Thursday, 3 February 2022

ഒരു കൊച്ചു പ്രണയ കഥ - 2 of 3



 

അടുത്ത ദിവസം അതേ സമയം അവന്‍ ആ ബസ്സില്‍ കയറിപ്പറ്റാന്‍ തിരക്കിട്ടിറങ്ങി, അവളെക്കാണാന്‍.

ലവ്-ലീനാ അമേരിക്കയിലാണത്രേ ജനിച്ചത്. പക്ഷേ അച്ഛനമ്മമാര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയപ്പോള്‍ അവള്‍ നാട്ടിലേയ്ക്ക് മടങ്ങി. അവിടെയും ഇവിടെയുമായി പഠിച്ചു. ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവിടെ ജനിച്ചത് കൊണ്ട് അമേരിക്കന്‍ പൗരത്വം സൗജന്യം..അതുകൊണ്ട് എപ്പോള്‍ വേണമെങ്കില്‍ വരികയും പോകുകയുമാവാമല്ലോ..

പതുക്കെ ബസ്സിലെയും ട്രെയിനിലെയും ഊഷ്മള സംവാദങ്ങള്‍ പതിവായി. അത് കഫെയിലെ ചൂടു കാപ്പികളിലും സ്റ്റാണ്ട്-അപ് കോമഡികളിലും മറ്റ് പലയിടങ്ങളിലുമായി ചേക്കേറി. ഒരാള്‍ മറ്റൊരാളെ അറിയാന്‍ ശ്രമിക്കുകയാണോ അതോ ഒരാള്‍ മറ്റൊരാളില്‍ ജീവിക്കുകയാണോ?

ന്യൂയോര്‍ക്കിലെ ഏറ്റവും പ്രസിദ്ധ ആകര്‍ഷണങ്ങളില്‍ ഒന്നായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ ഒരു ദിവസം അവര്‍ ആഘോഷിക്കുവാന്‍ എത്തി. അതിന്‍റെ 102-)o നിലയിലേയ്ക്ക് പോകുന്ന ലിഫ്റ്റ്‌ തന്നെ ഒരു ആഘോഷമാണ്. പാട്ടും ദൃശ്യങ്ങളുമാണ് മുഴുവന്‍. മുകളിലത്തെ ഗാലറിയില്‍ അവിടം സന്ദര്‍ശിച്ച ലോക പ്രശസ്തരായ അതിഥികളുടെ ചിത്രങ്ങള്‍. ലോകത്തിലെ മിക്ക പ്രശസ്തരും അവിടെ എത്തിയിട്ടുണ്ട്, ന്യൂയോര്‍ക്ക് എന്ന മാസ്മരികത വളരെ ഉയരത്ത് നിന്ന് കാണാന്‍.

അതിന്‍റെ 102-)മത്തെ നിലയിലേയ്ക്ക് കയറിയ അവര്‍ക്ക് ഒരു ദൃശ്യ വിരുന്ന് തന്നെയാണ് അവിടെ ഒരുക്കിയിരുന്നത്. ഇത്ര മുകളില്‍ നിന്ന് നഗരം കാണുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. താഴെ അന്‍പത് അറുപത് നിലകളുള്ള കെട്ടിടങ്ങളൊക്കെ ഓരോ ചെറിയ പെട്ടികള്‍ പോലെ അവര്‍ക്ക് തോന്നി.

അവര്‍ നില്‍ക്കുന്ന നിലയ്ക്ക് മുകളിലെ ഡോമിലാണ്, കിംഗ്‌കോംഗ് എന്ന സുപ്രസിദ്ധ സിനിമയിലെ മനുഷ്യ സ്നേഹിയായ ആ ഭീമന്‍ മനുഷ്യക്കുരങ്ങ് വെടിയേറ്റ് വീഴുന്നതിന് മുന്‍പ് അവസാനം കയറി നിന്നത് എന്നാലോചിച്ചപ്പോള്‍ മനോഹറിന്‍റെ ദേഹം കോരിത്തരിച്ചു. എന്തൊരു ഉദ്വേഗം ജനിപ്പിക്കുന്ന രംഗമായിരുന്നു അത്.

ഇവിടെ വന്നവരാരും അസ്തമന സൂര്യനെക്കാണാതെ മടങ്ങാറില്ല. പടിഞ്ഞാറ് സൂര്യന്‍ അസ്തമിക്കാന്‍ പോകുന്നു. അസ്തമന സൂര്യന്‍റെ രശ്മികളില്‍ അങ്ങ് ദൂരെ ഹഡ്സന്‍ നദിയും, കൊച്ചു കപ്പലുകളാല്‍ ചുറ്റപ്പെട്ട സ്റ്റാച്യൂ ഓഫ് ലിബെര്‍ടിയും ഒരു സ്വര്‍ഗ്ഗ ദ്വീപ് സൃഷ്ടിച്ചു.

പതുക്കെ സൂര്യന്‍റെ അന്തിച്ചുവപ്പ് നഗരത്തെയാകെ പൊതിഞ്ഞു. ആ ചുവപ്പില്‍ നിന്നും നഗരം മാസ്മരികതയിലേയ്ക്ക് തെന്നി വീഴുന്ന കാഴ്ച അതിമനോഹരമാണ്. താമസിയാതെ താഴെ ഭൂമിയില്‍ നക്ഷത്രങ്ങള്‍ മിന്നിത്തെളിഞ്ഞു. ഓരോ കെട്ടിടങ്ങളും ഓരോ നക്ഷത്രക്കൂടാരങ്ങളായി മാറി.

മനോഹറിന് ലവ്-ലീനയെക്കൂട്ടി ഒന്ന് പറന്നാല്‍ കൊള്ളാമെന്നുണ്ട്. അവന്‍ പറഞ്ഞു, എനിക്ക് ഇവിടെ നിന്ന് താഴേയ്ക്ക് പറക്കാന്‍ തോന്നുന്നു. ഒന്നു ചാടിയാല്‍ മതി പറന്നു പറന്നു താഴെ ചെല്ലാം. ഇത് കേട്ടു ചിരിച്ചുകൊണ്ട് ലവ്-ലീന പറഞ്ഞു, ഒന്ന് ചാടി നോക്ക്..!!

നഗരത്തിലെ മനോഹരമായ സ്ഥലങ്ങളിലുള്ള കൂടിക്കാഴ്ചകള്‍ അവരെ കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു.

സ്റ്റാച്യൂ ഓഫ് ലിബെര്‍ട്ടി കാണാന്‍ പോകാന്‍ രണ്ടു നിലയുള്ള ബോട്ടിലെ ഡെക്കില്‍ തന്നെ അവര്‍ സ്ഥലം പിടിച്ചു. ഇളം വെയിലിന്‍റെ ചൂടും, നദിയിലെ തെന്നിളം കാറ്റും ആരെയും ഉന്മത്തമാരാക്കും. ചുറ്റിലും നീല വെള്ളം. ഹഡ്സന്‍റെ ഒരു കരയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ കെട്ടിട സമുച്ചയങ്ങള്‍. ഇടയ്ക്ക് അവയ്ക്കരികിലൂടെ ഹേലിക്കോപ്ടറുകള്‍ പറന്നു പൊങ്ങുന്നു. മുകളില്‍ നീലാകാശത്ത് ഇടയ്ക്കിടയ്ക്ക് വിമാനങ്ങള്‍. ജെയിംസ് ബോണ്ടിന്‍റെ സിനിമകളിലെ പല രംഗങ്ങളെയും ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകള്‍. ഇടയ്ക്കിടയ്ക്ക് വലിയ കപ്പലുകള്‍ അവരുടെ ബോട്ടിനെ ഒന്ന് പിടിച്ചു കുലുക്കിക്കൊണ്ട് കടന്നു പോകുന്നു. ചുറ്റിലും ബോട്ടില്‍ സുന്ദരിമാര്‍.. അവന്‍റെ അരികില്‍ ഒരു സുന്ദരി.....!! ഐ ആം ബോണ്ട്‌.. ജെയിംസ് ബോണ്ട്‌, എന്ന് അവന്‍റെ കാതുകളില്‍ പതുക്കെ ആരോ പറഞ്ഞത് പോലെ അവന് തോന്നി..സ്വപ്ന സമാനമല്ലേ ഇതൊക്കെ.

താമസിയാതെ അവര്‍ കാത്തിരുന്ന ആ കാഴ്ച വരവായി. ലോകത്തില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ കാണാനാഗ്രഹിക്കുന്ന ഒരു കാഴ്ചയല്ലേ നമ്മള്‍ ഇപ്പോള്‍ കാണാന്‍ പോകുന്നത്. നമ്മുടെ കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ദ്വീപിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു കൊച്ചു ദ്വീപില്‍ ഒരു കൈയില്‍ പുസ്തകവും മറ്റേ കൈയില്‍ ദീപശിഖയും ഉയര്‍ത്തി പിടിച്ചുകൊണ്ട് ചിരിക്കണോ വേണ്ടയോ എന്ന മട്ടില്‍ നില്‍ക്കുന്ന വനിത. ഇളം പച്ച നിറമുള്ള ആ വലിയ വനിതാ പ്രതിമയ്ക്ക് എന്തോ ഒരു പ്രത്യേക ആകര്‍ഷണീയത.

അത് ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഫ്രാന്‍സില്‍ നിന്ന് കൊണ്ടുവന്നതാണത്രേ, തങ്ങളുടെ അമേരിക്കയുമായുള്ള മൈത്രിയുടെ പ്രതീകമായി. മനോഹറിനു ഇതൊക്കെ രസകരമായ കഥയായി തോന്നി. താനീക്കാണുന്നതൊക്കെ സത്യം തന്നെയല്ലേ. അവന്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭൂതിയോടെ ലവ്-ലീനയെ നോക്കി. തനിക്കിപ്പോള്‍ ലവ്-ലീനയോട് മാത്രമല്ല, ഈ നഗരത്തോടും പ്രണയം കൂടിക്കൂടി വരുന്നു.

ദ്വീപില്‍ ഇറങ്ങിയ അവര്‍ കെട്ടിട സമാനമായ ആ പ്രതിമയ്ക്കുള്ളിലൂടെ കയറി ആ ഫ്രഞ്ച് വനിതയുടെ കിരീടത്തിലെ ജനലുകളില്‍ എത്തി. കൊച്ചു കൂട്ടുകാരെപ്പോലെ ഉദ്വേകത്തോടെ അവര്‍ അവിടെ നിന്ന് പുറം ലോകത്തേയ്ക്ക് എത്തി നോക്കി. സ്റ്റാച്യൂ ഓഫ് ലിബെര്‍ട്ടി പോലെ തന്നെ ഭംഗിയുള്ളതാണ് ആ കൊച്ചു ദ്വീപും.

നഗരത്തിന്‍റെ തിരക്കില്‍, ജീവിതത്തിന്‍റെയൊഴുക്കില്‍ ദിവസങ്ങള്‍ വിടര്‍ന്നതും കൊഴിഞ്ഞതും അവരത്ര ശ്രദ്ധിച്ചില്ല, വാസ്തവത്തില്‍ ശ്രദ്ധിക്കാന്‍ സമയമില്ല. ആ തിരക്കിനിടയിലും അവരുടെ പ്രണയം തളിര്‍ത്ത് പൂവിട്ടു.

നഗരത്തിന്‍റെ നൂലാ മാലകളില്‍ നിന്നൊക്കെ വിട്ടുമാറി പക്ഷികളോടും പൂക്കളോടും സൊറ പറയാനും തൊട്ടുരുമ്മി ഇരുന്ന് അവരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും അവരെപ്പോഴും അവിടത്തെ പ്രസിദ്ധമായ സെന്‍ട്രല്‍ പര്‍ക്കിലാണ് അഭയം തേടുക. നിറയെ പൂക്കളും പക്ഷികളും തടാകങ്ങളും അവയ്ക്ക് മുകളിലൂടെ കൊച്ചു കൊച്ചു പാലങ്ങളും, പോരാത്തതിന് നിറയെ വലിയ മരങ്ങളും ഉള്ള ആ പാര്‍ക്കില്‍ കുറച്ചു നേരം ഇരുന്നാല്‍ അവരുടെ എന്നല്ല അവിടെ വരുന്ന ആരുടെയും പ്രശ്നങ്ങള്‍ വളരെ ലഘുവായി തോന്നും. അത്ര പ്രശാന്ത സുന്ദരമാണ് അവിടം.

ഒരു ദിവസം മനോഹറിന്‍റെ സ്നേഹം തുറന്നു കാണിക്കാന്‍ അവന്‍ ഒരിടം തിരഞ്ഞെടുത്തു. ഒരു സര്‍പ്രൈസ്..

അവര്‍ ടൈംസ് സ്ക്വയറില്‍ എത്തി. സമയം വട്ടത്തിലോ, ചതുരത്തിലോ അതോ നീണ്ടിട്ടോ എന്നറിയാന്‍ ഏകദേശം അമ്പതു ലക്ഷം പേരാണത്രേ ആ 'ടൈം സ്ക്വയറില്‍' ഓരോ വര്‍ഷവും കറങ്ങുന്നത്. അതും അര്‍ദ്ധരാത്രിയ്ക്ക് അവിടത്തെ തിരക്ക് കാണേണ്ടതാണ്. നിയോണ്‍ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ആ സ്ക്വയറില്‍ ഒരിക്കലും നിലയ്ക്കാത്ത ആ ജനപ്രവാഹത്തില്‍ അലിഞ്ഞു ചേര്‍ന്ന് അവര്‍ അവിടം മുഴുവന്‍ ഒഴുകി നടന്നു. ഒരിക്കലും ഉറങ്ങാത്ത ആ ടൈം സ്ക്വയറിലെ ‍ വട്ടത്തിലുള്ള ക്ലോക്കില്‍ രാത്രി പന്ത്രണ്ട് മണി അടിച്ചപ്പോള്‍ അനന്തതയിലേയ്ക്ക് എത്തി നോക്കി നില്‍ക്കുന്ന സുപ്രസിദ്ധമായ ന്യൂയോര്‍ക്ക് ടൈംസ് ബില്‍ഡിങ്ങിന് മുന്നില്‍ വച്ച് മനോഹര്‍ ലവ്-ലീനയോടു ചോദിച്ചു..വില്‍ യു മാരി മീ. അവള്‍ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി. മെയ്യോടു മെയ്യ് ചേര്‍ന്ന് അവര്‍ അധരങ്ങളുടെ മധുരം നുണഞ്ഞു. അതാണല്ലോ നാട്ടുനടപ്പ്.

അവര്‍ സമയം കിട്ടുമ്പോഴൊക്കെ അവിടത്തെ ഡബിള്‍ ഡക്കര്‍ ബസ്സില്‍ കയറി‍ യാത്ര ചെയ്യും. അതിന്‍റെ മുകളിലത്തെ തട്ടില്‍ ഇരുന്നുള്ള സൊറ പറഞ്ഞുള്ള യാത്ര ഒരു പ്രത്യേക അനുഭൂതിയാണ്. അവര്‍ രണ്ടുപേരും ഏറ്റവും മുന്നിലുള്ള സീറ്റില്‍ ഇരിക്കും. തണുത്ത കാറ്റടിക്കുമ്പോള്‍ ചേര്‍ന്നിരുന്നുള്ള യാത്ര. കൂടെ ചൂട് കാപ്പിയുമുണ്ടെങ്കില്‍ ആഹാ..പക്ഷേ ഇത്രയൊക്കെ പുരോഗമിച്ചിട്ടും അവിടത്തെ റെഡ് ലൈറ്റുകള്‍ വളഞ്ഞ് ബസ്സിലുള്ളവരെ മുട്ടാന്‍ എന്നപോലെ നില്‍ക്കുന്നു. ഡബിള്‍ ഡക്കറില്‍ ഒന്നെഴുന്നേറ്റു നിന്നാല്‍ അവന്‍റെ തല പോയത് തന്നെ.

താമസിയാതെ അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. രക്ഷിതാക്കളുടെ എതിര്‍പ്പെല്ലാം പതുക്കെ ആശീര്‍വാദങ്ങളായി മാറി.

പിന്നീടുള്ള ദിവസങ്ങളെല്ലാം ജീവിതം ഒരുക്കൂട്ടുന്ന തത്രപ്പാടില്‍ ആയിരുന്നു അവര്‍ ഇരുവരും. അവരുടെ ആ ജീവിതത്തിരക്കില്‍ ദിവസങ്ങള്‍ മാസങ്ങളായതും മാസങ്ങള്‍ കൊല്ലങ്ങളായതും അവരറിഞ്ഞതേയില്ല.

പക്ഷേ ക്രമേണ മനോഹറിനും ലവ്-ലീനയ്ക്കും ജീവിതം യാന്ത്രികമായി തോന്നിത്തുടങ്ങി. എന്നുമുള്ള ബസ്സും ട്രെയിനും യാത്ര. കണ്ടു മടുത്ത ഹഡ്സന്‍ നദി, ബ്രൂകില്ന്‍ ബ്രിഡ്ജ്. എത്ര വര്‍ഷങ്ങളായി ടൈം സ്ക്വയറില്‍ ആ വട്ടത്തിലുള്ള ക്ലോക്കില്‍ സൂചി നിറുത്താതെ കറങ്ങുന്നു. അത് ഒന്ന് നോക്കാനുള്ള സമയമില്ല, ശ്രദ്ധിക്കാറുമില്ല. എല്ലാത്തിന്‍റെയും പുതുമകള്‍ മങ്ങി ക്ലാവ് പിടിച്ചിരിക്കുന്നു.

അവര്‍ക്ക് ഒരു കുഞ്ഞ് പിറന്നു, വലുതായി, സ്കൂളില്‍ പോകുന്നു.

മനോഹര്‍ പലപ്പോഴും വീട്ടില്‍ വൈകിയാണ് എത്താറ്. ഓഫീസ് കഴിഞ്ഞാല്‍ തിക്കിലും തിരക്കിലും ഉള്ള യാത്ര. പലപ്പോഴും ഓഫീസിലെ വിഷമങ്ങള്‍ അവരുടെ ജീവിതത്തില്‍ അലോസരം ഉണ്ടാക്കി. മനോഹര്‍ പറഞ്ഞു.. ലവ്-ലീനാ ഞാന്‍ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നു, പക്ഷേ ഇവിടം എന്നെ വീര്‍പ്പ് മുട്ടിക്കുന്നു.

ലവ്-ലീനയുടെ കാര്യവും മറിച്ചായിരുന്നില്ല. ഓഫീസിലെ കാര്യങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍, വളര്‍ന്നു വരുന്ന കുട്ടിയുടെ കാര്യങ്ങള്‍, തിരക്ക് മാത്രമല്ല നിസ്സഹായത കൂടി തോന്നിത്തുടങ്ങി അവള്‍ക്ക്. പലപ്പോഴും ഓഫീസിലെ വീര്‍പ്പ്മുട്ടല്‍ ആ ചെറിയ വീട്ടിലും തോന്നിത്തുടങ്ങി.

ഇനി ഈ യാന്ത്രിക ജീവിതം വയ്യ, മടുത്തു. കുറച്ചു ദൂരെ എവിടെയെങ്കിലും കാടും പച്ചപ്പുമുള്ള സ്ഥലത്ത് നല്ല വായു ശ്വസിച്ച്‌ തുറന്ന് ജീവിക്കണം. നിന്ന് തിരിയാന്‍ പറ്റാത്ത ഈ സ്ഥലത്തു നിന്ന് രക്ഷപ്പെടണം.

അവര്‍ അന്വേഷിച്ചന്വേഷിച്ച് പെന്‍സില്‍വാനിയയിലെ ഒരു കൊച്ചു പട്ടണമായ ബെത്-ലഹെമില്‍ എത്തി. ന്യൂയോര്‍ക്കില്‍ നിന്ന് രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തെ ഡ്രൈവ്.

അവിടത്തെ കുന്നിന്‍ ചരുവുകളില്‍ അവര്‍ വിശാലമായ വീടുകള്‍ കണ്ടു. കളകളം പൊഴിക്കുന്ന ഒരു അരുവിക്കരയില്‍ നില്‍ക്കുന്ന വീട് മകള്‍ക്ക് കൂടി ഇഷ്ടമായപ്പോള്‍ അവര്‍ ആ വീട് വാങ്ങാന്‍ തീരുമാനിച്ചു. മാനുകളും മയിലുകളും ഇടയ്ക്ക് മേയുന്നു. സ്വര്‍ഗ്ഗ സമാനമായി അവര്‍ക്ക് ആ സ്ഥലം തോന്നി.

                                                                                                                                  തുടരും ..



1 comment: