Saturday 21 May 2022

ഹരിദ്വാര്‍ എന്ന ജീവിത കവാടം 1 of 3



 

 


ബാബുവും ഭാര്യ മായയും അഞ്ചു വയസ്സായ കുഞ്ഞന്‍ അനന്ദുവും ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി. അതിരാവിലെ ആയത്കൊണ്ട് ചെറിയ തണുപ്പുണ്ട്.

വണ്ടി നിന്നപ്പോഴേയ്ക്കും വണ്ടിയുടെ എല്ലാ വാതിലുകളിലൂടെയും മലവെള്ളപ്പാച്ചില്‍ പോലെ ജനം പുറത്തേക്കൊഴുകി. കിട്ടുന്ന പഴുതു കളിലൂടെയൊക്കെ ജനം പ്ലാറ്റ്-ഫോമില്‍ പരന്നു.

ബാബുവും കുടുംബവും പതുക്കെ പ്ലാറ്റ്-ഫോമിലെ തിരക്കിനിടയില്‍ നിന്ന് പെട്ടിയും തൂക്കി പുറത്തേയ്ക്ക് നടന്നു. പുറത്ത് നിറയെ ഓട്ടോറിക്ഷകളുടെയും സൈക്കിള്‍ റിക്ഷകളുടെയും മറ്റ് വാഹനങ്ങളുടെയും ബഹളം. സ്റ്റേഷനില്‍ ഓരോ വണ്ടി വരുമ്പോഴും അങ്ങനെയാണ്. ബഹളങ്ങളുടെ ഒരു വലിയ തിരമാല സ്റ്റേഷനിലൂടെ കടന്നുപോകും. കുറച്ചു നേരത്തേയ്ക്ക് അതിന്‍റെ അലകള്‍ എല്ലായിടത്തും ആഞ്ഞടിക്കും. ബാബുവിനെ ഈ ബഹളങ്ങളൊക്കെ വല്ലാതെ വിഷമിപ്പിച്ചു. അവന്‍ ഇവിടെ വന്നത് തന്നെ അല്‍പ്പം സ്വസ്ഥതക്ക് വേണ്ടിയാണ്.

അവന്‍ അടുത്തു കണ്ട ഒരു സൈക്കിള്‍ റിക്ഷക്കാരനോട് വേദവ്യാസ ആശ്രമത്തിലേയ്ക്ക് പോകുമോ എന്ന് ചോദിച്ചു... പച്ചാസ് റുപിയ ലഗേഗ സര്‍ ജി, ബഹുത് ദൂര്‍ ഹെ.. യഹാ സേ..

അവനോട് അവന്‍റെ സഹപ്രവര്‍ത്തകനും വളരെ അടുത്ത സുഹൃത്തുമായ യോഗേഷ് ഭട്ട് പറഞ്ഞിരുന്നു, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറച്ചു ദൂരമുണ്ട്... അമ്പത് രൂപയൊക്കെ കൊടുക്കേണ്ടി വരും..എന്ന്..

അവന്‍ ഒന്നും പറയാതെ റിക്ഷയില്‍ കയറി, കൂടെ കുടുംബവും. റിക്ഷയുടെ സീറ്റ് ചെറുതായത് കൊണ്ട് രണ്ടു പേര്‍ക്കേ നേരെ ഇരിക്കാന്‍ പറ്റൂ. അനന്ദു അവരുടെയിടയില്‍ പുറകോട്ട് കാലും തൂക്കിയിട്ട് തിരിഞ്ഞ് ഇരുന്നു. സൈക്കിള്‍ റിക്ഷയില്‍ കയറിയാല്‍ അവനെപ്പോഴും അങ്ങനെയാണ് പതിവ്. അച്ഛന്‍റെയും അമ്മയുടെയും ഇടയില്‍, അവരില്‍ നിന്നൊക്കെ ദൂരെ തന്‍റെതായ സാമ്രാജ്യത്തില്‍ അനന്ദു കാഴ്ചകള്‍ കണ്ടങ്ങനെ വിഹരിക്കും. അവന്‍ അവിടെ ഇരുന്നുകൊണ്ട് പുറകില്‍ തല തിരിഞ്ഞു പോകുന്ന പലതിനോടും സൊറ പറയും, ചങ്ങാത്തം കൂടും.

ബാബുവിന് ഈ യാത്ര യഥാര്‍ത്ഥത്തില്‍ ഒരു ഒളിച്ചോട്ടമല്ലേ..!! അവനറിയാതെ അവന്‍റെ മനസ്സ്, കഴിഞ്ഞ കുറേ ദിവസങ്ങളായി, തന്നെ മേല്‍ കീഴ് മറിച്ച പല സംഭവങ്ങളുടെയും ഇടയിലേയ്ക്ക് കൂപ്പ് കുത്തി.

ബാബു കഴിഞ്ഞ കുറേ കൊല്ലങ്ങളായി ഒരു പേരുകേട്ട ഫിനാന്‍സ് കമ്പനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ആണ് ജോലി ചെയ്യുന്നത്. സ്ഥാപനത്തിന് വേണ്ടി പണം സ്വരൂപിക്കലാണ് പ്രധാന പണി. പേരുകേട്ട സ്ഥാപനം ആയത് കൊണ്ട് നല്ല രീതിയില്‍ പണമിടപാടുകള്‍ നടക്കുന്നുണ്ട്. എഫ്-ഡിയായും ലോണായും ധാരാളം. സ്ഥാപനം മേല്‍ക്കുമേല്‍ വളരുകയും പല പുതിയ മേഘലകളില്‍ നിക്ഷേപങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

പക്ഷേ കുറച്ചു ദിവസം മുന്‍പ് ഈ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് എന്ന് ഒരു ആശങ്ക നാട്ടില്‍ പരന്നു. ഏതോ ചില തല്‍പ്പര കക്ഷികളുടെ പണിയാണെന്ന് തോന്നുന്നു. പക്ഷേ കേട്ടവര്‍ കേട്ടവര്‍ അവരുടെ പൈസ തിരിച്ചു കിട്ടാനായി ഓഫീസില്‍ വന്നു തുടങ്ങി. അവരെയൊക്കെ തൃപ്തിപ്പെടുത്തിക്കൊണ്ട് പണം തിരികെ നല്‍കുകയും ചെയ്തു തുടങ്ങി. പക്ഷേ ദിനംപ്രതി, തങ്ങളുടെ പണം ആവശ്യപ്പെട്ട് വരുന്നവരുടെ തിരക്ക് കൂടിക്കൂടി വന്നു. പറയത്തക്ക സാമ്പത്തിക പ്രതിസന്ധിയൊന്നും അവരുടെ സ്ഥാപനത്തിന് ഇല്ലെങ്കിലും പണം തിരിച്ചു വാങ്ങാന്‍ ആള്‍ക്കാര്‍ക്ക് ധൃതിയായി.

ഓഫീസ് സ്റ്റാഫ്‌ കഴിയുന്നത്ര വേണ്ടത് ചെയ്യുന്നുണ്ടെങ്കിലും അത് പോര എന്ന് തോന്നിത്തുടങ്ങി. ഒരു ദിവസം ഇതിനേച്ചൊല്ലി ഓഫീസില്‍ വലിയ ബഹളമായി. പലരും ബാബുവിന് നേരേയും തട്ടിക്കേറി, കാരണം ബാബുവാണല്ലോ പലര്‍ക്കും മാര്‍ക്കറ്റിംഗ് നടത്തിയത്.

ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ ചിലര്‍ ബാബുവിന്‍റെ വീട്ടിലും എത്തി. അവര്‍ക്ക് ഉടനെ പൈസ വേണം. അവരോട്, കമ്പനി തരാനുള്ളത്‌ മുഴുവന്‍ തരും എന്ന് പറഞ്ഞിട്ട് കൂട്ടാക്കുന്നില്ല. അവര്‍ അവിടെയും ബഹളങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ബാബുവാണെങ്കില്‍ തനിക്കറിയാവുന്ന പലര്‍ക്കും സാമ്പത്തിക നിക്ഷേപങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുമുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മികച്ച പെര്‍ഫോമന്‍സിന് എക്സ്ട്രാ ബോണസ്സും പ്രമോഷനും ഒക്കെ വാങ്ങിയ ബാബുവിന് ഇത്തരത്തില്‍ ഓര്‍ക്കാപ്പുറത്ത് ഒരടി കിട്ടുമെന്ന് തീരെ കരുതിയിരുന്നില്ല. അവനും ഭാര്യയും പരിഭ്രമത്തില്‍ ആയി. ഇങ്ങനെപോയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് അവന് തോന്നിത്തുടങ്ങി. പല ദിവസങ്ങളിലും കിടന്നിട്ട് ഉറക്കം വരുന്നില്ല, ഒരേ ഒരു ചിന്ത മാത്രം...പണം എന്ന ഊരാക്കുടുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം..

അവന്‍ അവന്‍റെ വളരെ അടുത്ത കൂട്ടുകാരനായ യോഗേഷ് ഭട്ടിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. നീ ഇവിടുന്ന് കുറച്ചു ദിവസത്തേയ്ക്ക് മാറി നില്‍ക്കുന്നതല്ലേ നല്ലത് എന്ന് അവന്‍ ചോദിച്ചു. അത് നല്ലൊരു ആശയം ആണെങ്കിലും പെട്ടന്ന് എവിടേയ്ക്ക് പോകും, പിന്നെ അങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാണോ എന്നൊക്കെ സംശയങ്ങള്‍.

യോഗേഷ് പറഞ്ഞു.. ഇവിടെ കിടന്ന് അടിയും ഇടിയും വാങ്ങി ഒരു മൂലയ്ക്ക് കിടക്കുന്നതിലും നല്ലത് തല്‍ക്കാലം രക്ഷപ്പെടലാണ്. തല്‍ക്കാലത്തേയ്ക്ക് ഒരു മാറ്റം. പിന്നെ പൈസ കൊടുക്കേണ്ടത് വേറെ ഡിപ്പാര്‍ട്ട്മെന്‍റ് കാരുടെ പണിയല്ലേ, അത് അവര്‍ പരമാവധി ചെയ്യുന്നുമുണ്ടല്ലോ. ഹരിദ്വാറില്‍ ഞാന്‍ അറിയുന്ന ഒരു ആശ്രമം ഉണ്ട്, വേദവ്യാസ ആശ്രമം. ഞാന്‍ നമ്പര്‍ തരാം, വിളിച്ചു പറഞ്ഞിട്ട് ചെല്ല്, നിനക്ക് എല്ലാംകൊണ്ടും വേറിട്ടൊരു അനുഭവമായിരിക്കും അത്.

അങ്ങനെ ബാബുവും കുടുംബവും അന്ന് രാത്രി തന്നെ വണ്ടി കയറി. പണം ഉണ്ടാക്കിയ പോല്ലാപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ഒരു ചെറിയ വലിയ ഒളിച്ചോട്ടം. ഒന്ന് ഉറങ്ങിയെണീക്കുമ്പോഴെയ്ക്കും ഹരിദ്വാറില്‍ എത്തും.

ഇതെന്താ അച്ഛാ ഒരു ജീവി.. കറുത്ത മണി ഇട്ടോണ്ട് നടക്കണത്. അനന്ദുവിന്‍റെ ചോദ്യം ബാബുവിനെ ചിന്തയുടെ കാണാക്കയങ്ങളില്‍ നിന്ന് സൈക്കിള്‍ റിക്ഷയുടെ ഓരത്ത് എത്തിച്ചു. അവന്‍ തിരിഞ്ഞ് അനന്ദുവിനെ നോക്കി. ഏതു ജീവി. അതാ അത്. അതോ..അത് ആടാ..ടാ..!! എന്തു ചെയ്യാം പട്ടങ്ങങ്ങളില്‍ കാണാന്‍ കിട്ടാത്ത ജീവി അല്ലേ അത്. ഇന്നത്തെ കുട്ടികള്‍ക്ക്, നിഷ്കളങ്കത്വം തുളുമ്പുന്ന അരുമയുള്ള കുഞ്ഞു ആട്ടിന്‍ കുട്ടികളുടെ കുഞ്ഞു തല കൊണ്ടുള്ള മുട്ടലുകളുടെ സുഖം അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയി. അവയുടെ കഴുത്തിലെ കുഞ്ഞു കിങ്ങിണികളുടെ കൂടെ മേ... എന്നുള്ള സ്നേഹമസൃണമായ ശബ്ദവും. അതെന്താ അച്ഛാ അത് മണി മണിയായി ഇടണത്. അവന്‍റെ അടുത്ത ചോദ്യം കേട്ട് ബാബുവിന് ചെറിയ ചിരി വന്നു. അത് കാട്ടം ഇടാണ്... കുട്ടാ. അയ്യേ, അത് നടന്നോണ്ടാ ഇടണത്.. ഒരു സ്ഥലത്ത് നിന്നിട്ട് ഇട്ടൂടെ.. അവന്‍റെ സാമൂഹിക ബോധം കേട്ട് ബാബുവും മായയും ചിരിച്ചു. അവര് കുറേ ആടുകളുണ്ട്.. അച്ഛനും അമ്മയും കുട്ട്യോളും ആവും.

ബാബു പണ്ടൊരിക്കല്‍ ഹരിദ്വാറില്‍ വന്നിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും കണ്ടതായി ഓര്‍മ്മയില്ല. കൂട്ടുകാരുമൊത്ത് ഹര്‍കി പോഡിയിലെ കനാലില്‍ നീന്തിക്കുളിച്ചതായി മാത്രം ഓര്‍മ്മയുണ്ട്. എന്തൊരു തണുപ്പായിരുന്നു വെള്ളത്തിന്‌, വല്ലാത്ത ഒഴുക്കും. ആ കനാലിന് മുകളിലായി വലിയ ഗംഗ. ശരിക്ക് പറഞ്ഞാല്‍ ഹരിദ്വാര്‍ മുഴുവന്‍ പരന്നോഴുകുകയാണ് ഗംഗ. അവയ്ക്കിടയില്‍ പല കൊച്ചു ചിറകളും ദ്വീപുകളും ഉടലെടുത്തിട്ടുണ്ട്.

ആ ഗംഗയുടെ ഓരത്ത് കൂടിയാണ് ബാബുവും കുടുംബവും ഇപ്പോള്‍ സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യുന്നത്. ഹിമവാന്‍റെ ശിരസ്സിലെ മഞ്ഞുരുകി വരുന്ന ആ തണുത്ത വെള്ളത്തില്‍ തട്ടി വരുന്ന നനുത്ത കാറ്റ് ബാബുവിന്‍റെ മനസ്സിനെയും തണുപ്പിച്ചു തുടങ്ങിയോ?. പട്ടണത്തിലെ തിരക്ക് അങ്ങ് പുറകിലായി. തിരക്കൊഴിഞ്ഞ പാതയിലൂടെ പല വലിയ പേരുകേട്ട ആശ്രമങ്ങളുടെയും മുന്നിലൂടെ അവര്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.

അച്ഛാ ഈ ആടെന്താ തിന്നാ...അനന്ദുവിന് എന്തെങ്കിലും പുതിയത് കിട്ടിയാല്‍ സംശയങ്ങളുടെ മാലപ്പടക്കമാണ്. ചില പടക്കങ്ങള്‍ വൈകിയേ പൊട്ടൂ എന്ന് മാത്രം. ലോകത്തിലെ എന്തും കണ്ടും കേട്ടും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കുതുകികള്‍ ആണ് ഈ പ്രായക്കാര്‍‍.. കുഞ്ഞാ അത് എന്തും തിന്നും... പണ്ട് പാത്തുമ്മയുടെ ആട്, ബഷീറ്ക്കാന്‍റെ പുസ്തകം തിന്നൂത്രേ...!!... ങേ, അവനത് അത്ര മനസ്സിലായില്ല. കിട്ടിയാ നന്‍റെ പുസ്തകോം അത് തിന്നും. ബാബു ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.. അയ്യോ, ഇത് പുസ്തകോം തിന്ന്വോ..!! ഭയങ്കര സാധനാണല്ലോ ഇത്..!! അനന്ദുവിന്‍റെ കുഞ്ഞു മുഖത്ത് പല പല ഭാവങ്ങള്‍..!!

സൈക്കിള്‍ റിക്ഷ സപ്തഋഷി ആശ്രമവും, ഗീതാ കുടീറൂം കഴിഞ്ഞ് മുന്നില്‍ കാണുന്ന ഗേറ്റില്‍ നിറുത്തി. മുന്നില്‍ വേദവ്യാസ മന്ദിര്‍ എന്ന് എഴുതി വച്ചിരിക്കുന്നു. അവന്‍ പതുക്കെ റിക്ഷ അകത്തു കടത്തി. ആദ്യ കാഴ്ചയില്‍ത്തന്നെ മനസ്സിന് കുളിര്‍മ്മ തരുന്ന നിറയെ പൂക്കളും പച്ചപ്പും നിറഞ്ഞ ആശ്രമാന്തരീക്ഷം. പച്ചപ്പിനിടയില്‍ അങ്ങിങ്ങ് കൊച്ചു കൊച്ചു കെട്ടിടങ്ങള്‍‍.

ബാബു അവിടത്തെ ഓഫീസ് ഇന്‍ചാര്‍ജിനെ കണ്ടു. ബാബു മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ നല്ല മട്ടാഞ്ചേരി ഭാഷയില്‍ മലയാളം ഉതിര്‍ന്നു. ഈശ്വര്‍ ഭട്ട് മട്ടാഞ്ചേരിയില്‍ നിന്നാണ്. കുറെ കാലമായി ഈ ആശ്രമത്തിന്‍റെ കാര്യങ്ങള്‍ നോക്കി നടത്തുന്നു. പല കൊച്ചി, മട്ടാഞ്ചേരി കുടുംബങ്ങളും ഇവിടെ ആശ്രമകാര്യങ്ങളില്‍ മുഴുകി ജീവിക്കുന്നു. ബാബുവിന്, മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് ഒരു തൂവെള്ള തിര ചുറ്റിലും നുര ഉതിര്‍ത്തുകൊണ്ട് പതിയെ തീരത്ത് അടിക്കുന്നതായി തോന്നി.

വേഗം റൂമില്‍ പോയി കുളിച്ചു റെഡിയായി വന്നോളൂ. ഉടനെ രാവിലത്തെ ആഹാരത്തിനുള്ള മണിയടിക്കും. അവര്‍ വേഗം പോയി കുളിയും കാര്യങ്ങളും നടത്തി പുറത്തിറങ്ങി. പ്രാതലിന്‍റെ മണി മുഴങ്ങി. അന്തേവാസികളും സന്ദര്‍ശകരുമായി കുറച്ചു പേര്‍ അന്നപൂര്‍ണ്ണ എന്നെഴുതിയ ഹാളില്‍ എത്തി. തികച്ചും നാടന്‍ രീതിയില്‍ എല്ലാവരും അവരവരുടെ പ്ലേറ്റും ഗ്ലാസും എടുത്തുകൊണ്ട് നിലത്ത് വിരിച്ചിരിക്കുന്ന പായില്‍ വരിവരിയായി ഇരുന്നു. നല്ല ചുടു ദോശയും സാമ്പാറും ചട്ണിയും. ഉടുപ്പിയില്‍ നിന്ന് കേരളത്തിലേയ്ക്ക് വന്ന, വായില്‍ വെള്ളമൂറുന്ന അതേ സ്വാദ്. കൂടെ നല്ല പശുവിന്‍ പാലില്‍ ഉണ്ടാക്കിയ ചായയും കൂടിയായപ്പോള്‍ ആഹാ..

രാവിലത്തെ സ്വാദൂറുന്ന പ്രാതല്‍ കഴിഞ്ഞ് അവര്‍ ആശ്രമം ഒന്ന് ചുറ്റിക്കാണാന്‍ ഇറങ്ങി. തൊട്ടപ്പുറത്ത് ഗോശാലയാണ്. പത്തിരുപത്‌ പശുക്കള്‍ തൊഴുത്തില്‍ തലയാട്ടി വൈക്കോലും പുല്ലും തിന്നുന്നു. താഴെ നാലഞ്ചു പശുക്കുട്ടികളെ കെട്ടിയിരിക്കുന്നു. അനന്ദുവിന്‍റെ സന്തോഷം ഇരട്ടിയായി. അവന് താലോലിക്കാനും കുസൃതി കാട്ടാനും കൂട്ട് കിട്ടിയിരിക്കുന്നു. കൊമ്പില്ലാത്ത ചില കുസൃതികള്‍ അനന്ദുവിന്‍റെ മോട്ടിലും ചന്തിയിലും മെല്ലെ ഇടിച്ചു. തൊഴുത്ത് വൃത്തിയാക്കുന്ന ആള്‍ പറഞ്ഞു, കുറച്ചു ദൂരെയായി നൂറു പശുക്കളെ വളര്‍ത്തുന്ന ഗോശാല വേറെയുമുണ്ട്. പുല്ലും വൈക്കോലും ഒക്കെ അതേ പറമ്പില്‍ നിന്നാണത്രേ അരിഞ്ഞു നല്‍കുന്നത്.

മായ മുകളിലേയ്ക്ക് നോക്കിക്കൊണ്ട് അത്ഭുതത്തോടെ പറഞ്ഞു..നോക്കൂ ബാബു എത്ര കുമ്പളങ്ങയാ തൂങ്ങിക്കിടക്കണത്. ബാബു മുകളിലേയ്ക്ക് നോക്കി. ശരിയാ, അത്ഭുതം. നാട്ടില്‍ അവന്‍റെ കുട്ടിക്കാലത്ത് പല വീടുകളിലും തൊഴുത്തിന്‍പുറങ്ങളില്‍ കണ്ടിരുന്ന അതേ കാഴ്ച. ഒന്നല്ല, രണ്ടല്ല പത്തിരുപത്‌ കുമ്പളങ്ങ നര പൂശി അങ്ങനെ തൂങ്ങിക്കിടക്കുന്നു.

അച്ഛാ ഇതാ വഴുതനങ്ങ, അവന്‍ പുതിയത് ഒന്ന് കണ്ടുപിടിച്ചു. പിന്നെ പടവലങ്ങ, പപ്പായ എന്ന് വേണ്ട, അവിടെ നിത്യേന ആഹാരം ഉണ്ടാക്കാന്‍ ‍ ഉള്ള എല്ലാ പച്ചക്കറികളും അവിടെ കൃഷി ചെയ്തുണ്ടാക്കുകയാണത്രേ. ഒരു ഭാഗത്ത്‌ ചേമ്പ്, ചേന, കറിവേപ്പില, കൊത്തമല്ലി, കാബേജ്, കോളിഫ്ലവര്‍, ബീട്രൂട്ട്‌, കാരറ്റ് കൂടെ ഇടയ്ക്കിടയ്ക്ക് മാവും മറ്റ് തണല്‍ മരങ്ങളും, പൂ മരങ്ങളും.

ഇടയ്ക്ക് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പടു കൂറ്റന്‍ മരങ്ങള്‍ക്ക് താഴെ മണ്ഡപങ്ങള്‍. നവഗ്രഹങ്ങള്‍ക്ക് മണ്ഡപം, ഗംഗാ ദേവിക്ക് മണ്ഡപം. ഇത്തരം മണ്ഡപങ്ങള്‍ അവന്‍റെ നാട്ടിലെ പഴയ തറവാടുകളെ ഓര്‍മ്മിപ്പിച്ചു. കൂടെ മറ്റു ചില പ്രാപഞ്ചിക സത്യങ്ങള്‍ കൂടി അവനെ ഓര്‍മ്മിപ്പിച്ചുവോ. അദ്ധ്വാനവും അനുഗ്രഹവും കൂടിക്കലര്‍ന്ന ഒരു പ്രാപഞ്ചിക സത്യം..?

ഭഗവദ്ഗീതയിലെ അവസാനത്തെ ശ്ലോകം,

യത്ര യോഗേശ്വര കൃഷ്ണോ യത്ര പാര്‍ഥോ ധനുര്‍ധര:

തത്ര ശ്രീര്‍വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ ||

ഭഗവദ്ഗീതയിലെ ശ്രീകൃഷ്ണ-അര്‍ജുന സംവാദങ്ങളെല്ലാം കേട്ട് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് അത് അതേപടി പറഞ്ഞുകൊടുത്ത സഞ്ജയന്‍ എന്ന ദൃക്സാക്ഷി വിവരണക്കാരന്‍റെ അവസാനത്തെ തീര്‍പ്പ്‌ ഇതാണ്. എവിടെ പരിശ്രമവും അനുഗ്രഹവും ഒന്നിച്ചു ചേരുന്നുവോ അവിടെ ശ്രീ..യും വിജയവും വിരാജിക്കും എന്നെനിക്ക് ഉറപ്പായി. അത് സഞ്ജയനെക്കൊണ്ട് പറയിപ്പിച്ച വേദവ്യാസ മഹര്‍ഷിയുടെ ആശ്രമമല്ലേ ഇത്...!!

അവര്‍ നടന്ന് തൊടിയുടെ മറ്റേ അറ്റത്ത് എത്തി. അവിടെ ഒരു ഓരത്ത് കൂടി ഗംഗ കളകളം പൊഴിച്ചുകൊണ്ട്‌ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നു. നോക്കെത്താ ദൂരത്ത് ആലുവാ മണല്‍പ്പുറം പോലെ മണല്‍പ്പരപ്പ് കാണാം. അവയ്ക്കിടയിലൂടെ അങ്ങിങ്ങ് പരന്നൊഴുകുന്ന ഗംഗാ നദി. അതിനുമപ്പുറം കൊച്ചു കുന്നുകളുടെ തരംഗങ്ങള്‍. ഹിമാലയ സാനുക്കള്‍ കൊച്ചു കുന്നുകളായി താഴ്വരയിലേക്കൊഴുകിയിറങ്ങിയത് പോലെ..

നാളെ രാവിലെ നമുക്ക് ഗംഗയില്‍ ഒന്ന് മുങ്ങിക്കുളിക്കണം. ഇത് കേട്ട് അനന്ദു ചോദിച്ചു.. എന്നേം കുളിപ്പിക്ക്വോ അച്ഛാ. പിന്നെന്താ..നന്നെ ആദ്യം പിടിച്ചു മുക്കും. അയ്യോ, വെള്ളം തണുപ്പുണ്ടോ അച്ഛാ..ഏയ്‌ ഐസുരുകിയ നല്ല ചൂട് വെള്ളാ... മായ ചിരിച്ചുകൊണ്ട് പറഞ്ഞു.. അനന്ദുവിന് അതത്ര വിശ്വാസം വന്നില്ല.

നമുക്കൊന്ന് തൊട്ടു നോക്കാം. അവന്‍ നദിയുടെ അടുത്ത് പോകാന്‍ തയ്യാറായി. അവിടെ കുളിക്കാന്‍ നല്ല പടവുകള്‍ കെട്ടിയിട്ടുണ്ട്. പടവുകള്‍ക്ക് മുകളിലായി ഒരു ഗംഗാ ദേവിയുടെ കൊച്ചു ക്ഷേത്രവും. അവര്‍ പതുക്കെ ആ പടവുകള്‍ ഇറങ്ങി. ബാബു അനന്ദുവിനെ പിടിച്ച് അവന്‍റെ കാല്‍ വെള്ളത്തില്‍ ഇട്ടു. അയ്യോ എന്തൊരു തണുപ്പാ, ഇത്ര തണുത്ത വെള്ളത്തിലാ നമ്മള് രാവിലെ കുളിക്കാ..പിന്നല്ലാണ്ടേ..രാവിലെ കുളിച്ചാ നല്ല രസണ്ടാവും..ബാബു അവനെ സമാധാനിപ്പിച്ചു.

നവഗ്രഹങ്ങള്‍ക്ക് കുടചൂടി നില്‍ക്കുന്ന കൂറ്റന്‍ ആലിന്‍റെ തണലിലൂടെ, കാറ്റ് ഉതിര്‍ത്ത ഞാവല്‍പ്പഴങ്ങള്‍ അങ്ങിങ്ങ് ചിത്രം വരച്ച നടപ്പാതകളിലൂടെ അവര്‍ ഗംഗയെ തഴുകി വരുന്ന തെന്നിളം കാറ്റേറ്റ് അവാച്യമായ അനുഭൂതിയോടെ നടന്നു.

അതാ മണി മുഴങ്ങുന്നു. ഉച്ചയ്ക്ക് ഊണ് കഴിക്കാറായി ന്നാ തോന്നണത്. സമയം പോയത് അറിഞ്ഞേയില്ല. ഹരിദ്വാര്‍ എന്ന ജീവിത കവാടത്തിലെ, ആ ആശ്രമത്തിന്‍റെ അഭൗമ സൗന്ദര്യം ഒപ്പിയെടുക്കുന്നതില്‍ അത്രമേല്‍ ആകൃഷ്ടരായിരുന്നു അവര്‍ മൂവരും.

അവര്‍ നേരെ അന്നപൂര്‍ണ്ണ ഹാളിലേയ്ക്ക് നടന്നു, പ്ലേറ്റും ഗ്ലാസും എടുത്ത് നിലത്ത് ഇരുന്നു. ചോറ്, കൂട്ടാന്‍, തോരന്‍, അച്ചാറ് സാധാരണമെന്ന് തോന്നിക്കാവുന്ന ഊണ്. ഇന്ന് ചോറിന്‍റെ കൂടെ കൂട്ടാന്‍ പയറ് നിരങ്ങിയത് ആണ് എന്ന് കേട്ട് ബാബുവിന് അതിശയം. അങ്ങ് ദൂരെ നാട്ടില്‍ ഈ സംഭവം അന്യം നിന്ന് പോയിട്ട് തലമുറകള്‍ കഴിഞ്ഞു. പണ്ട് മുത്തശ്ശിമാര്‍ തിരി കല്ലിന്‍റെ നടുവില്‍ പയര്‍ കുറേശ്ശെയായി ഇട്ട് അതിനിടയിലൂടെ പയറുമണികള്‍ പാതി പൊളിഞ്ഞു കല്ലിന് ചുറ്റും വീഴുന്നത് കൂട്ടിയെടുത്ത് ഉണ്ടാക്കിയിരുന്ന നല്ല സ്വാദുള്ള ഒരു വിഭവം. ആ പ്രക്രിയ, ലോകത്തിന്‍റെ ഇങ്ങേ കോണില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ എങ്ങനെ സന്തോഷിക്കാതിരിക്കും. കൂടെ നല്ല പശുവിന്‍ പാലില്‍ ഉണ്ടാക്കിയ മോരില്‍ അപ്പൊ പൊട്ടിച്ച നാരകത്തിന്‍റെ ഇലയും, കറിവേപ്പിലയും കൂടിയായപ്പോള്‍ ഊണിന്‌ ഒരു ഹോട്ടലിലും, വീട്ടിലും കിട്ടാത്ത രുചി.

നല്ല മോര് കൂട്ടി ഊണ് കഴിച്ചാല്‍ അല്‍പ്പം വിശ്രമം. പണത്തിന്‍റെ ഊരാകുരുക്കോര്‍ത്തു രാത്രി പോലും ഉറക്കം വരാതീരുന്ന ബാബുവിന്, ഉച്ചയൂണ് കഴിഞ്ഞ് മയക്കം വരുന്നു... ശംഭോ മഹാദേവാ...!!

വൈകുന്നേരം അവര്‍ അമ്പലത്തിലേയ്ക്ക് ഇറങ്ങി. വേദവ്യാസനെ പൂജിക്കുന്ന അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നല്ലേ ഇത്. ഇതിന്‍റെ ഗോപുരം ദൂരെ നിന്ന് തന്നെ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ശില്പ ചാതുരിയിലാണ് പണിതിരിക്കുന്നത്. കര്‍ണ്ണാടകത്തിലെ ക്ഷേത്രഗോപുരങ്ങളോട് സാമ്യമുള്ള കൊത്തുപണികളും നിറക്കൂട്ടുകളും. നല്ല മിനു മിനുത്ത കറുത്ത ശിലയില്‍ പണിത വേദവ്യാസ പ്രതിമ. കൂടെ വേദ മാതാവ്.

ഷട് കോണത്തില്‍ ഉള്ള ശ്രീ കോവില്‍. പഴമയുടെയും പുതുമയുടെയും സമ്മിശ്രം. ശ്രീകോവിലിന് ചുറ്റും പൂക്കളും ചെറിയ പുല്‍ത്തകിടിയും. അതിനു ചുറ്റും നിറയെ മുറികളുള്ള ഷട് കോണത്തില്‍ ഉള്ള ചുറ്റമ്പലം.

ബാബു അമ്പലം ചുറ്റിക്കാണുന്നതിനിടയ്ക്ക് ഷേണായി സാറിനെ പരിചയപ്പെട്ടു. അദ്ദേഹം കൊച്ചിയിലെ ഒരു കോളേജില്‍ പ്രൊഫസര്‍ ആയിരുന്നുവത്രേ. റിട്ടയര്‍ ആയപ്പോള്‍ ആശ്രമ സേവയ്ക്കായി ഇവിടെ എത്തിയിരിക്കുന്നു. അടുത്തു തന്നെ വീടെടുത്ത് താമസിക്കുന്നു. അമ്പലത്തിലെ കാര്യങ്ങള്‍ക്ക് പുറമെ ഇവിടത്തെ ലൈബ്രറിയുടെ ചുമതലയും വഹിക്കുന്നു. വായിക്കുക വളരുക എന്നതാണ് അദ്ധേഹത്തിന്‍റെ പ്രമാണം. സാധാരണക്കാര്‍ പ്രായമാകുംതോറും കര്‍മ്മ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ മുറുക്കിക്കെട്ടുമ്പോള്‍ അദ്ദേഹം അതില്‍ നിന്നെല്ലാം മെല്ലെ മുക്തി നേടുന്നു. ‍

അദ്ദേഹവുമായുള്ള കൊച്ചു സംവാദങ്ങള്‍ക്കിടയില്‍ പല മുത്തുച്ചിപ്പികളും ബാബുവിന് വീണുകിട്ടി. ഏകദേശം അയ്യായിരം കൊല്ലങ്ങള്‍ക്ക് മുന്‍പായിരിക്കണം അന്നത്തെ എല്ലാ അറിവുകളും ശ്രുതി വഴിയായി ‍ ( വായ്‌ മൊഴിയായി കേട്ട് പഠിക്കുക) ഒരു തല മുറയില്‍ നിന്ന് അടുത്ത തലമുറയിലേയ്ക്ക് പകര്‍ന്നിരുന്ന കാലം. പല അറിവുകളും കാലക്രമത്തില്‍ ഓരോ നാട്ടു നടപ്പനസുരിച്ചു വ്യാഖ്യാനങ്ങള്‍ പലതാവുകയും പലതും നഷ്ടപ്രായമാവുകയും ചെയ്തിരുന്ന കാലം. അപ്പോഴാണ്‌ വ്യാസന്‍ എന്ന പുരോഗമന ചിന്താഗതിക്കാരന്‍ ഇതെല്ലാം ക്രോഡീകരിച്ച് എഴുത്തു രൂപത്തില്‍ കൊണ്ടുവരാന്‍ ഒരു മഹായത്നം തുടങ്ങിയത്. എഴുത്തു രൂപത്തില്‍ ആണെങ്കില്‍ അത് നഷ്ടമാവാന്‍ താരതമ്യേന സാദ്ധ്യത കുറവാണ്. അത് അന്നത്തെ യാഥാസ്ഥിതികര്‍ക്ക് ഒട്ടും ദഹിക്കാത്ത കാര്യമായിരുന്നിരിക്കണം. എന്തായാലും ആ മഹായജ്ഞത്തില്‍ ഇന്ന് കാണുന്ന വേദങ്ങളും മഹാഭാരതവും ഉടലെടുത്തു. മഹാഭാരതത്തിന് നടുവില്‍ ലോകമെമ്പാടും സ്വീകരിക്കപ്പെട്ട ഭഗവദ്ഗീതയും ഉടലെടുത്തു. കൂടെ വ്യാസന്‍ വേദവ്യാസനും ആയി.

ഭഗവദ്ഗീതയില്‍ ഓരോ അദ്ധ്യായങ്ങള്‍ അവസാനിക്കുമ്പോഴും ആവര്‍ത്തിച്ച് എഴുതി വച്ചിട്ടുള്ള ഒരു വാചകമുണ്ട്. ഇതി ശ്രീമദ്‌ ഭഗവദ്ഗീതാസു, ഉപനിഷത്-സു, ബ്രഹ്മവിദ്യായാം, യോഗശാസ്ത്രേ, ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ.. എന്ന്. ഓരോ അദ്ധ്യായത്തിലെ ആദ്ധ്യാത്മിക സത്തും ഉപനിഷത്തുക്കളില്‍ നിന്നും, ബ്രഹ്മവിദ്യയില്‍ നിന്നും യോഗ ശാസ്ത്രത്തില്‍ നിന്നും ഒക്കെ കടഞ്ഞെടുത്തതാണ് എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

ദീപാരാധന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഈശ്വര്‍ജിയുമായുള്ള കുശല പ്രശ്നങ്ങള്‍ക്കിടയില്‍ ബാബു പറഞ്ഞു. നാളെ ഹരിദ്വാര്‍ ഒന്ന് കണ്ടാല്‍ക്കൊള്ളാമെന്നുണ്ട്. ഈശ്വര്‍ജി പറഞ്ഞു. അതിന് നമുക്ക് ഒരു വഴിയുണ്ടാക്കാം. ഗോപാല്‍ജി ആശ്രമത്തിന് വേണ്ടി ഓട്ടോ ഓടിയ്ക്കുന്ന ആളാണ്‌. അദ്ദേഹത്തിനോടു ചോദിച്ചാല്‍ ഒഴിവുണ്ടെങ്കില്‍ വരും. ഈ നാട്ടുകാരനായത് കൊണ്ട് സ്ഥലങ്ങളെക്കുറിച്ച് നല്ല പരിചയവുമുണ്ടായിരിക്കും. അങ്ങനെ ഗോപാല്‍ജി എന്ന ലോക്കല്‍ ഗൈഡ് നാളെ രാവിലെ അവരെ ഹരിദ്വാര്‍ കാണിക്കാന്‍ തയ്യാറായി.

രാത്രി ഭക്ഷണത്തിന് ശേഷം ബാബുവിന് ഒരു ചെറിയ സംശയം. നാളെ രാവിലെ ചായ കിട്ടുമോ. ആശ്രമമാകുമ്പോള്‍ ചായക്ക് പകരം ചൂട് വെള്ളം കുടിച്ചു കാര്യങ്ങള്‍ നടത്തേണ്ടി വരുമോ. രാവിലെ ചായ കിട്ടിയില്ലെങ്കില്‍ അണ്ടി പോയ അണ്ണാനെപ്പോലെ ഒരു തോന്നലാണ്. എന്ത് കിട്ടിയാലും എന്തോ നഷ്ടപ്പെട്ട പ്രതീതി.

ഇത് മനസ്സിലാക്കിയാവണം അന്നപൂര്‍ണ്ണയിലെ ചീഫ് കൂക്ക് പറഞ്ഞു, രാവിലെ അഞ്ചുമണിക്ക് ചായ ഇതിനു മുന്നില്‍ കിട്ടും. ഇവിടെ കാനില്‍ വച്ചിട്ടുണ്ടാകും. ഹാവു വല്ലാത്തൊരാശ്വാസം. പക്ഷെ, അഞ്ചുമണിക്ക് എണീറ്റില്ലെങ്കില്‍ പണി പാളിയത് തന്നെ.

രാവിലെ നേരത്തേ എണീക്കുന്നവരായത് കൊണ്ട് എല്ലാവരും നേരത്തേ ഉറങ്ങുന്നവരാണ്. ശബ്ദകോലാഹലങ്ങള്‍ സ്വതവേയില്ലാത്ത അന്തരീക്ഷത്തില്‍ രാത്രി പിന്നെ പറയാനുമില്ല.

ബാബു അമ്പലത്തിന് മുന്നിലുള്ള വഴിയിലൂടെ ഒന്ന് ഉലാത്താനിറങ്ങി. മങ്ങിക്കത്തുന്ന വഴി വിളക്കുകള്‍ക്ക് മുകളിലായി ചന്ദ്രന്‍ അവിടമെല്ലാം പ്രഭ വിതറുന്നു. എന്തൊരു ഭംഗിയുള്ള രാത്രിയാണ്. പൌര്‍ണ്ണമിയോടടുത്ത ചന്ദ്രന്‍ ആകാശത്ത് നിന്ന് വട്ടത്തില്‍ ചിരിച്ചു. അത് കണ്ട ഓരോ പൂക്കളും ഡാലിയും, റോസും, ജമന്തിയും, ലില്ലിയും തിരിച്ച് പല വര്‍ണ്ണങ്ങളില്‍ ചിരിച്ചു.

അടുത്തുകൂടി നദി താളത്തില്‍ ഒഴുകുന്നത്‌ ബാബുവിന് നന്നായി കേള്‍ക്കാം. കൂടെ തൊടിയില്‍ നിന്ന് തവളകളുടെയും പല ജീവികളുടെയും താളത്തില്‍ സമ്മിശ്രമായ ശബ്ദം. പ്രകൃതിയുടെ സിംഫണി രൂപപ്പെടുകയാണ് എന്ന് അവന് തോന്നി. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം കൂമന്‍ അടുത്ത മരക്കൊമ്പില്‍ ഇരുന്ന് താളത്തില്‍ മൂളി. അവന്‍ നടക്കുന്ന വഴിയുടെ അടുത്ത് നൂറു കണക്കിന് കുഞ്ഞു ജീവികളുടെ ശബ്ദം. അടുത്ത് ഒരു കുഞ്ഞു താമരക്കുളമാണ്. അവന്‍ പതുക്കെ മൊബൈലിന്‍റെ ലൈറ്റ് തെളിയിച്ചു നോക്കി. നൂറു കണക്കിന് കൊച്ചു കൊച്ചു തവളകള്‍ വെള്ളത്തില്‍ പാറിക്കിടക്കുന്ന താമര ഇലയില്‍ ഇരുന്നുകൊണ്ട് അവര്‍ക്കറിയുന്ന പാട്ടുകള്‍ പാടുകയാണ്. വെളിച്ചം കണ്ടതും അവര്‍ ഒന്നൊന്നായി വെള്ളത്തിലേയ്ക്ക് ചാടി. പ്ലും, പ്ലും, പ്ലും. പ്രകൃതിയുടെ ജലതരംഗിണി. ലോക പ്രശസ്തനായ ബീഥോവന്‍ വരെ ഈ ശബ്ദങ്ങള്‍ ഒര്‍ക്കെസ്ട്രയില്‍ പകര്‍ത്താന്‍ എത്ര ശ്രമിച്ചിട്ടുണ്ടാകും.

ആ താളത്തിനൊത്ത് അവന്‍റെ ചുണ്ടിലും പാട്ട് വിരിഞ്ഞു. 'ശാരദാംബരം ചാരു ചന്ദ്രികാ ധാരയില്‍ മുഴുകീടവേ'... പ്രായം കൂടുംതോറും ശബ്ദം മധുരതരമാകുന്ന ജയചന്ദ്രന്‍റെ ഈണം തികഞ്ഞ ആ പാട്ട് അവന്‍റെ മനസ്സാകെ നിറഞ്ഞു. അവന്‍റെ മനസ്സില്‍ ചന്ദ്രികയുടെ പാല്‍ നുരയും നിറഞ്ഞു. അവന്‍ നടക്കുന്ന വഴിയുടെ ഒരു ഭാഗത്ത്‌ പാരിജാതത്തിന്‍റെ മൊട്ടുകള്‍ താനേ വിരിഞ്ഞ് മോഹ സുഗന്ധം പരത്തുന്നു, മറു ഭാഗത്ത്‌ സുഗന്ധം പരത്തിയിരുന്ന പവിഴമല്ലികള്‍ ചെടിപോലും അറിയാതെ ഞെട്ടില്‍ നിന്നും വേര്‍പെട്ട് പാറിപ്പാറി ഭൂമിപോലും അറിയാതെ നിലം പതുക്കെ തൊടുന്നു. ഇതെന്തൊരു മായാജാലം. പ്രകൃതി ഇങ്ങനെയാണ്.

അവനറിയാതെ അവന്‍റെ കണ്ണ് മൊബൈലിലെ സമയത്തില്‍ വീണു. സമയം പതിനൊന്നാര. പതിനൊന്നാരയോ... നാളെ രാവിലെ അഞ്ചു മണി, ചായ..!! അവന്‍ വേഗം ആ മായാലോകത്തില്‍ നിന്നും പുറത്തേയ്ക്ക് നടന്നു,

ഉറക്കം എന്ന മായാലോകത്തെ പുല്‍കാന്‍ അവന്‍ തലയിണയിലേക്ക് ചാഞ്ഞു..

                                                                                                                                             തുടരും..