Thursday 27 September 2018

മദര്‍ കെയര്‍











അതിരാവിലെ അമ്മാമന്‍റെ ഫോണ്‍ വന്നപ്പോഴാണ് രഞ്ജിത്ത് കിടക്കയില്‍ നിന്ന് ചാടി എണീറ്റത്.

അമ്മ കുളിക്കുമ്പോള്‍ വീണുവത്രേ. മുട്ടിന് സാരമായ കേട് പറ്റിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യണം. നീ അവിടെ നിന്ന് ഉടനെ പുറപ്പെടണം. അമ്മാമന്‍ മറ്റേ അറ്റത്ത്‌ ഫോണ്‍ വെച്ചപ്പോള്‍,‍ എന്ത് ചെയ്യണമെന്നറിയാതെ രഞ്ജിത്ത് കുറച്ചു നേരം പരിഭ്രമിച്ചു.

മസ്കറ്റില്‍ നിന്ന് വരുന്നത് അത്ര എളുപ്പമല്ല. അച്ഛന്‍ മരിച്ചതിനു ശേഷം അമ്മ തനിച്ചാണ്. ഇടക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടനെ നാട്ടില്‍ എത്തണം. കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് മൂന്ന് തവണ നാട്ടിലേക്ക് പോകേണ്ടി വന്നു. എത്ര ചെറിയ പ്രശ്നമാണെങ്കിലും അത് വളര്‍ന്ന് വലുതാകും. പെട്ടെന്ന്‍ സങ്കീര്‍ണ്ണമാകും. അപ്പോള്‍ ഓടി എത്തിയേ പറ്റൂ.

ഇത്തവണ കാര്യങ്ങള്‍ കുഴഞ്ഞതാണ്. പോകാന്‍ തന്നെ വളരെ ബുദ്ധിമ്മുട്ട്. ലീവൊക്കെ തീര്‍ന്ന മട്ടാണ്. ഓഫീസില്‍ ചെന്നപ്പോള്‍ മേലുദ്യോഗസ്ഥനോട്‌ കാര്യങ്ങള്‍ അവതരിപ്പിച്ച് ഒരു വിധം പതിനഞ്ച് ദിവസത്തെ ലീവ് ഒപ്പിച്ചു.
വൈകിവന്നാല്‍ കാര്യങ്ങള്‍ ഗുരുതരമാകും എന്ന്‍ താക്കീതും കിട്ടി.

രാത്രി വൈകി കോഴിക്കോട് വിമാനമിറങ്ങി. പെട്ടിയുമായി നേരെ ആസ്പത്രിയിലേക്കാണ് പോയത്. അമ്മയും എല്ലാവരും ആസ്പത്രിയില്‍ ആണ്.

രാത്രിയില്‍ രഞ്ജിത്ത് ആസ്പത്രിയില്‍ തന്നെ കിടന്നു. അത്യാവശ്യം സൗകര്യങ്ങള്‍ ഒക്കെ ഉള്ള മുറി.

രാവിലെ തന്നെ സിസ്റ്റര്‍മാര്‍ വന്ന് അമ്മയെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോയി. ഉടനെ ഓപ്പറേഷന്‍ വേണമത്രേ..

ഡോ.ഹുസൈന്‍ വളരെ വിദഗ്ധനാണത്രേ. പെരിന്തല്‍മണ്ണയിലെ വലിയ ഒരു ആശുപത്രിയില്‍ വളരെ കാലത്തെ പരിചയത്തിനു ശേഷം ഇങ്ങോട്ട് വന്നതാണ്.

അത്യാവശ്യം വേണ്ടപ്പെട്ടവരൊക്കെ ആസ്പത്രിയില്‍ എത്തിയിട്ടുണ്ട്.

വൈകുന്നേരമായപ്പോഴേക്കും അമ്മ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും തിരിച്ചെത്തി. പകുതി മയക്കത്തിലാണ് അമ്മ.

കുറച്ചുനേരം കഴിഞ്ഞ് ഡോക്ടറും വന്നു. ഒടിവ് പല സ്ഥലത്തുണ്ടത്രേ. സ്റ്റീല്‍ റോഡും നട്ടും ബോള്‍ട്ടും ഒക്കെ ഇട്ട് മുറുക്കിയിട്ടുണ്ടത്രേ. അങ്ങനെയാണല്ലോ ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. എവിടെ പൊട്ടിയാലും നട്ടും ബോള്‍ട്ടും ഇട്ട് മുറുക്കും.

ഇനി വിഷമം കൊണ്ട് തകര്‍ന്ന ഹൃദയവും അങ്ങനെ നട്ടും ബോള്‍ട്ടും ഇട്ട് മുറുക്കുന്ന കാലം വരുമായിരിക്കും..!!!

മൂന്നാം ദിവസം ഡോ. ഹുസൈന്‍ വിസിറ്റിനു വന്നപ്പോള്‍ രഞ്ജിത്ത് ചോദിച്ചു. ഡോ. സാര്‍ ഇവിടെ എത്ര ദിവസം കിടക്കേണ്ടി വരും . ഡോക്ടര്‍ പറഞ്ഞു, വയസ്സൊക്കെ പത്തെണ്‍പത്തിയഞ്ചായില്ലേ ഒരു പതിനഞ്ച് ദിവസം കഴിഞ്ഞേ പറയാന്‍ പറ്റൂ.

രഞ്ജിത്തിന്‍റെ ഉള്ളൊന്നു കാളി. ദൈവമേ പതിനഞ്ചു ദിവസമോ...

പതുക്കെ പതുക്കെ സന്ദര്‍ശകര്‍ കുറഞ്ഞു വന്നു.

രഞ്ജിത്തിനു തനിച്ചായ ഒരു പ്രതീതി. അവന്‍ മുറിയിലും വരാന്തയിലുമായി സമയം തള്ളി നീക്കാന്‍ ശ്രമിച്ചു.

അടുത്ത മുറിയില്‍ ഒരു വയസ്സായ ഉപ്പയും കുടുംബവും വന്നു.
കൂടെ വയസ്സായ ഉമ്മയും ഒരു ചെറുപ്പം തോന്നിക്കുന്ന ഉമ്മയും.

വയസ്സായ ഉമ്മ ഉടനെ പരിചയപ്പെടാന്‍ വന്നു. അമ്മയുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നിട്ട് ചോദിച്ചു, അല്ല മോനേ, അന്‍റെ വീട്ടില്‍ പെണ്ണുങ്ങള്‍ ആരും ഇല്ലേ. ഇവിടെ വന്ന്‍ നിക്കാന്‍.

മോന് പന്ത്രണ്ടാം ക്ലാസ്സില്‍ പരീക്ഷ ആയതു കൊണ്ട് ഭാര്യയ്ക്ക് വരാന്‍ പറ്റിയില്ല. ബാക്കിയുള്ളവര്‍ ഇടക്കൊക്കെ വരുന്നുണ്ട്. നാളെ ഒരു കസിന്‍ വരും. എല്ലാവര്‍ക്കും അവരവരുടെ തിരക്കുണ്ടല്ലോ, ഉമ്മേ.. രഞ്ജിത്ത് തിരിച്ചു ചോദിച്ചു.

ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, ഈയ്യ് പേടിക്കണ്ട, എന്ത് വേണങ്കിലും ന്നോട് പറഞ്ഞാ മതി. ഞാന്‍ നോക്കാം.

ഉമ്മയെ നോക്കാന്‍ എല്‍പ്പിച്ചിട്ടാണ് രഞ്ജിത് അബ്ദുക്കയുടെ കാന്റീനില്‍‍ പോകുന്നത് .

രാവിലെ അബ്ദു‍ക്കയുടെ കാന്റീനില്‍ നിന്ന് നല്ല ചൂടുള്ള ആപ്പം കഴിക്കും, പൊതിഞ്ഞു വാങ്ങും. അവിടത്തെ കടുപ്പത്തിലുള്ള ചായ ഉഷാര്‍.

മൂന്നു നേരം മുടങ്ങാതെ സന്ദര്‍ശിക്കുന്ന രഞ്ജിത്തിനെ അബ്ദുക്കയ്ക്ക് ഇഷ്ടമായി. അവനങ്ങോട്ടും. അവന്‍ പറയാതെ തന്നെ ചൂടുള്ള ദോശയും ആപ്പവും അബ്ദുക്ക അവന് വേണ്ടി കരുതി വച്ചു.

രാവിലത്തെ ചായക്കിടയില്‍ അബ്ദുക്കയുടെ കുശലാന്വേഷണങ്ങള്‍ പലപ്പോഴും, പരസ്പരം വിഷമങ്ങള്‍ പങ്കുവയ്ക്കുന്നത് പോലെയായി.
വീട്ടിലെ വിഷമ സ്ഥിതികള്‍, മക്കള്‍, അസുഖം ബാധിച്ച് വളരെക്കാലം കിടന്ന ഉമ്മ ഇതെല്ലാം കുശലപ്രശ്നങ്ങളില്‍ ഇടം പിടിച്ചു.

അമ്മയുടെ ആരോഗ്യ സ്ഥിതി അത്ര പെട്ടെന്ന്‍ മെച്ചപ്പെട്ടില്ല. മറിച്ച് ശരീരത്തില്‍ ലവണങ്ങള്‍ കുറഞ്ഞതിനാല്‍ പല പ്രശ്നങ്ങളും ഉടലെടുത്തു.

ഇടക്കിടക്ക് മൂത്രമൊഴിക്കണം. ഓരോ പത്തു മിനിട്ടിലും ഇരിക്കണം, അപ്പോള്‍ തന്നെ കിടക്കണം. രാത്രി ഉറക്കം തീരെ ഇല്ല, ഇങ്ങനെ പലതും.

രഞ്ജിത്തിന്‍റെ രാത്രികള്‍ പകലുകളായി.

രാത്രികളില്‍ ഇരുമ്പ് കട്ടില്‍ പോങ്ങിച്ചും താഴ്ത്തിയും, തലയിണ ചരിച്ചു വച്ചും കിടത്തിയും ഇരുത്തിയും ഇടക്കിടക്ക് സിസ്റ്ററെ വിളിച്ചും സമയം ഇഴഞ്ഞു നീങ്ങി.

സിസ്റ്റര്‍മാര്‍ അര്‍ദ്ധരാത്രിയില്‍ പലപ്പോഴും വരും. അച്ഛാ ഈ മരുന്നൊന്നു കൊടുക്കാമോ. അല്ലെങ്കില്‍ ഈ മരുന്നൊന്ന് താഴെനിന്ന് വാങ്ങിക്കൊണ്ട് വരാമോ..എന്നൊക്കെ പറഞ്ഞുകൊണ്ട്.

രഞ്ജിത്ത് അത് കേട്ട് ചാടി എണീക്കും, സിസ്റ്റര്‍‍ തന്നെ കൊടുത്തോളൂ.., അല്ല അച്ഛന്‍ കൊടുത്തോളൂ...

ഈ അച്ഛാ എന്ന വിളി അധികം കേള്‍ക്കാതിരിക്കാന്‍ രഞ്ജിത്ത് വേഗം മരുന്ന്‍ വാങ്ങി അമ്മയുടെ വായില്‍ ഇട്ട് കൊടുക്കും.

സര്‍ക്കാര്‍ ആശുപത്രിയിലെ പോലെയുള്ള ഈ പരിപാടി എന്താണെന്ന് രഞ്ജിത്തിന് മനസ്സിലായതേയില്ല. ഈ മരുന്നൊന്നു കൊണ്ടുവരൂ, ഈ മരുന്നൊന്നു കൊടുക്കൂ......അച്ഛാ...!!!

ഇന്നലെ പകല്‍ എന്നെ ചേട്ടാ എന്ന്‍ വിളിച്ചത് ഞാന്‍ നന്നായി കേട്ടതാണ്..ഈ രാത്രി മാത്രം അച്ഛാ എന്ന്‍ വിളിക്കാന്‍..

എന്താണാവോ ഇതിന്‍റെ ഗുട്ടന്‍സ്... രഞ്ജിത്ത് പകുതി ഉറക്കത്തില്‍ ചിന്തിച്ചു.

രാവിലെ എഴുന്നേറ്റ് മുഖം കഴുകുന്നതിനിടെ രഞ്ജിത്ത് കണ്ണാടിയില്‍ കൃത്യമായി നോക്കി. തലമുടി അങ്ങിങ്ങ് ഓരോന്നേ നരച്ചിട്ടുള്ളു. അതൊക്കെ ഒളിക്കും വിധം തല നന്നായി ചീകി വച്ചു.

രാവിലെ ചായ കുടിക്കാന്‍ അബ്ദുക്കയുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ ..ഏട്ടാ..ഈ മരുന്ന്‍ അമ്മയ്ക്ക് ആഹാരം കഴിഞ്ഞാല്‍ കൊടുക്കണേ..

ഏട്ടാ ന്നോ... ഓ കൊടുത്തോളാം...

രഞ്ജിത്തിന് ഉറക്കച്ചടവിനിടയിലും പെട്ടെന്ന് നല്ല ഉത്സാഹം തോന്നി..കുറച്ചു ചെറുപ്പമായ പ്രതീതി..മുറിയിലെ വെളിച്ചക്കുറവായിരിക്കും എന്‍റെ രൂപ മാറ്റത്തിന് കാരണം. രഞ്ജിത്ത് സ്വയം ചിന്തിച്ചു സമാധാനിച്ചു.

രാത്രി എതിര്‍ വശത്തുള്ള മുറിയില്‍ വലിയ ബഹളം. എന്താണാവോ സംഭവിച്ചിരിക്കുന്നത്.

രഞ്ജിത്ത് പതുക്കെ അകത്ത് എത്തി നോക്കി. കട്ടിലില്‍ രണ്ട് പേര്‍ കിടക്കുന്നു. അഞ്ചെട്ടുപേര്‍ മുറിയില്‍ അങ്ങിങ്ങ് നില്‍ക്കുന്നു,
ചിലര്‍ ആഹാരം കഴിക്കുന്നു. ബിരിയാണി ആണ് എന്ന് തോന്നുന്നു.

എന്താണ് പറ്റിയത്, രഞ്ജിത്ത് ആസ്പത്രിയിലെ ഏറ്റവും പഴയ അന്തേവാസി എന്ന നിലയില്‍ കാര്യങ്ങള്‍ അന്വേഷിച്ചു.

ഇക്ക,‍ ജീപ്പില്‍ നിന്ന്‍ ഇറങ്ങുമ്പോള്‍ കാലൊന്നു തെറ്റി. ഒടിവുണ്ടോ എന്ന് സംശയം. കട്ടിലില്‍ കിടന്ന മറ്റേ ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു. ഇനി കാര്യങ്ങളൊക്കെ അറിഞ്ഞിട്ടേ തിരിച്ചു പോണുള്ളു...

രഞ്ജിത്തിന് അതിശയവും സന്തോഷവും തോന്നി..ഇങ്ങനെ ചില കുടുംബങ്ങളെങ്കിലും ഉണ്ടല്ലോ..

ഒരു ദിവസം എതിര്‍ വശത്തുള്ള മുറിയില്‍ ഒരു കൊച്ചു പയ്യന്‍ അഡ്മിറ്റായി. പലയിടത്തും പല കെട്ടുകള്‍. കാര്യം അന്വേഷിച്ചപ്പോള്‍ അവന്‍റെ മുകളില്‍ക്കൂടി ഓട്ടോറിക്ഷ വീണു. കണ്ടമാനം ഒടിവും ചതവും ആണ്. അവന്‍റെ ആത്മ വിശ്വാസം കണ്ട് അതിശയിച്ചു പോയി. ഡോ. ഹുസൈന്‍ എല്ല് ഒടിഞ്ഞു നുറുങ്ങിപ്പോയാലും പഴയത് പോലെ ആക്കിക്കൊടുക്കുമാത്രേ.


പതിനഞ്ചാം ദിവസം രഞ്ജിത്തിന് മസ്കറ്റിലെ ഓഫീസില്‍ നിന്നും ഫോണ്‍ വന്നു. വേഗം വന്നില്ലെങ്കില്‍ കാര്യങ്ങള്‍ പ്രശ്നമാണ്.

രഞ്ജിത്ത് തന്‍റെ നിസ്സഹായത അറിയിച്ചു. അപ്പുറത്ത് എന്തൊക്കെയോ ശകാര വര്‍ഷങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. രഞ്ജിത്ത് ഏത് രീതിയിലും നിസ്സഹായനായിരുന്നു. അതുകൊണ്ട് അധികം ഒന്നും ചിന്തിച്ചില്ല.

പിറ്റേ ദിവസം ഡോ.ഹുസൈന്‍ വന്നു. ചെക്കപ്പ് നടത്തിയിട്ട് പറഞ്ഞു, കാര്യങ്ങള്‍ നല്ലവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്, നാളെ വീട്ടില്‍ കൊണ്ട് പൊയ്ക്കോളൂ.

ഇനി മൂന്ന്‍ മാസം കഴിഞ്ഞ്, കൊണ്ട് വരൂ, നിലത്ത് കാല് കുത്തരുത്. എല്ലാം കട്ടിലില്‍ തന്നെ കിടന്നോ ഇരുന്നോ നടത്തണം.

രഞ്ജിത്തിന് ഏകാന്ത വാസം തീരുന്നതിന്‍റെ സന്തോഷവും, ഇനി വരാന്‍ പോകുന്ന സംഭവങ്ങളുടെ പിരിമുറുക്കവും.

പിറ്റേ ദിവസം ചായക്ക് പോയപ്പോള്‍ അബ്ദുക്കയോട് യാത്ര പറഞ്ഞു. ഏതോ ഒരു നീണ്ട ബന്ധത്തിന്‍റെ ഊഷ്മളതയോടെ അവര്‍ പരസ്പരം ആശ്ലേഷിച്ചു.

ഉമ്മയോടും അവരുടെ മുറിയില്‍ പോയി ഇരുന്ന് അവരുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു.

തന്നെ, അച്ഛനോ ഏട്ടനോ ആയി കണ്ട എല്ലാ സിസ്റ്റര്‍മാരോടും ഹൃദയം തുറന്നു ചിരിച്ചു, യാത്ര പറഞ്ഞു.

രഞ്ജിത്ത് അമ്മയുടെയും കസിന്റെയും കൂടെ ആംബുലന്‍സില്‍ യാത്രയായി.

അമ്മ കട്ടിലില്‍ തന്നെ തന്‍റെ ലോകം കെട്ടിപ്പടുത്തു. അവിടെയിരുന്നു തന്നെ പ്രാഥമിക കര്‍മ്മങ്ങളും, കാക്കക്കുളിയും നടത്തി.

അമ്മ കട്ടിലില്‍ കിടന്നുകൊണ്ട് നാമം ചൊല്ലിയിട്ടുണ്ടാകാം.

ബാലേട്ടന്‍റെയും ആശ ചേച്ചിയുടെയും റേഡിയോ പ്രോഗ്രാമ്മുകള്‍ കേട്ട് ആസ്വദിച്ചിട്ടുണ്ടാകാം.

ശിശിരം വസന്തത്തിന് വൃക്ഷങ്ങളില്‍ തിരി കൊളുത്തിയത് ജനലില്‍ കൂടി നോക്കി കണ്ടിട്ടുണ്ടാകാം.

വേനലിന് ‍, കാവിലെ പൂരത്തിന്‍റെ ചൂട് കൂടിയുണ്ട് എന്ന്‍ ഓര്‍ത്തിട്ടുണ്ടാകാം.

ദിവസങ്ങള്‍ പതുക്കെ കൊഴിഞ്ഞു വീണു.

അമ്മയ്ക്ക് നാളുകളും പക്കങ്ങളും, തീയ്യതികളും വളരെ കണിശമായി അറിയാം. നാഴികകളും മണിക്കൂറുകളും മനക്കണക്കാണ്. ഒരു കലണ്ടറിന്‍റെയും ആവശ്യമില്ല.

ഈ കലണ്ടറിലെ കണക്കുകളും, ജീവിത കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ടാകാം.

പഴയ മണ്ണല്ലേ..എങ്ങനെ ഇതെല്ലാം അറിയാതിരിക്കും.

ഏതായാലും പൂരം അതിന്‍റെ എല്ലാ ആര്‍ഭാടങ്ങളോടും കൂടി കടന്നു വന്നു. തിറകളും, പൂതങ്ങളും ഉമ്മറത്തു നിന്ന് അകത്തേക്ക് എത്തി നോക്കി കടന്നുപോയി.

മൂന്നു മാസം കഴിഞ്ഞ് ഡോക്ടറെ പോയിക്കണ്ടു. കുറച്ചു ദിവസം കൂടി കഴിയട്ടെ, അദ്ദേഹത്തിന് ഒരു ധൈരക്കുറവ്. പഴയ മണ്ണാണെങ്കിലും വയസ്സ് കുറച്ചധികമായില്ലേ.

ഇടക്കിടക്ക് രഞ്ജിത്തിന് മസ്കറ്റില്‍ നിന്നും ഫോണ്‍ വന്നുകൊണ്ടിരുന്നു. പല താക്കീതുകളും ശകാരങ്ങളും നടന്നു. അത്യാവശ്യമുള്ള പണികള്‍ അവന്‍ ഇന്റര്‍നെറ്റില്‍ കൂടിയും ഇ-മെയിലിലൂടെയും ചെയ്ത് കൊടുത്തു. ജോലി എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കിട്ടിയാല്‍ ‍ മതിയായിരുന്നു.

നാല് മാസത്തോളമായി. ഡോക്ടര്‍ ഒന്ന് കൂടി വിളിപ്പിച്ചു. ഇപ്രാവശ്യം വേണ്ട ചെക്കപ്പ് കഴിഞ്ഞ് അമ്മയോട് നടക്കാന്‍ പറഞ്ഞു. രണ്ടു പേരുടെ സഹായത്തോടെ അമ്മ വേച്ചു വേച്ചു നടന്നു.‍ ഡോക്ടറുടെ മുന്നില്‍ കൈ കൂപ്പി വിറയ്ക്കുന്ന ശബ്ദത്തോടെ നന്ദി പറഞ്ഞു.

ഡോക്ടര്‍ പറഞ്ഞു, ഞാന്‍ എന്‍റെ വാക്ക് പാലിച്ചു. ഇത് വലിയ ഒരു ചാലഞ്ച് ആയിരുന്നു. എന്തായാലും നടന്നുവല്ലോ. അവനവന്‍റെ കൊച്ചു കാര്യങ്ങളൊക്കെ നടത്താന്‍ സാധിക്കും, അധികം പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

രഞ്ജിത്തും അമ്മയും, കൂടെ വന്നവരും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

രഞ്ജിത്തിന് വലിയ സന്തോഷവും സമാധാനവും. തന്‍റെ പ്രയത്നം സഫലമായി.

അവന്‍ വാക്കര്‍ പിടിച്ചു നില്‍ക്കുന്ന അമ്മയോടോത്ത് സെല്‍ഫിയെടുത്തു.

പുറത്തു മഴച്ചാറ്റല്‍... ചെറുതായി കൊള്ളിയാന്‍ മിന്നുന്നു.

അവന്‍ അമ്മയോട് പറഞ്ഞു, പുറത്ത് മഴ പെയ്യുന്നു, അമ്മയ്ക്ക് കാണണ്ടേ?

വേച്ചു വേച്ചു നടക്കുന്ന അമ്മയെ പിടിച്ചു കൊണ്ടുവന്ന് വരാന്തയില്‍ ഇരുത്തി.

അമ്മ കുറച്ചു നേരം അങ്ങനെ ആലോചിച്ചിരുന്നു. പോയ അനുഭവങ്ങളൊക്കെ മിന്നി മറിഞ്ഞിട്ടുണ്ടാകാം.

എന്നിട്ട് തന്‍റെ കയ്യിലെ സ്വര്‍ണ്ണ വള പിടിച്ചു കൊണ്ട് പറഞ്ഞു,
ഇനി എനിക്ക് വയ്യാതായാല്‍, നോക്കുന്ന ആള്‍ക്ക് ഞാന്‍ ഈ വള ഊരി കൊടുക്കും.

പുറത്തു കൊള്ളിയാന്‍ ശക്തിയായി മിന്നി. അതിന്‍റെ ആഘാതം തന്‍റെ നെഞ്ചിലും ഏറ്റുവോ എന്ന് രഞ്ജിത്തിന് തോന്നി.

രഞ്ജിത്ത് അമ്മ പറഞ്ഞതിന്‍റെ അര്‍ത്ഥം ഊഹിക്കാന്‍ ശ്രമിച്ചു...

കാനഡയില്‍ പൌരത്വം നേടിയ, കുറേ കാലമായി നാട്ടില്‍ വരാത്ത തന്‍റെ മൂത്ത മകനെ ഓര്‍ത്തിട്ടാകണം അമ്മ അങ്ങനെ പറഞ്ഞത്‌.

എന്നെങ്കിലും വരുമെന്നും തന്നെ നോക്കുമെന്നും ഉള്ള ഒരു ചെറിയ ആശാ കിരണം കൂടി...

പഴയ മണ്ണല്ലേ, കണക്ക് കൂട്ടലുകളൊക്കെ ശരിയാകുമായിരിക്കും...

                                                               ****



ഇന്നത്തെ അണു  കുടുംബത്തിന്‍റെ പരിമിതത്വം മാറ്റാന്‍ നമുക്കാകില്ലേ ?






3 comments:

  1. Yes very true and touching. Nanayitundu.

    ReplyDelete
  2. ഇനി വിഷമം കൊണ്ട് തകര്‍ന്ന ഹൃദയവും അങ്ങനെ നട്ടും ബോള്‍ട്ടും ഇട്ട് മുറുക്കുന്ന കാലം വരുമായിരിക്കും..!!!

    ReplyDelete