Friday, 7 June 2019

വാഗ....വാഗ





അവര്‍ അമൃത്‌സറിലെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങി. സ്വര്‍ണ്ണ ക്ഷേത്രത്തിലേയ്ക്ക് എന്ന്‍ പറഞ്ഞ് അവര്‍ ഒരു ഓട്ടോ റിക്ഷയില്‍ കയറി ഇരുന്നു.

ഏത് വടക്കേ ഇന്ത്യന്‍ പട്ടണം പോലെ അമൃത്‌സറും തിക്കും തിരക്കും നിറഞ്ഞതാണ്‌. റിക്ഷയും, സൈക്കിള്‍ റിക്ഷയും, പല വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന ഉന്തുവണ്ടിക്കടകളും, അമൃത്‌സരി സ്പെഷല്‍ കുല്‍ച്ചയും നാനും‍ ഉണ്ടാക്കുന്ന കൊച്ചു ധാഭകളും അത് സ്വാദോടെ കഴിക്കാന്‍ തിരക്ക് കൂട്ടുന്ന യാത്രക്കാരും.

35 വര്‍ഷം മുന്‍പ് നടന്ന ചരിത്രത്തിലെ രക്തം പുരണ്ട ആ ഏടുകളിലെ, ഇന്നും മായാത്ത കറകള്‍ കാണാന്‍ നവീനിന് അല്പം ധൃതിയുള്ളത് പോലെ തോന്നി.

അവിടെ എത്തുന്നതിന് മുന്‍പ് നവീനിന് പലതും ചോദിച്ചറിയണമെന്നുണ്ട്.

ഈ സ്വര്‍ണ്ണക്ഷേത്രം വളരെ പഴയതാണോ ഗംഗേട്ടാ...

ഗംഗന്‍ പതുക്കെ വയസ്സായവര്‍ മുറുക്കാന്‍ പൊതി തുറക്കുമ്പോലെ കാര്യങ്ങള്‍ പതുക്കെ പറഞ്ഞു തുടങ്ങി..
ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് ഈ ക്ഷേത്രം പണി തുടങ്ങിയതത്രേ.. AD 1500 കളില്‍ ഒരു കൂട്ടം സിഖുകാര്‍ പണപ്പിരിവു നടത്തി 700 രൂപയ്ക്കാണത്രേ ഇതിനുള്ള സ്ഥലം വാങ്ങിയത്.

ക്ഷേത്രത്തിന് നടുവില്‍ ഒരു വിശാലമായ കുളമുണ്ട്. ആ കുളം അന്നുതന്നെ അവര്‍ പണിതു തുടങ്ങിയിരുന്നു.

ഈ പട്ടണം അന്നുണ്ടായിരുന്നോ...നവീനിന്‍റെ ചോദ്യം..

ഈ ക്ഷേത്രത്തിന്‍റെ പരിസരം ഇതിന്‍റെ സ്ഥാപക ഗുരുവായ ഗുരു രാം ദാസിന്‍റെ പേരില്‍ - രാംദാസ്പൂര്‍ - എന്ന പട്ടണമായി ആദ്യം പതുക്കെ വളര്‍ന്നു വന്നു. കേരളത്തിലെ ഗുരുവായൂര്‍ പോലെ.

പിന്നീട് ഈ പട്ടണം അമൃത തടാകം എന്നര്‍ത്ഥം വരുന്ന അമൃത്-സര്‍ ‍ ആയി മാറി.

പിന്നെ...... നവീന് കൂടുതല്‍ അറിയാന്‍ ആഗ്രഹം.
രണ്ടു നൂറ്റാണ്ടുകള്‍ക്ക് ‍ മുന്‍പ് സിഖ്-മുസ്ലീമുകളുടെ രണാങ്കണ മായിരുന്നു ഈ ക്ഷേത്രം. എത്ര പ്രാവശ്യം യുദ്ധത്തില്‍ തകര്‍ന്നു എന്നറിയില്ല. കുളം മുഴുവന്‍ മാലിന്യക്കൂമ്പാരമായി.

പക്ഷെ യുദ്ധത്തില്‍ തകര്‍ന്ന ആ ക്ഷേത്രം ഫിനിക്സ് പക്ഷിയെപ്പോലെ വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. ഇത് ഇവിടുത്തെ സിഖുകാര്‍ ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ആത്മാര്‍ഥമായ സേവനം അര്‍പ്പിച്ചിട്ടാണ്.

ആ അര്‍പ്പണ മനോഭാവം ഇന്നും ഈ ക്ഷേത്രത്തില്‍ വേണ്ടുവോളം നമുക്ക് കാണാം.

അവരുടെ റിക്ഷ ആ വിശാലമായ ക്ഷേത്രത്തിന്‍റെ മുന്നില്‍ എത്തി നിന്നു.

തൂവെള്ള മാര്‍ബിളില്‍ സൂര്യപ്രഭ വെട്ടിത്തിളങ്ങുന്ന ആ ഗുരുദ്വാരക്കകത്ത്‌ പ്രവേശിക്കാന്‍ ‍ ഒരു ചെറിയ ടവല്‍ തലയില്‍ ഇടണം, ഇത് ആദര സൂചകമാണത്രേ. അകത്ത് കടക്കുന്നത് ഒരു തെളിനീര്‍ച്ചാലിലൂടെ നടന്നും..!!

കാലുകഴുകല്‍ വളരെ എളുപ്പം. നവീന് നല്ല രസം തോന്നി. ഇവിടെ എല്ലാം ഓട്ടോമാറ്റിക് ആയിരിക്കും.

ഗംഗന്‍ പതുക്കെ പറഞ്ഞു.. ഇവിടെ എല്ലാം സേവാ ഭാവത്തിലാണ്. നോക്കൂ ഇവിടെ ഭക്തരുടെ ചെരുപ്പ് വാങ്ങി സൂക്ഷിക്കുന്നത് മുതല്‍ അടിക്കുന്നതും തുടയ്ക്കുന്നതും എല്ലാം വളണ്ടിയര്‍മാരാണ്.

ഇവിടെ ദിവസവും ശരാശരി ഒരു ലക്ഷം പേരെങ്കിലും ജാതി മത ഭേദമില്ലാതെ ദര്‍ശനം നടത്തുന്നണ്ടത്രേ.. തിരക്ക് കണ്ടില്ലേ. പക്ഷേ അകത്ത് കടന്നാല്‍ എല്ലാവരും അച്ചടക്കത്തിലാണ്.

വിശാലമായ കുളമാണ് നടുവില്‍. അതിനു നടുവില്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഗ്രന്ഥ സാഹിബ്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ശ്രീ കോവില്‍.

അവര്‍ കുളത്തിന്‍റെ വക്കത്ത് കൂടെ - പ്രദക്ഷിണ വഴിയിലൂടെ - പതുക്കെ കാറ്റേറ്റ്, പല നിറങ്ങളിലുള്ള മീനുകളുടെ ഊളയിട്ടുള്ള കളികള്‍ കണ്ടുകൊണ്ട് നടന്നു.

കെട്ടിട സമുച്ചയങ്ങളാണ് ചുറ്റും. ലൈബ്രറി, മ്യൂസിയം, പല ഹാളുകള്‍, മുന്‍ ഗുരുക്കന്മാര്‍ ധ്യാനത്തില്‍ ഇരുന്ന സ്ഥലങ്ങള്‍ ഇങ്ങനെ പലതും.

അവര്‍ ഗ്രന്ഥ സാഹിബിന്‍റെ മുന്‍പില്‍ എത്തി. അതിനകത്ത് അവരുടെ പുരാണ ഗ്രന്ഥം വച്ചിരിക്കുന്നു. ആ ഗ്രന്ഥത്തെ ആദരപൂര്‍വ്വം വെള്ളച്ചാമരം വീശിക്കൊണ്ട്, വെള്ളച്ചാമരം പോലെതന്നെ താടിയുള്ള രണ്ട് ഗുരുക്കന്മാര്‍.

നവീനും ഗംഗനും ശ്രീകോവിലിനു മുന്‍പില്‍ നമ്രശിരസ്കരായി നിന്നു. ശ്രദ്ധാ ജ്ഞാന ഭക്തിയുടെ സംഗമം.

തിരിച്ചു കുളത്തിനരികില്‍ വന്നപ്പോള്‍ ഗംഗന്‍ മുന്നില്‍ കാണുന്ന കെട്ടിട സമുച്ചയം - അകാല്‍ തക്ത് - ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. ഇതാണ് ഭിന്ദ്രന്‍വാലയും കൂട്ടരും താമസിച്ചിരുന്ന സ്ഥലം.

നവീന്‍ അതിശയത്തോടെ ആ ഭീകരനെക്കുറിച്ച് ഓര്‍ത്തു. പഞ്ചാബ് വേറെ സ്വതന്ത്രരാജ്യം ആകണം എന്ന്‍ വാശിപിടിച്ച, അതിന് വേണ്ടി എന്തും ചെയ്യാന്‍ മടി കാണിക്കാത്ത ഭീകരന്‍.

ഗംഗന്‍ പതുക്കെ പറഞ്ഞു. അന്ധമായ രാഷ്ട്ര വാദം സ്വന്തം പ്രവിശ്യയിലേക്ക് മാത്രമായി ചുരുങ്ങിയാലത്തെ വിപത്ത്.

നവീന് അവിടെ പലയിടത്തും വെടിയൊച്ചകള്‍ കേള്‍ക്കുന്നത് പോലെ തോന്നി.

ഗംഗന്‍ തുടര്‍ന്നു. ഇന്ത്യന്‍ ചരിത്രത്തിലെ രക്തത്തില്‍ കുതിര്‍ന്ന ചില ഏടുകള്‍ ആണ് ഇവ..

1984-ല്‍ ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ നടത്തിയ സൈനിക നീക്കത്തില്‍ ഇവിടെ നിലയുറപ്പിച്ചിരുന്ന ഭിന്ദ്രന്‍വാലയെയും കൂട്ടരേയും ഇല്ലാതാക്കി. 1000 ത്തോളം പേരാണത്രേ ആ സൈനിക ആക്രമണത്തില്‍ ‍ ഇവിടെ മരിച്ചത്. അതില്‍ നല്ലൊരു ശതമാനം പട്ടാളക്കാരും.

ആ സംഭവത്തിന്‍റെ ആറു മാസത്തിനുള്ളില്‍ സ്വന്തം ബോഡി ഗാര്‍ഡ്മാരാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വധിക്കപ്പെട്ടു. ഒരു വന്‍വൃക്ഷം കടപുഴകി വീണു.

തുടര്‍ന്നുണ്ടായ വ്യാപക അക്രമത്തില്‍ 3000 ത്തോളം സിഖുകാര്‍ ഡല്‍ഹിയില്‍ അഗ്നിക്കിരയായി..

ചരിത്രത്തിന്‍റെ ആ ഏടുകളില്‍ നിന്ന് രക്തം ഇറ്റിറ്റ് വീഴുന്നതായി നവീന് തോന്നി.

നമുക്കിവിടെ ലങ്കര്‍ (അന്നദാനം) കഴിക്കാന്‍ പോകാം. ഗംഗന്‍റെ ശബ്ദം കേട്ട് നവീന്‍ പരിസരത്തേയ്ക്ക് മടങ്ങി വന്നു.

അവര്‍ ആ പ്രദക്ഷിണ വഴിയിലൂടെ അന്നദാന ഹാളിലേയ്ക്ക് പതുക്കെ നടന്നു…

നവീന് ഇതൊക്കെ അറിഞ്ഞിട്ടാവാം, ദൈവം ഉണ്ടോ എന്ന്പോലും സംശയം തോന്നി..ഈ ദൈവം എന്നത് ഉണ്ടോ ഗംഗേട്ടാ അവന്‍റെ സംശയം പുറത്തു മറനീക്കി വന്നു..

ഗംഗന്‍ ഇടങ്കണ്ണിലൂടെ അവനെ ഒന്ന് നോക്കി… ഇവനെന്താ പെട്ടെന്ന്‍ ഇങ്ങനെ ഒരു സംശയം….തന്‍റെ മുറുക്കാന്‍‍ പൊതി അഴിക്കണോ…..!!

നീണ്ട പ്രദക്ഷിണ വഴിയല്ലേ, നടക്കാന്‍ സമയമുണ്ടല്ലോ…ഗംഗന്‍ പറഞ്ഞു തുടങ്ങി..

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ…

ഒരു രൂപവും ഇല്ലാത്തവനും, ഗുണങ്ങളൊന്നും ഏല്‍ക്കാത്തവനും, നിത്യനും ആയ പരമാത്മാവ്‌…..അതിനെ നമ്മുടെ സൗകര്യത്തിനു ചിലര്‍ പേരിട്ട് വിളിക്കുന്നു എന്നുമാത്രം..

കൂടാതെ…..

ഏക ഏവ ഹി ഭൂതാത്മാ
ഭൂതേ ഭൂതേ വ്യവസ്ഥിതാ
ഏകദാ ബഹുധാ ചൈവ
ദൃശ്യതേ ജല ചന്ദ്രവത്

ഓരോ ചരാചരങ്ങളിലും വസിക്കുന്നത് ഒരേ ആത്മാവ് - പരമാത്മാവ്‌ തന്നെയാണ്, അത് നമുക്ക് പലതായി തോന്നുന്നു എന്ന്‍ മാത്രം.. എങ്ങനെ.., ചന്ദ്രബിംബം ജലത്തില്‍ പ്രതിബിംബിച്ചു കാണുന്നത് പോലെ. ഏത് ജലാശയത്തിലും, ഏതു പാത്രത്തിലെ വെള്ളത്തിലും അത് പ്രതിബിംബിച്ചു കാണും.

സമുദ്രത്തില്‍ നിന്ന് വലുതും ചെറുതുമായ തിരമാലകള്‍ ഉണ്ടായി സമുദ്രത്തില്‍ത്തന്നെ ലയിക്കുന്നത് പോലെ ഈ പ്രപഞ്ചത്തില്‍ പലതും ഉണ്ടാകുന്നു അത് പിന്നീട് പ്രപഞ്ചത്തിലേക്ക് തന്നെ തിരിച്ച് അലിഞ്ഞു ചേരുന്നു.

പല പല പൂക്കള്‍ ചേര്‍ത്ത് ഒരു നൂലില്‍ മാല കോര്‍ത്തിരിക്കുന്നത് പോലെ….. വിശ്വം മുഴുവന്‍ ഒരു നൂലില്‍ കോര്‍ത്ത പല പൂക്കളുടെ മാല പോലെ അല്ലേ...

ഇത് വിശ്വസിക്കാത്തവരും ഉണ്ട്, അവര്‍ക്ക് അങ്ങനെയാകട്ടെ..

പക്ഷേ ഒരു കാര്യം ശരിയാണ്. ഈ പ്രപഞ്ചം ഒരു ചിട്ടയിലൂടെയാണ് നീങ്ങുന്നത്‌. ഒരു ആറ്റത്തില്‍ ഇലെക്ട്രോണ്‍, പ്രോട്ടോണിനെയും ന്യൂട്രോണിനെയും ചുറ്റുന്നത്‌ പോലെ തന്നെ വിശ്വത്തില്‍ ഗ്രഹങ്ങള്‍ അതാത് സൂര്യനെയും മറ്റു പലതിനേയും ചുറ്റുന്നു…ചുറ്റിക്കൊണ്ടേയിരിക്കുന്നു.

അതേപോലെ അമീബയിലെ ജീവന്‍റെ അടിസ്ഥാന ഘടന തന്നെ ഭൂമിയിലെ ഏറ്റവും വലിയ ജീവിയിലും മനുഷ്യനിലും കാണുന്നു.

മനുഷ്യന് ഒരു അഹംഭാവമുണ്ട്, താനാണ് ഏറ്റവും ശ്രേഷ്ഠന്‍, തന്നെ ആസ്പദമാക്കിയാണ് ഭൂമിയിലെ കാര്യങ്ങള്‍ എന്നൊക്കെ. പക്ഷേ ഈ ഭൂമിയിലെ ജീവ ജാലങ്ങള്‍, പുഴു കീടങ്ങള്‍ പറ്റെ ഇല്ലാതായാല്‍, ഈ ശ്രേഷ്ഠ മനുഷ്യന്‍ വെറും പത്തു ദിവസമേ ജീവിച്ചിരിക്കൂ..

മറിച്ച് മനുഷ്യന്‍ ഇല്ലാതായാല്‍ എല്ലാ ജീവജാലങ്ങളും സസന്തോഷം വിഹരിക്കും, ജീവിക്കും. അവര്‍ക്ക് വിഹരിക്കാന്‍ കൂടുതല്‍ സ്ഥലം കിട്ടും, കഴിക്കാന്‍ കൂടുതല്‍ ആഹാരം കിട്ടും….!!

അവര്‍ വിശാലമായ ലങ്കര്‍ ഹാളിലേയ്ക്ക് കടക്കുമ്പോള്‍ പ്ലെയ്റ്റ് തുടച്ചു വൃത്തിയാക്കി തരുന്നത് മുതല്‍ എച്ചില്‍ പാത്രം കഴുകി വൃത്തിയാക്കുന്നത് വരെയുള്ള പണികള്‍ വളണ്ടിയര്‍മാര്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യാന്‍ തിരക്ക് കൂട്ടുന്നത്‌ കണ്ടു.

അവര്‍ ഉടനെ പന്തിയില്‍ ചേര്‍ന്ന് നിലത്തിരുന്നു..

രുചിയുള്ള ചൂടു ചപ്പാത്തിയും കറിയും കഴിക്കുന്നതിനിടയില്‍ നവീന്‍ പറഞ്ഞു..ആഹാരം അടിപൊളി, പ്രത്യേകിച്ചും ചപ്പാത്തിയും കറിയും, അച്ചാറും‍ ഒട്ടും മോശമല്ല..

ഗംഗന്‍ പറഞ്ഞു..അതാസ്വദിക്കുകയാണ് നീ ഇപ്പോള്‍ ചെയ്യേണ്ടത്…

ഇവിടെ വരുന്നവരാരും ഇവിടുത്തെ ആഹാരം കഴിക്കാതെ മടങ്ങാറില്ല. അവര്‍ക്കെല്ലാവര്‍ക്കും ആഹാരം കൊടുക്കാനുള്ള എല്ലാ സംവിധാനവും ഇവിടെയുണ്ട് താനും.

ആഹാരം കഴിഞ്ഞ് ഒരു വളണ്ടിയര്‍ അവരെ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം കാണിക്കുവാന്‍ കൊണ്ടുപോയി.

നവീനെ അതിശയിപ്പിക്കും വിധം എല്ലാം ഓട്ടോമാറ്റിക് ആണ്. ഗോതമ്പ്മാവ് ചെറുതായൊന്ന് കുഴച്ചു വച്ചുകൊടുത്താല്‍ ചപ്പാത്തി ചുട്ട് കുട്ടയില്‍ വന്ന് വീഴുന്നത് വരെ എല്ലാം ഓട്ടോമാറ്റിക്.

കറിക്ക് കഷണം നുറുക്കാനും പാകം ചെയ്യാനും ‍ നൂറുകണക്കിന് വനിതാ വളണ്ടിയര്‍മാര്‍. ടെക്നോളജിയുടെയും സേവാ ഭാവത്തിന്‍റെയും സംഗമം.

പുറത്തുകടക്കുമ്പോള്‍ നവീന്‍ വിചാരിച്ചു, ഇത് കാണാന്‍ സാധിച്ചത് എന്‍റെ ജന്മ സാഫല്യം.

അവര്‍ നേരെ അടുത്തുതന്നെയുള്ള ജാലിയാവാലാ ബാഗിലേയ്ക്കാണ് പോയത്. അടുത്ത കൂട്ടക്കൊല നടന്ന സ്ഥലം.

ചുറ്റും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഉദ്യാനം. ഈ ഉദ്യാനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയാല്‍ ശ്വാസംമുട്ടും തീര്‍ച്ച..

അന്ന്‍ സ്വാതന്ത്ര്യ സമര ഒരുക്കങ്ങള്‍ക്ക് ഇവിടെ തടിച്ചു കൂടിയിരുന്ന ജനങ്ങള്‍ക്ക് നേരെ ബ്രിട്ടീഷ് പട്ടാളം തുരു തുരെ വെടിവച്ചുവത്രേ.. ജനങ്ങള്‍ നാലുപാടും ചിതറി ഓടി, വാതിലിലൂടെ പുറത്തുകടന്നവരെയൊക്കെ ബ്രിട്ടീഷ് പോലീസ് വെടിവച്ചു വീഴ്ത്തി.

കുറെ ആള്‍ക്കാര്‍ അതിനകത്തു തന്നേയുള്ള ഒരു കിണറില്‍ മേല്‍ക്കുമേല്‍ തുരുതുരെ വീണുവത്രേ.. ആ ശബ്ദ കൊലാഹലങ്ങളൊക്കെ ഇപ്പോഴും അവിടെ മുഴങ്ങിക്കേള്‍ക്കാം. ഒരു കൊച്ചു സ്പീക്കറിലൂടെ.

ഇവരുടെയൊക്കെ ജീവത്യാഗ ഫലമായിട്ടാണ് നമുക്ക് ഇന്നിക്കാണുന്ന സ്വാതന്ത്ര്യം എന്ന സംഗതി കിട്ടിയത്...ഗംഗന്‍ നവീനെ നോക്കി പറഞ്ഞു.

അവിടെ നിന്ന്‍ അവര്‍ നേരെ ഹോട്ടലിലേയ്ക്ക് മടങ്ങി. വൈകുന്നേരമാണ് വാഗാ ബോര്‍ഡറിലെ മാമാങ്കം.

വൈകുന്നേരം നിരത്തിലിറങ്ങിയപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ വാഗ.. വാഗ എന്ന്‍ പറഞ്ഞ് വിളിക്കുന്നു. അവര്‍ അതിലൊന്നില്‍ കയറി ഇരുന്നു. അഞ്ചും ആറും പേരടങ്ങിയ മുച്ചക്ര വാഹനങ്ങള്‍ നിരത്തിലൂടെ വാഗയിലേയ്ക്ക് നീങ്ങി.

കുറച്ചു മുന്നോട്ടു പോയപ്പോള്‍ ആണ് മനസ്സിലായത്‌, ഒരു നിരത്ത് മുഴുവന്‍, അല്ല…, പട്ടണത്തിന്‍റെ നല്ലൊരുഭാഗം വാഗായിലെ മാമാങ്കം കാണാന്‍ പോകുന്നവാരാണ് എന്ന്‍. ഒരു ഗ്രാമം മുഴുവന്‍ പൂരപ്പറമ്പിലേയ്ക്ക് ഒഴുകുന്നത്‌ പോലെ.

അവര്‍ സ്റ്റേഡിയത്തിനടുത്ത് ഇറങ്ങി നടക്കുമ്പോള്‍ വഴിയോരത്ത് നിറയെ വെള്ളവും, സോഡയും, ദേശഭക്തി ഗീതങ്ങളും വില്‍ക്കുന്ന കടകള്‍. കച്ചവടം പൊടി പൊടിക്കുന്നു..

അതിനിടയില്‍ നിന്ന്‍ 'ഉപ്പ് സോഡാ നാരങ്ങവെള്ളം' എന്ന ഒരു വിളി കേട്ടു. നവീന്‍ അതിശയത്തോടെ തിരിഞ്ഞു നിന്നു. മലയാളത്തില്‍ ഇവിടെ ആരാ വിളിച്ചു പറയാന്‍. നവീനും ഗംഗനും കൗതുകം. ഒന്ന് പരിചയപ്പെടാം എന്ന്‍ കരുതി അവര്‍ അടുത്തേയ്ക്ക് നീങ്ങി.

പേര് കാദര്‍, അബ്ദുള്‍ഖാദര്‍. അവര്‍ മലയാളിയുടെ സ്വന്തമായ 'ഉപ്പ് സോഡാ നാരങ്ങവെള്ളം' വാങ്ങിക്കുടിക്കുന്നതിനിടയില്‍ സൗഹൃദം പങ്കു വച്ചു...  

തലശ്ശേരിക്കാരനാ.. പത്തു കൊല്ലമായി ഇവിടെ ദേശസ്നേഹം ആഘോഷമാക്കാന്‍ വരുന്നവര്‍ക്ക് നാരങ്ങാവെള്ളവും സ്നേഹവും നല്‍കുന്നു. ഹിന്ദിയില്‍ വിളിച്ചു പറയുന്നതിന്‍റെ കൂടെ അദ്ദേഹം ഇടയ്ക്ക് മലയാളവും വച്ചു കാച്ചും.. ആരെങ്കിലും കേട്ടറിഞ്ഞു വന്നാല്‍ അതൊരു രസമല്ലേ…!!

എന്‍റെ പോന്നനിയാ, എന്താ ഇവിടത്തെ ജനം.. എന്താ ആഘോഷം..നമ്മുടെ നാട്ടുകാര് ഇതൊക്ക ഒന്ന്‍ വന്ന് കാണുക തന്നെ വേണം…കാദറിക്ക കൂട്ടിച്ചേര്‍ത്തു..

എന്നാ വേഗം ചെല്ല്, വൈകിയാല്‍ സീറ്റ് കിട്ടില്ല...

അകത്ത് ഒരു വലിയ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ് ആള്‍ക്കാര്‍, അയ്യായിരത്തില്‍ കവിയും. മുത്തശ്ശനും, മുത്തശ്ശിയും, മക്കളും പേരക്കുട്ടികളുമായി വന്നവരൊക്കെ ആഘോഷത്തിമര്‍പ്പിലാണ്.

ദേശഭക്തിഗാനം ഉച്ചത്തില്‍ ആവേശം പകര്‍ന്നുകൊണ്ട് ഒഴുകുന്നു.

പീപ്പി വിളികളും, ബലൂണ്‍ പറത്തലും മറ്റൊരു ഭാഗത്ത്‌.

സ്ത്രീകളും കുട്ടികളും നൃത്തച്ചുവടുകളുമായി സ്റ്റേഡിയത്തിനു താഴെ.







ചുവന്ന തലപ്പാവിട്ട ബോര്‍ഡര്‍ സെക്യൂരിട്ടി ഫോര്‍സിലെ യുവാക്കള്‍ ഇവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പല സ്ഥലങ്ങളിലും.

നവീന്‍ ഒന്നമ്പരന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ജനങ്ങള്‍ ഇത്രമാത്രം ആഘോഷത്തിലോ….!! അതേ അതാണ്‌ സത്യം…!!

ആഘോഷിക്കാന്‍ പ്രത്യേക കാരണമൊന്നും വേണ്ട..



 

അതിര്‍ത്തി ഗെയിറ്റിനു മറുവശത്ത് പാക്കിസ്ഥാന്‍റെ ഭാഗത്ത്‌ ഒരു കൊച്ചു സ്റ്റേഡിയം, അതില്‍ കഷ്ടിച്ച് മുന്നൂറു പേര്‍. അവിടെ കൊട്ടും പാട്ടും ആഘോഷങ്ങളും വളരെ കുറവ്..നമ്മുടെ ആഘോഷം കാണാന്‍ വന്നവരെപ്പോലെയാണ് അവരുടെ ഇരിപ്പ്.

സമയം അഞ്ചേകാല്‍. ഗെയിറ്റിനു ഇരുവശത്തും ആര്‍മി ജവാന്മാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ദേഷ്യത്തില്‍ അടഞ്ഞു കിടന്ന ഗെറ്റ് വലിച്ചു തുറന്നു. എന്നിട്ട് കഴുത്തുവരെ കാല്‍പൊക്കി മുഖത്തോടു മുഖം നിന്ന്‍ ഭൂമി ഇളകും വിധം ആഞ്ഞു ചവിട്ടി..

രണ്ടുകൂട്ടരും മുഷ്ടിചുരുട്ടി കൈ ഉയര്‍ത്തിക്കാണിച്ചു. ഇപ്പോള്‍ തമ്മില്‍ അടിക്കുമെന്ന മട്ടില്‍.




കൂടെ ഉച്ചഭാഷിണിയിലൂടെ വന്ദേ മാതരം, ഭാരത്‌ മാതാ കി ജയ്‌ വിളികള്‍ ഉച്ചത്തില്‍ ഉയര്‍ന്നു. സ്റ്റേഡിയം മുഴുവന്‍ ഉച്ചത്തില്‍ അതേറ്റ് പാടി.

വീണ്ടും പല ജവാന്മാരും വരികയും ആഞ്ഞു ചവിട്ടി നടക്കുകയും കാല്‍ ഉയര്‍ത്തിക്കാണിക്കുകയും കൈ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

നടത്തത്തിന്‍റെ വേഗത കണ്ടാല്‍ അയാള്‍ എങ്ങാന്‍ ഒരു വേള അതിര്‍ത്തി കടന്ന്‍ അപ്പുറത്തേയ്ക്ക് കാല് വയ്ക്കുമോ, എന്ന് തോന്നും. അങ്ങനെ ഉണ്ടായാല്‍ എന്തായിരിക്കും സ്ഥിതി..

അടുത്തത് ജവാന്മാരെ വെല്ലുന്ന വനിതകളുടെ പ്രകടനം...

അരമണിക്കൂറോളം നീണ്ടു നിന്ന തീപ്പൊരി പാറുന്ന മാര്‍ച്ച്പാസ്റ്റിനൊടുവില്‍ അവര്‍ തങ്ങളുടെ ദേശീയ പതാക താഴ്ത്താന്‍ തീരുമാനിച്ചു.

അതും വലിയ വീറും വാശിയും കലര്‍ന്ന മട്ടില്‍. കൂടെയുള്ളവര്‍ മീശ പിരിച്ചു കാണിക്കുന്നു.. താഴ്ത്തിയ പതാകയുമായി ഒരു കൂട്ടം ദേഷ്യത്തില്‍ തിരിച്ചു പോകുന്നു.

ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന്‍ തോന്നുന്ന നിമിഷങ്ങള്‍. അവസാനം അവര്‍ ഗേറ്റ് ആഞ്ഞടച്ചു.





സ്റ്റേഡിയം മുഴുവന്‍ ഭാരത് മാതാ കി ജയ്‌ വിളി കൊണ്ട് ഇരമ്പി. നവീനും അത്യാവേശത്തോടെ കൈ പൊക്കി വിളിച്ചു..ഭാരത്‌ മാതാ കീ..ജയ്‌.

അപ്പുറത്ത് ഇടയ്ക്ക് പാകിസ്ഥാന്‍ ജിന്ദാബാദ് എന്നുള്ള വിളികള്‍ ഈ ആരവത്തിനിടയില്‍ വളരെ ചെറുതായി കേട്ടു.

അങ്ങനെ, ശത്രുതയുടെയും സാഹോദര്യത്തിന്‍റെയും ഒരുപോലെയുള്ള പ്രതീകമായി, സിരകളില്‍ രക്തം തിളപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ബീറ്റിംഗ് റിട്രീറ്റ് അവസാനിച്ചു.

ഒരു പക്ഷെ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ ഉള്ള ദൃശ്യ വിരുന്ന്‍ ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കാം.

നവീന്‍ ഇത്തരത്തില്‍ ഒരു മാമാങ്കം തീരെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
അവന്‍റെ ദേഹത്തെ ചൂടു ഇനിയും ആറിയിട്ടില്ല. അവനും അവിടെ നിന്നു കൊണ്ട് ഉറക്കെ പാടണമെന്ന് തോന്നി.. 
 
ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം ഈ അന്തരംഗം..അവന്‍റെ ദേശാഭിമാനം എല്ലാ സടകളും കുടഞ്ഞെഴുന്നേറ്റു..

കാദറ്ക്ക പറഞ്ഞത് അവന് ഓര്‍മ്മ വന്നു..എന്നെപ്പോലെ ഈ തലമുറയിലെ കുട്ടികള്‍ ഇത്തരത്തില്‍ ഒരിക്കലെങ്കിലും രക്തക്കറ പറ്റിപ്പിടിച്ച ഈ ചരിത്ര സ്മൃതികള്‍ വന്ന് കാണണം. അവിടെ തിളച്ചുമറിയുന്ന വികാര വിക്ഷോഭങ്ങളില്‍ കണ്ണും കാതും മറന്ന്‍ അലിഞ്ഞു ചേരണം.

അവന്‍റെ ഗദ്ഗദം നിറഞ്ഞ തൊണ്ടയില്‍ നിന്ന് പണ്ട് പാടി മറന്ന ഒരു ഗാനം പുറത്തു വന്നു..

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മ ഗൃഹമല്ലോ….



9 comments:

  1. Raviettan...very good...!

    ReplyDelete
  2. ഇത് വെറും യാത്രാ വിവരണമല്ല . ഇതിൽ ചരിത്രമുണ്ട് . ജീവാത്മാവും പരമാത്മാവും ഉണ്ട് . താത്വികാവലോകനമുണ്ട് . വാഗായിലെ ബീറ്റിംഗ് റിട്രീറ്റിനേക്കാൾ സൗന്ദര്യമുണ്ട്.,

    രവീ , താൻ കാഴ്ചകളെ കാവ്യാത്മകമായി വർണ്ണിക്കുന്നതു കാണുമ്പോൾ ഒരിക്കലെങ്കിലും രക്തക്കറ പറ്റിപ്പിടിച്ച ഈ ചരിത്ര സ്മൃതികള്‍ വന്ന് കാണാൻ അവിടെ തിളച്ചുമറിയുന്ന വികാര വിക്ഷോഭങ്ങളില്‍ കണ്ണും കാതും മറന്ന്‍ അലിഞ്ഞു ചേരാൻ ഞാനും കൊതിക്കുകയാണ്
    - പൗലോ

    ReplyDelete
    Replies
    1. പൗലോ വളരെ വളരെ നന്ദി...

      Delete