Sunday 28 June 2015

കുളങ്ങള്‍ നമ്മുടെ ജീവിത സ്രോതസുകള്‍




എന്‍റെ കുട്ടിക്കാലത്ത് ഏതാണ്ട്  45 വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്ര കുളങ്ങളായിരുന്നു നാട്ടില്‍. തൊടിയില്‍ കുളം, പാടത്ത് കുളം, പാറയിടുക്കില്‍ കുളം, കുന്നിന്‍ ചെരുവില്‍ കുളം, പോരാത്തതിനു വലിയ അമ്പലക്കുളങ്ങളും. 


ആറേഴു വയസ്സുള്ള കാലത്ത് ഞാന്‍ അര കി. മി. ദൂരെയുള്ള ഒരു വീട്ടില്‍ പാല് മേടിക്കാന്‍ പോകുമ്പോള്‍ എട്ടു കുളങ്ങളും ഒരു വലിയ നീര്‍ച്ചാലും താണ്ടിയാണ് പോയിരുന്നത്. പോകുന്ന വഴിക്ക് നിറയെ തവളമുടിഞ്ഞിലുകള്‍, പരല്‍ മീനുകള്‍, ഒരു ചെറിയ കല്ലിട്ടു വെള്ളമനങ്ങിയാല്‍ വായും പൊളിച്ചു പൊങ്ങി വരുന്ന കണ്ണന്‍ മീനുകള്‍. കുളത്തിന്റെ വക്കത്തു നിറയെ ഞണ്ടിന്‍ മാളങ്ങള്‍, അതില്‍ ഇടക്കിടക്ക് എത്തി നോക്കുന്ന ഞണ്ടുകള്‍, അങ്ങിങ്ങ് തലയും വാലും ഇളക്കി ശരം വിട്ടപോലെ പോകുന്ന നീര്‍ക്കോലികള്‍, ഇടക്കിടക്ക് ആളൊന്നും ഈ വഴിക്ക് വന്നില്ലല്ലോ എന്ന സംശയത്തോടെ പൊങ്ങി നോക്കുന്ന, ആളെ കണ്ടാല്‍ ഇനി ഞാന്‍ നാളെ വരാം എന്ന് പറഞ്ഞ് താഴേക്ക് കൂപ്പു കുത്തുന്ന ആമകള്‍, പരല്‍ മീനൊന്നു പൊങ്ങി വന്നാലെ ഞാന്‍ ധ്യാനത്തില്‍ നിന്ന് ഉണരൂ എന്ന ഭാവത്തിലിരിക്കുന്ന ഏഴഴകുള്ള പൊന്മകള്‍, കുളത്തിന്‍റെ വക്കത്തു ഇപ്പൊ തരാം..ഇപ്പൊ തരാം (പേക്രോം, പേക്രോം)എന്ന് ഉറക്കെ പറയുന്ന പോക്കാച്ചി തവളകള്‍. പാടത്തും വരമ്പത്തും നീണ്ട കൊക്കും ചെളിയില്‍ താഴ്ത്തി എന്തൊക്കെയോ തിരയുന്ന തൂവെള്ള നിറമുള്ള കൊറ്റികള്‍...അങ്ങനെ പോകുന്നു എന്‍റെ കൂട്ടുകാര്‍..അവരോടൊക്കെ അല്പം സൊറ പറഞ്ഞും, പറഞ്ഞാല്‍ കേള്‍ക്കാത്തവരെ അല്പസ്വല്പം പേടിപ്പിച്ചും ഞാന്‍ എന്‍റെ പ്രപഞ്ചത്തില്‍ മുഴുകി അങ്ങനെ നടക്കും. രാവിലെ നെല്ലോലകളെ തലോടിക്കൊണ്ട് നടക്കുമ്പോള്‍, ഓലകളില്‍ പറ്റിപ്പിടിച്ച മഞ്ഞു കണങ്ങള്‍ കൈയിലും കാലിലും നേരിയ തണുപ്പോടുകൂടി ഒഴുകിയിറങ്ങും. വരമ്പിന്റെ വക്കത്തുള്ള  കറുകപ്പുല്ലിന്റെ നാമ്പില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞു തുള്ളികള്‍ മുത്തുമണികള്‍ പോലെ സൂര്യ പ്രഭയേറ്റ് തിളങ്ങും. 

മുന്നില്‍ കാണുന്ന അറ്റം കഴായയില്‍ ഇറങ്ങി വെള്ളത്തിന്‍റെ കുളിര്‍മ ആസ്വദിച്ചു കാല്‍ കഴുകും. വെള്ളം നേര്‍ത്ത ശബ്ദം ഉണ്ടാക്കികൊണ്ട് ഒഴുകുകയാണ്. പലയിടത്തും കുരുത്തികള്‍ (മീന്‍ പിടിക്കാന്‍ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ ഒരു വല) ഒഴുക്കിനെതിരായി വാ തുറന്നു ഇരിക്കുന്നുണ്ടാകും. അതൊന്നു തിരിച്ചു വച്ച് നോക്കും. മീന്‍ ഏതു വഴിക്കാണ് വരുന്നതെന്ന് അറിയണ്ടേ!!!. 



വീട്ടില്‍ എത്തേണ്ട താമസം, കൂട്ടുകാരുടെ വിളിയായി, അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകാന്‍. കുളിയെന്നു വച്ചാല്‍ ആ കുളം എട്ടുകുളമാക്കുന്ന രീതിയിലാണ് കുളി. അഞ്ചെട്ടു പേര്‍ കൂടിയാല്‍ പിന്നെ പറയുകയും വേണ്ട. ഒന്ന് രണ്ടു മണിക്കൂര്‍ ചാടി തിമര്‍ത്തേ കുളി കഴിയൂ. പറ്റുമെങ്കില്‍ കൂപ്പില്‍ (ഇന്നത്തെ സ്പ്രിംഗ് ബോര്‍ഡിന് പകരം ഉയരത്തില്‍ നിന്ന് ചാടാനുള്ള മതില്‍) നിന്ന് താഴേക്കു ചാടി നാല് പാടും വെള്ളം തെറുപ്പിക്കും. അങ്ങേക്കടവില്‍ ചേച്ചിമാര്‍ ഉണ്ടെങ്കില്‍ പറയുകയും വേണ്ട. അവരുടെ വാത്സല്യം നിറഞ്ഞ വഴക്ക് കേള്‍ക്കുന്നത് തന്നെ ഒരു രസമല്ലേ.

ഞാനൊരു മനോഹരമായ സ്വപ്നം കണ്ടു ഉണര്‍ന്ന പോലെ. പതുക്കെ പതുക്കെ യാഥാര്‍ത്ഥൃത്തിലേക്ക് കടന്നു വന്നല്ലേ പറ്റൂ. ആ കുളങ്ങള്‍ ഇന്നെവിടെ. ഇത്രയധികം ജൈവ സമ്പത്തിന്‍റെ വിളനിലമായിരുന്ന കുളങ്ങള്‍ വറ്റി വരണ്ടപ്പോള്‍ ഒരു നാടിന്റെ തന്നെ ജൈവ സമ്പത്ത് നഷ്ടപ്പെട്ടു. കുളങ്ങളെയും വയലുകളേയും ചുറ്റിപ്പറ്റിയുണ്ടായിരുന്ന സംസ്കാരം തന്നെ നഷ്ടപ്രായമായി. പണ്ട് വരള്‍ച്ച എന്തെന്നു അറിയാത്ത നിലങ്ങള്‍ വറ്റി വരണ്ടു. മനുഷ്യരും ജീവജാലങ്ങളും വെള്ളത്തിന്‌ വേണ്ടി നെട്ടോട്ടമോടാന്‍ തുടങ്ങി.


ഭൂമിയില്‍ വെള്ളം തങ്ങി നില്‍ക്കാന്‍ കുളങ്ങളും ജലാശയങ്ങളും വേണം. ഇന്നത്തെ പുതിയ ശാസ്ത്രീയത നിര്‍ദ്ദേശിക്കുന്ന വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആണ് പണ്ടുള്ളവര്‍ ഈ കുളങ്ങളിലൂടെ സാധിച്ചിരുന്നത്. അത് പെയ്ത വെള്ളത്തെ തടഞ്ഞു നിറുത്തുക മാത്രമല്ല, പതുക്കെ പതുക്കെ മണ്ണിലേക്ക് സേചനം ചെയ്യുക കൂടി ചെയ്തിരുന്നു. അപ്പോള്‍ വരള്‍ച്ച വളരെ കുറയും. ആ കുളങ്ങള്‍ ഇന്ന് കാണുന്ന റബ്ബറിനും വാഴകൃഷിക്കും വേണ്ടി നഷ്ടമായപ്പോള്‍ പെയ്ത വെള്ളം മുഴുവന്‍ എവിടെയും തങ്ങി നില്‍ക്കാതെ പുഴകളില്‍ എത്തി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാക്കാന്‍ തുടങ്ങി. മഴ നില്‍ക്കുമ്പോള്‍ വരള്‍ച്ചയും തുടങ്ങി. പണ്ട് ഭൂമിയുടെ കിടപ്പനുസരിച്ച് മിക്ക കുന്നിന്‍ ചെരുവുകളിലും കുളങ്ങള്‍ കുഴിച്ചിരുന്നു. 

നാം വീണ്ടും കഴിയുന്നത്ര ജലാശയങ്ങള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നഷ്ടപ്പെട്ടു പോയ ജൈവ സമ്പത്തൊക്കെ തിരിച്ചു വരട്ടെ. മുന്‍പുള്ള പോലെ കൊറ്റിയും, പോന്മയും, പേക്രോം തവളയും, ഇറുക്കന്‍ ഞണ്ടും, ഊളന്‍ ആമയും ഒക്കെ തരിച്ചു വരട്ടെ. അതില്ലെങ്കില്‍ നമ്മുടെ ഭൂമിയെല്ലാം ഊഷര ഭൂമിയായി മാറും. ഒരു തുള്ളി കുടിവെള്ളം കിട്ടാന്‍ നമ്മള്‍ നെട്ടോട്ടമോടും!!!





Friday 19 June 2015

നോസ്ടാല്‍ജിയ, അത് വല്ലാത്ത ഒരു ഇതാണെന്‍റെ റബ്ബേ..!!!



ഒരു മാസം മുന്‍പ് എനിക്കൊരു ഇ-മെയില്‍ കിട്ടി. അതിന്‍റെ ഉള്ളടക്കം ഇതാണ്. ഞാന്‍ എന്‍റെ കളിക്കൂട്ടുകാരനായ ഇടുക്കിയില്‍ കളിച്ചു വളര്‍ന്ന രവിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. താങ്കളാണ് ആ രവിയെങ്കില്‍ ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടൂ, എന്ന് സസ്നേഹം സണ്ണി. ഞാന്‍ ഒരു നിമിഷം അമ്പരന്നു പോയി. ഞാന്‍ തന്നെയാണ് ആ രവി. എന്‍റെ മനസ്സ് പെട്ടെന്ന് 40 കൊല്ലം പുറകിലേക്ക് പോയി. വള്ളി സൌസറും ഇട്ടു കമ്പി കൊണ്ട് വളച്ചുണ്ടാക്കിയ ഒരു വണ്ടിയും ഓടിച്ചു നടന്നിരുന്ന കാലം.
ആ കമ്പി വണ്ടി ഏതു കയറ്റവും ഏതു പടികളും കയറുമായിരുന്നു ഉറങ്ങുമ്പോള്‍ എന്നോടൊപ്പം കട്ടിലനിടിയില്‍ മാത്രം വിശ്രമിക്കുന്ന ആ കമ്പി വണ്ടി... എത്ര മധുര ഓര്‍മ്മകളാണ് ആ നല്ല നാളുകളെ കുറിച്ച്.
ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പറഞ്ഞറിയിക്കാനാകാത്ത ഒരനുഭൂതി. അതാണ് നോസ്ടാല്‍ജിയ എന്ന് തോന്നുന്നു....!!!
ഈ ചിത്രങ്ങള്‍ കണ്ടു നിങ്ങളും അതുപോലൊരു നോസ്ടാല്‍ജിയയിലേക്ക് വഴുതി വീഴുമെന്നു എനിക്ക് ഉറപ്പുണ്ട്...ആസ്വദിക്കൂ!!!


ഇങ്ങനെ സൈക്കിളില്‍ നിന്നിറങ്ങാത്ത കാലമുണ്ടായിരുന്നു. കാലാണെങ്കില്‍ എത്തില്ല. പക്ഷെ എല്ലാ അഭ്യാസ പ്രകടനവും കാണിക്കും. കാലിലെ ഇന്നും മായാത്ത ആ മുറിവിന്റെ പാട് ഒന്ന് തടവിനോക്കൂ...


ഈ നാരങ്ങ മുട്ടായി ഓര്‍മ്മയുണ്ടോ. പങ്ങന്റെ പീടികയില്‍ നിന്ന് അഞ്ചു പൈസക്ക് രണ്ടെണ്ണം. പിന്നെ കടിച്ചാല്‍ പൊട്ടാത്ത ശര്‍ക്കര മുട്ടായിയും.



ഈ ഗോട്ടി കണ്ടപ്പോള്‍ ഞാന്‍ എന്‍റെ കൈ വിരലുകളുടെ എല്ലോന്നു തടവി. എത്ര ഉണ്ടയാ കിട്ടിയിട്ടുള്ളത്..കൊടുത്തിട്ടുള്ളത്. അതിന്റെ ശബ്ദം ഇന്നും കാതുകളില്‍ കേള്‍ക്കുന്നുണ്ടോ..


 ഇത് കാണുമ്പോള്‍ നമ്മളില്‍ മിക്കവരും പുറം ഒന്ന് തടവിപ്പോകും. ഇത് പോലൊരു മെയ്യഭ്യാസം വേണ്ട കളി വളരെ ചുരുക്കം. കല്ല്‌ അടുക്കിക്കൊണ്ടിരിക്കുംപോള്‍ ചീറിപ്പാഞ്ഞു വരുന്ന പന്തില്‍ നിന്നും തെന്നി മാറാനറിയുന്ന വിദ്യ ഇന്ന് മിക്ക കുട്ടികള്‍ക്കും വശമുണ്ടാവില്ല.




 എന്‍റെ പോട്ടാസ്സെ നിന്നെ എത്ര പൊട്ടിച്ചിരിക്കുന്നു. കൈ കൊണ്ടും, കാലു കൊണ്ടും, തോക്ക് കൊണ്ടും അടുപ്പിലിട്ടും. അടുപ്പിലിടുമ്പോള്‍ ചക്കക്കുരു പൊട്ടുന്ന പോലെയല്ലേ പൊട്ടുന്നത്. ചില വിരുതന്മാര്‍ കടിച്ചു പൊട്ടിക്കാന്‍ നോക്കിയിരുന്നു. കടിച്ചപ്പോള്‍ എന്തോ ഒന്ന് പൊട്ടുന്ന ശബ്ദം കേട്ടു, പല്ലോ അതോ പോട്ടാസ്സോ? കൃത്യമായി ഓര്‍മ്മ വരുന്നില്ല....!!!


പാമ്പു ഗുളിക. ഒരു ചെറിയ ഗുളിക കത്തിക്കുമ്പോള്‍ അനന്തമായി നീണ്ടു വരുന്ന പാമ്പ്. ഇന്നാണെങ്കില്‍ പരിസ്ഥിതി മലിനീകരണത്തിന് ജയിലില്‍ പോകേണ്ടി വരുമായിരുന്നു. അത്രക്ക് പുകയായിരുന്നു അതിന്.


പാമ്പിനെ കണ്ടു നിന്നിട്ട് ക്ലാസ്സില്‍ വൈകി ചെന്നതിനു തല്ലു കിട്ടിയത് എങ്ങനെ മറക്കും സാറേ....!!!



നാട്ടില്‍ ഇരുന്നു കൊണ്ട് താജ്മഹലും ചെങ്കോട്ടയും ഒക്കെ ആദ്യമായി കണ്ട കാലം..ദേശവും ഭക്തിയും എന്താണെന്നറിയാതെ ദേശഭക്തി ഗാനങ്ങള്‍ കേട്ടിരുന്ന കാലം....!!!



ഈ കുന്ത്രാണ്ടത്തില്‍ എത്ര കൊട്ടിയിരിക്കുന്നു. ഒരക്ഷരം തെറ്റിയാല്‍ പോയത് തന്നെ. പണ്ടത്തെ ജീവിത ശൈലിയാണ് ഇത് കാണിക്കുന്നത്. തെറ്റ് തിരുത്താന്‍ ബുധിമ്മുട്ടായത് കൊണ്ട് തെറ്റ് വരാതെ ശ്രദ്ധിക്കും. കാര്യങ്ങള്‍ വളരെ സൂക്ഷിച്ചേ ചെയ്യൂ. ഇന്നോ, എത്ര വേണമെങ്കിലും തെറ്റിക്കാം, തിരുത്താം.

കൂട്ടുകാരേ, നിങ്ങള്‍ക്കും ഉണ്ടാവില്ലേ ഇതുപോലെ പഴയ ഓര്‍മ്മകള്‍.














Tuesday 16 June 2015

നഥുല പാസും ഹര്‍ഭജന്‍ സിംഗ് ബാബയും






കുറെ ദിവസമായി ഒരു ദീര്‍ഘ യാത്രക്ക് താത്പര്യം ജനിച്ചിട്ട്‌ അപ്പോഴാണ് ശ്രീമതി ഒരു ആശയം മുന്നില്‍ വച്ചത്. ഞങ്ങളുടെ ഓഫീസില്‍ നിന്ന് ഒരു സംഘം സിക്കിം യാത്ര പോകുന്നു, നമുക്കും ചേര്‍ന്നാലോ? ഇത് കേട്ടതും, തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ...ഞങ്ങള്‍ ഉടനടി സമ്മതം മൂളി.

അങ്ങനെ ഫെബ്രുവരി 20തിനു ആ കാത്തിരുന്ന ദിവസം എത്തി. ഞങ്ങളും അടുത്ത ഒരു സുഹൃദ് കുടുംബവും കൂടി രാവിലെ 8 മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തി. ഞങ്ങളെ കാത്തു വേറെ രണ്ടു കുടുംബങ്ങളും  കൂടി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഞങ്ങള്‍ 6 മുതിര്‍ന്നവരും 5 മുതിര്‍ന്ന കുട്ടികളും. ചെറിയ കുശല പ്രശ്നങ്ങള്‍ക്കു ശേഷം ഒരു സംഘം ആയി എയര്‍പോര്‍ട്ടിന് അകത്തേക്ക്ക്ക് നീങ്ങി. ഒരു ആഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയയ്തിരിക്കുന്നത്. നഥുല പാസ്, ഗാങ്ങ്ടോക് ഡാര്‍ജീലിംഗ്, കലിംഗ്പോംഗ് എന്നിവിടങ്ങള്‍ കാണാനാണ് പ്ലാന്‍.

ഞങ്ങള്‍ ചെക്കിന്‍ കഴിഞ്ഞ് ബാഗ്ദോഗ്രയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറി. ഫ്ലൈറ്റ് ഫുള്‍ ആണ്. ഹിമാലയ സൗന്ദര്യം ആസ്വദിക്കാന്‍ പോകുന്നവരാകും അധികവും. വിമാനത്തിലെ പ്രായം ചെന്ന പ്രൌഡ വനിതകള്‍ വിളമ്പിയ ചായയും ചെറു കടിയും കഴിഞ്ഞ് ഞങ്ങളില്‍ പലരും സീറ്റിനു മുന്നിലെ ടീവിയില്‍ അഭയം തേടി. ഞാന്‍ കോമഡി നൈട്സ് വിത്ത്‌ കപിലിന്‍റെ ഒരു തട്ടുപൊളിപ്പന്‍ പ്രകടനം കണ്ടു ചിരിച്ചു മയങ്ങി. ഞങ്ങള്‍ ഒരു 11 മണിക്ക് ബാഗ്ദോഗ്രയില്‍ ഇറങ്ങി. എയര്പോര്ടിനു പുറത്തു തന്നെ ഞങ്ങളെയും കാത്തു രണ്ടു ടാറ്റാ സുമോകള്‍ നിന്നിരുന്നു. ചെറുപ്പക്കാരും ചെറുപ്പം നടിക്കുന്ന ഒരുകൂട്ടം മധ്യവയസ്കരും ഒരു സുമോയിലും ബാക്കിയുള്ളവര്‍ മറ്റേ സുമോയിലും കയറി.  

ഞങ്ങള്‍ രണ്ടു വാഹനങ്ങിളിലായി ഗാങ്ങ്ടോകിലേക്ക് പുറപ്പെട്ടു. . റോഡിനു ഇരു വശത്തും തിരക്ക് പിടിച്ച അങ്ങാടികള്‍ കണ്ടു. വെസ്റ്റ്‌ ബംഗാളിലെ ഒരു പ്രധാനപ്പെട്ട ടൌണ്‍ ആണ് ബാഗ്ദോഗ്ര. ഇത് സില്ലിഗുരിയോട് വളരെ ചേര്‍ന്ന് കിടക്കുന്ന തിരക്ക് പിടിച്ച ഒരു ടൌണ്‍ ആണ്. ഇവിടെ നിന്നു ആണ് ഡാര്‍ജെലിങ്ങിലെക്കും ഗാങ്ങ്ടോകിലീകും മറ്റു പല ഹിമാലയന്‍ താഴ്വരകളിലേക്കും യാത്ര പുറപ്പെടുന്നത്. കൂടാതെ ബാഗ്ദോഗ്ര ഒരു മിലിടരി ക്യാമ്പ്‌ കൂടി ആണ്.

ഒരു മണിക്കൂര്‍ യാത്ര ചെയ്ത ശേഷം ഡ്രൈവര്‍  മല്ലിഗുരി എന്ന സ്ഥലത്ത് നിറുത്തി. സമയം ഒരു രണ്ടു മണിയോടടുത്ത് കാണും. ഡ്രൈവര്‍ പറഞ്ഞു - ഇവിടന്നങ്ങോട്ട്‌ മലഞ്ചെരുവിലൂടെയുള്ള യാത്രയാണ്. ഇവിടുന്ന് ആഹാരം കഴിച്ചിട്ട് നമുക്ക് യാത്ര തുടരാം. ഞങ്ങള്‍ ഒരു തരക്കേടില്ലാത്ത നോര്‍ത്ത് ഇന്ത്യന്‍ ധാബയില്‍ കയറി ചപ്പാത്തിയും കറികളും ഓര്‍ഡര്‍ ചെയ്തു. പക്ഷെ അര മണിക്കൂര്‍ കഴിഞ്ഞിട്ടും ആഹരമൊന്നും വരാത്തതുകൊണ്ട് സംഗതി ആരാഞ്ഞപ്പോള്‍ എത്ര സമയമെടുക്കുമെന്ന് അറിയില്ല എന്നായിരുന്നു ഉത്തരം. ഹോടല്‍കാരന്റെ നിരുത്തരവാദ പരമായ മറുപടി ഞങ്ങള്‍ക്ക് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇനി കാത്തിരുന്നാല്‍ ശരിയാവില്ല എന്ന് പറഞ്ഞ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു ഞങ്ങള്‍ മറ്റൊരു നല്ല ഹോട്ടല്‍ അന്വേഷിച്ച് ഇറങ്ങി. അപ്പോഴതാ ‘ഡോമിനോസ്’ മുന്നില്‍. കുട്ടികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞങ്ങള്‍ മുതിര്നവരും അവിടെ തന്നെ കയറാമെന്ന് തീരുമാനിച്ചു. എന്തൊക്കെ പറഞ്ഞാലും വൃത്തിയും വെടുപ്പും പടിഞ്ഞാറന്‍ റെസ്റൊരന്റ്റ് ചെയ്നുകള്‍ക്ക് തന്നെ. വൃത്തിയുള്ള ടോയ്ലെറ്റുകള്‍, നല്ല AC റൂമുകള്‍. ഞങ്ങള്‍ പല വലുപ്പത്തിലും ആകൃതിയിലും ഉള്ള പിസകള്‍ ഒന്നൊന്നായി ഓര്‍ഡര്‍ ചെയ്ത് അകത്താക്കി. അവിടെ നിന്ന് വണ്ടിയില്‍ കയറി. അധികം താമസിയാതെ റോഡ്‌ മലമുകളിലേക്ക് മടക്കു മടക്കായി കയറിക്കൊണ്ടിരുന്നു. കൂടെ ഞങ്ങളും. മലയിടുക്കിലൂടെ തീസ്ത നദി പ്രത്യക്ഷപ്പെട്ടു. മഞ്ഞയും ചുവപ്പും കലര്‍ന്ന വെള്ളത്തോട് കൂടി ഞങ്ങള്‍ക്കൊപ്പം വളഞ്ഞും തിരിഞ്ഞും സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇവള്‍ സിക്കിമിന്റെയും ഹിമാലയ മല മടക്കുകളുറെയും അരഞ്ഞാണം പോലെ ചുറ്റി ചുറ്റി ഒഴുകുന്നു. സിക്കിമിന്റെയും പശ്ചിമ ബംഗാളിന്റെയും അതിര്‍ത്തി നിശ്ചയിക്കുന്ന ഇവള്‍ ബ്രഹ്മപുത്രയോടു ചേര്‍ന്ന്‍ സമുദ്രത്തില്‍ നിമാഗ്നയാകുന്നു. മനുഷ്യര്‍ ഇവളുടെ കൈകള്‍ക്ക് കൂച്ച് വിലങ്ങിട്ടപോലെ തലങ്ങും വിലങ്ങും ഡാമുകള്‍ പണിതുകൊണ്ടുരിക്കുകയാണ്. ഏകദേശം നാല്‍പതു ഡാമുകള്‍ ഇവള്‍ക്ക് കുറുകെ കെട്ടികൊണ്ടിരിക്കുന്നു എന്ന് കേട്ടാല്‍ മനസ്സിലാകും മനുഷ്യന്‍ എന്ത് താണ്ടവമാണ് ഈ ഹിമാലയ താഴ്‌വരയില്‍ കാട്ടിക്കൂട്ടുന്നതെന്ന്. ബാക്കി അവശേഷിച്ചത് മണല്‍ മാഫിയയും വാരിക്കൊണ്ട് പോകുന്നു. നമ്മുടെ ഈ തലമുറ കഴിയുമ്പോഴേക്കും നദികള്‍ കാണാന്‍ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ തീര്‍ഥയാത്ര നടത്തേണ്ട ഗതികേട് വരും, നമ്മുടെ കുട്ടികള്‍ക്ക്!!!.

ഞങ്ങള്‍ പോകുന്ന റോട്ടില്‍ പലയിടത്തും മലയിടിഞ്ഞിട്ടുണ്ട്. കുണ്ടും കുഴികളും നിറഞ്ഞ റോഡാണ്. പലയിടത്തും വണ്‍വേ പോലെ, ഒരു വരി വണ്ടികള്‍ക്കേ പോകാന്‍ പറ്റു. പലയിടത്തും റോഡുപണി നടന്നു കൊണ്ടിരിക്കുന്നു. പതുക്കെ പതുക്കെ ഞങ്ങള്‍ സന്ധ്യയോടു കൂടി ഗാങ്ങ്ടോകില്‍ എത്തി. ഞങ്ങളുടെ വണ്ടി മലന്ചെരുവിലുള്ള ഹോട്ടലിനു മുന്നില്‍ നിറുത്തി. എല്ലാവരും അവരവരുടെ മുറികളിലേക്ക് ചേക്കേറി. ദീര്‍ഘ നേരത്തെ യാത്ര കൊണ്ട് എല്ലാവരും ക്ഷീണിച്ചിരിക്കുന്നു. കുളി കഴിഞ്ഞ് നേരെ ഡൈനിങ്ങ്‌ ഹാളിലേക്ക്. ചൂട് ചൂടായ ചപ്പാത്തിയും ചോറും വെജ് നോണ്‍ വെജ് കറികളും. ഞങ്ങള്‍ കുറച്ചുനേരം സൊറ പറഞ്ഞിരുന്നു. നാളെ നഥുല പാസ്‌ കാണാന്‍ പോകേണ്ടതാണ്. ജീവിതത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്നായിരിക്കും അത്. കാലാവസ്ഥ അനുഗ്രഹിച്ചാലേ നാളെ പോക്ക് നടക്കൂ. മഴയോ മഞ്ഞുവീഴ്ചയോ രാവിലെ ഉണ്ടെങ്കില്‍ അങ്ങോട്ട്‌ പോകാന്‍ പറ്റില്ല. പ്രകൃതി കനിയുക തന്നെ വേണം. ഈ വക ചിന്തകള്‍ മനസ്സില്‍ തത്തിക്കളിക്കുന്നതിനിടയില്‍ ഉറക്കത്തിലേക്കു വഴുതി വീണതറിഞ്ഞില്ല.


രാവിലെ ആറു മണി ആയിക്കാണും കണ്ണ് തുറന്നപ്പോള്‍. ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കിയപ്പോള്‍ ചേതോഹരമായ കാഴ്ച. പച്ച പരവതാനി വിരിച്ച മലകള്‍ മറു വശത്ത്. ചില മലകള്‍ തട്ട് തട്ടായി കൃഷിയിടങ്ങളാക്കിയിരിക്കുന്നു. ചില മലകളില്‍ തട്ട് തട്ടായി കെട്ടിടങ്ങള്‍ നിരത്തിയിരിക്കുന്നു. താഴ്വരകള്‍ക്ക് ഒരു നിറം, മലയുടെ നെറുകയില്‍ വേറൊരു നിറം. ബഹുവിധം പച്ച നിറങ്ങള്‍ കൊണ്ട് പ്രകൃതി ഒരു കാന്‍വാസ് ഒരുക്കിയിരിക്കുന്നു. അതില്‍ പലയിടങ്ങളിലായി സൂര്യന്‍ തന്‍റെ കൊലുസ് വാരി വിതറിയിരിക്കുന്നു. ഹ ഞാനൊരു ചിത്ര കാരനയിരുന്നെങ്കില്‍. മണിക്കൂറുകളോളം നോക്കിനിന്നു പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ അതിന്റെ ചാരുതയോടെ കാന്‍വാസില്‍ പകര്‍ത്തിയേനെ. എന്തായാലും ഈ അസുലഭ സന്ദര്‍ഭം നടന്നു ആസ്വദിക്കാന്‍ തന്നെ തീരുമാനിച്ച് ഒരു ചുട് ചായയും കുടിച്ചു ഞങ്ങള്‍ പുറത്തിറങ്ങി. ഒരു അന്‍പതടി നടന്നപ്പോഴേക്കും എം ജി മാര്‍ഗ് എന്ന ഗാങ്ങ്ടോക്കിലെ പ്രധാനപ്പെട്ട ഷോപ്പിംഗ്‌ സ്ട്രീറ്റില്‍ എത്തി. രാവിലെ നേരത്തേ ആയിരുന്നതിനാല്‍ കടകളൊന്നും തുറന്നിട്ടില്ല. നിറയെ ബഞ്ചുകള്‍ അവിടവിടെ ഇട്ടിട്ടുണ്ട്, റിലാക്സ് ആകാന്‍. അങ്ങിങ്ങ് നല്ല ഭംഗിയുള്ള പൂച്ചെടികള്‍. വളരെ വൃത്തിയും വെടുപ്പും ഉള്ള സ്ഥലം. തുപ്പുന്നത് കൂടി നിരോധിച്ചിട്ടുള്ള സ്ഥലമാണ്‌. ഓരോരോ കടക്കാരും അവരവരുടെ കച്ചറ കൂട എടുത്തു കൊണ്ട്പോയി അടുത്തു നില്‍ക്കുന്ന മുനിസിപാലിറ്റിയുടെ ഗാര്‍ബേജു ട്രക്കുകളില്‍ ഇടുന്നു. വെറുതെയല്ല ഇവിടം ഇത്ര വൃത്തിയായി ഇരിക്കുന്നത്. ശുചിത്വത്തിന്റെ കാര്യത്തില്‍ സിക്കിമുകാര്‍ വളരെ മാതൃക തന്നെയാണ്. രാവിലെ ചെറു തണുപ്പില്‍ കുറേപ്പേര്‍ പ്രഭാത സവാരിക്കായി ഇറങ്ങിയിട്ടുണ്ട്. അവിടവിടെ സ്ത്രീകള്‍ ഫ്ലാസ്കുകളില്‍ ചായ വില്‍ക്കുന്നു. ഒരു ചെറിയ കയറ്റം കയറി ഞങ്ങള്‍ സ്ട്രീറ്റിനു പുറത്തു കടന്നു. റോഡിന് ഒരുവശത്ത് താഴോട്ടുള്ള ചെരുവില്‍ കെട്ടിടങ്ങള്‍ താഴത്തു നിന്ന് തന്നെ കെട്ടിപൊക്കിയിരിക്കുന്നു. ഒരു നിലയെങ്കിലും റോഡിന് താഴേക്കും കാണും. മറു വശത്ത് ചെങ്കുത്തായ സ്ഥലത്ത് വന്‍ വൃക്ഷങ്ങളും അവക്കിടയില്‍ കെട്ടിടങ്ങളും. സിക്കിം ഗവണ്മെന്റിന്റെ പല ഓഫീസുകളും ഇവിടെ കണ്ടു. കൂട്ടത്തില്‍ ഹോളി ക്രോസ് മോണ്ടെസ്സരി സ്കൂളും. തീര്‍ച്ചയായും ഇവിടെ മലയാളി കുട്ടികള്‍ പഠിക്കുന്നുണ്ടാകും. മുന്നില്‍ രണ്ടും കൂടിയ പാതയില്‍ നല്ല ഭംഗിയുള്ള ഒരു പെടസ്ട്രിയന്‍ ഓവര്‍ ബ്രിഡ്ജ്, അതും ചിത്ര ശലഭത്തിന്റെ ആകൃതിയില്‍. ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. തിരിച്ചു ചെന്നിട്ടു കുളിച്ചു വേഗം റെഡിയാകണം.

കുളിയും കഴിഞ്ഞ് നല്ല ചൂട് ചൂടായ ആലു പറാട്ടയും അടിച്ചു ഞങ്ങള്‍ സമയം നോക്കിയപ്പോള്‍ മണി എട്ടര. അര മണിക്കൂറുണ്ട്‌ വണ്ടി വരാന്‍.  കൂട്ടത്തില്‍ ചെറുപ്പക്കാര്‍ക്ക് ചിലര്‍ക്ക് കുറച്ചു സമയം അവിടെ ചുറ്റി നടന്നാലെന്താ എന്നൊരു തോന്നല്‍. ഞാനും കൂടി അവരുടെ കൂടെ. താഴേക്കുള്ള റോട്ടിലൂടെ നടക്കാനെളുപ്പമാണല്ലോ എന്ന് കരുതി മലകളുടെ ഭംഗിയും കണ്ടു അങ്ങനെ ചെരുവിറങ്ങി. കുറെ ദൂരം പോയപ്പോള്‍ വഴിയില്‍ റോഡ്‌ പണി നടക്കുന്നു. മടങ്ങാന്‍ തീരുമാനുച്ചു. ഇനി ഈ വന്ന വഴിയൊക്കെ തിരിച്ചു കയറണ്ടേ എന്ന് കരുതി വിഷമിക്കുമ്പോള്‍ അതാ ഒരു കുറുക്കു വഴി മുകളിലേക്ക്. ആ ഒറ്റയടിപ്പാത ചെങ്കുത്തനെ ആണെങ്കിലും കുറച്ചു കയറിയാല്‍ മുകളില്‍ ചെല്ലാമെന്നു കരുതി അതിലൂടെ വലിഞ്ഞു കയറി. പകുതി വഴിയില്‍ എത്തിയപ്പോള്‍ ഒരു മുളങ്കൂട്ടതിനിടയില്‍ പെട്ടു. തുടര്‍ന്നുള്ള വഴിയൊന്നും കാണാനുമില്ല. അങ്ങനെ നിന്ന് വിഷമിക്കുംപോഴാണ് ഒരു സ്ത്രീ ആ വഴി കുറച്ചു ചുമടുമായി വരുന്നതു കണ്ടത്. അവരോടു മുകളിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ എന്‍റെ കൂടെ പോന്നുകൊള്ളൂ എന്ന് ആംഗ്യം കാണിച്ചു. അവര്‍ മുന്നിലും ഞങ്ങള്‍ കുറച്ചു പുറകിലും ആയി കുറച്ചു കയറിയപ്പോള്‍ ഒരു വളവില്‍ ആ സ്ത്രീ അപ്രത്യക്ഷയായി. ഒന്ന് പകച്ചെങ്കിലും കുറച്ചു നടന്നപ്പോള്‍ രണ്ടു മൂന്നു പണിക്കാര്‍ കയറി വരുന്നു. അവരുടെ കൂട്ടത്തില്‍ കൂടി അന്നാട്ടുകാരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് പതുക്കെ പതുക്കെ മല കയറി ഒരു തരത്തില്‍ ഹോട്ടലിനു മുന്നില്‍ വന്നുപെട്ടു. കുറുക്കു വഴി ബുദ്ധിമ്മുട്ടിചെങ്കിലും അന്നാട്ടുകരോടു കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഒരു സന്ദര്‍ഭം കിട്ടി.

നഥുല പാസ്സിലേക്കുള്ള വണ്ടികള്‍ ഇനിയും വന്നിട്ടില്ല. മണി 9 ആയി. ഞങ്ങളില്‍ പലരും യാത്രയുടെ നടത്തിപ്പുകാരെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അധികം താമസിച്ചാല്‍ പെര്‍മിറ്റു കിട്ടുന്നതിനു ബുദ്ധിമ്മുട്ടാകും. ആദ്യം വന്നയാള്‍ക്ക് ആദ്യം എന്ന രീതിയിലാണ് പാസ്സുകള്‍ നല്‍കുന്നത്. രാവിലെ 11 മണിക്ക് ശേഷം എത്തുന്നവര്‍ക്ക് പാസ്സ് നല്‍കില്ല. താമസിയാതെ ഞങ്ങളുടെ വണ്ടികള്‍ വന്നു. ഒരു ഇന്നോവയും ഒരു സൈലോയും. ഞങ്ങള്‍ 11 പേര്‍ രണ്ടു വണ്ടികളിലായി വേഗം  കയറിക്കൂടി. എല്ലാവരും ജാകെറ്റും, മഫ്ലരും തൊപ്പിയും എല്ലാം കരുതിയിട്ടുണ്ട്. 14400 അടി ഉയരത്തില്‍ എന്താണാവോ കാലാവസ്ഥ. ഞങ്ങളുടെ സഹയാത്രികരില്‍ ചിലര്‍ Border Road Organisation മായി ബന്ധമുണ്ടായിരുന്നത് കൊണ്ട് വളരെ നല്ല സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നു (അത് പിന്നീട് വിശദീകരിക്കാം).

വണ്ടികള്‍ പുതിയതായിരുന്നത് കൊണ്ട് വലിയ കുലുക്കമോന്നും അറിയുന്നില്ല. ഞങ്ങള്‍ പതുക്കെ മല കയറി തുടങ്ങി. ഹെയര്‍ പിന്‍ വളവുകളുള്ള ചാഞ്ഞും ചെരിഞ്ഞുമുള്ള വഴികള്‍. ഓരോ വളവു കഴിയുമ്പോഴും ഞങ്ങളുടെ ഉയരങ്ങള്‍ കൂടിക്കൊണ്ടിരുന്നു. ഒരു ഭാഗത്ത്‌ തലയില്‍ വെള്ളപ്പാവണിഞ്ഞ മാമലകള്‍. മറു വശത്ത് ഭൂമിയുടെ അകത്തേക്ക് എത്തി നോക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍. ആവേശവും ഭീതിയും സമ്മിശ്രമായ നിമിഷങ്ങള്‍. വണ്ടി, കയറ്റം കയറിക്കൊണ്ടേ ഇരിക്കുകയാണ്. മലകളുടെ തലപ്പാവുകളായി തത്തിക്കളിച്ചിരുന്ന വെണ്‍മേഘങ്ങളെ മറികടന്നു ഞങ്ങള്‍ മുകളിലെത്തിയിരിക്കുന്നു. ഹിമാലയത്തില്‍ മേഘങ്ങള്‍ക്ക് മുകളില്‍ കിന്നരന്മാരാണ് താമസിക്കുന്നതെന്ന് കുട്ടിക്കാലത്ത് കാളിദാസന്റെ കുമാരസംഭവത്തില്‍ പഠിച്ചതായി ഓര്‍ക്കുന്നു. അവര്‍ എവിടെയാണാവോ താമസിക്കുന്നത്. ഞങ്ങള്‍ ഉയരങ്ങളിലേക്ക് കയറുന്തോറും മരങ്ങളുടെ ഉയരം കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോള്‍ പര്‍വത രാജന്മാരുടെ കിരീടങ്ങള്‍ വെള്ളി പൂശിയത് പോലെ. സൂര്യ കിരണങ്ങള്‍ ആ കിരീടങ്ങളില്‍ തട്ടി പല നിറങ്ങളായി പ്രതിഫലിച്ചു.

ഡ്രൈവര്‍ ദാന്റാക് എന്ന സ്ഥലത്ത് ബോര്‍ഡര്‍ റോഡ്‌ ഒര്‍ഗനൈസേഷന് മുന്നില്‍ നിറുത്തി. നേരത്തെ തീരുമാനിച്ച പ്രകാരം ഇവിടുത്തെ മെസ്സില്‍ ഞങ്ങള്‍ക്ക് ആഹാരം തയാറാക്കിയിരുന്നു. നല്ല ചൂടോടെയുള്ള പൂരിയും സബ്ജിയും അടിച്ചു. ചെറിയ ശങ്കകളെല്ലാം തീര്‍ത്തു. അല്‍പ നേരത്തെ കുശല പ്രശ്നങ്ങള്‍ക്കു ശേഷം അവരുടെ ആതിഥ്യ മര്യാദക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. കൂടെ ഗൈഡ് ആയി രാകേഷ് എന്ന ചെറുപ്പക്കാരനും ഞങ്ങളുടെ കൂടെ വന്നു. ഇവിടെ നിന്ന് 25 കിമി ദൂരമുണ്ട് നഥുലയിലേക്ക്. സോംഗോ തടാകത്തിലേക്ക് 8 കിമി.



ഞങ്ങള്‍ പുര്‍വാധികം ഉന്മേഷത്തോടുകൂടി പുറപ്പെട്ടു. ഇപ്പോള്‍ പര്‍വത രാജന്മാരുടെ കിരീടങ്ങളില്‍ നിന്നും വെള്ളി താഴേക്കും ഉരുകി ഇറങ്ങി തുടങ്ങിയിരിക്കുന്നു. അധിക ദൂരം പോകുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ റോഡിനിരുവശവും പഞ്ഞികെട്ട് പരത്തി ഇട്ടിരിക്കുന്ന പോലെ  മഞ്ഞു കട്ടകള്‍ കണ്ടു തുടങ്ങി. എന്‍റെ ആദ്യത്തെ മഞ്ഞുമായുള്ള കൂടിക്കാഴ്ച. ഇറങ്ങി വാരിയെടുക്കാനുള്ള അതൃധികമായ ഉത്സാഹം. പണ്ട് പല യാത്രകളിലും മഞ്ഞു കാണാനുള്ള അവസരം തൊട്ടുരുമ്മി പോയെങ്കിലും ഒരിക്കലും ഇതുപോലെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ചുറ്റിലും മഞ്ഞു പുതച്ച മാമലകള്‍. വെള്ളം ഒഴുകിക്കൊണ്ട് തന്നെ ഉറച്ചു പോയിരിക്കുന്നു. തടാകങ്ങള്‍ വെള്ളമുത്തുകള്‍ പോലെ പലയിടങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്നു. പ്രകൃതി ഒന്ന് നിശ്ചലമായ പോലെ ഒരു പ്രതീതി. ഞങ്ങള്‍ക്ക് പുറത്തു ചാടാന്‍ അതിയായ ആഗ്രഹം. ഡ്രൈവര്‍ പറഞ്ഞു മുകളില്‍ നഥുല പാസ്സിനടുത്തു ധാരാളം ഐസ് ഉണ്ടാകും. അവിടെ നിങ്ങള്‍ക്ക് കിടന്നുരുണ്ടു കളിക്കാം, ഇവിടെ വണ്ടി നിറുത്താന്‍ ബുദ്ധിമ്മുട്ടാണ്, മറ്റു വണ്ടികള്‍ക്ക് പോകാന്‍ സ്ഥലം കുറവായിരിക്കും.


കുറച്ചു ദൂരെയല്ലാതെ ഒരു വലിയ തടാകം. വെള്ളം മുഴുവനും ഖനീഭവിച്ചിട്ടില്ല. ചുറ്റുമുള്ള മലകള്‍ മുഴുവന്‍ വെള്ളി ഉരുക്കി ഒഴിച്ചപോലെ. അവര്‍ണനീയമായ ഭംഗിയുള്ള തടാകം. റോഡ്‌ സൈഡില്‍ ഒരു യാക് നില്‍ക്കുന്നു. ഡ്രൈവര്‍ പറഞ്ഞു ഇത് സോംഗോ തടാകം ആണ്. തിരികെ വരുമ്പോള്‍ നമുക്കിവിടെ ഇറങ്ങാം. ഇപ്പോള്‍ നമുക്ക് നേരെ നാഥുല പാസ്സിലേക്ക് പോകാം.  






അധികം താമസിയാതെ വന്‍ മതിലുകളും കെട്ടിടങ്ങളും ഉള്ള സ്ഥലത്ത് ഡ്രൈവര്‍ വണ്ടി നിറുത്തി. വളരെ ആകാംക്ഷയോടെ കാത്തിരുന്ന നാഥുല പാസ്‌ എത്തി. ഞങ്ങള്‍ ജാക്കെറ്റും തൊപ്പിയും മഫ്ലറും ഒക്കെയായി പുറത്തിറങ്ങി. പുറത്തു കാലു വക്കേണ്ട താമസം ഞങ്ങളെ തള്ളിയിടുമാറ് കാറ്റ് ആഞ്ഞു വീശ്ന്നു. സമുദ്ര നിരപ്പില്‍ നിന്ന് 14410 അടി ഉയരത്തില്‍ മഞ്ഞുറഞ്ഞ മലകളില്‍ നിന്ന് വരുന്ന കാറ്റിന്റെ തീക്ഷ്ണത ഒന്ന് ആലോചിച്ചു നോക്കൂ. നിമിഷ നേരം കൊണ്ട് കൈയും മൂക്കും ചെവിയും എല്ലാം മരവിച്ചു. മുന്നിലുള്ള കവാടത്തില്‍ ‘pass of listening ears’ എന്നെഴുതി വച്ചിരിക്കുന്നു. കവാടത്തിനു മുന്നിലെ പടികള്‍ കൊണ്ട്ചെന്നെത്തിക്കുന്നത് ഒരു ചുവന്ന കെട്ടിട സമുച്ചയത്തിന്റെ മുന്നിലേക്കാണ്‌. അത് ചൈനക്കാരുടെ ആര്‍മി ഓഫീസ് ആണ്. ഇവിടെ ആണ് ഇന്ത്യ ചൈന അതിര്‍ത്തി സംഭാഷണങ്ങള്‍ പലപ്പോഴും നടക്കാറ് എന്ന് ഞങ്ങളുടെ കൂടെയുള്ള ഗൈഡ് പറഞ്ഞ്. അതിന്റെ ഒരു വശത്ത് കൂടെ നമ്മുടെ ആര്‍മി ജവന്മാരുറെ ചെക്ക് പോസ്റ്റിലേക്ക് എത്താം. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഒരു ജവാന്‍ പുറത്തു വന്നു, ഞങ്ങള്‍ക്ക് കൈ തന്നു അഭിവാദ്യം ചെയ്തു. അദ്ദേഹത്തിന്‍റെ കൂടെ ഫോട്ടോ എടുക്കുന്നതിനിടക്ക് ഞങ്ങള്‍ ചോദിച്ചു, താങ്കള്‍ എന്തിനാണ് പുറത്തു വന്നത്, ഈ തണുപ്പത്ത് അകത്തു ഹീറ്ററിനു മുന്നില്‍ ഇരുന്നാല്‍ പോരെ എന്ന്. അദ്ദേഹം പറഞ്ഞു ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണു പുറത്തു വന്നത്. 

കണ്ണ് ഈറനണിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം. ഈ ജവന്മാരുടെ ത്യാഗഫലമായാണ്‌ നമുക്ക് നാട്ടില്‍ സുഖമായി ഉറങ്ങാന്‍ കഴിയുന്നത്‌. എത്ര കഠിനമായ പരിതസ്ഥിതികളിലാണ് അവര്‍ ദേശത്തിന്റെ അതിര്‍ത്തി കാത്തു സൂക്ഷിക്കുന്നത്. അവിടുത്തെ തെര്മോമീറ്റരില്‍ അപ്പോള്‍ -2 ഡിഗ്രീ സെന്ടിഗ്രേട്‌ ആണ് കാണിക്കുന്നത്. അദ്ധേഹത്തോടോപ്പമുള്ള ഫോട്ടോ എടുക്കലും കുശല പ്രശ്നങ്ങളും കഴിഞ്ഞ് ഞങ്ങള്‍ പതുക്കെ പടികളിറങ്ങി. അപ്പോഴുണ്ട് മതിലിനപ്പുറത്ത് കൂളിംഗ് ഗ്ലാസ്സൊക്കെ ധരിച്ച് ഗമയില്‍ ചിനക്കാരന്‍ ആര്‍മി ഓഫീസര്‍ പുറത്തു വരുന്നു. ഞങ്ങള്‍ അദ്ധേഹത്തെ ‘സര്‍’ എന്ന് അഭിസംഭോധന ചെയ്തെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ നടന്നു പോയി. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിനു ശേഷമാണ് ഈ വിളി എങ്കില്‍ അദ്ദേഹം തിരുഞ്ഞു നോക്കുകയെങ്കിലും ചെയ്തേനെ. ഈ വഴിയാണല്ലോ മാനസ സരോവരിലേക്കുള്ള ചിനയിലൂടെയുള്ള പുതിയ വഴിയായി തുറന്നു കിട്ടിയത്. ഞങ്ങള്‍ ഇറങ്ങുന്ന പടികള്‍ക്കു താഴെ ധാരാളം ഐസ് പഞ്ഞിക്കെട്ടുകള്‍ പോലെ കിടക്കുന്നു. പലരും അതില്‍ ഇരുന്നു, കിടന്നു, ഉരുണ്ടു, മതി വരുവോളം വാരിയെറിഞ്ഞു കളിച്ചു. അവിടെ അച്ഛനോ കുട്ടികളോ ഭാര്യയോ ഭര്‍ത്താവോ എന്നൊന്നും വ്യത്യാസം കണ്ടില്ല. കൈകള്‍ മരവിക്കുന്നുണ്ടെങ്കിലും ആരും കൂട്ടാക്കുന്നില്ല. ശരീരമാസകലം തണുത്തുറഞ്ഞ ഞങ്ങള്‍ക്ക് കുറച്ചു ചൂട് കാപ്പി കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. അവിടെ അതിനും സൗകര്യമുണ്ട്. ഞെങ്ങളെല്ലാവരും കാപ്പി കുടിക്കാന്‍ വേണ്ടി കാന്റീനില്‍ കയറി. അവിടെ മാഗ്ഗിയും കിട്ടുന്നുണ്ട്‌. (ഇന്നാണെങ്കില്‍ അതും കിട്ടാന്‍ വഴിയില്ല, മാഗ്ഗിക്ക് വിലക്ക് വീണല്ലോ) കാപ്പി കുടിച്ചു പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവര്‍ തിരക്ക് കൂട്ടുന്നു. ആകാശത്ത് കുറേശ്ശെ കറുത്ത മേഘങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പെട്ടെന്ന്‍ മാറുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. അധികം വൈകിയാല്‍ നമ്മള്‍ ഇവിടെ കുടുങ്ങിപ്പോകും. ഞങ്ങള്‍ വേഗം വണ്ടിയില്‍ കയറി. ഗൈഡ് പറഞ്ഞു അടുത്തത് ഹര്‍ഭജന്‍ സിംഗ് ബാബ.



ഏകദേശം 3 കി.മി. ദൂരെയാണ് ഹര്‍ഭജന്‍ സിംഗ് ബാബയുടെ ക്ഷേത്രം. അങ്ങോട്ട്‌ പോകുന്ന വഴി ഗൈഡ് അദ്ദേഹത്തിന്റെ കഥ പറയാന്‍ തുടങ്ങി. ബാബ ഹര്‍ഭജന്‍ സിംഗ് ഒരു സിഖ് കുടുംബത്തില്‍ പഞ്ചാബില്‍ ആണ് ജനിച്ചത്‌. അദ്ദേഹം രാജ്പുത് റെജിമേന്റില്‍ ചേര്‍ന്നതിനു ശേഷം നടന്ന ചൈന ആക്രമണത്തില്‍ ഒരു ബാറ്റാലിയനെ നയിച്ചു. പക്ഷെ യുദ്ധത്തിനിടയില്‍ അദ്ദേഹം മഞ്ഞിനടിയില്‍ പെട്ടു മരിച്ചു. മറ്റൊരാളുടെ സ്വപ്നത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന സ്ഥലത്തുണ്ടെന്നു അറിയുകയും അതു പ്രകാരം അതേ സ്ഥലത്തുനിന്നു തന്നെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. അവിടുത്തെ സഹപട്ടാളക്കാരുടെ വിശ്വാസപ്രകാരം ഒരു ക്ഷേത്രം, അദ്ദേഹം അവസാനമായി താമസിച്ച ബങ്കറില്‍ പണിയുകയും ചെയ്തു. അവിടുത്തുകാരുടെ  വിശ്വാസം ഇന്നും അദ്ദേഹം ആ ബങ്കര്‍ സന്ദര്‍ശിക്കുന്നുണ്ട് അവിടുത്തെ പട്ടാളക്കാരെ സംരക്ഷിക്കുന്നുണ്ട് എന്നാണു. അവിടെ എന്നും അലക്കിതേച്ച ഡ്രെസ്സും പോളിഷ് ചെയ്ത ഷൂവും വെള്ളവും രേജിസ്റ്റരും മറ്റു ഓഫീസ് സാമഗ്രികളും അദ്ദേഹത്തിനു ദിവസേന പണിയെടുക്കാനെന്നവണ്ണം ഒരുക്കി വെക്കുന്നു. രെജിസ്ടര്‍ കാണുമെന്ന വിശ്വാസത്തില്‍ ഞങ്ങളും അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ ആരഞ്ഞു. എന്നും അദ്ദേഹത്തിനു ആഹാരവും വെള്ളവും ഇവിടെ എത്തുന്നുണ്ട്. ഒരു പട്ടാളക്കാരന്‍ ഇദ്ദേഹത്തെ സേവ ചെയ്യാന്‍ സദാ സന്നദ്ധനായി നില്‍ക്കുന്നു. അദ്ദേഹത്തിന് മേജര്‍ എന്ന തസ്തികയും അതിനു തക്കതായ ശമ്പളവും ഇന്നും കൊടുക്കുന്നുണ്ട് എന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.
ഞങ്ങള്‍ ബാബാക്ഷേത്രം കണ്ടു വണങ്ങി തിരികെ പുറപ്പെട്ടു. 

അപ്പോഴേക്ക് ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. ഞങ്ങള്‍ പുറപ്പെട്ടു രണ്ടു കി.മി. പിന്നിട്ടപ്പോഴേക്കും ചെറിയ പഞ്ഞിക്കഷണങ്ങള്‍ കണക്കെ മഞ്ഞു പാറി വരുന്നത് കണ്ടു. കാണെക്കാണെ അത് ആലിപ്പഴം ആയി മാറി ചില്ലില്‍ ശബ്ദമുണ്ടാക്കികൊണ്ട് വീഴാന്‍ തുടങ്ങി. എന്തൊരു രസം ഇതാസ്വദിക്കാന്‍. പണ്ട് ഷിക്കാഗോയില്‍ മഞ്ഞു വീഴുന്നത് കണ്ടു നല്പതിരണ്ടാമത്തെ നിലയില്‍ നിന്ന് ഒടിയിറങ്ങിയതാണ് ഞാന്‍. പക്ഷെ അന്നു അത് വീണപാടെ ഉരുകിപ്പോകുന്നതാണ് കണ്ടത്. ഭൂമിയില്‍ വീണു ഐസാകുന്നത് കാണാന്‍ സാധിച്ചില്ല. ഇന്നിതാ ദൈവം കനിഞ്ഞരുളിയിരിക്കുന്നു. ഹിമപാതം ആവോളം നേരിട്ടാസ്വദിക്കാം, അതും ഹിമവാന്റെ മടിയില്‍. റോടിലേക്കുള്ള കാഴ്ച വളരെ കുറഞ്ഞിരിക്കുന്നു. വളരെ പതുക്കെയാണ് വണ്ടി ഓടിക്കുന്നത്. നാല് ദിവസം മുന്‍പ് ഇതുപോലുള്ള ശക്തമായ ഹിമപാതമുണ്ടായി പത്തിരുപതു പേര്‍ കുടിങ്ങിയത്രേ. എന്തായാലും ഞങ്ങള്‍ കുറച്ചുകൂടെ താഴെ വന്നപ്പോള്‍ ഹിമാപതത്തിന്റെ ശക്തി കുറഞ്ഞു. സോംഗോ തടാകത്തിന്റെ മുന്‍പില്‍ എത്തി. മാസ്മരികമായ ആ തടാകതാഴ്‌വരയില്‍ ചെറിയ മഞ്ഞു കണങ്ങള്‍ക്കിടയില്‍ ആവോളം ചുറ്റി നടന്നു യാക്കിനു മുകളില്‍ കയറി ഫോട്ടോ എടുത്തു.. യാക്ക് ഒരു ഭയങ്കരന്‍ തന്നെ. അവന്‍ ഒന്ന് ഇടഞ്ഞാല്‍..ഹോ ആലോചിക്കാന്‍ പോലും വയ്യ.   






പതുക്കെ ഞങ്ങള്‍ ബോര്‍ഡര്‍ റോഡ്‌ ഒര്‍ഗനൈസേഷന് മുന്നില്‍ എത്തി. അവിടെ അതിഥി സല്‍ക്കാരവുമായി അവര്‍. ചപ്പാത്തി പല വിധം കറികള്‍. ഉച്ച ഭക്ഷണം അങ്ങനെ കുശാലായി. ഒരു ഫോട്ടോ ഷൂട്ട്‌ ഒക്കെ കഴിഞ്ഞ് എല്ലാവരോടും നന്ദി പറഞ്ഞ് ഞങ്ങള്‍ വൈകുന്നേരത്തോടു കൂടി ഗാങ്ങ്ടോക്കിലെത്തി. ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ അപൂര്‍വ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച ഒരു യാത്രയുടെ അടുത്ത നാന്ദിയിലേക്ക്‌... 



Thursday 14 May 2015

കിന്നാരം ചൊല്ലുന്ന ഭരത്പൂർ





ഈ ദിവസേനയുള്ള മനം മടുപ്പിക്കുന്ന ആവർത്തന  വിരസതയാർന്ന ജോലികളിൽ നിന്ന് ഒരു വിടുതിക്കായ് കാത്തിരിക്കുകയാണ് ഞങ്ങൾ. ഡൽഹിയിലെ  ദിവസേനയുള്ള ഗതാഗത കുരുക്കിൽ നിന്നും, മെട്രോയുടെ തിരക്കിൽ നിന്നും ഓഫീസിലെ ഫയലുകളിൽ നിന്നും ഒരു ചെറിയ മോചനം.  ഡെൽഹിയിൽ നിന്ന് രണ്ടു ദിവസത്തേക്ക് എല്ലാം മറന്നു കാടും മേടും ചുറ്റിക്കറങ്ങി പക്ഷികളോടും  ജീവികളോടും പുന്നാരം പറഞ്ഞു കൊണ്ടൊരു യാത്ര. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ മനസ്സ് തുറന്നു ആനന്ദിക്കാവുന്ന ഡൽഹിയിൽ നിന്നും അധികം ദൂരെ അല്ലാത്ത സ്ഥലം. അങ്ങനെയാണ് ഭരത്പൂർ യാത്ര എന്ന ആശയം ഞങ്ങളുടെ മനസ്സിലേക്ക് കടന്നു വന്നത് .



ഞങ്ങൾ 7 പേർ ഉണ്ടായിരുന്നതുകൊണ്ട് ഒരു ഇന്നോവ ആണ് എർപ്പാട്  ചെയ്തിരുന്നത് . രാവിലെ 7 മണിക്ക് തന്നെ വാഹനം എത്തി. ദൂര യാത്രക്ക് ഇന്നോവ വളരെ നല്ല വാഹനം ആണ് . യാത്ര തുടങ്ങി മയൂർ വിഹാറിൽ നിന്ന് അര മണിക്കൂറിനകം ഞങ്ങൾ ഡൽഹി ആഗ്ര ഹൈവേയിൽ എത്തി. പതുക്കെ പതുക്കെ  കുട്ടികൾ മൊബൈൽ ഫോണിൽ നിന്നും ഞങ്ങൾ മുതിർന്നവർ ചിന്തകളിൽ നിന്നും മുക്തരാവാൻ തുടങ്ങി. ഞങ്ങളുടെ വാഹനം ഹൈവേയിലെ ആദ്യത്തെ ചുങ്കത്ത് എത്തി. നൂറോളം വാഹനങ്ങൾ നിരനിരയായി കൗണ്ടറിലേക്ക് മെല്ലെ മെല്ലെ നീങ്ങുന്നു. മിക്ക വാഹനങ്ങളും ആഗ്ര മധുര വൃന്ദാവൻ എന്നിവിടങ്ങളിലേക്ക് ആണ്. ഞങ്ങളും കൗണ്ടറിൽ പണം അടച്ചു മുന്നോട്ടു നീങ്ങി. രാവിലെ നേരത്തെ പുറപ്പെട്ടതുകൊണ്ട്  പ്രാതൽ കഴിച്ചിരുന്നില്ല. കുട്ടികൾ വഴിയോരത്തുള്ള ഢാഭകൾ ചൂണ്ടി കാണിക്കാൻ തുടങ്ങി. ഡ്രൈവർ തരക്കേടില്ലാത്ത ഒരു ഹോട്ടൽ നോക്കി വണ്ടി നിറുത്തി. മുന്നിൽ മഹാരാജ എന്ന് എഴുതി വച്ചിരിക്കുന്നു. ഹോട്ടലിന്റെ കവാടം കടന്നപ്പോഴേക്കും കുട്ടികൾ പാമ്പുകളെ കഴുത്തിൽ ഇട്ടു കൊണ്ട് വെൽക്കം വെൽക്കം എന്ന് പറഞ്ഞുകൊണ്ട് വരുന്നു. ഞങ്ങൾ മുതിർന്നവരും കുട്ടികളും പാമ്പിന്റെ കൂടെ പോസ്  ചെയ്യലായി സെൽഫി എടുക്കലായി. ആകെ ഒരു ഫോട്ടോ ഷൂട്ടിന്റെ പ്രതീതി. ഒരു സ്ഥലത്ത് പാമ്പാട്ടികൾ,മറ്റൊരിടത്ത്  ഒട്ടക സവാരി. കുട്ടികൾക്ക് ബഹുരസം. വല്ലതും കഴിച്ചിട്ട് സവാരി ആസ്വദിക്കാം എന്ന് പറഞ്ഞു ഞങ്ങൾ വിശാലമായ ഹോളിലേക്ക്‌ കടന്നു. ദോശ, ഊത്തപ്പം, പൊറോട്ട, ചോലെ ബട്ടുരെ എന്നിങ്ങനെ പല വിഭവങ്ങളും മേശപുറത്ത്‌ വന്നു കൊണ്ടിരുന്നു. നല്ലൊരു ചായയും കുടിച്ചു ഞങ്ങൾ പുറത്തിറങ്ങി. മിക്ക കുട്ടികളും ഒട്ടകത്തിന്റെ അടുത്തേക്ക് ഓടി. ഒരു സവാരിക്ക് 100 രൂപ. അത് കുറച്ച് അധികമാണല്ലോ. ഇതു പോലുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റ്കളെ നോക്കി ഇവർക്ക് വില പറയാനറിയാം. ഞങ്ങളുടെ കൂട്ടത്തിൽ നന്നായി പിശകാനറിയുന്ന ആൾ പിശകി അത് അമ്പതിൽ എത്തിച്ചു. ഈരണ്ടു പേര് വീതം ഒട്ടകപ്പുറത്ത് കയറി. ഒട്ടകം കഴുത്തും ആട്ടി ആട്ടി കുട്ടികളെയും കൊണ്ട് നടന്നു. ഊഴം കഴിഞ്ഞു എല്ലാവരും ഉത്സാഹത്തോടെ നമ്മുടെ ഇന്നോവയിലേക്ക് മടങ്ങി.







ഹൈവേയിൽ നിന്ന് ഭരത്പൂരിലേക്ക് ചൂണ്ടുന്ന ബോർഡ്‌  കണ്ടാണ്‌ ഞങ്ങളുടെ ശ്രദ്ധ വണ്ടിക്കു പുറത്തു പതിഞ്ഞത്.ഏകദേശം 220 കി.മി. ദൂരം പിന്നിട്ടത് ഞങ്ങൾ അറിഞ്ഞില്ല. ഹൈവേയിൽ നിന്ന് വണ്ടി വലത്തോട്ടുള്ള അധികം വീതി ഇല്ലാത്ത ഒരു വഴിയിലേക്ക് കയറി. റോഡിനു ഇരു വശവും ധാരാളം മരങ്ങൾ. പച്ചപ്പ്‌ നിറഞ്ഞ സ്ഥലം. ഒരു 15  കി.മി. പിന്നിട്ടു കാണും ഞങ്ങൾ ഭരത്പൂർ ടൗണിൽ എത്തി. മുന്നിൽ കാണുന്ന ഒരു കടയിൽ വഴി ചോദിച്ചു, ഞങ്ങൾ ഹോട്ടലിനു മുന്നിൽ എത്തി. ഹോടൽ സണ്ബേർഡ്. ഞങ്ങൾ കോട്ടേജുകൾ ആണ് തിരഞ്ഞെടുത്തത്.മൂന്നു കോട്ടേജുകളിലായി ഞങ്ങൾ ചേക്കേറി. കുടിലുകളോടു സമാനമായാണ് മുറികൾ സംവിധാനം ചെയ്തിരിക്കുന്നത് .മേല്കൂരയും പുല്ല് മേഞ്ഞിരിക്കുന്നു. അകത്തെ വിളക്കുകൾക്കു പണ്ടത്തെ കമ്പിരാന്താലിന്റെ ആകൃതി ആണ്. മുറികളിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. പുറത്തു നമ്മുടെ നാട്ടിലെ തൊടി പോലെ മരങ്ങളും ചെറു പൂച്ചെടികളും. കുറച്ചു പണിക്കാർ പുതിയ ചെടികൾ വച്ച് പിടിപ്പിക്കുന്നു. ഞങ്ങൾ ലഗ്ഗെജുകൾ അകത്തു എടുത്തു വെക്കുമ്പോഴേക്കും വെൽകം ചായയുമായി വെയിറ്റർ മുന്നിൽ. നല്ല ഒന്നാന്തരം ആവി പറക്കുന്ന ചായ. എല്ലാവരും പുറത്തേക്കു വന്നു. മരങ്ങളുടെയും പൂന്തോപ്പുകളുടേയും ഇടയിലിരുന്നു കിളികളുടെ പുന്നാരം കേട്ട് സൊറ പറഞ്ഞു ഞങ്ങൾ അങ്ങനെ ചായ കുടിച്ചു.വർഷങ്ങളായി ഡൽഹിയിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന ഞങ്ങൾക്ക് വീണുകിട്ടിയ ആഹ്ളാദത്തിന്റെ, മനശ്ശാന്തിയുടെ നിമിഷങ്ങൾ. ചായയും കുടിച്ചു ഒന്ന് കുളിക്കാനായ്‌ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. ചായയും കുളിയും ഞങ്ങൾക്ക് പുതിയ ഊർജം പകർന്നിരിക്കുന്നു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനായി ഞങ്ങൾ ഹോട്ടൽ മാനേജരുടെ അടുത്തേക്ക് പോയി. ഇന്ന് നേരം വൈകിയതു കൊണ്ട് നിങ്ങൾക്ക്  പാർക്കിൽ പോകാൻ പറ്റില്ല. ഒരു ദിവസമെങ്കിലും വേണം ഭരത്പൂർ പാർക്ക് ചുറ്റിക്കാണാൻ എന്ന് മാനേജർ പറഞ്ഞു. അദ്ദേഹം ഒരു നല്ല ഗൈഡിനെ എർപ്പാടാക്കാം എന്ന് പറഞ്ഞു നിർമൽ സിംങ്ങിനെ ഫോണിൽ വിളിച്ചു. നിർമൽ സിംഗ് നാളെ വരാമെന്നേറ്റു. നേരം സന്ധ്യയോടു അടുത്തിരിക്കുന്നു. സൂര്യൻ ചക്രവാളത്തിൽ ചായം പൂശാൻ തുടങ്ങി. ആകാശത്തു സാന്ധ്യ മേഘങ്ങൾ പറവകളെപ്പോലെ പാറി നടക്കുന്നു. ഞങ്ങൾ ആ പോക്കു വെയിലും ആസ്വദിച്ചു കൊണ്ട് പുറത്തിറങ്ങി നടന്നു.മുന്നിൽ ഭരത്പൂർ പക്ഷി സംകേതത്തിലേക്കുള്ള ബോർഡ്  കാണുന്നു. ഞങ്ങൾക്ക് ആകാംക്ഷ. ഇപ്പോൾ തന്നെ ഒന്ന് പോയി നോക്കിയാലോ. ഏതെങ്കിലും പക്ഷികളെ കാണാൻ പറ്റിയാലോ. അല്ലെങ്കിൽ നാളേക്ക് ഒരു തയ്യാറെടുപ്പ് എങ്കിലും ആകാമല്ലോ. അപ്പോഴേക്കും നിർമൽ സിംഗ് സംഗതി വശാൽ അവിടെ എത്തി. അദ്ദേഹത്തിൻറെ ഇന്നത്തെ പരിപാടി കഴിഞ്ഞതുകൊണ്ട്  ടൂറിസ്റ്റ് ടീമിനെ ഒന്ന് പരിചയപ്പെടാനും വിശദാംശങ്ങൾ പറഞ്ഞു  തരാനും വന്നതാണ്‌ . ഞങ്ങൾ നടന്നു പാർക്കിൻറെ ഗേറ്റിൽ എത്തി. കൗണ്ടറിൽ വിവരങ്ങൾ അന്വേഷിച്ചു. രാവിലെ ആറു മണിക്ക് തന്നെ ടൂറിസ്റ്റ്കൾക്ക് പ്രവേശനം തുടങ്ങും.കൂടുതൽ പക്ഷികളെ കാണാൻ അപ്പോൾ ആണ് സന്ദർഭം. അവർക്ക് അതിരാവിലെ പറന്നു നടക്കാനും കൂട്ടുകൂടാനും താത്പര്യം കൂടും. അതിനാൽ അതിരാവിലെ തന്നെ വരണം, പക്ഷികളെ കാണാൻ. അപ്പോളാണ് കൗണ്ടറിന്റെ ഒരു ഭാഗത്ത്‌ നിറയെ സൈക്കിളുകൾ സ്റ്റാൻഡിൽ നിറുത്തി വച്ചിരിക്കുന്നത് കണ്ടത്. ഇത് എന്തിനാണ് ?. ഇതിലോ സൈക്കിൾ റിക്ഷയിലോ നിങ്ങൾക്ക് അകത്ത് സവാരി ചെയ്യാം.മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല. വാഹനങ്ങളുടെ ശബ്ദം കേട്ട് പക്ഷികളും ജീവികളും പേടിച്ചു ഓടും. കുട്ടികൾ സൈക്കിൾ തിരഞ്ഞെടുക്കൽ ഇപ്പോൾ തന്നെ തുടങ്ങി. ബെല്ലും ബ്രേക്കും ഉണ്ടോ എന്നു നോക്കണ്ടേ. പെഡലിൽ കാലെത്തുമോ എന്നു നോക്കണ്ടേ. നിർമൽ സിംഗ് പറഞ്ഞു ഇപ്പോൾ തിരഞ്ഞെടുക്കാൻ പറ്റില്ല. നാളെ അതിരാവിലെ വന്നാലെ നല്ല സൈക്കിളുകൾ കിട്ടൂ. അപ്പോൾ പിന്നെ ആറു മണിക്ക് വന്നാലും പോര.ഒരു അഞ്ചു മണിക്കെങ്കിലും ഇവിടെ എത്തണം. ഞങ്ങൾ റെഡി എന്ന് കുട്ടികൾ. കൂട്ടത്തിൽ ഒരാൾക്ക് ഇഷ്ടപ്പെട്ട സൈക്കിൾ വിടാൻ മടി. ഞങ്ങളിൽ പലർക്കും ഇപ്പോൾ തന്നെ ഗേറ്റിനകത്തു കടന്നാൽ കൊള്ളാമെന്നുണ്ട്. സന്ധ്യക്ക്‌ കാടൊന്നു ആസ്വദിക്കാമല്ലൊ. കൂട്ടത്തിലൊരാൾ - പാടുന്നു, ഈ കാടും...കാടിന്റെ കുളിരും....ഞങ്ങൾ നിർമൽ സിംഗ് നോട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം കൗണ്ടറിൽ ഒന്ന് അപേക്ഷിച്ച് നോക്കി. ഇവർ എന്റെ ടീം ആണ് , നാളെ വരുന്നവരാണ്.ഒരു അൽപ ദൂരം ചുറ്റി നടന്നോട്ടെ. അധികാരികൾ സമ്മതിച്ചു.ഞങ്ങൾ ഗേറ്റിനകത്തു  കടന്നു. ടാറിട്ട ചെറിയ ഒരു റോഡു. റോഡിന്റെ ഇരു വശവും അധികം ഉയരമില്ലാത്ത മരങ്ങൾ. റോഡിന്റെ ഒരു വശത്ത് കനാലിൽ വെള്ളം ഒഴുകുന്നു. രാവിലെ വന്ന ടൂറിസ്റ്റുകൾ മടങ്ങി പോകുന്നു. അസ്തമയ സൂര്യൻ കുന്നിന്റെ താഴെ ഒളിച്ചു കളിക്കുന്നു. നേരിയ പോക്ക് വെയിൽ വീണ്ടും നേർത്തു. ആകാശ ചുവപ്പ് നേർത്ത ഇരുളിമയാര്ന വെളുപ്പായി മാറി. സേർച്ച്‌ ലയിറ്റിൽ നിന്ന് നിറങ്ങൾ  മാറി മാറി പരക്കുന്നത് പോലെ ആകാശം നിറഭേദങ്ങൾ കാണിച്ചു കൊണ്ടിരുന്നു..പക്ഷികൾ അങ്ങിങ്ങ് വട്ടമിട്ടു പറക്കുന്നു. ചേക്കേറാൻ പോകുകയാണ്. നമ്മുടെ നിർമൽ സിംഗ് പറഞ്ഞു ഇനി മോന്നോട്ടു പോകുന്നത് അത്ര ശരിയല്ല.നമുക്ക് നാളെ പക്ഷികളെ കാണണ്ടേ, ഇന്നേ വല്ലവരുടെയും വായിൽ ചെന്ന് പെടണോ. ഞങ്ങൾ മടങ്ങി. മുൻപേ പോയ കുട്ടികൾ പെട്ടെന്ന് ഒന്ന് നിന്നു. ഒരു ജീവി റോഡിനു കുറുകെ കടക്കുകയാണ്. നിർമൽ സിങ്ങ് പറഞ്ഞു, ഇത് കുറു നരിയാണ്.രാത്രി ഇര തേടാൻ ഇറങ്ങിയതാണ് . ഞങ്ങൾ ഗേറ്റിനു പുറത്തു കടന്നു.നിർമൽ സിങ്ങി നോട് രാവിലെ 5 മണിക്ക് കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
 

ഞങ്ങൾ ഹോട്ടലിൽ എത്തി.ടൌണിൽ ചുറ്റി നടക്കാനുള്ള സ്ഥലമൊന്നും കണ്ടില്ല. കുറച്ചു നേരം സൊറ പറഞ്ഞിരുന്നു.ഡിന്നർ കഴിക്കാൻ ഹോടലിന്റെ റെസ്റ്റൊരന്റ്ൽ എത്തി. റെസ്റ്റൊരന്റിൽ ധാരാളം വിദേശികൾ ആഹാരം കഴിക്കുന്നു. ഞങ്ങളും വിപുലമായ പരിപാടികൾക്കായി മെനുവിൽ നോട്ടമിട്ടു. ചപ്പാത്തി, കറികൾ, ചോറ്, വെജ് ബിരിയാണി എന്നിവ നിരന്നു. ഭക്ഷണം കഴിഞ്ഞു ഞങ്ങൾ അവരവരുടെ മുറികളിലേക്ക് മടങ്ങി.നാളെ അതിരാവിലെ എഴുന്നേല്കേണ്ടതാണ്. പുതപ്പിനുള്ളിൽ കയറിയതും ഉറക്കത്തിലേക്കു വഴുതി വീണത് അറിഞ്ഞതേ ഇല്ല.



രാവിലെ ഞങ്ങൾ അഞ്ചു മണിക്ക് തന്നെ കുളിച്ചു റെഡി ആയി. ഹോട്ടലിലെ സ്റ്റാഫ്‌  ബ്രയ് ക്ഫാസ്റ്റും ലഞ്ചും പേക്ക്‌ ചെയ്തു തന്നു. കൂടെ സമയത്ത് തന്നെ നിർമൽ സിംഗും ഞങ്ങളോടൊപ്പം ചേർന്നു. നിർമൽ സിംഗ് പ്രസിദ്ധ പക്ഷി ശാസ്ത്രജ്ഞനായ സലിം അലിയുടെ ശിഷ്യനാണ്. കഴിഞ്ഞ 20 വര്ഷമായി ഭരത്പുരിലെ പക്ഷി മൃഗാദികളെ കുറിച്ച് പല ഗവേഷണങ്ങിളിലും സജീവ പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് അദ്ദേഹം മലംപാമ്പുകളുടെ ഗവേഷണത്തിൽ അവരുടെ ദേഹത്ത് ചിപ്പ് ഘടിപിച്ചു അവരുടെ സ്വഭാവ ഡാറ്റ സമ്പാദിക്കുന്നതിൽ ഗ്രൗണ്ട് സ്റ്റാഫ്‌ ആയി പ്രവർത്തിച്ചു. അങ്ങനെ പല പല പ്രോജെക്ട്കളിലും സജീവ പങ്കാളിയായ ഇദ്ദേഹത്തെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമായി.


കൈയിൽ ബയിനൊകുലർസും കാമറയും ആഹാരപ്പോതികളുമായി പുതു പറവക്കൂട്ടുകരെ കാണാനുള്ള ഉദ്വേകവുമയി ഞങ്ങൾ ഗേറ്റിൽ എത്തി. പല മുതിർന്നവരും കുട്ടികൾകൊപ്പം സൈക്കിൾ തിരഞ്ഞെടുത്തു. ബാക്കി മുതിർന്നവർ മൂന്ന് പേർ റിക്ഷയിൽ കയറിക്കൂടി. റിക്ഷക്കാരൻ മഞ്ജീത് സിങ്ങും ഒരു ഗൈഡ് തന്നെ. ഇവിടെ എല്ലാവരും ഗൈഡുകൾ തന്നെ.എല്ലാവരും വന്യ ജീവി പ്രേമികൾ, വർഷങ്ങളായി കാണുന്നതുകൊണ്ട് ഇവരുടെ ഒരോ ചലനങ്ങളും ഇവിടുത്തെ റിക്ഷക്കാർക്കും ഗൈഡുകൾക്കും നന്നായി അറിയാം.ഞങ്ങൾ ഗേറ്റിനകത്തു കടന്നു .കുട്ടികൾ ആവേശത്തിൽ സൈക്കിൾ സവാരി തുടങ്ങി.


നിർമൽ സിംഗ് വാചാലനായി ഈ പക്ഷിമൃഗസങ്കേതത്തിനു 250 കൊല്ലത്തെ പഴക്കമുണ്ട്. ഇതിൻറെ ശരിയായ പേര്  Keoladeo National Park എന്നാണ്. ഇവിടുത്തെ ശിവ ക്ഷേത്രത്തോട് അനുബന്ധിച്ചാണ് ഈ പേര് സിദ്ധിച്ചത്‌. ഇവിടെ 370 തരം പക്ഷികൾ പല സമയങ്ങളിലായി കണ്ടു വരുന്നുണ്ട്. 379 വർഗ്ഗത്തിൽ പരം സസ്യ ലതാദികളും, 50 ൽ പരം മത്സ്യവർഗ്ഗങ്ങളും, 25 ൽ പരം ഇഴജന്തു വർഗ്ഗങ്ങളും, 7 ൽ  പരം ആമ വർഗ്ഗങ്ങളും കണ്ടു വരുന്നു. കൊല്ലവര്ഷം 1700 കളിൽ മഹാരാജ സുരജമൽ, രണ്ടു നദികൾ  - ഗംഭീർ, ബാണ് ഗംഗ - എന്നിവ ചേർത്ത് ഒരു ബണ്ട് കെട്ടി. ഇത് കാരണം ഈ താഴ്ന്ന പ്രദേശത്ത് വെള്ളം നിറഞ്ഞു. പിന്നീടു 1850 കളിൽ ഈ സ്ഥലം ഭരത്പൂർ രാജാക്കന്മാരുടെ മൃഗയാ വിനോദം നടത്തിയിരുന്ന സ്ഥലം ആയിത്തീർന്നു. ബ്രിട്ടീഷ്‌ വൈസ്രോയ്മാരുടെ കാലത്ത് എല്ലാ കൊല്ലവും താറാവ് വേട്ട നടത്തിയിരുന്നു. ഒരു വർഷം അന്നത്തെ വൈസ്രോയ് ജനറൽ 4000 ത്തിൽ പരം പക്ഷികളെ ആണ് വെടിവെച്ചിട്ടത്. 1982 ൽ ഈ പാർക്ക്‌ ഒരു നാഷണൽ പാർക്ക്‌ ആയി പ്രഖ്യാപിതമായി. 1985 ൽ ഈ പാർക്ക്‌ വേൾഡ് ഹെരിറ്റജ് സൈറ്റ് ആയി പ്രഖ്യാപിച്ചു.29 ചതുരശ്ര കി.മി വിസ്തൃതിയിൽ ആണ് ഈ പാർക്ക്‌ പരന്നു കിടക്കുന്നത്. താഴ്ന്ന സ്ഥലങ്ങളിൽ എല്ലാം വെള്ളം പരന്നു കിടക്കുന്നത് കൊണ്ട് ധാരാളം ജീവ സമ്പത്ത് ഈ ഭൂമിയിൽ യഥേഷ്ടം വളരുന്നു.ജനുവരി യിലെ 5 ഡിഗ്രീ മുതൽ മെയ് യിൽ 50 ഡിഗ്രീ സെന്റിഗ്രേഡ് വരെ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത് ലോകത്തിലെ മുൻനിരയിലുള്ള പക്ഷിമൃഗ സങ്കേതങ്ങളിൽ ഒന്നാണ്. ഏകദ്ദേശം 1 ലക്ഷത്തോളം ടൂരിസ്റ്കൾ ഓരോ വർഷവും ഇവിടെ വന്നു പോകുന്നു.പതിവായി വരുന്ന പക്ഷി നിരീക്ഷണ വിദഗ്ദ്ധരും ഉണ്ട്.


വളരെ പതുക്കെ അധികം ഒച്ചയുണ്ടാക്കാതെ ആണ് ഞങ്ങളുടെ യാത്ര. സൂര്യന്റെ പ്രഭാത കിരണങ്ങളിൽ മരച്ചില്ലകളും വള്ളികളും നൃത്തം ചവിട്ടുമാറ് കാറ്റിൽ ആടി.അവയുടെ കാലിലെ ചിലങ്കമണി  നാദമെന്നവണ്ണം കിളികൾ കുറുകി, പാടി, കൊഞ്ചി. പ്രകൃതിയുടെ ആതാള ലയത്തിൽ ഞങ്ങൾ മുഴുകി. ഞങ്ങളുടെ മുഖത്ത് നേരിയ തണുപ്പുള്ള മന്ദമാരുതൻ തഴുകിക്കൊണ്ടേ ഇരുന്നു. പലരും സൈക്കിളിൽ അഭ്യാസ പ്രകടനം കാണിച്ചു കൊണ്ടിരുന്നു. കൈ വിട്ടു ചവിട്ടൽ, കാൽ വിട്ടു നീങ്ങൽ, തിരിഞ്ഞും മറിഞ്ഞും ഇരിക്കൽ എന്ന് വേണ്ട എല്ലാ വിധ കസർത്ത് കളും. ഒരു കിലോമീറ്റർ സൈക്കിൾ ചവുട്ടിയാൽ ക്ഷീണിക്കുന്ന ഞങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ചു കൊണ്ടേ ഇരുന്നു.എത്ര തരം പക്ഷികളാണ് ചുറ്റും പറന്നുല്ലസിക്കുന്നത്. ഞങ്ങൾ വായും പൊളിച്ചു മേലോട്ട് നോക്കിക്കൊണ്ടേ ഇരുന്നു.മി.സിംഗ് തുടർന്ന് കൊണ്ടേ ഇരുന്നു. വളരെ ചുരുക്കം കാണുന്ന ചില മൈനകൾ, പല വിധം തത്തകൾ, പലവിധംപ്രാവുകൾ, കുയിലുകൾ, താറാവുകൾ, പൊന്മകൾ, സൈബീരിയൻ ക്രെയിനുകൾ എന്നിങ്ങനെ പല പല വിധത്തിലുള്ള ആകാശ സഞ്ചാരികൾ.വളരെ ദുർലഭം കാണുന്ന സെര്പന്റ്റ് ഈഗിൾ  ഒരു മരക്കൊമ്പിലിരുന്നു ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നു. മൂങ്ങകൾ പൊത്തിലിരുന്നു മൂളുന്നു.


അതാ നോക്കൂ വലിയോരാമ, കുട്ടികൾ വിളിച്ചു കൂവി. സിങ്ങ് പറഞ്ഞു, അതിന്റെ അടുത്തു പോകരുത് അത് മാംസ ഭോജി ആണ്. ചെറിയ ആട്ടിൻ കുട്ടികളെ വരെ അതിനു പിടിച്ചു തിന്നാൻ കഴിയും.അത് വെള്ളത്തിൽ നിന്ന് അതിന്റെ നീണ്ട കഴുത്ത് പൊക്കി ഞങ്ങളെ ഒന്ന് നോക്കി. കൂട്ടത്തിൽ ചെറിയ ആളെ നോക്കിയതാവും. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ നീൽ ഗായ് (ഒരു പശു വർഗത്തിൽ പെട്ട മൃഗം)  നിന്ന് മേയുന്നു. അതിന്റെ മുതുകത്തു ഒരു കുയിൽ. അങ്ങനെ വിവധ കാഴ്ചകളുമായി ഞങ്ങൾ പ്രകൃതിയോട് തൊട്ടുരുമ്മി അങ്ങനെ നീങ്ങി. കൂട്ടത്തിൽ വർഷങ്ങൾ പഴക്കമുള്ള നാലടി പൊക്കമുള്ള ചിതൽ പുറ്റുകൾ, എറുമ്പിൻ പുറ്റുകൾ, ചിത്ര ശലഭങ്ങൾ എന്നിങ്ങനെ പലതും.


ഞങ്ങൾ ഒരു തുറന്ന കാന്റീൻ പരിസരത്തെത്തി. മണി 2 ആയി എന്നത് എല്ലാവരും അപ്പോഴാണ് ശ്രദ്ദിച്ചത്‌ . കൊണ്ടുവന്ന ആഹാരം അവിടെ കഴിക്കുവാൻ തീരുമാനിച്ചു. കാന്റീനിൽ നിന്നു ചായയും വാങ്ങി ഞങ്ങൾ വിശപ്പടക്കി.

തൊട്ടടുത് ഒരു ചെറിയ ടവർ കാണുന്നു. ഞങ്ങൾ അതിനു മുകളിൽ കയറി . ഇതിനു മുകളിൽ നിന്ന് നോക്കിയാൽ ചുറ്റുമുള്ള ചതുപ്പ് നിലങ്ങളും കാടുകളും നല്ല ഭംഗിയായി കാണാം. കാടിന്റെ ഭംഗി കാമറയിൽ പകർത്താനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. അതിന്റെ കൂടെ സെല്ഫിയും. ഇനിയുള്ള യാത്ര ചതുപ്പ് നിലങ്ങളിലൂടെ ആണ്. ചുറ്റിലും അങ്ങിങ്ങ് വെള്ളക്കെട്ടുകൾ. ഇതിലൂടെ ദൂരെ പോയാൽ മലംപാമ്പുകളെ കാണാൻ കഴിയുമത്രേ. ഞങ്ങൾ കുറച്ചു ദൂരം പോയി. ഇനിയും കുറെ ദൂരം പോകണം ഞങ്ങൾ സിങ്ങിനോട് ചോദിച്ചു. മലമ്പാമ്പിനെ കാണാൻ കഴിയുമോ. ഈ വെയിലത്ത്‌ കാണാൻ ബുദ്ധിമ്മുട്ടാണ് . ജനുവരി മാസങ്ങളിൽ നല്ല തണുപ്പത്ത് വെയിൽ കായാൻ മരങ്ങളിൽ കയറി തൂങ്ങി കിടക്കാറുണ്ട് . നേരം 5 മണിയോടു അടുത്തായത് കൊണ്ടും ഞങ്ങൾക്ക് ഡൽഹിയിലേക്ക്  തിരിക്കേണ്ടിയിരുന്നത് കൊണ്ടും ഞങ്ങൾ മനമില്ലാ മനസ്സോടെ മടങ്ങാൻ തീരുമാനിച്ചു. തിരിച്ചു വരുന്ന വഴിക്ക് ഒരു സുവനീർ കട കണ്ടു. സൈബീരിയൻ ക്രെയിനിന്റെ ദേശാടന ചരിത്രവും ഡോ. സലിം അലിയുടെ പക്ഷി നിരീക്ഷണ ചരിത്രവും അവിടെ ധാരാളം ചിത്രങ്ങളോട് കൂടി  ആലേഖനം ചെയ്തിരിക്കുന്നു. കുറെ സുവനീർ മഗ്ഗ് കളും ടീ ഷർട്ട് കളും പുസ്തകങ്ങളും അവിടെ വില്പനക്കായി വച്ചിരിക്കുന്നു. ഞങ്ങളെല്ലാവരും പല മോമെന്ടോ കളും വാങ്ങി.ഇത്രത്തോളം ആഹ്ളാദം തന്ന, പ്രകൃതിയോടു ഇടപഴകാൻ തന്ന, അസുലഭ നിമിഷങ്ങളെ ഞങ്ങൾ എന്നെന്നും ഓർക്കും. ഞങ്ങൾ തിരിച്ചു ഗേറ്റിൽ എത്തി.  ഇത്രത്തോളം അടുത്തു കാടിനെ, കാടിന്റെ മക്കളെ മനസ്സിലാക്കിതന്ന നിർമൽ സിങ്ങിനോട് വീണ്ടും വീണ്ടും യാത്ര പറഞ്ഞു അദ്ദേഹം ചോദിച്ചതിലും അധികം പൈസയും നല്കി വീണ്ടും കാണാമെന്നു പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.സാധനങ്ങൾ പായ്ക്ക് ചെയ്തു, ഹോട്ടൽ സ്റ്റാഫിനോട് നന്ദി പറഞ്ഞു ഞങ്ങൾ  കാറിൽ കയറി.



കിന്നാരം ചൊല്ലുന്ന ഭരത്പൂരിലേക്ക് വീണ്ടും വരുവാനായി തത്ക്കാലം വിട.