Friday 14 February 2020

ബ്രഹ്മപുരിയിലെ നരഭോജി







വീണ്ടും ബ്രഹ്മപുരിയില്‍ ഒരു 'ഹ്യൂമന്‍ കില്‍' നടന്നിരിക്കുന്നു. ഭാര്യയെ നാഗ്പൂരില്‍ വിടാന്‍ പോയ അഭിജീത്‍ ‍സിംഗിന് അര്‍ജെന്റ്റ് ഫോണ്‍ കോള്‍ വന്നു. നാഗ്പൂരില്‍ നിന്ന് തന്‍റെ കാംപര്‍ ജീപ്പ് ബ്രഹ്മപുരിയിലേക്ക് തിടുക്കത്തില്‍ തിരിച്ചപ്പോള്‍ ഗ്രാമ വാസികളെക്കുറിച്ചുള്ള ഭീതിയായിരുന്നു അഭിജീത്തിന്‍റെ മനസ്സില്‍.

വലിയ യുദ്ധമാണ് കാട്ടു ജീവികളും ഗ്രാമ വാസികളും തമ്മില്‍ ഇവിടെ നടക്കുന്നത്. കാട്ടു ജീവികള്‍ പറയുന്നു, നിങ്ങള്‍ മനുഷ്യര്‍ ഞങ്ങളുടെ സ്ഥലം കവര്‍ന്നെടുത്തു എന്ന്, മറിച്ച് ഗ്രാമ വാസികള്‍ പറയുന്നു, അവര്‍ ഞങ്ങളുടെ സ്ഥലത്തേക്ക് അതിക്രമിച്ചു കടക്കുന്നു എന്ന്.

കുറ്റിക്കാടുകളും, വന്‍ വൃക്ഷങ്ങളും, കൊച്ചു കുന്നുകളും, തടാകങ്ങളും കൊണ്ട് ചുറ്റപ്പെട്ട പ്രകൃതി രമണീയമായ പ്രദേശം. മാനും, പുലിയും കരടിയും യഥേഷ്ടം വിഹരിക്കുന്ന വനം. അതിനിടയിലൂടെ ഗ്രാമ വാസികളുടെ കൊച്ചു കൊച്ചു കൃഷിസ്ഥലങ്ങളും.

കാട് അവരുടെ ജീവനാണ്, ജീവിതോപാധിയാണ്. തലമുറകളായി അവര്‍ ഇവിടങ്ങളില്‍ കൃഷി ചെയ്തു വരുന്നു. വിറകിനും, തേനിനും പല വ്യഞ്ജനങ്ങള്‍ക്കും എന്ന്‍ വേണ്ട, എല്ലാത്തിനും അവര്‍ കാടിനെയാണ് ആശ്രയിക്കുന്നത്.

അപകടം പലപ്പോഴും വഴിയില്‍, പൊന്തക്കാട്ടില്‍, കൃഷിയിടങ്ങളില്‍, വീട്ടുവളപ്പില്‍ പതിയിരിക്കുന്നുണ്ടാകും. എന്തെങ്കിലും സംഭവിച്ചാല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇടപെടണം. എപ്പോഴും യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന രണ്ടു ചേരികള്‍ പോലെയാണ് ഇരുകൂട്ടരും. അതിനിടയില്‍ ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കടലിനും ചെകുത്താനും ഇടയില്‍ പെട്ടത് പോലെ..

അഭിജീത്തിന്‍റെ ഫോണില്‍ തുരു തുരെ കോളുകള്‍ വന്നുകൊണ്ടിരുന്നു.

കാര്യത്തിന്‍റെ ഗൗരവം അറിഞ്ഞപ്പോള്‍ അയാളുടെ വിഷമം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഒരു കരടി നാല് ഗ്രാമ വാസികളുടെ ജീവന്‍ കൂടി കവര്‍ന്നെടുത്തിരിക്കുന്നു. ഇനി അവിടെയെത്തിയാല്‍ അറിയാം എന്തെല്ലാം കോലാഹലമാണ് ഉണ്ടായിരിക്കുന്നത്, ഇനി ഉണ്ടാകാന്‍ പോകുന്നത് എന്ന്.

എന്തെങ്കിലും സംഭവിച്ചാല്‍ വന്യ ജീവികളോടുള്ളത്ര വിദ്വേഷവും പകയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്കാരോടും നാട്ടുകാര്‍ കാണിക്കാന്‍ മടിക്കില്ല.

അഭിജീത് അധികം വൈകാതെ തന്‍റെ കാംപര്‍ ജീപ്പില്‍ ഒന്ന് രണ്ട് അനുയായികളോട് കൂടി സംഭവ സ്ഥലത്ത് എത്തി. സ്ഥലത്ത് എത്തിയപ്പോള്‍ ആണ് അറിഞ്ഞത് അവിടെ ഒരു വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരിക്കുന്നു. അവര്‍ വളരെ ക്രുദ്ധരാണ്.

അവരില്‍ പ്രധാനി സംഭവം വിസ്തരിച്ചു പറയാന്‍ ശ്രമിച്ചു..

രാവിലെ ഏഴു മണിയോടടുത്താണത്രേ സംഭവം നടന്നത്. കൃഷി സ്ഥലത്തേയ്ക്ക് പണിക്ക് പോയ അഞ്ചാറ് ആള്‍ക്കാരെ വഴിയ്ക്ക് ഒരു കൂറ്റന്‍ കരടി തടഞ്ഞു.. അവര്‍ കൈയിലുള്ള ആയുധങ്ങളുമായി കരടിയെ നേരിട്ടു. പക്ഷേ കരടി അവരെ കൂടുതല്‍ ദേഷ്യത്തോടെ ആക്രമിച്ചു.

വടിയും കോടാലിയും ഒന്നും കരടിയ്ക്ക് പ്രശ്നമല്ലായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന നാലുപേരെ അത് അടിച്ചു വീഴ്ത്തി. തന്‍റെ നീണ്ട നഖവും പല്ലും ഉപയോഗിച്ച് അവരുടെ മുഖവും മാറുമൊക്കെ കീറി വികൃതമാക്കി. ബാക്കി രണ്ടുപേര്‍ എങ്ങനെയോ മരത്തിന് മുകളില്‍ പാഞ്ഞുകയറിയത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു.

ഏകദേശം ഇരുന്നൂറ്റമ്പത് മീറ്റര്‍ ദൂരെയായി ആ കരടി ഇപ്പോഴും ആ വികൃത ശരീരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. ആര്‍ക്കും അങ്ങോട്ട്‌ പോകാന്‍ ധൈര്യം വരുന്നില്ല.

അഭിജീത്തും കൂട്ടരും പരിസരമൊക്കെ പരിശോധിക്കാന്‍ തുടങ്ങി. ‍ അപ്പോഴാണ്‌ മനസ്സിലായത്‌ അത് ഒരു അമ്മക്കരടി ആണ് എന്നത്. അതിന്‍റെ മൂന്ന്‍ കുഞ്ഞു കുട്ടികള്‍ അധികം ദൂരെയല്ലാതെ അമ്മയെ കാത്ത് നില്‍ക്കുന്നു.

വെറുതെയല്ല ആ അമ്മക്കരടി ഇവരെ ഇത്ര ക്രൂരമായി ആക്രമിച്ചത്. തന്‍റെ കുട്ടികളെ രക്ഷിക്കാന്‍ ഒരു അമ്മ എന്തും ചെയ്യുമല്ലോ..!!

സമീപത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് വിവരം കേട്ടറിഞ്ഞവര്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടിക്കൊണ്ടിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതമാകുമോ എന്ന്‍ ഒരു നിമിഷം അഭിജീത്തിന് തോന്നി.

ഇപ്പോള്‍ അഞ്ഞൂറോളം ആള്‍ക്കാര്‍ ആ പരിസരത്തുണ്ട്. മരിച്ചവരുടെ ബന്ധുജനങ്ങളില്‍ പലരും ഉറക്കെ ഉറക്കെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി, ‍ ക്രുദ്ധരാവാന്‍ തുടങ്ങി.

അവരും ഗ്രാമപ്രധാന്മാരും രാഷ്ട്രീയക്കാരും കൂടി സമയം നഷ്ടപ്പെടുത്താതെ നഷ്ടപരിഹാരത്തിന് വിലപേശല്‍ തുടങ്ങി. ഒരാള്‍ക്ക് പതിനഞ്ച് ലക്ഷമെങ്കിലും കിട്ടണം. കൂടാതെ കുടുംബത്തില്‍ ഒരാള്‍ക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി നല്‍കണം.

അഭിജീത്തിന് കാര്യങ്ങള്‍ ചിന്തിക്കാവുന്നതില്‍ അപ്പുറമായിത്തുടങ്ങി. ഇതൊന്നും അയാള്‍ക്ക്‌ ഉടനെ എടുക്കാവുന്ന തീരുമാനങ്ങളല്ലല്ലോ.. എത്ര മേലധികാരികളോട് ചര്‍ച്ച ചെയ്തിട്ടു വേണം എന്തെങ്കിലും തീരുമാനങ്ങളെടുക്കാന്‍….

അമ്മക്കരടി അവിടെ നിന്നിളകുന്ന മട്ടില്ല.. അതിന്‍റെ പേടി അവരില്‍ ആരെങ്കിലും തന്‍റെ കുട്ടികളെ ഉപദ്രവിച്ചാലോ എന്നാണ്..

ഇവിടെ ജനങ്ങളുടെ ആരവം കൂടികൂടി വന്നു. ഇളകി മറിയുന്ന ജനങ്ങളെക്കണ്ട് അഭിജീത് പതുക്കെ ജീപ്പിനടുത്തേയ്ക്ക് നടക്കാന്‍ ശ്രമിച്ചു.

അഭിജീത് ജീപ്പില്‍ കയറാന്‍ പോകുകയാണ് എന്നറിഞ്ഞ ജനം ജീപ്പിനു ചുറ്റും വളഞ്ഞു. അവരില്‍ പലരും ക്രുദ്ധരായി ജീപ്പ് ഉന്തി മറിക്കാനുള്ള ശ്രമം നടത്തി.

അഭിജീത് നോക്കി നില്‍ക്കെ നിമിഷങ്ങള്‍ക്കകം ജീപ്പ് തകിടം മറിഞ്ഞു. നിലത്ത് ഒഴുകിപ്പരന്ന ഡീസലില്‍ ആരോ തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടു.

തീനാളങ്ങള്‍ അതിവേഗം ആളിപ്പടര്‍ന്നു. കാണെക്കാണെ ആ കാംപര്‍ ജീപ്പ് ജ്വാലാമുഖിയായി മാറി.

തീനാളം കണ്ട ജനം ആര്‍ത്തിരമ്പി..മാരോ സാലോംകോ.. രണ്ടുപേരെയും കൊല്ലാന്‍ ആണ് അവര്‍ ആക്രോശിക്കുന്നത്. അഭിജീത്തിനെയും കരടിയേയും അവര്‍ ഒരേ തുലാസില്‍ ആണ് കാണുന്നത്..

തനിക്കൊന്നും മനസ്സിലാകുന്നില്ല. ഞൊടിയിടയില്‍ എന്തെല്ലാമോ സംഭവിക്കുന്നു. തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് അഭിജീത്തിന് മനസ്സിലായി. പക്ഷെ വളരെ വൈകിയിരിക്കുന്നു..

അവരില്‍ ചില പ്രധാനിമാര്‍ അയാളുടെ അടുത്തേയ്ക്ക് വന്നു. ഞങ്ങള്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍ ഉടനെ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബത്തിലെ നാലുപേരെ ആ കരടി കൊന്നു. ഇനി അത് ജീവിച്ചിരിക്കാന്‍ പാടില്ല.

