Saturday 8 April 2017

എവിടെടാ നിന്‍റെ ചെരുപ്പ്







ഞാന്‍ ഏട്ടന്‍റെ കൂടെ തൊടിയിലേക്കിറങ്ങി. കുറച്ചു കാപ്പിക്കുരു പറിക്കണം, കൂടെ പുളിയും പെറുക്കണം. ഒന്ന്‍ മധുരവും മറ്റേതു പുളിയും. കാപ്പിക്കുരു പറിക്കുന്നതിനിടയില്‍ നല്ല ചുവന്ന പഴുത്ത കുരു കണ്ടാല്‍ അതൊന്നു വായിലിട്ട് തൊലി മെല്ലെ കടിച്ച് അതിന്‍റെ മധുരം ആസ്വദിച്ച് തുപ്പിക്കളയും. അതിന്‍റെ തൂ വെള്ള പൂവിന് എന്തു മണം ആണെന്നോ. നിറയെ തേനീച്ചകളാണ് അതിന് ചുറ്റും.

പുളി പെറുക്കുകയാണ് അതിന്‍റെ കൂടെയുള്ള പണി. പെറുക്കി കുരുവട്ടിയില്‍ ഇടുന്നതിനിടയില്‍ നല്ല പഴുത്തത് നോക്കി ഒന്ന് വായിലിടും. അതിന്‍റെ ചെറിയ മധുരം കലര്‍ന്ന പുളി അവര്‍ണ്ണനീയമാണ്. പുളി അലിഞ്ഞു തീരുന്നത് വരെ അധിക സമയവും നാവിന്‍റെ അറ്റത്ത്‌ കിടന്നങ്ങനെ കളിക്കും. നാവിന്‍റെ അറ്റത്തും അണ്ണാക്കിലും തൊലി പോയത് പോലെയാണ്, എന്നാലും ഒന്നു കണ്ടാല്‍ വായിലിടാതിരിക്കാന്‍ പറ്റില്ല.. ഒരുതരം ആസക്തി.

പുളി വീണു കിടക്കുന്നത് തിരയുന്നതിനിടയില്‍ ഒരു കൂര്‍ത്ത കല്ലില്‍ ചവുട്ടി.

വായിലെ പുഴയില്‍ മുങ്ങിക്കളിക്കുന്ന പുളിങ്കുരുവിനിടയില്‍ക്കൂടി, അയ്യോ എന്നത് പോലെ ഒരു ശബ്ദം പുറത്തു വന്നു. ഏട്ടന്‍ തിരിഞ്ഞു നോക്കി.



എന്താടാ, കാലില്‍ ചെരുപ്പോന്നും ഇല്ല അല്ലേ..

ഏട്ടന്‍ എന്നെക്കാള്‍ വളരെ മൂത്തതാണ്, അതുകൊണ്ട് തര്‍ക്കുത്തരം പറയാന്‍ മുതിരാറില്ല..

അതവിടെ കാണാനില്ല.. ഞാന്‍ പതുക്കെ മറുപടി പറഞ്ഞു.

അതവിടെ വടുക്കോറത്തു കിടക്കുന്നത് ഞാന്‍ കണ്ടു, നീ ഇന്നലെ തൊടിയില്‍ നിന്ന് വരുമ്പോള്‍ ഊരി വച്ചതായിരിക്കും. കാലില്‍ എപ്പോ നോക്കിയാലും ചെരുപ്പുണ്ടാവില്ല..ഏട്ടന്‍ ചെറുതായി കുറ്റപ്പെടുത്തി.

ഈശ്വരാ, ഈ ചെരുപ്പ്, കാലില്‍ കിടക്കാന്‍ ഞാന്‍ എന്താ ചെയ്യണ്ടത്.. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

എവിടെ പോയാലും ഒന്നുകില്‍ ഞാന്‍ ചെരുപ്പിനെ മറക്കും, അല്ലെങ്കില്‍ ചെരുപ്പ് എന്നെ മറക്കും.

ഇന്നലെ അമ്പലത്തില്‍ പോയപ്പോള്‍, ഞാനവിടെ അതു പുറത്തു ഊരി വച്ചു.. പിന്നെ അതിനെ കുറിച്ച് ഓര്‍ത്തത്‌, വീട്ടില്‍ വന്നു കയറുമ്പോള്‍, അമ്മ ചോദിച്ചപ്പോഴാണ്.

കഴിഞ്ഞ ആഴ്ച കടമ്പഴിപ്പുറം ഹൈസ്കൂളില്‍ കലോത്സവം കാണാന്‍ പോയി. മിമിക്രി, മോണോ ആക്ട്, സുന്ദരിക്കുട്ടികളുടെ നൃത്തം ആകെ ജഗപോഗ. മടങ്ങുന്ന വഴി മുഴുവന്‍, ആ മോണോ ആക്ടിന്‍റെ രസാസ്വാദനമായിരുന്നു. തിരിച്ചു വീട്ടില്‍ കേറിയ ഉടനെ അമ്മ ചോദിച്ചു ചെരുപ്പും കുടയും എവിടെടാ...ആ രസമാകെ അര നിമിഷം കൊണ്ട് പമ്പ കടന്നു. അവര്‍ രണ്ടു പേരും എവിടെ വച്ച്, എന്നെ വിട്ടുപിരിഞ്ഞു എന്നത് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല, ഇടക്ക് അമ്മയുടെ വെടിപൊട്ടുന്ന രണ്ടടിയും ശാസനയും. നിനക്ക് ഇനി ഒന്നും വാങ്ങിച്ചു തരില്ല.

അടി കിട്ടിക്കഴിഞ്ഞില്ലേ, ഇനി ഇപ്പൊ ഓടും കൂലിയും സമം. പഴയതൊക്കെ മറക്കാം, പുതിയ നാളേക്ക് കാത്തിരിക്കാം.

ഈ ചെരുപ്പ് വാസ്തവത്തില്‍ ഒരു ഭാരമാണ്. എവിടെ ചെന്നാലും സ്വതന്ത്രമായി ചിന്തിക്കാന്‍ പറ്റില്ല. കാര്യമായി ചിന്തിക്കുന്നതിനിടയില്‍ ചെരുപ്പ് കൂടെ തന്നെ ഉണ്ടോ എന്ന് ഇടക്കിടക്ക് ഓര്‍മ്മിക്കണം.

പിന്നെ ഏതെങ്കിലും മിടുക്കി കൂട്ടുകാരിയോട് കുശലപ്രശ്നം പറഞ്ഞു കൊണ്ടിറങ്ങുമ്പോള്‍ അഥവാ ചെരുപ്പിനെക്കുറിച്ചോര്‍മ്മ വന്നാല്‍, മനസ്സ് പറയും, ചെരുപ്പ് പിന്നെ എടുക്കാം, ഈ സന്ദര്‍ഭം ഇനി കിട്ടില്ല.

അടുത്ത പ്രാവശ്യം ചെരുപ്പിന്‍റെ വാറ് നേരെയാക്കാന്‍ പോകുമ്പോള്‍, ചെരുപ്പ് കുത്തിയോട് ചോദിക്കണം, ഇത് കാലില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ വല്ല സൂത്രവും ഉണ്ടോ എന്ന്.

പുളിയും, കാപ്പിക്കുരുവും കുരോട്ടിയിലാക്കി മുറ്റത്തേക്കിറങ്ങി. പരുമ്പില്‍ കാപ്പിക്കുരു പരത്തുന്നതിനിടയില്‍ അകത്തു ചില സംസാരങ്ങള്‍ നടക്കുന്നത് ശ്രദ്ധിച്ചു. അമ്മമ്മ ബോംബേക്ക് പോവുകയാണത്രേ..

എനിക്ക് ചെറിയ സങ്കടം വന്നു, ഇനി ഇടക്കിടക്ക് വികൃതി അടിക്കാന്‍ ഒരാളില്ലാതെയാകും. കഥ പറഞ്ഞു തരാന്‍ ആളില്ലാതെയാകും.

അമ്മമ്മ തീവണ്ടിയിലാണ് പോകുന്നത് എന്ന് കൂടി കേട്ടപ്പോള്‍ തീവണ്ടി കാണാനുള്ള ആഗ്രഹം മൂത്തു.

ഞാന്‍ തീവണ്ടി ദൂരത്തു നിന്ന് ബസ്സിലിരുന്നേ കണ്ടിട്ടുള്ളു. പുക പിന്നിലേക്ക്‌ തുപ്പിക്കൊണ്ട് ഒരു ഭീമന്‍ രാക്ഷസന്‍, കരി മാടന്‍. അയാള്‍ കൂക്കുമ്പോള്‍ മൂക്കില്‍ കൂടി ആവിയങ്ങനെ പറക്കും. കുറേ പെട്ടികളും വലിച്ചു കൊണ്ടാണ് മൂപ്പരുടെ പോക്ക്. എന്‍റെ ബസ്സ്, ആ രാക്ഷസന്‍റെ ഒരു പെട്ടിയേക്കള്‍ ചെറുതാണ്. ആ പെട്ടി അങ്ങോട്ടും, ഇങ്ങോട്ടും ആഞ്ചി, ആഞ്ചി ആണത്രേ പോകുക. എന്തൊരു രസമായിരിക്കും അതിലിരിക്കാന്‍.

അമ്മമ്മയും കൂട്ടരും ഓലവക്കോട്ടു നിന്ന് കേറുമത്രേ. പക്ഷേ സീറ്റ് നേരത്തേ പിടിച്ചുറപ്പിക്കാന്‍ ഏട്ടനോട് ഒറ്റപ്പലത്തേക്ക് പോകാന്‍ ഏല്‍പ്പിക്കുന്നത് കേട്ടു.

ഞാനും കൂടി വന്നോട്ടെ, ഏട്ടാ, ഒറ്റപ്പാലത്തേക്ക്. ഞാന്‍ ഏട്ടന്‍റെ പിന്നാലെ കൂടി. അവിടെ നിന്ന് ഒലവക്കൊടുവരെ ഏട്ടന്‍റെ കൂടെ ഇരുന്ന്‍ വരാമല്ലോ..ഞാന്‍ ഇതുവരെ തീവണ്ടിയില്‍ ഇരുന്നിട്ടില്ല ഏട്ടാ..

പതുക്കെ ഏട്ടന്‍ എന്‍റെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി..

അങ്ങനെ ആ സുദിനം വന്നു. രാവിലെ തന്നെ ഏതു ഷര്‍ട്ടിടണം, ട്രൌസറിടണം എന്നൊക്കെ തിരഞ്ഞെടുത്തു വച്ചു. ഉച്ചക്ക് പുറപ്പെടണം. നേരത്തേ ഊണ് കഴിച്ച് തയ്യാറായി. നല്ല ഷര്‍ട്ടും ട്രൌസറും ഒക്കെ ഇട്ടു ഏട്ടന്‍റെ കൂടെ ഇറങ്ങി.

മനസ്സു നിറയെ തീവണ്ടി. അതിന്‍റെ രാഗ ഭാവങ്ങള്‍ ഉള്ളിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നു. തോണിക്കോട്ടു വരമ്പെത്തിയത് അറിഞ്ഞില്ല. ഞാന്‍ നടക്കുകയല്ല, ഓടുകയാണ്. ബസ്സ് പോകരുതേ ദൈവമേ..

കോട്ടയിലെ പടികളൊക്കെ ഈരണ്ടു പടികളായി ചാടിക്കയറി. ഗോപുരത്തിനടുത്തെത്തിയപ്പോഴേക്കും ഒരു ഇരമ്പം കേട്ടു. ബസ്സാണോ. ഞാന്‍ ഓടി. ഏട്ടന്‍ എത്തുമ്പോഴേക്കും ബസ്സ് പിടിച്ചു നിറുത്തണം.

റോട്ടിലേക്കുള്ള ഊടുവഴി, വെള്ളം പോയി പോയി കുണ്ടുകള്‍ നിറഞ്ഞതാണെങ്കിലും, അങ്ങിങ്ങ് വേലി മുള്ളുകള്‍ കിടക്കുന്നുണ്ടെങ്കിലും അതൊന്നും കൂസാക്കാതെ ഓടി. റോട്ടിലെത്തി. ഭാഗ്യം ബസ്സ് പോയിട്ടില്ല. ബസ്സ് ദൂരെ നിന്ന്‍ വരുന്നത് കാണാം.

പെട്ടെന്ന് പിന്നില്‍ നിന്നു ഒരു ചോദ്യം കേട്ടു, ചെരുപ്പെവെടെടാ.. ഞാന്‍ ഒന്ന് ഞെട്ടി. ഞാന്‍ കാലില്‍ നോക്കി. കാലില്‍ ചെരുപ്പില്ല. തീവണ്ടി കാണാനുള്ള ആവേശത്തില്‍ ചെരുപ്പിടാന്‍ മറന്നു.

ഒറ്റപ്പാലത്ത് റോഡ്‌ നിറയെ ചളിയാണ്‌, ചെരുപ്പിടാതെ അവിടെ നടക്കാന്‍ പറ്റില്ല. നീ വരണ്ട. ഏട്ടന്‍ പറഞ്ഞു.

ബസ്സ്‌ മുന്നില്‍ വന്ന് നിന്നതും, ഏട്ടന്‍ അതില്‍ കയറിയതും ഞാന്‍ നിറകണ്ണുമായി നോക്കി നിന്നു.


ബസ്സ്‌ എന്നെ നോക്കി ചിരിച്ചുവോ, അറിയില്ല
 


5 comments:

  1. Super Ravi etta..loved it..

    ReplyDelete
  2. Thanks Sruthy...I know you are also interested in writing...let the creative writing flow...

    ReplyDelete
    Replies
    1. On my visit to pulappetta this time, amidst the casual talk,amma mentioned about moochithara.I said I know the place.She was a bit surprised when I asked her about the MUMS and pangans chayakkada( she said its still there)...It really felt wonderful to know that these writings are reflections of your own childhood days...!!

      Delete