നാല് ബെഡ്റൂമുകളുള്ള വിശാലമായ വീട്. മൂന്ന് പേര്‍ക്കും ഓരോ ബെഡ്റൂം. പിന്നെ അതിഥികള്‍ വന്നാല്‍ അവര്‍ക്കും. ആര്‍ക്കും ഓടിക്കളിക്കാം. നിന്ന് തിരിയാന്‍ പറ്റാത്തിടത്ത് നിന്ന് വന്ന അവര്‍ക്ക് എന്തൊരാശ്വാസം. എന്തിനും ഒരു വിശാലത. പുറത്ത് പച്ചപ്പ്, പൂന്തോട്ടം ഉണ്ടാക്കാനുള്ള ഇടം.
ജീവിതത്തിന്‍റെ സന്തോഷ ദിനങ്ങള്‍ തിരിച്ചു വന്നിരിക്കുന്നു. ഒരു ദിവസം മനോഹര്‍ രാവിലെ നടക്കാനിറങ്ങി. അടുത്തുള്ള അരുവിയും പുല്‍മേടുകളും കാണാന്‍. നടന്നു നടന്നു അരുവിക്ക് മുകളിലൂടെയുള്ള ഒരു പഴയ മരപ്പാലത്തില്‍ എത്തി. കണ്ടാല്‍ അറുപത് എഴുപതു വര്‍ഷം പഴക്കം തോന്നിക്കുന്ന ആ മരപ്പാലത്തിനു മുകളില്‍ നിന്നുകൊണ്ട് അവന്‍, നുരഞ്ഞും പതഞ്ഞും കിണുങ്ങിയും ഒഴുകുന്ന ആ കൊച്ചരുവിയുടെ അഭൗമ ഭംഗി ആസ്വദിച്ചു. കാലം എത്രയോ പുറകോട്ട് പോയത് പോലെ അവന് തോന്നി.
ഇവിടെ വണ്ടികളുടെ തിരക്കില്ല, അവ വമിക്കുന്ന വിഷപ്പുകയില്ല, മടുപ്പിക്കുന്ന ഹോണ്‍ അടിയില്ല, ട്രെയിനിലെ ലോഹങ്ങള്‍ കൂട്ടിയിടിക്കുന്ന ഒച്ചയില്ല. ട്രെയിനിനകത്തെ മടുപ്പിക്കുന്ന തിരക്കില്ല, തിരക്കിനിടയിലെ കൃത്രിമ വാസനകളില്ല, വാസനകളിലെ മുഷിപ്പിക്കുന്ന നോട്ടങ്ങളില്ല, നിയോണ്‍ പ്രഭ കൊണ്ട് കണ്ണ് മഞ്ഞളിക്കുന്നില്ല.
ഇവിടെ പച്ചപ്പുല്‍മേടുകള്‍, അവയില്‍ പതിക്കുന്ന തെളിഞ്ഞ സൂര്യപ്രകാശം, സൂര്യപ്രകാശത്തെ എത്തിപ്പിടിക്കാന്‍ മുതിരുന്ന പല വര്‍ണ്ണപ്പൂക്കള്‍, അവയിലെ തേന്‍ നുകരാന്‍ എത്തുന്ന തേനീച്ചകള്‍, വണ്ടുകള്‍ , ഹമ്മിംഗ് ബേഡ്‌കള്‍. അവയെ തൊട്ടു തഴുകി വരുന്ന സുഗന്ധം നിറഞ്ഞ തെന്നിളം കാറ്റ്. ആ കാറ്റില്‍ ഒരു കൊച്ചു പിച്ചകവള്ളി അവനെ നോക്കി കൌതുകപൂര്‍വ്വം തലയാട്ടി. ആ തലയാട്ടലില്‍ ഒരായിരം സാന്ത്വനങ്ങള്‍ അവന്‍ കണ്ടു. ഇടക്കൊക്കെ മാനും മയിലും മേയുന്നത് കാണാം. ആകെ വേറെയൊരു പ്രപഞ്ചം പോലെ. അവന്‍റെ മനസിന്‍റെ വാതായനങ്ങള്‍ ഒരിക്കല്‍ക്കൂടി തുറന്നത് പോലെ.
പക്ഷേ അവന് മാത്രം ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണോ ഇതൊക്കെ.
ഇപ്പോള്‍ മകള്‍ ടീനേജ് ഗേള്‍ ആയിരിക്കുന്നു. അവളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മറിച്ചാണ് എന്ന് തോന്നുന്നു. അവരുടെ ക്ലാസ്സില്‍ എല്ലാവര്‍ക്കും ബോയ് ഫ്രണ്ട് ഉണ്ടത്രേ. ബോയ് ഫ്രണ്ട് ഇല്ലെങ്കില്‍ എന്തോ കുറച്ചില്‍ ആണത്രേ..എത്രയും വേഗം പുതിയ ഫ്രണ്ടിനെ കണ്ടുപിടിക്കണം പോലും.
അവള്‍ക്ക് കറങ്ങാന്‍ പോകാന്‍ സ്ഥലങ്ങള്‍ കുറവാണത്രേ ഇവിടെ. എങ്ങും മൊട്ടക്കുന്നുകള്‍ മാത്രം. മനുഷ്യരെക്കാണാന്‍ കുറേ ദൂരം പോകണം. എങ്ങും മടുപ്പിക്കുന്ന മരവിപ്പാണത്രേ ഇവിടെ.
കാണെക്കാണെ അവളുടെ ആഗ്രഹങ്ങള്‍ മനോഹറില്‍ നിന്നും അകന്നു പോകുന്നത് പോലെ...
ഒരിക്കല്‍ വീട്ടില്‍ മനോഹര്‍ തിടുക്കത്തില്‍ എന്തോ കാര്യം പറയാന്‍ മകളുടെ മുറിയിലേയ്ക്ക് കടന്നു ചെന്നു. ടിവിയില്‍ ഏതോ സിനിമ കണ്ടുകൊണ്ടിരിക്കുന്ന അവള്‍ക്ക് അത് അത്ര പിടിച്ചില്ല. എനിക്ക് ഇത്തിരി പ്രൈവസിയൊക്കെ തരണം അച്ഛാ..ഇനി അച്ഛനെന്നോട് ചോദിക്കാതെ എന്‍റെ മുറിയില്‍ വരരുത്...
മനോഹര്‍ മോന്നോട്ട് വച്ച കാല്‍ പുറകിലേയ്ക്ക് വലിച്ചു. ഇനി അവളോട് ഒന്നും പറയാനില്ല. അവള്‍ വലുതായിരിക്കുന്നു. തന്‍ കാര്യം നോക്കാറായിരിക്കുന്നു. ഈയിടെയായി ഇവിടെ എല്ലാവര്‍ക്കും പ്രൈവസി വേണം. ലവ്-ലീന വരെ ടിവി വേറെ വേണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ എല്ലാ മുറികളിലും ടിവിയാണ്, ഓരോരുത്തര്‍ക്കും വേറെ വേറെ കാണാന്‍.
ന്യൂയോര്‍ക്കില്‍ അവര്‍ എല്ലാവരും ഒരേ ടിവിയില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഷോകള്‍ കണ്ടിരുന്നു. മനോഹറിന് മകളുടെ കൂടെ ഷിന്‍ചാനും, ടോം ആന്‍ഡ് ജെറിയും, ടിന്‍ ടിനും, ഹൈഡിയും ഒക്കെ കാണുന്നത് വളരെ ഇഷ്ടമായിരുന്നു. പല നല്ല സിനിമകളും അവര്‍ എല്ലാവരും കൂടെ പോപ് കോണൊക്കെ കഴിച്ച് സിനിമാ ഹാളില്‍ ഇരുന്നു കാണുന്നത് പോലെ ആഘോഷമായാണ് കണ്ടിരുന്നത്.
ഡ്രൈവ് ചെയ്യാനുള്ള ബുദ്ധിമ്മുട്ടു കാണിച്ച് മനോഹറും ലവ്-ലീനയും ഇപ്പോള്‍ വീട്ടില്‍ നിന്നാണ് പണിയെടുക്കാറ്. അതല്ലേ സൗകര്യം. പക്ഷേ എല്ലാവരും വീട്ടില്‍ ഉണ്ടെങ്കിലും എല്ലാവരും തനിയെ തനിയെ.
മകള്‍ക്ക് സ്കൂളില്‍ ദിവസവും പോയി വരാന്‍ ദൂരം കൂടുതലാണത്രെ. അവള്‍ ഒരിക്കല്‍ അവരോട് പറഞ്ഞു, എനിക്ക് ഹോസ്റ്റലില്‍ താമസിക്കണം, ഇത്ര ദൂരം ദിവസവും യാത്ര ചെയ്യാന്‍ വയ്യ, കുറേ പഠിക്കാനുണ്ട്. എന്തു ചെയ്യാം... അവര്‍ സമ്മതിച്ചു കൊടുത്തു.
അവള്‍ കൂടി പോയതോടെ ആ വലിയ വീട്ടില്‍ രണ്ട് ആത്മാക്കള്‍ രണ്ട് കോണില്‍ ആയി. ഒരിക്കല്‍ ഒരു ടിവി സീരിയലിന്‍റെ പേരില്‍ തര്‍ക്കമുണ്ടായതിന് ശേഷം അവരുടെ ടിവി ഷോകള്‍ രണ്ടു മുറികളിലായി. ഇഷ്ടമുള്ള സീരിയലുകള്‍ കാണാന്‍ അതാണ് സൗകര്യം. അതോടെ കിടപ്പും രണ്ട് മുറികളിലായി.
മനോഹര്‍ ഇതല്ല പ്രതീക്ഷിച്ചിരുന്നത്. ലവ്-ലീനയും ഇതായിരിക്കില്ല. പുറത്തെ കിളികളുടെ കൊഞ്ചലുകള്‍ നേര്‍ത്ത് നേര്‍ത്ത് ഇപ്പോള്‍ അവര്‍ കേള്‍ക്കാതെയായി. അവര്‍ക്ക് രണ്ടുപേര്‍ക്കും രണ്ട് വിശാലമായ മുറികളില്‍ വീര്‍പ്പ് മുട്ടിത്തുടങ്ങി.
മുറികള്‍ തമ്മിലുള്ള അകലങ്ങളെക്കാള്‍ അവരുടെ മനസ്സുകള്‍ അകന്നുകൊണ്ടിരുന്നു. അവര്‍ തമ്മില്‍ പറയാനാഗ്രഹിച്ചതെല്ലാം ടിവി ഷോകളുടെ പോട്ടിച്ചിരികളിലും തങ്ങളുടെ ശരി തെറ്റ് കണക്കുകളിലും ആരും കേള്‍ക്കാതെ പോയി.
എന്തൊരു വിധിവൈപരീത്യം. തങ്ങള്‍ എന്താഗ്രഹിച്ച് ഇവിടെ വന്നുവോ അതിന്‍റെ വിപരീതമാണ് സംഭവിക്കുന്നത്.
ഒരിക്കല്‍ വെക്കേഷനില്‍ വന്ന മകള്‍ ഏതോ നിസ്സാര കാര്യത്തിന് വല്ലാതെ കയര്‍ത്തപ്പോള്‍ മനോഹറിന് ഈ ബന്ധത്തിന്‍റെ കണ്ണിയുടെ അകല്‍ച്ചകള്‍ മുന്നില്‍ കാണായി. കൂടെ ലവ്-ലീന ആവശ്യമില്ലാതെ അവളുടെ ഭാഗം ചേര്‍ന്നപ്പോള്‍ അവന് സഹിച്ചില്ല. തന്‍റെ അസ്തിത്വം തന്നെ ചോര്‍ന്നു പോകുന്നതായി അവന് തോന്നി. അവന്‍ പറഞ്ഞു, ഇങ്ങനെ നമുക്ക് തുടരാന്‍ ബുദ്ധിമ്മുട്ടാണ്. ലവ്-ലീനയും വിട്ടു കൊടുത്തില്ല. എന്നാല്‍ ഇത് ഇവിടെ അവസാനിപ്പിച്ചിട്ടു തന്നെ കാര്യം. അവരുടെ കൂര്‍ത്ത് മൂര്‍ത്ത വാഗ്വാദങ്ങളില്‍ രണ്ടുപേരുടെയും അസ്തിത്വം അങ്ങിങ്ങ് ഉന്തിയും മുഴച്ചും നിന്നു.
പിന്നീടുള്ള ദിവസങ്ങള്‍ ചുഴലിക്കാറ്റു പോലെയായിരുന്നു. ചുഴറ്റിയടിക്കുന്ന ചുഴലിക്കാറ്റ്.
താമസിയാതെ അവര്‍ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു. രണ്ടുപേരും വക്കീലിനെ സമീപിച്ചു. വാദമായി, പ്രതിവാദമായി. കാണെക്കാണെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരുന്നു. അവര്‍ ആ വീട്ടിനുള്ളില്‍ കുറച്ചു ദിവസം എങ്ങനെയോ കഴിച്ചുകൂട്ടി എന്ന് മാത്രം.
ഇതിനിടെ പലപ്പോഴും വക്കീല്‍ മുഖാന്തിരവും അല്ലാതെയും അവന്‍ ലവ്-ലീനയെ സമീപിച്ചു. ഒരു മറുപടിയുമില്ല. വാശിയാണ്, വാശി. തനിക്ക് ശരി എന്ന് തോന്നുന്നത് അവള്‍ക്ക് തെറ്റാവും, അവള്‍ക്ക് ശരിയെന്ന് തോന്നുന്നത് തനിക്ക് പലപ്പോഴും തെറ്റാവും.
അന്നാട്ടിലെ നിയമമനുസരിച്ച് അവര്‍ക്കുള്ള എന്തും പപ്പാതിയായി ഭാഗിക്കണം. താമസിയാതെ ആ വീട് വില്‍ക്കാന്‍ നോട്ടീസ് വന്നു. ഇത് അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നോട്ടീസ് കണ്ട അവന്‍റെ കൈ കാലുകള്‍ വിറച്ചു, മനസ്സ് തേങ്ങി. അവന്‍ അവന്‍റെ മുറിയില്‍ പോയി വാതിലടച്ച് ഒരുപാട് കരഞ്ഞു. താന്‍ എന്തിനു വേണ്ടിയാണ് ഇതൊക്കെ സമ്പാദിച്ചത്. ആര്‍ക്ക് വേണ്ടി.. എവിടെയൊക്കെ എന്തിനൊക്കെ ഓടി ഓടി നടന്നു.
ഞാന്‍ എന്‍റെ മകളെ എങ്ങനെ പൊന്ന് പോലെ നോക്കിയതാണ്. ന്യൂയോര്‍ക്കിലെ ഒന്നരക്കട്ടിലില്‍ മൂന്ന് പേരും സുഖമായി ഉറങ്ങിയിരുന്ന കാലം. അന്ന് അവളുടെ കൈ അനങ്ങിയാല്‍, കാല്‍ അനങ്ങിയാല്‍ താന്‍ ഉണരും. അവള്‍ താഴെ വീഴുമോ എന്ന പേടിയില്‍.... ഒരു കൈ തടയായി വച്ച് ഉറങ്ങും. അവന്‍ ഒരു നെടുവീര്‍പ്പോടെ ഓര്‍ത്തു..ഇനി ആരോട് എന്തു പറയാന്‍.
ഇനി ഈ കാണുന്നതെല്ലാം നഷ്ടപ്പെട്ട് ഒരു പാന്ധനെപ്പോലെ എവിടെയെങ്കിലും അലഞ്ഞു തിരിയണം. എവിടെയെങ്കിലും കയറി താമസിക്കണം. എവിടേയ്ക്ക് പോകും. ഒരു എത്തും പിടിയും കിട്ടുന്നില്ല.
ലവ്-ലീനയും കരഞ്ഞു കലങ്ങി വീര്‍ത്ത കണ്ണും മുഖവുമായി തന്‍റെ അവശ്യ സാധനങ്ങള്‍ എടുത്ത് ഒരു ദിവസം രാവിലെ തന്നോട് ഒരക്ഷരം പറയാതെ ഇറങ്ങിപ്പോയി. തന്‍റെ മുന്നില്‍ ചിന്നിച്ചിതറിപ്പോകുന്ന കുടുംബം. നിസ്സഹായനായി നോക്കി നില്‍ക്കുന്ന താന്‍..
പണ്ട് കൃഷ്ണനും ഈ അനുഭവം ഉണ്ടായിയത്രേ. യദു വംശം അഹന്ത കേറി മദ്യപിച്ച് തമ്മില്‍ തല്ലി നശിക്കുന്നത് അദ്ദേഹം നിശ്ചല ചിത്തനായി നോക്കി നിന്നുവത്രേ. അഹന്തയുടെ പരിധി കഴിഞ്ഞാല്‍ എല്ലാം നശിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പക്ഷേ ദൈവത്തിന്‍റെ കൈയൊപ്പ് പോലെ അന്ന് രാത്രി അവന് ഒരു കൂട്ടുകാരന്‍റെ ഫോണ്‍ വന്നു. അവന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കൂട്ടുകാരന്‍ സഹായ ഹസ്തം നീട്ടി, ഇനി തല്‍ക്കാലം നീ എന്‍റെ കൂടെ വന്ന് താമസിക്ക്.
തന്‍റെ മനസ്സുരുകുന്ന അനുഭവങ്ങള്‍ തുറന്നു പറയാന്‍ ഒരു കൂട്ടുകാരനെ കിട്ടിയിരിക്കുന്നു. മിക്ക ദിവസങ്ങളിലും അവര്‍ ഒന്നിച്ച് ഊണ് കഴിച്ചു, മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നു.
എല്ലാത്തിനും, സമയം ഒരു പരിഹാരം കണ്ടെത്തുമെന്ന് അവന്‍റെ കൂട്ടുകാരന്‍ അവനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. നാം നമ്മുടെ കഴിവിനനുസരിച്ച് പരിശ്രമിക്കുക. പിന്നെ എല്ലാം കാലത്തിന് വിട്ടുകൊടുക്കുക.
മണല്‍ ഘടികാരത്തിലെ മണല്‍ പോലെ സമയം പതുക്കെ ഊര്‍ന്നൂര്‍ന്നു വീണു കൊണ്ടിരുന്നു. ഒരു ദിവസം മനോഹറിന്‍റെ കൂട്ടുകാരന്‍ അവന് ഒരു പുസ്തകം വായിക്കാന്‍ കൊടുത്തു. നീ ഇത് വായിക്ക്, മനസ്സ് ശാന്തമാകും. എല്ലാം ശരിയാവും.
അവന്‍ ആ പുസ്തകത്തിന്‍റെ പുറം ചട്ട മറിച്ചു നോക്കി. ‘A man’s search for meaning’ എന്ന ആ പുസ്തകം എഴുതിയത് വിക്റ്റര്‍ ഫ്രാങ്കല്‍ എന്ന പ്രസിദ്ധ സൈക്കോളജി ഡോക്ടര്‍ ആണ്. ഒന്നരക്കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ആ പുസ്തകം എത്രയോ ലോക ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു.
അവന്‍ പതുക്കെ പുസ്തകത്തിനകത്തേയ്ക്ക് ഊര്‍ന്നു വീണു.
താനും തന്‍റെ ജീവിതത്തിലെ അര്‍ത്ഥം തേടിക്കൊണ്ടിരിക്കുകയല്ലേ. എന്നും അവസാനിക്കാത്ത തിരച്ചില്‍. ഇന്ന് അത് കൂടുതല്‍ പ്രസക്തമായിരിക്കുന്നു. ആ അര്‍ത്ഥം അറിഞ്ഞവര്‍ ഭാഗ്യവാന്മാര്‍...!!
പോളണ്ടില്‍ താമസിച്ചിരുന്ന ജൂതനായ ഡോ. വിക്ടര്‍ ഫ്രാങ്കല്‍ താന്‍ കണ്ട നൂറു കണക്കിന് സൈക്കോളജി രോഗികളുടെ മാനസിക നില മുന്‍നിറുത്തി ഉണ്ടാക്കിയ ചികിത്സാ സമ്പ്രദായം, സിദ്ധാന്തം - ലോഗോ തെറാപ്പി, പ്രസിദ്ധപ്പെടുത്താന്‍ ഒരുമ്പെടുകയായിരുന്നു. ആയിരക്കണക്കിന് രോഗികള്‍ക്ക് സമാധാനം പകര്‍ന്നേക്കാവുന്ന ആവിഷ്കാരം. തന്‍റെ ജീവിതകാല അനുഭവം മുഴുവന്‍ ആറ്റിക്കുറുക്കി ഉണ്ടാക്കിയ സിദ്ധാന്തം. അപ്പോഴാണ് ഒരു ഇടിത്തീപോലെ അദ്ധേഹത്തെ ഹിറ്റ്ലറുടെ നാസിപ്പട പിടികൂടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നാസി ക്യാമ്പായ ഓഷ്-വിട്സില്‍ (Auschwitz) കൊണ്ടുപോയ ആദ്യ ദിവസം തന്നെ തന്‍റെ ഇട്ട ഉടുപ്പുകളെല്ലാം ഊരി വാങ്ങിയ അവര്‍, താന്‍ തന്‍റെ കോട്ടിന്‍റെ പോക്കറ്റില്‍ ഒളിപ്പിച്ചു വച്ചിരുന്ന തന്‍റെ ജീവിതകാല സമ്പാദ്യം, ആ നിധിപോലുള്ള ആവിഷ്കാരം അവര്‍ നിഷ്കരുണം കീറിക്കളഞ്ഞു.
പിന്നീടവിടുന്ന് യാതനകളുടെ പരവതാനിയായിരുന്നു അദ്ധേഹത്തെ കാത്തിരുന്നത്. നാണം മറയ്ക്കാന്‍ പോലും ബുദ്ധിമ്മുട്ടുള്ള കീറിയ ഉടുപ്പും, കാലില്‍ കടിക്കുന്ന പാകമല്ലാത്ത ഷൂസും ഇട്ട് കൈ കാലുകള്‍ കോച്ചുന്ന ആ കൊടും തണുപ്പത്ത് എന്നും നാസിപ്പട്ടാളത്തിനു വേണ്ടി കൂലിപ്പണിക്ക് പോകുന്ന കുറേ ഹതഭാഗ്യരുടെ കൂടെ അയാളും.. എന്നിട്ടും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തമ്മില്‍ തമ്മില്‍ കടിച്ചു കീറേണ്ടിവരുന്ന പട്ടിണിക്കോലങ്ങളായ ആ ജൂതസഹജീവികളുടെയിടയില്‍ തന്‍റെ ജീവിതകാല സമ്പാദ്യമായ ആ ആവിഷ്കാരം വീണ്ടും എഴുതിയുണ്ടാക്കാന്‍ മനസ്സ് കൊണ്ട് സ്വയം പ്രജോദനം കണ്ടെത്തുന്ന ഫ്രാങ്കല്‍. ഒരു കടലാസ് പോലും കിട്ടാനില്ലാത്ത ആ കാമ്പില്‍ വീണു കിട്ടുന്ന ഓരോ കടലാസ് തുണ്ടിലും തന്‍റെ സിദ്ധാന്തം കോറി കുറിച്ചിടുന്ന ഫ്രാങ്കല്‍. ഓരോ ദിവസവും തന്‍റെ കണ്‍മുന്‍പില്‍ തന്‍റെ സുഹൃത്തുക്കള്‍ ഒന്നൊന്നായി മരണത്തോടു മല്ലിട്ട് കീഴടങ്ങുമ്പോഴും പതറാതെ അവരെ പരമാവധി സഹായിക്കുന്ന ഫ്രാങ്കല്‍.
താന്‍ ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്‍റെ പ്രിയതമ ഇപ്പോള്‍ ഏതോ നാസി കാമ്പിലായിരിക്കാം, ജീവിച്ചിരിക്കാന്‍ സാദ്ധ്യത ഒട്ടും ഇല്ല എന്നറിഞ്ഞിട്ടും അയാള്‍ അവളെ ദിവസവും കണ്ടു, അവളുടെ വാക്കുകള്‍, ഉപദേശങ്ങള്‍ കേട്ടു. അത് ഒരു പ്രചോദനം പോലെ നെഞ്ചോട് ചേര്‍ത്ത് കൊണ്ടു നടന്നു.
മനോഹറിന് അതിലെ ഓരോ അനുഭവങ്ങളും വല്ലാതെ തീക്ഷ്ണമായിത്തോന്നി. അതിനു മുന്നില്‍ തന്‍റെ വിഷമങ്ങളൊക്കെ വെറും നിസ്സാരം. വിക്ടര്‍ ഫ്രാങ്കലിന്‍റെ അനുഭവങ്ങള്‍ക്ക് മുന്നില്‍ അവന്‍റെ വിഷമങ്ങളൊക്കെ അലിഞ്ഞില്ലാതായ പോലെ അവന് തോന്നി.
മൂന്ന് വര്‍ഷം കഴിഞ്ഞ് ഇച്ഛാശക്തിയും ഭാഗ്യവും കൊണ്ട് പുറത്ത് വരുന്ന ഫ്രാങ്കല്‍ കുറേ കാലത്തിന് ശേഷം തന്‍റെ കോറിയിട്ട കടലാസുകളെല്ലാം ചേര്‍ത്ത് ഒരു പുസ്തകമാക്കി. അദ്ദേഹം പല പ്രസിദ്ധ ആശുപത്രികളിലും തന്‍റെ സിദ്ധാന്തം ആവിഷ്കരിച്ചു, ആയിരങ്ങളെ ആത്മഹത്യകളില്‍ നിന്നും, മനോരോഗങ്ങളില്‍ നിന്നും രക്ഷിച്ചു.
പുസ്തകം വായിച്ചു തീര്‍ത്ത അവന്‍റെ മനസ്സിന് വല്ലാത്ത ഒരു ലാഘവം. ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ തന്‍റെ ജീവിതത്തിന്‍റെ ഇഷ്ടികകള്‍ ഒന്നൊന്നായി ഇനി എന്നെങ്കിലും പെറുക്കി അടുക്കാന്‍ കഴിയുമോ?! ജീവിതത്തില്‍ ഇതിനുമപ്പുറം ചില മാനങ്ങള്‍ (dimensions) ഉണ്ട് എന്ന് അവന് തോന്നി. കഴിയുമെങ്കില്‍ അവയില്‍ ചിലത് കണ്ടെത്തണം.
കുറേ ദിവസങ്ങള്‍ക്ക് ശേഷം അവന്‍ അന്ന് സുഖമായി ഉറങ്ങി.
അങ്ങകലെ ലവ്-ലീനയും എന്തെന്നില്ലാത്ത മനസ്സമ്മര്‍ദ്ദം നേരിട്ട് കൊണ്ടിരുന്നു. പലപ്പോഴും താന്‍ ചെയ്ത പലതും തെറ്റായി എന്ന് അവള്‍ക്കും തോന്നി. കുറേ ദിവസങ്ങളായി ഒന്ന് ശരിക്ക് ഉറങ്ങിയിട്ട്. എല്ലായിടത്തും ഒരു വല്ലാത്ത ഏകാന്തത.
ഹോസ്ടലില്‍ നിന്ന് വന്ന മകള്‍ തിരിച്ച് പോകുക കൂടി ചെയ്തപ്പോള്‍ ആ ഏകാന്തത തന്നെ കാര്‍ന്നു തിന്നുന്നതായി അവള്‍ക്ക് തോന്നി. താന്‍ എന്ത് വാശിയുടെ പേരില്‍ ആണ് ഇതൊക്ക ചെയ്ത് കൂട്ടിയത്. ഇത്ര വേണ്ടിയിരുന്നില്ല. പക്ഷേ ഇത് തന്‍റെ മാത്രം തെറ്റല്ലല്ലോ. മനോഹറിനും ചില വിട്ടു വീഴ്ച്ചകളൊക്കെ ചെയ്യാമായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ഇങ്ങോട്ട് വന്നത് തന്നെ തെറ്റായിപ്പോയോ..അറിയില്ല.
പല സന്ധിഗ്ധ ഘട്ടങ്ങളിലും അവള്‍ അവനെ ഒരിക്കലെങ്കിലും ഫോണ്‍ ചെയ്താലോ എന്ന് വിചാരിച്ചതാണ്. പക്ഷേ മനസ്സ് വന്നാല്‍ കൈ വരില്ല, കൈ വന്നാല്‍ മനസ്സ് വരില്ല. അന്ന് രാത്രി ആ ചെകിടടപ്പിക്കുന്ന ഏകാന്തതയില്‍ അവളുടെ അസ്തിത്വത്തിന്‍റെ കൂര്‍ത്ത് മൂര്‍ത്ത മുള്ളുകള്‍ അവളെ കൊളുത്തി വലിച്ചു..
ചെരിഞ്ഞും മറിഞ്ഞും കിടന്ന് അവള്‍ ശരിയും തെറ്റും അളന്നു. അവന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍..ഞാന്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍..പക്ഷേ ഒന്നിനും ഒരെത്തും പിടിയും കിട്ടുന്നില്ല. നാളെ ഒന്ന് ഫോണ്‍ വിളിച്ചു നോക്കിയാലോ... അവന്‍റെ മനസ്സും ഇതുപോലെ നീറുന്നുണ്ടെങ്കില്‍ പ്രതികരിക്കുമായിരിക്കും.
രാവിലെ ഉണര്‍ന്നെണീറ്റപ്പോള്‍ രണ്ടും കല്‍പ്പിച്ചു അവള്‍ ഫോണെടുത്തു, മനോഹറിനെ ഒന്ന് വിളിച്ചു നോക്കാന്‍ തീരുമാനിച്ചു.
അന്ന് വൈകി എണീറ്റ മനോഹറിന്‍റെ ഫോണില്‍ അതാ തെളിയുന്നു ലവ്-ലീനയുടെ നമ്പര്‍. അവന്‍ അവളെ ലവ് എന്നാണ് ഫോണിലും സൂക്ഷിച്ചിരിക്കുന്നത്. പതുക്കെ ഫോണെടുത്ത അവന്‍ മറുപുറത്ത് നിന്നും പണ്ട് ന്യൂയോര്‍ക്കില്‍ എന്നോ കേട്ടു പരിചയിച്ച ആ നനുത്ത ശബ്ദം കേട്ടു..ഐ ആം സോറി... തനിക്ക് വിശ്വസിക്കാവുന്നതിലപ്പുറമായിരുന്നു അത്. അവനും വിതുമ്പല്‍ ഒതുക്കിക്കൊണ്ട് പതുക്കെപ്പറഞ്ഞു.. ഐ ആം സോറി..
വൗ!!!!#🥰🥰🥰
ReplyDelete