Saturday, 29 November 2025

ഗിരിധര്‍ കണ്ട സിംഗപ്പൂര്‍



 


അങ്ങനെ അവര്‍ മലേഷ്യയില്‍ നിന്നും ഉച്ചയോടെ സിംഗപൂറിലെ ചാംഗി വിമാനത്താവളത്തില്‍ ഇറങ്ങി. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് പല തവണ കിട്ടിയ ചാംഗി എയര്‍പോര്‍ട്ട്. അവിടത്തെ ഇമിഗ്രേഷന്‍ ചടങ്ങുകള്‍ എല്ലാം അത്യന്താധുനികം ആണ്. എല്ലാം ഓട്ടോമാറ്റിക്. കൈ വിരലുകള്‍ കമ്പ്യൂട്ടറില്‍ സ്കാന്‍ ചെയ്യുക, മുഖത്തിന്‍റെ ഫോട്ടോ എടുക്കുക, പാസ്പോര്‍ട്ട്‌ സ്കാന്‍ ചെയ്യുക എന്നിവ കഴിഞ്ഞാല്‍ എമിഗ്രേഷന്‍ കഴിഞ്ഞു. വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ കഴിയും. പക്ഷേ കാര്യങ്ങള്‍ വളരെ കര്‍ശനമാണ് താനും.

മൂന്ന് ദിവസം മുന്‍പ് മലേഷ്യക്ക് പോകുമ്പോള്‍ ഇവിടത്തെ എയര്‍പോര്‍ട്ടിന്‍റെ പല ഭാഗങ്ങളും അവര്‍ നടന്ന് കണ്ടിരുന്നു. ഒരു ഭാഗത്ത്‌ അപൂര്‍വ്വ സസ്യങ്ങളും വൃക്ഷങ്ങളും കൊണ്ട് ഒരു കാട് തന്നെ അതിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നു. അതിനിടയില്‍ വെള്ളച്ചാട്ടങ്ങള്‍. നിറയെ വെള്ളച്ചാട്ടങ്ങളുള്ള കേരളത്തിലെ ഒരു കുന്നിന്‍ താഴ്വരയില്‍ ചെന്നു നില്‍ക്കുന്ന പ്രതീതി. പല സ്ഥലങ്ങളിലും അവര്‍ നിലത്ത് നടന്നു പോകുന്നിടത്ത് അക്വേറിയം ഉണ്ടാക്കിയിരിക്കുന്നു. താഴെ തെളിഞ്ഞ വെള്ളത്തില്‍ പല പല നിറങ്ങളിലും ആകൃതിയിലും ഉള്ള മത്സ്യങ്ങള്‍ നീന്തി രസിക്കുമ്പോള്‍ മുകളില്‍ അത് കണ്ടുകൊണ്ട്‌ നമുക്ക് നടക്കാം.

പണ്ട് മയന്‍ എന്ന ഗന്ധര്‍വ ശില്പി പാണ്ഡവര്‍ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ ഒരു അതുല്യ കൊട്ടാരം പണിത് കൊടുത്തിരുന്നു. അത് കാണാന്‍ വന്ന ദുര്യോധനന് അതിനകത്ത് കയറിയപ്പോള്‍ സ്ഥല ജല ഭ്രമം ഉണ്ടായത് പോലെ അവര്‍ക്ക് ആദ്യം ആ ഭ്രമം ഉണ്ടായി. ഇത് വെള്ളമോ നിലമോ ഇവിടെ ചവിട്ടാമോ എന്നൊക്കെയുള്ള ആശങ്കയോടെ അവര്‍ അതിനു മുകളില്‍ പതുക്കെ കാലെടുത്തു വച്ചു. ദ്രൌപദിയുടെ ചിരി കേള്‍ക്കുന്നുണ്ടോ.. ഗിരി ഒരു ചെറിയ ചമ്മലോടെ മെല്ലെ തലപൊക്കി നോക്കി . അപ്പോള്‍ അവര്‍ എല്ലാവരും അതേ പരിഭ്രമത്തിലാണ്...!! ആ ചമ്മലാണ് ചിരിയായി കേട്ടത്. അവന് തെല്ല് ആശ്വാസമായി. എന്തൊരു ഭംഗിയാണ് താഴെ നീന്തുന്ന മത്സ്യങ്ങളെയും ജീവികളെയും സസ്യങ്ങളെയും കാണാന്‍.

എന്തായാലും അവര്‍ പുറത്തെത്തിയപ്പോള്‍ ഒരു സര്‍ദാര്‍ജി പ്ലക്കാര്‍ഡും പിടിച്ചു നില്‍ക്കുന്നു , അവരെ എതിരേല്‍ക്കാന്‍. അദ്ദേഹമാണ് അവരെ ഹോട്ടലിലേയ്ക്ക് കൊണ്ടുപോകുന്നത്.

സര്‍ദാര്‍ജി പോകുന്ന വഴിക്ക് പൊടി ഇംഗ്ലീഷിലും ബാക്കി ഹിന്ദിയിലുമായി പലതും പറഞ്ഞു. ഒരു 20 മിനുട്ട് നേരത്തേ കൊച്ചു യാത്രക്ക് ശേഷം അവര്‍ ഹോട്ടലില്‍ എത്തി. എയര്‍പോര്‍ട്ടിനു അധികം ദൂരെയല്ലാതെ തന്നെയാണ് സിംഗപ്പൂര്‍ സിറ്റി തന്നെ. കേരളത്തിന്‍റെ ഒരു ജില്ലയുടെ വലിപ്പമുള്ള രാജ്യത്ത് എല്ലാം അടുത്തടുത്തു തന്നെ ആയിരിക്കുമല്ലോ. എങ്കിലും തുടര്‍ച്ചയായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. അവിടുത്തെ ജീവിത നിലവാരം അവിശ്വസനീയമാണ്.

വില്ലേജ് കടോംഗ് എന്ന ഹോട്ടലില്‍ ആണ് അവര്‍ക്ക് താമസം. ഒരു കാലത്ത് ഗ്രാമമായിരുന്ന സ്ഥലമായിരിക്കാം അത്. ടൌണില്‍ നിന്ന് കുറച്ചു ദൂരെയാണ്. താഴത്തെ നിലയില്‍ സൂപ്പര്‍ മാര്‍ക്കെറ്റ്. കടകളും ഓഫീസുകളും. മുകളിലത്തെ നിലകളില്‍ വിശാലമായ മുറികള്‍. എല്ലാ സൗകര്യങ്ങളും ഉണ്ട് ഒന്നൊഴികെ. കക്കൂസില്‍ പോയാല്‍ ഇരുന്നിടത്ത് ഇരുന്ന് കഴുകാന്‍ ഒരു നിവൃത്തിയുമില്ല. ജെറ്റോ പൈപ്പോ ഒന്നും കൈ എത്തുന്ന ദൂരത്ത്‌ വച്ചിട്ടില്ല. ഭാഗ്യത്തിന് ഒരു ചില്ലപ്പുറത്ത് കുളിക്കാന്‍ ഉള്ള സൌകര്യമുണ്ട്. കേരളീയര്‍ കുളിക്കാനുള്ള ജെറ്റ് കൊണ്ട് കാര്യം സാധിക്കും. മറ്റുള്ളവര്‍ തുടച്ചിട്ട് പോകും!!!

