Friday, 10 September 2021

ടൈഗര്‍ ഹില്ലിലെ സൂര്യോദയം




ഗിരിധറും കൂട്ടുകാരും മല മടക്കുകളിലൂടെ മുകളിലേയ്ക്ക് കയറുകയാണ്.

അവര്‍ പഴയ വില്ലീസ്‌ ജീപ്പിലാണ് യാത്ര. മുത്തച്ഛന്‍റെ കാലത്ത് ഒരു മാടമ്പി കുട്ടപ്പനായിരുന്ന വില്ലീസ്‌ ഇപ്പോഴും ഒരു പടക്കുതിര പോലെയാണ് മല മടക്കുകള്‍ കയറി ഇറങ്ങുന്നത്. കുറച്ച് ഒച്ചയും ഞെരക്കവും ഉണ്ടെന്ന് മാത്രം. അത് ഏത് വയസ്സന്മാര്‍ക്കാ ഇല്ലാത്തത്. കറുത്ത് നരച്ച പടുത കൊണ്ട് ജീപ്പിന്‍റെ മുകള്‍ ഭാഗവും പുറകു വശവും മറച്ചു-മറച്ചില്ല എന്ന് തോന്നുന്ന ആ വില്ലീസ്‌ ജീപ്പില്‍ യാത്ര ചെയ്യുന്നത് അവര്‍ക്ക് ഒരു രസികന്‍ പുതുമയാണ്, പഴമയിലെ പുതുമ. പേരക്കുട്ടികള്‍ക്ക് മുത്തച്ഛന്‍റെ കൂടെയുള്ള യാത്ര പോലെ, ഒരുതരം ത്രില്‍.

പുറകിലെ പടുത, കൊടിയിലെ കൊടിക്കൂറ പോലെ എപ്പോഴും കാറ്റത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും ശബ്ദമുണ്ടാക്കിക്കൊണ്ട് പറന്നുകൊണ്ടിരുന്നു. ആ പടുത ഉയരുന്ന തക്കം നോക്കി, നനുനനുത്ത തണുത്ത കാറ്റ് അവരുടെ ഇടയിലൂടെ ചൂളം വിളിച്ചു കടന്നു പോയി.

ആ വണ്ടിയിലെ ആറു കൂട്ടുകാരും - മൂന്ന് ആണുങ്ങളും, മൂന്ന് പെണ്ണുങ്ങളും - യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. ചുറ്റും മഞ്ഞിന്‍ പുതപ്പണിഞ്ഞ കുന്നുകളും മലകളും. കുന്നിന്‍ ചെരുവില്‍ പച്ചവെല്‍വെറ്റ് വിരിച്ച ചായത്തോട്ടങ്ങള്‍, അതിനിടയ്ക്ക് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നപോലെ ഒറ്റയാന്‍ പൈന്‍ മരങ്ങള്‍. അവയ്ക്കിടയിലൂടെ പാമ്പ്‌ പോലെ വളഞ്ഞു പുളഞ്ഞു നീണ്ട് കിടക്കുന്ന നടപ്പാതകള്‍, റോഡുകള്‍‍. ചില കുന്നുകള്‍ പൈന്‍ കാടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടുത്തെ പ്രകൃതിയുടെ കാന്‍വാസിന് ഒരു വല്ലാത്ത ആകര്‍ഷണീയത..

പെട്ടെന്നാണ് മുന്നില്‍ റോട്ടില്‍ ടയര്‍ ഉരയുന്ന ശബ്ദവും, എന്തൊക്കെയോ തട്ടി മുട്ടി വീഴുന്ന ശബ്ദവും അവര്‍ കേട്ടത് . പെട്ടെന്ന് പകച്ച അവര്‍ നാലുപാടും നോക്കി. ജീപ്പ് അല്‍പ്പം കൂടി മുന്നിലേയ്ക്ക് നീങ്ങിയപ്പോഴാണ് എതിരേ വന്ന ഒരു കാര്‍ റോഡരികിലുള്ള നീര്‍ച്ചാലിലേയ്ക്ക് വീണത് കണ്ടത്. അവര്‍ കാറിന്‍റെ അടുത്തെത്തിയപ്പോഴേയ്ക്കും അകത്തു നിന്ന് നിലവിളികള്‍ ഉയരുന്നത് കേള്‍ക്കാം.

ഗിരിധറും കൂട്ടരും വണ്ടി നിറുത്തി വേഗം ചാടിയിറങ്ങി. കാറിന്‍റെ ഡോറുകള്‍ തുറക്കാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് ഒരു സൈഡിലുള്ള ഡോറുകള്‍ ജാമായിട്ടില്ല. വണ്ടിയിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും പുറത്തിറക്കി. അവരില്‍ പലരും ആലിലപോലെ വിറയ്ക്കുകയാണ്. ആ നീര്‍ച്ചാലിനപ്പുറത്ത് വലിയ കുന്നിന്‍ ചെരുവാണ് . എന്തോ ഭാഗ്യം കൊണ്ട് വണ്ടി നീര്‍ച്ചാലില്‍ കുരുങ്ങിനിന്നു എന്ന് സമാധാനിക്കാം. അല്‍പ്പം കൂടി വണ്ടി മുന്നോട്ട് പോയിരുന്നെങ്കില്‍.. ചിന്തിക്കാന്‍ കൂടി വയ്യ.

എന്തായാലും യാത്രക്കാരില്‍ മുതിര്‍ന്നവരെ ജീപ്പില്‍ കൊണ്ടുവന്ന് ഇരുത്തി, വെള്ളം കുടിക്കാന്‍ കൊടുത്തു. ഭാഗ്യത്തിന് ആര്‍ക്കും വലിയ പരുക്കില്ല, ചില ചെറിയ പോറലുകള്‍ മാത്രം. പ്രഥമ ശുശ്രൂഷകള്‍ നല്കി.

പിന്നെ അവര്‍ കാര്‍ പൊക്കാനുള്ള ശ്രമമായി.‍ ‍ ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്ന് ഏലേലയ്യ പറഞ്ഞു പിടിച്ചു, പലരും ചാലില്‍ ഇറങ്ങി വണ്ടി പൊക്കാന്‍ ശ്രമിച്ചു. പക്ഷേ കാര്‍ അനങ്ങിയില്ല.

അല്‍പ്പ സമയത്തിനുള്ളില്‍ ഒരു ജീപ്പ് കൂടി ആ വഴി അവിടെ എത്തിച്ചേര്‍ന്നു. അവരും ഒരു കൈത്താങ്ങായി ഇവരുടെ കൂടെ കൂടി. എല്ലാവരും അവരാല്‍ കഴിയുന്ന ശ്രമങ്ങള്‍ നടത്തി. എല്ലാവര്‍ക്കും ഒരുമിച്ച് നിന്നു പിടിക്കാവുന്ന സ്ഥലമല്ല അത്. ഇനി ഒരു വടം കെട്ടി വലിക്കുകയേ നിവൃത്തിയുള്ളൂ.

താമസിയാതെ ഒരു പുതിയ യാത്രാ സംഘവും അവിടെയെത്തി. അവര്‍ വണ്ടി നിറുത്തി കാര്യമന്വേഷിച്ചു. ഇവിടെ മല മടക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ അങ്ങനെയാണ്. അവര്‍ എപ്പോഴും സഹായ സന്നദ്ധരായിരിക്കും. ടൌണിലെ സ്വഭാവത്തിന് നേരെ വിപരീത സ്വഭാവമുള്ള നല്ല ആള്‍ക്കാര്‍.

അവരുടെ അടുത്ത് ഭാഗ്യത്തിന് വലിയ വടമുണ്ടായിരുന്നു. യാത്രക്കിടയില്‍ വണ്ടി കേടായാല്‍ എപ്പോഴും ഉപയോഗം വരുന്ന ഒന്നാണ് വടം. അത് വീണുകിടക്കുന്ന കാറില്‍ കെട്ടി മറ്റേ വണ്ടി വലിച്ചു. കൂടെയുള്ള ആള്‍ക്കാര്‍ വണ്ടിയില്‍ കൈ വച്ച് ഐലസാ വിളിച്ചു കൊണ്ട് ആഞ്ഞു തള്ളി. കാര്‍ പതുക്കെ പൊങ്ങി, പുറകോട്ടു നീങ്ങി നിവര്‍ന്നു.

ഗിരിധര്‍ വണ്ടിയില്‍ കയറി വണ്ടി സ്റ്റാര്‍ട്ടാക്കി. സ്റ്റാര്‍ട്ടാകുന്നുണ്ട്. ബ്രെയ്ക്കും പണിയെടുക്കുന്നുണ്ട്. വണ്ടി പതുക്കെയനക്കി മുന്നോട്ട് കൊണ്ടുപോയി നിറുത്തിക്കൊണ്ട് പറഞ്ഞു, വണ്ടിക്ക് കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു, വേണമെങ്കില്‍ പോകുന്ന വഴി ഏതെങ്കിലും മെക്കാനിക്കിനെ ഒന്നു കാണിച്ചോളൂ.

കാറിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ആത്മവിശ്വാസം വന്നിട്ടില്ല. അവര്‍ എല്ലാവരും പതുക്കെ വണ്ടിയില്‍ കയറി.‍ പതുക്കെ വണ്ടി അനക്കിത്തുടങ്ങി.

ഗിരിധറിനും കൂട്ടുകാര്‍ക്കും വേഗം ലാമഹട്ടയില്‍ എത്തേണ്ടത് കൊണ്ട് അവരും അവരുടെ വില്ലീസില്‍ കയറി യാത്ര തുടങ്ങി. ആ ജീപ്പിലെ കൂട്ടുകാരുടെ പിന്നീടുള്ള ചര്‍ച്ചകള്‍ മുഴുവന്‍ ആ സാഹസിക ശ്രമദാനത്തിലെ കൂട്ടായ്മയെക്കുറിച്ചായിരുന്നു. എല്ലാവരും അവരവരുടെ പങ്ക് നന്നായി നടത്തി, സാഹസികത ആസ്വദിച്ചു.

താമസിയാതെ അവര്‍ ലാമഹട്ടയില്‍ എത്തി. ‍ വണ്ടി നിറുത്തിയപ്പോള്‍ മുന്നില്‍ കണ്ടത് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന കുന്നിന്‍ ചരുവില്‍ , ആകാശത്തെ കാര്‍മേഘങ്ങളെ എത്തിപ്പിടിക്കാന്‍ വെമ്പുന്ന ഒരുകൂട്ടം കൂറ്റന്‍ മരങ്ങളാണ്. റോഡരികില്‍ നിന്ന് മുകളിലെ കുന്ന് മുഴുവന്‍ വന്‍ മരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവയ്ക്ക് താഴെ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നിറയെ പൂത്തു നില്‍ക്കുന്നു. കാണുമ്പോള്‍ തന്നെ മനസ്സിന് എന്തെന്നില്ലാത്ത കുളിര്‍മ്മ നല്‍കുന്ന സ്ഥലം.

വലിയ അദ്ധ്വാനം കഴിഞ്ഞു വന്നവരായത് കൊണ്ട് അവര്‍ക്ക് വല്ലാതെ വിശക്കുന്നുണ്ട്. ചുറ്റിലും നോക്കിയപ്പോള്‍ പല ചെറിയ കടകള്‍ കണ്ടു. അവയിലൊന്നിന്‍റെ പേര് ലവേര്‍സ് പോയിന്റ്‌ എന്നാണ്. പേരിനെന്തോ പ്രത്യേകത. എന്നാല്‍ അവിടെത്തന്നെ കയറാമെന്ന് അവര്‍ തീരുമാനിച്ചു.

അവിടെ ചെറുപ്പക്കാരായ പെണ്ണുങ്ങളാണ് ആഹാരം ഉണ്ടാക്കുന്നതും വിളമ്പുന്നതും. നല്ല ചുറുചുറുക്കുള്ള വനിതകള്‍. മോമോസും, പല വിധത്തിലുള്ള മാഗ്ഗിയും ആണ് അവിടത്തെ സ്പെഷ്യാലിറ്റി.

മാഗ്ഗി ഉണ്ടാക്കുന്നതിനിടയില്‍ അവര്‍ ഗിരിധറും കൂട്ടുകാരുമായി കുശലപ്രശ്നങ്ങളില്‍ ഏര്‍പ്പെട്ടു. എവിടന്നാണ് വരുന്നത്, ഹിന്ദി അറിയുമോ എന്നൊക്കെ. കേരളത്തില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ ഒരു പ്രത്യക പരിഗണന.

അവര്‍ക്ക് കേരളത്തോട് വലിയ ബഹുമാനമാണത്രേ. കാണാന്‍ വളരെ ഭംഗിയുള്ള സ്ഥലം. ആളുകള്‍ വളരെ സഹകരണ മനോഭാവമുള്ളവര്‍. തീരത്തെവിടെ നോക്കിയാലും നീലക്കടല്‍, അതിലേയ്ക്ക് എത്തിനോക്കി നില്‍ക്കുന്ന വളഞ്ഞ തെങ്ങുകള്‍. കായലുകളിലെ ചെറുതും വലുതുമായ വള്ളങ്ങള്‍. മലകളില്‍ കൊച്ചരുവികള്‍ , ചെറുതും വലുതുമായ പാല്‍ നുരയുള്ള വെള്ളചാട്ടങ്ങള്‍... എന്തുകൊണ്ടും വേറിട്ട്‌ നില്‍ക്കുന്ന സ്ഥലമാണത്രേ കേരളം. കേരളത്തിലെ ജനങ്ങള്‍ പരിശ്രമികളാണത്രേ, പ്രത്യേകിച്ചും പെണ്ണുങ്ങള്‍.

ഗിരിധറിന്‍റെയും കൂട്ടുകാരുടെയും ടൂട്ടി..ഫൂട്ടി ഹിന്ദി അവര്‍ക്ക് നന്നേ ഇഷ്ടമായി. അവര്‍ ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ സംവാദം നടത്തി.മാഗ്ഗി ഉണ്ടാക്കുന്നതിനിടയില്‍ ഗിരിധറും കൂട്ടുകാരും അവരുമായി ചങ്ങാത്തത്തിലായത് പോലെ. പല കൂട്ടുകാരും ചങ്ങാത്തം കൂടാന്‍ പാതി മറിച്ച ഗാസ് ചൂളയ്ക്ക് അടുത്തു തന്നെ ചുറ്റിപ്പറ്റി നിന്നു.

ഇടയില്‍ ഗിരിധര്‍ ചോദിച്ചു, ഈ ലാമ ഹട്ട എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം. ലാമ എന്നാല്‍ ബുദ്ധ സന്യാസി, ഹട്ട എന്നാല്‍ കുടില്‍.. ബുദ്ധ സന്യാസി കുടിലില്‍ ധ്യാനത്തില്‍ ഇരുന്ന സ്ഥലമായിരിക്കാം ഇവിടം. ആര്‍ക്കും ഒരുവേള കണ്ണടച്ചിരിക്കാന്‍ തോന്നുന്ന പ്രശാന്ത സുന്ദരമായ സ്ഥലം.

ഇത്ര വലിയ മരങ്ങള്‍ ഏതാണ്? മറ്റൊരു കൂട്ടുകാരന്‍ നവ്നീതിന്‍റെ സംശയം. പൈന്‍ മരങ്ങളാണ് അധികവും, ധൂപി വൃക്ഷങ്ങളുമുണ്ട് കൂടെ. ഇവിടത്തെ വലിയ പൈന്‍ മരങ്ങള്‍ 60 മീറ്ററിലധികം ഉയരമുണ്ട്. 60 മീറ്ററോ, കണ്ടപ്പോ തോന്നി..പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല..നമ്മുടെ നെടുമ്പന കുറുമ്പനയായല്ലോ...നവ്യയുടെ പ്രതികരണം.

അവര്‍ സ്വാദിഷ്ഠമായ മാഗിയും മോമോസും കഴിച്ച് ലവേര്‍സ് പോയിന്റ്‌ സുന്ദരികളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഗിരിധര്‍ പതുക്കെ പറഞ്ഞു.. ഒതുങ്ങിയ ശരീരവും തുറന്ന മനസ്സും നല്ല ചുറുചുറുക്കുമുള്ള പെണ്ണുങ്ങളാണ് ഇവിടെ. ഇവിടെ എവിടെയെങ്കിലും ഒരു പര്‍ണ്ണശാല കെട്ടി സ്ഥിരതാമസമാക്കാമായിരുന്നു. അതുകേട്ട് എല്ലാവരും ചിരിച്ചു.

അപ്പോള്‍ അനന്യയ്ക്ക് ഒരു സംശയം. ഇവിടത്തെ ആണുങ്ങള്‍ എങ്ങനെയുണ്ടാണാവോ എനിക്കും ഇവിടെ ഒരു കുടില് കെട്ടി താമസിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഇവിടം വിട്ട് പോകാനേ തോന്നുന്നില്ല.

ചെറിയ തമാശകള്‍ അവരുടെ സന്തോഷത്തിന് മാറ്റ് കൂട്ടി.

അവര്‍ ടിക്കറ്റ് വാങ്ങി, ആ പ്രശാന്ത സുന്ദരമായ കാട്ടിലേയ്ക്ക് പതുക്കെ കയറി. ഇവിടത്തെ കാടിന്‍റെ ഭംഗി കണ്ട് സര്‍ക്കാര്‍ ഇത് ഒരു നാഷണല്‍ ഇകോ പാര്‍ക്കാക്കിയിരിക്കുന്നു(National Eco Park). ഇവിടത്തെ പരിസ്ഥിതി എല്ലാരീതിയിലും സംരക്ഷിക്കണമെന്ന് ചുരുക്കം.

പൈന്‍ മരത്തിന് താഴെ നിന്ന് നോക്കിയാല്‍ ആകാശത്തോളം എത്തി നില്‍ക്കുന്ന അതിന്‍റെ തല അങ്ങ് ദൂരെ മുകളില്‍ കാണാം. മിക്കവാറും ഒറ്റത്തടിയിലൂടെയാണ് അവര്‍ തമ്മില്‍ മത്സരിച്ച് 60 മീറ്റര്‍ ഉയരത്തില്‍ എത്തിയിരിക്കുന്നത്. തലപ്പത്തുള്ള ചില്ലകളിലൂടെ അരിച്ചിറങ്ങുന്ന വെയില്‍ താഴെ വരെ എത്തുന്നുണ്ടോ എന്ന് സംശയം. താഴെ നിറങ്ങള്‍ വാരി വിതറിയപോലെ പല വര്‍ണ്ണപ്പൂക്കള്‍ പച്ചക്കാടുകള്‍ക്കുള്ളില്‍ ഒളിഞ്ഞു നിന്നു ചിരിക്കുന്നു. പൂമ്പാറ്റകളും വണ്ടുകളും അവയുടെ ഭംഗി ആവോളം നുകരുന്നുണ്ട്.

അവര്‍ ട്രെക്കിംഗ് പാതയിലൂടെ അരമണിക്കൂറോളം നടന്ന് കുന്നിന്‍ മുകളില്‍ എത്തി. നല്ലൊരു കയറ്റമാണ് കയറിയത്. ഇനി ഇറക്കം.

കുന്നിന്‍റെ മറ്റേ ചരുവിലൂടെ ചുറ്റിലുമുള്ള ഭംഗി ആസ്വദിച്ചുകൊണ്ട് അവര്‍ പതുക്കെ താഴെയിറങ്ങി. അതാ മുന്നില്‍ കാണുന്നു, രണ്ട് തടാകങ്ങള്‍. തടാകത്തിന് മുകളില്‍ മഞ്ഞു മേഘങ്ങള്‍ പാറി നടക്കുന്നത് പോലെ.

തടാകത്തിന്‍റെ ഭംഗി കണ്ട് നവ്യയുടെ സംശയം. അപ്സരസ്സുകളായ ഉര്‍വ്വശിയും മേനകയുമൊക്കെ ഇവിടെ ബുദ്ധസന്യാസിയുടെ മുന്നില്‍ ആടിക്കുഴഞ്ഞിട്ടുണ്ടാവും തീര്‍ച്ച. ധ്യാനിക്കുന്ന ആരെയും അവര്‍ വെറുതെ വിടില്ല. ബുദ്ധ സന്യാസി കണ്ണു തുറന്നാല്‍ പെട്ടു...പാവം ലാമ. എല്ലാവരും മനസ്സ് തുറന്നു ചിരിച്ചു.

കൂട്ടുകാരുടെ കമന്റുകള്‍ കേട്ടാല്‍ തോന്നും അവരെയാണ് പൂവമ്പന്‍ ഇപ്പോള്‍ അമ്പെയ്ത് വീഴ്ത്തിയിരുക്കുന്നത് എന്ന്. ചുറ്റിലുമുള്ള ഭംഗി കണ്ടാല്‍ ആരാണ് ഈ മായാജാലത്തില്‍ വീണു പോകാത്തത്.

അധികം താമസിയാതെ അവര്‍ അവിടെ നിന്നും മടങ്ങി, അവരുടെ വില്ലീസില്‍ കയറി യാത്രയായി. ഇനി അടുത്ത ലക്ഷ്യം ഡാര്‍ജിലിംഗ്.

സന്ധ്യയോടെ അവര്‍ ഡാര്‍ജിലിങ്ങിലെ ഒരു ഹോട്ടലില്‍ എത്തി. അല്‍പ്പ നേരത്തേ വിശ്രമത്തിന് ശേഷം, മാര്‍ക്കറ്റ് കാണാനും ആഹാരം കഴിക്കാനുമായി ഇറങ്ങി.

പുറത്തിറങ്ങുമ്പോള്‍ വണ്ടിയുടെ സാരഥി പറഞ്ഞു, നാളെ രാവിലെ മൂന്ന് മണിക്ക് ടൈഗര്‍ ഹില്ലില്‍ പോകണം, സൂര്യോദയം കാണാന്‍. മൂന്ന് മണിക്കോ.. ഗിരിധറും കൂട്ടരും അമ്പരന്നു.

തെരുവുകള്‍ നിറയെ കിഴക്കന്‍ ഇന്ത്യയുടെ വിശേഷ കരകൌശല വസ്തുക്കള്‍, കൂടെ നേപ്പാളില്‍ നിന്നും, തിബത്തില്‍ നിന്നും, ഭൂട്ടാനില്‍ നിന്നുമുള്ള കട കമ്പോളങ്ങള്‍. അവയുടെ കൂടെതന്നെ തെരുവോരങ്ങളില്‍ എല്ലായിടത്തും നിറയെ കിഴക്കന്‍ രുചി പാചകങ്ങള്‍.

ഇടയ്ക്ക് ചില ജല ധാരകള്‍.. അവയില്‍ പലതും ഇന്നത്തെ ജല ദൌര്‍ലഭ്യത്തെ ഓര്‍മ്മിപ്പിക്കുന്നവ. പല കെട്ടിടങ്ങളും പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ സ്പര്‍ശത്തെ ഓര്‍മ്മപ്പെടുത്തുന്നവ.

അവര്‍ ഒരു ചെറിയ കിഴക്കന്‍ റെസ്റ്റോറണ്ടില്‍ കയറി. അവിടെയും ചെറുപ്പക്കാരായ ആണുങ്ങളും പെണ്ണുങ്ങളും ആണ് സെര്‍വീസ് ചെയ്യുന്നത്. എന്തൊരു ഭവ്യതയോടെയാണ് അവര്‍ ചോദിക്കുകയും, പറയുകയും വിളമ്പുകയും ചെയ്യുന്നത്. എന്തിനും അല്പ്പം കുനിഞ്ഞു നിന്ന് തലയാട്ടും. എപ്പോഴും ചിരിച്ച മുഖം.

ഈ ചിരിച്ച മുഖവും, ഭവ്യതയും അങ്ങ് കിഴക്ക് ജപ്പാന്‍ വരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശത്തെ ആളുകളുടെ പ്രത്യേകതയാണ്. നമ്മുടെ നാട്ടില്‍, ടേയ് ഒരു നെയ് റോസ്റ്റ് എട്, അവിടെ സാമ്പാര്‍ ഒഴി..., എന്തുവാടെ നത്ത് പോലെ നോക്കി നിക്കണത് എന്ന് പറയുന്ന വിളമ്പുകാരാണ് എന്നോര്‍ത്തു ഗിരിധര്‍ ഒന്ന് പുഞ്ചിരിച്ചു. അധികം താമസിയാതെ രുചിയുള്ള ഭക്ഷണം കഴിച്ച് അവര്‍ ഹോട്ടലിലേയ്ക്ക് തിരിച്ചു.

വേഗം ഉറങ്ങാന്‍ കിടക്കണം, നാളെ രാവിലെ മൂന്ന് മണിക്ക് സൂര്യോദയം കാണാന്‍ പോകണമത്രേ. എന്തിനാണാവോ സൂര്യോദയം കാണാന്‍ ഇത്ര നേരത്തേ പോണത്, ഗിരിധര്‍ ആലോചിച്ചു കിടന്നപ്പോഴേയ്ക്കും കണ്ണുകളില്‍ ഉറക്കം വന്നുമൂടി.

രാവിലെ ജീപ്പില്‍ ടൈഗര്‍ ഹില്ലിലേയ്ക്ക് പുറപ്പെടുമ്പോള്‍, പുറത്ത് കൂരിരുട്ട്. ഉറക്കച്ചടവില്‍ അവര്‍ ഒന്നും മിണ്ടാതെയിരുന്നു.

കുറച്ചു ദൂരം പോയപ്പോഴേയ്ക്കും അവരുടെ മുന്നില്‍ ജീപ്പുകള്‍ പോകുന്നു. അല്പ്പം കഴിഞ്ഞപ്പോള്‍ പുറകിലും ജീപ്പുകള്‍. പട്ടാളക്കാരുടെ കോണ്‍വോയ് നീങ്ങുന്നത് പോലെ വണ്ടികള്‍ വരി വരിയായി നീങ്ങി. അവരെല്ലാവരും ടൈഗര്‍ ഹില്ലിലേക്കാണെന്നറിഞ്ഞപ്പോള്‍ അതിശയം. എങ്കില്‍ അത് ഒരു സംഭവം തന്നെയായിരിക്കും.

കുന്നിന് മുകളില്‍ എത്താറായപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് മുന്‍പില്‍ വണ്ടി നിറുത്തി. ഇനി ടിക്കറ്റ് എടുത്തിട്ടു വേണം മുന്നിലേയ്ക്ക് പോകാന്‍. അന്‍പത് രൂപ ബാല്‍ക്കണി ടിക്കറ്റ്, കൌണ്ടറില്‍ തിക്കും തിരക്കും ആണ്. സൂര്യോദയം കാണാന്‍ ഇത്ര തിരക്കോ. അവര്‍ തിരക്കില്‍ വേഗം ടിക്കറ്റ് വാങ്ങി.

ഇനി ജീപ്പ് മുന്നിലേയ്ക്ക് പോകില്ല. നൂറു കണക്കിന് ജീപ്പുകളാണ് മുന്നില്‍. എല്ലാവരും ഇറങ്ങി നടക്കുകയാണ്. കുന്നിന് മുകളില്‍ എത്തിയപ്പോള്‍ ഒരു പൂരത്തിന്‍റെ ആള്‍ക്കാര്‍. ബാല്‍ക്കണി കെട്ടിടം നിറഞ്ഞു കവിഞ്ഞ് പുറത്തുള്ള പുല്‍പ്പറമ്പില്‍ ആള്‍ക്കാര്‍ തമ്പടിച്ചിരിക്കുന്നു.

എങ്ങും നനുത്ത മൂടല്‍മഞ്ഞ്. സമയം നാലരയായിട്ടുണ്ടാവും. അവര്‍ കൂട്ടുകാര്‍ ആ പുല്‍പ്പറമ്പില്‍ തിരക്കി തിരക്കി ഏകദേശം മുന്നിലായി നങ്കൂരമിട്ടു. മഞ്ഞിലെ വെളിച്ചത്തില്‍ ഫോട്ടോ ഷൂട്ടൂം സെല്‍ഫികളും തകൃതി... ആകെ ഒരു സന്തോഷത്തിന്‍റെ കാലാവസ്ഥ.

തണുപ്പത്ത് എല്ലാവര്‍ക്കും നല്ല ചൂട് കാപ്പി കിട്ടിയെങ്കില്‍ എന്നൊരു തോന്നല്‍. അപ്പോഴാണ് പുറകില്‍ നിന്നും, കോഫീ, കോഫീ എന്ന കിളിനാദം കേള്‍ക്കുന്നത്. ഓഹോ, ഇവിടെ കാപ്പിയും കിട്ടും, അല്ലേ..

ചൂടു കാപ്പിയുള്ള ഫ്ലാസ്സ്കും തൂക്കി ഒരു കിഴക്കന്‍ സുന്ദരി അവരുടെ മുന്നില്‍ എത്തി. കാപ്പി വാങ്ങി കുടിക്കുന്നതിനിടെ അവര്‍ പതുക്കെ ചില സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. ചെറുപ്പക്കാരായ കൂട്ടുകാര്‍, കാപ്പി വനിതയും സുന്ദരി..വര്‍ത്തമാനങ്ങള്‍ കൈമാറുന്നത് സ്വാഭാവികം.

എവിടെ നിന്നാ വരുന്നത്, വനിതയുടെ ചോദ്യം. കേരളത്തില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അതിശയം. ധാരാളം കേരളീയര്‍ ടൈഗര്‍ ഹില്‍ കാണാന്‍ വരുന്നുണ്ടത്രേ. എല്ലാവര്‍ക്കും കേരളീയരെ കാണുമ്പോള്‍ ഒരു പ്രത്യേക അടുപ്പം പോലെ..!!

ഇവിടത്തെ സൂര്യോദയത്തിന്‍റെ പ്രത്യേകത, സൂര്യന്‍ കിഴക്ക് മലകള്‍ക്കിടയില്‍ നിന്ന് മേഘപാളി നീക്കി പുറത്തു വരുമ്പോള്‍ അങ്ങ് ദൂരെ പടിഞ്ഞാറ് , ഹിമവാന്‍റെ പ്രധാന പര്‍വ്വത നിരയായ കാഞ്ചന്‍ജംഗ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നത് കാണാമത്രേ.. കാഞ്ചന്‍ജംഗ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണത്രെ.. അവള്‍ ഒരു ഗൈഡും കൂടി ആവുകയാണ്. ചിലപ്പോള്‍ എവറസ്റ്റും കാണാമത്രേ..അത് പക്ഷെ വളരെ ദൂരെ ചെറുതായിട്ടാണ്..

 

 


 

ഗിരിധര്‍ ചോദിച്ചു, എന്താ പേര്.. ജൂലി. അവള്‍ പൈസ വാങ്ങി പതുക്കെ അടുത്ത ആള്‍ക്കൂട്ടത്തിലേയ്ക്ക് നീങ്ങി.

ഗിരിധറിന് ആ പേരിലൊരു ആകര്‍ഷണീയത തോന്നി. തനിക്കേറെ ഇഷ്ടപ്പെട്ട സിനിമയാണ് ജൂലി. അതില്‍ ലക്ഷ്മി വളരെ തന്മയത്വത്തോടെ ‍അഭിനയിച്ച, ആരെയും കൂസാത്ത, എന്തിനെയും ഇഷ്ടപ്പെടുന്ന, തൊട്ടാല്‍ പൊട്ടുന്ന, ആ ടീനേജ് ഗേള്‍...ജൂലി. ആ ജൂലിയുടെ ഹാവ ഭാവങ്ങള്‍ ഇവള്‍ക്കുമുണ്ടോ..

വീണ്ടും പല കാപ്പിക്കാരികളും വന്നു പോയി..

കുറേ കഴിഞ്ഞപ്പോള്‍ ജൂലി അതാ വീണ്ടും വരുന്നു. ഇത്തവണയും അവര്‍ കാപ്പി വാങ്ങി..എങ്ങനെ വാങ്ങാതിരിക്കും. അവര്‍ അവളോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.

അവള്‍ പറഞ്ഞു, ആ ഗാലറിക്കെട്ടിടത്തിനു താഴെ ഒരു ഫോട്ടോ ഗാലറിയുണ്ട്. അത് കണ്ടാലറിയാം ഇവിടത്തെ സൂര്യോദയത്തിന്‍റെ പ്രത്യേകത.

അവര്‍ അവിടേയ്ക്ക് പോയി, അവിടെ പലപ്പോഴായി ഒപ്പിയെടുത്ത സൂര്യന്‍റെയും ഹിമവാന്‍റെയും മനോഹരങ്ങളായ ചിത്രങ്ങള്‍ ചുറ്റി നടന്ന് കണ്ടു.

തിരിച്ച് പുല്‍പ്പറമ്പില്‍ എത്തിയപ്പോള്‍ ആകാശം വെള്ളകീറിത്തുടങ്ങുന്നു. ആകാശത്തെ ഇരുളിലേയ്ക്ക് പരക്കുന്ന കൊച്ചു പ്രകാശം. ആ മങ്ങിയ വെളിച്ചത്തില്‍ അവര്‍ കാഞ്ചന്‍ജംഗയെ നോക്കി. അപ്പോള്‍ അത് ഇളം നീല നിറത്തില്‍ മഞ്ഞുപാളികള്‍ കൊണ്ട് ഉണ്ടാക്കിയ മല മടക്കുകളായി കുറേശ്ശെ കാണായി. എന്തൊരു ഭംഗി.

അധികം താമസിയാതെ അരുണ വര്‍ണ്ണത്തോട് കൂടി സൂര്യന്‍റെ ഒരു പൊട്ട് പുറത്തു കണ്ടു. വലിയ സൂര്യന്‍റെ ഒരു ചെറിയ പോട്ട്. ആകാശത്ത് അരുണിമ പരന്നു. അവര്‍ വീണ്ടും കാഞ്ചന്‍ജംഗയെ നോക്കി. ഇപ്പോള്‍ ആ മഞ്ഞുമല മങ്ങിയ ഓറഞ്ച് നിറത്തില്‍ തിളങ്ങുന്നു.

നിമിഷങ്ങള്‍ക്കുളില്‍ സൂര്യന്‍റെ വട്ടപ്പാതി കൂടുതല്‍ പ്രകാശത്തോടെ പുറത്തു വന്നു തുടങ്ങി. ഇപ്പോള്‍ ആകാശത്തിന്‍റെ നിറം മഞ്ഞ കലര്‍ന്ന ചുവപ്പാണ്. അവര്‍ വീണ്ടും പടിഞ്ഞാറോട്ട് നോക്കി. ഇപ്പോള്‍ ആ പര്‍വ്വത രാജനെ അതേ നിറങ്ങള്‍ കൊണ്ട് താലോലിക്കുന്നത് കാണാം.

ഉദയ സൂര്യന്‍റെ പല വര്‍ണ്ണങ്ങള്‍ ഹിമവാന്‍റെ മഞ്ഞു കൊടുമുടികളെ പല പല നിറങ്ങള്‍ കൊണ്ട് പൊതിഞ്ഞു..

ഇടയ്ക്ക് മൂടല്‍ മഞ്ഞു സൂര്യനെയും പര്‍വ്വത രാജനെയും മറയ്ക്കാന്‍ നോക്കി. ജനങ്ങള്‍ നിരാശരാവും മുന്‍പ് കാറ്റ് അതിനെ തട്ടി മാറ്റി.

ഇങ്ങനെ എന്തെന്തെല്ലാം വേറിട്ട കാഴ്ചകളാണ് സൂര്യന്‍ ഭൂമിയില്‍ ഒരുക്കുന്നത്. പ്രകാശം പരന്നപ്പോള്‍ അവര്‍ കണ്ടത്, ചുറ്റിലും മലകളും കുന്നുകളും കൊണ്ട് നിറഞ്ഞ കാഴ്ചയാണ്. വെറുതെയല്ല ഇവിടെ ദിവസവും രാവിലെ ആയിരങ്ങള്‍ തടിച്ചു കൂടുന്നത്.

പ്രഭാതത്തിലെ ആ മനോഹരമായ കാഴ്ചയ്ക്ക് ശേഷം അവര്‍ ജീപ്പിനടുത്തേയ്ക്ക് നടന്നു. ജീപ്പില്‍ കയറിയപ്പോള്‍ അതാ പോകുന്നു ജൂലിയും കൂട്ടരും. അവര്‍ പെണ്ണുങ്ങള്‍ വരിവരിയായി താഴേയ്ക്ക് ഇറങ്ങുകയാണ്.

അവരെപ്പറ്റി എന്തോ സ്വകാര്യം പറഞ്ഞ ഗിരിധറോട് ഡ്രൈവര്‍ പറഞ്ഞു, അവര്‍ വളരെ പാവങ്ങളാണ് സര്‍, പട്ടിണിപ്പാവങ്ങള്‍. പലരും വിധവകളാണ്, ഭര്‍ത്താവ് ഉപേക്ഷിച്ചവരാണ്, ചിലരുടെ ഭര്‍ത്താക്കന്‍മാര്‍ കള്ളുകൂടിയന്‍മാരാണ്. അവര്‍ പെണ്ണുങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു സൊസൈറ്റി ഉണ്ടാക്കി, ഇങ്ങനെ ജീവിതോപാധി കണ്ടിരിക്കുകയാണ് സര്‍.

ഗിരിധറിന്, നെഞ്ചില്‍ ഒരു മുള്ള് കുത്തിയത് പോലെ. അവന്‍ എന്തോ ആലോചിച്ചിട്ട് ഡ്രൈവറോട് വണ്ടി നിറുത്താന്‍ പറഞ്ഞു. അവര്‍ വരുന്ന വഴിയിലേയ്ക്ക് വണ്ടിയില്‍ നിന്നിറങ്ങി. എന്നിട്ട് ജൂലീ എന്ന് വിളിച്ചു. അവര്‍ ആരും വിളികേട്ടില്ല. വീണ്ടും ജൂലീ എന്ന് വിളിച്ചപ്പോള്‍ അവരില്‍ പലരും തിരിഞ്ഞു നോക്കി. അപ്പോള്‍ അവന് മനസ്സിലായി ആ ജൂലിയുടെ പേര് ജൂലി ആയിരുന്നില്ലെന്ന്.

അവന്‍ അവളുടെ അടുത്ത് ചെന്ന് പോക്കറ്റില്‍ നിന്നെടുത്ത മൂന്നു നാല് അഞ്ഞൂറിന്‍റെ നോട്ടുകള്‍ അവള്‍ക്ക് നേരെ നീട്ടി. അവള്‍ അത് വാങ്ങിയില്ല. ഗിരിധര്‍ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു, നിന്‍റെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങണ്ടേ, അവരെ സ്കൂളില്‍ അയക്കണ്ടേ. ഇത് നിന്‍റെ സൊസൈറ്റിക്കു കൂടി വേണ്ടിയാണ്. അവളുടെ ഭംഗിയുള്ള കണ്ണുകളില്‍ നനവ് പടരുന്നത് അവന്‍ കണ്ടു. അത് വാങ്ങാന്‍ മറ്റുള്ളവര്‍ ആഗ്യം കാട്ടി. അവള്‍ അത് മെല്ലെ വാങ്ങി.

ഗിരിധര്‍ തിരിഞ്ഞു നോക്കുമ്പോള്‍ കൂട്ടുകാരും വണ്ടിയില്‍ നിന്നിറങ്ങി അവന്‍റെ കൂടെ നില്‍ക്കുന്നു. അവരുടെ കൈകളും അവരവരുടെ വിഹിതവുമായി ജൂലിക്ക് നേരെ നീണ്ടു.

കാപ്പിവനിതകളോട് യാത്ര പറയുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം കണ്ട് കൂട്ടുകാര്‍ക്ക് ആത്മസംതൃപ്തി. യാത്രക്കിടയിലെ മറ്റൊരു സന്തോഷംകൂടി. എന്തൊക്കെയായാലും കൊച്ചു കൊച്ചു ജീവിത യാത്രകളിലെ കൊച്ചു സന്തോഷങ്ങളല്ലേ യഥാര്‍ത്ഥത്തില്‍ വലിയ സന്തോഷങ്ങള്‍...!! 

 



No comments: