Wednesday, 6 March 2019

സലാം ഹോ ചി മിന്‍







വിദ്യാസാഗര്‍ വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിലേക്കുള്ള വിമാനത്തില്‍ കയറി തന്‍റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു. 

കൂടെ സുഹൃത്തായ ജോണും ഉണ്ട്.

ചരിത്ര വിദ്യാര്‍ഥിയായ വിദ്യക്ക് വിയറ്റ്നാം എന്നും ആവേശമാണ്.

അവിടത്തെ ജനങ്ങളുടെ രാഷ്ട്ര സ്നേഹം, വന്‍കിട ശക്തികളോട് നടത്തിയ ഗറില്ല യുദ്ധങ്ങള്‍, കമ്യൂണിസ്റ്റ് അധിനിവേശം, ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയെ അടിയറവു പറയിച്ച, 20 കൊല്ലം നീണ്ടു നിന്ന യുദ്ധം, ഒരിക്കലും അടിയറവു പറയാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ് ഹോ ചി മിന്‍. അങ്ങനെ സംഭവ ബഹുലമായ നീണ്ട ചരിത്രം തന്നെയുണ്ട് വിദ്യയ്ക്ക് ഓര്‍ക്കാന്‍.

അവിടുത്തെ നെല്‍കൃഷി, മത്സ്യകൃഷി, അദ്ധ്വാന ശീലരായ ചന്തമുള്ള പെണ്ണുങ്ങള്‍, കൂട്ടു കുടുംബത്തിന്‍റെ കെട്ടുറപ്പ് അങ്ങനെ പലതും കേരളത്തോടു വളരെ സാമ്യമുള്ളവ.

ആ മഹായുദ്ധം ഒരിക്കല്‍ക്കൂടി വിദ്യയുടെ മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് നുരഞ്ഞു പൊങ്ങി വന്നു.

1955 ല്‍ ആയിരുന്നു ഒരു ചെറിയ യുദ്ധം പോലെ, വടക്കന്‍ വിയറ്റ്നാം, തെക്കന്‍ വിയറ്റ്നാമിനെ കൂട്ടിച്ചേര്‍ക്കാന്‍ എന്ന ഉദ്ധേശത്തോടെ യുദ്ധം തുടങ്ങിയത്. പക്ഷേ അത് ക്രമാതീതമായി വലുതായി രാക്ഷസാകാരം പൂണ്ടു.

തെക്കന്‍ വിയറ്റ്നാം തോറ്റാല്‍ തെക്ക്കിഴക്കേ ഏഷ്യയില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം ശക്തിപ്രാപിക്കും എന്ന്‍ കരുതി അമേരിക്കക്കാര്‍ തെക്കന്‍ വിയറ്റ്നാമിന്‍റെ കൂടെ യുദ്ധത്തില്‍ ചാടി വീണു. പിന്നീട് 20 കൊല്ലം നീണ്ടു നിന്ന യുദ്ധം.

1955 ല്‍, 97 കൊല്ലത്തെ ഫ്രഞ്ച് അധിനിവേശത്തില്‍ നിന്നും കഷ്ടിച്ച് വിയറ്റ്നാമിന് വിടുതി കിട്ടിയതേയുള്ളൂ, അടുത്ത യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 
 ‍
അമേരിക്കയില്‍ നിന്ന് പുറപ്പെട്ട്, ഫ്രാന്‍സ് കടന്ന്, റഷ്യയിലൂടെ, വിയറ്റ്നാമില്‍ ആഞ്ഞു വീശിയ ആ തപ്ത യുദ്ധക്കൊടുംകാറ്റില്‍ 3 ലക്ഷത്തോളം വിയറ്റ്നാംകാരും അറുപതിനായിരത്തോളം അമേരിക്കക്കാരും ഈയ്യാം പാറ്റകളെപ്പോലെ കരിഞ്ഞു വീണു.

അതിലിരട്ടിയിലധികം ആളുകള്‍, ചിറകുകള്‍ കരിഞ്ഞ, കാലൊടിഞ്ഞ ഈയ്യാം പാറ്റകളെപ്പോലെ ആ തീനാളങ്ങള്‍ക്ക് ചുറ്റും ഇഴഞ്ഞു നടന്നു. ആ ദീന രോദനം ഇന്നും വിയറ്റ്നാമില്‍ അങ്ങിങ്ങ് കേള്‍ക്കുമോ..

ഉരുകിയൊലിക്കുന്ന ലോഹക്കൂട്ടില്‍ നിന്നും അപ്രതിമമായ പ്രതിമയുടെ രൂപം തെളിഞ്ഞു വരുന്നത് പോലെ, വിയറ്റ്നാമിന്‍റെ തപ്ത കുണ്ഡത്തില്‍ നിന്നും ഹോ ചി മിന്‍ എന്ന വിപ്ലവകാരിയായ ലോഹ മനുഷ്യന്‍ പൊങ്ങി വന്നു.

വിയറ്റ്നാം ജനതയുടെ സിരകളില്‍ ദേശസ്നേഹം ആളിപ്പടര്‍ത്തിയ ഹോ ചി മിന്‍ എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ് പിന്നീട് അവരുടെ രാഷ്ട്രപിതാവ് ആയി മാറി.

ആ അനന്ത നീലിമയാര്‍ന്ന ആകാശ കാന്‍വാസില്‍ , ഊശാം താടി വച്ച കൃശഗാത്രനായ അദ്ധേഹത്തിന്‍റെ മുഖം തെളിഞ്ഞു വരുന്നതായി വിദ്യ കണ്ടു.

അമേരിക്കയുടെ അന്ത:രംഗത്തെ അടിമുടി പിടിച്ചു കുലുക്കിയ ഇതുപോലെ ഒരു യുദ്ധം ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍പോലും അമേരിക്കയിലെ ജനങ്ങള്‍ ഇത്രയധികം ഭയന്നിട്ടുണ്ടാകില്ല....!!

ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടി അമേരിക്കയില്‍ പലയിടത്തും പ്രതിഷേധങ്ങള്‍‍ ആഞ്ഞടിച്ചു. വാഷിംഗ്ടണില്‍ മാത്രം മൂന്ന്‍ ലക്ഷത്തോളം യുവാക്കള്‍ തെരുവില്‍ ഇറങ്ങി. ആര്‍മിയില്‍ ചേര്‍ന്നാല്‍ വിയറ്റ്നാമില്‍ പോകേണ്ടി വരുമെന്ന് ഭയന്ന് പലരും കാനഡയിലേക്ക് നാട് കടന്നു.

പെട്ടെന്ന് എയര്‍ ഹോസ്റ്റസ്സിന്‍റെ മധുരശബ്ദം കേട്ട്, വിദ്യ പരിസരത്തേക്ക് തിരിച്ചു വന്നു. സര്‍ ബ്രേക്ക്‌ഫാസ്റ്റ്. ബ്രെഡ്‌ ഓംലെറ്റ്‌.

ജോണ്‍ പതുക്കെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു വരുന്നു.

പ്രാതല്‍ കഴിഞ്ഞ് അധികം താമസിയാതെ സീറ്റ് ബെല്‍റ്റ്‌ മുറുക്കാനുള്ള അനൌണ്‍സ്മെന്‍റ് വന്നു. ഇനി പതിനഞ്ചു മിനിറ്റില്‍ ഇറങ്ങുകയാണത്രേ..

എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പുറത്തു കടന്നപ്പോള്‍ ജോണിന് ഒരു സംശയം.

അല്ല, നമ്മള്‍ തിരിച്ച് കേരളത്തില്‍ എത്തിയോ.. ചുറ്റും നിറയെ തെങ്ങുകള്‍, ഓടിട്ട വീടുകള്‍, പച്ചപ്പ്‌ വിരിച്ച നെല്‍ പാടങ്ങള്‍. ശരിക്കും പണ്ടത്തെ കേരളം തന്നെ.

എടാ വിദ്യാ, നമുക്ക് ഇവിടെ എങ്ങാനും കൂടിയാലോ.. ഒരു സുന്ദരിയെ കല്യാണവും കഴിച്ച്, ഒരു കൊച്ചു ഓട്ടുപുരയ്ക്ക് കീഴില്‍.. കുറച്ചു കൃഷിയും ഒക്കെയായി അങ്ങനെ കൂടാം.. അടിപൊളി സ്ഥലം. ജോണിന്‍റെ മനോഗതം ശബ്ദമായി പുറത്തു വന്നു.

വിദ്യയ്ക്ക് അല്ലെങ്കിലും ഇവിടുത്തെ ജനങ്ങളെ വളരെ ഇഷ്ടമാണ്. അവരുടെ വസ്ത്ര ധാരണം, സ്നേഹം നിറഞ്ഞ ഋജുവായ പെരുമാറ്റം ഇതെല്ലാം. 

ഹോട്ടലില്‍ എത്തിയ ഉടനെ വിദ്യയ്ക്ക് അവിടുത്തെ ബുദ്ധ ക്ഷേത്രങ്ങള്‍ കാണാന്‍ തിരക്കായി.

ഒരു ഭാഗത്ത്‌ ഗറില്ല യുദ്ധത്തില്‍ അമേരിക്കയെ പമ്പരം തിരിപ്പിച്ച ധീരത, മറുവശത്ത് ആത്മീയതയുടെ ശാന്തി മന്ത്രമോതുന്ന ബുദ്ധ ക്ഷേത്രങ്ങള്‍ , വിഹാരങ്ങള്‍....

എന്തൊരു വൈപരീത്യം. പക്ഷേ ശ്രീ ബുദ്ധന്‍റെ ഈ ആത്മീയ മന്ത്രമായിരിക്കാം ഇത്ര വലിയ യുദ്ധത്തില്‍ ജയിക്കാന്‍ അവരെ പ്രാപ്തരാക്കിയത്.

ഹോട്ടലിലെ സുസ്മേര വദനയായ വനിത നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ അടുത്തുള്ള പേരുകേട്ട ബുദ്ധക്ഷേത്രം കാണാന്‍ പുറത്തിറങ്ങി.

റോഡിനിരുവശവും നിറയെ ചെറിയ കടകള്‍. കച്ചവടത്തില്‍ പെണ്ണുങ്ങള്‍ ആണ് മുന്നില്‍.

റോഡിലൂടെ തുലാസ് പോലെ തോളിനിരു വശവും ചെറിയ കുട്ടകള്‍ തൂക്കിയിട്ട്, പലവ്യഞ്ജനങ്ങള്‍ നടന്നു വില്‍ക്കുന്ന പെണ്ണുങ്ങള്‍. അത് ജോണിനും വിദ്യയ്ക്കും ഒരു പ്രത്യേക കാഴ്ചയായിരുന്നു.

നടക്കുമ്പോള്‍ അവരുടെ തോളിലെ തുലാസ് താളത്തില്‍ പൊങ്ങി താഴുന്നുകൊണ്ടിരുന്നു. അതിനൊത്ത് അവരുടെ ശരീരത്തിലെ ഓരോ അംഗവും താളാത്മകമായി മുന്നോട്ട് തുടിക്കുന്നു...

വിദ്യയും ജോണും അവരുടെ നടത്തത്തിന്‍റെ താളം ഒരു വേള നോക്കി നിന്നു. ജോണ്‍ പറഞ്ഞു, വിദ്യാ, നീ എന്‍റെ റിട്ടേണ്‍ ടിക്കെറ്റ് ക്യാന്‍സല്‍ ചെയ്തോ, ഞാന്‍ ഇനി നാട്ടിലേക്കില്ല.

വിദ്യയ്ക്കും ഇതുതന്നെ മനസ്സില്‍ തോന്നായ്കയില്ല. അവര്‍ ഉള്ളില്‍ നിന്നും ഊറി ചിരിച്ചു.

ജോണ്‍ ധൃതിയില്‍ നടന്നു ചെന്ന്‍ ഒരു വനിതയോടു കുട്ടയിലുള്ള ആപ്പിളിന് വില ചോദിച്ചു. അവര്‍ പറഞ്ഞു, ഫിഫ്ടീന്‍ തൌസണ്ട് ഡോംഗ്. ഒന്നിനോ എന്ന് ജോണ്‍, അതേ എന്ന് അവര്‍.

മൊത്തത്തില്‍ അവിടുത്തെ സാധനങ്ങളുടെ വില അത്തരത്തിലാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല. അവിടുത്തെ വിനിമയ നിരക്ക് ഇന്‍ഡ്യന്‍ 100 രൂപയ്ക്ക് 32000 വിയറ്റ്നാം ഡോംഗ് ആണ്. എന്തായാലും രണ്ടുപേരും രണ്ടു ആപ്പിള്‍ വീതം വാങ്ങി, ബുദ്ധ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍. 
 
അവര്‍ നടന്നു നടന്ന്‍ ആ ബുദ്ധക്ഷേത്രത്തില്‍ എത്തി. പഗോഡ എന്നാണത്രേ പൊതുവേ ഇവിടത്തെ ബുദ്ധക്ഷേത്രങ്ങളെ വിളിക്കുന്നത്‌.

അവിടെ ശ്രീ ബുദ്ധന് പ്രധാന വഴിപാടുകള്‍ ചന്ദനത്തിരി കത്തിക്കലും വിളക്ക് കത്തിക്കലുമാണ്. കൂടാതെ പൂക്കളും പഴങ്ങളും നേരിട്ട് സമര്‍പ്പിക്കുന്നു. ആ കൊച്ചു കുളിരുള്ള പ്രഭാതത്തില്‍ നൂറു കണക്കിന് പൂക്കളും ചന്ദനത്തിരികളും അവിടം മുഴുവന്‍ പരിമള മുകുളങ്ങള്‍ വിടര്‍ത്തുന്നു. ആ ശാന്തമായ അന്തരീക്ഷം വിദ്യയില്‍ അവാച്യമായ സ്വര്‍ഗീയ അനുഭൂതി ഉളവാക്കി.

അടുത്തു തന്നെ ഒരു വലിയ തടാകം..



അവിടെ എത്ര വേണമെങ്കിലും കണ്ണടച്ച് പ്രകൃതിയില്‍ അലിഞ്ഞങ്ങനെ ഇരിക്കാം. അങ്ങിങ്ങ് കെട്ടിത്തൂക്കിയ കുഞ്ഞു കുടമണികളെ ഇടയ്ക്ക് കാറ്റ് തലോടുമ്പോള്‍ ഉണ്ടാകുന്ന മധുര ശബ്ദം നിര്‍വൃതി പരത്തി. വിദ്യയും ജോണും കുറേ നേരം അവിടെ അങ്ങനെ കണ്ണടച്ചിരുന്നു.

തിരിച്ചു നടക്കുമ്പോള്‍, വഴിനീളെ വിഹാരങ്ങളും വീടുകളും ഗംഭീരമായി അലങ്കരിച്ചിരിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. 
 
ഫെബ്രുവരി ആദ്യ വാരത്തില്‍ ചൈനീസ് കലണ്ടറിലെ പുതു വര്‍ഷമാണത്രേ. സന്ധ്യയോടെ എല്ലായിടത്തും അലങ്കാര ദീപങ്ങള്‍ തെളിയുന്നു. പല ഡ്രാഗണ്‍ ലൈറ്റുകള്‍, മത്തങ്ങ പോലുള്ള അലങ്കാര ദീപങ്ങള്‍ എന്നുവേണ്ട, വര്‍ണ്ണങ്ങളുടെ മായാപ്രപഞ്ചം.

നമ്മള്‍ ഇപ്പോള്‍ ഇവിടെ വന്നുപെട്ടത് വളരെ ഭാഗ്യമായി.. ഇവിടുത്തെ പുതുവത്സര ആഘോഷമൊക്കെ കാണാനുള്ള ഭാഗ്യമുണ്ടായി. ജോണിന്‍റെ സന്തോഷം...

നിരത്തിലും, വീടുകളുടെ ഉമ്മറത്തും, പീടികത്തിണ്ണകളിലും എന്നുവേണ്ട, എല്ലാ മുക്കിലും മൂലയിലും ഓറഞ്ചു നിറത്തിലുള്ള, നാരങ്ങ നിറയെ കായ്ക്കുന്ന, ദീപസ്തംഭത്തിന്‍റെ ആകൃതിയില്‍ വളരുന്ന, അലങ്കാര ചെടി ഇടം പിടിച്ചിരിക്കുന്നു.

ഇതിന് കുംകത്ത് ട്രീ എന്നാണത്രേ പറയുന്നത്. ഇത് ഉള്ള സ്ഥലത്ത് ആരോഗ്യവും സമ്പത്തും വളരെ അധികം വര്‍ദ്ധിക്കും എന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. പ്രത്യേകിച്ചും പുതുവല്‍സരത്തില്‍. അതുകൊണ്ട് ഇത് വളര്‍ത്തി വലുതാക്കി വില്‍ക്കുന്നത് ഇക്കാലത്തെ ഒരു പ്രധാന വ്യവസായം തന്നെയാണത്രെ.

ഈ വര്‍ണ്ണങ്ങളുടെ മായാപ്രപഞ്ചം നന്നായി ആസ്വദിക്കണമെങ്കില്‍ ഓള്‍ഡ്‌ ക്വാര്‍ട്ടര്‍ എന്ന പഴയ തെരുവിലേയ്ക്ക് പോയാല്‍ മതി എന്ന്‍ ഹോട്ടലിലെ വനിത ഗൈഡ് ഉപദേശിച്ചു.

ഹോട്ടലിലെ അവരുടെ എന്താവശ്യങ്ങളും തര്‍ജ്ജമ ചെയ്യുവാന്‍ ഈ സുന്ദരിയാണ് കൂട്ട്.

ജോണ്‍ അവരുടെ പേര് ചോദിച്ചറിഞ്ഞു.. ഹാംഗ്....

വാട്ട് ഈസ്‌ ദി മീനിംഗ് ഓഫ് ഹാംഗ്, ജോണ്‍ വിട്ടില്ല..
ഹാംഗ് മീനിംഗ് മൂണ്‍ ലൈറ്റ് എന്ന്‍ സുന്ദരിയുടെ മറുപടി..

മൂണ്‍ ലൈറ്റ് എന്നാല്‍ ചന്ദ്രിക.... 

അളിയാ നമ്മുടെ ചന്ദ്രികയാണ് ഇത്...
ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം.....ജോണിന്‍റെ ചുണ്ടില്‍ മൂളിപ്പാട്ട് വിടര്‍ന്നു..
  
ഞാന്‍ നിന്നെ പൊന്നുപോലെ നോക്കും ചന്ദ്രികേ...!!

വാട്ട്, ഹാംഗ് പെട്ടെന്ന്, മറിച്ച് ചോദിച്ചു...

നത്തിംഗ്, ഐ സെഡ്, മൂണ്‍ലൈറ്റ് ഈസ്‌ ബ്യൂട്ടിഫുള്‍....
ഹാംഗ് ഒന്ന് വശ്യമായി ചിരിച്ചു...

ജോണും, വിദ്യയും ഓള്‍ഡ്‌ ക്വാര്‍ട്ടറിലേക്ക് തിരിച്ചു...

ഡല്‍ഹിയിലെ ചാന്ദ്നി ചൌക്കിനോട് സാമ്യമുള്ള, ഭൂമിയിലെ എല്ലാ സാധനങ്ങളും കിട്ടുന്ന ഒരു വലിയ മാര്‍ക്കെറ്റ്. ഒരു വഴിയുടെ അറ്റം എപ്പോഴും രണ്ടായി പിളരുന്ന ആ മാര്‍ക്കെറ്റ് എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന്‍ കണ്ടുപിടിക്കാന്‍ വലിയ പ്രയാസം.

ഇതില്‍ 36 തെരുവുകള്‍ ഉണ്ടത്രേ, ഓരോ തെരുവിലും ഒരോന്നിനു പ്രത്യേകത. ഒന്ന് മധുര പലഹാരങ്ങള്‍ക്കാണെങ്കില്‍ മറ്റൊന്ന് ലൈറ്റുകള്‍ക്ക്, വേറൊന്ന് പല വ്യന്ജനങ്ങള്‍ക്ക്. ഇതില്‍ ബിയര്‍ തെരുവും ഉണ്ട്.

പലവ്യഞ്ജന തെരുവില്‍ പച്ചക്കറികള്‍, മസാലകള്‍, പലതരം മുളകുകള്‍, മുളയുടെ കൂമ്പ്, കോഴി, ഞണ്ട്, തവള, ഒച്ച്‌ എന്നുവേണ്ട ഭൂമിയിലെ ഒട്ടു മിക്ക സസ്യങ്ങളും, ജീവികളും...!!

അലങ്കാര വിളക്കുകളുടെ തെരുവില്‍ പുതുവല്‍സരത്തിന് ഒരുങ്ങിയ വര്‍ണ്ണ പ്രപഞ്ചം.!!

നമുക്ക് ബിയര്‍ തെരുവില്‍ പോയി മടങ്ങി വരാം, അപ്പോള്‍ ഈ ലൈറ്റൊക്കെ കാണാന്‍ കൂടുതല്‍ ഭംഗിയായിരിക്കും...ജോണ്‍ പറഞ്ഞു..!!

അവര്‍ അങ്ങനെ ഒരു തെരുവില്‍ നിന്നും മറ്റൊന്നിലേക്ക് ചേക്കേറിയും ചന്തമുള്ള വനിതകളോട് സാധനങ്ങളുടെ വിലപേശിയും അലഞ്ഞു നടന്നു.

ബിയര്‍ തെരുവില്‍ നടന്ന് ഉന്മത്തരായി, മടങ്ങി വന്ന്, ലൈറ്റ് തെരുവിലെ വര്‍ണ്ണപ്രപഞ്ചം കൂടുതല്‍ ആസ്വദിച്ചു.

അടുത്തുള്ള തടാകക്കരയില്‍, ഇളം കാറ്റിന്‍റെ തലോടലില്‍ ക്ഷീണം ആറ്റി.

വൈകുന്നേരം ഹോട്ടലില്‍ എത്തിയപ്പോള്‍ ജോണിന് ചെറിയ തലവേദന, ഒരു ഹെഡ് മസ്സാജ് കിട്ടാനുള്ള തോന്നലായിരിക്കും..!!

ഒരു ചെറിയ ശങ്കയോടെ വിദ്യയും കൂടെ ചേര്‍ന്നു. അവിടെ താമസിക്കുന്നവര്‍ക്ക് ഹെഡ് മസ്സാജ് ഫ്രീ ആണത്രേ..

പല പൂക്കളുടെ സുഗന്ധം വിതറുന്ന, നിറയെ മെഴുകുതിരികള്‍ കത്തുന്ന ശാന്തമായ ഹാള്‍, ഫെംഗ്ഷുയി രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. നനുത്ത ഉപകരണ സംഗീതം അവിടുത്തെ സുഗന്ധം പോലെ അന്തരീക്ഷത്തില്‍ അലിഞ്ഞോഴുകുന്നു.

വിദ്യയ്ക്ക് തലയില്‍ ഹാര്‍മോണിയം വായിക്കുന്നത് പോലെയുള്ള പ്രതീതി. നല്ല ഹെഡ് മസ്സാജും സംഗീതം പോലെ മധുരം. എല്ലാ ക്ഷീണവും പമ്പ കടക്കും. പക്ഷേ വിദ്യ ഇടയ്ക്ക് വച്ച് ഉറങ്ങിപ്പോയി. ഒന്നും അറിഞ്ഞതേയില്ല...!!

പുതുവത്സര ദിനം വന്നതോടെ അവരുടെ ഹോട്ടലും അടുത്തുള്ള അങ്ങാടിയും, മാളുകളും പഗോഡയും എല്ലാം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

നഗരം മുഴുവന്‍ വര്‍ണ്ണാഭമാണ്. കുട്ടികളും ചെറുപ്പക്കാരും വസന്ത ഋതുവിനെ വരവേല്‍ക്കാന്‍ പല നിറങ്ങളിലുള്ള പുത്തനുടുപ്പുകളിലാണ്.
വൈകുന്നേരം ആഘോഷത്തിമര്‍പ്പിനു ആക്കം കൂട്ടാന്‍ വെടിക്കെട്ടും ഉണ്ടത്രേ.

പോരാത്തതിന് വൈകുന്നേരം അവര്‍ക്ക് ഹോട്ടലില്‍ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ടത്രേ...

രാവിലെ തന്നെ വിദ്യയും ജോണും ഹോ ചി മിനെ കണ്ടു വണങ്ങാന്‍ തീരുമാനിച്ചു. 
 



അദ്ദേഹം താമസിച്ചിരുന്ന സ്ഥലം ഒരു തടാകക്കരയിലാണ്. 

ഉപയോഗിച്ചിരുന്ന കുട, വടി, ചെരുപ്പ്, മേശ കസേര എന്നിവ അതേപടി മുറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരച്ചുവട്ടിലെ ആ ശാന്ത ഗംഭീര വസതി കാണാന്‍ നൂറുകണക്കിന് യാത്രികര്‍..

തടാകത്തിന്‍റെ മറ്റൊരു വശത്ത് സുഗന്ധ പൂരിതമായ, ശാന്ത സുന്ദരമായ  ഒറ്റത്തൂണില്‍ നില്‍ക്കുന്ന പഗോഡ. അദ്ദേഹം ഇവിടെ വന്നിരുന്ന്‍ ധ്യാനിച്ചിരുന്നുവോ എന്തോ..!!

എന്തായാലും വിയറ്റ്നാം റിപ്പബ്ലിക്കായി പ്രഖാപിച്ചത് ഈ പഗോഡയില്‍ വച്ചാണ് എന്ന്‍ ഗൈഡ് പറഞ്ഞു.

തുടര്‍ന്ന് അവര്‍‍ അദ്ധേഹത്തിന്‍റെ സമാധി - മുസോലിയം - കാണാന്‍ പോയി.

ഗ്രനൈറ്റില്‍ പൊതിഞ്ഞ കലാ ചാതുരിയുള്ള പ്രൌഡഗംഭീരമായ സമാധി. ചുറ്റിലും തണല്‍ വൃക്ഷങ്ങള്‍, പുല്‍പ്പരപ്പുകള്‍, അതില്‍ നിറയെ വസന്തം വിളിച്ചോതുന്ന വര്‍ണ്ണപ്പൂക്കള്‍. ആ സമുച്ചയത്തിന് ചുറ്റും തോക്കേന്തിയ പട്ടാളക്കാര്‍...

അവര്‍ വണ്ടിയിറങ്ങി, ഗൈഡ് പറഞ്ഞിടത്തേക്ക് നടന്ന് വരിയില്‍ ചേര്‍ന്നു. തന്ത്ര പ്രധാന സ്ഥലമായതിനാല്‍ എല്ലാ സുരക്ഷാപരിശോധനകളും കടന്നുവേണം അകത്ത് കടക്കാന്‍..‍.

ആ കെട്ടിടത്തിനകത്ത് ആരും ഒച്ചയുണ്ടാക്കാന്‍ പാടില്ല. കൈ പോക്കറ്റില്‍ ഇടാന്‍ പാടില്ല. മൗനമായി അകത്തു പോകുന്നത് ആദര സൂചകമാണ്.

അങ്ങനെ ആ കാത്തുനിന്ന നിമിഷം വരവായി. അതാ ഒരു ചില്ലു കൂട്ടില്‍ ജീവസ്സുറ്റ മുഖവും ശരീരവുമായി ഹോ ചി മിന്‍ എന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവ്, അഘണ്ട വിയറ്റ്നാമിന്‍റെ രാഷ്ട്രപിതാവ്, ശാന്തനായി ശയിക്കുന്നു.

വിദ്യയും ജോണും ആദര സൂചകമായി ശിരസ്സ് നമിച്ചുകൊണ്ട് അദ്ധേഹത്തിന്‍റെ കാല്‍ക്കല്‍ നിന്നു.

പുറത്തു കടക്കുമ്പോള്‍ വിദ്യയുടെ മനസ്സിലൂടെ ആ യുദ്ധം ഒരിക്കല്‍ കൂടി മിന്നി മറിഞ്ഞു. ആ തപ്ത കുണ്ഡത്തില്‍ നിന്ന് പൊങ്ങി വന്ന അതേ മുഖം. താന്‍ വിമാനത്തിലെ ജനല്‍പാളിയിലൂടെ നീലാകാശത്ത് തെളിഞ്ഞു കണ്ട അതേ മുഖം...!!

ജോണ്‍ പതുക്കെ പറയുന്നത് കേട്ടു, ഹോ ചി മിന്‍ ശാന്ത ഗംഭീരന്‍ തന്നെ..!!

പിന്നീട് ഗൈഡ് അവരെ‍ പാവക്കൂത്ത് കാണാന്‍ കൂട്ടികൊണ്ടുപോയി. നാട്ടിലേതെന്നു തോന്നിക്കുന്ന ആ കലാ വിരുത് വെള്ളത്തില്‍ നിന്നുകൊണ്ടാണ് അവര്‍ നടത്തുന്നത്. 

നാല്‍പ്പത് മീറ്റര്‍ നീളത്തില്‍ കെട്ടിയ ഓല മേഞ്ഞ നേടുംപുരകള്‍ കണ്ടു..

അതില്‍ എത്രയെത്ര കുടുംബങ്ങള്‍ പരസ്പരം സ്നേഹിച്ചും പിണങ്ങിയും കഴിഞ്ഞിട്ടുണ്ടാകും. എത്രയെത്ര കുഞ്ഞുങ്ങള്‍ ഒരേ പിഞ്ഞാണത്തില്‍ നിന്നും വിശപ്പടക്കിയിട്ടുണ്ടാകും.

അവര്‍ അത്യാധുനിക മാളുകളില്‍ കറങ്ങി..വസ്ത്രം ഇട്ടു ഇട്ടില്ല എന്ന്‍ തോന്നിക്കുന്ന ഫാഷന്‍ പരേഡ് കണ്ടു..

റെഡ് നദിയുടെ ആഴവും പരപ്പും കണ്ട് അമ്പരന്നു. അതിലൂടെ അവര്‍ ബോട്ട് സവാരി നടത്തി..

ഹോംഗ്കി തടാകത്തിലെ സ്ഫടിക ജലത്തില്‍ തോണി തുഴഞ്ഞു...തടാകക്കരയിലെ പച്ചപ്പില്‍ അലിഞ്ഞു ചേര്‍ന്നു..

ജോണ്‍ ചോദിച്ചു... നീ എന്‍റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തല്ലോ അല്ലേ.. ചെയ്തു എന്ന്‍ വിദ്യ ചിരിച്ചുകൊണ്ട് തലയാട്ടി..

രാത്രിയില്‍ അവര്‍ ഹോട്ടലില്‍ തിരിച്ചെത്തി. ഹോട്ടിലില്‍ ഗംഭീര പാര്‍ട്ടിയുടെ ആരവം തുടങ്ങിയിരിക്കുന്നു.

വിദ്യയ്ക്കും ജോണിനും പാര്‍ട്ടിയിലെ ഓരോ വിഭവങ്ങളും ആസ്വദിക്കാനുള്ള വെമ്പല്‍. മിസ്‌ ഹാംഗ് അവരെ അലങ്കരിച്ച ആ ഹാളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഹോളില്‍ നല്ല തിരക്ക്, എല്ലാവരും പുതുവത്സരം ആഘോഷിക്കാനെത്തിയിരിക്കുന്നു. ഒരിടത്ത് കുറച്ചുപേര്‍ നൃത്തവും പരിപാടികളും.

മിസ്‌ ഹാംഗ് അവര്‍ക്ക് വെല്‍ക്കം ഡ്രിങ്ക്സ് നല്‍കി സ്വീകരിച്ചു. അത് അവരുടെ മര്യാദയാണത്രേ..

ജോണും വിദ്യയും ഡ്രിങ്ക്സ് പതുക്കെ നുണഞ്ഞു തുടങ്ങി. അത്ര പരിചയമുള്ള സ്വാദല്ല, എങ്കിലും കുഴപ്പമില്ല, വല്ല പഴച്ചാറുകള്‍ കൊണ്ട് ഉണ്ടാക്കിയ വിശേഷ മദ്യമായിരിക്കും. കുറച്ചു വീര്യമുണ്ടെങ്കിലും കുഴപ്പമില്ല.

കൂടെ കഴിക്കാന്‍ മേശപ്പുറത്ത് പല വിഭവങ്ങളും നിരന്നു തുടങ്ങി. അതില്‍ പലതും അവര്‍ രുചി നോക്കുവാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ക്ക് ഒരു പിടിയും കിട്ടുന്നില്ല.. പച്ചരിചോറും, നൂഡില്‍സും മുളയുടെ കൂമ്പും മാത്രം അവര്‍ തിരിച്ചറിഞ്ഞു..

ബാക്കി പലതിലും ജീവന്‍ ഉണ്ടെന്നു തോന്നിക്കുന്ന പല ജീവികളെയും കണ്ടു എന്നവര്‍ക്ക് തോന്നി... തോന്നിയതാകാം...!!

ജോണ്‍ പതുക്കെ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന മട്ടില്‍ മിസ്‌ ഹാംഗിന്‍റെ അടുത്തേയ്ക്ക് ചെന്നു.

അവരുടെ പുറകിലെ കൌണ്ടറില്‍ നിറയെ ലഹരിക്കുപ്പികള്‍ നിരത്തിയിരിക്കുന്നു.

അതില്‍ ഒന്ന്‍ ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു, ദിസ്‌ ഈസ്‌ വാട്ട് യു ട്രൈഡ്‌ നൌ... വെരി വെരി സ്പെഷല്‍..ദിസ്‌ ഈസ്‌ ഫോര്‍ വൈറ്റാലിറ്റി ..!!

ഇതില്‍ ഒന്നാണ് നിങ്ങള്‍ ഇപ്പോള്‍ രുചിച്ചത്..ഇത് പൌരുഷവും ധൈര്യവും കൂടാന്‍ വേണ്ടിയാണത്രേ...!!

ജോണ്‍ സൂക്ഷിച്ചു നോക്കി, ഒരു മദ്യക്കുപ്പിയില്‍ മൂര്‍ഖന്‍ പാമ്പ്‌, അടുത്തതില്‍ വലിയ കറുത്ത തേള്‍. ഇങ്ങനെ പല വിഷ ജീവികളും പല പല കുപ്പികളില്‍..!!

എന്‍റെ ദൈവമേ, ഇതാണോ ഞാന്‍ ഇപ്പോള്‍ അകത്താക്കിയത്..



ജോണിന് വയറ് പൊങ്ങി മറയുന്നത് പോലെ..തല ചുറ്റുന്നത്‌ പൊലെ.. നെറ്റിയില്‍ ചെറിയ വിയര്‍പ്പ് കണികകള്‍ പടര്‍ന്നു..

കാലുകള്‍ തളരുന്നു...അവിടെ നില്‍ക്കാന്‍ അവന് വിഷമം തോന്നിത്തുടങ്ങി. അവന്‍ തിരിഞ്ഞു വിദ്യയെ നോക്കി.

കാര്യം അത്ര ശരിയല്ല എന്നറിഞ്ഞ വിദ്യ ജോണിനെ പിടിച്ചു കസേരയില്‍ ഇരുത്തി. ജോണിന് ആധി അധികമായി. ഉടനെ കിടക്കണമെന്ന് തോന്നി...

ഹാംഗിനും കാര്യങ്ങള്‍ അത്ര ശരിയല്ല എന്ന്‍ തോന്നിയിട്ടുണ്ടാകണം.

ഹാംഗും വിദ്യയും പിടിച്ച് അവനെ അടുത്തുള്ള സോഫയില്‍ കിടത്തി.

വിദ്യയ്ക്ക് കാര്യം മനസ്സിലായെങ്കിലും പുറത്ത് പറഞ്ഞില്ല. അവനും അത്ര നല്ല അവസ്ഥയില്‍ അല്ല...!!

അര മണിക്കൂര്‍ മയങ്ങിയ ജോണ്‍ മയക്കം ഉണര്‍ന്ന ഉടനെ വിദ്യയോട് ചോദിച്ചു, അളിയാ, നീ എന്‍റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തിരുന്നോ..
ഇല്ല എന്ന്‍ വിദ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

നമുക്ക് അടുത്ത ഫ്ലൈറ്റിന് സ്ഥലം വിടാം. ഇവിടെ നിന്നാല്‍ ശരിയാകില്ല, ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം....!!

വിദ്യ അത് കേട്ടു ചിരിച്ചു കൊണ്ട് ചോദിച്ചു, അപ്പൊ നിന്‍റെ ഹാംഗോ..

ഏത് ഹാംഗ്, ഇനി നമ്മുടെ നാട്ടില്‍ പോയിട്ടേ ഏത് ഹാംഗും ഉള്ളു, ജോണിന്‍റെ ചുണ്ടില്‍ ഒരു വിളറിയ ചിരി വിടര്‍ന്നു.

നിനക്ക് നാട്ടിലെ ഹാംഗിനെ പരിചയപ്പെടാമല്ലോ..വിദ്യയും കൂടെ ചിരിച്ചു.




















Wednesday, 9 January 2019

കോഴിയങ്കം



Featured post on IndiBlogger, the biggest community of Indian Bloggers



ഞാന്‍ ആറാം ക്ലാസ്സിലെ കണക്ക് പരീക്ഷയില്‍ തോറ്റു.

ശ്രീധരന്‍ മാഷ്‌ തോറ്റവരെയൊക്കെ പ്രത്യേകം പ്രത്യേകം കണ്ടു, ഒരു കൈയില്‍ ഉത്തരക്കടലാസും, മറ്റേ കൈയ്യില്‍‍ ചോക്ക് പൊട്ടുമായി…!!

ചോക്ക് പൊട്ടുകൊണ്ട് തുടയിലെ തൊലി കൂട്ടിപ്പിടിച്ചു തിരുമ്മികൊണ്ട് മാഷ്‌ ചോദിച്ചു, കണക്കൊന്നും തലയില്‍ കേറണില്ല അല്ലേ, സമയം മെനക്കെടുത്താതെ നിനക്കൊക്കെ കോഴിയെ വളര്‍ത്തിക്കൂടെടാ പോയിട്ട്, അച്ഛനും അമ്മയ്ക്കും വല്ല ഉപകാരമെങ്കിലും ആവും അത്…!!

ഒരുതരം അസഹ്യമായ പൊള്ളുന്ന വേദന. വേദനകൊണ്ട് കാലും തുടയും താനേ പൊങ്ങിയും താണും കൊണ്ടിരുന്നു. ക്രമേണ വേദന ഒരു വിറയലായി ദേഹമാസകലം വ്യാപിച്ചു.

മാഷ്‌ പിടി വിട്ടുവെങ്കിലും കാല്‍ അങ്ങനെത്തന്നെ നില്‍ക്കുകയാണ്. പൂര്‍ വ സ്ഥിതിയിലാകാന്‍ മറന്നുപോയ വിറയ്ക്കുന്ന കാലും തുടയും പതുക്കെ പതുക്കെ തടവിക്കൊണ്ട് നിറ കണ്ണുകളോടെ വേച്ച് വേച്ച് ഞാന്‍ ഏറ്റവും പുറകിലുള്ള ബഞ്ചിലേക്ക് നടന്നു.

കൂട്ടുകാര്‍ പലരും സഹതാപത്തോടെ നോക്കുന്നു. ചിലരുടെ ഊഴം കഴിഞ്ഞിരിക്കുന്നു. ചിലര്‍ കാത്തിരിക്കുന്നു….!!

നല്ല മാര്‍ക്ക് കിട്ടിയവര്‍ ചെറു പുഞ്ചിരിയോടെയാണോ നോക്കുന്നത് എന്നെനിക്ക് തോന്നി…!!

വേദന കുറച്ചു ശമിച്ചു തുടങ്ങിയപ്പോള്‍ എന്‍റെ മനസ്സില്‍ മാഷ്‌ പറഞ്ഞ കോഴിയുടെ കാര്യം നാമ്പെടുത്തു.

ഇനി ഇങ്ങനെ വെറുതെ നടന്നാല്‍ പറ്റില്ല, കണക്കില്‍ നല്ല മാര്‍ക്ക് വാങ്ങണം, കോഴിമുട്ട എണ്ണാനും കണക്കറിയണമല്ലോ…!!

ദിവസങ്ങള്‍ അധികം മുന്നോട്ടു പോയില്ല.. കാര്യങ്ങള്‍ വേഗം തന്നെ തെളിഞ്ഞു തുടങ്ങി. കണക്കിലെ ഗുണിക്കലും,ഹരിക്കലും പഠിക്കുന്നതിലും ഭേദം കോഴിയെ വളര്‍ത്തകയായിരിക്കും നല്ലത്..
കോഴി വളര്‍ത്തല്‍ അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല, അച്ഛനമ്മമാര്‍ക്ക് എന്തെങ്കിലും ഉപകാരവുമാകുമല്ലോ..!!

ഒരു ഞായറാഴ്ച്ച അബ്ദുക്ക പതിവുപോലെ കോഴികളെ, കയറു കെട്ടിയ വലിയ കുട്ടയില്‍ ചുമന്ന്‍ വില്‍ക്കാന്‍ കൊണ്ട് പോകുന്നു.

അബ്ദുക്കാ, കോഴിണ്ടോ...ഞാന്‍ അബ്ദുക്കയെ നീട്ടി വിളിച്ചു.
അബ്ദുക്ക വീട്ടില്‍ വന്നാപ്പിന്നെ കോഴിയെ വാങ്ങിപ്പിക്കാതെ വിടില്ല. അത്രയ്ക്ക് ചപ്പടാച്ചിയാണ് മൂപ്പര്‍ക്ക്.

അബ്ദുക്ക കൊട്ടയിറക്കിയ ഉടനെ ഞാന്‍ കോഴികളുടെ വിലയൊക്കെ ചോദിച്ചു...എനിക്ക് വളര്‍ത്താന്‍ രണ്ട് കോഴികളെ വേണം. ..!!

അമ്മ എതിര്‍ക്കുന്നതിന് മുന്‍പ്തന്നെ അബ്ദുക്ക കാര്യം മനസ്സിലാക്കി, മൂന്ന്‍ കോഴിക്കുഞ്ഞുങ്ങളെ പുറത്തെടുത്തു. ഒരു പൂവനും രണ്ടു പിടയും.

അമ്മ, ഇതൊന്നും ഇവിടെ വേണ്ട എന്ന് പറഞ്ഞ് എതിര്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ അബ്ദുക്ക വിട്ടില്ല.. ങ്ങള് ഇതിന് കായൊന്നും തരണ്ടാന്നും, ‍ മോന്‍ ഇതിനെ വളര്‍ത്തട്ടെ… കോഴി, മുട്ടയിടാന്‍ തുടങ്ങുമ്പോ കായ് തന്നാ മതി…

ഇനിയിപ്പോ അമ്മ എന്ത് പറഞ്ഞാലും അബ്ദുക്ക കേക്കില്ല. കോഴിക്കുഞ്ഞുങ്ങളെ എനിക്ക് കിട്ടിയത് തന്നെ…!!

അങ്ങനെ അബ്ദുക്ക തനിക്ക് നഷ്ടം പറ്റാത്ത രീതിയില്‍ കച്ചവടം നടത്തി, കാശും വാങ്ങിപ്പോയി.

തന്‍റെ സ്വന്തം കോഴികളെ കണ്ട് എനിക്ക് അഭിമാനവും സന്തോഷവും തോന്നി.

ഞാന്‍ ആലയില്‍ അവയ്ക്ക് ഒരു കുഞ്ഞു കൂട് ഉണ്ടാക്കി.

അവയ്ക്ക് നെല്ലും, അരിയും, തവിട് കൂട്ടിക്കുഴച്ച ഗോതമ്പ് ഉരുളയും ധാരാളം കൊടുത്തു. വേഗം വളര്‍ന്ന് മുട്ടയിടട്ടെ..

മൂന്നു മാസങ്ങള്‍ കൊഴിഞ്ഞു വീണതറിഞ്ഞില്ല.

പൂവന്‍റെ തലയിലെ ചുവന്ന പൂവ് അതിവേഗം തെളിഞ്ഞു തുടങ്ങി. കൂടെ പിന്നിലെ അങ്കവാലും മുളച്ചു.. ഞാന്‍ അവന് ചൊങ്കന്‍ എന്ന്‍ പേരിട്ടു. ചുവന്ന പൂവും അങ്കവാലും ഉള്ള വീരന്‍‍…!!

ഞാന്‍ ചൊങ്കാ എന്ന്‍ വിളിച്ചാല്‍ സഖിമാരുമോത്ത് അവന്‍ ഓടി വരും.

അതിരാവിലെ എല്ലാവരെയും കൂക്കി ഉണര്‍ത്തുന്ന പണിയും അവന്‍ ഏറ്റെടുത്തു.

ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ അവരുടെ ഇടയില്‍ ഒരു വില്ലന്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത വീട്ടിലെ ദാമുവേട്ടന്‍റെ പൂവന്‍.

അവന്‍ ചൊങ്കനേക്കാള്‍ ഉയരവും തടിയും ഉള്ളവനായിരിന്നു. അവന്‍ എന്‍റെ ചൊങ്കനെ കൊത്തിയോടിച്ചു.


ചൊങ്കന്‍ പലപ്പോഴും കൂട്ടത്തില്‍ ചേരാന്‍ നോക്കിയെങ്കിലും നടന്നില്ല. ചൊങ്കന്‍ പെട്ടെന്ന്‍ ഒറ്റയ്ക്കായ പ്രതീതി.

അവന്‍റെ ബാല്യകാല സഖിമാര്‍ ഇപ്പോള്‍ ദാമുവേട്ടന്‍റെ പൂവന്‍റെ കൂടെയാണ് നടക്കുന്നത്. ആര്‍ക്കും സംഭവിക്കാവുന്ന ഒരു പ്രത്യേക വിഷമ സ്ഥിതി.

ഞാന്‍ ആ പൂവനെ കല്ലെറിഞ്ഞോടിച്ചു. അവന്‍ കുറച്ചു നേരം മാറി നില്‍ക്കുമെങ്കിലും ഉടനെ വീണ്ടും തിരിച്ചു വരും.

ദാമുവേട്ടന്‍റെ വീട്ടില്‍ അഞ്ചാറ് പിടക്കോഴികള്‍ ഉണ്ട്, അതൊന്നും പോരാഞ്ഞിട്ട് അവന്‍ ഇവിടെ വന്നു മേയുന്നു….എന്‍റെ ചോങ്കനെ ഒറ്റപ്പെടുത്തുന്നു, കൊച്ചാക്കുന്നു...എന്തെങ്കിലും ചെയ്തേ പറ്റൂ..‍.

ഇങ്ങനെ ദിവസങ്ങള്‍ തുടര്‍ന്നു. എന്‍റെ ചൊങ്കന്‍റെ ആത്മ വിശ്വാസം കുറഞ്ഞു തുടങ്ങിയോ എന്ന്‍ സംശയം.

ഇങ്ങനെ പോയാല്‍ ചൊങ്കന്‍ ജീവിത കാലം മുഴുവന്‍ അങ്കവാലും നാട്ടയില്‍ തിരുകി നടക്കേണ്ടി വരും. ..അത് ശരിയാകില്ല...
ഞാന്‍ ദാമുവേട്ടന്‍റെ പൂവനെ ഒരിക്കല്‍ ചതിയില്‍ പിടിച്ചു, എന്നിട്ട് കഞ്ഞി വെള്ളത്തില്‍ മുക്കി വിട്ടു. നനഞ്ഞ കോഴിക്ക് ആത്മ വീര്യം കുറയുമത്രെ..അതും കഞ്ഞിവെള്ളത്തിലാകുമ്പോള്‍ ആക്കം കൂടും.

എന്നിട്ട് ആ തക്കം നോക്കി ഞാന്‍ ചൊങ്കനെ അവന്‍റെ മുന്നില്‍ കൊണ്ടുപോയി ഇട്ടു. എതിരാളി ചെറുതാണെന്ന് അവന് തോന്നിയാലോ..

പക്ഷേ അത് കുറച്ചു നേരത്തേക്ക് മാത്രമായിരുന്നു. ചൊങ്കന്‍ ഒന്ന് എതിര്‍ക്കാന്‍ നോക്കിയെങ്കിലും, കാര്യം മനസ്സിലായപ്പോള്‍ പേടിച്ച് ജീവനും കൊണ്ടോടി.

പിന്നൊരിക്കല്‍ ഞാന്‍ ആ വില്ലനെ കൂട്ടില്‍ ഇട്ടടച്ചു. അവിടെ പട്ടിണി കിടക്കട്ടെ. ക്ഷീണിക്കുമ്പോ ചൊങ്കനെ മുന്‍പില്‍ കൊണ്ടുപോയി വിടാം.

അതും വലിയ ഫലം കണ്ടില്ല. ചൊങ്കന്‍ അമ്പേ പേടിച്ചിരിക്കുന്നു.

ഇടക്കിടയ്ക്ക് ചില ചില്ലറ എതിര്‍പ്പുകള്‍ നടന്നെങ്കിലും ചൊങ്കന് അധികനേരം പിടിച്ചു നില്‍ക്കാനാകുന്നില്ല.

ഞാനും ചൊങ്കനും എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി.

പക്ഷെ ഞാന്‍ അവന് കൂടുതല്‍ നല്ല ആഹാരങ്ങള്‍ കൊടുത്ത് ആത്മ വിശ്വാസം കൂട്ടിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന പിടക്കോഴികള്‍ മുട്ടയിട്ടു തുടങ്ങി.

പാവം ചൊങ്കന്‍, അത് അവനെ ആകെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകണം. അവന്‍ പലപ്പോഴും കിണറ്റിന്‍റെ മതിലിലും, മരത്തിന്‍റെ ഉയരത്തെ കൊമ്പത്തും കയറി നില്‍ക്കുന്നത് കാണാന്‍ തുടങ്ങി.

അവന്‍റെ ജീവിത പരാജയം, അവനെ ഏതെങ്കിലും അത്യാഹിതത്തില്‍ കൊണ്ടു ചെന്നെത്തിക്കുമോ എന്ന്‍ ഞാന്‍ ഭയന്നു.

പക്ഷെ അവന്‍ നല്ല ആഹാരം കഴിച്ച് ഉയരവും തടിയും കൂട്ടിക്കൊണ്ടിരുന്നു.

ഇടക്കിടയ്ക്ക് വില്ലന്‍ കോഴിയോടുള്ള എതിര്‍പ്പ് കൂടുതല്‍ കാണിച്ചു കൊണ്ടിരുന്നു, എല്ലാം പരാജയത്തില്‍ കലാശിച്ചുവെങ്കിലും.

എനിക്ക് കണക്കിലെ കൂട്ടലിലും ഹരിക്കലിലും ഒന്നും ശ്രദ്ധയില്ലാതെയായി. എങ്ങനെയെങ്കിലും ചൊങ്കനെ ജയിപ്പിക്കണം.

ക്രിസ്തുമസ് പരീക്ഷ അടുത്തടുത്തു വരുന്നു. ഇടയില്‍ പല ക്ലാസ് പരീക്ഷകളും.

ഇടയ്ക്ക് ശ്രീധരന്‍ മാഷ്‌ കണ്ടപ്പോള്‍ കോഴിയെ വളര്‍ത്തുന്ന കാര്യം ചിരിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു. ഞാന്‍ പതുക്കെ തലയാട്ടി. മാഷ്‌ അതത്ര കാര്യമായി എടുത്തില്ല എന്ന്‍ തോന്നുന്നു.

ഒരു ദിവസം രാവിലെ ഞാന്‍ പഠിക്കാന്‍ പുസ്തകവുമായി പൂമുഖത്തേയ്ക്ക് നടന്നു.

തൊടിയില്‍ നിന്ന്‍ കോഴികളുടെ ഒച്ചയും ബഹളവും കേള്‍ക്കുന്നതായി തോന്നി. ഞാന്‍ ജനലിലൂടെ എത്തി നോക്കിയപ്പോള്‍ ആ വില്ലന്‍ പൂവന്‍ ‍ ചൊങ്കനെ കൊത്താന്‍ പുറകെ ഓടുകയാണ്.

പൊടുന്നനെ ചൊങ്കന്‍ തിരുഞ്ഞു നിന്നു. അവന്‍ തിരിച്ച് എതിര്‍ക്കാന്‍ തുടങ്ങി. ആ കയര്‍പ്പിന്‍റെ ശക്തികണ്ട് വില്ലന്‍ ഒന്ന്‍ അമ്പരന്നു.

ചൊങ്കന്‍ വിട്ടില്ല. അവന്‍ ആഞ്ഞു കൊത്തി. നഖവും കൊക്കും ഉപയോഗിച്ച് എതിര്‍ത്തു.

ആ എതിര്‍പ്പില്‍ വില്ലന് പേടി പടര്‍ന്നു. അവന്‍ തിരിഞ്ഞ് ഓടാന്‍ തുടങ്ങി. ചൊങ്കന്‍ പുറകെയും.

അവര്‍ അങ്ങനെ ദാമുവേട്ടന്‍റെ വേലിയരികില്‍ എത്തി. തന്‍റെ സ്ഥലത്തെത്തിയാലുള്ള ആത്മവിശ്വാസം കൊണ്ട് ആകാം, വില്ലന്‍ തിരഞ്ഞു നിന്നു.

അവര്‍ അവിടെ അങ്കത്തട്ടിലെന്ന പോലെ ചാടിയും പറന്നും അങ്കം വെട്ടി. രണ്ടു പേരുടെയു ചുകന്ന പൂവില്‍ നിന്നും രക്തം ഒഴുകി. തൂവലുകള്‍ പറന്നുയര്‍ന്നു..

അല്‍പ സമയത്തെ യുദ്ധത്തിനു ശേഷം ചൊങ്കന്‍ ക്ഷീണിക്കുന്ന ലക്ഷണങ്ങള്‍. വില്ലന്‍ ആഞ്ഞു കൊത്തി.

അതിര്‍ത്തിയില്‍ നിന്ന് വില്ലന്‍ ചൊങ്കനെ തുരത്താന്‍ തുടങ്ങി. ചൊങ്കന്‍ ഓടി. പുറകെ വില്ലനും.

രണ്ടുപേരും എന്‍റെ വീടിന്‍റെ മുറ്റത്തെ പുളിമരച്ചുവട്ടിലേയ്ക്ക്.

വീടിനു മുന്നില്‍ എത്തിയപ്പോള്‍ ചൊങ്കന്‍ ധൈര്യം സംഭരിച്ച് തിരിഞ്ഞു നിന്നു. അവിടെ പൊരിഞ്ഞ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

വില്ലന്‍ തീരെ പ്രതീക്ഷിക്കാത്ത പല അടവുകളും ചൊങ്കന്‍ പുറത്തെടുത്തു. ഇതു കണ്ടു ഭയന്ന വില്ലന്‍ ഓട്ടം തുടങ്ങി. പുറകെ ചൊങ്കനും.

അതിര്‍ത്തി എത്തുന്നതിന് മുന്‍പ് അവര്‍ തിരിച്ചിങ്ങോട്ട്, പുളിച്ചുവട്ടില്‍ നിന്നങ്ങോട്ട്‌…ഓടിനടന്നുള്ള അങ്കം..

അങ്ങനെ സിനിമയെ വെല്ലുന്ന സംഘട്ടനങ്ങള്‍. ഞാന്‍ പഠിക്കാന്‍ എടുത്ത കണക്ക് പുസ്തകം തുറക്കുക പോലും ചെയ്യാതെ ഈ യുദ്ധം, എല്ലാം മറന്ന്, നോക്കി നിന്നു...

അരമണിക്കൂര്‍ നേരത്തെ, അതിര്‍ത്തികള്‍ കയറിയിറങ്ങിയ യുദ്ധത്തിനൊടുവില്‍ വില്ലന്‍ വേലി കടന്ന്‍ ദാമുവേട്ടന്‍റെ വീട്ടിലേക്കോടി.

ചൊങ്കന്‍ വിജയക്കൊടി പാറിച്ചു കൊണ്ട് മടങ്ങി വരുന്നു. അവന്‍ സഖിമാരുടെ അടുത്തേക്കോടി...അവരുടെ മുന്നില്‍ ഒരു പ്രത്യേക തരം നൃത്തം ചവിട്ടി. ആനന്ദ നൃത്തം...സാംബാ….!!

അപ്പോഴേയ്ക്ക് അമ്മ അടുക്കളയില്‍ നിന്ന്‍ വിളിച്ചു ചോദിക്കുന്നു. എടാ നിനക്ക് സ്കൂളില്‍ പോകാന്‍ സമയമായില്ലേ?…

സമയം വൈകിയത് ഞാന്‍ അറിഞ്ഞതേയില്ല. കയ്യില്‍ കിട്ടിയ പുസ്തകങ്ങളൊക്കെ പെറുക്കിക്കെട്ടി ഞാന്‍ സ്കൂളിലേക്കോടി..

വഴിയിലൂടെ തുള്ളിച്ചാടി ഓടുന്നതിനിടയില്‍ എന്‍റെ ചുണ്ടില്‍ മൂളിപ്പാട്ട് വിടര്‍ന്നു..

തെളിഞ്ഞു പ്രേമ യമുന വീണ്ടും..
ഒഴിഞ്ഞു ബാഷ്പ മേഘ വര്‍ഷം...

ക്ലാസ്സില്‍ ആദ്യത്തെ പീരീഡില്‍ത്തന്നെ ശ്രീധരന്‍ മാഷ്‌ കടന്നു വരുന്നത് കണ്ട് ഞാന്‍ ഞെട്ടി, ഇന്ന് കണക്ക് പരീക്ഷയാണ്….!!