ലഗ്ഗേജ്, റൂമില്‍ വെച്ച ഉടനെ അവര്‍ ഉച്ചക്കുള്ള ആഹാരം അന്വേഷിച്ചിറങ്ങി. ഭാഗ്യത്തിന് അടുത്തു തന്നെ സബ് വേയും മക് ഡിയും തായ് കറിയും ഒക്കെ കിട്ടുന്ന മാള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഉച്ചയ്ക്കുള്ള ആഹാരം കുശാലായി.

വൈകുന്നേരം നാലുമണിക്കാണ് അവരെ സിറ്റി ടൂറിന് കൊണ്ടുപോകുന്നത്. നാല് മണിക്ക് തന്നെ ബസ്സ്‌ വന്നു. ബസ്സില്‍ ഗൈഡും ഡ്രൈവറും ഒക്കെയായി ഒരു തമിഴന്‍ മാത്രമേയുള്ളൂ. അയാള്‍ക്കാണെങ്കില്‍ മൂക്കത്താണ് ശുണ്ഠി. ‍അയാള്‍ marina bay sands-ല്‍ വണ്ടി കൊണ്ടുപോയി നിറുത്തിയിട്ട്‌ ഇറങ്ങിപ്പോയി കാഴ്ചകളെല്ലാം കണ്ടിട്ട് വേഗം തിരിച്ചു വരുവാന്‍ പറഞ്ഞു. അയാളോട് ടിക്കറ്റ് വിവരങ്ങളും കാണേണ്ട സ്ഥലങ്ങളും ചോദിച്ചപ്പോള്‍ 'ഞാന്‍ വണ്ടി ഓടിക്കുമോ അതോ നിങ്ങള്‍ക്ക് സ്ഥലം കാണിച്ചു തരുമോ' എന്ന് യാത്രക്കാരോട് തട്ടിക്കയറി. ഇതെന്തൊരു വിരോധാഭാസം. ഇതിപ്പോ 'കൈയ്യി കെടക്കണ പൈസേം കൊടുത്തിട്ട് കടിക്കണ പട്ടിയെ വാങ്ങിയ' മട്ടായല്ലോ...!! പൈസ എണ്ണി കൊടുത്തിട്ട് അന്യ രാജ്യത്ത് വന്ന് തെറി കേള്‍ക്കണോ. എന്തായാലും ഡ്രൈവറുമായി വഴക്കിട്ട് അവര്‍ താഴെയിറങ്ങി.

ടിക്കറ്റ് നേരത്തേ തന്നു വച്ചിരുന്നത് കൊണ്ട് എന്ത് കാണണം എന്ന് അവര്‍ക്ക് ഒരു ഊഹമുണ്ടായിരുന്നു. തനിയെ അവര്‍ കാണാന്‍ പോയത് സിംഗപ്പൂര്‍ ഐ ആണ്. ഭീമാകാരമായ ചക്രത്തില്‍ ഇരുപതു പേര്‍ക്കെങ്കിലും നില്‍ക്കാവുന്ന വലിയ air conditioned കാപ്സ്യൂളുകള്‍. ലോകത്തിലെ ഏറ്റവും വലിയ ഐ ഫ്ലയര്‍ ആണ് ഇത്. ചിലതില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഡൈനിംഗ് ടേബിളുകള്‍ ഒരുക്കിയിട്ടുണ്ട്. ചിലതില്‍ കിടന്നുറങ്ങാവുന്ന ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഉറങ്ങാനാണോ വേറെ എന്തിനെങ്കിലുമാണോ അത് എന്നറിയില്ല...അവന്‍റെ മനസ്സില്‍ കുസൃതി ചിന്തകള്‍ പലതും വന്നു, അവന്‍ ഇപ്പോള്‍ കുട്ടിയല്ലേ...!!

താമസിയാതെ അവരുടെ ഊഴം വന്നു. ജയന്റ് വീല്‍ നില്‍ക്കാതെ പതുക്കെ കറങ്ങികൊണ്ടിരിക്കുകയാണ്. അവര്‍ അതിനൊത്ത് അതിനകത്തേയ്ക്ക് കയറി. ഇരിക്കാന്‍ ഇരിപ്പിടമുണ്ടെങ്കിലും അവര്‍ എല്ലാവരും ചില്ലിനരികില്‍ ആകാംക്ഷയോടെ, അതിശയത്തോടെ നിന്നു. സിംഗപ്പൂര്‍ എന്ന അത്യാകര്‍ഷക നാടിനെ ഉയരങ്ങളിലുള്ള ആകാശത്തില്‍ നിന്നും കണ്‍കുളിരെ കാണാന്‍. ആ ഭീമാകാര ചക്രം മുകളിലേയ്ക്ക് പോകുന്നത് അറിയുന്നതേയില്ല. വളരെ പതുക്കെ പൊങ്ങി..വളരെ പതുക്കെ താഴത്തേയ്ക്ക് വരുന്ന വിധത്തിലാണ് അതിന്‍റെ ചുറ്റല്‍. മുകളില്‍ നിന്നും കടലും, കരയും, കാടും, അത്യാകര്‍ഷക രീതിയില്‍ പണിത നിര്‍മ്മിതികളും, അംബര ചുംബികളും എല്ലാം കൌതുകത്തോടെ അവര്‍ കണ്ടു.

അടുത്ത കാഴ്ച Merlion എന്ന പ്രസിദ്ധമായ marina bay sands ന് അടുത്തുള്ള സ്ഥലമാണ്. ധാരാളം സഞ്ചാരികള്‍ പട്ടണത്തിന്‍റെ ആകര്‍ഷണീയത കാണാന്‍ ബോട്ടില്‍ സഞ്ചരിക്കുന്നു. ആ ഉള്‍ക്കടല്‍ തീരത്ത് ഉടല്‍മത്സ്യത്തിന്‍റെയും തല സിംഹത്തിന്‍റെയും ആയി നില്‍ക്കുന്ന ഒരു വെളുത്ത ശില്പ്പത്തിന്‍റെ വായില്‍ നിന്ന് കടലിലേയ്ക്ക് വെള്ളം തുപ്പിക്കൊണ്ട് നില്‍ക്കുന്നതാണ് പ്രധാന ആകര്‍ഷണം. ആ വെള്ളം വായിലേക്കോ കൈയിലേക്കോ പിടിക്കുന്ന ഫോട്ടോ എടുക്കാന്‍ സഞ്ചാരികളുടെ തിരക്ക്. ഈ ശില്‍പ്പം സിംഗപ്പൂരിന്‍റെ മുക്കുവ ചരിത്രത്തെ എടുത്തു കാണിക്കുന്നു. അതിന്‍റെ അടുത്ത പ്രദേശത്തോക്കെ കടലില്‍ നിന്നും വരുന്ന മന്ദ മാരുതന്‍ ആസ്വദിച്ചുകൊണ്ട് രുചികരമായ ഭക്ഷണം കഴിക്കാനുള്ള ഭക്ഷണ ശാലകള്‍. ആകെ തിരക്ക് മയം.

സന്ധ്യയായപ്പോള്‍ അവര്‍ അവിടുത്തെ Garden by the bay യിലെ പ്രസിദ്ധമായ ‘Garden Rapsody’ എന്ന ലൈറ്റ് ആന്‍ഡ്‌ മ്യൂസിക്‌ ഷോ കാണാന്‍ പോയി. 7.45 ന് ആണ് ആ മ്യൂസിക്‌ ഷോ തുടങ്ങുന്നത്. അത് തുടങ്ങുന്നതിന് മുന്‍പ് തന്നെ അവിടമെല്ലാം കാണികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മിക്കവാറും പേര്‍ നിലത്തിരുന്നാണ് കാണുന്നത്. അത്രയ്ക്ക് വൃത്തിയാണ് അവിടമെല്ലാം. ചുറ്റിലും വലിയ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു വലിയ പാര്‍ക്കാണ് . അവയ്ക്കിടയില്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ കൂറ്റന്‍ വൃക്ഷങ്ങള്‍. ചെറുതും വലുതുമായ ആ വൃക്ഷങ്ങളില്‍ പൂക്കളാല്‍ പൊതിഞ്ഞ വള്ളികള്‍ പടര്‍ന്നിരിക്കുന്നു. ഷോ തുടങ്ങിയതോടെ സംഗീതത്തോടൊപ്പം ഈ വലിയ വൃക്ഷങ്ങളിലൊന്നില്‍ നക്ഷത്രക്കണ്ണുകള്‍ ചിമ്മി മറഞ്ഞു. പതുക്കെ പതുക്കെ അത് മറ്റ് വൃക്ഷങ്ങളിലേയ്ക്കും പടര്‍ന്നു. അങ്ങനെ ആ പ്രദേശമാകെ മനോഹര സംഗീതവും അതിനൊത്ത് വൃക്ഷ നക്ഷത്രങ്ങളുടെ നൃത്തവും കൊണ്ട് നിറഞ്ഞു, മാറ്റൊലിക്കൊണ്ടു. നിമിഷങ്ങള്‍ ഉതിര്‍ന്നു വീണതറിഞ്ഞില്ല. ആ പ്രദേശമാകെ കാണികളുടെ ഹര്‍ഷാരവം കൊണ്ട് മാറ്റൊലിക്കൊണ്ടു. ഷോ കഴിഞ്ഞിട്ടും ആര്‍ക്കും മതി വരുന്നില്ല. ആരും എഴുന്നേല്‍ക്കുന്നില്ല. അത്രയ്ക്ക് മനം കവരുന്ന ഒരു ദൃശ്യ വിരുന്നായിരുന്നു അത്. ഇങ്ങനെ പട്ടണത്തിന്‍റെ പല ഭാഗത്തായി പല പല മ്യൂസിക് ഷോകള്‍ നടക്കുന്നുണ്ടത്രേ...ടിക്കറ്റ് വച്ചും അല്ലാതെയും.

രാത്രിയിലെ ആഹാരത്തിനു ശേഷം കൂടെയുള്ളവര്‍ പറഞ്ഞതനുസരിച്ച് അവര്‍ മുസ്തഫ സെന്‍ററിലേയ്ക്ക് പോയി. അവിടെ വളരെ വലിയ ഒരു സൂപ്പര്‍ മാര്‍ക്കെറ്റ്. ഇത് Walmart ന്‍റെ ഒരു ഇന്ത്യന്‍ വേര്‍ഷന്‍ എന്ന് വേണമെങ്കില്‍ പറയാം. അവിടെ എന്തും കിട്ടും. ഇന്ത്യക്കാരും ബംഗ്ലാദേശികളുമൊക്കെ അവിടെ നിന്നാണ് താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നത്. നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ഗിഫ്റ്റ് സാധനങ്ങളും, ചോക്ലേറ്റും ഒക്കെ അവിടെ നിന്നും ആളുകള്‍ ധാരാളം വാങ്ങുന്നു.

തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ അവര്‍ ട്രാവല്‍ ഏജന്‍സിയോട് ഡ്രൈവറുടെ കാര്യങ്ങളും ഗൈഡില്ലാത്ത ബുദ്ധിമ്മുട്ടും പറയുവാന്‍ തീരുമാനിച്ചു. അതില്‍ ഡോക്ടര്‍ ആണ് മുന്‍കൈ എടുത്തത്. പല തരത്തിലുള്ള വാഗ്വാദങ്ങള്‍ക്ക് ശേഷം അവര്‍ നേര്‍ വഴിക്ക് വന്നു.

പിറ്റേന്ന് രാവിലെ കാഴ്ചകള്‍ കാണാന്‍ തയ്യാറായി വന്നപ്പോള്‍ അതാ ഒരു മദ്ധ്യവയസ്കനായ ചൈനീസ് ഗൈഡ്. അവര്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പ് തന്നെ അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു തരാന്‍ തുടങ്ങി. അദ്ധേഹത്തിന്‍റെ സംസാരത്തില്‍ നിന്നു തന്നെ മനസ്സിലായി സഞ്ചാരികളെ കൊണ്ടുനടക്കാന്‍ ധാരാളം പരിചയം ഉള്ള ആള്‍ ആണ് എന്ന്. ബസ്സില്‍ ഇരുന്ന് അദ്ദേഹം സിംഗപ്പൂറിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ പറഞ്ഞു തരികയുണ്ടായി. എല്ലാ അഞ്ചു വര്‍ഷവും സിംഗപ്പൂര്‍ മാറിക്കൊണ്ടിരിക്കുകയാണത്രേ. അവിടെ ഒരു കാറ് വാങ്ങുവാന്‍ ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ കെട്ടി വെയ്ക്കണമത്രേ..!! അത്രയ്ക്ക് കര്‍ശനമാണ് അവിടത്തെ നിയമങ്ങള്‍. അവര്‍ പരിസ്ഥിതിയെ അത്രത്തോളം ഗൗരവമായി കാണുന്നു.

അവര്‍ നേരെ പോയത് Sentosa Island ലേയ്ക്ക് ആണ്. അവിടെ കാഴ്ചക്കാര്‍ക്ക് പല പല ദൃശ്യ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം അവര്‍ കയറിയത് skyhelix ല്‍ ആണ്. എല്ലാവര്‍ക്കും ഒരുമിച്ച് വട്ടത്തില്‍ ഇരുന്ന് , 79 മീറ്റര്‍ ഉയരത്തില്‍ പോയി സിംഗപ്പൂരിന്‍റെ വിഹഗ വീക്ഷണം ആണ് ഇതിന്‍റെ പ്രധാന ആകര്‍ഷണീയത. ഡാന്‍സും പാട്ടുമായി അവര്‍ ആ ആകാശ പേടകത്തില്‍ കുറച്ചു നേരം ചിലവഴിച്ചു.

പിന്നെ അവര്‍ Madame Tussaud ലെ മെഴുകു കൊണ്ടുണ്ടാക്കിയ പല ലോക നേതാക്കളെയും പേരുകേട്ട ഹോളിവുഡ് ബോളിവുഡ് താരങ്ങളേയും പരിചയപ്പെട്ടു. അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു. Tricky eye മ്യൂസിയത്തില്‍ കാമറയിലൂടെ നോക്കിയാല്‍ ചുമര്‍ ചിത്രങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത് കണ്ടു. ഗിരിധറും കൂട്ടരും ജീവന്‍ വന്ന ആ പെയിന്റിങ്ങുകളുടെ കൂടെ ജീവിച്ചു. ഗിരിധര്‍ റിക്ഷയില്‍ മാഡത്തിനെ ഇരുത്തി വലിക്കുന്നത് കണ്ട് കൂടെയുള്ളവര്‍ ചിരിച്ചു. ഗിരിധര്‍ തനി കുട്ടി തന്നെ.

4D സിനിമയില്‍ അനിമേഷന്‍ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ, കൊച്ചു കുട്ടികളുടെ ഹീറോ ആയ, ഷ്രെക്കിന്‍റെ കൂട്ടുകാരന്‍ കഴുത തുമ്മിയപ്പോള്‍ മുഖത്ത് തെറിച്ച തുപ്പലുകള്‍ തുടച്ച് വിഡ്ഢിച്ചിരി ചിരിച്ച് രസിച്ചു. വേറൊരിടത്ത് സിനിമ സ്ക്രീനില്‍ നിന്ന് ഇറങ്ങി വന്ന എട്ടു കാലികള്‍ കാലില്‍ക്കൂടി കയറിയപ്പോള്‍ അയ്യോ എന്ന് കൊച്ചു കുട്ടികളെപ്പോലെ നിലവിളിച്ചു..പിന്നെ വിഡ്ഢിച്ചിരി ചിരിച്ചു.

അങ്ങനെ വൈകുന്നേരമായത് അവര്‍ അറിഞ്ഞില്ല.

രാത്രി നല്ല ആയില വറുത്തത് കൂട്ടി ആഹാരം കഴിച്ച് തൃപ്തരായി. പലരും രണ്ടും മൂന്നും ആയില വറുത്തത് മാത്രം കഴിച്ച് ഉപവാസം അനുഷ്ഠിച്ചു.

പിറ്റേ ദിവസം ഉച്ച തിരിഞ്ഞാണ് ഏജന്‍സി, ടൂര്‍ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. രാവിലെ എങ്ങനെ നല്ല രീതിയില്‍ ഉപയോഗിക്കാം എന്ന് ലീഡറും കൂട്ടുകാരും കൂടിയാലോചിച്ചു.

അങ്ങനെ പിറ്റേ ദിവസം രാവിലെ അവര്‍ Cloud forest, Flower dome കാണാന്‍ ഒരുങ്ങി. കൂടെ അവരുടെ ഗൈഡ് തലേ ദിവസം Oceanarium കാണേണ്ട ഒരു സ്ഥലമാണ്, അത് പുതുക്കി പണിത് തുറന്നത് 2025 ല്‍ ആണ് ...'you must see' എന്ന് പറഞ്ഞു. അവര്‍ അതും കാണാന്‍ തീരുമാനിച്ചു.

രാവിലെ തന്നെ ടാക്സി പിടിച്ച് ഗാര്‍ഡെന്‍ ബൈ ദ ബേ യില്‍ എത്തി. Cloud forest, Flower dome ഒരുമിച്ചാണ് ടിക്കറ്റ്.

Cloud forestചില്ലു കൊണ്ടൊരു കൊട്ടാര സമാനമാണ്. ഈ ഭീമാകാരനായ ചില്ലു ഡോമില്‍ കൂടിയാണ് ഇവിടെ സസ്യങ്ങള്‍ക്ക് സൂര്യപ്രകാശം കിട്ടുന്നത്. ഓരോ സ്ഥലങ്ങളില്‍ ഓരോ വിധം സസ്യങ്ങളും പൂക്കളും ആണ് ഇവിടെ കാടിനെ കാടാക്കി മാറ്റുന്നത്. ഡോമിന്‍റെ ഏറ്റവും മുകളില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ സമുദ്ര നിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തില്‍ വളരുന്ന സസ്യങ്ങളും പൂക്കളും കാണാം. അവിടെ നിന്ന് താഴേയ്ക്ക് നോക്കിയാല്‍ ഒരു മനോഹര താഴ്വര കാന്‍വാസില്‍ പകര്‍ത്തിയത് പോലെ. ഇടയ്ക്കിടക്ക് മൂടല്‍ മഞ്ഞ് ഈ വനത്തിനിടയിലൂടെ വന്ന് അവരെ പൊതിയും. പണ്ട് മൂന്നാറില്‍ നിന്ന് ദേവികുളത്തേയ്ക്ക് പോകുമ്പോള്‍ കണ്ട കാടും കോട മഞ്ഞും അവന്‍റെ മനസ്സില്‍ വന്നു നിറഞ്ഞു. മഞ്ഞിനോടൊപ്പം സന്തോഷവും കുളിര്‍മ്മയും മനസ്സില്‍ നിറയുന്നു. ഇതു വരെ കണ്ടിട്ടില്ലാത്ത സസ്യങ്ങള്‍, പല വര്‍ണ്ണ പൂക്കള്‍. കൂടെ കൃത്രിമ വെള്ളച്ചാട്ടവും. അവരെല്ലാവരും കൊച്ചു കുട്ടികളെപ്പോലെ അവിടെ ഓടി നടന്നു. എന്തിന്, അവിടെ വരുന്ന കൊച്ചു കുട്ടികളും വയസ്സന്മാരും ഒരുപോലെ ആനന്ദ നൃത്തത്തിലാണ്.

ഫ്ലവര്‍ ഡോം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര പൂക്കളാല്‍ നിറഞ്ഞതാണ്. യൂറോപ്പിലെ, ഹിമാലയത്തിലെ, കേരളത്തിലെ, ആമസോണിലെ എന്ന് വേണ്ട ലോകമെമ്പാടുമുള്ള വസന്തം ഇവിടെ എക്കാലവും വിരിഞ്ഞു നില്‍ക്കുന്നത് കാണാം. രണ്ട് മൂന്നു മാസങ്ങളില്‍ ഇതിന്‍റെ നിറങ്ങളും ഭംഗിയും തരവും മാറിക്കൊണ്ടിരിക്കും. ഇതൊക്കെ കണ്ട് ഒരു ചേടത്തിയമ്മ പറഞ്ഞു. ഇപ്പോള്‍ അഞ്ചും നാലും (54) അല്ല, ഒന്‍പതാണെന്നാണ് ‍തോന്നുന്നത് എന്ന്. അവര്‍ ഒന്‍പത് വയസ്സില്‍ പാറി നടക്കട്ടെ. അപ്പോള്‍ ഗിരിധര്‍ വിചാരിച്ചു...ആറും ഒന്നും (61) എഴല്ലേ ആകൂ. അപ്പോള്‍ ഞാനല്ലേ കൊച്ചു കുട്ടി. അവന്‍റെ മനസ്സിലെ സന്തോഷം ഒരു മന്ദസ്മിതമായി പുറത്തു വന്നു. അതിന്‍റെ കുസൃതിത്തരം ഇപ്പോഴും അവനുണ്ട്. അവന് ഒരു പൂമ്പാറ്റയായി അവിടമെല്ലാം പാറി നടക്കാന്‍ തോന്നി. ഓരോ വര്‍ണ്ണപ്പൂക്കളില്‍ നിന്നും മധുരമുള്ള തേന്‍ നുകര്‍ന്നു കൊണ്ട്. അവന്‍റെ കുട്ടിക്കാലത്ത് നാടിന്‍റെ മടിത്തട്ടില്‍ പൂക്കളേയും മരങ്ങളേയും തൊട്ട് തലോടി സ്നേഹിച്ച് ഓടി നടന്നിരുന്ന കാലം അവന്‍റെ മനസ്സില്‍ കുളിര് കോരിയിട്ടു.

oceanaurium ഇപ്പോള്‍ പുതുക്കിപ്പണിത marine park ആണ്. ഇത് 6 chapters ഉം 22 zones ഉം ഉള്ള വിശാലമായ അക്വേറിയം ആണ്. രണ്ട് മണിക്കൂറെങ്കിലും നടന്ന് കാണേണ്ട ആകര്‍ഷകമായ സ്ഥലം. അവര്‍ക്ക് കണ്ടിട്ടും കണ്ടിട്ടും മതിയാകാത്ത വിവിധ വര്‍ണ്ണ മത്സ്യങ്ങള്‍. നിറത്തിലും ആകാരത്തിലും വളരെ വ്യത്യസ്തമായാവ. പൂമ്പാറ്റകളേക്കാള്‍ ‍ഭംഗിയുള്ളവ. അവരെ പ്രത്യകം ആകര്‍ഷിച്ചത് പനോരമ ദൃശ്യത്തിലുള്ള കടലിന്‍റെ അടിത്തട്ടാണ്. ആ ഭീമാകാരന്‍ ചില്ലില്‍ വലിയ വലിയ മത്സ്യങ്ങള്‍ നീന്തി നടക്കുന്നത് കാണാം. കൂടെ കുഞ്ഞവയും. അവിടെ ഒരുക്കിയ മങ്ങിയ ലൈറ്റുള്ള ഗാലറിയില്‍ ഇരുന്ന് ആ ശാന്തത എത്ര വേണമെങ്കിലും ആസ്വദിക്കാം. ഇത് കാണാന്‍ ചിലര്‍ കൊച്ചു കുട്ടികള്‍ക്കൊപ്പം അവിടെ ഇരിക്കുന്നു, ചിലര്‍ meditation ല്‍ ഇരിക്കുന്നു.

പിന്നെ ഒരു ആകര്‍ഷണം ചെമ്മീനുകളെക്കൊണ്ട് manicure നടത്തുന്നതാണ്. കൈ ഇട്ടാല്‍ അവര്‍ പതുക്കെ വന്ന് കൈയില്‍ പൊതിയും. ഒരുതരം ചെറിയ ഇക്കിളിയോടെ അവര്‍ വിരലുകള്‍ക്കിടയിലൂടെ ഉരുമ്മിക്കൊണ്ടിരിക്കും. ഇവിടത്തെ ടിക്കറ്റ് മുഴുവന്‍ ദിവസവും ചിലവഴിക്കാന്‍ ഉള്ളതായത് കൊണ്ട് കാഴ്ചക്കാര്‍ സാവധാനമായി കണ്ടു പഠിച്ചാണ് നടക്കുന്നത്.

ഉച്ചയ്ക്ക് ലിറ്റില്‍ ഇന്ത്യയില്‍ നിന്ന് ഊണ് കഴിഞ്ഞ് അവര്‍ ബൂഗി സ്ട്രീറ്റിലേക്കാണ് പോയത്. ബൂഗി സ്ട്രീറ്റ് സാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന സ്ഥലമാണ്. കൂടെ കുറച്ച് വിലപേശലുമുണ്ട്. ബാഗുകള്‍ തുണിത്തരങ്ങള്‍ സോവനീറുകള്‍ ഇവ എല്ലാം മിതമായ വിലയ്ക്ക് കിട്ടും. മാര്‍ക്കെറ്റില്‍ എത്തിയ ഉടനെ ബാഗുകളും പല പല സാധനങ്ങളും അവര്‍ വിലപേശലോടെ വാങ്ങാന്‍ തുടങ്ങി. ഒരു സിംഗപ്പൂര്‍ ഡോളറിന് നാല് ജോഡി കമ്മല്‍. അതും made in Korea. പെണ്ണുങ്ങള്‍ വിടുമോ?!!

ഗിരിയും ശ്രീമതിയും കൂടി ഒരു ബാഗ് വാങ്ങാന്‍ ഒരു കടയില്‍ കയറി. ശ്രീമതി ബാഗ് തിരയാന്‍ തുടങ്ങി. അകത്തു കടന്ന ഗിരിധറിനെ നോക്കി അവിടത്തെ വനിത ചിരിച്ചു കൊണ്ട് രണ്ടു വിരലുയര്‍ത്തി വിക്ടറി സൈന്‍ കാണിച്ചു. ആദ്യം അവനത്‌ ശ്രദ്ധിച്ചില്ല, മനസ്സിലായില്ല. വീണ്ടും വിരലുയര്‍ത്തി ചിരിച്ചുകൊണ്ട് ആ വനിത ചോദിച്ചു..can you see this..!! കറുത്ത കണ്ണട വച്ചിരുന്ന അവന്‍ തെല്ലൊന്ന് പകച്ചു. അവള്‍ തന്നോട് തന്നെ ആണ് പറയുന്നത് എന്ന് അപ്പോള്‍ ആണ് അവന് മനസ്സിലായത്‌. അവന്‍ കണ്ണട മെല്ലെ മാറ്റി. വനിത വീണ്ടും ചോദിച്ചു... Can’t you see this..? അവന്‍ തെല്ലു ചിരിയോടെ പറഞ്ഞു yes..yes..now I can see..!! Thanks. ഇവിടത്തെ പെണ്‍കുട്ടികള്‍ ഇത്ര friendly ആണോ. മലേഷ്യയിലെ പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ എന്ന് വിചാരിച്ചു. ഇപ്പോള്‍ സിംഗപ്പൂര്‍ കുട്ടികളും പുറകിലല്ല.

തന്നോട് വിക്ടറി സൈന്‍ കാണിക്കുകയോ...അതും ഒരു സിംഗപ്പൂര്‍ വനിത. പ്രായം പെട്ടെന്ന് കുറഞ്ഞത് പോലെ. ഒരു തല നരച്ച യുവാവ്, എന്തു പറയണമെന്നറിയാതെ പരുങ്ങി നില്‍ക്കുന്നു. നാട്ടിലായിരുന്നുവെങ്കില്‍ കടക്കാരി 'എന്തവാ വേണ്ട്യെ.. അങ്കിളേ' അല്ലെങ്കില്‍ വല്ല്യപ്പച്ചോ എന്നൊക്കെ വിളിച്ചേനെ..!!

തലയില്‍ രണ്ട് മുടിയേ ഉള്ളുവെങ്കില്‍ അതും കറുപ്പിക്കുന്ന കാലം. എന്തോ..നമ്മുടെ നാടിന് കറുപ്പിനോട് വല്ലാത്ത ഒരു ആഭിമുഖ്യം ആണ് എന്ന് തോന്നുന്നു. തലയും താടിയും മീശയും വരെ കറുപ്പിക്കലാണ്. ആദ്ധ്യാത്മിക നേതാക്കള്‍ വരെ ഈ ഭ്രമത്തില്‍ നിന്ന് മുക്തരല്ല.

ഇവിടെ അവര്‍ക്ക് കറുപ്പും വെളുപ്പും ഒന്നും പ്രശ്നമല്ല എന്ന് തോന്നുന്നു.

You look great with these sun glasses...ആ കിളിനാദം വീണ്ടും മൊഴിഞ്ഞു. അവന്‍ ധൈര്യം സംഭരിച്ച് സംസാരിക്കാന്‍ തുടങ്ങി. Hai, thank you very much for your complements..!! Is this your shop.. അവള്‍ പറഞ്ഞു..yes. അവന്‍ തുടര്‍ന്നു..Your good name? അവള്‍ പറഞ്ഞു..Misa..

Are you from Singapore?..yes.

Where are you from...India........Great..!!

അപ്പോള്‍ പുറകില്‍ നിന്നും ശ്രീമതിയുടെ ശബ്ദം... ഗിരീ, ഈ ബാഗൊന്നു നോക്കൂ..നല്ലതാണെങ്കില്‍ വാങ്ങാം. തല്‍ക്കാലം ആ വനിതയോട് excuse me പറഞ്ഞ് അവന്‍ പുറകിലേയ്ക്ക് തിരിഞ്ഞു. പുറകില്‍ ശ്രീമതി ബാഗും പിടിച്ചുകൊണ്ട് നില്‍ക്കുന്നു. ഇനി നമുക്ക് ബാഗ് വാങ്ങാം അതാണ്‌ നല്ലത്!! ബാഗും വാങ്ങി അവര്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ അവള്‍ അവനോട് bye പറഞ്ഞു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്നൊക്കെ പറയുന്നത് പോലെ, മിസാ.. 'നീ എന്നെ ചെറുപ്പക്കാരനാക്കി’..good bye.!!

അവിടെ നിന്ന് അവര്‍ എല്ലാവരുമൊത്ത് സന്ധ്യക്ക് ‍ Sentosa island ല്‍ Wings of Time എന്ന മ്യൂസിക്കല്‍ ഫൌണ്ടന്‍ ഷോ കാണാന്‍ പോയി. കടല്‍ തീരത്തായി ഒരുക്കിയിരിക്കുന്ന ഒരു 3D ഫൌണ്ടന്‍ ഷോ. ഒരു പക്ഷി തന്‍റെ കൂട്ടുകാരനായ കൊച്ചു കുട്ടിയുമൊത്ത് കാലത്തിന് പുറകിലേയ്ക്ക് പറന്നു പോകുന്ന ഒരു കഥ. വെടിക്കെട്ടും, ഫൌണ്ടനും, ലേസറും, വെള്ളവും കൂടി വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരു നല്ല ഷോ. ആയിരങ്ങളാണ് ആ ഷോ കാണാന്‍ കടല്‍ത്തീരത്ത് തടിച്ചു കൂടുന്നത്.

പതിവ് പോലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ആഹാരം കഴിച്ച് അവര്‍ ഹോട്ടലിലെത്തി.

പിറ്റേ ദിവസം രാവിലെ Universal Studio ആണ് കാണാന്‍ പോകുന്നത്. Universal Studio ധാരാളം ride കളും 4D ഷോ കളും കൊണ്ട് നിറഞ്ഞ ഒരിടമാണ്. അത് മുഴുവന്‍ കാണാന്‍ ഒരു ദിവസം മുഴുവന്‍ പോര. Sentosa island ല്‍ ആണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ Los Angeles ല്‍ ഉള്ള Universal Studio യുടെ ഒരു ചെറിയ രൂപം. അവിടെ ന്യൂയോര്‍ക്ക്, ബോളിവുഡ്,ജുറാസിക് പാര്‍ക്ക്, റോക്ക് ക്ലൈമ്പിങ്ങ്, സൈ ഫൈ ട്രാന്‍സ്ഫോര്‍മേര്‍സ്, ancient Egypt, 4D തീയേറ്ററുകള്‍ എന്നിങ്ങനെ ദിവസം മുഴുവന്‍ ചിലവഴിക്കാന്‍ പറ്റിയ പല സംഗതികളും ഉണ്ട്.

രാവിലെ അവര്‍ ഒരു റൈഡ് നടത്തിയപ്പോഴേയ്ക്കും മഴ തുടങ്ങി. നിറുത്താതെ മഴ. അവിടമെല്ലാം ചുറ്റി നടന്ന് ‍ sifi ഉം, ന്യൂയോര്‍ക്ക് theme ഉം മറ്റും കണ്ട അവര്‍ ഇനി ഇന്‍ഡോര്‍ റൈഡുകള്‍ ആസ്വദിക്കാമെന്നു തീരുമാനിച്ചു. ഓരോ സ്ഥലത്തും നീണ്ട ക്യൂ ആണ്. അര മണിക്കൂര്‍ ഒരു മണിക്കൂര്‍ ക്യൂ നിന്നാല്‍ അഞ്ചാറ് മിനുട്ടുള്ള ഒരു റൈഡില്‍ കയറാം. അങ്ങനെ ദിവസം മുഴുവനും ചിലവഴിച്ചാലും എല്ലാ റൈഡിലും കയറാന്‍ പറ്റില്ല. അതിന്‍റെ ആവശ്യവും തോന്നിയില്ല.

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അവര്‍ ഒരു റൈഡ് ആസ്വദിക്കുവാന്‍ തീരുമാനിച്ചു. അവിടെ വളരെ പേരുകേട്ട ഒരു റൈഡ് ആണ് Ancient Egypt. എല്ലാവരും പ്രകീര്‍ത്തിക്കുന്ന ത്രില്ലുള്ള ഒരു റൈഡ്. അവര്‍ അതില്‍ കയറാന്‍ തയ്യാറായി. അകത്ത് കയറുന്നതിന് മുന്‍പായി ബാഗുകളെല്ലാം അവരുടെ ലോക്കറില്‍ സൂക്ഷിക്കണം. ഓരോ ലോക്കറും ഉപയോഗിക്കാന്‍ തുറക്കുമ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ഇടണം. അത് തന്നെയാണ് റൈഡ് കഴിഞ്ഞ് വരുമ്പോള്‍ തുറക്കാന്‍ ഉപയോഗിക്കേണ്ടത്.

അവരുടെ കൈയ്യില്‍ കൂടുതല്‍ ബാഗുകളുള്ളത് കൊണ്ട് ഒന്നില്‍ തികഞ്ഞില്ല. രണ്ടും മൂന്നും മറ്റൊരാള്‍ തുറന്നു. ബാഗുകളില്‍ പാസ്പോര്‍ട്ടും മറ്റ് പല വിലപ്പെട്ട documents ഉം ഉണ്ട്. അതെല്ലാം ലോക്കറില്‍ വച്ച് പൂട്ടി അവര്‍ അകത്തു കടന്നു.

വലിയ ക്യൂ. കടന്നു പോകുന്ന വഴിയെല്ലാം ഈജിപ്ഷ്യന്‍ മമ്മികളുടെ പേടിപ്പിക്കുന്ന രൂപങ്ങള്‍ പെട്ടെന്ന് അലറും, അസ്ഥികൂടം ഒടിഞ്ഞ് മുന്നിലേയ്ക്ക് വീഴും. ഇതെല്ലാം ഇരുണ്ട വെളിച്ചത്തിലാണ് കാണുന്നത്. കാണികളെ പേടിപ്പിക്കാനും അമ്പരപ്പിക്കാനും ഉള്ള എല്ലാ സംവിധാനങ്ങളും അവിടെ ഉണ്ട്. ക്യൂ പതുക്കെ പതുക്കെ നീങ്ങി അവര്‍ മുന്നില്‍ എത്തി.

അവര്‍ ‍റൈഡില്‍ കയറി. ഓരോരുത്തരേയും ബെല്‍റ്റ്‌ കൊണ്ട് മുറുക്കെ കെട്ടി. മുന്നില്‍ ഒരു സ്റ്റീല്‍ ബാറും വച്ചു. ഈ റൈഡിന് Revenge of the Mummy എന്നാണ് പറയുന്നത്. മുന്നില്‍ കുറ്റാ കൂരിരുട്ട്. Roller coaster പെട്ടെന്ന് മുന്നിലേയ്ക്ക് പാഞ്ഞു. കൂരിരുട്ടത്ത് എന്താണ് മുന്നില്‍ എന്നോ എവിടേക്കാണ് പോകുന്നതെന്നോ ഒരു പിടുത്തവുമില്ല. ചിലപ്പോള്‍ കുത്തനെ മുകളിലേയ്ക്ക് ചിലപ്പോള്‍ പെട്ടെന്ന് താഴേയ്ക്ക്. ഒരു മിനുട്ട് കഴിഞ്ഞപ്പോള്‍ ഗിരിയുടെ ഭാര്യ അവനോട് പറഞ്ഞു, ഇത് വേണമായിരുന്നോ..?! എനിക്ക് ഇരിക്കാന്‍ പറ്റുന്നില്ല. പോരാത്തതിന് ആഹാരം വയറ് നിറച്ച് കഴിച്ചിട്ടാണ് ഇങ്ങനത്തെ അറിയാത്ത ത്രില്ലിന് പുറപ്പെട്ടത്‌.

അത് പറഞ്ഞു കഴിയുമ്പോഴേയ്ക്കും റൈഡ് ഒരു കുഴിയിലേയ്ക്ക് വീഴുമ്പോലെ പെട്ടെന്ന് പുറകോട്ട് ഓടി. എല്ലാവരും കൂട്ട നിലവിളി. അവിടെ നിന്നും മുന്നോട്ട് ഓടി വേഗത്തില്‍ ഒരിടത്ത് കൊണ്ടുപോയി ഇടിച്ചു. അപ്പോഴുണ്ട് മമ്മി എന്ന ചിത്രത്തില്‍ കണ്ട കറുത്ത വണ്ടുകള്‍ ആയിരക്കണക്കിന് പുറത്തു വരുന്നു. മമ്മിയുടെ നിലവിളിയും. അവിടെ നിന്ന് ഇരുട്ടത്ത്‌ പല ഗുഹകളിലൂടെയും, ആണെന്ന് തോന്നുന്നു, അത് പാഞ്ഞു. വണ്ടി നിറുത്തിയപ്പോഴേയ്ക്കും എല്ലാവരും ഒരു പരുവത്തിലായിരുന്നു, പ്രത്യേകിച്ച് ഗിരിയുടെ ഭാര്യ.

അവര്‍ പുറത്ത് കടന്ന് ലോക്കറിലെ സാധനങ്ങള്‍ എടുക്കാന്‍ തുടങ്ങി. ആദ്യത്തെ ലോക്കര്‍ തുറന്നു. സാധനങ്ങള്‍ എടുത്തു. രണ്ടാമത്തേയും മൂന്നാമത്തേയും ലോക്കര്‍ തുറക്കുന്നില്ല. പാസ്സ്‌വേര്‍ഡ്‌ ശരിയായിട്ടാണ് ഇടുന്നതെന്ന് പറയുന്നു, പക്ഷേ തുറക്കുന്നില്ല. അവസാനം അവര്‍ അതിന്‍റെ in-charge നെ വിളിച്ചു. വീണ്ടും പലതവണ ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയമായപ്പോള്‍ അയാള്‍ പുറകില്‍ നിന്ന് സര്‍ക്യൂട്ട് ബൈ പാസ് ചെയ്ത് ഒരു ലോക്കര്‍ തുറന്നു. ആ ലോക്കറില്‍ ഗിരിയുടെ ഭാര്യയുടെ ബാഗ് ആണ് ഉണ്ടായിരുന്നത്. അയാള്‍ ആ ബാഗില്‍ നിന്ന് identity കാണിക്കുവാന്‍ പറഞ്ഞു. എടുത്ത ആളുടെ തന്നെ ആണ് സാധനങ്ങള്‍ എന്നതിന് തെളിവ്.

ആ ബാഗിലല്ല പാസ്പോര്‍ട്ട് വച്ചിരുന്നത്. ആ ബാഗില്‍ ഒരു identity card ഉം ഇല്ല. നിമിഷനേരം കൊണ്ട് അയാളുടെ ഭാവം മാറി. ആദ്യം പതുക്കെ പിന്നെ ഉറക്കെ അയാള്‍ identity ചോദിച്ചു കൊണ്ടേയിരുന്നു. ഭാഗ്യത്തിന് മൊബൈല്‍ ആ ബാഗിലാണ് വച്ചിരുന്നത്. അതിലുള്ള ഏതെങ്കിലും identity കാണിക്കൂ എന്നായി. നിര്‍ഭാഗ്യവശാല്‍ പാസ്പോര്‍ട്ടിന്‍റെ കോപ്പി വെപ്രാളത്തില്‍ തുറക്കുന്നില്ല. അയാള്‍ക്ക്‌ സംശയം കൂടി. അയാള്‍ പോലീസിനെ വിളിക്കുമെന്നായി. ഗിരിയുടെയും ഭാര്യയുടെയും നെഞ്ചിടിപ്പ് കൂടി. അവളുടെ മൊബൈലില്‍ ഒന്നും തുറക്കാത്ത മട്ടായി.

തല്‍ക്കാലം നീണ്ട ശ്വാസം വലിച്ച് അവള്‍ വീണ്ടും പതുക്കെ അവിടെ നിന്നും എടുത്ത ഗ്രൂപ്പ് ഫോട്ടോ തുറക്കാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് അത് തുറന്നു. ആ ഫോട്ടോ അയാള്‍ക്ക് കാണിച്ചു കൊടുത്തു. അതില്‍ ഭാര്യയുടെ ഫോട്ടോ കണ്ട് തല്ക്കാലം അയാള്‍ സമ്മതിച്ചു. പിന്നെ അടുത്ത ലോക്കറും അതുപോലെ തുറന്നു. അതില്‍ ഗിരിയുടെയും ഭാര്യയുടെയും പാസ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് കാണിച്ചു കൊടുത്തു. അപ്പോഴാണ്‌ അയാള്‍ക്ക്‌ വിശ്വാസം വന്നത്. അവര്‍ ഭാഗ്യം കൊണ്ട് തലനാരിഴയ്ക്ക് രക്ഷപെട്ടു. റൈഡിന് മുകളില്‍ ഡബിള്‍ റൈഡ്.

അവിടെ നിന്ന് ഇറങ്ങുമ്പോഴും ഗിരിയുടെ നെഞ്ചിടിപ്പ് കുറഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു, അവര്‍ക്ക് തെറ്റ് പറ്റിയതാകാനേ വഴിയുള്ളൂ. അതെ അതെ, ടെക്നോളജിയില്‍ നമ്മള്‍ തന്നെയാണ് മുന്നില്‍. ഇന്ത്യക്കാര്‍ സിംഗപ്പൂര്‍ ടെക്നോളജിയെ തോല്‍പ്പിച്ചിരിക്കുന്നു. പക്ഷേ.. ഇന്ന് ഗിരിയും ഭാര്യയും സിംഗപ്പൂറിലെ ജയിലില്‍ ഗോതമ്പുണ്ട തിന്നിരിക്കേണ്ടി വന്നേനെ...!! ഇനിയിപ്പൊ സിംഗപ്പൂറിലെ ജയിലില്‍ ഗോതമ്പുണ്ടയ്ക്ക് പകരം വല്ല തവളക്കാല് ചുട്ടതോ ഞണ്ട് ചുട്ടതോ മറ്റോ ആണോ ആവോ....!!

ഗിരിയുടെ ഭാര്യ പറഞ്ഞു. ഇനി എനിക്ക് തല്‍ക്കാലം കുറച്ച് നേരം ഇരിക്കണം. ബാക്കിയുള്ളവര്‍ വേണമെങ്കില്‍ പൊക്കോട്ടെ. അത്രയ്ക്ക് ഭയങ്കരമായിരുന്നു രണ്ടാമത്തെ ബമ്പര്‍ റൈഡ്. പുറത്ത് കോരിച്ചൊരിയുന്ന മഴ. അവര്‍ രണ്ട് പേരും ആ മഴയും ആസ്വദിച്ച് പലരും പടിഞ്ഞിരിക്കുന്ന ഒരു തിണ്ണയില്‍ നനഞ്ഞ തുണികളൊക്കെ പിഴിഞ്ഞ് വെറുതേ കുറച്ചു നേരം അങ്ങനെ ഇരുന്നു. ബാക്കിയുള്ളവര്‍ കറങ്ങി വേഗം തിരിച്ചു വന്നു. വൈകുന്നരമായി, ഇനി തിരിച്ചു പോകാം, ഇന്ന് മടങ്ങേണ്ട ദിവസമാണ്.

ഹോട്ടലില്‍ എത്തി അവര്‍ തയ്യാറായി ലോബിയില്‍ എത്തി. അവന്‍ കൌണ്ടറില്‍ key card കൊടുക്കുന്നത്തിനിടയില്‍ കൌണ്ടറില്‍ ഉള്ള വനിതയുടെ name plate അവള്‍ കേള്‍ക്കെ വായിച്ചു... Nisa..Beautiful name. അവള്‍ ചിരിച്ചു കൊണ്ട് അവനെ നോക്കി. thank you..!!. Key കൊടുത്ത് തിരിയുന്നതിനിടയില്‍ അവള്‍ മെല്ലെ വിളിച്ചു, excuse me..please keep my card..you may contact me whenever you wish...!!

അവര്‍ വണ്ടിയില്‍ കയറിയപ്പോള്‍ ആ വിസിറ്റിംഗ് കാര്‍ഡ് അപ്പോഴും അവന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. അവളുടെ പേര് കൈയ്യൊപ്പ് പോലെ എഴുതിയിരിക്കുന്നു. നിസ... ഇനി ഒരിക്കലും അവളെ കാണുകയോ വിളിക്കുകയോ ഇല്ലെന്നറിഞ്ഞിട്ടും അവന്‍ ആ കാര്‍ഡ് മെല്ലെ പോക്കറ്റില്‍ ഇട്ടു.

Bye very friendly Misa....Nisa...!!! ഇത്ര കര്‍ശന നിയമങ്ങള്‍ ഉള്ള സിംഗപ്പൂര്‍ മലേഷ്യയേക്കാള്‍ friendly ആണ് എന്ന് അവര്‍ കരുതിയിരുന്നില്ല. ഇനി ഇപ്പോള്‍ തിരിച്ചു പോകേണ്ട സമയമായിരിക്കുന്നു. വീണ്ടും കാണാം എന്ന് ആശിക്കാം...Bye friendly and beautiful Singapore..!!

Picture courtesy: Wikipedia





No comments: