എന്‍റെ കുട്ടിക്കാലത്ത്
ഏതാണ്ട് 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്ര കുളങ്ങളായിരുന്നു നാട്ടില്‍. തൊടിയില്‍ കുളം, പാടത്ത്
കുളം, പാറയിടുക്കില്‍ കുളം, കുന്നിന്‍ ചെരുവില്‍ കുളം, പോരാത്തതിനു വലിയ അമ്പലക്കുളങ്ങളും.
ആറേഴു വയസ്സുള്ള കാലത്ത് ഞാന്‍ അര കി. മി. ദൂരെയുള്ള ഒരു വീട്ടില്‍ പാല് മേടിക്കാന്‍
പോകുമ്പോള്‍ എട്ടു കുളങ്ങളും ഒരു വലിയ നീര്‍ച്ചാലും താണ്ടിയാണ് പോയിരുന്നത്.
പോകുന്ന വഴിക്ക് നിറയെ തവളമുടിഞ്ഞിലുകള്‍, പരല്‍ മീനുകള്‍, ഒരു ചെറിയ കല്ലിട്ടു
വെള്ളമനങ്ങിയാല്‍ വായും പൊളിച്ചു പൊങ്ങി വരുന്ന കണ്ണന്‍ മീനുകള്‍. കുളത്തിന്റെ
വക്കത്തു നിറയെ ഞണ്ടിന്‍ മാളങ്ങള്‍, അതില്‍ ഇടക്കിടക്ക് എത്തി നോക്കുന്ന ഞണ്ടുകള്‍,
അങ്ങിങ്ങ് തലയും വാലും ഇളക്കി ശരം വിട്ടപോലെ പോകുന്ന നീര്‍ക്കോലികള്‍, ഇടക്കിടക്ക്
ആളൊന്നും ഈ വഴിക്ക് വന്നില്ലല്ലോ എന്ന സംശയത്തോടെ പൊങ്ങി നോക്കുന്ന,
ആളെ കണ്ടാല്‍ ഇനി ഞാന്‍ നാളെ വരാം എന്ന് പറഞ്ഞ് താഴേക്ക് കൂപ്പു കുത്തുന്ന ആമകള്‍,
പരല്‍ മീനൊന്നു പൊങ്ങി വന്നാലെ ഞാന്‍ ധ്യാനത്തില്‍ നിന്ന് ഉണരൂ എന്ന
ഭാവത്തിലിരിക്കുന്ന ഏഴഴകുള്ള പൊന്മകള്‍, കുളത്തിന്‍റെ വക്കത്തു ഇപ്പൊ തരാം..ഇപ്പൊ
തരാം (പേക്രോം, പേക്രോം)എന്ന് ഉറക്കെ പറയുന്ന പോക്കാച്ചി തവളകള്‍. പാടത്തും
വരമ്പത്തും നീണ്ട കൊക്കും ചെളിയില്‍ താഴ്ത്തി എന്തൊക്കെയോ തിരയുന്ന തൂവെള്ള
നിറമുള്ള കൊറ്റികള്‍...അങ്ങനെ പോകുന്നു എന്‍റെ കൂട്ടുകാര്‍..അവരോടൊക്കെ അല്പം സൊറ
പറഞ്ഞും, പറഞ്ഞാല്‍ കേള്‍ക്കാത്തവരെ അല്പസ്വല്പം പേടിപ്പിച്ചും ഞാന്‍ എന്‍റെ
പ്രപഞ്ചത്തില്‍ മുഴുകി അങ്ങനെ നടക്കും. രാവിലെ നെല്ലോലകളെ തലോടിക്കൊണ്ട്
നടക്കുമ്പോള്‍, ഓലകളില്‍ പറ്റിപ്പിടിച്ച മഞ്ഞു കണങ്ങള്‍ കൈയിലും കാലിലും നേരിയ
തണുപ്പോടുകൂടി ഒഴുകിയിറങ്ങും. വരമ്പിന്റെ വക്കത്തുള്ള കറുകപ്പുല്ലിന്റെ നാമ്പില്‍ തങ്ങി നില്‍ക്കുന്ന
മഞ്ഞു തുള്ളികള്‍ മുത്തുമണികള്‍ പോലെ സൂര്യ പ്രഭയേറ്റ് തിളങ്ങും.
മുന്നില്‍
കാണുന്ന അറ്റം കഴായയില്‍ ഇറങ്ങി വെള്ളത്തിന്‍റെ കുളിര്‍മ ആസ്വദിച്ചു കാല്‍ കഴുകും.
വെള്ളം നേര്‍ത്ത ശബ്ദം ഉണ്ടാക്കികൊണ്ട് ഒഴുകുകയാണ്. പലയിടത്തും കുരുത്തികള്‍ (മീന്‍ പിടിക്കാന്‍ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ ഒരു വല) ഒഴുക്കിനെതിരായി വാ തുറന്നു ഇരിക്കുന്നുണ്ടാകും. അതൊന്നു തിരിച്ചു വച്ച് നോക്കും.
മീന്‍ ഏതു വഴിക്കാണ് വരുന്നതെന്ന് അറിയണ്ടേ!!!.
വീട്ടില്‍ എത്തേണ്ട താമസം, കൂട്ടുകാരുടെ വിളിയായി, അമ്പലക്കുളത്തില്‍
കുളിക്കാന്‍ പോകാന്‍. കുളിയെന്നു വച്ചാല്‍ ആ കുളം എട്ടുകുളമാക്കുന്ന രീതിയിലാണ് കുളി. അഞ്ചെട്ടു പേര്‍ കൂടിയാല്‍
പിന്നെ പറയുകയും വേണ്ട. ഒന്ന് രണ്ടു മണിക്കൂര്‍ ചാടി തിമര്‍ത്തേ കുളി കഴിയൂ. പറ്റുമെങ്കില്‍
കൂപ്പില്‍ (ഇന്നത്തെ സ്പ്രിംഗ് ബോര്‍ഡിന് പകരം ഉയരത്തില്‍ നിന്ന് ചാടാനുള്ള മതില്‍)
നിന്ന് താഴേക്കു ചാടി നാല് പാടും വെള്ളം തെറുപ്പിക്കും. അങ്ങേക്കടവില്‍ ചേച്ചിമാര്‍
ഉണ്ടെങ്കില്‍ പറയുകയും വേണ്ട. അവരുടെ വാത്സല്യം നിറഞ്ഞ വഴക്ക് കേള്‍ക്കുന്നത്
തന്നെ ഒരു രസമല്ലേ.
ഞാനൊരു മനോഹരമായ സ്വപ്നം കണ്ടു ഉണര്‍ന്ന പോലെ. പതുക്കെ പതുക്കെ യാഥാര്‍ത്ഥൃത്തിലേക്ക് കടന്നു വന്നല്ലേ പറ്റൂ. ആ കുളങ്ങള്‍ ഇന്നെവിടെ. ഇത്രയധികം ജൈവ സമ്പത്തിന്‍റെ വിളനിലമായിരുന്ന
കുളങ്ങള്‍ വറ്റി വരണ്ടപ്പോള്‍ ഒരു നാടിന്റെ തന്നെ ജൈവ സമ്പത്ത് നഷ്ടപ്പെട്ടു. കുളങ്ങളെയും വയലുകളേയും ചുറ്റിപ്പറ്റിയുണ്ടായിരുന്ന സംസ്കാരം തന്നെ നഷ്ടപ്രായമായി. പണ്ട് വരള്‍ച്ച എന്തെന്നു അറിയാത്ത നിലങ്ങള്‍ വറ്റി വരണ്ടു. മനുഷ്യരും
ജീവജാലങ്ങളും വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടാന്‍ തുടങ്ങി.
ഭൂമിയില്‍ വെള്ളം തങ്ങി നില്‍ക്കാന്‍ കുളങ്ങളും ജലാശയങ്ങളും വേണം. ഇന്നത്തെ പുതിയ ശാസ്ത്രീയത നിര്‍ദ്ദേശിക്കുന്ന വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആണ് പണ്ടുള്ളവര്‍ ഈ കുളങ്ങളിലൂടെ സാധിച്ചിരുന്നത്. അത് പെയ്ത വെള്ളത്തെ തടഞ്ഞു നിറുത്തുക മാത്രമല്ല, പതുക്കെ പതുക്കെ മണ്ണിലേക്ക് സേചനം ചെയ്യുക കൂടി ചെയ്തിരുന്നു. അപ്പോള്‍ വരള്‍ച്ച വളരെ കുറയും. ആ കുളങ്ങള്‍ ഇന്ന് കാണുന്ന റബ്ബറിനും വാഴകൃഷിക്കും വേണ്ടി നഷ്ടമായപ്പോള്‍ പെയ്ത
വെള്ളം മുഴുവന്‍ എവിടെയും തങ്ങി നില്‍ക്കാതെ പുഴകളില്‍ എത്തി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാക്കാന്‍ തുടങ്ങി. മഴ നില്‍ക്കുമ്പോള്‍ വരള്‍ച്ചയും തുടങ്ങി. പണ്ട് ഭൂമിയുടെ കിടപ്പനുസരിച്ച്
മിക്ക കുന്നിന്‍ ചെരുവുകളിലും കുളങ്ങള്‍ കുഴിച്ചിരുന്നു.
നാം വീണ്ടും കഴിയുന്നത്ര
ജലാശയങ്ങള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നഷ്ടപ്പെട്ടു പോയ ജൈവ സമ്പത്തൊക്കെ
തിരിച്ചു വരട്ടെ. മുന്‍പുള്ള പോലെ കൊറ്റിയും, പോന്മയും, പേക്രോം തവളയും, ഇറുക്കന്‍
ഞണ്ടും, ഊളന്‍ ആമയും ഒക്കെ തരിച്ചു വരട്ടെ. അതില്ലെങ്കില്‍ നമ്മുടെ ഭൂമിയെല്ലാം
ഊഷര ഭൂമിയായി മാറും. ഒരു തുള്ളി കുടിവെള്ളം കിട്ടാന്‍ നമ്മള്‍ നെട്ടോട്ടമോടും!!!
No comments: