Thursday 26 October 2017

ഇങ്ക്വിലാ സിന്ദാബാ









എടാ സ്കൂള്‍ ബസ്സ് വരാന്‍ സമയമായി. വേഗം ചോറ്റുപാത്രം പാത്രം പെട്ടിയില്‍ വച്ച് ഓടാന്‍ നോക്ക്, രാജുവിന്‍റെ അമ്മ ശാസനാ രൂപത്തില്‍ പറഞ്ഞു.

നാലാം ക്ലാസ്സില്‍ പഠിക്കുന്ന രാജു തലയില്‍ കുരുവിക്കൂട് ഉണ്ടാക്കുന്ന തിരക്കിലാണ്. അതിനൊരു പ്രത്യേക ടെക്നിക് ഉണ്ട്. കുളി കഴിഞ്ഞ് മുടി ഉണങ്ങുന്നതിന് മുന്‍പ് തലയുടെ മുന്‍ഭാഗത്തെ മുടി ചീപ്പുകൊണ്ട് ചെറുതായൊന്നു പൊക്കി, മറുഭാഗം കൈകൊണ്ടു മെല്ലെ തട്ടി താഴ്ത്തി ഒരു പ്രത്യേക കര വിരുതു കൊണ്ടാണ് കുരുവിക്കൂട് ഉണ്ടാക്കുന്നത്‌. അമ്മ എപ്പോഴും അത് കണ്ടാല്‍ പറയും, അതാ വരുന്നു കുരുവി, നിന്‍റെ കൂട്ടില്‍ ഇരിക്കാന്‍.

ചോറ്റുപാത്രം അടക്കുന്നതു ഒരു ബുദ്ധിമ്മുട്ടു പിടിച്ച പണിയാണ്. നന്നായി അടച്ചില്ലെങ്കില്‍ ചോറിലെ കറിയെല്ലാം ഒലിച്ചു പുറത്തുപോയി പുസ്തകമെല്ലാം വൃത്തികേടാകും. കോഴിമുട്ട ആകൃതിയിലുള്ള ആ ചോറ്റുപാത്രം രണ്ടു കൈകളും ചേര്‍ത്ത് രാജു അമര്‍ത്തി അടച്ചു. മുഴുവന്‍ അടയണമെങ്കില്‍ അതിന്‍റെ മുകളില്‍ ഇരിക്കണം. അതല്ലെങ്കില്‍ ടപ്പോ എന്ന് പെട്ടെന്ന് തുറക്കും.

ഇനിയിപ്പോ ഇത് ഞെങ്ങടെ ഏലിയാമ്മ ടീച്ചര്‍ക്കും കൂടി തുറക്കാന്‍ കിട്ടില്ല, ചിലപ്പോള്‍ ഹെഡ് മാസ്റ്ററായ പള്ളീലച്ചന്റെ അടുത്തു തന്നെ പോകേണ്ടി വരും. രാജു അതോര്‍ത്ത് ചെറുതായൊന്ന് പുഞ്ചിരിച്ചു. ആര്‍ക്കും തുറക്കാന്‍ കിട്ടിയില്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ ആയ പള്ളീലെ അച്ചന്‍റെ അടുത്തു കൊണ്ടുപോകും. അച്ചന്‍ വളരെ ബുദ്ധിമ്മുട്ടി തുറന്നിട്ട്‌ ചോദിക്കും, ആരാടാ ഇത് ഇത്ര മുറുക്കി അടച്ചത്, ഇനി ഇത് ഇങ്ങോട്ട് തുറക്കാന്‍ കൊണ്ടുവന്നാല്‍ നിനക്ക് ഇതിനകത്തെ ചോറ് ഞാന്‍ തരത്തില്ല., എല്ലാം ഞാന്‍ കഴിക്കും…. എന്നിട്ട് കണ്ണിറുക്കി ഒരു ചിരി ചിരിക്കും.

ഇനി ഇപ്പൊ പുസ്തക പെട്ടി അടയ്ക്കണം. ടൈം ടേബിളൊന്നും എടുത്തു വയ്ക്കാന്‍ നേരമില്ല.. എല്ലാ പുസ്തകവും അതില്‍ തിരുകി കയറ്റി. പക്ഷെ ഇനി അടയുകയുമില്ല. അതിന് രാജുവിന്‍റെ കയ്യില്‍ എളുപ്പ വഴി ഉണ്ട്. അവന്‍ അതിനു മുകളില്‍ ചന്തി ഒന്നമര്‍ത്തി ഇരുന്നു.. പെട്ടിയുടെ കൊളുത്ത് അനായാസം ഇട്ട്, പെട്ടി എടുത്ത് സ്കൂള്‍ ബസ്സ്‌ പിടിക്കാന്‍ ഓടി.

ഹാവു ഭാഗ്യത്തിന് സ്കൂള്‍ ബസ്സ് വരുന്നേ ഉള്ളു. ഒരു മിനിട്ട് വൈകിയിരുന്നെങ്കില്‍ കിട്ടില്ലായിരുന്നു. എന്തായാലും ചേട്ടന്മാരുടെ കൂടെ തിക്കി തിരക്കി അകത്ത് കയറിപ്പറ്റി. സീറ്റ് കിട്ടിയില്ലെങ്കില്‍ നിന്ന്‍ തന്നെ പോകണം. അപ്പോള്‍ പലപ്പോഴും ബസ്സിന്‍റെ കമ്പി പിടിക്കാതെ, വീഴാതെ എങ്ങനെ നില്‍ക്കാം എന്ന പരിശ്രമത്തിലായിരിക്കും അവന്‍. പ്പോഴും എന്തെങ്കിലും പുതിയത് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് രാജു.

ബസ്സ്‌ ചെറുതോണി മാര്‍ക്കെറ്റ് കഴിഞ്ഞ് വാഴത്തോപ്പിലെത്തി. അവിടെ നിന്ന് സ്കൂളില്‍ എത്താന്‍ കുന്നിന്‍ മുകളിലേക്ക് നടക്കണം . കുന്നിന്‍ മുകളില്‍ നല്ല ഭംഗിയുള്ള പള്ളിയും പള്ളിക്കൂടവും.

രാജുവും കൂട്ടരും അസംബ്ലി കഴിഞ്ഞ് ക്ലാസ്സില്‍ ചെന്ന് പുസ്തകം തുറക്കുമ്പോഴേക്കും ഒരു കൂട്ടം മുതിര്‍ന്ന ചേട്ടന്മാര്‍ ബഹളം ഉണ്ടാക്കിക്കൊണ്ട് ക്ലാസ്സില്‍ കയറി വന്നു. , വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടി എടുക്കാന്‍. ഇന്ന് സമരമാണത്രേ, അതുകൊണ്ട് എല്ലാവരോടും വീട്ടില്‍ പോകുവാന്‍ പറഞ്ഞു. ഇങ്ക്വിലാ സിന്ദാബാ , അവകാശങ്ങള്‍ നേടിയെടുക്കും എന്ന്‍ ഉറക്കെ പറഞ്ഞുകൊണ്ട് അവര്‍ ആവേശത്തോടെ പുറത്തേക്ക് ഇറങ്ങി.
രാജു പതുക്കെ പെട്ടിയും തൂക്കി പുറത്തേക്കിറങ്ങി.. ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഒരു അപ്രതീക്ഷിത സ്വാതന്ത്ര്യം കിട്ടിയ പ്രതീതി. അല്പനേരം അവനും കൂട്ടകാരും അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു തിരിഞ്ഞു നടന്നു, അവസാനം അവര്‍ വീട്ടില്‍ പോകുവാന്‍ തീരുമാനിച്ചു.

പക്ഷേ സ്കൂള്‍ ബസ്സ്‌ വരുവാന്‍ വൈകുന്നേരമാകും അതുവരെ കാത്തു നില്‍ക്കുന്നതിനു പകരം നടക്കുക തന്നെ.

മൂന്നു നാല് കിലോമീറ്റര്‍ ദൂരമുണ്ടാകും. അവര്‍ ബസ്സുകള്‍ പോകുന്ന പൊതു നിരത്തില്‍ കൂടി നടക്കാന്‍ തുടങ്ങി. നിരത്തിലൂടെ ബസ്സ്‌ വരുന്നത് കണ്ട് രാജു ഒരു തമാശ പൊട്ടിച്ചു, "നിങ്ങക്ക് ഇപ്പൊ ബസ്സ്‌ മറിഞ്ഞു വീഴുന്ന കാണണോ, ഞാന്‍ ഒന്ന് കാല് വച്ചു കൊടുക്കാന്‍ പോകുവാ”, എന്ന് പറഞ്ഞു അവന്‍റെ ചെറിയ കാല്‍ ഒരു രണ്ടിഞ്ചു മുന്നോട്ടു വച്ചു. മറ്റു കുട്ടികള്‍ പേടിച്ച് അവനെ പുറകിലേക്ക് വലിച്ചു. "നിങ്ങള്‍ ഇപ്പൊ പിടിചില്ലാര്‍ന്നേല്‍ ആ വണ്ടി മറിഞ്ഞേനെ” രാജു ചിരിച്ചുകൊണ്ട് വീമ്പിളക്കി.

അങ്ങനെ വികൃതി കാണിച്ച് നടക്കുന്നതിനിടയില്‍ രാജുവും കൂട്ടരും കുറെ ചുകന്ന തോരണങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന സ്ഥലത്തെത്തി. ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനത്തിനു തൂക്കിയ കോടി തോരണങ്ങള്‍ ആയിരുന്നു അത്. അവര്‍ അതിനു താഴെ നിന്ന് കുറെ ഇങ്ക്വിലാ സിന്ദാബാ മുഴക്കി. . ഇതിനിടയില്‍ രാജു പതുക്കെ അവിടെ കുത്തി നിറുത്തിയിരുന്ന, ചുവപ്പും വെള്ളയും തോരണങ്ങള്‍ ഒട്ടിച്ച ഒരു കൊമ്പ് പുഴക്കി എടുത്തു. കൂടെ മറ്റുള്ളവരും ഓരോ ചില്ലകള്‍ പുഴക്കി മുദ്രാ വാക്യങ്ങള്‍ മുഴക്കി. ഇനി ഇതു കൊണ്ട് തന്നെ യാത്ര. അവരുടെ മുദ്രാവാക്യങ്ങള്‍ മലകളാല്‍ ചുറ്റപെട്ട ആ പ്രദേശത്ത് മറ്റു മലകളില്‍ തട്ടി മാറ്റൊലിക്കൊണ്ടു.

കുറച്ചു ദൂരം നടന്നപ്പോഴേക്കും അതാ വരുന്നു ഒരു ജീപ്പ്. വെയിലത്ത്‌ നടന്നു തളര്‍ന്നു തുടങ്ങിയ രാജുവും കൂട്ടരും ജീപ്പ് തടുക്കാന്‍ തീരുമാനിച്ചു. തങ്ങളെ വീട്ടില്‍ കൊണ്ടുപോയി ഇറക്കണം എന്നതാണ് ആവശ്യം. ജീപ്പിനു കൈ കാട്ടി. പക്ഷെ ജീപ്പ് നിറുത്താതെ കടന്നു പോയി. ഇത് കണ്ട രാജുവിന് വാശി കൂടി.

അടുത്ത ഒരു ജീപ്പ് കൂടി വരുന്നു. ഡാം പണി നടക്കുന്നിടത്തെ വലിയ സാറന്‍മ്മാരാണെന്ന് തോന്നുന്നു. എങ്കിലെന്ത് ഞങ്ങളെ ഞെങ്ങടെ വീട്ടില്‍ കൊണ്ടുപോയി ആക്കണം. കൈ കാണിച്ചു, പക്ഷെ അതും നിറുത്താതെ കടന്നുപോയി.

ദേഷ്യം വന്ന രാജുവും കൂട്ടുകാരും അടുത്ത ജീപ്പ് വന്നപ്പോള്‍ തോരണക്കൊമ്പ് പിടിച്ച് നടു റോഡില്‍ നിന്നു. ആ ജീപ്പ് സീല്‍ക്കാരം പൂണ്ട് കൊണ്ട് നിറുത്തി. ഡ്രൈവര്‍ കാര്യം എന്താണെന്ന് തിരക്കി. ഞങ്ങളെ വീട്ടില്‍ കൊണ്ടുപോയി ആക്കണം. "പക്ഷെ ഞങ്ങള്‍ ആ വഴിക്ക് പോകുന്നില്ലല്ലോ" എന്ന്‍ ഡ്രൈവര്‍. എന്തായാലും മുന്നില്‍ ഇരുന്ന മുതിര്‍ന്ന അങ്കിള് ഞങ്ങളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി.  പകുതി വഴി വരെ കൊണ്ടു പോകാം എന്ന്‍ ‍ പറഞ്ഞു. വിപ്ലവാവേശത്തിനിടയില്‍ ആരാണ് മുന്നില്‍ ഇരിക്കുന്നത് എന്നൊന്നും നോക്കിയേ ഇല്ല. ആരായാലെന്താ, ഞങ്ങളുടെ ആവശ്യങ്ങള്‍ നേടി എടുക്കണം. അത്ര മാത്രം.

തോരണങ്ങള്‍ പിടി വിടാതെ രാജുവും കൂട്ടരും ജീപ്പിന്റെ പുറകില്‍ കയറിപ്പറ്റി. പകുതി വഴിയെത്തിയപ്പോള്‍ ഇറങ്ങി. തങ്ങളുടെ വിപ്ലവം ജയിച്ച മട്ടില്‍ ഇങ്കിലാ സിന്ദാബാ വിളിച്ചു കൊണ്ട് അവര്‍ വരി വരിയായി വീട്ടില്‍ എത്തി. ഇതു കണ്ടമ്പരന്ന അമ്മ ഇതെതാണെന്ന് തിരക്കി. ഇന്ന് സ്കൂളില്‍ സമരമാ എന്ന്‍ പറഞ്ഞ് രാജു തോരണക്കൊമ്പും എടുത്ത് കൊണ്ട് കൂട്ടുകാര്‍ക്കൊത്ത് പുറത്തേക്കോടി…. വിപ്ലവം ജയിച്ചത്‌ ആഘോഷിക്കാന്‍…

ഒരു കുന്നില്‍ നിന്ന്‍ മറ്റേ കുന്നിലേക്ക് കേള്‍ക്കുമാറ് വിപ്ലവ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അവര്‍ ഓടി നടന്നു.

ആഹാരം പോലും കഴിക്കാതെ വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് തിരിച്ചു വീട്ടില്‍ വരുമ്പോള്‍ അച്ഛന്‍ തലയില്‍ കൈയും വച്ച് എന്നെ കാത്ത് ഇരിക്കുന്നു. ദേഷ്യം കൊണ്ട് കണ്ണ് ചുവന്നിട്ടുണ്ട്.

രാജു വീട്ടിനകത്ത് കയറിയതും പടക്കം പൊട്ടുന്ന രീതിയില്‍ പുറത്ത് അടി വന്നു വീണു. വിപ്ലവത്തില്‍ ലാത്തിച്ചാര്‍ജുണ്ടാകുന്ന കാര്യം രാജു അറിഞ്ഞിരുന്നില്ല. ലാത്തിച്ചാര്‍ജിനിടയില്‍ അച്ഛന്‍ പോലീസ് പറയുന്നത് കേട്ടു. "നീ തടഞ്ഞു നിറുത്തിയ ആ ജീപ്പ് എന്‍റെ മേലധികാരിയുടെ ആയിരുന്നു”. അദ്ദേഹം ഞങ്ങളെ വിട്ട് നേരെ ചെന്ന് അച്ഛനോട് ചോദിച്ചുവത്രേ, "എടോ നിന്‍റെ മകന്‍ വലിയ സമരക്കാരനായി അല്ലേ, അവന്‍ എന്‍റെ ജീപ്പ് തടഞ്ഞു സമരം നടത്തി.” അതുകേട്ട് അച്ഛന്‍ അലിഞ്ഞ് ഐസായി പോലും !!!

അച്ഛന്‍ പോലീസ് തലങ്ങും വിലങ്ങും അടിച്ചു. അടി കൊണ്ട് തളര്‍ന്ന ആ കൊച്ചു വിപ്ലവകാരി ചുവപ്പും വെളുപ്പും കലര്‍ന്ന തോരണങ്ങള്‍ സ്വപ്നം കണ്ടുകൊണ്ട്‌ കരഞ്ഞു കരഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു.