉടമയെ ചെന്നു കണ്ടു. അവര്‍ മൂക്ക് തമ്മില്‍ മുട്ടിച്ചു. രണ്ടു പേരും കൂടി മുകളിലേക്ക് കയറി.

ഞാന്‍ വിളിച്ചപ്പോള്‍, ഒന്ന് തിരിഞ്ഞു നിന്ന് ചിലച്ചു, കുറച്ച് താഴത്തേക്ക്‌ ഇറങ്ങിയിട്ട് വീണ്ടും മുകളിലേക്ക് കയറി
 

ഞാന്‍ വേഗം ആ തന്ത പ്ലാവില്‍, ഞങ്ങള്‍ നാലാള്‍ പിടിച്ചാല്‍ പിടി കൂടാത്ത, ആ കൂറ്റന്‍ പ്ലാവില്‍, പൊത്തിപ്പിടിച്ചു കയറി.

ചിന്നനെ സ്നേഹത്തോടെ വിളിച്ചു. അവന്‍ എന്തോ ആലോചിച്ചെന്ന പോലെ, ഒരു നാലടി താഴത്തേക്ക്‌ വന്നു നിന്ന് ചിലച്ചു.

അത് അവന്‍റെ സ്നേഹ പ്രകടനമെന്നു കരുതി ഞാന്‍ വീണ്ടും, മുകളിലേക്ക് കയറി.

പക്ഷേ അവന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുടെ കൂടെ വീണ്ടും മുകളിലേക്ക് കയറി തിരിഞ്ഞു നിന്നു.

അവന്‍റെ ഹാവ ഭാവങ്ങള്‍ കണ്ടാല്‍ കൂടെയുള്ളത് കൂട്ടുകാരി എന്ന് തന്നെ വേണം കരുതാന്‍. അവന്‍റെ ഉരുമ്മലും, മൂക്കു മുട്ടിച്ചുള്ള കുശലം പറച്ചിലും ഒക്കെ കണ്ടാല്‍ മനസ്സിലാക്കാം, കൂടെയുള്ളത് കൂട്ടുകാരിയാണ് എന്ന്.

ചിന്നന്‍ തിരിഞ്ഞു നില്‍ക്കുന്നത് കണ്ട്, എനിക്കു വീണ്ടും ഒരു ആശ. ഞാന്‍ മുകളിലുള്ള ചില്ലയിലേക്ക് കയറി. പക്ഷേ ചിന്നന്‍ അവളെക്കൂട്ടി അടുത്ത ചില്ലയിലേക്ക് ചാടി.

ഞാന്‍ ആകെ നിരാശനായി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഒറ്റയടിക്ക് നഷടപ്പെട്ടിരിക്കുന്നു. എന്‍റെ എല്ലാം എല്ലാം ആയിരുന്ന ചിന്നന്‍ കേവലം ഒരു അണ്ണാത്തി വിളിച്ചപ്പോള്‍ അവളുടെ കൂടെ പോയി.

താഴേക്കു നോക്കിയപ്പോള്‍ ആകെ പേടിയാവുന്നു.

വളരെ കഷ്ടപ്പെട്ട് ഞാന്‍ ഒരു വിധത്തില്‍ താഴെ ഇറങ്ങി
 

ആ ഉറക്കം വരാത്ത രാത്രി എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. രാവിലെ എങ്ങാനും അവനു മനസ്സുമാറി, സത്യം മനസ്സിലാക്കി മടങ്ങി വന്നാലോ.

രാവിലെത്തന്നെ ഉറക്കം തൂങ്ങുന്ന കണ്ണുമായി, ഞാന്‍ തന്തപ്ലാവിന്‍റെ അടിയിലേക്ക് ധൃതിയില്‍ നടന്നു.

ആ പ്ലാവില്‍ പല അണ്ണാന്‍മാര്‍ ചി ചി എന്ന് ചിലച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടുന്നത് കണ്ടു. എനിക്കു ചിന്നനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിലൊരാള്‍ എന്‍റെ ചിന്നനായിരിക്കാം.

ഞാന്‍ ആ പ്ലാവിന്‍ ചുവട്ടില്‍ കുറച്ചു നേരം ആലോചിച്ചു നിന്നു.

ഒരു വലിയ പ്രപഞ്ച രഹസ്യം മനസ്സിലായി എന്ന മട്ടില്‍ ഞാന്‍ തലയാട്ടി, തിരിച്ചു നടന്നു.