Thursday 2 February 2017

ഈ നാടെന്താ അച്ഛാ ഇങ്ങനെ...





ഉച്ചക്കൂണ്‌ കഴിഞ്ഞു ബാബു പതുക്കെ ഉമ്മറത്തേക്കു കടന്നു.
ശ്ശൊ… എന്തൊരു ചൂടാണ...പ്പോ...എന്ന് പറഞ്ഞു കൊണ്ട് മുന്നിലിട്ടിരിക്കുന്ന ചാരു കസേരയിലേക്ക് ചാഞ്ഞു…

പാതി തുറന്ന മാതൃഭൂമി ദിനപത്രത്തിലെ തല വാചകം അലസമായൊന്നു നോക്കി..വൃശ്ചികത്തിലെ വെന്തുരുകുന്ന ചൂടും വരള്‍ച്ചയും…

ഈ നാടിനെന്തു പറ്റി…ബാബു നെടുവീര്‍പ്പിട്ടു...പുരോഗതിയുടെ പാര്ശ്വഫലങ്ങള്‍….

മകള്‍ രേഷ്മ മെല്ലെ പിന്നില്‍ നിന്ന് വന്നു കാതില്‍ പറഞ്ഞു.. അച്ഛാ നമുക്ക് തൊടീം പാടോം ഒക്കെ ഒന്ന് കണ്ടിട്ട് വരാം…അച്ഛന്‍ കൂടെ വര്വോ...

ഇല്ല മോളേ...നീ പോയിട്ട് വാ.. ഈ ചൂടത്ത്….ഞാനിവിടെ ഉമ്മറത്തിരുന്നു കുറച്ചു വിശ്രമിക്കട്ടെ.

അല്ല, അച്ഛന്‍ വരണം...അച്ഛന്‍ കഥകളില്‍ പറഞ്ഞു തന്ന ആ കുളങ്ങളും പക്ഷികളും ഒക്കെ എനിക്കു കാണണം….

ബാബു മെല്ലെ രേഷ്മയുടെ കൂടെ ഗെയ്റ്റിനു പുറത്തേക്കു നടന്നു…

ഇരുവരും പാടത്തേക്കു നടന്നു..

ബാബു ഒരു നിമിഷം ഓര്‍ത്തു...ഞാന്‍ ഈ നില്‍ക്കുന്ന സ്ഥലത്താണ് കുട്ടിക്കാലത്ത്, ചപ്പില കൂട്ടി ചൂട് കാഞ്ഞിരുന്നത്...അപ്പോള്‍ പാടിയിരുന്ന നാലാം ക്ലാസ്സിലെ ഒരു കവിത ഓര്‍മ്മ വന്നു...

മാമരം കോച്ചും തണുപ്പത്ത്
മാമല പൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചു കിടക്കും കാറ്റേ
മൂളിക്കുതിച്ചു പറന്നാട്ടേ…

സ്കൂളിലേക്ക് പോകുന്ന വഴി, തെങ്ങോലകള്‍ കൊണ്ട് മൂടിയ കുന്നുകളാല്‍ ചുറ്റപ്പെട്ട, പച്ചപ്പരവതാനി വിരിച്ച പാടങ്ങളിലെ നെല്ലോലകള്‍, ഞാന്‍ വരമ്പേ നടക്കുന്ന വഴി എന്നെ തലോടി ക്കൊണ്ടിരിക്കും.

ഒരുപാടു കൂട്ടുകാരുണ്ടായിരുന്നു എനിക്ക്, കുളങ്ങളിലും പാടത്തും...



പാടത്തെ കുളത്തില്‍ ഇന്നലെ നിന്നെ കണ്ടില്ലല്ലോ എന്ന് പറഞ്ഞു കഴുത്തും പുറത്തിട്ടു മേലോട്ട് നോക്കി കിടക്കുന്ന...ആമ, എന്നെ കണ്ടാല്‍ നാളെ വരാട്ടോ എന്ന് പറഞ്ഞു കൊണ്ട് നാലു കാലും കൊണ്ട് ധൃതിയില്‍ കൂപ്പു കുത്തും.

എന്നെക്കണ്ടാല്‍...ഒന്ന് വായും പൊളിച്ചു നോക്കി, വാലും തലയും കുലുക്കി ശരം വിട്ട പോലെ പോകുന്ന നീര്‍ക്കോലി…

എന്തെങ്കിലും തിന്നാല്‍ കിട്ടും എന്ന് കരുതി വായും പൊളിച്ചു പൊങ്ങി വരുന്ന കണ്ണന്‍ മീനുകള്‍..നെല്ലിന്‍ പൊട്ടിള്‍ ഉതിര്‍ത്തി കൊടുക്കും ഞാന്‍...

എന്നെ കാണുമ്പോഴേക്കും പിടിക്കാന്‍ വാ.. പിടിക്കാന്‍ വാ എന്ന് പറഞ്ഞു വരമ്പിന്‍റെ മാളങ്ങളില്‍ ഒളിച്ചു കളിക്കുന്ന ഞണ്ടുകള്‍…

നീര്‍ച്ചാലില്‍ തെളിഞ്ഞ തണുത്ത വെള്ളം ചെറിയ കളകളാരവത്തോടെ ഒഴുകുന്നുണ്ടാവും... അതില്‍ ഇറങ്ങി നിന്നാല്‍ തുരു തുരെ മെല്ലെ കാലില്‍ ഇക്കിളിയാക്കുന്ന പരല്‍ മീനുകള്‍…

വരമ്പത്തെ പുല്ലില്‍ നിന്നും രണ്ടു ഭാഗത്തേക്കും തുരു തുരെ ചാടി ഒളിക്കുന്ന തവളക്കുട്ടികള്‍...

ഇവനാരെടാ എന്ന് തുറിച്ചു നോക്കുന്ന, മസില് പിടിക്കുന്ന പോക്കാന്‍ തവളകള്‍…പക്ഷേ ഞാനൊന്ന് കൈ ഓങ്ങിയാല്‍ മതി..പേടിത്തൊണ്ടന്‍ വെള്ളത്തിനടിയിലേക്ക്‌ ഒറ്റ പോക്കാ..

ഏഴഴകും വിടര്‍ത്തി ഒരു മഴവില്‍ പോലെ, ഒറ്റ പറക്കലിന് ഏതു മീനിനെയും കൊക്കിലാക്കുന്ന പോന്മ.


പാടത്ത് ഒറ്റക്കാലില്‍ ധ്യാനത്തില്‍ നില്‍ക്കുന്ന തൂ വെള്ള കൊറ്റികള്‍…

പുല്ലിന്‍ തലപ്പത്തും, നെല്ലോലകളിലും മഞ്ഞു തുള്ളി മുത്തു കണങ്ങളായി, ബാല സൂര്യന്‍റെ കിരണങ്ങളേറ്റ് തിളങ്ങിക്കൊണ്ടിരിക്കും...കയ്യിലും കാലിലും നനുനനുപ്പോടെ അവ പെയ്തിറങ്ങും...

അച്ഛാ ഇവിടെ പാടോല്ല്യ, കുളോല്ല്യ, പക്ഷികളും ഇല്ല്യ...
എവിടെ ആയിരുന്നു ഇതൊക്കെ അച്ഛാ…

അവളുടെ ശബ്ദം കേട്ടു ബാബു ഓര്‍മ്മയില്‍ നിന്നുണര്‍ന്നു…

മോളേ ഇവിടെ, പാടത്തെ കുളമായിരുന്നു. നാലു കണ്ടം കഴിഞ്ഞാല്‍ താഴെ ഒരു കുളം കൂടി ഉണ്ടായിരുന്നു. അമ്പലക്കുളം, പാടത്തെ കുളം, നീര്‍ച്ചാല്‍, പള്ളിയാലിലെ കുളം, അറ്റം കഴായ, അങ്ങനെ ഒരുപാടു കുളങ്ങള്‍ ഉണ്ടായിരുന്നു ഇവിടെ...

ബാബു തുടര്‍ന്നു…

അതായത് ഈ കാണുന്ന മോക്ഷത്തെ കുന്നിന്‍റെ നാലു പുറവും, വിഷ്ണുമായ കുന്നിന്‍റെ, കോട്ടയിലെ കുന്നിന്‍റെ, കൂട്ടല കുന്നിന്‍റെ, കാവും കുന്നിന്‍റെ, സ്കൂള്‍ കുന്നിന്‍റെ എന്ന് വേണ്ട എല്ലാ കുന്നുകളുടേയും ചുറ്റും കുളങ്ങളായിരുന്നു.

അതെയോ...രേഷ്മ അതിശയം പ്രകടിപ്പിച്ചു…

ബാബു അവളെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചു…

പെയ്ത മഴവെള്ളമൊക്കെ ഒഴുകി കുളങ്ങളില്‍ നിറയുമായിരുന്നു. പിന്നെ പതുക്കെ അതു പാടത്ത് കൂടി ഒഴുകി പുഴയില്‍ ചെന്ന് ചേരുമായിരുന്നു. വേനല്‍ക്കാലത്ത് ഈ കുളങ്ങളിലുള്ള വെള്ളം നാലു പുറവും തണുപ്പും ഈര്‍പ്പവും നല്‍കിയിരുന്നു. ഇന്നത്തെ വാട്ടര്‍ ഹാര്‍ വെസ്റ്റിംഗ് പദ്ധതി.

ഗൂഗിള്‍ മാപ്പില്‍ കാണാന്‍ നല്ല രസമായിരിക്കും അല്ലേ..കുന്നുകളുടെ നാലുപുറവും ഇന്ദ്രനീല കല്ലുകള്‍ പതിച്ച പോലെ...അവളുടെ പുതിയ അറിവ് അവള്‍ കൂട്ടിച്ചേര്‍ത്തു…

കാണാന്‍ നല്ല രസമായിരുന്നു...ഇപ്പോള്‍ അല്ലല്ലോ..ബാബു തിരുത്തി...

പിന്നെ എങ്ങനെയാ അച്ഛാ ഈ കുളങ്ങളൊക്കെ പോയത്…

പുതിയ കൃഷി ആവശ്യങ്ങള്‍ക്കായി ആള്‍ക്കാര്‍ പതുക്കെ, അതൊക്കെ നികത്തി.

അതുകൊണ്ടായിരിക്കും ഇങ്ങനെ ചുട്ടു പോള്ളണത് അല്ലേ..അവളുടെ വിവേകം കലര്‍ന്ന വിജ്ഞാനം കൂട്ടിചേര്‍ത്ത് കൊണ്ടിരുന്നു.

അതേ മോളേ..പ്രധാനമായും അതാണ്‌ കാരണം.

ഇനി ഈ നാടു പഴയ പോലെ ആവ്വോ അച്ഛാ…

അതിന് ഈ കുളങ്ങളൊക്കെ തിരിച്ചു വരണം..പച്ചപ്പ് തിരിച്ചു വരണം. ബാബു ഒരു നെടു വീര്‍പ്പോടെ പറഞ്ഞു..

അതിന് ഇവിടെ ഒരു അണ്ണാ ഹസാരെ, രാലെഗാന്‍സിദ്ധിയില്‍ ചെയ്ത പോലെ ചെയ്യേണ്ടി വരും അല്ലേ...അച്ഛാ, അവളുടെ രാഷ്ട്രീയ വിജ്ഞാനം തെളിയിക്കാനുള്ള വെമ്പല്‍…

അതെ മോളേ, ഒരു അണ്ണാ പുലാപ്പറ്റ ഇവിടെ വരണം.. നമുക്കും ആ ശ്രമത്തില്‍ നമ്മുടെ പങ്കു വഹിക്കണം… അല്ലെങ്കില്‍ ഈ നാടു അതിവേഗം കടുത്ത വരള്‍ച്ചയിലേക്ക് കൂപ്പു കുത്തും, ഈ നാട് നാടല്ലാതാകും..

തിരിച്ചു പോകുന്ന വഴി..അവളുടെ മൂളിപ്പാട്ട് കേട്ടു…

മച്ലി ജല്‍ കി റാണി ഹേ
ജീവന്‍ ഉസകാ പാനി ഹേ
ഹാത്ത് ലഗാവോ ഡര്‍ ജായെഗി
ബാഹര്‍ നികാലോ മര്‍ ജായെഗി…





No comments: