Saturday, 13 April 2019

ഗംഗ മയ്യാ കി ജയ്





ശങ്കര്‍, ആയുഷിനെയും അനുവിനെയും കൂട്ടി കുടിലില്‍ നിന്ന്‍ പുറത്തേക്കിറങ്ങി. മലഞ്ചെരുവിലുള്ള മുള കൊണ്ടുണ്ടാക്കിയ കുടിലിലാണ് അവരുടെ താമസം.

വാ കുട്ടികളെ, നമുക്ക് ഗംഗാ നദിക്കരയിലേയ്ക്ക് പോകാം.

മലഞ്ചെരുവിലൂടെ താഴേയ്ക്ക് നടക്കണം നദിക്കരയില്‍ എത്താന്‍. നേരം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.

മുകളില്‍ നിന്ന്‍ നോക്കിയാല്‍ ഇളം നീല നിറത്തില്‍ വളഞ്ഞു പുളഞ്ഞൊഴുകുന്ന ഗംഗയുടെ ആരവം മലഞ്ചെരുവിലെ ആ കൊച്ചു ഗ്രാമത്തില്‍ എപ്പോഴും എല്ലായിടത്തും കേള്‍ക്കാം..

അവര്‍ പതുക്കെ മലയിറങ്ങിത്തുടങ്ങി.

അസ്തമയ സൂര്യന്‍ മലയുടെ ചരിവില്‍ നിന്നും എത്തി നോക്കുന്നു. അവന്‍ അധികം താമസിയാതെ മലയിടുക്കില്‍ ഒളിക്കും.

ചുറ്റിലും മലകള്‍ മടക്കു മടക്കായി കിടക്കുന്ന ഈ ശിവപുരിയില്‍ അങ്ങനെയാണ് സൂര്യന്‍.

അവര്‍ താഴോട്ടു ഇറങ്ങുന്തോറും നദിയുടെ ഒഴുക്കിന്‍റെ ശബ്ദം കൂടിക്കൂടി വന്നു. കുഞ്ഞാറ്റക്കിളികള്‍, ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് എന്ന മട്ടില്‍ ചിറകു വിടര്‍ത്തിപ്പിടിച്ചു അവര്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു.

മലയുടെ താഴ്വരയില്‍, ഏകദേശം ഒരു കിലോമീറ്റര്‍ വീതിയില്‍ നദി ഒഴുകിയ പാടുകളാണ്. ഒഴുകി വന്ന കൂറ്റന്‍ പാറകളും, പടുകൂറ്റന്‍ മരങ്ങളും അങ്ങിങ്ങ് കാണാം. മഴക്കാലത്ത് ഒരു മലയേയും കൂസാതെ തച്ചു തകര്‍ത്ത് ഒഴുകിയ നദി ആണ് ഇപ്പോള്‍ ശാന്തമായി ഒരു ഓരം ചേര്‍ന്ന് ഒരേ താളത്തില്‍ ഒഴുകുന്നത്‌.

നദിക്കര, വെള്ള പഞ്ചാര മണല്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഇളം നീലയും പച്ചയും നിറം കലര്‍ന്ന തെളിഞ്ഞ വെള്ളം, വഴിയില്‍ കണ്ട ഓരോ പാറയോടും കുശലാന്വേഷണം നടത്തി ഉരുമ്മി ഒഴുകുന്നത്‌ കണ്ടാല്‍ ആരും എല്ലാം മറന്ന്‍ അത് നോക്കി നിന്നു പോകും.

ഹിമഗിരികളിലെ മഞ്ഞ് ഉരുകി വരുന്ന വെള്ളം നല്ല തണുപ്പാണ്, ഏത് കടുത്ത വേനല്‍ക്കാലത്തും. അടുത്തു പോയവര്‍ കുളിക്കാതെ മടങ്ങി വരില്ല. അത്രയ്ക്ക് ആകര്‍ഷണീയതയാണ് ഗംഗയ്ക്ക്. ഒന്ന്‍ കുളിച്ചാല്‍ ക്ഷീണം പമ്പ കടക്കും.

ആയുഷ്‍ പെട്ടെന്ന്‍ തുണിയൊക്കെ അഴിച്ചു വെച്ച് കുളിക്കാന്‍ തയ്യാറായി….

അതുകണ്ട് അനു ചോദിച്ചു.. ഈ വിശ്വരൂപ ദര്‍ശനം കാട്ടീട്ട് എവടയ്ക്കാ..

ഗംഗ എന്നെ കൈ മാടി വിളിക്കുന്നു…. വരൂ മകനേ ഒന്ന് കുളിച്ചിട്ടു പോകൂ എന്ന്‍ പറയുന്നത് പോലെ…‍ ആയുഷിന്‍റെ മറുപടി..

രണ്ട് പേരും ആ ചെറു തമാശയില്‍ ചിരിച്ചു..

നീയെന്താ പറഞ്ഞത്, വിശ്വരൂപ ദര്‍ശനോ, അതെന്താ...ആയുഷിന് സംശയം..

നിന്‍റെ ഈ സ്റ്റീല്‍ ബോഡി കാണിച്ചും കൊണ്ട്... എന്ന്‍ സാരം, അനുവിന്‍റെ തമാശ കലര്‍ന്ന മറുപടി.

അതിന്‍റെ ശരിക്കുള്ള അര്‍ത്ഥം നിനക്കറിയോ, ഇല്ല എന്ന്‍ അനു. ഞാന്‍ അച്ഛനോട് ചോദിക്കട്ടെ..അച്ഛന്‍ ചിലപ്പോ നല്ലോണം പറഞ്ഞു തരും..

അവന്‍ ചോദ്യം അച്ഛനോടായി ആവര്‍ത്തിച്ചു..അച്ഛാ ഈ വിശ്വരൂപ ദര്‍ശനം എന്നാല്‍ എന്താ..

അത്... വിരാട് പുരുഷന്‍, ടോട്ടല്‍ മൈന്‍ഡ് എന്നൊക്കെ കേട്ടിട്ടില്ലേ, അത് തന്നെ. ശങ്കര്‍ കാര്യങ്ങള്‍ കുറച്ചു കൂടി കുഴപ്പത്തിലാക്കി..!!

ആയുഷിന്‍റെ കൂടെ അനുവിനും ഇപ്പോള്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യം കൂടി. അച്ഛാ, നേരെ പറഞ്ഞു തരൂ.. രണ്ടുപേരും അച്ഛന്‍റെ പുറകെ കൂടി.

ഇതു കേട്ട ശങ്കര്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു, ഇതറിയാന്‍ ആദ്യം നിങ്ങള്‍ ഈ ഗംഗയില്‍ കുളിച്ചു വരണം..എങ്കിലേ കാര്യങ്ങള്‍ തെളിഞ്ഞു വരൂ..

ഒന്നും ചിന്തിക്കാതെ അവര്‍ രണ്ടുപേരും കുളിക്കാന്‍ ഇറങ്ങി.

പാറകളെയും മാമാരങ്ങളെയും ഉരുമ്മി വരുന്ന ആ തെളിധാര അവരുടെ ദേഹത്തേയും ഉരുമ്മിയിറങ്ങി.

നല്ല തണുപ്പ്, അനു ചെറിയ വിറയലോടെ പറഞ്ഞു.

എന്നും ഈ ഗംഗ ഇങ്ങനെയാ, ആയുഷ് മുങ്ങി നിവരുമ്പോഴുള്ള സന്തോഷത്തോടെ പറഞ്ഞു... എത്ര കുളിച്ചാലും മതി വരില്ല...

ശങ്കറും ഒപ്പം മുങ്ങാനിറങ്ങി. ഈ അസുലഭ സന്ദര്‍ഭം എങ്ങനെ പാഴാക്കും.

മൂവരും കുളി കഴിഞ്ഞ് കരയില്‍ കയറി റെഡിയായി.

ആയുഷ് ഉടനെ ചോദ്യം ആവര്‍ത്തിച്ചു...അച്ഛാ വിശ്വരൂപ ദര്‍ശനം..

അവര്‍ ആ പഞ്ചാര മണലിലൂടെ പതുക്കെ അച്ഛന്‍റെ കൂടെ ഉലാത്തി..

ശങ്കര്‍ ഒച്ചയനക്കിക്കൊണ്ട് പതുക്കെ തുടങ്ങി..

ഋഷി വേദവ്യാസന്‍ ഈ സങ്കല്പത്തെക്കുറിച്ച് പല രീതിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭക്തിപരമായും അല്ലാതെയും.

എന്‍റെ സാമാന്യ ബുദ്ധിയില്‍ മനസ്സിലായത് ഞാന്‍ പറഞ്ഞു തരാന്‍ ശ്രമിക്കാം..

നമുക്ക് കുറച്ച് പുറകിലേക്ക് ചിന്തിക്കാം..ശങ്കറിന്‍റെ ചിന്ത ചിറകു വച്ച് പറന്നു തുടങ്ങി..

ഈ വിശ്വരൂപ ദര്‍ശനം മഹാഭാരതത്തില്‍, എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടിടത്ത് ശ്രീ കൃഷ്ണന്‍ കാണിച്ചു കൊടുക്കുന്നുണ്ട്.

ഒരിക്കല്‍, ഹസ്തിനപുരത്തില്‍ ദൂതിന് പോയ കൃഷ്ണനെ പിടിച്ചു കെട്ടാന്‍ ദുര്യോധനന്‍ തുനിഞ്ഞപ്പോള്‍, ഒരു നിവൃത്തിയും ഇല്ലാതെ കൃഷ്ണന്‍ വിശ്വരൂപം കാണിച്ചു കൊടുത്തു. ദുര്യോധനന് എന്തെങ്കിലും മനസ്സിലായോ എന്നറിയില്ല….!!

പിന്നൊരിക്കല്‍ ഗീതോപദേശത്തിനിടയില്‍, കൃഷ്ണന്‍ പറയുന്നത് അര്‍ജുനന് ശരിക്കും മനസ്സിലാകുന്നില്ല എന്ന്‍ തോന്നിയപ്പോള്‍, അദ്ദേഹം വിരാട് രൂപം കാണിച്ചു കൊടുത്തു..

ഭഗവദ്ഗീതയില്‍ വിശ്വരൂപ ദര്‍ശനം എന്ന ഒരു അദ്ധ്യായം തന്നെയുണ്ട്.

അര്‍ജുനനു കാര്യങ്ങള്‍ കുറെയൊക്കെ മനസ്സിലായി എന്ന്‍ തോന്നുന്നു..അതുകൊണ്ടായിരിക്കണം യുദ്ധം ചെയ്തതും ജയിച്ചതും..

വിശ്വരൂപ ദര്‍ശനം എന്നാല്‍, തന്നില്‍ തന്നെ വിശ്വം മുഴുവന്‍ അടങ്ങിയിരിക്കുന്നു എന്ന്‍ കാണിച്ചു കൊടുക്കലാണ്.

അത് ഒരു സിദ്ധാന്തമാണ്. ഇതിന് പല തലങ്ങളുമുണ്ട്.

എന്നു വച്ചാല്‍...ആയുഷിന്‍റെ സംശയം..

എന്ന്‍ വച്ചാല്‍ , ഈ വിശ്വം മുഴുവന്‍ ഒരു ശരീരം പോലെ പ്രവര്‍ത്തിക്കുന്നു എന്ന ആശയം ആണ് ഇതിനു പിന്നില്‍.

അങ്ങനെ എങ്ങനെ വിചാരിക്കാന്‍ പറ്റും, ഇത്ര വലിയ പ്രപഞ്ചത്തില്‍ ‍ എന്തെന്തെല്ലാം സാധനങ്ങള്‍ അവനവന്‍റെ വഴിക്ക് നടക്കുന്നുണ്ടാകും. അനുവിന്‍റെ കമന്റ് .

അതെ, അല്ല എന്ന്‍ വേണം പറയാന്‍. കാര്യങ്ങളെ കൂടുതല്‍ അപഗ്രധിച്ചാല്‍ കുറച്ചുകൂടി കാര്യങ്ങള്‍ തെളിഞ്ഞു വരും. നമുക്ക് ശ്രമിക്കാം.

അവര്‍ മൂവരും ആ പഞ്ചാര മണലിലൂടെ നദിക്കൊപ്പം നടക്കുകയാണ്..

അതിലെ ഓരോ തരിയും, താന്‍ വലിയ പാറയാണെന്ന് നദിയോട് ഒരിക്കല്‍ മുഷ്ക് കാണിച്ച് പറഞ്ഞിരിക്കണം. അവന്‍ ഇപ്പോള്‍ തട്ടി മുട്ടി ഉരുണ്ട് വക്കും തൊക്കും പോയി ഒരു തരി പൂഴി ആയി മാറിയിരിക്കുന്നു.

ആ പൂഴിയില്‍ ഞണ്ടുകള്‍ അങ്ങിങ്ങ് ഓടിക്കളിച്ചു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശങ്കര്‍ കാര്യങ്ങള്‍ നിരത്താന്‍ ശ്രമിച്ചു.
ഈ പ്രപഞ്ചത്തെ മനുഷ്യ ശരീരത്തോട് താരതമ്യം ചെയ്ത് കാണുകയാണ് ഋഷി വേദവ്യാസന്‍.
 
ഉദാഹരണത്തിന് നമുക്ക് മനുഷ്യ ശരീരത്തിന്‍റെ ഘടന നോക്കാം.
ശരീരം പലവിധ കോശങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. അല്ലേ..?

അതെ എന്ന് രണ്ടു പേരുടെയും മറുപടി..

ആ കോശങ്ങള്‍ ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും അതിന്‍റെ താള ക്രമത്തിലല്ലേ.
ഓരോ അംഗങ്ങളിലുള്ള കോശങ്ങള്‍ ഓരോ തരത്തില്‍ ജനിക്കുന്നു, വളരുന്നു, മരിക്കുന്നു അങ്ങനെ പുതിയത് പുതിയത് വന്നുകൊണ്ടിരിക്കുന്നു
 
ഓരോ കോശത്തിനും അതിന്‍റേതായ ബുദ്ധി - intelligence - ഉണ്ട്. അവ അത്തരത്തില്‍ വളരുന്നത് കൊണ്ടാണല്ലോ നമ്മുടെ ഓരോ അംഗങ്ങളും ശരിയായ രീതിയില്‍ വളരുന്നതും പ്രവര്‍ത്തിക്കുന്നതും.

ഇത് ആധുനിക ജീവശാസ്ത്രവും കണ്ടുപിടിച്ചിട്ടുള്ളതാണ്.

ഏതെങ്കിലും ഒരു കോശം അവനവന്‍റെ ഈ സാമാന്യ ബുദ്ധിയും, പഴയ കോശത്തില്‍ നിന്നും കിട്ടിയ ഓര്‍മ്മയും ഉപയോഗിക്കാതിരുന്നാല്‍ അംഗങ്ങള്‍ വികലമാകും, അത് അര്‍ബുദം ‍ആയി പ്രത്യക്ഷപ്പെടാം.

ഇനി അടുത്ത പടി.. ഇങ്ങനെ പല കോശങ്ങള്‍ കൂടി ഒരു അംഗം (organ) ഉണ്ടായാല്‍ ആ അംഗം പ്രവര്‍ത്തിക്കുന്നത് അതിന്‍റെ ബുദ്ധിയും ധര്‍മ്മവും അനുസരിച്ച് ആയിരിക്കും. ഉദാഹരണത്തിന് കുറേ കോശങ്ങള്‍ കൂടി ഒരു വൃക്ക രൂപം കൊണ്ടു എന്നിരിക്കട്ടെ, ആ വൃക്കയുടെ പ്രവൃത്തി(function) രക്തം ശുദ്ധീകരിക്കലും മറ്റു പലതുമല്ലേ..

അതുപോലെ തന്നെ തലച്ചോറിന്‍റെ കാര്യം എടുത്തു നോക്കൂ..

ഇങ്ങനെ ഓരോ അംഗങ്ങളും അവരവരുടെ ധര്‍മ്മം ചെയ്തു കൊണ്ടിരിക്കുന്നു, അവരവരുടെ ബുദ്ധിക്കനുസരിച്ച്.

അല്ലേ...

അതേ...എന്ന് രണ്ടു പേരും...

സൂര്യന്‍ അങ്ങ് പടിഞ്ഞാറ് മലയിടുക്കില്‍ നിന്നും എത്തിനോക്കുന്നത് മൂവരും കണ്ടതേയില്ല..

അവര്‍ അവരുടെ ചര്‍ച്ചയില്‍ വ്യാപൃതരാണ്.

അടുത്ത സ്റ്റേജ് വിശകലനം ചെയ്‌താല്‍ ഇങ്ങനെ ഓരോ അംഗങ്ങളും താളക്രമത്തില്‍ പ്രവര്‍ത്തിക്കുവാന്‍, ശരീരത്തില്‍ ജീവന്‍ (ആത്മാവ്) വേണം എന്ന്‍ മനസ്സിലാകും.. ആ ജീവന്‍ ഇല്ലെങ്കില്‍ ഈ കോശങ്ങളുടെയും അംഗങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കും.

അപ്പോള്‍ ഒരു ശരീരത്തിന്‍റെ ജീവനും ബുദ്ധിയും ശരീരത്തിലെ മൊത്തം അംഗങ്ങളുടെ പ്രവര്‍ത്തനത്തിനു പുറകിലും ഉണ്ട്.

അതേ സിദ്ധാന്തത്തോടെയാണ്‌ വിരാട് പുരുഷനില്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്നത്.

നമ്മുടെ ഭൂമി ആ പ്രപഞ്ച ശരീരത്തിലെ ഒരു ചെറിയ പൂഴിയോളമുള്ള അംഗമാകാം. അത്രയ്ക്ക് വലുപ്പമല്ലേ ഈ പ്രപഞ്ചം.

അനന്തം - ഇന്‍ഫിനിറ്‍റി എന്നൊക്കെ പറയാം.

ഒരു പക്ഷേ....സൂര്യന്‍ എന്നത് പല കോശങ്ങള്‍ കൂടിയ ഒരു അംഗമാകാം.

നമ്മുടെ സൂര്യനപ്പുറം ആകാശ ഗംഗയുണ്ട് (Galaxy). അത്തരത്തില്‍ ലക്ഷക്കണക്കിന്‌ ആകാശ ഗംഗകളുണ്ട്, അവയില്‍ ലക്ഷക്കണക്കിന്‌ സൂര്യന്മാരുണ്ട് ഈ പ്രപഞ്ചത്തില്‍. അവയ്ക്കൊക്കെ ചുറ്റും പല പല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടാകാം..

അവയൊക്കെ നിയമാനുസൃതമായി അവരവരുടെ പന്ഥാവില്‍ അവരവരുടെ ബുദ്ധിക്കനുസരിച്ച് ധര്‍മ്മമനുസരിച്ച് കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു.

നമ്മുടെ ഭൂമിയുടെ കാര്യം തന്നെയെടുത്തു നോക്കൂ..
അത് 365.25 ദിവസത്തില്‍ സൂര്യനെ ചുറ്റുന്നു, 24 മണിക്കൂറില്‍ സ്വയം കറങ്ങുന്നു. അതും 23.5 ഡിഗ്രി ചരിഞ്ഞ്. അങ്ങനെ ഋതുക്കള്‍ പിറക്കുന്നു, ജീവന്‍ തുടിക്കുന്നു, അങ്ങനെ പലതും..

ഇത്തരത്തില്‍ പ്രപഞ്ചത്തിന്‍റെ ഓരോ അംഗങ്ങളും അതത് പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭാവമാണ് വിരാട് പുരുഷന്‍റെത്‍.
അത് ബൃഹത്തായതിനാല്‍ സ്ഥല കാലങ്ങള്‍ - space and time – വ്യത്യസ്തമായിരിക്കും.

ഭയങ്കരം തന്നെ..ആയുഷ്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു..

ശങ്കര്‍ തുടര്‍ന്നു..

ഇനി അടുത്ത പടിയില്‍, പ്രപഞ്ചം ഒരു ശരീരമാണെങ്കില്‍, അംഗങ്ങള്‍ ഓരോന്നും തനതായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് തനതായ ഒരു ജീവനും മനസ്സും ഉണ്ടാകില്ലേ.

നമ്മുടെ മനുഷ്യ ശരീരത്തില്‍ ഉള്ള എല്ലാ കോശങ്ങളുടെയും അംഗങ്ങളുടെയും ബുദ്ധിയുടെ ആകെത്തുകയാണ് നമ്മുടെ മനസ്സ് എന്ന്‍ കരുതാമെങ്കില്‍ ഈ പ്രപഞ്ചത്തിലെ മനസ്സ് എന്നത് ഈ പ്രപഞ്ചശരീരത്തിലെ മുഴുവന്‍ മനസ്സുകളുടെയും ആകെത്തുകയാകാം. അതായത് ടോട്ടല്‍ മൈന്‍ഡ്..!!

അങ്ങനെ ടോട്ടല്‍ മൈന്‍ഡ് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഈ പ്രപഞ്ചം ഇത്തരത്തില്‍ നില നില്‍ക്കുന്നത്





അമ്പമ്പോ...ഇത് വിശ്വസിക്കാനും അവിശ്വസിക്കാനും പ്രയാസം.. എന്തായാലും ഋഷി വേദവ്യാസന്‍റെ ഉള്‍ക്കാഴ്ച അതി ഗംഭീരം തന്നെ..ആയുഷിന്‍റെ അതിശയം മറനീക്കി പുറത്തു വന്നു..

ഇവിടെ അടുത്തു തന്നെ ഒരു വേദവ്യാസ ഗുഹയുണ്ട്. അദ്ദേഹം അവിടെ ഇരുന്നാകുമോ ഇതെല്ലാം ആലോചിചിട്ടുണ്ടാകുക…!!

ശങ്കര്‍ തുടര്‍ന്നു...കൂടാതെ സ്റ്റീഫന്‍ ഹോകിംഗ്‌ എന്ന്‍ നോബല്‍ പുരസ്കാര ജേതാവായ വിശ്വ വിഖ്യാത ശാസ്ത്രജ്ഞന്‍ തന്‍റെ ‘A Brief History Of Time’ എന്ന പുസ്തകത്തില്‍ ഈ പ്രപഞ്ചം അനുസ്യൂതം വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നും‍ വാദിക്കുന്നുണ്ട്.

പ്രപഞ്ചത്തെ പുരു‍ഷനായി കാണാന്‍ ഒരു കാരണം കൂടി…

അച്ഛാ സൂര്യന്‍ അസ്തമിച്ചു, ഇരുട്ടായിത്തുടങ്ങി..എല്ലാവരും അനുവിന്‍റെ ശബ്ദം കേട്ട് പരിസരത്തേയ്ക്ക് തിരിച്ചു വന്നു.

പക്ഷേ, ശങ്കര്‍ തുടര്‍ന്നു..കൂടാതെ ഇന്നലെ ഞാന്‍ പത്രത്തില്‍ വായിച്ചു, നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ 53 ദശലക്ഷം പ്രകാശ വര്‍ഷം ദൂരെയുള്ള ഒരു ബ്ലാക്ക്‌ ഹോള്‍ കണ്ടു പിടിച്ചുവത്രേ.

ആ ബ്ലാക്ക് ഹോളില്‍ പ്രകാശം വരെ കടന്നു ചെല്ലാന്‍ സാധിക്കില്ലത്രേ. സ്ഥലവും, കാലവും (space and time) സ്തബ്ധരാവുന്ന കാഴ്ച്ച.

M87 ഗാലക്സിയിലെ ബ്ലാക്ക് ഹോളും, ഭൂമിയിലെ പാമ്പിന്‍റെ മാളവും ഒരേ പ്രപഞ്ചത്തിന്‍റെ ഭാഗങ്ങള്‍ തന്നെ..
ഇരുട്ടായി, ഇരുട്ടായി വേഗം പൂവാ..അനു തിരക്കു കൂട്ടി. ഈ അച്ഛന്‍ ഇങ്ങനെയാ, ഒന്ന് പറയാന്‍ തുടങ്ങിയാല്‍ നിറുത്തുകയേയില്ല…!!

അവര്‍ വേഗം നടന്ന്‍ നദിക്കരയില്‍ നിന്നും പുറത്തു വന്നുവെങ്കിലും പകുതി വഴിയില്‍ വഴി തെറ്റി.

മൊബൈല്‍ വെളിച്ചത്തില്‍ എല്ലാ വഴികളും അവര്‍ക്ക് ഒരുപോലെ തോന്നി. സ്ഥലവും കാലവും വഴികളും എല്ലാം ഒരുപോലെ തോന്നുന്നു ആയുഷിന്‍റെ കമന്റ്...

അവസാനം ഗത്യന്തരമില്ലാതെ അവര്‍ കോട്ടേജിന്‍റെ മാനേജരെ ഫോണില്‍ വിളിച്ചു…അവരുടെ വഴികാട്ടി വന്നതിനു ശേഷമാണ് ഒരു തരത്തില്‍ അവര്‍ കോട്ടേജില്‍ എത്തിയത്.

ആഹാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ ആയുഷിന്‍റെ മനസ്സില്‍ ടോട്ടല്‍ മൈന്‍ഡ് പ്രത്യക്ഷപ്പെട്ടു….!!

എന്തൊരു ഭയങ്കരനാണ്‌ ഈ ടോട്ടല്‍ മൈന്‍ഡ്. ഇന്നേവരെ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഒട്ടും ചിന്തിച്ചിട്ടില്ല, വിശ്വസിച്ചിട്ടുമില്ല. അച്ഛന്‍ കാര്യ കാരണ സഹിതം അതിന്‍റെ കാര്യങ്ങള്‍ നിരത്തുമ്പോള്‍ വിശ്വസിക്കാനൊരു തോന്നല്‍..

എന്തായാലും നാളെ റാഫടിംഗിന് പോകണം. എന്‍റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് അത്. എന്‍റെ കൂട്ടുകാരൊക്കെ കോളേജില്‍ നിന്ന്‍ റാഫടിംഗിന് പോയപ്പോള്‍ എന്നെ പോകാന്‍ അനുവദിച്ചില്ല.

നദിയുടെ കുത്തൊഴുക്കില്‍ സ്വയം താന്‍ ആരാണെന്ന് പോലും മറന്നുള്ള ആ സാഹസിക യാത്ര കണ്ടുകൊണ്ട്‌ ആയുഷ് ഉറങ്ങിപ്പോയി..

                              *******





രാവിലെ എല്ലാവരും പ്രാതല്‍ കഴിഞ്ഞ് ആ സാഹസിക യാത്രയ്ക്ക് ഒരുങ്ങി.

അവര്‍ നാലുപേരും നദിക്കരയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എത്തി. നാലുപേരുള്ള മറ്റൊരു കുടുംബവും അവരുടെ കൂടെ കൂട്ടി. അങ്ങനെ 8 പേര്‍ ആ ചരിത്ര യാത്രക്ക് സന്നാഹങ്ങള്‍ നടത്തി.

ലൈഫ് ജാക്കറ്റ് ഇട്ടു, ഹെല്‍മെറ്റ്‌ ഇട്ടു, ഗൈഡിന്‍റെ നിര്‍ദ്ദേശാനുസരണം പങ്കായം തുഴയാന്‍ പഠിച്ചു. കൂടാതെ കാപ്റ്റന്‍ പറയുന്നത് മാത്രം ചെയ്യുവാന്‍ പഠിച്ചു. പല സന്ദിഗ്ധ ഘട്ടങ്ങളിലും ഓരോരുത്തര്‍ ഓരോന്ന് ചെയ്‌താല്‍ ബോട്ട് നിയന്ത്രണം വിടാന്‍ സാദ്ധ്യതയുണ്ടാത്രേ..!!

ഗംഗാ മയ്യാ...കി ജയ്‌ വിളികളോടെ അവര്‍ , കാറ്റ് ഊതി വീര്‍പ്പിച്ച റബ്ബര്‍ ബോട്ട്, നദിയില്‍ ഇറക്കി. ഓരോരുത്തരായി കയറി ഇരുന്നു. മുന്നില്‍ ആയുഷും, അനുവും, അതിന് പുറകില്‍ ശങ്കറും ശോഭയും . അതിന് പുറകില്‍ സുഹൃദ് കുടുംബം.

കാപ്റ്റന്‍റെ ഫോര്‍വേഡ് കമാണ്ട് വന്നു, അവര്‍ മുന്നോട്ടു നീങ്ങി. അധികം താമസിയാതെ ആദ്യത്തെ കുത്തൊഴുക്ക് വന്നു.

മുന്നില്‍ ഒരു വള്ളം പോകുന്നുണ്ട്, കാപ്റ്റന്‍ അവരുടെ പുറകില്‍ പോകാന്‍ നിര്‍ദ്ദേശം തന്നു, എന്തെങ്കിലും സംഭവിച്ചാല്‍ കൂട്ടിന് ഒരാളുണ്ടല്ലോ..ആപത്ത് പതിയിരിക്കുന്ന കയങ്ങളില്‍ ‍ സഹകരണത്തിന്‍റെ ഗുണം അവര്‍ക്ക് കൂടുതല്‍ അറിയാം.

കുത്തൊഴുക്കില്‍ വള്ളം പൊങ്ങി താണു. അലമാലകള്‍ തിരിച്ചും മറിച്ചും അടിച്ചു. പല തിരമാലകളും വള്ളത്തിനുള്ളിലേക്ക് എത്തി നോക്കി. ഉള്ളിലുള്ളവര്‍ നിലവിളിച്ചു...

കാപ്റ്റന്‍ പറഞ്ഞു, ബോലോ ഗംഗാ മയ്യാ കി... എല്ലാവരും ജയ്‌ പറഞ്ഞു..

ഇവിടെ ഗംഗ മാത്രമേ രക്ഷിക്കാനുള്ളു എന്നായിരിക്കും ഉദ്ദേശിച്ചത്. എന്നിട്ട് പറഞ്ഞു, ഇത് ഒരു തുടക്കം മാത്രമാണ്...

ഇതു കേട്ട് തുഴച്ചില്‍കാര്‍ക്കിടയില്‍ ഭയം, ആവേശം. പതിനഞ്ചു കി.മി ഇങ്ങനെ പോകണം. ഭയങ്കരം തന്നെ…!!

എല്ലാവരും ഒരുമിച്ച് ഫോര്‍വേഡ്.

കുറച്ചു ദൂരം പോകുമ്പോഴേക്കും അടുത്ത വെള്ളച്ചാട്ടവും കുത്തൊഴുക്കും ദൂരെ നിന്ന് തന്നെ കാണാം, കേള്‍ക്കാം.

കാപ്റ്റന്‍, റെഡി... ഓള്‍ ഫോര്‍വേഡ്‌... എല്ലാവരും ഒരുമിച്ച് തുഴഞ്ഞു. പക്ഷെ കുത്തൊഴുക്കില്‍ പെടുന്തോറും വള്ളത്തിന് ഒരു ദിശാബോധവുമില്ലാത്ത പോലെ.

സ്റ്റോപ്പ്‌ സ്റ്റോപ്പ്‌… കാപ്റ്റന്‍റെ അടുത്ത കമാന്‍ഡ്…

വള്ളം വെള്ളത്തിന്‍റെ ശക്തികൊണ്ട് ചുഴിയില്‍ പെട്ടത് പോലെ തിരിയാന്‍ തുടങ്ങി. പല തിരമാലകളും പുഴയുടെ ഒഴുക്കിനെതിരായി ഒന്നിന് പുറകെ ഒന്നൊന്നായി വരുന്നു. അത് അവരുടെ വള്ളത്തെ നാലഞ്ചടിയെങ്കിലും പോക്കിക്കാണും. എല്ലാവരെയും അടി മുടി കുളിപ്പിച്ചു കൊണ്ട് രണ്ടു തിരമാലകള്‍ കടന്നു പോയി.

ഇവിടെ നദിയുടെ ആഴം ശരാശരി 15-20 അടി ആണത്രേ എന്ന്‍ കൂടി കേട്ടപ്പോള്‍ എല്ലാവരുടെ മുഖത്തും ഭയാതിശയം.

ഒരു നിരന്ന സ്ഥലം വന്നപ്പോള്‍ എല്ലാവരും ഒന്ന് ശ്വാസം വലിച്ചു വിട്ടു. കുറച്ചു പോയാല്‍ അടുത്ത കുത്തൊഴുക്ക് തുടങ്ങുകയായി. അത് ഇതിലും ഭയങ്കരനാണത്രേ…!!

എല്ലാവരും അടുത്തതിനായി തയ്യാറെടുത്തു. ഇതില്‍ പല വലിയ കുത്തൊഴുക്കുകളും ചുഴിയും ഉണ്ടെന്ന്‍ കണ്ടാല്‍ അറിയാം.

ഓള്‍ ഫോര്‍വേഡ്‌, കമാണ്ട് വന്നു. എല്ലാവരും ഒരുമിച്ച് തുഴഞ്ഞു..എങ്ങനെയെങ്കിലും ഇതില്‍ നിന്ന് മുങ്ങാതെ രക്ഷപ്പെടണം. ഒഴുക്കിന്‍റെ ശക്തികൊണ്ട് അവരുടെ തുഴയലിനെ വക വയ്ക്കാതെ വള്ളം തിരിഞ്ഞു.

പോക്കിയടിക്കും വിധം തിരമാലകള്‍ പുറകില്‍ നിന്നും മുന്നില്‍ നിന്നും ആഞ്ഞടിച്ചു. അതില്‍ ഒരു വലിയ തിരമാല വള്ളത്തെ മറിക്കാനുള്ള ശ്രമം നടത്തി.

അതിനിടെ ശോഭയുടെ ഉച്ചത്തിലുള്ള ഒച്ച വന്നു..അയ്യോ ആയുഷ്‍..

എല്ലാവരും നോക്കുമ്പോഴേയ്ക്കും ആയുഷ്‍ വെള്ളത്തില്‍..ഒഴുക്കില്‍. കാപ്റ്റന്‍ വള്ളം നേരെ നിറുത്താന്‍ ശ്രമിച്ചു, കൂടെ കയര്‍ എടുത്ത് എറിഞ്ഞു കൊടുത്തു.. അത് പിടിക്കാന്‍ ശ്രമിക്കുമ്പോഴെയ്ക്കും ആയുഷ് ഒഴുക്കില്‍ ഒഴുകി ദൂരെയായി.

ലൈഫ് ജാക്കറ്റിന്‍റെ സഹായത്തോടെ അവന്‍ തിരമാലകള്‍ക്കൊപ്പം വളരെ വേഗത്തില്‍ താഴേയ്ക്ക് ഒഴുകി.

എല്ലാവരും ഉച്ചത്തില്‍ ബഹളം.

കാപ്റ്റന്‍ എല്ലാവരോടും ശാന്തരാകാന്‍ പറഞ്ഞു. എന്നിട്ട് പെട്ടെന്ന്‍ മുന്നില്‍ പോകുന്ന ബോട്ടിന് വിസില്‍ സിഗ്നല്‍ നല്‍കി. ഒരു കുട്ടി ഒഴുകി വരുന്നുണ്ടെന്നു ആംഗ്യം കാണിച്ചു.

അവര്‍ ഒഴുക്കിന് താഴെ അവനെയും കാത്ത് നിന്നു, അടുത്തെത്തിയതും രണ്ടു മൂന്നു പേര്‍ അവനെ വലിച്ചു കേറ്റി.

അപ്പോഴാണ്‌ ഇവിടെ ശോഭയ്ക്കും കൂട്ടര്‍ക്കും ശ്വാസം വീണത്. പലരുടെയും കണ്ണില്‍ നിന്ന്‍ കണ്ണുനീര്‍ ധാരയായി ഒഴുകിയപ്പോള്‍, ഗംഗാ നദി അത് തുടച്ചു മാറ്റിയത് ആരുമറിഞ്ഞില്ല.

ഗംഗാ മയ്യാ കി... ജയ്‌..അവര്‍ അവരുടെ സകല ശക്തിയും സ്വരൂപിച്ച് വിളിച്ചു. ഗദ്ഗദം കൊണ്ട് പലരുടെയും ശബ്ദം തൊണ്ടയില്‍ കുരുങ്ങി.

ഇതൊക്കെ സാധാരണ സംഭവം എന്ന മട്ടില്‍ കാപ്റ്റന്‍.

അവര്‍ പതുക്കെ മറ്റേ തോണിയുടെ അടുത്തെത്തി..ആയുഷ് ഇപ്പുറത്തു വന്നു.

വന്ന പാടെ അനു ആയുഷിനെ കെട്ടിപ്പിടിച്ചു.

നീ എന്തിനാ….പൊഴേ ചാടീത്...എന്ന്‍ പറഞ്ഞു വിഡ്ഢിച്ചിരി ചിരിച്ചു, എന്നിട്ട് ചോദിച്ചു, നീ ടോട്ടല്‍ മൈന്‍ഡിനെ കണ്ടു അല്ലേ..

ആയുഷ് തലയാട്ടി, നീയും കണ്ടില്ലേ ടോട്ടല്‍ മൈന്‍ഡിനെ…!!

ശങ്കറും ശോഭയും ആയുഷിന്‍റെ തലയില്‍ തലോടി…

അനിര്‍വചനീയമായ ആത്മബന്ധം...

ഓള്‍ ഫോര്‍വേഡ്... കാപ്റ്റന്‍റെ കമാണ്ട് വന്നു..

അടുത്ത കുത്തൊഴുക്ക്.

രണ്ടു കുത്തൊഴുക്കുകള്‍ കൂടി പല ഘട്ടങ്ങളില്‍ വന്നു. ഒന്നും ഇത്രയ്ക്ക് വലുതായിരുന്നില്ല.

തുഴഞ്ഞു തുഴഞ്ഞ് അവര്‍ ഋഷികേശിനടുത്തുള്ള മാഗ്ഗി പോയന്റില്‍ എത്തി. ചായയും കാപ്പിയും മാഗ്ഗിയും കിട്ടുന്ന സ്ഥലം. 15 കി.മി കടന്നുപോയത് അവര്‍ അറിഞ്ഞില്ല.

അവിടെ ക്ലിഫ് ജമ്പിംഗ് ഉണ്ട്. 15-20 അടി പൊങ്ങി നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറയുടെ മുകളില്‍ നിന്ന് വെള്ളത്തിലേയ്ക്ക് ചാടാം.

ശങ്കര്‍ ആയുഷിനെയും അനുവിനെയും കൂട്ടി ആ പാറയുടെ മുകളില്‍ കയറി, ചാടാനോരുങ്ങി. ആയുഷിന് വെള്ളത്തില്‍ ഉണ്ടായ പേടി മാറാന്‍ ഉള്ള ഒരു മരുന്ന്‍ കൂടിയാണ് ഇത്..

പാറയുടെ അറ്റത്ത്‌ നിന്നപ്പോള്‍ ശങ്കറിന്‍റെ ഹൃദയ മിടിപ്പ് അസാധാരണമായി കൂടി. രണ്ടും കല്‍പ്പിച്ച് ചാടി. പുറകെ ആയുഷും, അനുവും.




അവാച്യമായ അനുഭൂതി... ശങ്കര്‍ നീന്തിക്കയറി വന്നപ്പോള്‍ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു.

എത്ര നിര്‍ബ്ബന്ധിച്ചിട്ടും ശോഭയ്ക്ക് ചാടാന്‍ ധൈരം വന്നില്ല.

അവര്‍ കുറച്ചുകൂടി താഴെ സമതലത്തില്‍ വന്ന് വള്ളം കരയ്ക്കടുപ്പിച്ചു. കാപ്റ്റനോട് നന്ദി പറഞ്ഞ്‍ കരയ്ക്കിറങ്ങി.

ഗംഗാ മയ്യാ കി… ജയ്‌ ഒരിക്കല്‍ കൂടി എല്ലാവരും ഉച്ചത്തില്‍.

ഏവര്‍ക്കും ജീവിത കാലം മുഴുവന്‍ ഓര്‍ക്കാന്‍ എല്ലാ ത്രില്ലും കൊടുത്ത ഗംഗാ മയ്യയോട്...നമസ്കാരം...വീണ്ടും കാണാം...!!





No comments: