Tuesday, 10 July 2018

യു ലൈക്ക് ഇറ്റ്‌ ?







രാജുവിന് വീണ്ടും ഹെഡ് ഓഫീസില്‍ നിന്നും വിളി വന്നു. ഇപ്രാവശ്യം മസ്കറ്റില്‍ ഒന്ന് അത്യാവശ്യമായി പോകണം. നോമ്പുകാലമായതിനാല്‍ ആരും പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ല. പക്ഷേ പോയേ പറ്റൂ…

ഉടന്‍ തന്നെ ട്രാവല്‍ വിസ വന്നു, ടിക്കറ്റ് വന്നു.
പെട്ടിയും ഭാണ്ഡവുമായി രാജു പുറപ്പെട്ടു. കൂടുതല്‍ ചിന്തിക്കുന്നതിന് മുന്‍പ് രാജു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ എത്തി.

എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ച്, നല്ല ഒരു ഹോട്ടലില്‍ എത്തിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു.

രാജു വിചാരിച്ചത് പോലെ മസ്കറ്റ് ഒരു മരുഭൂമിയല്ല ഇപ്പോള്‍. വഴി നീളെ, നാല്‍പ്പതും അന്‍പതും വയസ്സുള്ള വൃക്ഷങ്ങള്‍ റോഡിന് തണലേകുന്നു.

ഓരോ മരങ്ങളും ചെടികളും നനയ്ക്കാന്‍ പൈപ്പിട്ടിരിക്കുന്നു. മലിന ജലം ശുദ്ധീകരിച്ച് അത് ചെടികള്‍ക്ക് ഒരു തുള്ളി പോലും കളയാതെ എത്തിക്കുന്നു. ഈന്തപ്പനകള്‍ വഴി നീളെ കുലച്ചു നില്‍ക്കുന്നു.

രാജു അതിശയിച്ചു. ഇപ്പോള്‍ മരുഭൂമി മരുപ്പച്ചയും, മഴക്കാടുകള്‍ മരുഭൂമിയും ആയിക്കൊണ്ടിരിക്കുന്നു. എന്തൊരു വിരോധാഭാസം.

വെള്ളം കിട്ടാത്തവനേ അതിന്‍റെ വില അറിയൂ…അതാണ്‌ സത്യം...!!

ഇതിനിടെ രാജു ചെറുപ്പക്കാരന്‍ ഡ്രൈവറുമായി ചെറിയ ചങ്ങാത്തം തുടങ്ങി. ‍ താമസിക്കാന്‍ പറ്റിയ നല്ല സ്ഥലം ഏതാണെന്ന് ചോദിച്ചു മനസ്സിലാക്കുകയാണ്, അവന്‍.

ഡ്രൈവര്‍ മുറി ഇംഗ്ലീഷില്‍ രാജുവിനെ പറഞ്ഞു മനസ്സിലാക്കി. ഇന്ത്യക്കാര് കൂടുതല്‍ ഉള്ളിടത്ത് നോമ്പു കാലത്ത് പോയാല്‍ രാവിലെ പട്ടിണി ആയിരിക്കും.

ചെറുപ്പക്കാരന്‍ ഡ്രൈവര്‍ ഒരു നല്ല യൂറോപ്യന്‍ ഹോട്ടലിനു മുന്നില്‍ കൊണ്ട് ചെന്ന്‍ നിറുത്തി. എന്നിട്ട് രാജുവിനോട് ചോദിച്ചു, യു ലൈക്ക് ഇറ്റ്‌? രാജു തലയാട്ടി.

പൈസ കൊടുക്കുന്നതിനിടയില്‍ രാജു അവന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങി. ഈ പരിചയമില്ലാത്തിടത്ത് നാളെ മുതല്‍ ജോലിക്ക് പോകുവാന്‍ ഒരു സഹായം വേണമല്ലോ.

അവര്‍ നാളെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.

ഹോട്ടലില്‍ രാവിലെ പ്രാതല്‍ കുശാല്‍. സായിപ്പന്മാര്‍ക്ക് നോമ്പില്ലല്ലോ..

രാവിലെ എട്ടു മണിക്ക് തന്നെ കാര്‍ എത്തി.

എട്ടു പത്ത് കി. മി ദൂരം പോകണം പുതിയ ഓഫീസിലേക്ക്. വഴി നീളെ മുറി ഇംഗ്ലീഷും ആംഗ്യങ്ങളുമായി അവര്‍ സുഹൃത്തുക്കള്‍ ആവാന്‍ തുടങ്ങി.

രാജുവിന് വഴി നീളെ സംശയം. ഡ്രൈവര്‍ അഹമ്മദ് കണ്ണും കൈയും കാലും ചിലപ്പോള്‍ ചുണ്ടും ഉപയോഗിച്ച് സംശയ നിവര്‍ത്തി നടത്തും.

രാജു ഓഫീസ് കണ്ടപ്പോള്‍ ഒന്നമ്പരന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സെറ്റപ്പ്. നിറയെ റെസ്റ്റോറന്റുകള്‍ സൂപ്പര്‍ മാര്‍കറ്റ്‌, സ്പാ...

ഓഫീസിനകത്തു ചെന്നപ്പോള്‍ ഒന്നുകൂടി അമ്പരന്നു. ആണുങ്ങള്‍ എല്ലാം വെള്ള യൂണിഫോമില്‍, പെണ്ണുങ്ങള്‍ അടി മുടി കറുത്ത യൂണിഫോമില്‍.

ആണുങ്ങളെ അടുത്തു ചെന്നാല്‍ തിരിച്ചറിയാം, പക്ഷെ, പെണ്ണുങ്ങളെ തിരിച്ചറിയാന്‍ ഒരു രക്ഷയുമില്ല....

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രാജുവിന് തുണയ്ക്കായി മൂന്നു പേര്‍ കൂടി ഇന്ത്യയില്‍ നിന്ന്‍ എത്തിചേര്‍ന്നു.

വെള്ളിയാഴ്ച്ച ആകുമ്പോഴേക്ക് രാജുവും കൂട്ടരും ചുറ്റിക്കാണാനുള്ള പരിപാടികള്‍ ഇടുകയാണ്.

ഡ്രൈവര്‍ അഹമ്മദ് അവിടുത്തെ സുല്‍ത്താന്‍ ഖാബൂസിന്‍റെ കോട്ടയും പഴയ പട്ടണവും കാണിച്ചു തരാമെന്നേറ്റു.

പഴയ പട്ടണത്തില്‍ തെരുവുകള്‍ ഇടുങ്ങിയതും, വീടുകള്‍ ചെറുതും ആണ്. വലിയ പരിഷ്കാരങ്ങളൊന്നും ചെന്നെത്താത്ത സ്ഥലം. പെട്ടെന്ന്‍ പട്ടണത്തിരക്കില്‍ നിന്നും ഉള്‍നാട്ടിലെത്തിയ പോലെ. പക്ഷെ എല്ലായിടത്തും നല്ല വൃത്തിയാണ്.

വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വണ്ടി മുന്നോട്ട് പോയി. അതാ സുല്‍ത്താന്‍റെ വലിയ കോട്ട. സന്ധ്യക്ക് കോട്ടയ്ക്ക് ചുറ്റും വര്‍ണ്ണ വിളക്കുകള്‍ തെളിയിച്ചിരിക്കുന്നു.

കോട്ട കാണാന്‍ ഇറങ്ങുമ്പോള്‍ ഡ്രൈവര്‍ അഹമ്മദ് പറഞ്ഞു. അവിടെയും ഇവിടെയും ഒന്നും കേറിപ്പോകണ്ട. അനാവശ്യസ്ഥലത്ത് കയറിയതിനും, പിടിച്ചതിനും, ചിലര്‍ പിന്നീട് സൂര്യ വെളിച്ചം കണ്ടിട്ടേയില്ലത്രേ…..!!

രാജുവിന്‍റെ ഉള്ളൊന്നു കാളി. ഇനി ഇപ്പൊ ഇത് കാണാതെ തിരിച്ചു പോകണോ…?!!

ഒന്നും തൊടാതിരുന്നാല്‍ പോരേ... കാണുന്നതിന് കുഴപ്പമൊന്നുമില്ലല്ലോ..

ശാന്തമായ കടലിനോടു ചേര്‍ന്നു കിടക്കുന്ന പ്രൌഢഗംഭീരമായ കോട്ട. കോട്ടയുടെ ഒരു ഭാഗത്ത്‌ മലയും മറു ഭാഗത്ത്‌ അലകളില്ലാത്ത കടലിടുക്കും.

പലയിടത്തും തേച്ചു മിനുക്കിയ പീരങ്കികളും അത് വഹിക്കുന്ന വാഹനങ്ങളും വലിയ ഇരുമ്പുണ്ടകളും.ശത്രുക്കള്‍ക്ക് അത്ര എളുപ്പത്തില്‍ എത്താന്‍ കഴിയാത്ത നിഗൂഡത നിറഞ്ഞ സ്ഥലം.

എല്ലാം ചുറ്റിക്കണ്ട് തിരിച്ചു കാറില്‍ എത്തിയപ്പോള്‍ അഹമ്മദ് ഭായ് ചോദിച്ചു, യു ലൈക്ക് ഇറ്റ്‌? രാജു തലയാട്ടി.

ഹോട്ടലിലെ താമസത്തിനിടയില്‍ രാജു പലരെയും പരിചയപ്പെട്ടു.

ശിവദാസന്‍ എന്ന ഹൌസ് കീപ്പറുടെ കഥ കേട്ടു. എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാതായ കഥ. നാട്ടില്‍ കൂട്ടുകാരന് ലോണെടുക്കാന്‍ ജാമ്യം നിന്ന ശിവദാസന് , കൂട്ടുകാരന്‍ കടം തിരിച്ചടക്കാതായപ്പോള്‍ വീടും പുരയിടവും ജപ്തിയില്‍ പോയി. പിടിച്ചു നില്‍ക്കാന്‍ പറ്റാതെ മസ്കറ്റില്‍ എത്തിയ കഥ.

നാട്ടില്‍ പോയാല്‍ മാത്രം ഉറങ്ങാന്‍ കാത്തിരിക്കുന്ന വെയിറ്റര്‍ ഡാനിയല്‍ അച്ചായന്‍. അച്ചായന്‍റെ മുറിയില്‍ പത്തു പേരാണത്രേ രാത്രി ഉറങ്ങുന്നത്. ട്രെയിനിലെ ബെര്‍ത്ത്‌ പോലെയുള്ള സംവിധാനം. പലര്‍ക്കും പല ജോലി സമയങ്ങള്‍. രാത്രി അവര്‍ ലൈറ്റിടും, ശബ്ദമുണ്ടാക്കും. ചിലര്‍ ബെര്‍ത്തിന് മുകളില്‍ കയറുമ്പോള്‍ ചവിട്ടും. ..
അച്ചായന്‍ നേരെ ഉറങ്ങിയിട്ട് കാലങ്ങളായി.

പാവം നാട്ടില്‍ പോയിട്ട് സുഖമായി ഉറങ്ങുന്നത് സ്വപ്നംകണ്ട് നടക്കുകയാണ് അദ്ദേഹം.

പിന്നെ മാസ്റ്റര്‍ ഷെഫ് ജുനി.
നിമിഷങ്ങള്‍ കൊണ്ട് വിഭവ സമൃദ്ധമായ വിരുന്നൊരുക്കുന്ന മാസ്റ്റര്‍ ഷെഫ്. ജുനിയുടെ കൈ കൊണ്ടുണ്ടാക്കിയ വിഭവ സമൃദ്ധമായ ആഹാരം കഴിച്ചുകൊണ്ടാണ്‌ രാജുവിന്‍റെയും ടീമിന്‍റെയും ദിവസം തുടങ്ങുന്നത്.

ജുനിയുടെ ആഹാരപ്പൊതി ഇല്ലായിരുന്നെങ്കില്‍ രാജുവും കൂട്ടരും ഉച്ചക്ക് പട്ടിണി ആകുമായിരുന്നു
 
രണ്ടു ദിവസമായി അഹമ്മദ് ഭായിക്ക് പകരം അയാളുടെ വാപ്പയാണ് കാര്‍ കൊണ്ടുവരുന്നത്. രാജു വാപ്പയോടും കുശലപ്രശ്നങ്ങള്‍ തുടങ്ങി.

വാപ്പയ്ക്ക് മലബാറികളെ നന്നായി അറിയാമത്രേ. അദ്ദേഹം ബോംബെയിലും ഹൈദ്രാബാദിലും പോയിട്ടുണ്ടത്രേ. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കല്യാണം കഴിക്കാനാണ് പോലും. പഴയ ഭാര്യക്ക് വയസ്സായി…!! കുട്ടികളൊക്കെ വലുതായി. ആരും പറഞ്ഞാല്‍ കേള്‍ക്കുന്നില്ല.

അപ്പോള്‍, പറഞ്ഞാല്‍ കേള്‍ക്കുന്ന കുട്ടിയെ കൊണ്ടുവരാന്‍ വേണ്ടി ഇന്ത്യയിലേക്ക് പോയി. ഹൈദരാബാദില്‍ നിന്ന് പതിനെട്ട് വയസ്സുള്ള ഒരു കുട്ടിയെ നിക്കാഹ് കഴിച്ച് കൊണ്ടുവന്നു.

രാജു ചോദിച്ചു - യു ലൈക്ക് ഇറ്റ്‌?

ഉടനെ വാപ്പയുടെ മറുപടി വന്നു - വെരി മച്ച്...

രാജുവിന് ഓഫീസില്‍ തിരക്ക് കൂടി വരുന്നു. മറിയവും, അഷറഫും, അബ്ദുള്ളയും ഒക്കെ രാജുവിന്‍റെ കൂടെ പല ഡിപാര്‍ട്ട്മെന്‍റ്കളെക്കുറിച്ചും വിസ്തൃത ചര്‍ച്ചകള്‍ നടത്തി.

ഒരു ദിവസം ആബിദയുമായി ചൂടു പിടിച്ച ചര്‍ച്ച നടക്കുകയാണ്. രാജു നോട്ട്ബുക്കില്‍ നോക്കി തന്നെയാണ് പലതും വാദിക്കുന്നതും മനസ്സിലാക്കുന്നതും. വേറെ വഴിയില്ലല്ലോ. ശബ്ദ വെതിയാനത്തില്‍ക്കൂടി ഭാവ വെത്യാസം മനസ്സിലാക്കാന്‍ രാജു പഠിക്കുന്നേയുള്ളൂ.

അവരുടെ ചര്‍ച്ച ട്രഷറിയുടെ അതീവ ഗൌരവമായ പോയിന്‍റില്‍ ഉടക്കി. കുറെ നേരം രണ്ടുപേരും മുന്‍പോട്ടും പുറകോട്ടും കരുക്കള്‍ നീക്കി. അവസാനം ആബിദ മേല്‍ത്തട്ടം നീക്കി രാജുവിനെ ഒന്ന് നോക്കി.

ദു യു അന്തര്‍സ്ടാണ്ട്' . നീല തടാകം പോലുള്ള രണ്ടു കണ്ണുകള്‍ തന്നെ നോക്കി ചോദിക്കുന്നു.

ഒരു നിമിഷ നേരത്തേക്ക് രാജു എല്ലാം മറന്ന പോലെ...

രാജു തലയാട്ടി.

ഒരു നിമിഷത്തിനു ശേഷം അടുത്ത ചോദ്യം…

'വേര്‍ വേര്‍ വി'

നമ്മള്‍ എവിടെയാണ് ചര്‍ച്ച ചെയ്തു നിറുത്തിയത് എന്ന്, രാജുവിന് കുറച്ചു നേരം വേണ്ടി വന്നു ഓര്‍മ്മ വീണ്ടെടുക്കാന്‍….!!

ഈ വെള്ളിയാഴ്ച അഹമ്മദ് ഭായ് രാജുവിനെയും ടീമിനെയും ഡോള്‍ഫിന്‍ കാണാന്‍ കൊണ്ടുപോകാമെന്ന് ഏറ്റു.

അയാള്‍ അതിരാവിലെ തന്നെ അവരെ കടലിന്‍റെ വക്കത്ത് ബോട്ട് ജട്ടിയില്‍ വിട്ടു. രാവിലെ ആണത്രേ ഡോള്‍ഫിനെ കാണാന്‍ കൂടുതല്‍ സാദ്ധ്യത.

അവിടെ നിന്ന് ഫൈബര്‍ കൊണ്ടുണ്ടാക്കിയ ആധുനിക ബോട്ടില്‍ ആണ് യാത്ര.

യാത്രയുടെ തുടക്കത്തില്‍ തന്നെ എല്ലാവര്‍ക്കും പെപ്സി, കൊക്കോകോള പാനീയങ്ങള്‍ കാപ്ടന്‍ വിളമ്പി. അതും കുടിച്ചു അവരങ്ങനെ ബോട്ട് സവാരി തമാശയും ബഹളവും ആയി ആസ്വദിക്കുകയാണ്.

പെട്ടെന്ന് ബോട്ടിന്‍റെ വേഗം അതിവേഗം ആയി. ഏതാണ്ട് ‍ പ്ലെയിന്‍ , റണ്‍വെയില്‍ ടെയ്ക്കൊഫിനു വേണ്ടി ഓടുന്നത് പോലെ.

ഒരു തിരമാലയില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിക്കൊണ്ട് ബോട്ട് മുന്നോട്ടു പാഞ്ഞു. . വെള്ളം തൊടുന്നുണ്ടോ എന്ന് തന്നെ ‍ സംശയം…..!!

ചുറ്റിലും നീലക്കടല്‍ മാത്രം. മറ്റൊന്നും എവിടെയും കാണാനില്ല.

രാജുവിന് പെട്ടെന്ന് കടലിലെ സ്രാവുകളെയും തിമിംഗലങ്ങളെയും ഓര്‍മ്മ വന്നു.

എല്ലാവരുടെയും മുഖത്തെ ചിരി മാഞ്ഞു. മറ്റെന്തോ വിചാര വികാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

തിരമാലകളില്‍ തട്ടിയുള്ള ബോട്ടിന്‍റെ ഇരമ്പം മാത്രമല്ലാതെ വേറെ ഒരു ശബ്ദവും കേള്‍ക്കാനില്ല.

അപ്പോള്‍ കാപ്ടന്‍റെ റൂമില്‍ നിന്ന്‍ ഒരു ശബ്ദം ഒഴുകി വന്നു.

യു ലൈക്ക് ഇറ്റ്‌?

ആര്‍ക്കും എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. രാജു മാത്രം തലയാട്ടി ഉണ്ടെന്നും ഇല്ലെന്നും…!!

ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ബോട്ടിന്‍റെ വേഗത കുറഞ്ഞു. അപ്പോഴാണ്‌ രാജു പകുതി കുടിച്ച പെപ്സി കാന്‍ കൈയ്യില്‍ അങ്ങനെത്തന്നെ ഇരിക്കുന്നത് ശ്രദ്ധിച്ചത്.

കാപ്ടന്‍ വയര്‍ലെസ് സെറ്റിലൂടെ ആരെയൊക്കെയോ ബന്ധപ്പെടുന്നു. പതുക്കെ പതുക്കെ ബോട്ട് ഒരു ദിശയിലേക്ക് നീങ്ങുന്നു.

അതാ ഇതുവരെ കാണാത്ത കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ച്ച. നൂറു കണക്കിന് ഡോള്‍ഫിനുകള്‍ ഊളയിട്ടും ചാടിയും മറിഞ്ഞും നീന്തുന്നു. ബോട്ട് പതുക്കെ അവരുടെ അടുത്തേക്ക് നീങ്ങി. അവര്‍ അതൊന്നും കാര്യമായി ശ്രദ്ധിക്കാതെ ചാടി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.

കാപ്ടന്‍ പറഞ്ഞു, യു ആര്‍ ലക്കി. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ ഡോള്‍ഫിനെ കാണാന്‍ കിട്ടുകയുള്ളുവത്രേ..

കുറെ നേരം അവര്‍ രാജുവിന്‍റെ ബോട്ടിന് ചുറ്റും ഒഴുകിക്കളിച്ചു. ‍ ചില വിരുതര്‍ അഞ്ചാറടി ഉയരം വരെയൊക്കെ ചാടുന്നത് കണ്ടു.
ബോട്ട് അവര്‍ക്കൊത്ത് പതുക്കെ നീങ്ങിക്കൊണ്ടിരുന്നു.

കൂടെയുള്ളവര്‍ പശുവിനെ വിളിക്കുന്നത്‌ പോലെ ഡോള്‍ഫിനെ മ്പ...മ്പ എന്ന് വിളിക്കുന്നത്‌ കേട്ടു…!!

അരമണിക്കൂര്‍ അവര്‍ അങ്ങനെ എല്ലാം മറന്ന് ഡോള്‍ഫിനോപ്പം കളിച്ചു.

കാപ്ടന്‍ തിരിച്ചുപോകാനുള്ള നിര്‍ദേശം നല്‍കി.

തിരിച്ചു വരുന്ന വഴി അവര്‍ ഒരു കൊച്ചു ഗുഹാ ദ്വാരത്തിലൂടെ മലയുടെ മറുവശത്തുള്ള നിശ്ചലമായ കടലിലേക്ക് കടന്നു. അവിടെ കാപ്ടന്‍ , കടലിനടിയില്‍ കാണിച്ചു തന്ന കാഴ്ച്ച അതിശയിപ്പിക്കുന്നതായിരുന്നു.

വെള്ളത്തിന്‍റെ അടിത്തട്ടില്‍ പല നിറത്തിലുള്ള പവിഴപ്പുറ്റുകള്‍. അതിന് കോറല്‍ എന്നാണത്രേ പറയുന്നത്.

വേണ്ടവര്‍ക്ക് കടലില്‍ ഇറങ്ങി ദൂരദര്‍ശിനിയിലൂടെ താഴേക്ക് നോക്കാം.ഇതിന് സ്നോര്‍കെല്ലിംഗ് എന്നാണത്രേ പറയുക. ഇത് കേട്ട താമസം രാജു ചാടാന്‍ തയ്യാറായി.

വെള്ളത്തില്‍ ഇറങ്ങി താഴേക്ക് വലിയ ലെന്‍സിലൂടെ നോക്കിയപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ച. പല നിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് പോലെ പവിഴപ്പുറ്റുകള്‍.

ശ്വാസം എടുക്കാന്‍ പുറത്തേക്ക് പിടിച്ച കുഴല്‍ ചെറുതായൊന്ന് മുങ്ങിയപ്പോള്‍ വെള്ളം പെട്ടെന്ന് രാജുവിന്‍റെ മൂക്കിലും വായിലും കയറി. മുഴുവന്‍ ഉപ്പ് മയം. അത്ര എളുപ്പമല്ല കടലിലെ കാര്യങ്ങള്‍.

നോമ്പ് ദിനങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

അടുത്ത വെള്ളിയാഴ്ച്ച അടുത്തു വരുന്നു. രാജു അഹമ്മദ് ഭായിയോട് വഹിബാ സാന്‍ഡ്സ് എന്ന സ്ഥലത്തേക്കുറിച്ച് പറഞ്ഞു. അഹമ്മദ് ഭായ് അവിടെ കൊണ്ടുപോകാമെന്നേറ്റു.

200 കി.മി ദൂരെയാണ് വഹിബാ സാന്‍ഡ്സ്. വെള്ളിയാഴ്ച്ച അതിരാവിലെ ഒരു വലിയ നിസ്സാന്‍ ഫോര്‍ വീല്‍ ഡ്രൈവുമായി അഹമ്മദ് ഭായ് വന്നു. മണലില്‍ പോകാന്‍ വലിയ ശക്തിയുള്ള വണ്ടി വേണമത്രേ.

കഴിക്കാനുള്ളതൊക്കെ പൊതിഞ്ഞു കെട്ടി രാജുവും കൂട്ടരും ഉത്സാഹത്തോടെ പുറപ്പെട്ടു.

വഴി വളരെ രസമുള്ളതാണ്‌. പലയിടത്തും സ്വര്‍ണ്ണ നിറത്തിലുള്ള മലകള്‍ , അമ്പേ വരണ്ടുണങ്ങിയ മണല്‍പ്പരപ്പ്‌. കൂറ്റന്‍ പാറക്കെട്ടുകള്‍. ചിലയിടത്ത് മരുപ്പച്ചകള്‍, അതില്‍ നിറയെ മരങ്ങള്‍, കൊച്ചരുവികള്‍.

ഏകദേശം 11 മണിക്ക് വഹിബയില്‍ എത്തി.

നല്ല പൊള്ളുന്ന ചൂട്. അഹമ്മദ് ഭായ് ടയറിന്‍റെ കാറ്റെല്ലാം കളഞ്ഞ് ടയര്‍ ഫ്ലാറ്റാക്കി , മണലില്‍ പൂന്താതിരിക്കാന്‍. ചതുങ്ങിയ ടയറുമായി ഒരു മൂന്നു നാല് കി. മി.

വഴിക്ക് ഒട്ടകങ്ങള്‍, തദ്ദേശ വാസികളായ , നാടോടികളായ ഗോത്ര വര്‍ഗ്ഗക്കാര്‍. അവര്‍ ഒട്ടകങ്ങളുടെ കൂടെ കൂടാരങ്ങളില്‍ ആണ് താമസിക്കുന്നത്.

ക്രമേണ മുന്നില്‍ അലകളായി, മടക്ക് മടക്കുകളായി നോക്കെത്താദൂരത്ത് പരന്നു കിടക്കുന്ന മണലാരണ്യം കാണാന്‍ തുടങ്ങി.

അവരുടെ വണ്ടി പതുക്കെ ആ അലമാലകളിലൂടെ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി. വണ്ടിക്കുള്ളില്‍ ഓരോ കയറ്റം കയറുമ്പോഴും, ഇറക്കം ഇറങ്ങുമ്പോഴും ആരവം.

ചുറ്റിലും മണല്‍ക്കൂമ്പാരങ്ങള്‍ മാത്രം. അവ ഒന്നൊന്നായി കയറി ഇറങ്ങുമ്പോഴുണ്ടാകുന്ന വയറിനകത്തെ ചിത്ര ശലഭങ്ങള്‍, മുഖത്ത് കണ്ണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു.

മുന്നില്‍ ഒരു വലിയ മണല്‍ക്കുന്ന്‍. വണ്ടി കുത്തനെ അതിന് മുകളിലേക്ക് കയറുന്നു. വണ്ടിക്കുള്ളില്‍ പേടി, സന്തോഷമായി മാറിയ ആര്‍ത്തു വിളി.

അഹമ്മദ് ഭായ് ചോദിച്ചു...യു ലൈക്ക് ഇറ്റ്‌..?

എല്ലാവരും കൂടി, എസ് വെരി മച്ച്‌ എന്ന് ഉറക്കെ പറഞ്ഞു.

കുന്നിന് മുകളില്‍ എത്തിയപ്പോള്‍ അപ്പുറത്ത് പ്രതീക്ഷിച്ചതിലും വലിയ കുണ്ട്. വണ്ടി താഴേക്ക് ചരിഞ്ഞ് തുടങ്ങി. അഹമ്മദ് ഭായ് ബ്രെയ്ക്ക് ചവുട്ടിയിട്ടും വണ്ടി മണലിലൂടെ താഴേക്ക് പതുക്കെ ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നു. കൂടെ കുറെ മണലും. താഴെ എത്തിയ വണ്ടി പതുക്കെ മുന്നോട്ട് നീങ്ങിയെങ്കിലും കൂടെ വന്ന മണല്‍ വണ്ടിയുടെ ടയറുകളെ മണലില്‍ ആഴ്ത്തി.

വണ്ടി മുന്നിലേക്കെടുക്കാന്‍ ശ്രമിക്കുംതോറും ടയര്‍ മണലില്‍ പുതഞ്ഞുകൊണ്ടിരുന്നു.

അല്‍പ നേരത്തെ ശ്രമത്തിന് ശേഷം അഹമ്മദ് ഭായ് പറഞ്ഞു, നോ ഗുഡ്, ടയര്‍ ഗോണ്‍….

ഞങ്ങള്‍ പതുക്കെ പുറത്തിറങ്ങി. ചുറ്റിലും മണലാരണ്യം മാത്രം. കാക്കക്കിരിക്കാന്‍ ഒരു തണല്‍ കൂടിയില്ല. സൂര്യന്‍ കത്തിജ്വലിച്ചങ്ങനെ തലയ്ക്കു മുകളില്‍. താഴെ ചുട്ടു പഴുത്ത മണല്‍.

നോമ്പുകാലമായതിനാല്‍ വേറെ ഒരു സവാരിയും അടുത്ത പ്രദേശത്തെങ്ങുമില്ല. ഒരാളുടെയും മൊബൈലിനും അവിടെ സിഗ്നലുമില്ല.

ദൈവമേ ഇവിടെത്തന്നെ കരിഞ്ഞുണങ്ങിത്തീരാനാണോ യോഗം….!!

അഹമ്മദ് ഭായ് സിഗ്നല്‍ കിട്ടുന്ന സ്ഥലം അന്വേഷിച്ച് നടന്നു. കുറെ ദൂരം പോയപ്പോള്‍ കിട്ടി എന്ന്‍ തോന്നുന്നു. അവിടെ നിന്നും ആരെയോ വിളിച്ചു.

കുറെ കഴിഞ്ഞ് അഹമ്മദ് ഭായ് തിരിച്ചു വന്നു. ആരോ വരാം എന്ന് പറഞ്ഞുവത്രേ.

ഒരു മണിക്കൂര്‍ കഴിഞ്ഞ് കാണും, ഒരു വലിയ ഫോര്‍ വീല്‍ ഡ്രൈവുമായി ഒരാള്‍ വന്നു. ഹാവൂ, ഇനി ഇപ്പൊ ഇവിടെ നിന്ന് ജീവനോടെ രക്ഷപ്പെടാമെന്നു തോന്നുന്നു.

അയാള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് ഒരു പ്രത്യേക രീതിയില്‍ ചക്രങ്ങളെ ഞെട്ടലോടെ തിരിപ്പിച്ച് മണലില്‍ മുങ്ങിയ ടയറുകള്‍ പുറത്തു കൊണ്ടുവരുന്ന കാഴ്ച്ച വിശേഷപ്പെട്ടത് തന്നെയായിരുന്നു. കൂടെ ഞങ്ങളുടെ തള്ളലും കൂടി ആയപ്പോള്‍ വണ്ടി പൂര്‍വ്വ സ്ഥിതിയില്‍ എത്തി.

ആ വിദഗ്ധ ഡ്രൈവറോട് ഒരായിരം നന്ദി പറഞ്ഞ്, ഞങ്ങള്‍ അവിടെ നിന്ന് അധികം സാഹസികത കാണിക്കാതെ സ്ഥലം വിട്ടു.

വഹിബാ സാന്‍ഡ്സ്നോട് വിട.

രാജു മസ്കറ്റില്‍ വന്നിട്ട് ഒരു മാസത്തോളമായി എന്നത് അവന് വിശ്വസിക്കാന്‍ പറ്റുന്നില്ല. അത്ര വേഗമാണ് ദിവസങ്ങള്‍ കൊഴിഞ്ഞു വീണത്‌.

അവസാന ദിവസം പണികളെല്ലാം തീര്‍ത്തു എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ പുറത്ത് നല്ല ചാറ്റല്‍ മഴ.
മരുഭൂമിയില്‍ മഴയോ...അതെ, ഇപ്പൊ അങ്ങനെയൊക്കെയാണ്…!!

എയര്‍പോര്‍ട്ടിലേക്ക് കാറില്‍ കയറിയപ്പോള്‍ രാജു സ്വയം ചോദിച്ചു.. യു ലൈക്ക് ഇറ്റ്‌? ഉത്തരം ഉടനെ വന്നു…. എസ് വെരി മച്ച്‌…!!





No comments: