Thursday, 16 February 2017

പങ്ങന്‍റെ കടയിലെ ലോട്ടറി






രാവിലെ സ്കൂളിലെ അസംബ്ലി കഴിഞ്ഞപ്പോഴേ ചക്കര മുട്ടായി തിന്നാനൊരു കൊതി. സാധാരണ അങ്ങനെ തോന്നാത്തതാണ്. ഇപ്പൊ തോന്നാന്‍ പ്രത്യേക കാരണം പോക്കറ്റില്‍ കുറച്ചു ചില്ലിക്കാശുണ്ട്.

വിഷുവിന് ഉണ്ടാക്കിയ സമ്പാദ്യം ആണ്. വിഷു വരുന്നതിനു ഒരുമാസം മുന്‍പേ തുടങ്ങിയതാണ്‌, തൊടിയിലെ അണ്ടി പെറുക്കി വിക്കാന്‍. പക്ഷേ ആ ഗണപതിയുടെ പീടികയില്‍ നിന്ന് പത്തു ഓലപ്പടക്കം വാങ്ങുമ്പോഴേക്കും, കീശ കാലി. വീണ്ടും തഥൈവ.

പിന്നെ അമ്മാവന്മാരുടെ കൈയില്‍ നിന്നും, അമ്മയുടെ കൈയില്‍ നിന്നും വിഷുക്കൈ നീട്ടം കിട്ടിയിട്ടാണ് ഒരു പത്തു കാശ് കീശയില്‍ കാണാന്‍ തുടങ്ങിയത്. കുറേശ്ശെ കുറേശ്ശെ ചിലവാക്കിയെ പറ്റൂ, കുറച്ചു ദിവസമെങ്കിലും ചക്കര മുട്ടായി കഴിക്കണ്ടേ…

ഇന്റര്‍വെല്ലിനു ബെല്ലടിച്ചപ്പോള്‍ ഞാന്‍ മെല്ലെ പങ്ങന്റെ കടയിലേക്ക് നടന്നു. അവിടെ പല പലഹാരങ്ങള്‍ ചില്ല് കൂട്ടില്‍ അടുക്കി വച്ചിരിക്കുന്നു. ബോണ്ട, പരിപ്പ് വട, സുഗിയന്‍.
കൂടിന്റെ പകുതി ഭാഗം ആവി കൊണ്ട് നേരെ കാണുന്നില്ല.




പിന്നെ കുറേ പല നിറത്തിലുള്ള മുട്ടായികള്‍ പല ഭരണികളില്‍ വേറൊരു ബഞ്ചില്‍. കൂടെ ചക്കര മുട്ടായിയും. തല്ക്കാലം അതില്‍ നിര്‍ത്താം. വേറെ നിര്‍വാഹമില്ലല്ലോ.

കടയുടെ അകത്തു, കുട്ടികളുടെ തിക്കും തിരക്കുമാണ്, ലോട്ടറി കളിക്കാന്‍. കലണ്ടര്‍ ലോട്ടറി. പത്തു പൈസക്ക് ഒരു ലോട്ടറി പിച്ചാം. കിട്ടിയാല്‍ കോളായി, ഇല്ലെങ്കില്‍ കാശ് പോയി.

ഞാന്‍ ചക്കര മുട്ടായി വായിലിട്ടുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു. പങ്ങന്റെ പടി കടക്കുമ്പോള്‍ താഴെ ഒരു കടലാസ്സു കഷ്ണം കിടക്കുന്നു. ഞാന്‍ എടുത്തു നോക്കിയപ്പോള്‍ ലോട്ടറിയുടെ കഷ്ണം ആണെന്ന് തോന്നി. കുട്ടികളുടെ തിക്കും തിരക്കിലും അതു കീറിപ്പോയിട്ടുണ്ടായിരിക്കും.

എന്തായാലും ഇതു ക്ലാസ്സിലേക്ക് കൊണ്ട് പോകാം.

ക്ലാസ്സില്‍ ഞാന്‍ ഏറ്റവും പുറകിലത്തെ ബഞ്ചിലാണ് ഇപ്പോള്‍ സ്ഥലം പിടിച്ചിരിക്കുന്നത്. മെല്ലെ മെല്ലെ ഇവിടെ എത്തിയതാണ്. ഇവിടെയാണ് സുഖം. വലിയ കുട്ടികളുടെ കൂടെ ചില വിക്രസ്സുകളൊക്കെ കാണിക്കാം.

കൂടെയുള്ളവരൊക്കെ നല്ലോണം പാടത്ത് പണിയെടുക്കുന്നവരാണ്. പാണ്ടി തുഴയുന്നവരാണ്. അതുകൊണ്ട് ആട്ടക്കളത്തില്‍ അവരുടെ ഒരു അടി കിട്ടിയാല്‍ മതി, തല ചുറ്റി വീഴും. എന്നാലും വിട്ട് കൊടുക്കില്ല, ഒപ്പം നില്‍ക്കാനുള്ള വ്യഗ്രത.

ക്ലാസ്സില്‍ ചെന്ന് അവരുടെ ഇടയില്‍ ഇരുന്നു. കടലാസ് കഷ്ണം പതുക്കെ പോക്കെറ്റില്‍ നിന്നെടുത്തു. അടുത്തുള്ളവരെ കാണിച്ചു. അവര്‍ക്കല്‍ഭുതം, ഇതെവിടുന്നു കിട്ടി. ഞാന്‍ പറഞ്ഞു, അവടെ വീണു കിട്ടിയതാ.

എന്നാ തുറക്ക് വേഗം, ഇതിന്‍റെ ഉള്ളില്‍ എന്താന്ന് നോക്കണ്ടേ.

മൂന്നെണ്ണമുണ്ട്. ഞാന്‍ അതു മെല്ലെ ഒന്നൊന്നായി തുറന്നു. അത്ഭുതം. അതില്‍ പത്തു രൂപയുടെ ലോട്ടറി. ഇനി ഇപ്പൊ എന്താ ചെയ്യാ..

അടുത്തിരുന്ന കൂട്ടുകാരന്‍ പറഞ്ഞു..നമുക്ക് പങ്ങന്റെ പീടികേലിക്ക് പോവാം.

എനിക്ക് നെഞ്ചിലൊരു പെടപ്പ്. കൂട്ടുകാരുടെ എണ്ണം കൂടിയപ്പോള്‍ എനിക്കു ചെറിയ ധൈര്യം വന്നു. ഞങ്ങള്‍ പതുക്കെ കടയിലേക്ക് നടന്നു.

ഞാന്‍ പങ്ങനു പത്തു പൈസ വച്ചു നീട്ടി. ഒരു ലോട്ടറി വേണം..

ഒരു കൂട്ടം കുട്ടികള്‍ അവിടെ ലോട്ടറി പിച്ചുന്ന തിരക്കിലായിരുന്നു.

ഞങ്ങള്‍ കൂട്ടുകാര്‍ ഒരുമിച്ചു നിന്നു. ഞാന്‍ ലോട്ടറി പിച്ചി, മറ്റൊരാള്‍ അടിച്ച ലോട്ടറി എടുത്തു തയ്യാറായി നിന്നു.

ലോട്ടറി അടിച്ചു..കൂട്ടുകാര്‍ ഒരുമിച്ചു പറഞ്ഞു..

ങേ, പങ്ങനോന്നു നോക്കി. സംശയം തീര്‍ക്കാനായി പങ്ങന്‍ ആ ലോട്ടറി വാങ്ങി. അതെ പത്തു രൂപ അടിച്ചിരിക്കുന്നു.

കൂട്ടുകാര്‍ പറഞ്ഞു, പങ്ങാ, പത്ത് ഉറുപ്പിക കൊടുക്ക്

പങ്ങനോന്നു പരുങ്ങി. എന്‍റെ കൈയ്യില്‍ പൈസ ഇല്ല, നിങ്ങള്‍ ചായ കുടിച്ചോളിന്‍. ഞങ്ങളെല്ലാവരും ബഞ്ചില്‍ നിരന്നിരുന്നു
പങ്ങാ ചായയുടെ കൂടെ ബോണ്ടയും വേണം. പങ്ങന്‍ തലയാട്ടി.

നല്ല ചുടു ചായയും കൂടെ ബോണ്ടയും തുണ്ട് കടലാസില്‍ നിരന്നു.

എനിക്കു മനസ്സിലാകുന്നില്ല, ഞാന്‍ ഇപ്പോഴും പയ്യനാണോ എന്ന്. വലിയ കുട്ടികളുടെ കൂടെ പങ്ങന്റെ കടയില്‍ ഇരുന്ന് ചായയും ബോണ്ടയും കഴിക്കുന്നു. അത്ഭുതം.

ആ ബോണ്ടയുടെ സ്വാദ് ഇന്നുവരെ നാവില്‍ തങ്ങി നില്‍ക്കുന്നു.

പങ്ങാ, ബോണ്ട യമ്മി, ആ ഓര്‍മ്മയും യമ്മി യമ്മി.








2 comments:

  1. ഗ്രഹാതുര ഉണർത്തുന്ന ഓർമകൾ വരുന്നു 😢😢😢 very good keep it up🙏🙏

    ReplyDelete
  2. പ്രജോദനങ്ങള്‍ക്ക് വളരെ നന്ദി...

    ReplyDelete