Tuesday 4 July 2017

ശുചിത്വമോ.... അതെനിക്കറിയാം







ഏതൊരു പ്രദേശത്തിന്‍റെയും സ്ഥാപനത്തിന്‍റെയും ആകര്‍ഷണീയത അതു എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ്. ആ സ്ഥലം വേണ്ടത്ര വൃത്തിയില്ലെങ്കില്‍ ആരിലും മതിപ്പുളവാക്കാന്‍ വളരെ വിഷമമാണ്.

ഇതു തന്നെ ഒരു ഗ്രാമത്തിനോ, പട്ടണത്തിനോ, സംസ്ഥാനത്തിനോ രാജ്യത്തിനോ ബാധകമാണ്.

നമ്മുടെ രാജ്യത്തില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ ആ രാജ്യത്തിന്‍റെ വൃത്തിയെക്കുറിച്ച് വളരെ മതിപ്പുളവാക്കുന്ന രീതിയില്‍ സംസാരിക്കാറുണ്ട്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലെ വൃത്തിയെക്കുറിച്ച്. അവിടെ വൃത്തി എന്നത് അവരുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു.

ഇതിന്‍റെ അര്‍ത്ഥം നാം വൃത്തി ഇല്ലാത്തവരാണ് എന്നല്ല. പൊതുവേ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വീടുകള്‍ വളരെ വൃത്തിയാര്‍ന്നവയാണ്. നാം പലരും നമ്മുടെ വീട്ടില്‍ ചെരുപ്പ് പോലും ഉപയോഗിക്കുന്നില്ല. കേരളത്തില്‍ പലരും വളരെ വൃത്തിയുള്ള തൂ വെള്ള മുണ്ടും തൂ വെള്ള ഷര്‍ട്ടും ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്.

അവരവരുടെ വീട് വളരെ വൃത്തിയാക്കിവക്കുകയും നമ്മുടെ വീടിനു പുറത്ത് എങ്ങനെ ആയാലും വിരോധമില്ല എന്ന് കരുതുകയും ചെയ്യുന്ന മനോഭാവം ആണ് വിഷമം ഉണ്ടാക്കുന്നത്. ആ മനോഭാവം മാറ്റിയാല്‍ വലിയൊരളവില്‍ നമ്മള്‍ നമ്മുടെ പരിസരം വൃത്തിയാക്കി വയ്ക്കുന്നതില്‍ വിജയിക്കും.

മിക്ക ആരാധനാലയങ്ങളും വളരെ വൃത്തിയുള്ളവയാണ്. പക്ഷേ അധികം തീര്‍ഥാടകര്‍ വരുന്നിടത്ത് വൃത്തിയുടെ മാനദണ്ഡം മാറുന്നു. കാശി മധുര എന്നിവിടങ്ങളില്‍ ഇത് ശ്രദ്ധേയമാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌?

നമ്മുടെ വീടിനു പുറത്തും, പരിസര പ്രദേശങ്ങളും,നിരത്തും, എന്തുകൊണ്ടാണ് ഇങ്ങനെ മലിനപ്പെട്ടു കാണുന്നത്.

ഇതു മുനിസിപ്പാലിറ്റി അവരുടെ ജോലി ചെയാത്തത് കൊണ്ടാണോ, മറ്റുള്ള അധികൃതര്‍ അവരുടെ ജോലി ശരിക്ക് ചെയ്യാത്തത് കൊണ്ടാണോ? അതോ ആവശ്യത്തിനു ചവറ്റുവീപ്പകള്‍ വേണ്ടിടത്ത് സ്ഥാപിക്കാത്തത് കൊണ്ടാണോ? അതോ നമ്മള്‍ തീരെ ശ്രദ്ധയില്ലാതെ ചപ്പു ചവറുകള്‍ അങ്ങിങ്ങ് വലിച്ചെറിയുന്നത് കൊണ്ടാണോ?

ഒരു പക്ഷേ ഇതെല്ലാം കൂടിയാവാം.

പരിസര ശുചീകരണത്തിലുള്ള അനാസ്ഥ കുറേ കാലമായി തുടര്‍ന്നു വരുന്ന ഒരു പൊതു പ്രവണതയാണ്. നാം പൊതു സ്ഥലത്ത് വച്ചു എന്തെങ്കിലും കഴിച്ചാല്‍, അതിന്‍റെ അവശിഷ്ടങ്ങള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ചുറ്റുപാടും വലിച്ചെറിയുന്നു. മിക്ക തെരുവു കച്ചവടക്കാരുടെ പക്കലും ചവറ്റു കുട്ട ഉണ്ടാകാറുമില്ല. 'അവിടെ എവിടെയെങ്കിലും ഇട്ടോളൂ' എന്നുള്ള മറുപടിയാവും മിക്ക കച്ചവടക്കാരുടെ അടുത്തു നിന്നും കേള്‍ക്കുക.

മുന്‍കാലങ്ങളില്‍ ഈ മനോഭാവം തുലോം കുറവായിരുന്നു. പീടിക സാധനങ്ങള്‍ പൊതിയാന്‍ തേക്കിന്‍റെ ഇലയോ കടലാസോ ആണ് ഉപയോഗിച്ചിരുന്നത്. ഇതു പിന്നീട് മണ്ണിനോട് വളരെ വേഗത്തില്‍ അഴുകിച്ചേരുന്നു എന്നതിനാല്‍ എവിടെ നിക്ഷേപിച്ചാലും വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.

പക്ഷേ ഇന്ന്, പ്ലാസ്റ്റിക്കിന്‍റെ വരവോടെ ഈ സ്ഥിതി പാടെ മാറി. അങ്ങിങ്ങ് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ മണ്ണിനോട് ചേരാതെ അവിടവിടെ കുമിഞ്ഞു കൂടി തുടങ്ങി.

അതില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ പെരുകി. പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിച്ചു. പശുക്കളും മറ്റു മൃഗങ്ങളും ഇതു ആഹാരാവശിഷ്ടങ്ങളുടെ കൂടെ തിന്നു, വയറു വീര്‍ത്തു ചത്തു തുടങ്ങി.

പട്ടണങ്ങളില്‍ ജനവാസം പതിന്മടങ്ങ് വര്‍ദ്ധിച്ചതോടെ ഇങ്ങനെ കുമിഞ്ഞു കൂടിവന്ന ചപ്പു ചവറുകള്‍ നിക്ഷേപിക്കാനോ അവ നിര്‍മ്മാര്‍ജനം ചെയ്യാനോ അധികൃതര്‍ക്ക് ബുദ്ധിമ്മുട്ടായി വന്നു.

അവര്‍ താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ പട്ടണത്തിനു പുറത്തു ഇവ നിക്ഷേപിക്കുവാന്‍ ഉള്ള അനുവാദം കൊടുത്തു. ആ നിക്ഷേപ കൂമ്പാരങ്ങള്‍ വലിയ കുന്നുകളായി വളര്‍ന്നു വലുതായി രാക്ഷസ്സാകാരം പൂണ്ടു, പട്ടണത്തെ തന്നെ വിഴുങ്ങുമെന്ന നിലയിലെക്കെത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു.

മറ്റൊരു പ്രധാന അപകടകരമായ സ്വഭാവം പൊതു സ്ഥലത്തുള്ള മല മൂത്ര വിസര്‍ജനമാണ്. പണ്ട് വീടുകളില്‍ത്തന്നെ കക്കൂസുകള്‍ കുറവായിരുന്നപ്പോള്‍ രാവിലെ മല മൂത്ര വിസര്‍ജനതിന് പുറത്തു പോകുക പതിവായിരുന്നു. ഈ പ്രവൃത്തിക്ക് 'വെളിക്കു പോകുക' എന്ന പേര് സിദ്ധിച്ചത് ഇതുകൊണ്ടാണ്. ഈ മനോഭാവം ഇന്നും മാറിയിട്ടില്ല. വീട്ടില്‍ കക്കൂസുള്ളവരും 'വെളിക്കു' പോകുന്ന പ്രവണത ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നറിഞ്ഞാല്‍ വിഷമം തോന്നും.

പട്ടണത്തില്‍ എത്തിയാലും പൊതുസ്ഥലത്ത് ഈ പ്രവൃത്തി തുടരുക എന്നത് വളരെ ജുഗുപ്സാവഹം തന്നെയാണ്. ആയിരക്കണക്കിനാളുകളുടെ ഈ പ്രവൃത്തികൊണ്ട് ആ പ്രദേശം മുഴുവന്‍ വൃത്തികേടു മയമായിത്തീരുന്നു. ഇത്തരത്തിലുള്ള ബഹുഭൂരിഭാഗം ജനങ്ങളുടെ ശ്രദ്ധക്കുറവോടെ ഉള്ള പ്രവൃത്തികൊണ്ട് എത്ര മാരകമായ രോഗങ്ങളേയും, പകര്‍ച്ചവ്യാധികളെയുമാണ് നാം ക്ഷണിച്ചു വരുത്തുന്നത്.

എന്നാല്‍ വളരെ വൃത്തിയുള്ള ഗാംഗ്ടോക് പോലുള്ള പട്ടണങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ട്. അവിടെ പരിസര ശുതിത്വം അവരുടെ ഒരു ദിനചര്യ ആണ്. രാവിലെ അവിടത്തെ എല്ലാ കടകളും തുറന്ന് അവരവരുടെ കടയിലെയും വീടുകളിലേയും ചപ്പു ചവറുകള്‍ അവിടെ വരുന്ന ശുചീകരണ വണ്ടിയില്‍ കൊണ്ടുപോയി നിക്ഷേപിക്കുക എന്നത് അവരുടെ ദിനചര്യ ആണ്. അതുപോലെ പച്ചക്കറി ചന്തകള്‍ രാത്രി അടച്ചു പോകുന്നതിനു മുന്‍പ് പരിസരമടക്കം അടിച്ചു വൃത്തിയാക്കി എല്ലാം ചവറ്റു കുട്ടയില്‍ ഇട്ടിട്ടാണ് അവര്‍ അന്നത്തെ ദിവസം അവസാനിപ്പിക്കുന്നത്. ഇതും നമ്മുടെ ഇന്ത്യാ രാജ്യത്തു തന്നെ നടക്കുന്നു എന്ന് കാണുമ്പോള്‍ അതിശയവും, അഭിമാനവും, ആദരവും തോന്നും.
അവിടത്തെ പ്രധാന മാര്‍ക്കറ്റ്‌ ആയ എം ജി റോഡില്‍ നിരത്തില്‍ തുപ്പാന്‍ പോലും പാടില്ല. അത് അവിടെ എല്ലാവരും പാലിക്കുകയും ചെയ്യുന്നതു കൊണ്ട് പരിസരമെല്ലാം സ്ഫടികം പോലെ വൃത്തിയായി കിടക്കുന്നു.

