Saturday 2 May 2020

തലവേദനയും ഇകിഗായിയും






ഗിരിധറും കൂട്ടുകാരും ആഗ്രയില്‍ നിന്ന് മടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. ഗിരിധര്‍ ആണ് വണ്ടി ഡ്രൈവ് ചെയുന്നത്. രാത്രി പതിനൊന്ന് മണിയോടെ അവര്‍ ഫരീദാബാദ് ബോര്‍ഡര്‍ കടക്കുകയാണ്.

രാത്രി പത്ത് മണി കഴിഞ്ഞാല്‍ റോഡില്‍ ആകെ ട്രക്കുകളുടെ ബഹളമാണ്. പകല്‍ മുഴുവന്‍ ബോര്‍ഡറില്‍ അക്ഷമയോടെ കെട്ടിക്കിടന്ന ഭീമന്‍ ട്രക്കുകളെല്ലാം അണ തുറന്ന വെള്ളംപോലെ തിക്കിത്തിരക്കി ഡല്‍ഹിയിലേയ്ക്ക് പായുകയാണ്.

അതിനിടയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുഞ്ഞു ചങ്ങാടങ്ങള്‍ പോലെ കൊച്ചു കൊച്ചു കാറുകളും ഓളങ്ങളില്‍പ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും നീന്തി ഒഴുകുന്നു. ഓരോ ട്രക്കും പതിനാറും മുപ്പത്തിരണ്ടും ചക്രങ്ങള്‍ ഉരുട്ടി ഭീമാകാരങ്ങളായ കണ്ടെയിനറുകള്‍ ചുമന്നുകൊണ്ടു പായുന്നു.

ചെറിയ വാഹനങ്ങള്‍‍, ട്രക്കുകളുടെ അരികിലൂടെ മുന്നിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവറുടെ ഒരു കണ്ണ്‍ എപ്പോഴും ട്രക്കിന്‍റെ മുകളിലെ ഭീമാകാരനായ കണ്ടെയിനറില്‍‍ ആയിരിക്കും. അതെങ്ങാന്‍ ഒന്നനങ്ങിയാല്‍, പൊടി കാണില്ല...പിന്നെ മഷിയിട്ട് തിരയേണ്ടി വരും..

ഗിരിയുടെ കാര്‍ രണ്ടു കണ്ടെയിനറുകളെ ഒരുമിച്ച് ഓവര്‍ട്ടെയ്ക്ക് ചെയ്യുമ്പോഴാണ് അത് സംഭവിച്ചത്. അവന് തലയില്‍ ഇടി മിന്നുന്നത് പോലെ. മുന്നിലുള്ള കാഴ്ച്ചകള്‍ പെട്ടെന്ന്‍ മങ്ങിയത് പോലെ.

അവന്‍ പെട്ടെന്ന്‍ ബ്രെയ്ക്ക് ചവുട്ടിയെങ്കിലും വണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു. ട്രക്കുകളുടെ ഭീമന്‍ ടയറുകള്‍ കാറിന്‍റെ ഇടതുവശത്തെ ഹെഡ്-ലൈറ്റും ബോണറ്റിന്‍റെ ഒരു വശവും തകര്‍ത്തുകൊണ്ട് ഉരുമ്മിക്കടന്നു പോയി.

പുറകില്‍‍ വന്ന ട്രക്ക് സീല്‍ക്കാരത്തോടെ ബ്രെയിക്കിട്ട് ബമ്പറില്‍‍ ഉമ്മവച്ചു കൊണ്ട് ആടി നിന്നു. കാറിന്‍റെ ഉള്ളില്‍ നിന്ന് പെട്ടെന്ന്‍ നിലവിളികള്‍ ഉയര്‍ന്നു.

ഗിരിധറിനു അല്‍പ നേരത്തേയ്ക്ക് കാഴ്ച്ച നഷ്ടപ്പെട്ടത് പോലെ. എല്ലാം പുക മൂടിയത് പോലെ. ട്രക്കുകളില്‍ നിന്നും ഡ്രൈവര്‍മാര്‍ തെറിയും പറഞ്ഞുകൊണ്ട് ചാടി ഇറങ്ങി വന്നു.

ഗിരി തല സ്ടിയറിങ്ങിനു മുകളില്‍ ചായ്ച്ചു ബോധം നഷ്ടപ്പെട്ട പോലെ ‍കിടക്കുന്നു. വായില്‍ നിന്നും പത പൊങ്ങി വരുന്നു. ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല.

കൂട്ടുകാര്‍ അവനെ കുലുക്കി വിളിച്ചു. അവന്‍റെ മുഖത്ത് വെള്ളം തളിച്ചു. അല്‍പ നേരത്തെ ശ്രമത്തിന് ശേഷം അവന്‍ പതുക്കെ കണ്ണു തുറന്നു തലപൊക്കി. വെള്ളം വാങ്ങിക്കുടിച്ചു. അവന്‍ ‍പതുക്കെ പറഞ്ഞു.. തലയില്‍ കൊള്ളിയാന്‍ മിന്നിയത് പോലെ..പിന്നെ ആകെ പുക മൂടിയത് പോലെ ഒന്നും കാണാന്‍ ഇല്ലായിരുന്നു.. അസഹ്യമായ തലവേദന..

കൂട്ടുകാരിലൊരാള്‍‍ അവനെ മാറ്റിയിരുത്തി വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് വണ്ടി സ്റ്റാര്‍ട്ടായി.

അവര്‍ നേരെ ആശുപത്രിയിലേയ്ക്ക് വിട്ടു. അര്‍ദ്ധരാത്രിയില്‍ എവിടെപ്പോവാന്‍.. അവസാനം അവര്‍ ഒരു ഗവണ്മെന്‍റ് ആശുപത്രിയില്‍ എമര്‍ജന്‍സിയില്‍ അഡ്മിറ്റായി.

അതിനിടെ അവന്‍ ഒന്നു രണ്ടു തവണ ഛര്‍ദ്ദിച്ചു. അത് കൂട്ടുകാരില്‍ കൂടുതല്‍ ഭയപ്പാടുണ്ടാക്കി. ഇത് എന്തെങ്കിലും വലിയ പ്രശനമാണോ..?

ഡ്യൂട്ടി ഡോക്ടര്‍ ചെക്കപ്പ് നടത്തിയിട്ട് അവന് തല്ക്കാല മരുന്നുകള്‍ ‍ കൊടുത്തു. നാളെ രാവിലെ ഇന്‍വെസ്റ്റിഗേഷന്‍ നടത്താം. സ്പെഷലിസ്റ്റ് വരട്ടെ..

രാവിലെ ന്യൂറോ സര്‍ജന്‍ വന്നു. അത്യാവശം ചെക്കപ്പുകള്‍ കഴിഞ്ഞതിന് ശേഷം പറഞ്ഞു, കൂടുതല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തണം. കൂടുതല്‍ ടെസ്റ്റുകള്‍ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ പറ്റൂ.

അയാള്‍ എന്തെല്ലാമോ ടെസ്റ്റുകള്‍ കുറിച്ചു. ബ്രയിന്‍ സ്കാന്‍, സി ടി സ്കാന്‍ പിന്നെ മറ്റു പലതും.

കൂട്ടുകാര്‍ പല കാര്യങ്ങള്‍ക്കായി ഓടി നടന്നുകൊണ്ടിരുന്നു, തങ്ങളുടെ സുഹൃത്തിന്‍റെ ആപത്ഘട്ടം എങ്ങനെയെങ്കിലും തരണം ചെയ്യാന്‍.

സി ടി സ്കാനിനു ഒരു വലിയ യന്ത്രം വച്ചിരിക്കുന്ന അതിശൈത്യമുള്ള ഒരു പ്രത്യേക മുറിയിലേയ്ക്ക് ശരീരം മൂടുന്ന ഒരു ഗൌണിട്ട് അവനെ കൂട്ടികൊണ്ടുപോയി. സ്കാനിങ്ങിനു വേണ്ടി അതിന്‍റെ കുഷ്യനുള്ള സ്ട്രക്ച്ചറില്‍ കിടന്നപ്പോള്‍ ഗിരിധറിനു മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെട്ടു. എല്ലാം ഒരുതരം മരവിപ്പ്.

ആ കുഷ്യന്‍ബെഡ്ഡ് അവനെക്കൂട്ടി പതുക്കെ യന്ത്ര ഗുഹയിലേയ്ക്ക് നീങ്ങി. ഗുഹയ്ക്ക് ചുറ്റും കാന്തിക വലയങ്ങള്‍ സൃഷ്ടിക്കുന്ന വളയങ്ങള്‍ അതിവേഗം കറങ്ങി, അവന് ചുറ്റും ഒരു ചുഴലിക്കാറ്റ് അടിക്കുന്നത് പോലെ, അവന്‍ കണ്ണടച്ചു. ചുഴലിക്കാറ്റില്‍ പെട്ട അവന്‍റെ മനസ്സ് മന്ത്രിച്ചു..എല്ലാം ശരിയാകുമായിരിക്കും...!!

അപ്പുറത്തെ മുറിയില്‍ അവന്‍റെ മസ്തിഷ്കത്തിന്‍റെ പ്രതിച്ഛായ കമ്പ്യൂട്ടര്‍ സ്ക്രീനിലും ഫിലിമിലും പതുക്കെ തെളിഞ്ഞു.

വൈകുന്നേരം ഡോക്ടര്‍ വന്നു, സ്കാനിംഗ് റിപ്പോര്‍ട്ടും ഗിരിയുടെ മുഖവും മാറി മാറി നോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു, ഇത് മൈഗ്രലെപ്സി എന്ന അസുഖമാണ്. മൈഗ്രൈന്‍റെ തല വേദനയും എപ്പിലെപ്സി - അപസ്മാരത്തിന്‍റെ ചെറിയ ലക്ഷണങ്ങളും കൂടിയ ഒരു അസുഖം. അധികം ടെന്‍ഷന്‍ വരാതെ നോക്കണം.

എന്താണ് ജോലി..ഡോക്ടര്‍ ചോദിച്ചു.. കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സില്‍, അവന്‍ മറുപടി പറഞ്ഞു.

ടെന്‍ഷന്‍ ഉള്ള പണിയാണല്ലോ..ഇന്നത്തെ കാലത്ത് ടെന്ഷനില്ലാത്ത പണിയേതാ ഉള്ളത്..എന്തായാലും ശ്രദ്ധിക്കൂ...ഡോക്ടര്‍ ഒരു ചെറിയ താക്കീത് എന്നവണ്ണം പറഞ്ഞു..

ഞാന്‍ ചില മരുന്നുകളൊക്കെ കുറിച്ചു തരാം. ജീവിത ശൈലിയില്‍ ക്രമീകരണങ്ങളൊക്കെ ഉണ്ടാക്കിയാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കാം. പക്ഷേ അധികം അലട്ടലുകള്‍ ഇല്ലാതെ പ്രത്യേകം ശ്രദ്ധിക്കണം.

അവനും കൂട്ടുകാരും വീട്ടിലേയ്ക്ക് മടങ്ങി. അവര്‍ ബാച്ചിലേര്‍സ് ആയതിനാല്‍ സഹമുറിയന്മാരാണ്. ബാച്ചിലര്‍-ലൈഫിന്‍റെ ത്രില്‍ ഒന്ന്‍ വേറെ തന്നെയാണ്. എല്ലാം ഒരുതരം അടിച്ചു പൊളിക്കല്‍.

അടുക്കളയില്‍ പാചകക്കസര്‍ത്തിനും, വാരാന്ത്യത്തില്‍ ദാഹജലം പകര്‍ന്നുകൊണ്ടുള്ള വാചകക്കസര്‍ത്തിനും ആഹ്ലാദത്തിമര്‍പ്പിനും അവന്‍ മുന്നില്‍ തന്നെ. ജീവിതം സന്തോഷമായി ജീവിക്കണം...!!

അവനെ തലവേദന പലപ്പോഴും പുറകോട്ട് വലിച്ചെങ്കിലും കിട്ടിയ അവസരങ്ങളൊന്നും അവന്‍ പാഴാക്കിയില്ല.

പക്ഷേ ജീവിത പന്ഥാവില്‍ മുന്നിലേയ്ക്ക് കുതിക്കുന്തോറും സമ്മര്‍ദ്ദങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞില്ല. ഔദ്യോഗിക ജീവിതത്തില്‍ കൂടെക്കൂടെ അവന്‍ മികവ് തെളിയിച്ചെങ്കിലും മേലധികാരികളില്‍‍ ആരാണ് കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് എന്ന്‍ മത്സരിച്ചു.

ജീവിത സമ്മര്‍ദ്ദങ്ങള്‍ പലപ്പോഴും അവന്‍റെ തലയിലെ കൊള്ളിയാന്‍ മിന്നലുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. അവ പലപ്പോഴും മരുന്നുകളെ അതിജീവിച്ച് പുറത്തേക്ക് നാക്ക് നീട്ടിക്കൊണ്ടിരുന്നു.

അവന്‍റെ സഹ മുറിയന്മാരൊക്കെ അവരവരുടെ ജീവിത പുസ്തകത്തിലെ ഇനിയുള്ള അദ്ധ്യായങ്ങള്‍ വായിച്ചു പഠിക്കാന്‍ ജീവിത പങ്കാളികളുമായി പുതിയ ഇടങ്ങളിലേയ്ക്ക് ചേക്കേറി.

താമസിയാതെ അവനും നല്ലൊരു ജീവിത പങ്കാളിയെ കിട്ടി. അവര്‍ ഇരുവരും കൂടി അവരുടെ കാന്‍വാസില്‍ പല വര്‍ണ്ണപ്പൂക്കളും തുന്നിപ്പിടിപ്പിച്ചു.

പക്ഷേ അവന്‍റെ കൊള്ളിയാന്‍ മിന്നലുകള്‍ കുറയുന്നതിന് പകരം കൂടിക്കൊണ്ടിരുന്നു. ഫരീദാബാദിലെ സംഭവം പലപ്പോഴും മരുന്നുകള്‍ക്കിടയിലൂടെ എത്തിനോക്കി.

അവന്‍ പല വിദഗ്ധ ഡോക്ടര്‍മാരേയും കണ്ടു, പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. അവര്‍ പറഞ്ഞ ജീവിത ശൈലികളൊക്കെ ചിട്ടയായി പരീക്ഷിച്ചു. പക്ഷെ പെയിന്‍ കില്ലറുകളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞില്ല.

പലപ്പോഴും കൊള്ളിയാന്‍ മിന്നലുകള്‍ അവന്‍റെ കുടുംബത്തിലും വിള്ളലുകള്‍ ഉണ്ടാക്കി. തലവേദന വന്നാല്‍ അവന് ദേഷ്യം കൂടും. വികാര വിക്ഷോഭങ്ങള്‍ ഉണ്ടാകും. അവന്‍ അവന്‍റെ കുട്ടികളെത്തന്നെ അകാരണമായി അടിച്ചു, ഭാര്യയുടെ മുഖത്ത് കൈയോങ്ങി..

കുടുംബം തകര്‍ച്ചയുടെ വക്കിലെത്തി..

അവന്‍ വളരെ പരിശ്രമിച്ചെങ്കിലും ജോലിയിലും പല വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പലപ്പോഴും അത് പല പൊട്ടിത്തെറികളിലേയ്ക്കും വഴിവയ്ച്ചു.

കലഹങ്ങള്‍ കൂടിക്കൂടി വന്നപ്പോള്‍ സഹികെട്ട് ഭാര്യ അവനെ ഉപേക്ഷിച്ചുപോയി...കൂടെ കുട്ടികളും.

അവന് തന്‍റെ സര്‍വ്വസ്വവും നഷ്ടപ്പെട്ടതായി തോന്നി. ജീവിതം സംഘര്‍ഷമയം..

ചിരിച്ചാല്‍ തലവേദന, കരഞ്ഞാല്‍ തലവേദന, ഉറക്കെ സംസാരിച്ചാല്‍ തലവേദന.... കൊള്ളിയാന്‍ മിന്നലുകള്‍ അവന്‍റെ സകല വികാരങ്ങള്‍ക്കും കൂച്ചുവിലങ്ങിട്ടു.

അവന് ജീവിതം മടുത്തു.. താന്‍ മരിച്ചാല്‍ പോലും ചോദിക്കാന്‍ ആളുണ്ടാകുമോ..? എന്ന്‍ അവന്‍ നെടുവീര്‍പ്പിട്ടു.

ഒരിക്കല്‍ ക്ലയന്റ് മീറ്റിങ്ങില്‍ അവന്‍ തല കറങ്ങി വീണു. അവന്‍റെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി. ഓഫീസില്‍ ഉണ്ടായിരുന്നവര്‍ അവനെ ഒരു വിദഗ്ധ ഡോക്ടറുടെ അടുത്ത് എത്തിച്ചു.

അദ്ദേഹം പറഞ്ഞു, പെയിന്‍ കില്ലറുകളുടെ അമിത ഉപയോഗം കാരണം രക്ത ധമനികളുടെ അറ്റം നേര്‍ത്ത്‌ പൊട്ടിത്തുടങ്ങി.. സൂക്ഷിക്കണം, ചിലപ്പോള്‍ തുമ്മുന്നത് പോലും അപകടമുണ്ടാക്കാം.

അദ്ദേഹം അവന്‍റെ അസുഖത്തിന് ഒരു പുതിയ മാനം കൂടി നിര്‍വചിച്ചു... സൈക്കോസോമാറ്റിക് (Psychosomatic).

എന്ന്‍ വച്ചാല്‍...‍ ഇത് മാനസിക സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന അസുഖമാണ് എന്നാണ്. അവന്‍റെ ഞെട്ടല്‍ മാറുന്നില്ല... ജീവിതത്തില്‍ ഉല്ലസിച്ച് ഒന്നിനേയും കൂസാക്കാതെ നടന്നിരുന്ന എന്നെ ഇങ്ങനെയാക്കിയത് ഈ അസുഖമാണ്.

ഇപ്പോള്‍ ഇങ്ങോര്‍ പറയുന്നു, എന്‍റെ മാനസികാവസ്ഥ കാരണമാണ് അസുഖം ഇങ്ങനെ വന്നത് എന്ന്..!! ആദ്യം ഡോക്ടറെ രണ്ട് കൊടുക്കാനാണ് തോന്നിയത്..ഒരു വേള അവന്‍ ചിന്തിച്ചു..ഇപ്പോള്‍ ഞാനെന്തായാലും സൈക്കോസോമാറ്റിക് ആയി മാറി.

ആ ഡോക്ടര്‍ ഒരു കാര്യം കൂടി ഉപദേശിച്ചു..നിങ്ങള്‍ക്ക് ദലൈലാമയുടെ തിബത്തന്‍ മരുന്ന്‍ പരീക്ഷിച്ചു നോക്കിയാല്‍ വല്ല ഗുണവും കിട്ടിക്കൂടെന്നില്ല...!! ഒന്ന് പരീക്ഷിച്ചു നോക്കൂ..

അന്നു മുതല്‍ ഗിരിധര്‍ ധര്‍മ്മശാലയിലുള്ള ദലൈലാമയെ കാണാന്‍ ഉള്ള പ്ലാന്‍ മെനയുകയാണ്. ഇനി ആകെ ഒരു വൈക്കോല്‍ തുറുമ്പ് അത് മാത്രമേയുള്ളൂ.

ഒരു രാത്രി, ഒരു ഉള്‍വിളിയെന്ന പോലെ ഗിരിധര്‍ ധര്‍മ്മശാലയിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചു.

അവന്‍‍ രാത്രിയില്‍ തന്നെ ‍ബസ്-സ്റ്റാന്റിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന്‍ ‍ധര്‍മശാലയ്ക്ക് രാത്രി ബസ്സ്‌ ഉണ്ട്. രാവിലെ ബസ്സ്‌ അവിടെ എത്തുമത്രേ..

ബസ്സ്‌ അതിരാവിലെ ഒരു അമ്പലത്തിനു മുന്നില്‍ നിറുത്തി. എല്ലാവരും ഇറങ്ങുന്നത് കണ്ട് ഉറക്കച്ചടവോടെ ഗിരിധറും ഇറങ്ങി.

ആ ക്ഷേത്രത്തില്‍ ചായയാണ് പ്രസാദം...!! അവിടെ എത്തുന്നവര്‍ക്ക് എല്ലാവര്‍ക്കും ചൂടോടെ ചായ. നൂറുകണക്കിന് ആളുകള്‍ പല ബസ്സുകളില്‍ നിന്നും ഇറങ്ങി മൂര്‍ത്തിയെ വണങ്ങി, ചായ പ്രസാദം വാങ്ങിക്കുടിക്കുന്നു...!!

കൂടെ കുരങ്ങന്മാരും ചായ ഊതി ഊതിക്കുടിക്കുന്നത് കണ്ട് അവന്‍ അതിശയപ്പെട്ടു. ഇവിടത്തെ കുരങ്ങന്മാര്‍ക്ക് രാവിലെ ഉറക്കച്ചടവ് മാറ്റാന്‍ ചൂടു ചായ വേണം..!! അവന്‍റെ മനസ്സില്‍ ചെറിയ ഒരു പുഞ്ചിരി വിടര്‍ന്നു.

അര മണിക്കൂറിനുള്ളില്‍ അവന്‍ യാത്രി നിവാസില്‍ എത്തി. അവിടെയാണ് ഇനി കുറച്ചു ദിവസം താമസം.

യാത്രാക്ഷീണം മാറ്റാന്‍ അവനൊന്നു കുളിച്ചു. ‍ പ്രാതല്‍ കഴിഞ്ഞ് അവന്‍ യാത്രിനിവാസ് ചുറ്റി നടന്നു കണ്ടു. പച്ചപ്പ്‌ നിറഞ്ഞ കുന്നിന്‍ ചെരുവിലെ കാഴ്ചകള്‍ക്ക് എന്ത് വശ്യമായ ഭംഗിയാണ്. ഇവിടെ കാട്ടുപൂക്കള്‍ക്കും പ്രത്യേക അഴക്‌. പൂമ്പാറ്റകളും വണ്ടുകളും തേനീച്ചകളും അവയുടെ മധു നുകരാന്‍ തിക്കിത്തിരക്കി.

മെക്-ലോട്-ഗന്ജില്‍ ദലൈലാമ ദര്‍ശകരെ കാണുന്നത് വൈകുന്നേരമാണത്രേ. തന്‍റെ തലവേദനയ്ക്ക് ഒരു പ്രതിവിധി പറഞ്ഞു തന്നെങ്കില്‍...എന്ന്‍ അവന്‍ മനസ്സുരുകി ആഗ്രഹിച്ചു.

വൈകുന്നേരം ഗിരി‍ മെക്-ലോട്-ഗന്ജിലേയ്ക്ക് നടന്നു. പോകുന്ന വഴിക്കൊക്കെ നിറയെ തിബത്തന്‍ കടകള്‍. ചന്ദനത്തിരിയുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും സമ്മിശ്ര സുഗന്ധം കാറ്റില്‍ ഒഴുകി നടക്കുന്നു.

മുന്‍പില്‍ ധവളാധര്‍ കൊടുമുടിയിലെ മഞ്ഞുപാളികള്‍ അസ്തമന സൂര്യന്‍റെ രശ്മികള്‍ ഏറ്റ് തിളങ്ങി.

ഗിരി‍ ദലൈലാമയുടെ ആശ്രമത്തില്‍ എത്തി. തികച്ചും ശാന്തമായ അന്തരീക്ഷം. പുറത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള ബഞ്ചുകളില്‍ പലരും ഇരുന്ന്‍ ധ്യാനിക്കുന്നു. മരച്ചില്ലകളില്‍ കിളികള്‍ കലപില കൂട്ടുന്നു.

മുന്നില്‍ ബുദ്ധക്ഷേത്രം. ക്ഷേത്രത്തിനകത്ത് ബുദ്ധന്‍റെ ശ്രീകോവിലിന് ചുറ്റും ശാന്തി മന്ത്രം എഴുതി വച്ച പ്രാര്‍ത്ഥനാ ചക്രങ്ങള്‍ (Prayer wheel). അത് കൈകൊണ്ട് പതുക്കെ കറക്കി ചിലര്‍ മന്ത്രങ്ങള്‍ ചൊല്ലി നടക്കുന്നു.

അവന്‍ അകത്ത് പോയി തൊഴുത് പുറത്തു വന്ന് ബഞ്ചില്‍ ഇരുന്നു. അവിടുത്തെ അന്തരീക്ഷം അവന് നന്നേ ഇഷ്ടപ്പെട്ടു.

അവന്‍ ഇരുന്ന ബഞ്ചില്‍ മറ്റേ അറ്റത്ത്‌ ഒരു ജപ്പാന്‍ വനിത ഇരിക്കുന്നു. അവരോടു ഗിരിധര്‍ പതുക്കെ ഇംഗ്ലീഷില്‍ ചോദിച്ചു. ദലൈലാമ എപ്പോഴാണ് സന്ദര്‍ശകരെ കാണുന്നത്.?

അദ്ദേഹം ഇവിടെയില്ല. പുറത്തെവിടെയോ യാത്രയിലാണ്... അവര്‍ പറഞ്ഞു. ഒരു വേള, അവന്‍റെ പ്രതീക്ഷകളെല്ലാം തകര്‍ന്നത് പോലെ..ഇനി ആരോട് എന്ത് ചോദിക്കാന്‍..!!

അല്‍പ്പം കഴിഞ്ഞ് ആ വനിത മറിച്ച് അവനോടു ചോദിച്ചു.. നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്. അവന്‍ പറഞ്ഞു കേരളത്തില്‍ നിന്ന്. കേരളത്തില്‍ നിന്നോ..!!അവരുടെ മുഖത്ത് സന്തോഷവും അതിശയവും വിടരുന്നത് അവന്‍ ശ്രദ്ധിച്ചു.. കേരളം സഹകരണ സംഘങ്ങളുടെ നാടാണല്ലോ.. !!

അത് ശരിയാണ്, നിങ്ങള്‍ക്ക് കേരളത്തെക്കുറിച്ച് നന്നായി അറിയാമല്ലേ..? അവന്‍റെ അതിശയം മറനീക്കി പുറത്തു വന്നു. എനിക്കറിയാം..ഞങ്ങളുടെ നാടും സഹകരണ സംഘങ്ങള്‍ ധാരാളം ഉള്ള നാടാണ്…ജപ്പാനിലെ ഒകിനാവ.


ഓ… ഒകിനാവ.. ഞാന്‍ കേട്ടിട്ടുണ്ട്, ലോകത്തിലെ ഏറ്റവും കൂടുതല്‍ ചുറുചുറുക്കുള്ള വയസ്സന്മാര്‍ താമസിക്കുന്ന സ്ഥലമല്ലേ അത്.. ഗിരിധര്‍ പണ്ടെവിടെയോ വായിച്ച ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു.

അതെയതെ, ലോകത്തില്‍ നൂറിനോടടുത്തു പ്രായമുള്ള മിടുക്കന്മാരായ(Productive) വയസ്സന്മാര്‍ ഉള്ള സ്ഥലമാണ് ഞങ്ങളുടേത്. അവരുടെ വാക്കുക്കള്‍ക്ക് അഭിമാനത്തിന്‍റെ മുഴക്കമുണ്ടോ എന്ന്‍ ഗിരിക്ക് തോന്നി.

നിങ്ങള്‍ ആദ്യമായിട്ടാണോ ഇവിടെ വരുന്നത്, അവന്‍ സംവാദത്തിന് മികവേകാന്‍ ശ്രമിച്ചു.
ഞാന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ഇവിടെ വരുന്നു. അവര്‍ പറഞ്ഞു..

പതിനഞ്ച് വര്‍ഷമോ..!! അവന്‍റെ അതിശയത്തിന് അതിരില്ലായിരുന്നു…!!

അതെ, ഇവിടെ വന്ന് കുറച്ചു ദിവസം താമസിച്ചിട്ട് പോയാല്‍ ജീവിതത്തിന് പുതിയ ഊര്‍ജ്ജം കിട്ടിയത് പോലെ തോന്നും. ഇത് കേട്ടപ്പോള്‍, താനെന്താ ഇതുവരെ ഇവിടെ വരാതിരുന്നത് എന്ന്‍ അവന് തോന്നി.

നിങ്ങളുടെ നാട്ടില്‍ വയസ്സന്മാര്‍ ഇത്ര ഊര്‍ജ്ജസ്വലരായിരിക്കാന്‍ എന്താ കാരണം? അവന് സംവാദം തുടരണമെന്നുണ്ട്..

അവരും വിശദീകരിക്കാന്‍ താല്‍പ്പര്യം കാണിച്ചു..അതിന് പല കാരണങ്ങളുണ്ട്. ഒകിനാവക്കാര്‍ ഇകിഗായി എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ്, പിന്നെ പരസ്പര സഹകരണത്തിലും.

ഇകിഗായിയോ അതെന്താ..

അത് ജാപനീസ് ഭാഷയില്‍…പറഞ്ഞാല്‍…ജീവിക്കാന്‍ ഉള്ള കാരണം.. (reason for living). ഇകി എന്ന്‍ പറഞ്ഞാല്‍ ജീവിക്കാന്‍ (to live), ഗായി എന്ന്‍ വച്ചാല്‍ .. കാരണം (reason). Reason for being….

ഗിരിയുടെ മനസ്സിലെവിടെയോ ഒരു ആശാകിരണം വെളിച്ചം വീശിയത് പോലെ..

നമുക്കെല്ലാവര്‍ക്കും ജീവിക്കാന്‍ ഓരോ പ്രത്യേക കാരണം ഉണ്ടാകാം.. അത് കണ്ടു പിടിക്കാന്‍ സ്വയം തിരച്ചില്‍ നടത്തണം.. സ്വയം അത് കണ്ടെത്തിയവര്‍ കൂടുതല്‍ ഊര്‍ജ്ജത്തോടുകൂടി ജീവിക്കുന്നു.

അവര്‍ പതുക്കെ വാചാലയായി..

ഒകിനാവക്കാരില്‍ പലരും വിശ്വസിക്കുന്നത്, അവരുടെ ഇകിഗായിയാണ്, അവരെ രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്ക്കാന്‍ തന്നെ സഹായിക്കുന്നത് എന്നാണ്.

ഗിരിധറിന് കാര്യമായിട്ടൊന്നും മനസ്സിലായില്ല. അവന്‍റെ മുഖഭാവം കണ്ടിട്ടെന്നവണ്ണം അവര്‍ അവരുടെ മൊബൈലില്‍ ഒരു ചിത്രം അവന് കാണിച്ചു കൊടുത്തു.








അവന്‍ അത് സൂക്ഷിച്ചു നോക്കി. കുറച്ചുനേരം നോക്കിയപ്പോള്‍ അവന് എന്തൊക്കെയോ പിടികിട്ടി. ഓക്കേ, ജീവിതത്തിന് ഒരു നല്ല ലക്ഷ്യമുണ്ടെങ്കില്‍ ജീവിക്കാനുള്ള ആഗ്രഹം കൂടും...അല്ലേ…!!

അവര്‍ അതിനെ ചുരുങ്ങിയ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

നിങ്ങള്‍ ഇഷ്ടപ്പെടുന്നതും, ലോകത്തിന് വേണ്ടതുമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിത ലക്ഷ്യമായി മാറ്റിയാല്‍ ജീവിതത്തിന് ഒരു പുതിയ ദിശയും മാനവും കൈവന്നത് പോലെ തോന്നും. അത് പതുക്കെ നിങ്ങളെ ജീവിതത്തില്‍ മുന്നോട്ട് കൂട്ടിക്കൊണ്ട് പോകും. ആ ഇഷ്ടപ്പെട്ട സംഗതിയില്‍ പ്രാവീണ്യംകൂടി നേടിയാല്‍ പിന്നെ പറയുകയും വേണ്ട, അത് നിങ്ങളുടെ ജീവിതോപാധിയും ആയി മാറാം.

ഗിരിധറിനു എന്തൊക്കെയോ ചിലത് പിടികിട്ടിയത് പോലെ.

നേരം ഇരുട്ടിയല്ലോ എന്ന് പറഞ്ഞ് അവര്‍ പതുക്കെ പോകാന്‍ പുറപ്പെട്ടു..നിങ്ങള്‍ ഒന്ന് രണ്ടു ദിവസമോണ്ടോ ഇവിടെ? അവര്‍ ചോദിച്ചു.. ഗിരിധര്‍ പറഞ്ഞു. കുറച്ചു ദിവസമുണ്ട് ഒന്നും തീരുമാനിച്ചിട്ടില്ല.

വനിത പറഞ്ഞു..ഞാനും ഇവിടെ കുറച്ചു ദിവസം ഉണ്ട്.. നമുക്ക് നാളെ കാണാം.

അപ്പോഴാണ്‌ തങ്ങള്‍ ശരിക്കും പരിചയപ്പെട്ടിട്ട് പോലുമില്ല എന്ന്‍ അവന്‍ ഓര്‍ത്തത്. അവന്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ ഗിരിധര്‍, താങ്കള്‍? ഞാന്‍ ടായിര, അവര്‍ പതുക്കെ ചിരിച്ചുകൊണ്ട് പരിചയപ്പെടുത്തി.

ആ നനുത്ത രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍റെ മനസ്സിലെ പിരിമുറുക്കത്തിന് ഒരു അയവ് വന്നത് പോലെ.. ടായിര പറഞ്ഞ കാര്യങ്ങളെക്കുറിച്ചാലോചിച്ച് അവന്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല.

രാവിലെ പക്ഷികളാണ് അവനെ വിളിച്ചുണര്‍ത്തിയത്..എത്ര തരം കിളികളാണ് ചുറ്റും രാവിലെ സന്തോഷത്തോടെ കുശലം പറയുന്നത്. അവര്‍ക്ക് സന്തോഷിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട..!!

എന്തായാലും ദലൈലാമയെ കാണാന്‍ പറ്റില്ല. ഇവിടെ വന്ന സ്ഥിതിയ്ക്ക് ടായിരയുടെ ഉപദേശങ്ങള്‍ കേള്‍ക്കുക തന്നെ.. കൂടെ പകല്‍,  ധര്‍മശാലയിലെ പ്രകൃതി രമണീയത കുറച്ച് ആസ്വദിക്കാം.

പ്രാതല്‍ കഴിഞ്ഞ്, അവന്‍ ദലൈലാമയുടെ ശിഷ്യഗണങ്ങളെ വളര്‍ത്തിയെടുക്കുന്ന നംഗ്യാല്‍ മോണാസ്ട്രി കാണാന്‍ പോയി. സന്യാസ വേഷം ധരിച്ച കൊച്ചു മിടുക്കന്മാര്‍ ഒരിടത്ത് ഓടി നടന്ന് പണിയെടുക്കുന്നു മറ്റൊരിടത്ത് വരിവരിയായിരുന്നു ധ്യാനിക്കുന്നു.

പിന്നീട് അവന്‍ സെന്റ് ജോണ്സ് ചര്‍ച്ചില്‍ പോയി. 1800 കളില്‍ പണിത ആ പള്ളിയില്‍ പ്രാര്‍ഥനകളൊന്നും നടക്കുന്നില്ലെങ്കിലും അതിന്‍റെ പരിസരം അഭൌമ ശാന്തിയേകുന്നതായി അവന് തോന്നി. ചുറ്റും കിളികള്‍ സൊറ പറയുന്നതിന്‍റെ ഒച്ചമാത്രം. ചൂളം വിളിച്ച് അവനെ തലോടിപ്പോയ തെന്നിളം കാറ്റ് മരച്ചില്ലകളിലെ കിളികളുടെ തൂവലും തലോടുന്നതായി അവന്‍ കണ്ടു.

വൈകുന്നേരം ദലൈലാമയുടെ ക്ഷേത്രത്തിലെത്താന്‍ മനസ്സ് തിടുക്കം കൂട്ടി. ഇക്കിഗായിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍.

അവന്‍ അവിടെ എത്തിയപ്പോള്‍ ടായിര നേരത്തേ എത്തിയിരിക്കുന്നു. അവര്‍ ഊഷ്മളമായി അഭിവാദ്യം ചെയ്തു.

ഇക്കിഗായിയില്‍ ഇനി എന്തൊക്കെയുണ്ട്. ഗിരി‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു… ടായിര പതുക്കെ ജാപ്പനീസില്‍ പറഞ്ഞു…ഇചാരിബ ചോഡെ… അതെന്താണ് അവന്‍ ചോദിച്ചു.

അതൊരു ജാപനീസ് നാട്ടു ചൊല്ലാണ്. എന്നു വച്ചാല്‍ 'എല്ലാവരെയും സഹോദരന്മാരെപ്പോലെ കാണുക, നീ ഒരിക്കലെങ്കിലും അവരെ കണ്ടിട്ടില്ലെങ്കിലും..’

ഞങ്ങളുടെ നാട്ടുകാര്‍ പൊതുവേ വലിയ സാഹോദര്യത്തിലാണ് ജീവിക്കുന്നത്. അവര്‍ എന്തും, കൊടുത്തും വാങ്ങിയും സഹായിച്ചും ആണ് കഴിയുന്നത്‌.

അവിടെ എല്ലാവര്‍ക്കും അടുക്കളകൃഷി ഉണ്ട് എന്നതാണ് ഒരു പ്രത്യേകത..അവരവര്‍ക്ക് വേണ്ടതൊക്കെ അവര്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അടുക്കളത്തോട്ടം ജീവിതത്തിലെ അനാവശ്യ സമ്മര്‍ദ്ദം കുറയ്ക്കാന്‍ പറ്റിയ സംഗതിയാണ്.

അവര്‍ തുടര്‍ന്നു.. ഇന്നത്തെ കാലത്ത് തമാശയായി തോന്നാമെങ്കിലും ഒരാളുടെ അടുക്കളകൃഷിയില്‍ സഹായിക്കാന്‍ അവിടെ അടുത്തുള്ളവരൊക്കെ കൂടും. അവര്‍ സൊറ പറഞ്ഞ് പണിയെടുക്കും. കിട്ടുന്നത് കൂടെയുള്ളവര്‍ക്കും പങ്കു വയ്ക്കും.

വീടുകള്‍ പണിയുമ്പോള്‍ അടുത്ത പ്രദേശത്തെ ആളുകളൊക്കെ വീട്പണിയില്‍ സഹായിക്കാന്‍ വരും. അതിന് വേണ്ടി അവര്‍ ദിവസങ്ങള്‍ പ്രത്യേകം മാറ്റിവയ്ക്കും. ഇതിന് ജപ്പാനില്‍ യുയിമാറു എന്നാണ് പറയുന്നത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന്‍ തരിപ്പണമായ സ്ഥലമാണ് ഒകിനാവ. പ്രകൃതിക്ഷോഭങ്ങള്‍ ഇടയ്ക്കിടയ്ക്ക് വരും..പക്ഷെ പരസ്പര സഹകരണം കൊണ്ട് അവര്‍ വീണ്ടും വളര്‍ന്നു.

അവരുടെ ചര്‍ച്ചകള്‍ക്കിടയില്‍ അവന്‍റെ കൊള്ളിയാന്‍ തലവേദനയും ഇടം പിടിച്ചു. കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായി അവന്‍ അനുഭവിക്കുന്ന ജീവിത വ്യഥയും ഇടയ്ക്ക് പതഞ്ഞുപൊങ്ങി വന്നു..

അവര്‍ അവനെ അവിടത്തെ തിബത്തന്‍ ഡിസ്പന്‍സറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ‍ അവിടെ വളണ്ടിയര്‍ ആയി പണിയെടുക്കാറുള്ളത് കൊണ്ട്, അവര്‍ക്കൊക്കെ സുപരിചിതയാണ് ടായിര.

അവിടെങ്ങും പച്ചമരുന്നു കൂട്ടുകളുടെ ഒരു സാന്ത്വന സുഗന്ധം അവന് അനുഭവപ്പെട്ടു. ഡോക്ടര്‍ നാഡി പിടിച്ചു നോക്കി പല മരുന്നുകളും കുറിച്ചു.

മരുന്ന് വാങ്ങി ടായിരയോട് യാത്ര പറഞ്ഞ് അവന്‍ തിരിച്ചു യാത്രീ നിവാസിലേയ്ക്ക് നടക്കുമ്പോള്‍ ഓര്‍ത്തു, പണ്ട് നമ്മുടെ നാട്ടിലും യുയിമാറു പോലെ ഒരു കാലമുണ്ടായിരുന്നു.. പള്ളങ്ങളിലെ കായ്കറികള്‍ എല്ലാവര്‍ക്കും പങ്കു വച്ചിരുന്ന കാലം. നടീലിനും കൊയ്ത്തിനും എല്ലാവരുടെ പാടത്തും എല്ലാവരും ഒരുമിച്ച് പണിതിരുന്ന കാലം.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ ഇകിഗായിയെ തപ്പാനുള്ള ഒരു വിഫല ശ്രമം നടത്തി. വര്‍ഷങ്ങളായി എത്ര വിളിച്ചാലും വരാത്ത ഈ ഉറക്കം ഇപ്പോഴെന്താ ഇത്ര ധൃതി കൂട്ടുന്നത്‌.

രാവിലെ വരാന്തയില്‍ ഇരുന്നു ചായ കുടിക്കുമ്പോള്‍ മുന്നില്‍ കാണുന്ന കാടിന്‍റെ സപന്ദനം അവന്‍ ആസ്വദിക്കുകയാണ്. എഴഴകുള്ള തേന്‍‍ കുരുവികള്‍ തന്‍റെ സൂചി പോലുള്ള കൊക്കുകൊണ്ട്‌ പൂവ് തൊടാതെ തേന്‍ നുകര്‍ന്നു. കുയിലുകള്‍ ഉന്മത്തരായി കൂകുന്നത് കേട്ടു.

ഒരു പൂമ്പാറ്റ തത്തി തത്തി അവന്‍റെ തോളത്ത് വന്നിരുന്നു. അതിന്‍റെ വര്‍ണ്ണച്ചിറകുകള്‍ പതുക്കെ മേലോട്ടും താഴോട്ടും വീശി.

അവന്‍ കുളികഴിഞ്ഞ് ജ്വാലാദേവി ക്ഷേത്രം കാണാന്‍ പോയി. സംവത്സരങ്ങളായി ഇടതടവില്ലാതെ, പാറയിടുക്കില്‍ നിന്നും നാക്ക് നീട്ടുന്ന ഒരു കൊച്ചു തീ നാളം ആണ് ഈ ക്ഷേത്രത്തിന് ഈ പേര് നല്‍കിയത്. അവന് വളരെ കൌതുകം തോന്നി. ഇങ്ങനെ എന്തെന്തെല്ലാം പ്രകൃതിയുടെ വികൃതികള്‍ നമുക്ക് ചുറ്റും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. എല്ലാം അദ്ഭുതം തന്നെ..!!

വൈകുന്നേരം അവന്‍ ദലൈലാമയുടെ ക്ഷേത്രത്തില്‍ എത്തി. ഇകിഗായി കേള്‍ക്കാന്‍. ടായിരയെ കാണാന്‍.

ടായിരയെ കണ്ട ഉടനെ അവന്‍ ഓടി അടുത്തു ചെന്നു. പഴയ പരിചയക്കാരെപ്പോലെയാണ് ഇപ്പോള്‍ അവര്‍. ‍ ഊഷ്മള സംവാദങ്ങള്‍ അവരുടെ ബന്ധവും ഊഷ്മളമാക്കിത്തുടങ്ങി.

അവര്‍ പതുക്കെ ഇകിഗായി ചെപ്പ് തുറന്നു. ഞങ്ങളുടെ നാട്ടില്‍ മോവായി എന്നൊരു വാക്കുണ്ട്, അതായത് കൂട്ടായ്മ. ഞങ്ങള്‍ സമാന മനസ്കരായ നാട്ടുകാര്‍, അയല്‍വാസികള്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കും. അവര്‍ എല്ലാവരും ചേര്‍ന്ന്‍ പല കളികളും, ആഹാരം കഴിക്കലും, ഇടയ്ക്ക് ഒരുമിച്ച് താമസവും എന്ന്‍ വേണ്ട, എല്ലാവിധ പങ്കുവയ്ക്കലുകളും നടത്തും. സാമ്പത്തികമായി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പിരിവെടുത്ത് അവരെ സഹായിക്കും.

എല്ലാവരും എപ്പോഴും തിരക്കിലാണ്. മറ്റുള്ളവരോടു കൂട്ടുകൂടാനും, സഹായിക്കാനുമുള്ള തിരക്ക്.

ഒകിനാവക്കാര്‍ ആഹാരത്തിലും പ്രത്യേകത കാണിക്കുന്നു. അവര്‍ ‍ പൊതുവേ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ആണ് കഴിക്കുന്നത്‌. ദ്വീപ്‌ ആയതിനാല്‍ മീനും സുഭിക്ഷം. പുറമേ നിന്ന് ആഹാര സാധനങ്ങള്‍ വരുന്നത് കുറവാണ്. ഇത് അവരുടെ ആരോഗ്യത്തെ നന്നായി സഹായിക്കുന്നുണ്ട്. കലര്‍പ്പില്ലാത്ത ആഹാരമല്ലേ..?

ആഹാരം കഴിക്കുന്ന കാര്യത്തിലും 80% എന്ന ഒരു റൂളും വച്ചിട്ടുണ്ട്. ഏകദേശം വയറു നിറയാറായി എന്ന് തോന്നിയാല്‍ അവര്‍ ആഹാരം നിറുത്തും. നോ ഓവര്‍ ഫില്ലിംഗ്… അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവര്‍ അങ്ങനെ വര്‍ത്തമാനം പറഞ്ഞിരുന്ന്‍ സമയം പോയത് അറിഞ്ഞതേയില്ല. പിരിയാറായപ്പോള്‍ ടായിര പറഞ്ഞു, നാളെ വൈകുന്നേരം ഞാന്‍ തിരിച്ചു പോകുകയാണ്. ഇനി അടുത്ത വര്‍ഷം..

ഗിരി ചോദിച്ചു, അപ്പൊ നാളെ കാണാന്‍ പറ്റില്ലേ. ടായിര പറഞ്ഞു, കുറച്ചു തിരക്കുണ്ട്‌, പക്ഷേ രാവിലെ കുറച്ചു നേരത്തേക്ക് കാണാന്‍ നോക്കാം. യാത്രയും പറയാം.

അവന്‍ രാവിലെ തന്നെ ക്ഷേത്രത്തില്‍ എത്തി. ടായിര ഡിസ്പന്സറിയിലെ പണിയും കഴിഞ്ഞു വരികയാണ്. അവര്‍ കുറച്ചു നേരം മരച്ചുവട്ടിലെ ബഞ്ചില്‍ വര്‍ത്തമാനം പറഞ്ഞിരുന്നു.

കൂട്ടത്തില്‍ ഒരു പുതിയ കാര്യം അവര്‍ അവനോട് സൂചിപ്പിച്ചു. നീ ലോഗോ തെറാപ്പിയെക്കുറിച്ച് കേട്ടിട്ടുണ്ടോ…

ഇല്ല, അതെന്താണ്...

അത്... ഡോ.വിക്റ്റര്‍ ഫ്രാങ്കല്‍ ആവിഷ്കരിച്ച ഒരു ചികിത്സാ പദ്ധതിയാണ്. അദ്ധേഹത്തിന്‍റെ ജീവചരിത്ര പ്രകാരം, രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മനിയിലെ നാസി പടയാളികള്‍ അദ്ധേഹത്തെ പിടിച്ച് പോളണ്ടിലെ ഒഷ്വിറ്റ്സ് കോണ്‍സന്ട്രെഷന്‍ കാമ്പില്‍ തടവ്പുള്ളിയായി പാര്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം അന്നേവരെ പത്തിരുപത് വര്‍ഷങ്ങളായി ആവിഷ്കരിച്ച സിദ്ധാന്തങ്ങളുടെ റിസേര്‍ച്ച് പേപ്പറുകള്‍ അവര്‍ കണ്ടുകെട്ടി, നശിപ്പിച്ചു.

പക്ഷേ ആ ആവിഷ്കാരങ്ങള്‍ ലോകത്തിന് വെളിച്ചം കാണിക്കണം എന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം അത് വീണ്ടും എഴുതാന്‍ തുടങ്ങി. ഒരു ഭാഗത്ത്‌ തടവ് പുള്ളികള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുകയോ അസുഖങ്ങളാല്‍ മരിക്കുകയോ ചെയ്തുകൊണ്ടിരുന്നപ്പോഴും മറുഭാഗത്ത്‌ തന്‍റെ കണ്ടുപിടുത്തങ്ങള്‍ ലോകത്തിന് സമര്‍പ്പിക്കാനുള്ള അതിയായ ആഗ്രഹം, അദ്ദേഹത്തെ ജീവിച്ചിരിക്കാനുള്ള ഒരു പ്രേരകമാക്കി.

ടൈഫോയ്ഡ് വന്ന് മരണാസന്ന നിലയില്‍ കിടക്കുമ്പോഴും, കിട്ടിയ തുണ്ട് കടലാസുകളിലൊക്കെ തന്‍റെ സിദ്ധാന്തങ്ങള്‍ കുറിച്ചിടുന്ന തിരക്കിലായിരുന്നു അദ്ദേഹം. ആ ആശാകിരണം അദ്ധേഹത്തെ ജീവനോടെ ക്യാമ്പിനു പുറത്തെത്തിച്ചു.

പുറത്തെത്തിയ അദ്ദേഹം തന്നെത്തന്നെ ആദ്യത്തെ കേസ്-സ്റ്റഡിയാക്കി തന്‍റെ ആവിഷ്കാരങ്ങള്‍ പ്രസിദ്ധീകരിച്ചു. അത് ലോഗോ തെറാപ്പിയായി അറിയപ്പെടാന്‍ തുടങ്ങി. ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തിയാല്‍, അവന്‍ ഏത് പ്രതിസന്ധിയേയും നേരിടാനുള്ള കെല്‍പ്പ് നേടും.

ഇത് കേട്ട ഗിരി വായും പിളര്‍ന്ന് ഇരുന്നു. ലക്ഷക്കണക്കിന്‌ ജീവിതങ്ങള്‍ കുരുതി കഴിക്കപ്പെട്ട, കഴുത്തു വെട്ടാന്‍ ബ്ലെയിഡ് മെഷീനുകളും, പുകച്ചു കൊല്ലാന്‍ ഗാസ് ചെയ്മ്പറുകളും ഉപയോഗിച്ചിരുന്ന നാസി കോണ്‍സന്ട്രെഷന്‍ കാമ്പില്‍ നിന്ന് ജീവനോടെ തിരിച്ചു വരിക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.

ഇതൊക്കെ കൂടുതല്‍ അറിഞ്ഞേ പറ്റൂ..

ടായിര പറഞ്ഞു, എനിക്ക് സമയമായി. നമുക്ക് ഇനി അടുത്ത വര്‍ഷം കാണാം. അവര്‍ പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. ഇടയ്ക്കിടയ്ക്ക് ബന്ധപ്പെടാം എന്ന വാഗ്ദാനത്തോടെ പിരിഞ്ഞു.

തിരിച്ചു നടക്കുന്ന വഴിക്ക്, അവന്‍ സുന്ദരമായ ഒരു തടാകം കണ്ടു. കരേരി ദല്‍ തടാകം. ദേവതാരു വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട ആ നീല തടാകത്തിന്‍റെ കരയില്‍ അവന്‍ കുറച്ചു നേരം അങ്ങനെ കാറ്റേറ്റ് ഇരുന്നു.

ആ തടാകം തന്‍റെ കൊച്ചോളങ്ങളാകുന്ന കൈകള്‍ കൊണ്ട് കരയെ തലോടുന്നതായി അവന് തോന്നി. മഞ്ഞു മലകളില്‍ നിന്നും ഇറങ്ങി വരുന്ന നനുത്ത കാറ്റ് തടാകക്കരയെ കുളിരില്‍ ആറാടിച്ചു.

അപ്പോള്‍ ഒരു കാര്യം അവന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു. ടായിര തന്‍റെ അടുത്ത് വരുന്നവരേയെല്ലാം ജീവിതത്തിന്‍റെ പുതിയ അര്‍ത്ഥങ്ങള്‍ തേടുവാന്‍ പ്രേരിപ്പിക്കുകയാണ്. അവരുടെ ഇകിഗായിയില്‍ ഒന്ന് അതാണ്‌ തീര്‍ച്ച.

ഗിരി ഒരു കാര്യം കൂടി പതുക്കെ തിരിച്ചറിഞ്ഞു. ധര്‍മ്മശാലയില്‍ വന്നതുമുതല്‍, ‍ തന്നെ തലവേദന കാര്യമായി അലട്ടിയിട്ടില്ല.. അതിശയം…!!

ഇനി, ഈ സൈക്കോസോമാറ്റിക്ക് ഗിരി,  ഇവിടെത്തന്നെ താമസിച്ചാലോ..!! ഇക്കിഗായിയെക്കുറിച്ച് പഠിക്കണം, ലോകര്‍ക്ക് പറഞ്ഞു കൊടുക്കണം, പറ്റുമ്പോഴൊക്കെ വളണ്ടിയര്‍ ആയി സേവനം നടത്തണം അവന്‍റെ മനസ്സില്‍ ഒരു കൊച്ചു ഇകിഗായി നാമ്പിട്ടു..

അല്ല... ആദ്യം കുടുംബത്തെ പോയി കാണണം..അവര്‍ക്ക് കൂടി ഇക്കിഗായിയെക്കുറിച്ച് പറഞ്ഞു കൊടുക്കണം..അവരെന്നെ ഒരു പുതിയ ഗിരിയായി കാണണം..അവരെ ഇവിടെ കൂട്ടിക്കൊണ്ടു വരണം. അവന്‍റെ ഇകിഗായിയി നാമ്പില്‍ ഒരു കൊച്ചു തളിരില കൂടി വന്നു..

ഗിരി പതുക്കെ ഉള്ളില്‍ നിന്ന് ചിരിച്ചു. കുറേ..വര്‍ഷങ്ങള്‍ക്ക് ശേഷം..