അഭിജീത്തിന് എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. അയാളും ടീമും അവരുടെ മേലധികാരികളെ തുരു തുരെ വിളിച്ചു.

ജനങ്ങളുള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും ഞൊടിയിടയില്‍ അംഗീകരിക്കാവുന്നതല്ലല്ലോ. മേലധികാരികള്‍ അല്‍പ്പം സമയം ചോദിച്ചു. അഭിജീത് പറഞ്ഞു എന്‍റെ കൈയില്‍ ഒട്ടും സമയമില്ല. എല്ലാം ഉടനെ ‍ തീരുമാനമെടുക്കണം.

ഫോണുകളിലൂടെ ചര്‍ച്ചകള്‍ നടന്നു. പക്ഷെ കരടിയെ കൊല്ലാനുള്ള തീരുമാനമെടുക്കാന്‍ വൈകുന്നു.. തന്‍റെ കുട്ടികളെ മുലയൂട്ടുന്ന ഒരു അമ്മയെ വെടിവച്ചു കൊല്ലുകയോ..മേലധികാരികള്‍ ആരും യോജിച്ചില്ല. അഭിജീത്തിനും കൊല്ലുന്ന കാര്യത്തില്‍ ഒട്ടും യോജിപ്പില്ല.

അക്ഷമരായ ജനങ്ങള്‍ കൂടുതല്‍ അക്ഷമരായിത്തുടങ്ങി..

അഭിജീത് ജനപ്രധാനികളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു...നഷ്ടപരിഹാരം തരാം എന്ന്‍ മേലധികാരികള്‍ സമ്മതിച്ചിട്ടുണ്ട്. ഇനി അഥവാ കരടിയെ വെടിവെക്കണമെങ്കിലും അതിനുള്ള സന്നാഹങ്ങള്‍ വേണ്ടേ, അതിനുള്ള ഫോഴ്സ് ഇവിടെ വരണ്ടേ..കുറച്ചു സമയം തരൂ..

സമയം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. എല്ലാം വേഗം തീരുമാനിക്കണം. അക്ഷമരായ ജനത്തിന് ഒന്നും അറിയാന്‍ താല്‍പ്പര്യമില്ല.

പെട്ടെന്നാണ് അത് സംഭവിച്ചത്..

ആഹാ, ഞങ്ങളുടെ കുടുംബക്കാരെ കൊന്ന കരടിയോട് സ്നേഹമുണ്ടെങ്കില്‍ നീയും അതിന്‍റെ അടുത്തേയ്ക്ക് പോ.. കരടി തീരുമാനിക്കട്ടെ കാര്യങ്ങള്‍.

നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ അഭിജീതിനെ പിടികൂടി. അവര്‍ അവന്‍റെ കൈയും കോളറും പിടിച്ചു കരടിയുടെ മുന്നിലേയ്ക്ക് വലിച്ചു ഇഴക്കാന്‍ തുടങ്ങി. അവള്‍ തീരുമാനിക്കട്ടെ നിന്നെ എന്ത് ചെയ്യണമെന്ന്.

അഭിജീതിന്‍റെ കൂടെയുള്ളവര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് തടയുവാന്‍ ശ്രമിച്ചു. പക്ഷേ ആര് കേള്‍ക്കാന്‍.... ക്രുദ്ധരായ ജനങ്ങള്‍ക്ക് അതൊന്നും പ്രശ്നമല്ല.

അഭിജീത് സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു പറഞ്ഞു.. എനിക്ക് ഒരു ചാന്‍സും കൂടി തരൂ.. ഞാനൊന്ന് സംസാരിക്കട്ടെ.. കടലില്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍‍ക്കിടയിലെ ഒരു ചെറിയ ശാന്തത പോലെ ജനം ഒന്ന് നിന്നു.

അഭിജീത് തന്‍റെ ഏറ്റവും തലപ്പത്തുള്ള മേലധികാരിയെ വിളിച്ചു..തന്‍റെ ജീവന്‍ അപകടത്തിലാണ് എന്ന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..അയാളുടെ കയിലുള്ള ഫോണ്‍ തട്ടിപ്പറിച്ച് അക്കൂട്ടത്തിലെ ഒരാള്‍ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ ഇയാളെ കരടിക്ക് ഇട്ടു കൊടുക്കാന്‍ പോകുകയാണ്..

നിമിഷങ്ങള്‍ക്കകം തിരിച്ചു ഫോണ്‍ വന്നു.. ഞങ്ങള്‍ കരടിയെ കൊല്ലാന്‍ തയാറാണ്.. നിങ്ങള്‍ അല്‍പ്പം കാത്തു നില്‍ക്കണം.

പാതി വഴിയെത്തിയ ജനം ഒന്ന് നിന്നു. അഭിജീതിന്‍റെ കൈയിലേയും കോളറിലെയും പിടുത്തം അയഞ്ഞു.. അയാളുടെ നെഞ്ചില്‍നിന്നും ഒരു ദീര്‍ഖശ്വാസം പുറത്തു വന്നു. കൈ കാലുകള്‍ വിറയ്ക്കുന്നു, തളരുന്നു.. ഹൃദയ മിടിപ്പിന് യാതൊരു നിയന്ത്രണവുമില്ല..

അധികം താമസിയാതെ ഒരു ജീപ്പ് നിറയെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍സ് വന്നു. തോക്കുകളുമായി.

കൂടെയുണ്ടായിരുന്ന വെറ്റിനറി ഡോക്ടര്‍ മയക്കുമരുന്നുള്ള ഡാര്‍ട്ട് കൈയില്‍ എടുത്തു. അപ്പോള്‍ ജനം വീണ്ടും ഇളകി. അതിനെ മയക്കി ഇവിടുന്ന്‍ കൊണ്ടുപോകാന്‍ നോക്കണ്ട..അത് പറ്റില്ല, അതിനെ കൊല്ലുക തന്നെ വേണം. ഇനി ആ കരടി ജീവിച്ചിരുന്നു കൂട.

ഡോക്ടര്‍ പതുക്കെ പിന്മാറി.

ഫോറസ്റ്റ് ഗാര്‍ഡ്മാര്‍ ഉന്നം പിടിച്ചു. അഭിജീതിന്‍റെ മനസ്സൊന്ന് പിടച്ചു. താന്‍ ഇന്നേവരെ ഇങ്ങനെയൊരു വിഷമ സന്ധിയില്‍ പെട്ടിട്ടില്ല. ഒരു ഭാഗത്ത്‌ തന്‍റെ ജീവന്‍, മറു ഭാഗത്ത് അമ്മക്കരടിയുടെ ജീവന്‍. താന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്ടില്‍ ചേര്‍ന്നത്‌ വന്യമൃഗങ്ങളെ രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു. പക്ഷേ...

ആദ്യത്തെ വെടി കൊണ്ടതും അത് വേദനകൊണ്ട് പുളഞ്ഞോടി... തന്‍റെ കുട്ടികളുടെ അടുത്തേയ്ക്ക്. വഴിയില്‍ വച്ച് ഒരു വെടിയുണ്ടകൂടി ആ അമ്മക്കരടിയുടെ ദേഹത്ത് തറച്ചു. അത് വേച്ചു വേച്ച് കുട്ടികളുടെ അടുത്തെത്തി വീണു.

ജനങ്ങളുടെ ആരവവും ആ അമ്മക്കരടിയുടെ ആര്‍ത്തനാദവും ഒരുമിച്ചു ഉയര്‍ന്നു. കരടിക്കുഞ്ഞുങ്ങള്‍ അവരുടെ അമ്മയ്ക്ക് എന്തുപറ്റി എന്നറിയാതെ അമ്മയ്ക്ക് ചുറ്റും ഓടി നടന്നു.

മൃതദേഹങ്ങള്‍ ഒരു വണ്ടിയില്‍ കയറ്റി പോസ്റ്റ്‌മാര്‍ട്ടത്തിനു അയച്ചു.

ഗാര്‍ഡ്മാര്‍ അമ്മക്കരടിയെ പൊക്കി വണ്ടിയിലിട്ടപ്പോള്‍ അയാള്‍ ആ കരടി കുഞ്ഞുങ്ങളേയും കൂടെ കൂട്ടി. അവരെ ഇനി ആരുണ്ട് നോക്കാന്‍. അവര്‍ക്ക് ഇനി അഭിജീത്തും ഡിപ്പാര്‍ട്ട്മെന്‍ടും അല്ലാതെ ആരുണ്ട് തുണ. അവരുടെ എല്ലാമെല്ലാമായ അമ്മയെ കവര്‍ന്നെടുത്ത ദുഷ്ടതയ്ക്ക് ഇത്രയെങ്കിലും ചെയ്യണമെന്ന്‍ അഭിജീത്തിന് തോന്നി..

വണ്ടി പെട്ടെന്ന്‍ ബ്രെയിക്ക് ചവുട്ടിയപ്പോഴാണ് അഭിജീത് ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവബഹുലമായ ഓര്‍മ്മയില്‍ നിന്ന് അയാള്‍ പതുക്കെ തിരികെ വരാന്‍ ശ്രമിച്ചു..

താന്‍ ഇപ്പോള്‍ മകള്‍ ആര്യയെ കാണാന്‍ പോകുകയാണ്. അവള്‍ കൊടുത്തയച്ച ആ പഴയ കാംപര്‍ ജീപ്പില്‍ കയറി ഇരുന്നത് മുതല്‍ അഭിജീതിന്‍റെ ഓര്‍മ്മകള്‍ കടലിലെ തരമാലകള്‍ പോലെ ഒന്നിന് പിറകെ മറ്റൊന്നായി തീരത്തടിക്കുകയാണ്.

തന്‍റെ റിട്ടയര്‍മെന്റിനു ശേഷം അവള്‍ക്ക് അതേ സ്ഥലത്ത് ആണ് ഫോറസ്റ്റ് കോണ്‍സര്‍വേറ്റര്‍ ആയി ആദ്യത്തെ പോസ്റ്റിങ്ങ്‌ എന്ന്‍ കേട്ടപ്പോള്‍ ഉള്ളം ഒന്ന് പിടച്ചുവെങ്കിലും അതവളെ അറിയിച്ചില്ല.

അവള്‍ക്ക് വന്യമൃഗങ്ങളോട് ഒരു പ്രത്യക അഭിനിവേശമാണ്. അവള്‍ അവളുടെ ഇഷ്ടം പിന്തുടര്‍ന്നപ്പോള്‍ അയാള്‍ അതിന് തടസ്സം നിന്നില്ല.

അന്ന്‍ കത്തിയ ജീപ്പ് അവിടെത്തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കുറേ കാലം അന്വേഷണവും കേസുമായി ജീപ്പിന്‍റെ ആ കറുത്ത അസ്ഥി പഞ്ചരം കാറ്റും വെയിലും മഴയും ഏറ്റ് അവിടെ അനാഥമായി കിടന്നു.

പത്ത് വര്‍ഷത്തിനു ശേഷം നൂലാമാലകള്‍ വിട്ടകന്നപ്പോള്‍ അഭിജീത് ആ ജീപ്പ് പൊക്കി വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയി റിപ്പയര്‍ ചെയ്ത് കുട്ടപ്പനാക്കി. പഴയ വണ്ടിയല്ലേ, 79 മോഡല്‍, മുഴുവന്‍ ഉരുക്കാണ്. ആര് തട്ടിയാലും ഒരു കൂസലുമില്ല.

ആ ജീപ്പില്‍ കയറിയിരുന്നാല്‍ ഒരു വന്യജീവിയേയും പേടിക്കേണ്ട. ഏത് ബുദ്ധിമ്മുട്ടുള്ള കാട്ടുവഴികളിലും പടക്കുതിര പോലെ പായുന്ന വണ്ടി.കാട്ടാന പോലും ഈ കാംപര്‍ കണ്ടാല്‍ പേടിച്ച് പിന്‍വാങ്ങും.

അതറിഞ്ഞിട്ടൊന്നുമാകില്ല മകള്‍ ഈ വണ്ടി കൊടുത്തയച്ചത്‌. പക്ഷേ അഭിജീത്തിന് എന്തെല്ലാമോ തിരിച്ചു കിട്ടിയത് പോലെ. അയാള്‍ നാഗ്പൂരില്‍ നിന്ന് ബ്രഹ്മപുരിയിലേക്കുള്ള ഈ കാംപര്‍ യാത്രയില്‍ തന്‍റെ സാഹസിക ഔദ്യോകിക ജീവിതം ജീവിക്കുകയാണ്.

അന്നത്തെ കരടിസംഭവം പോലെ എത്രയെത്ര സംഭവങ്ങള്‍.

പുലികളെ പിടിച്ച് അതിന് ട്രാക്കിംഗ് കോളര്‍ ഇട്ടതും, പറഞ്ഞാല്‍ അനുസരിക്കാത്ത നരഭോജികളായ പുലികളെ പിടിച്ച് കാഴ്ച്ചബംഗ്ലാവില്‍ ഏല്‍പ്പിച്ചതും, നാട്ടിലിറങ്ങി ഗ്രാമം മുഴുവന്‍ വിറപ്പിച്ച കൊമ്പനാനകളെ മയക്കി തളച്ചതും അങ്ങനെ നീണ്ട് പോകുന്നു ബ്രഹ്മപുരിയിലെ ഓര്‍മ്മകള്‍.

അവളുടെ ഫോണ്‍ വീണ്ടും വന്നു…. അച്ഛാ, ഒരു ഹ്യൂമന്‍ കില്‍ നടന്നിരിക്കുന്നു. ഒരു പുലിയാണ് വില്ലന്‍. എനിക്ക് ഉടനെ പോയേ പറ്റൂ..

അഭിജീതിന്‍റെ ഉള്ളം ഒന്ന് കിടുങ്ങി. തന്‍റെ മകളാണ് ഇപ്പോള്‍ ഈ സംഭവം നേരിടാന്‍ പോകുന്നത്. ഒരു പെണ്ണാണ് കാടിനും നാട്ടാര്‍ക്കും ഇടയില്‍....വന്യതയ്ക്കും ദൈന്യതയ്ക്കും നടുവില്‍..നില്‍ക്കുന്നത്.

അതിര്‍ത്തി കാക്കുന്ന നമ്മുടെ ജവാന്മാര്‍ക്കും, ആകാശത്തില്‍ പാറി പറക്കുന്ന പൈലറ്റ്മാര്‍ക്കും, നോക്കെത്താദൂരത്ത് കടലില്‍ കപ്പലോടിക്കുന്ന കപ്പിത്താനും എന്നുവേണ്ട ഏത് സാഹസികത നിറഞ്ഞ ജോലിയിലും ഇത്തരം സന്ദിഗ്ധ ഘട്ടങ്ങള്‍ ധാരാളം പതിയിരിക്കുന്നു.

എന്തായാലും അവള്‍ വകതിരിവോടെ നേരിടട്ടെ , ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടെങ്കിലല്ലേ അവള്‍ ഒരു പെണ്‍ പുലിയായി പുറത്തുവരൂ..അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ ആശ്വസിക്കാന്‍ ശ്രമിച്ചു..

ആ കാംപര്‍ ജീപ്പ് അഭിജീത്തിനെയും കൊണ്ട് ഒരു പടക്കുതിര പോലെ അപ്പോഴും പാഞ്ഞുകൊണ്ടിരുന്നു.