മറ്റൊരു പ്രവണത എന്നത്, വീടുകളിലും, ഹോട്ടലുകളിലും മറ്റും ഉള്ള മലിന ജലം അടുത്തുള്ള നദിയിലേക്കോ, തോട്ടിലേക്കോ താല്‍ക്കാലിക സൗകര്യത്തിനു ഒഴുക്കി വിടുന്നു എന്നതാണ്. ഇങ്ങനെ ഒരു പട്ടണത്തിലെ മുഴുവന്‍ മാലിന്യങ്ങള്‍ അടുത്തുള്ള പുഴയിലേക്ക് ഒഴിക്കി വിട്ടാലത്തെ സ്ഥിതി ഒന്ന്‍ ആലോചിച്ചു നോക്കൂ. അങ്ങനെയാണ് നമ്മുടെ പ്രധാന നദികളായ ഭാരതപ്പുഴയും, പെരിയാറും മറ്റു നദികളും മലീമസമായത്. ഉത്തരേന്ത്യയില്‍ യമുന ഒഴുക്ക് നിറുത്തി ഒരു വലിയ അഴുക്ക് ചാലായി മാറിയിരിക്കുന്നു. ഗംഗാനദിയും വൈകാതെ ഈ നിലയിലാകും.
ഇപ്പോഴത്തെ പുതിയ പ്രവണത കൊന്ന കോഴികളുടെയും, ആട് മാടുകളുടെയും അവശിഷ്ട്ടങ്ങള്‍ പുഴയിലും റോഡിനരികിലും ആരും അറിയാതെ നിക്ഷേപിക്കുക എന്നതാണ്. ഇതും ഒരു എളുപ്പ വഴി. ഇതു എന്‍റെ പരിസരം വൃത്തിയാക്കി വച്ച് മറ്റുള്ളവരുടെ പരിസരം അങ്ങേയറ്റം വൃത്തികേടാക്കുക എന്ന മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമല്ലേ?

ഈ നിലയില്‍ അഴുക്ക് ചാലുകളും അഴുക്ക് കൂമ്പാരങ്ങളും ഉണ്ടായിക്കൊണ്ടിരുന്നാല്‍ നമ്മുടെ അധികൃതര്‍ അഹോ രാത്രം പണിയെടുത്താലും ഇന്നത്തെ നില മെച്ചപ്പെടില്ല.

വികസിത രാജ്യങ്ങളായ യൂറോപ്പിലും അമേരിക്കയിലും പ്രാദേശിക അധികൃതരല്ല അവിടെ നിരത്തുകള്‍ വൃത്തിയാക്കുന്നത്. അവിടെ ഒരു സ്ഥിര സംവിധാനം ഉണ്ട്. ജനങ്ങള്‍ അതിനോട് അങ്ങേയറ്റം സഹകരിക്കുന്നു.

പാശ്ചാത്യ നാടുകളില്‍ സ്വന്തം വീടിനടുത്തുള്ള പരിസരപ്രദേശങ്ങളും അത് അവനവന്‍റെ അല്ലെങ്കില്‍ കൂടി, വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ തദ്ദേശ അധികൃതര്‍ പിഴ ചുമത്തും. കോടതിയില്‍ വിളിച്ചു വരുത്തി അച്ചടക്ക നടപടി എടുക്കും.

നമ്മള്‍ ഓരോരുത്തരും മാലിന്യത്തോടുള്ള, പരിസര ശുചീകരണത്തോടുള്ള സമീപനം മാറ്റണം. സ്വന്തം വീടും ശരീരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ശ്രമിക്കണം.

നമുക്ക് മാലിന്യത്തെ വേണ്ടരീതിയില്‍ സംസ്കരിച്ച് ഊര്‍ജമാക്കി മാറ്റാന്‍ സാധിക്കണം, മലിന ജലത്തെ സംസ്കരിച്ച് കൃഷിക്കനുയോജ്യമായ വളമാക്കി മാറ്റാന്‍ സാധിക്കണം, പ്രകൃതിക്കനുയോജ്യമായ മറ്റു പല അസംസ്കൃത വസ്തുക്കളും ആക്കി മാറ്റാന്‍ സാധിക്കണം. അതിനു വേണ്ടി അധികൃതരും ജനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം.

ഇല്ലെങ്കില്‍ ദൈവത്തിന്‍റെ സ്വന്തം നാടായ, പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ ഈ കൊച്ചു കേരളം ഒരു ചവറ്റു കൂനയായി മാറും. ഇവിടുത്തെ മനുഷ്യരും, ജീവജാലങ്ങളും മഹാരോഗ വാഹിനികളായും.