Saturday, 4 June 2022

ഹരിദ്വാര്‍ എന്ന ജീവിത കവാടം 2 of 3



 

രാവിലെ അഞ്ചുമണിക്ക് അലാറം അടിക്കും മുന്‍പേ തന്നെ കണ്ണു തുറന്നു. രാത്രി തല, തലയിണയില്‍ തൊട്ടതേ ഓര്‍മ്മയുള്ളൂ. ജയചന്ദ്രന്‍റെ ബാക്കി പാട്ട് ഒരുപക്ഷേ അവന്‍ ഉറക്കത്തില്‍ മൂളിയിട്ടുണ്ടാകും..

അവന്‍ പല്ലുതേച്ച് വേഗം പുറത്തേയ്ക്കിറങ്ങി, അവനും മായയ്ക്കും ഉള്ള ചായ കൊണ്ടുവരാന്‍. അന്നപൂര്‍ണ്ണയ്ക്ക് മുന്നില്‍ ചായ നിറച്ച കാന്‍ വച്ചിരിക്കുന്നു. അടുത്തു തന്നെ കഴുകി വൃത്തിയാക്കിയ ഒരു അമ്പത് സ്റ്റീല്‍ ഗ്ലാസ്സുകള്‍ അടുക്കി വച്ചിരിക്കുന്നു. അന്തേവാസികള്‍ മാത്രമല്ല പല കാവി വസ്ത്രക്കാരും അല്ലാത്തവരും വരുന്നു, ചായ കുടിക്കുന്നു, ഗ്ലാസ്‌ കഴുകി വയ്ക്കുന്നു...പോകുന്നു. ചിലര്‍ കൊച്ചു പാത്രങ്ങളില്‍, കമണ്ഡലുവില്‍ നിറയ്ക്കുന്നു. അവന് അപ്പോഴാണ്‌ മനസ്സിലായത്‌ ആവശ്യക്കാരായ സാധുക്കള്‍ക്ക് ആര്‍ക്കും അവിടെ വന്നാല്‍ രാവിലെ ചായ കിട്ടും. അവന്‍റെ മുന്നില്‍ത്തന്നെ ഒരു കാന്‍ കഴിഞ്ഞ്, നിറഞ്ഞ അടുത്ത കാന്‍ വന്നു. പശുവിന്‍ പാലില്‍ ഉണ്ടാക്കിയ ചായ ഏവര്‍ക്കും മതിയാവോളം. കൂടെ പൂച്ചകളുമുണ്ട് ചായകുടിച്ച് ഉറക്കച്ചടവ് മാറ്റാന്‍.

രാവിലത്തെ ചായ കുടി കഴിഞ്ഞ് കുളിക്കാനായി അവര്‍ നദിക്കടവിലേയ്ക്ക് നടന്നു. നേരം പരപരാ വെളുത്തു തുടങ്ങിയിരിക്കുന്നു. നല്ല കുളിര്‍മ്മയുള്ള കാലാവസ്ഥ. കടവില്‍ പലരും കുളിക്കുന്നുണ്ട്, ജപിക്കുന്നുണ്ട്. തുടുത്ത നിറമുള്ള ബാലസൂര്യന്‍ മലമടക്കുകളില്‍ നിന്നും ഒളിച്ചു നോക്കുന്നു. അവന്‍റെ കുങ്കുമ ചെപ്പ് നദിയിലും അല്‍പ്പം കലക്കിയിരിക്കുന്നു. കുറച്ചകലെയായി ഒരു സ്ത്രീ മടിയില്‍ വച്ച കൈയില്‍ താമരപ്പൂവും പിടിച്ചുകൊണ്ട് ധ്യാനത്തില്‍ മുഴുകി ഇരിക്കുന്നു. പുലര്‍കാലത്ത്‌ ഗംഗയുടെ ഈ ചിത്രം എത്ര പേര്‍ക്ക് ആത്മനിര്‍വൃതിയേകുന്നുണ്ടാകും. ഗംഗ എന്നും എവിടെയും അങ്ങനെയാണ്. ഗംഗോത്രിയില്‍ നീര്‍ച്ചാലായി, ഭാഗീരഥിയായി ഉല്‍ഭവിക്കുന്നത് മുതല്‍ ബംഗാളില്‍ അവളുടെ ആത്മസാക്ഷാത്കാരമെന്ന സമുദ്രത്തില്‍ ചേരുന്നത് വരെ എത്ര ആയിരങ്ങള്‍ക്ക്, ലക്ഷങ്ങള്‍ക്ക് അവള്‍ ആത്മനിര്‍വൃതിയേകുന്നുണ്ടാകും. ‍

ബാബു പതുക്കെ വെള്ളത്തിലേയ്ക്കിറങ്ങി. വെള്ളത്തിന്‌ നല്ല തണുപ്പ്. അനന്ദുവിനെ കയ്യില്‍ എടുത്ത് ആദ്യം അവന്‍റെ കാല്‍ വെള്ളത്തില്‍ മുക്കി. പിന്നെ പതുക്കെ അവന്‍റെ ചന്തി ഒന്ന് വെള്ളത്തില്‍ തൊട്ടു. തണുപ്പിന്‍റെ കാഠിന്യം കൊണ്ട് അവനൊന്ന് പുളഞ്ഞു. പക്ഷേ വേഗം അവന്‍ മുങ്ങാന്‍ തയ്യാറായി. മൂന്ന് മുങ്ങല്‍. അവനെ തോര്‍പ്പിച്ചു നിറുത്തി ബാബുവും മായയും മുങ്ങി. ഓരോ മുങ്ങലിലും ഹിമാലയത്തിലെ മഞ്ഞുരുകി വരുന്ന ആ തണുത്ത വെള്ളത്തിലെ എവിടെയും മുങ്ങിയാല്‍ കിട്ടാത്ത ഒരു പ്രത്യേക സുഖം, സന്തോഷം. താന്‍ പ്രകൃതിയുമായി ആത്മബന്ധത്തിലാണെന്ന ഒരു തോന്നല്‍, ഉള്‍വിളി. തന്‍റെ സന്തോഷക്കണ്ണുനീരും ഹിമവാന്‍റെ സന്തോഷക്കണ്ണുനീരും ഒന്നാകുന്ന ഒരു ആത്മനിര്‍വൃതി. ആ അനുഭവത്തെ എന്തു പേരിട്ടു വിളിച്ചാലും കൊള്ളാം അതൊരു അനുഭൂതിയാണ്. ആത്മനിര്‍വൃതിയാണ്.

രാവിലത്തെ പ്രാതല്‍ കഴിഞ്ഞ ഉടനെ ഒരു പ്രഭാത ചിരിയോടെ ഗോപാല്‍ജി എത്തി. ഹരിദ്വാര്‍ ചുറ്റിക്കാണിക്കാന്‍.

ഗോപാല്‍ജി പറഞ്ഞു, ആദ്യം നമ്മുടെ ഗോശാലയില്‍ നിന്ന് തുടങ്ങാം. അവരുടെ ആശ്രമത്തില്‍ നിന്ന് വീണ്ടും ഒരു കിലോമീറ്റര്‍ ഗ്രാമത്തിനകത്തേയ്ക്കുള്ള നാട്ടുവഴിയിലൂടെ പോകണം ഗോശാലയിലെത്താന്‍. ഏകദേശം നൂറ് പശുക്കള്‍ പാലുതരുന്ന ഒരു വലിയ ഗോശാല. പലതരം പശുക്കള്‍. കൊമ്പുള്ളതും, കൊമ്പില്ലാത്തവയും. പൂഞ്ഞുള്ളതും ഇല്ലാത്തവയും. വലിയ അമ്മിഞ്ഞയുള്ളതും, ഇല്ലാത്തവയും. കറുപ്പു നിറം മാത്രമായുള്ളവര്‍, വെളുപ്പുനിറം മാത്രമായുള്ളവര്‍. പിന്നെ ചൂട്ടിയുള്ളവര്‍. മ്പാ... എന്ന് പറഞ്ഞ് നാവ് നീട്ടുന്നവര്‍, നാവ് നീട്ടി കൂക്കുന്ന വേറെ ചിലര്‍.

ഗോപാലകരും അവരുടെ കുടുംബങ്ങളും അവിടെത്തന്നെയാണ് താമസം. പശുക്കുട്ടികള്‍ക്ക് ഒരു വശത്ത് പ്രത്യേകം സൗകര്യങ്ങള്‍. മൂന്ന് വയസ്സായ, സൌസറിടാന്‍ മടി കാണിക്കുന്ന കൊച്ചു കുഞ്ഞനാണ് അവിടത്തെ നായകന്‍. അവന്‍ ഉമ്മവച്ചും ശാസിച്ചും അവരെയൊക്കെ ഒതുക്കി നിറുത്താന്‍ ശ്രമിക്കുന്നു, അവരുടെ കൂടെ കളിക്കുന്നു. പെട്ടെന്ന് അവന്‍ ഒരു തള്ളപ്പശുവിന്‍റെ അടുത്തേക്ക് ഓടി അതിന്‍റെ തൂങ്ങിക്കിടക്കുന്ന അകിടില്‍ കൈവച്ചുകൊണ്ട് അനന്ദുവിനെ നോക്കി, ഇത് എന്‍റെയാ.. എന്ന മട്ടില്‍. അനന്ദു അസൂയയും നാണവും കലര്‍ന്ന ചിരിയോടെ അച്ഛനെയും അമ്മയേയും മാറി മാറി നോക്കി.

ഗോശാല കണ്ടു മടങ്ങുമ്പോള്‍ ഗോപാല്‍ജി പറഞ്ഞു, ഇത്തരത്തിലുള്ള ഗോശാലകള്‍ ഇവിടെ അനവധിയുണ്ട്. പിന്നെ ഇത് പോലുള്ള ആശ്രമങ്ങളും അനവധിയുണ്ട്. അതുകൊണ്ട് നമുക്ക് പ്രധാനപ്പെട്ടവ മാത്രം കാണാം. അപ്പോത്തന്നെ കാണാന്‍ ധാരാളമുണ്ട്.

അല്‍പ്പദൂരം പോയപ്പോള്‍ ഗോപാല്‍ജി സപ്തര്‍ഷി ആശ്രമത്തിന് മുന്നില്‍ നിറുത്തി. ഇതൊരു നല്ല ആശ്രമമാണ്. നമുക്ക് അകത്തുപോയി കാണാം. പേര് പോലെത്തന്നെ ഏഴ് മഹര്‍ഷിമാരുടെ ഒരു ക്ഷേത്രം. ചുറ്റും ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന വന്‍ മരങ്ങള്‍ക്ക് ഇടയില്‍ നല്ല സൌകര്യമുള്ള വീടുകള്‍, കുടി (കുടില്‍) എന്ന പേരില്‍ പണിതിരിക്കുന്നു. ചെറുതും വലുതുമായ സഭാ ഗൃഹങ്ങള്‍, ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനുള്ള ഹാളുകള്‍, കാന്‍റീനുകള്‍. യജ്ഞങ്ങള്‍ നടത്താനുള്ള സ്ഥലം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കത്തിക്കൊണ്ടേയിരിക്കുന്ന യജ്ഞ കുണ്ഡം. അടുത്ത നൂറ്റൊന്ന് വര്‍ഷങ്ങള്‍ കത്തിക്കുമെന്ന് നിശ്ചയിച്ചാണത്രേ അത് കത്തിച്ച് തുടങ്ങിയത്.

നൂറില്‍പ്പരം കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സംസ്കൃത വിദ്യാലയം. ഇടക്കിടയ്ക്ക് പല കൊച്ചു ക്ഷേത്രങ്ങളും. വലിയ ഗോശാല. റിട്ടയറായ പശുക്കള്‍ക്ക് വൃദ്ധ ഗോശാല. പുറകില്‍ ഏക്കറക്കണക്കിന് വരുന്ന മാന്തോപ്പ്. പേരക്ക മരങ്ങള്‍, രുദ്രാക്ഷ മരങ്ങള്‍, ആല്‍മരങ്ങള്‍, ചന്ദന മരങ്ങള്‍, ഞാവല്‍ മരങ്ങള്‍. ഗംഗാ നദിയിലേക്കിറങ്ങി നില്‍ക്കുന്ന, കുളിക്കാന്‍ സൗകര്യമുള്ള ചങ്ങല കെട്ടിയ വലിയ ഘാട്ട്. ഇങ്ങനെ പോകുന്നു ആ ആശ്രമത്തിലെ വിശേഷങ്ങള്‍‍.

ഇതെല്ലാം കണ്ട് വായ പൊളിച്ചു നടക്കുന്ന മായയോട്‌ ബാബു പറഞ്ഞു, ഇത് വെറും സാമ്പിള്‍ വെടിക്കെട്ട്, തൃശൂര്‍ പൂരത്തിന് കാണിക്കുന്നത് പോലെ. അസ്സല്‍ വെടിക്കെട്ട് വേറെയുണ്ട്. എന്തായാലും ആ ദോശയും ചട്ണിയുടെയും, പയറു നിരങ്ങിയ കറിയുടെയും സ്വാദ് വേറെ എവിടെയെങ്കിലും കിട്ടുമോ....എന്‍റെ പൊന്ന് മായേ...!! അവന്‍റെ നാവിന്‍റെ അറ്റത്ത്‌ തങ്ങി നില്‍ക്കുന്ന സ്വാദ് അവനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചു..!!

ഗോപാല്‍ജി അടുത്തതായി നിറുത്തിയത് ഭാരത്‌ മാതാ മന്ദിറിനു മുന്‍പില്‍.. ആര്‍ഷ ഭാരതത്തില്‍ ജനിച്ച ദൈവങ്ങളും ദേവ തുല്യരായ മനുഷ്യരും ഒരേ രീതിയില്‍ ആരാധ്യരാണ്, ഭാരതാംബയ്ക്ക് വളരെ പ്രിയങ്കരരാണ് എന്ന സന്ദേശം വിളിച്ചോതുന്ന തരത്തിലാണ് ഇവിടെ ശില്‍പ്പി അദ്ധേഹത്തിന്‍റെ കരവിരുത് കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏഴാമത്തെ നിലയില്‍ സാക്ഷാല്‍ മഹാദേവനും അതിനു താഴെ വിഷ്ണുവും പല അവതാരങ്ങളും, അതിന്‍റെ താഴത്തെ നിലയില്‍ ശക്തിയുടെ വിവിധ രൂപങ്ങളും അതിനു താഴെ ഭക്തിയും വൈരാഗ്യവും കൊണ്ട് ദേവപദം പ്രാപിച്ച പുണ്യചരിതരും, അതിനു താഴെ ദമയന്തി മുതല്‍ സിസ്റ്റര്‍ നിവേദിത വരെയുള്ള സ്ത്രീരത്നങ്ങളും, അതിനു താഴെ ഭാരതാംബയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് പോരാടിയവരും, ഏറ്റവും താഴെ സാക്ഷാല്‍ ഭാരതാംബയും ജീവന്‍ തുടിക്കുന്ന പ്രതിബിംബങ്ങളായി നമ്മളെ നോക്കി മന്ദസ്മിതം തൂകുന്നു. ആര്‍ഷഭാരതം എന്ന ഉദാത്തമായ സങ്കല്‍പ്പം..!!

ഗോപാല്‍ജി പിന്നെ ബ്രേക്ക് ചവിട്ടിയത് പവന്‍ ധാമിന് മുന്നിലാണ്. പുറത്ത് വലിയ പ്രൌഢിയൊന്നും തോന്നിക്കാത്ത ആ കെട്ടിടത്തിനത്തേയ്ക്ക് കടന്നപ്പോള്‍ അവര്‍ക്ക് തോന്നിയത് മയന്‍ പാണ്ഡവര്‍ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ പണിതുകൊടുത്ത, ദ്രൌപതിയെ ചിരിപ്പിച്ച, ദുര്യോധനനെ ദേഷ്യം പിടിപ്പിച്ച ആ സഭാഗൃഹത്തിലേയ്ക്ക് കടന്നത്‌ പോലെയാണ്. കാരണം കണ്ണാടിയുടെ ഒരു മായാലോകമാണ് ആ ധാമത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ചുമരുകള്‍ മുഴുവന്‍ കണ്ണാടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ ഹാളിന്‍റെയും മച്ചും വിവിധ വര്‍ണ്ണങ്ങളിലുള്ള കണ്ണാടിപ്പൂക്കള്‍ കൊണ്ട് മൂടിയിരിക്കുന്നു. സത്യമേത് മിഥ്യയേത് എന്ന് ഒരുവേള സംശയിപ്പിക്കുന്ന, കണ്ണാടികളുടെ വിവിധ നിറങ്ങളിലും ഭാവങ്ങളിലുമുള്ള കലാ സൃഷ്ടികള്‍. കൂടുതല്‍ സൂക്ഷിച്ചു നോക്കിയാല്‍ ആ വിവിധ നിറങ്ങളിലും, രൂപങ്ങളിലും, ഭാവങ്ങളിലും തന്‍റെ പ്രതിഛായയും കാണുന്നതായി കാഴ്ചക്കാര്‍ക്ക് തോന്നും. തത്വമസി - അത് നീയാകുന്നു - എന്ന് തോന്നിയെങ്കില്‍ ഒട്ടും അതിശയമില്ല.

പാണ്ഡവ കൌരവ സേനാമദ്ധ്യത്തില്‍ ഹനുമാന്‍റെ കൊടിപാറുന്ന തേരില്‍ അമ്പും വില്ലും താഴെയിട്ട് ഇനി എനിക്ക് ഒന്നിനും വയ്യേ എന്ന് പറഞ്ഞ് ഇരുന്ന അര്‍ജ്ജുനന്‍റെ ദുരവസ്ഥയില്‍ നിന്ന് പുറത്തു വരാന്‍, അഞ്ച് വെള്ളക്കുതിരകളെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച്‌, ഒരു ചെറിയ പുഞ്ചിരിയോടു കൂടി, വഴി പറഞ്ഞുകൊടുക്കുന്ന കൃഷ്ണന്‍റെ ചിത്രമാണ് അവിടത്തെ ഏറ്റവും വലിയ ആകര്‍ഷണീയത എന്ന് ബാബുവിന് തോന്നി.

ഹരിദ്വാറിലെ തിരക്കുള്ള അങ്ങാടിയിലൂടെ ഗോപാല്‍ജി തന്‍റെ പഴക്കം ചെന്ന ഓട്ടോറിക്ഷ പതുക്കെ ഓടിച്ച് കൊണ്ട് പറഞ്ഞു, ഇതാണ് ഇവിടത്തെ വലിയ മാര്‍ക്കെറ്റ്. പല കരകൌശല വസ്തുക്കളും ഇവിടെ വാങ്ങാന്‍ കിട്ടും. മടക്കത്തില്‍ നമുക്ക് എന്തെങ്കിലും ഇവിടെ നിന്ന് വാങ്ങാം. ഇപ്പോള്‍ നമുക്ക് മനസാ ദേവിയെ കാണാന്‍ പോകാം. മൂന്ന് ദേവിമാരില്‍ ആദ്യത്തെ ദേവി. ഹരിദ്വാറില്‍ വരുന്നവര്‍ പ്രശസ്തമായ ഈ ക്ഷേത്രവും ദര്‍ശനം നടത്തും. ഈ കാണുന്ന മലമുകളിലാണ് ദേവി കുടികൊള്ളുന്നത്.

അവര്‍ മാര്‍ക്കറ്റിന്‍റെ ഒരു വശത്തുള്ള റോപ് വേ യുടെ അടുത്ത് എത്തി. ഉഡാന്‍ ഘട്ടോല എന്നാണ് അതിന് ഹിന്ദിയില്‍ എഴുതി വച്ചിരിക്കുന്നത്. പറക്കുന്ന കൊട്ട എന്നോ, വാഹനം എന്നോ ഒക്കെയാകാം അതിന്‍റെ ഏകദേശം അര്‍ത്ഥം. അവിടെ ടിക്കറ്റ് വാങ്ങാന്‍ വളരെ നീണ്ട ക്യൂ. ഇത് കണ്ട ഗോപാല്‍ജി പറഞ്ഞു, ഇതിന് കാത്തു നിന്നാല്‍ ഇന്നത്തെ ദിവസം പോയത് തന്നെ. അതുകൊണ്ട് ഞാന്‍ ഒരു വഴി പറഞ്ഞു തരാം. ഇവിടുന്ന് മുകളിലേയ്ക്ക് കയറാനുള്ള നല്ല ഒരു വഴിയുണ്ട്. ഒരു കൊച്ചു റോഡ്‌. പകുതി വഴി വരെ ഏതു വാഹനങ്ങളും പോകും. പിന്നെ ഗയിറ്റിനു മുന്‍പോട്ട് കഷ്ടിച്ച് ഇരുചക്ര വാഹനങ്ങളേ കടത്തി വിടൂ. നടക്കാന്‍ നല്ല സുഖമുള്ള കൊച്ചു റോഡാണ്. അധികം ദൂരവുമില്ല. ചുറ്റിലുമുള്ള കാട് ആസ്വദിച്ചുകൊണ്ട് ഹരിദ്വാറിന്‍റെ ഭംഗി മുകളില്‍ നിന്ന് കണ്ടുകൊണ്ട്‌ നിങ്ങള്‍ക്ക് നടന്നു കയറാം. ഇത് കേട്ട ബാബു അനന്ദുവിനോട്‌ ചോദിച്ചു, നമുക്ക് കുറച്ചു നടന്നാലെന്താ കുട്ടാ.. അവന്‍ എപ്പോഴേ റെഡി.

ഗോപാല്‍ജി അവരെ പാതി വഴിയിലെ ഗെയിറ്റ്‌ വരെ കൊണ്ടുപോയി വിട്ടു. അവിടെ നിന്നങ്ങോട്ട്‌ മുകളിലേയ്ക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ അവര്‍ നടന്നു. ഒരു കൊച്ചു ട്രെക്കിംഗ്. റോഡിനിരുവശവും നിറയെ മരങ്ങള്‍. ചുറ്റിലും അധികം ഉയരം ഇല്ലാത്ത പച്ചക്കുന്നുകള്‍. ഒരു വശത്ത് മരങ്ങള്‍ക്കിടയിലൂടെ അങ്ങ് ദൂരെ ഗംഗ പരന്നോഴുകുന്നത് കാണാം. മലയിടുക്കുകളിലൂടെ ചാടിച്ചാടി, പലയിടങ്ങളിലും ഒതുങ്ങി ഒഴുകി വന്ന അവള്‍ക്കു പെട്ടെന്ന് സ്വാതന്ത്ര്യം കിട്ടിയത് പോലെ. അതുകൊണ്ട് ഇവിടെ അവള്‍ പല കൈവഴികളായി ഒഴുകി, താഴെ വീണ്ടും കൈ കോര്‍ത്തു, വീണ്ടും കൈവിട്ടോഴുകി. തരിവളയിട്ട, കൊച്ചു പാദസരമിട്ട കൊച്ചു സുന്ദരിമാര്‍ ചിലപ്പോള്‍ കൈ കോര്‍ത്തും, ചിലപ്പോള്‍ കൈവിട്ടും ആടിപ്പാടി നടക്കുന്നത് പോലെ. അവള്‍ എവിടെയൊക്കെ ഒഴുകിയോ അവിടെയൊക്കെ ആശ്രമങ്ങളും അമ്പലങ്ങളും.

താമസിയാതെ അവര്‍ ക്ഷേത്രത്തിന്‍റെ പ്രവേശനകവാടത്തില്‍ എത്തി. അധികമൊന്നും പഴക്കം തോന്നിപ്പിക്കാത്ത പറയത്തക്ക കലാ ചാതുരിയൊന്നും എടുത്തു കാണിക്കാത്ത കെട്ടിടങ്ങള്‍. മിക്ക ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളിലും കാണുന്നത് പോലെ, ക്ഷേത്രത്തിലെ പ്രവേശന പാതയില്‍ പൂ, പ്രസാദ കച്ചവടക്കാരുടെ തിരക്ക്.

ദേവി ദര്‍ശനത്തിന് വലിയ തിരക്കാണ്. നല്ല വെണ്ണക്കല്ലില്‍ തീര്‍ത്ത, പലതരം പൂക്കളാലും മാലകളാലും അലങ്കൃതയായ മനസാ ദേവി.

മനസ്സിന്‍റെ അഭീഷ്ടം സാധിക്കുന്ന ദേവി ആണ് മനസാ ദേവി എന്ന വിശ്വാസം കൂടുതല്‍ ഉള്ളതിനാല്‍ ദര്‍ശനം കഴിഞ്ഞ്, ആഗ്രഹിച്ചത് സഫലമാകാന്‍ ഒരു ചരട് മുന്‍പിലുള്ള ഒരു മരത്തില്‍ കെട്ടും. ആ മരത്തിന്‍റെ എല്ലാ ശാഖകളും ഇപ്പോള്‍ ചരടു കെട്ടിക്കെട്ടി കാവിപ്പുതപ്പ് അണിഞ്ഞ പോലെ ആയിരിക്കുന്നു. ആ മരത്തിന്‍റെ താഴെ ഇപ്പോള്‍ വലിയ ഒരു കച്ചവട കേന്ദ്രവുമായിരിക്കുന്നു. ആയിരക്കണക്കിന് ചരടുകള്‍ മുറിച്ച് വച്ചു ഒന്നിന് പത്തുരൂപയ്ക്ക് വില്‍ക്കുന്ന ഒരു പൂജാരി. അത് കെട്ടാന്‍ സഹായിക്കാന്‍ വേറൊരു പൂജാരി. കെട്ടുന്നവരെ തലയില്‍ തൊട്ട് ആശീര്‍വദിക്കാന്‍ വേറൊരു പൂജാരി.

ബാബുവും ചരട് കെട്ടാന്‍ തീരുമാനിച്ചു. കാരണം പണക്കുരുക്കുണ്ടാക്കിയ ഊരാക്കുടുക്കില്‍ നിന്നും തലനാരിഴയില്‍ രക്ഷപ്പെട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്‍ ചരട് വാങ്ങി. അത് കെട്ടുമ്പോള്‍ മായയും അതില്‍ കൈയൊന്ന് വച്ചു. അപ്പോള്‍ മായ എന്താണ് ആഗ്രഹിച്ചത്‌ എന്ന് മായക്ക് മാത്രം അറിയാം. അതിനിടയില്‍ പൂജാരി അവരുടെ രണ്ടുപേരുടെയും തലയില്‍ കൈ വച്ചുകൊണ്ട് ദീര്‍ഘകാലം സുമംഗലരായിരിക്കാന്‍ ആശീര്‍വദിച്ചു. ഇതൊന്നുമറിയാത്ത അനന്ദുവും അവരുടെ കൂടെ ചരടില്‍ കൈവച്ചു. അവന്‍റെ ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ചായിരിക്കാം ഒരുപക്ഷേ അപ്പോള്‍ അവന്‍റെ മനസ്സിലൂടെ കടന്നുപോയത്. അങ്ങനെ ആഗ്രഹങ്ങളുടെ ഒരു ചുഴി തന്നെ ആ ചരടിന് ചുറ്റും രൂപംകൊണ്ടിട്ടുണ്ടാകണം. ആ ചരട് ഒരു ചുഴിപോലെ ആ മരത്തെ ചുറ്റി വാരിപ്പുണര്‍ന്നു. അങ്ങനെ ആയിരക്കണക്കിന്, അല്ല ലക്ഷക്കണക്കിന്‌ ആഗ്രഹങ്ങള്‍ ആ മരത്തെ ചുറ്റിപ്പുണര്‍ന്ന് നില്‍ക്കുന്നു. വിശ്വാസമാണ് എല്ലാം, അതെ അത് തന്നെയാണ് എല്ലാം. അവിശ്വാസവും ഒരു വിശ്വാസമാണ്....അല്ലേ..!!?

ആഗ്രഹം സാധിച്ചാല്‍ അത് അഴിക്കാന്‍ ഒരിക്കല്‍ ഇവിടെ വരണമത്രേ. പക്ഷേ ഏതെങ്കിലും ഒരു ചരട് അഴിച്ചാല്‍ മതി എന്ന് മാത്രം, ഒരിളവ്‌. അല്ലെങ്കില്‍ കെട്ടിയവരെല്ലാം കുടുങ്ങിപ്പോയേനെ...!!

ആരെങ്കിലും, തനിക്ക് എല്ലാ കൊല്ലവും ഇവിടെ വന്ന് ഈ ഹിമഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ സാധിക്കണേ എന്ന് ആഗ്രഹിച്ച് ചരട് കെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. ഹരിദ്വാര്‍ എന്ന ജീവിത കവാടത്തിലേയ്ക്ക് ബാബുവും കൂട്ടരും എത്ര പ്രാവശ്യം വേണമെങ്കിലും വരാന്‍ തയ്യാര്‍.

അവര്‍ പുറത്തു കടന്നപ്പോള്‍ ഉഡാന്‍ ഘട്ടോലയില്‍ ക്യൂ വളരെ കുറവ്. അവര്‍ വേഗം റോപ് വേയുടെ അടുത്തേയ്ക്ക് എത്തി ടിക്കറ്റെടുത്തു. മൂന്നാളും ആ പറക്കും കൊട്ടയില്‍ കയറി താഴേയ്ക്ക് യാത്രയായി. ഒരു പക്ഷിയുടെ കണ്ണുകളില്‍ കൂടി, കുന്നുകളാല്‍ ചുറ്റപ്പെട്ട് വെളുത്ത മണല്‍ തുരുത്തുകള്‍ക്കിടയിലൂടെ ഒഴുകുന്ന ഗംഗയുടെ ഭംഗി ആസ്വദിച്ച് അവര്‍ പറന്നിറങ്ങി. നല്ല വിഹഗ വീക്ഷണം...അല്ല ദര്‍ശനം..എന്തുമോ ആകട്ടെ..!! ആകാശത്ത് നിന്ന് ഗംഗയുടെ മടിത്തട്ടിലേക്ക് പറന്നിറങ്ങുന്ന പ്രതീതി. മൂന്ന് - നാല് മിനിട്ട് കൊണ്ട് അവര്‍ താഴെ എത്തി. ഇരുന്നു മതിയാവാത്ത ഒരു ചെറിയ വിമ്മിഷ്ടം..!!

അവിടെ ഗോപാല്‍ജി തയ്യാര്‍. ഇനി കാണാന്‍ പോകുന്നത് ചണ്ഡിദേവിയാണത്രെ. ഗോപാല്‍ജിയുടെ രണ്ടാമത്തെ ദേവി. ഇതിന് ഗംഗാ നദി കടന്ന് അങ്ങേക്കരയിലുള്ള മല മുകളില്‍ പോകണം. കുറച്ചു ദൂരമുണ്ട്. ഗോപാല്‍ജി വണ്ടി എടുത്തപ്പോള്‍ ബാബു ചോദിച്ചു, ഇവിടെ അടുത്താണോ മലയാളികളുടെ അയ്യപ്പ മന്ദിര്‍. ഗോപാല്‍ജി പറഞ്ഞു, അതേ, നമുക്ക് അത് പോകുന്ന വഴിക്ക് കാണാം.

അവര്‍ നേരെ അയ്യപ്പക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. അവിടെ നിന്ന് അധികം ദൂരെയല്ലാതെയാണ് മലയാളികള്‍ വന്നാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കുന്ന ക്ഷേത്രം. ഹരിദ്വാറില്‍ താമസിക്കുന്ന എന്‍.ടി.പി.സി, എന്‍.എച്.പി.സി പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളിസുഹൃത്തുക്കളുടെ ശ്രമഫലമായാണത്രേ അയ്യപ്പക്ഷേത്രം ഹരിദ്വാറില്‍ സാക്ഷാത്കാരമായത്. ധാരാളം സ്ഥലമൊന്നുമില്ലെങ്കിലും ഉള്ള സ്ഥലത്ത് നല്ല ഒരു ക്ഷേത്രവും, അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും നന്നായി ഒരുക്കിയിരിക്കുന്നു. അവര്‍ ഹരിദ്വാറിലെ അയ്യപ്പന്‍റെ ദര്‍ശനവും ഭജനയും ആസ്വദിച്ച് അടുത്ത ലക്ഷ്യത്തിലേയ്ക്ക് പുറപ്പെട്ടു.

പോകുന്ന വഴിയ്ക്ക് ഒരു ആശ്രമത്തിന് മുന്നില്‍ സാമാന്യം പ്രായം തോന്നിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നടന്നു നീങ്ങുന്നു. പ്രായത്തില്‍ റിട്ടയര്‍ ആയി എന്ന് തോന്നിക്കുന്ന അവര്‍ വേഷം കൊണ്ട് വിദ്യാര്‍ഥികള്‍ ആണോ എന്ന് സംശയിച്ചു പോകും. തോളില്‍ തുണിസഞ്ചിയും കയ്യില്‍ പുസ്തകങ്ങളുമായാണ് അവര്‍ നടക്കുന്നത്. ബാബു ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ തന്‍റെ അച്ഛന്‍റെ വളരെ പഴയ സ്നേഹിതന്‍ അവരുടെ കൂട്ടത്തില്‍. അദ്ദേഹം കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ആയിരുന്നു. ബാബു വേഗം വണ്ടി നിറുത്തി ചാടിയിറങ്ങി. നേരില്‍ കണ്ടപ്പോള്‍ രണ്ടു പേര്‍ക്കും അതിശയം. തീരെ പ്രതീക്ഷിക്കാത്ത ഒരു കണ്ടുമുട്ടല്‍.

കുശലപ്രശ്നങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ആയി. മുന്‍പൊരിക്കല്‍ വായിച്ച, പ്രൊഫ.സുകുമാര്‍ അഴീക്കോടിന്‍റെ 'തത്വമസി' എന്ന പുസ്തകമാണ് എന്നെ ഈ വഴിയിലേയ്ക്ക് തിരിച്ചത്. ഞാന്‍ 'ആരാകുന്നു' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഉപനിഷത്തുക്കളെ മനസ്സിലാക്കൂ.. ഈ പ്രകൃതിയിലെ സ്പന്ദനങ്ങളെ നിനക്ക് നിന്നില്‍ അനുഭവിച്ചറിയാന്‍ കഴിയും, അത് നീയാകുന്നു എന്ന് കണ്ടെത്തും എന്ന മനസ്സിലാക്കല്‍ എന്നെ ഇവിടെ എത്തിച്ചു.

അല്പസ്വല്‍പ്പം ശാരീരിക ശേഷി ഉണ്ടായിരിക്കെ അതിനെക്കുറിച്ച് മനസ്സിലാക്കണം, പഠിക്കണം എന്ന വലിയ ആഗ്രഹത്താല്‍ ഞാന്‍ ഇവിടത്തെ ഒരു പാഠശാലയില്‍ താമസിച്ച് ഒരു ചെറിയ കോഴ്സ് ചെയ്യുന്നു.

ഇത് കേട്ട ബാബുവിന് മനസ്സിനുള്ളില്‍ ഒരു വല്ലാത്ത ഇളക്കം. താന്‍ ഇവിടെ എത്തിയിരിക്കുന്നത് പണക്കുരുക്കുണ്ടാക്കിയ ഊരാക്കുടുക്കില്‍ ശ്വാസംമുട്ടിയാണ്.

വേറെ ചിലര്‍ സ്വയം അറിയാന്‍, താന്‍ പ്രകൃതിയുടെ ആ സ്പന്ദനത്തിന്‍റെ (intelligence) ന്‍റെ ഒരംശമാണ് എന്ന് മനസ്സിലാക്കാന്‍, പരിണാമരൂപമായ വളര്‍ച്ചയുടെ ‍ (evolution ) ഭാഗമായി, താന്‍ ആര്‍ജ്ജിച്ച വാസനകളെ ക്രമേണ മറികടന്നാല്‍‍, തനിക്ക് പ്രകൃതിയുടെ സ്പന്ദനങ്ങളെ ഉള്ളില്‍ നിന്നും കൂടുതല്‍ അറിയാന്‍ സാധിക്കുമെന്ന തിരിച്ചറിവ്, അവരെ ഇവിടെ എത്തിക്കുന്നു.

ഹരിദ്വാര്‍ എന്ന പാഠശാലയില്‍, ഗംഗയുടെ അടിയൊഴുക്കുപോലെ എന്തെന്തെല്ലാം അടിയൊഴുക്കുകള്‍.

                                                                                                                                          തുടരും..




1 comment: