ദല്‍ജീത് സിംഗ് ഒരു ഹോട്ടല്‍ ഉടമയാണ്. ഡല്‍ഹി മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പഞ്ച നക്ഷത്ര ആശുപത്രി ശൃംഖലയില്‍ ഒന്ന്, ദല്‍ജീത്തിന്‍റെ ഹോട്ടലിന്‍റെ തൊട്ടടുത്താണ്. അതുകൊണ്ടുതന്നെ ആ ആഡംബര ആശുപത്രിയിലെ മിക്ക കോണ്‍ഫറന്‍സുകളും മീറ്റിങ്ങുകളും ദല്‍ജീത്തിന്‍റെ ഹോട്ടലില്‍ വച്ചാണ് നടക്കാറ്. സ്വഭാവികമായും അവിടത്തെ ഡോക്ടര്‍മാരെയൊക്കെ നല്ല പരിചയം. പല സുഹൃത്തുക്കളും തിരക്കുള്ള സീനിയര്‍ ഡോക്ടര്‍മാരെ കാണാന്‍ ദല്‍ജീത്തിന്‍റെ റെഫെറന്‍സ് ഒക്കെ വാങ്ങാറുണ്ട്.
ഭാര്യ മിതാലി സിംഗ്. നല്ല സര്‍ക്കാര്‍ ജോലി. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞെങ്കിലും ഒരു കുഞ്ഞിക്കാല് കാണാന്‍ അവര്‍ക്ക് ഭാഗ്യം ഉണ്ടായില്ല. അവസാനം ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു. പരിചയക്കാര്‍ മുഖാന്തിരം സാമ്പത്തിക പരിമിതിയുള്ള ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ അവര്‍ ദത്തെടുത്തു. അവള്‍ക്ക് സാംന (challenge) എന്ന് പേരുമിട്ടു. സാമ എന്ന് ഓമനപ്പേര്. അവള്‍ക്കിപ്പോള്‍ 10 വയസ്സ്.
മിതാലി മാര്‍ച്ച് മാസത്തില്‍ റിട്ടയര്‍ ആയി. 60 വയസ്സായി എന്ന് നാട്ടുകാരോട് കൂടി വിളിച്ചു പറയുന്ന ഒരു സംഭവം കൂടിയാണത്. ജീവിതത്തില്‍ തിരക്കിട്ട് ഓടി നടന്ന് ഇന്നോളം ഉണ്ടാക്കി എന്നു തോന്നുന്ന സംഗതികള്‍ ആസ്വദിക്കാനുള്ള ശ്രമം നടത്താനുള്ള സമയം. പക്ഷേ ക്ഷണിക്കാന്‍ കാത്തുനില്‍ക്കാതെ കടന്നു വരുന്ന ജീവിത സാഹചര്യങ്ങള്‍ അതിന് പലപ്പോഴും വിലങ്ങു തടിയായി നില്‍ക്കാറില്ലേ?
ഏപ്രില്‍ മസാവസാനമായിട്ടും ഡല്‍ഹിയില്‍ തണുപ്പ് വിട്ടുപോയിട്ടില്ല. തണുപ്പിന്‍റെ കാര്യത്തില്‍ 12 വര്‍ഷത്തെ റെക്കോര്‍ഡ് ഭേദിച്ചുവത്രേ ഈ വര്‍ഷം . ഇടക്കിടയ്ക്ക് തണുത്ത കാറ്റോട് കൂടി ഓരോ ചന്നം പിന്നം മഴയും. പകര്‍ച്ച വ്യാധികള്‍ക്ക് നല്ല സമയം. കൂടെ കോവിഡ് ഡല്‍ഹിയില്‍ കാട്ടുതീ പോലെ പടര്‍ന്നു കൊണ്ടിരുന്നു. ദിവസേനയുള്ള കോവിഡ് കണക്കുകള്‍ പതിനായിരത്തില്‍ നിന്ന് ഇരുപതിനായിരമായും മുപ്പതിനായിരമായും ആയി കുത്തനെ കൂടിക്കൊണ്ടിരുന്നു.
കോവിഡ് ദല്‍ജീതിന്‍റെ അയല്‍പക്കം വരെ എത്തി നില്‍ക്കുന്നു. പലപ്പോഴും തുമ്മലിന്‍റെ രൂപത്തില്‍ അത് അയാളുടെ വീട്ടില്‍ എത്തി നോക്കി. അന്ന് രാത്രി മഴ പെയ്തു, നല്ല കാറ്റടിച്ചു . രാവിലെ എഴുന്നേറ്റപ്പോള്‍ മിതാലി പറഞ്ഞു. എനിക്ക് കുളിരുന്നു, പനിക്കുന്നുണ്ട്. തെര്‍മോ മീറ്റര്‍ വച്ചു നോക്കിയപ്പോള്‍ പനി 102 ഡിഗ്രി.
രാവിലെ തന്നെ അവര്‍ ടെസ്റ്റിംഗ് സെന്‍ററിലേയ്ക്ക് പുറപ്പെട്ടു. രണ്ടു മൂന്നു സ്ഥലത്ത് പോയെങ്കിലും അവിടെയൊക്കെ പൂരത്തിനുള്ള ആളാണ്. അവിടെ കാത്തുനിന്നാല്‍ ഇന്നൊന്നും ടെസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇല്ലാത്തവര്‍ക്ക് കൂടി അസുഖം പിടിക്കുന്ന അവസ്ഥ. മറ്റ് പല സെന്‍ററുകളും സ്റ്റാഫിന് തന്നെ, പനി വന്നത് കൊണ്ട് അടച്ചിട്ടിരിക്കുകയുമാണ്.
വീട്ടില്‍ തിരിച്ചു വന്ന് ഹോം കളക്ഷന്‍ സെന്‍ററുകളിലേയ്ക്ക് വിളിച്ചു. അവരില്‍ മിക്കവരും ഫോണ്‍ എടുക്കുന്നില്ല. അവസാനം ഒരു ഏജന്‍സി എടുത്തു. അവര്‍ അഞ്ചു ദിവസം കഴിഞ്ഞേ വരാന്‍ തയ്യാറുള്ളൂ. അത്രയ്ക്ക് തിരക്കാണ് അവര്‍ക്ക്. ബൂക്ക് ചെയ്ത് കാത്തിരിക്കുക അല്ലാതെ വഴിയില്ലല്ലോ. അല്ലെങ്കില്‍ ഇതും കിട്ടില്ല.
ഉടനെ ഡോക്ടറെ കാണണം. ആരെയും നേരിട്ടു കാണാന്‍ അനുവദിക്കില്ല. എല്ലാവരും ഇപ്പോള്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ആണ്. ദല്‍ജീത് പതിവായി കാണാറുള്ള ഡോക്ടറെ വിളിച്ചു. ഭാഗ്യത്തിന് രണ്ടു മൂന്നു വിളിയില്‍ അദ്ദേഹം ഫോണ്‍ എടുത്തു.
പനി ഉണ്ടെന്ന് കേട്ടപാടെ അദ്ദേഹം പ്രിസ്ക്രിപ്ഷന്‍ കോപ്പി പേസ്റ്റ് ചെയ്ത് വാട്സപ്പില്‍ അയച്ചു കൊടുത്തു. ദല്‍ജീത് ഉടനെ അതും കൊണ്ട് മെഡിക്കല്‍ ഷോപ്പിലേക്കോടി. മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും അഞ്ചും ആറും വരി ആളുകള്‍. എല്ലാവരുടെയും മുഖത്ത് ആധിയും അങ്കലാപ്പും.
തന്‍റെ ഊഴം വരാന്‍ അയാള്‍ അക്ഷമയോടെ കാത്തുനിന്നു. ഒടുവില്‍ ഓക്സി മീറ്ററും മരുന്നുകളും വാങ്ങി ദല്‍ജീത് വീട്ടില്‍ എത്തി. ഭാഗ്യത്തിന് കുറിച്ചു തന്ന എല്ലാ മരുന്നുകളും കിട്ടി.
ഭാര്യയ്ക്കു പനിയാണെന്ന അറിഞ്ഞ ഉടനെ അയാള്‍ മകളെക്കൂട്ടി അടുത്ത മുറിയിലേയ്ക്ക് മാറിയിരുന്നു. ഇനി എല്ലാ കാര്യങ്ങളും വളരെ കരുതലോടെ വേണം. തനിക്ക് കൂടി പനി വന്നാല്‍ പണി കിട്ടിയത് തന്നെ. പിന്നെ ആര് ആരെ നോക്കും.
പക്ഷേ രണ്ടാം ദിവസം ദല്‍ജീത്തിനും പനി വന്നു. എന്തു ചെയ്യണമെന്നറിയാതെ അയാള്‍ കുഴങ്ങി. ഇനി രണ്ടു മൂന്നു ദിവസം കൂടി കാത്തിരിക്കണം, ടെസ്റ്റിന് വരാന്‍. അതുവരെ ഒറ്റയ്ക്ക് തന്നെ പിടിച്ചു നില്‍ക്കണം. മിതാലിയോട് പറയണ്ട.
മിതാലിയ്ക്ക് കുറിച്ചു കൊടുത്ത മരുന്നുകള്‍ തന്നെ വാങ്ങാന്‍ അയാള്‍ കടയില്‍ പോയി, പക്ഷേ മിക്ക മരുന്നു കടകളിലും മരുന്നുകള്‍ ഔട്ട് ഓഫ് സ്റ്റോക് ആണ്. കിട്ടിയ മരുന്നു കൊണ്ട് തിരികെ പോന്നു. ഉള്ളത് കഴിക്കാം, അല്ലാതെന്ത് ചെയ്യാന്‍.
ലാബ് ടെക്-നീഷ്യന്‍ ടെസ്റ്റിന് വന്നപ്പോഴേയ്ക്കും ദല്‍ജീത്തിന്‍റെ പനി മൂന്നാം ദിവസമാണ്. അയാള്‍ക്ക് പനി കുറഞ്ഞു തുടങ്ങി എന്നു തോന്നി. മിതാലിയുടെ പനി കുറഞ്ഞിട്ടുമില്ല. മൂന്ന് പേരും ടെസ്റ്റിന് കൊടുത്തു. പിറ്റേ ദിവസം ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ദല്‍ജീതും മിതാലിയും പോസിറ്റീവ്, സാംന നെഗറ്റീവ്.
ആദ്യം വിശ്വസിക്കാന്‍ വിഷമം തോന്നിയെങ്കിലും സാംന നെഗറ്റീവ് ആണെന്നത് കൊണ്ട് രണ്ടുപേരും സന്തോഷിച്ചു, സമാധാനിച്ചു.
മിതാലിയുടെ പനി കുറയാത്തതു കൊണ്ട് അവര്‍ പുതിയൊരു ഡോക്ടറെ തേടിപ്പിടിച്ചു. ആഡംബര ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍. അത് പഴയ ഒരു ഡോക്ടര്‍ സുഹൃത്ത് വഴി കണ്ടു പിടിച്ചതാണ്.
പുതിയ ഡോക്ടറെ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. അയാള്‍ പല പുതിയ മരുന്നുകളും കുറിച്ചു കൊടുത്തു, 1500 രൂപ ഫീസും വാങ്ങി.
ദിവസങ്ങള്‍ രണ്ടു കൂടി ഇഴഞ്ഞു നീങ്ങി. ദല്‍ജീത്തിന്‍റെ പനി മാറിയ മട്ടായി.
പക്ഷെ മിതാലിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം കണ്ടില്ല. അവര്‍ ആ വിദഗ്ദ്ധ ഡോക്ടറെ വീണ്ടും വിളിച്ചു, അയാള്‍ ഫോണ്‍ എടുത്തില്ല. തുടരെ തുടരെ വിളിച്ചു. അവസാനം അയാള്‍ തിരിച്ചു വിളിച്ചിട്ട് പറഞ്ഞു, എനിക്കു എപ്പോഴും എപ്പോഴും ഫോണ്‍ അറ്റെന്‍ഡ് ചെയ്യാന്‍ ബുദ്ധിമ്മുട്ടാണ്. പക്ഷെ ഒരു കാര്യം. ഒരു ലക്ഷം രൂപ ഫീസായി തരാമെങ്കില്‍ നിങ്ങള്‍ക്ക് ഒരാഴ്ച ഏതു സമയവും എന്നെ വിളിക്കാം, ഞാന്‍ ഏതുസമയവും അറ്റെന്‍ഡ് ചെയ്യാം.ഇതുകേട്ട് ദല്‍ജീത് ഒന്നു ഞെട്ടി. കണ്‍സല്‍ട്ടേഷന് ഒരു ലക്ഷം രൂപയോ..ദേവ തുല്യരായ ഇവരില്‍ ഭൂരിഭാഗവും തന്‍റെ ജീവന്‍ പണയം വച്ച് രോഗികളെ പരിചരിക്കുന്നു. 10 ഉം 12 ഉം മണിക്കൂര്‍ വെള്ളം കുടിക്കാതെയും മൂത്രമൊഴിക്കാതെയും, വായു പോലും കടക്കാത്ത കിറ്റിനുള്ളില്‍ വിയര്‍ത്ത് പുളയുന്നു.
ചിലര്‍ ഇങ്ങനെയും, കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍..!!
അവര്‍ വീണ്ടും പഴയ ഡോക്ടറെത്തന്നെ സമീപിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മിതാലി മരുന്ന് തുടര്‍ന്നു. പക്ഷെ ഓക്സിമീറ്ററില്‍ അവരുടെ ഓക്സിജന്‍റെ അളവ് കുറയാന്‍ തുടങ്ങി.
പുറത്ത് ഓക്സിജന്‍ കിട്ടാതെ ആള്‍ക്കാര്‍ നെട്ടോട്ടം ഓടുന്നു. ആശുപത്രികളില്‍പ്പോലും ഓക്സിജന്‍ സിലിണ്ടറുകള്‍ തികയുന്നില്ല. അതുകൊണ്ട് അവര്‍ ഓക്സിജന്‍ കോന്‍സന്‍ട്രേറ്റര്‍ വാങ്ങി. വീട്ടില്‍ത്തന്നെ പരമാവധി ശ്രമിച്ചു നോക്കാം.
ദിവസേന കോവിഡ് ബാധിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു തുടങ്ങി. അത് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ടെസ്റ്റ് ചെയ്താലല്ലേ ഔദ്യോഗികമായി അറിയൂ. പേടിച്ചിട്ട് ടെസ്റ്റ് ചെയ്യാത്തവര്‍ എത്രയോ കൂടുതല്‍. ദല്‍ജീത്തിന്‍റെ പരിചയക്കാരില്‍ മിക്കവര്‍ക്കും പനിയാണ്. ആര്‍ക്കും ആരെയും ഒന്നും സഹായിക്കാന്‍ വയ്യാത്ത അവസ്ഥ. ആശുപത്രിയില്‍ പോകാന്‍ തന്നെ പേടി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മിതാലിക്ക് ഓക്സിജന്‍ കോന്‍സന്‍ട്രേറ്റര്‍ പോര എന്ന് തോന്നിത്തുടങ്ങി. ഓക്സി മീറ്ററില്‍ ഓക്സിജന്‍റെ ലെവല്‍ 85 ആയിത്തുടങ്ങി. ദല്‍ജീത് തന്‍റെ പഴയ ഡോക്ടര്‍ ചങ്ങാതിമാരെയൊക്കെ വിളിച്ചു. എങ്ങനെയെങ്കിലും ആ ആശുപത്രിയില്‍ ഒരു ബെഡ് സംഘടിപ്പിക്കാന്‍ സാധിച്ചെങ്കില്‍.
പക്ഷെ, മിക്കവരും ഫോണ്‍ എടുത്തില്ല, മറുപടി കൊടുത്തില്ല. ഒരാള്‍ സഹായിക്കാമെന്ന് പറഞ്ഞു.
ആ ഡോക്ടറുടെ ശുപാര്‍ശ പ്രകാരം അവര്‍ ആ ആഡംബര ആശുപത്രിക്ക് മുന്നില്‍ എത്തി. പക്ഷെ ആരും അകത്തേയ്ക്ക് കടത്തി വിടുന്നില്ല. പലരും ശ്രമിക്കാമെന്ന് പറഞ്ഞെങ്കിലും എല്ലാം വൃഥാവിലായി. അവസാനം ആ ഡോക്ടറും ഫോണെടുക്കാതായി. വരാന്തയില്‍ ഒരു ബെഡ് തരപ്പെടുത്താനുള്ള ശ്രമം പോലും വിഫലമായി.
പിറ്റേ ദിവസവും അതേ ആശുപത്രിയിലും മറ്റു പലയിടത്തും അയാള്‍ വിഫലമായ ശ്രമങ്ങള്‍ നടത്തി. തന്‍റെ ഭാര്യയെ വണ്ടിയില്‍ കയറ്റി അറിയാവുന്ന ആശുപത്രികളിലെല്ലാം കയറിയിറങ്ങി. അവസാനം ആരോ പറഞ്ഞറിഞ്ഞു ഒരു നാല് ബെഡ്ഡുള്ള ക്ലിനിക്ക് പോലുള്ള ഒരു കൊച്ചു ആശുപത്രിയുടെ മുന്നില്‍ എത്തിപ്പെട്ടു.
അവിടത്തെ ഗാര്‍ഡിനോട് അന്വേഷിക്കുമ്പോള്‍ അകത്തു നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു, ഞാന്‍ ഡോക്ടറാണ് എന്താണ് കാര്യം പറയൂ, അയാള്‍ തിരക്കി.
ഇവിടെ പേഷ്യന്‍റിനെ അഡ്മിറ്റ് ചെയ്യാന്‍ പറ്റുമോ എന്നന്വേഷിക്കുകയാണ്. ദല്‍ജീത് ആകാംക്ഷയോടെയും താഴ്മയോടെയും ആ ഡോക്ടറോട് ചോദിച്ചു. ഇവിടെ ബെഡ്ഡില്ല എന്നയാള്‍ ആദ്യം പറഞ്ഞെങ്കിലും അടുത്ത ശ്വാസത്തില്‍ , ഒരു ലക്ഷം രൂപ തന്നാല്‍ ബെഡ്ഡ് കിട്ടും എന്നും പറഞ്ഞു. വിശ്വസിക്കാന്‍ പ്രയാസം. പക്ഷേ ദല്‍ജീത്തിന് ഒന്നും ആലോചിക്കാനില്ല.
അയാള്‍ പോക്കറ്റില്‍ കരുതിയിരുന്ന അമ്പതിനായിരം രൂപ ഉടനെ ഡോക്ടര്‍ക്ക് എടുത്തു നീട്ടി. ബാക്കി അമ്പതിനായിരം നാളെ തരാം.
ഡോക്ടര്‍ മിതാലിയെ പരിശോധിച്ച് അഡ്മിറ്റ് ചെയ്തു. ഓക്സിജന്‍ മാസ്ക് മൂക്കില്‍ വച്ചപ്പോള്‍ അവര്‍ക്ക് തെല്ലോരാശ്വാസം.
പിറ്റേ ദിവസം ഡോക്ടര്‍ ദല്‍ജീത്തിനെ വിളിച്ചിട്ട് പറഞ്ഞു, ശ്വാസകോശത്തിലെ ന്യൂമോണിയ പടര്‍ന്നിരിക്കുന്നു. അതിന് ഇനി ഒരു സഞ്ജീവനി മാത്രമേയുള്ളൂ. അത് Remdesivir ഇഞ്ചക്-ഷന്‍ ആണ്. അത് പുറത്തു നിന്ന് നിങ്ങള്‍ വാങ്ങിക്കൊണ്ടു വരണം, എന്നാലേ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ.
ദല്‍ജീത് അറിയാവുന്ന എല്ലാ വഴികളിലും വിളിച്ചന്വേഷിച്ചു. ആര്‍ക്കും സഹായിക്കാന്‍ സാധിക്കുന്നില്ല. ചിലര്‍ അധാര്‍ നമ്പറും അഡ്രസ്സും ഒക്കെ വാങ്ങി, ഇപ്പോ ശരിയാക്കാം എന്ന് പറഞ്ഞു. മിക്കവയും വാഗ്ദാനനങ്ങളും കള്ളത്തരങ്ങളുമായി മാറി. ശ്രദ്ധിച്ചില്ലെങ്കില്‍ കാശ് പോകും, അല്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് മരുന്നും പിടിപ്പിക്കും.
ആ മരുന്ന് എവിടേയും കിട്ടാതെ അയാള്‍ ആശ കൈ വെടിഞ്ഞ്‍, ശ്വാസം വലിക്കാന്‍ വിഷമിക്കുന്ന മിതാലിയുടെ അരികില്‍ ഇരിക്കുമ്പോള്‍ അവിടത്തെ ഒരു സ്റ്റാഫ് വന്നിട്ട് ചോദിച്ചു, സാറെ, മരുന്ന് കിട്ടിയോ. ഇല്ല എന്ന് ദല്‍ജീത് തലയാട്ടിയപ്പോള്‍, അയാള്‍ പറഞ്ഞു, നിങ്ങളെ ഡോക്ടര്‍ സാര്‍ വിളിക്കുന്നു, ചിലപ്പോള്‍ അയാള്‍ സഹായിച്ചേക്കും.
ദല്‍ജീത് ഡോക്ടറുടെ മുറിയിലേയ്ക്ക് കടന്നു ചെന്നു. നിങ്ങള്‍ക്ക് മരുന്ന് കിട്ടിയോ, ഡോക്ടര്‍ ചോദിച്ചു. ഇല്ല.... എങ്കില്‍ ഞാന്‍ മരുന്ന് വരുത്തിക്കാം, പക്ഷെ വില കൂടുതലാണ്.
മരുന്ന് ബ്ലാക്കിലാണ് വില്‍ക്കുന്നത് എന്നും വില വളരെ കൂടുതലാണ് എന്നും അയാള്‍ അന്വേഷണത്തില്‍ മനസ്സിലാക്കിയിരുന്നു. മൂവായിരം രൂപയാണ് ഇതിന്‍റെ ഒരു ഇഞ്ചക്-ഷന് സാധാരണ വില. മൂന്നോ ആറോ ഡോസ് വേണം.
അയാള്‍ ഡോക്ടറുടെ മുഖത്തേയ്ക്ക് നോക്കി. ഡോക്ടര്‍ പറഞ്ഞു, ഒന്നര ലക്ഷം രൂപ വരും. ദല്‍ജീത് മറിച്ചൊന്നും ചിന്തിച്ചില്ല. ചിന്തിക്കാന്‍ സമയമില്ല. ജീവന്‍മരണ പോരാട്ടത്തിലെ നൂല്‍പ്പാലത്തിന് മുകളിലെ അവസാന യുദ്ധമാണ്.
ശരി സര്‍, എങ്ങനെയെങ്കിലും മരുന്ന് വരുത്തണം, എന്‍റെ ഭാര്യയെ രക്ഷിക്കണം സര്‍ എന്നു പറഞ്ഞ്, വിതുമ്പല്‍ നിറഞ്ഞ നെടുവീര്‍പ്പോടെ അയാള്‍ പുറത്തേയ്ക്ക് നടന്നു.
അന്ന് തന്നെ ആദ്യത്തെ ഇഞ്ചക്-ഷന്‍ എടുത്തു. പ്രതീക്ഷകളുമായി ദല്‍ജീത് മിതാലിക്കരികില്‍ത്തന്നെ കഴിച്ചു കൂട്ടി. ഈ മരുന്നെങ്കിലും മാജിക്ക് കാണിച്ചെങ്കില്‍..
രണ്ടാമത്തെ ഡോസും കഴിഞ്ഞു. പറയത്തക്ക മാറ്റങ്ങളൊന്നും കണ്ടില്ലെങ്കിലും അന്നുച്ചയ്ക്കു പതുക്കെ എഴുന്നേറ്റിരുന്നു മൂക്കിലെ ഓക്സിജന്‍ മാസ്കോട് കൂടി മിതാലി കഞ്ഞി കുടിച്ചു.
മൂന്നാമത്തെ ദിവസം ഉച്ചയ്ക്ക് അപ്രതീക്ഷിതമായി പെട്ടെന്ന് മിതാലിയ്ക്ക് ശ്വാസ തടസം നേരിട്ടു. ഓക്സിജന്‍ കിട്ടാത്ത പ്രതീതി. അയാള്‍ ഓടി നേഴ്സിനെയും ഡോക്ടറേയും ഒക്കെ വിളിച്ചു. പക്ഷേ ആരും വന്നില്ല. അവര്‍ ആരും വരുന്ന മട്ടുമില്ല.
ദല്‍ജീത് തൊട്ടടുത്തുള്ള ഓക്സിജന്‍ സപ്പ്ളൈ സ്ഥലത്തേയ്ക്ക് ഓടി. അവിടത്തെ ഓപ്പറേറ്റര്‍ പറഞ്ഞു, ഓക്സിജന്‍ തീര്‍ന്നുപോയി സാറേ.
അപ്പോള്‍ നിങ്ങള്‍ക്കിത് നേരത്തേ അറിയില്ലായിരുന്നോ, അതിന്‍റെ മീറ്റര്‍ നോക്കി ഇത് ഞങ്ങളോടു നേരത്തേ പറഞ്ഞുകൂടായിരുന്നോ. ഞങ്ങള്‍ എന്തെങ്കിലും പോംവഴി കാണാന്‍ ശ്രമിച്ചേനെ. അയാള്‍ ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ ഉച്ചത്തില്‍ പറഞ്ഞു. ഓപ്പറേറ്റര്‍ ഒന്നും പറഞ്ഞില്ല.
അയാള്‍ തിരിച്ച് മിതാലിയുടെ അടുത്തേയ്ക്കു ഓടി. അവിടെ ശ്വാസം എടുക്കാന്‍ നന്നേ ബുദ്ധിമ്മുട്ടുന്ന അവരെക്കണ്ട് ദല്‍ജീത് എന്തൊക്കെയോ പെടാപ്പാട് കാണിച്ചു.
അതിനിടെ ഒരു നേഴ്സ് വന്ന് ദല്‍ജീത്തിനോട് പറഞ്ഞു. താങ്കളുടെ ഭാര്യയുടെ സ്ഥിതി മോശമായിരിക്കുന്നു, ഇനി ഇവിടെ നോക്കാന്‍ ബുദ്ധിമ്മുട്ടാണ്, ഏതെങ്കിലും നല്ല സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് വേഗം കൊണ്ടുപോകണം.
എന്താണ് അവിടെ നടക്കുന്നതെന്ന് ദല്‍ജീത്തിന് മനസ്സിലാകുന്നേയില്ല. തന്‍റെ ശരീരമാസകാലം ഒരു മരവിപ്പ് പടര്‍ന്നിരിക്കുന്നു. എന്തു ചെയ്യണമെന്നറിയില്ല. മിതാലി ശ്വാസമെടുക്കാന്‍ തത്രപ്പെടുന്നത് അയാള്‍ നിറ കണ്ണുകളിലൂടെ മങ്ങലോടെ കണ്ടു. വിതുമ്പലോടെ കാല്‍ തിരുമ്മിയും, കൈ തിരുമ്മിയും, നെഞ്ച് തിരുമ്മിയും അയാള്‍ അവളെ സഹായിക്കാന്‍ ശ്രമിച്ചു. പക്ഷെ കാണെക്കാണെ മിതാലിയുടെ വെളുത്തു വിളറിയ കൈകള്‍ നീല നിറമായി. താമസിയാതെ മുഖവും.
മിതാലിയുടെ പാതിയടഞ്ഞ കണ്ണുകള്‍ തന്നെ അപ്പോഴും നോക്കുന്നതായി അയാള്‍ക്ക് തോന്നി. ആ ചേതനയറ്റ ശരീരത്തിന് ഇനി ഓക്സിജന്‍റെ ആവശ്യമില്ല.
തന്നെ ഒന്ന് സമാധാനിപ്പിക്കാന്‍ പോലും ആരും ആടുത്തില്ല. അയാള്‍ ആ കട്ടിലില്‍ ഇരുന്ന് വിതുമ്പിക്കൊണ്ട് അപ്പോഴും മിതാലിയുടെ തലമുടിയിലൂടെ കൈയ്യോടിച്ചു കൊണ്ടിരുന്നു. സാമ മോള്‍ എന്താണ് നടന്നതെന്നറിയാതെ അച്ഛനോട് ചേര്‍ന്നു നിന്നു. അവള്‍ക്കും കരച്ചില്‍ വന്നു.
ആരോ വന്ന് ഒരു വെളുത്ത തുണി, മിതാലിയുടെ അനക്കമറ്റ ശരീരത്തില്‍, മുഖം മൂടി പുതപ്പിച്ചു.പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ ആരോ ഒരാള്‍ വന്ന് പതുക്കെ ചോദിച്ചു, സര്‍ ആംബുലന്‍സ്. അയാള്‍ യാന്ത്രികമായി തലയാട്ടി. അല്ലാതെന്താ ഇനി ചെയ്യാനുള്ളത്.
ഏതോ നാലഞ്ചുപേര്‍ ചേര്‍ന്ന് മിതാലിയുടെ ചേതനയറ്റ, പ്രാണ വായുവിന് വേണ്ടി കിതയ്ക്കാത്ത ശരീരം, ആംബുലന്‍സില്‍ കയറ്റി. കൂടെ ദല്‍ജീത്തും സാമ മോളും.
ആംബുലന്‍സ് നീങ്ങി, അയാള്‍ ആ വണ്ടി എങ്ങോട്ടാണ് പോകുന്നതെന്ന് കൂടി ശ്രദ്ധിച്ചില്ല. എവിടേക്കെങ്കിലും പോകട്ടെ. അവസാന യാത്ര എപ്പോഴും ഒരിടത്തേയ്ക്ക് മാത്രമാണ്. എന്നെന്നേയ്ക്കുമായി ഈ ആധി വ്യാധികളില്‍ നിന്ന്, ദുഖങ്ങളില്‍ നിന്ന് മുക്തമായി സുഖമായി ഉറങ്ങാനുള്ള ഒരിടം.
വെറുതെയാണ് മനുഷ്യര്‍ ജീവിച്ചിരിക്കാന്‍ പെടാപ്പാട് പെടുന്നത്. താനും അവളുടെ കൂടെ പോയിരുന്നെങ്കില്‍ ഇത്ര വിഷമിക്കേണ്ടി വരില്ലായിരുന്നു.
കുറേ നേരം അയാള്‍ എന്തൊക്കെയോ ആലോചിച്ച് പരിസരം മറന്നിരുന്നു. അപ്പോഴാണ് ചുവന്നു കലങ്ങിയ കണ്ണുകളുമായി അമ്മയെയും തന്നെയും മാറി മാറി നോക്കുന്ന സാമയുടെ മുഖം അയാള്‍ ശ്രദ്ധിച്ചത് . പാവം അവള്‍ക്കെന്തറിയാം.
ആംബുലന്‍സ് നിഗംബോധ് ഘാട്ടിന് മുന്നില്‍ വന്ന് നിന്നു. നാലാഞ്ചാള്‍ക്കാര്‍ ചേര്‍ന്ന് ചേതനയറ്റ മിതാലിയെ ചുമന്നു കൊണ്ട് പോയി. പുറകേ ദല്‍ജീത്തും സാമയും. ആംബുലന്‍സ് കാരന്‍ പുറകേ വന്ന് പതിനായിരം രൂപ ചോദിച്ചു. മടി കൂടാതെ അയാള്‍ അത്തെടുത്ത് കൊടുത്തു.
എന്തിനോടും വിരക്തി. പണത്തിന് തന്‍റെ ഭാര്യയെ രക്ഷിക്കാന്‍ സാധിച്ചില്ല. മരുന്നിന് സാധിച്ചില്ല, മനുഷ്യന് സാധിച്ചില്ല, പിന്നെ എന്തുണ്ടായിട്ടെന്താ കാര്യം.
നിഗംബോധ് ഘാട്ടില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തിരക്കാണ്. ജീവനുള്ള ആള്‍ക്കാരെക്കൊണ്ടല്ല, ജീവനില്ലാത്തവരെക്കൊണ്ട്. ജീവനുള്ളവര്‍ ചുരുക്കം ചില ആളുകള്‍ മാത്രം. പല പുതപ്പിച്ച ശരീരങ്ങള്‍ക്കും ആരും കൂട്ടിനില്ല. തനിയെ ഭൂമിയിലേക്ക് വന്നു, തനിയേ തിരിച്ചു പോകുന്നു എന്നന്വര്‍ത്ഥമാക്കുന്ന കാഴ്ച. നൂറോളം അഗ്നി കുണ്ഡങ്ങളും, ഇലെക്ട്രിക് ക്രിമറ്റോറിയവും നിറുത്താതെ ആളിക്കത്തുകയാണ്.
താമസിയാതെ മിതാലിയുടെ ഊഴവും വന്നു. ജല തര്‍പ്പണവും കഴിഞ്ഞ് ചില മന്ത്രങ്ങള്‍ ചൊല്ലി ദല്‍ജീത്തിന്‍റെ കൂടെ പല ജോലിക്കാരും കൂടി മിതാലിയുടെ ചിതയ്ക്ക് അഗ്നിയേറ്റി.
അഗ്നി ആളിക്കത്താന്‍ വേണ്ടി എണ്ണയും നെയ്യും കര്‍പ്പൂരവും ഇടയ്ക്കിടയ്ക്ക് ഇട്ടു കൊടുക്കുന്ന നിര്‍വ്വികാരരായ ജോലിക്കാര്‍.
അഗ്നികുണ്ഡത്തിലെ മിതാലിയുടെ ദേഹം നക്കിത്തുടയ്ക്കുന്ന ഓരോ തീ നാളങ്ങളും ദല്‍ജീത്തിന്‍റെ മുഖത്ത് മിന്നി മറയുന്ന വികാരങ്ങള്‍ക്കു കടും ചുവപ്പു നിറമേകി. രോഷവും സങ്കടവും നിസ്സഹായതയും കലര്‍ന്ന ആ വികാരങ്ങളിലൂടെ അയാളുടെ ശരീരവും മനസ്സും ഒരുപോലെ കടന്നു പോയി.
നാം എങ്ങോട്ട്, നമ്മുടെ സമൂഹം എങ്ങോട്ട്. വെറും പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കുറേ പൈശാചിക മനസ്സുകള്‍ നമ്മുടെ സമൂഹത്തെ കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുന്നു, പൊള്ളയാക്കുന്നു. ഒരിത്തിരി മനുഷ്യത്വവും സഹാനുഭൂതിയും ഇല്ലാത്തവിധം അത് പൊള്ളയായിരിക്കുന്നു.
തന്നോട് ചേര്‍ന്ന് നിന്ന് വിതുമ്പിക്കരയുന്ന സാംനയുടെ മുഖം ചേര്‍ത്ത് പിടിച്ചുകൊണ്ട് അയാള്‍ പതുക്കെ പറഞ്ഞു, ഞാന്‍ ജീവിക്കും മോളേ, നിനക്കു വേണ്ടി ഇനിയും ജീവിക്കും.
No comments: