Friday 25 May 2018

രാജു കണ്ട ലണ്ടന്‍ !!






രാജു ഐ ടി മേഘലയില്‍ ആണ് ജോലി ചെയ്യുന്നത്. ഐ ടി ക്കാര്‍ക്ക് പല പല ദേശങ്ങളില്‍ പോയി പണിയെടുക്കാന്‍ അവസരം ലഭിക്കുക പതിവാണ്.

രാജുവിനും കിട്ടി ലണ്ടനില്‍ പോകാന്‍ ഒരു അവസരം.

പുറപ്പെടുന്ന ദിവസം ആവേശവും പരിഭ്രമവും ആണ് അവന്‍റെ മനസ്സില്‍ അല തല്ലുന്നത്. ആദ്യമായിട്ടാണ് രാജു ഒരു പുറം രാജ്യം കാണാന്‍ പോകുന്നത്. രാജു മാത്രമാണ് പോകുന്നതെങ്കിലും വീട്ടിലെ എല്ലാവരും അവന്‍റെ സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കുന്ന തിരക്കിലാണ്.

എയര്‍പോര്‍ട്ടില്‍ വിടുമ്പോള്‍ ഭാര്യ ചെവിയില്‍ പറഞ്ഞു, രണ്ടു മാസം കഴിഞ്ഞാല്‍ തിരിച്ചു വരണം, അവിടെ വെള്ളക്കാരിയുടെ കൂടെ എങ്ങാനും കൂടിയേക്കരുത്. രാജു ഒരു കള്ളച്ചിരി ചിരിച്ചു, കൂടെ ഭാര്യയും.

രാജുവിന് വെള്ളക്കാരികള്‍ എന്നാല്‍ വലിയ ഭ്രമമാണ്. ടി വി യില്‍ പലപ്പോഴും അവരെക്കണ്ടാല്‍ വായും പൊളിച്ച് എല്ലാം മറന്ന് നോക്കിയിരിക്കും.

അര്‍ദ്ധരാത്രിയാണ് ഫ്ലൈറ്റ് പുറപ്പെടുന്നത്. കൂടെ മൂന്നു നാലു പേര്‍ കൂടി കൂടെ ഉള്ളത് കൊണ്ട് പരിഭ്രമത്തിന് അല്‍പ്പം കുറവുണ്ട്.

വിമാനത്തില്‍ കയറുമ്പോള്‍, മുട്ടിനറ്റം വരുന്ന ഫ്രോക്കിട്ട വെള്ളക്കാരി രാജുവിനെ നോക്കി മന്ദസ്മിതം തൂകിയപ്പോള്‍ അവന്‍റെ മനസ്സൊന്ന് ചാഞ്ചാടി. എന്തൊരു വശ്യതയാണ് ആ ചിരിക്ക്..!!

രാവിലെ ഹീത്രോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നി. താന്‍ വിശ്വ പ്രസിദ്ധമായ ലണ്ടന്‍ പട്ടണത്തില്‍ കാലു കുത്തിയിരിക്കുന്നു.

ലോകത്തിലെ തന്നെ സാമ്പത്തിക സിരാ കേന്ദ്രങ്ങളില്‍ ഒന്നാണ് ലണ്ടന്‍.

നമ്മുടെ നാട്ടില്‍ പട്ടണങ്ങള്‍ ഏറെ ഉണ്ടെങ്കിലും, ഒരു പട്ടണവും ലോക മുന്‍ നിരയില്‍ എത്തിയിട്ടില്ല. എന്തായിരിക്കും അതിന് കാരണം.

കാറില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ ചുറ്റിലും അംബര ചുംബികളായ കെട്ടിടങ്ങള്‍ ആണ് പ്രതീക്ഷിച്ചത്. പക്ഷെ പ്രതീക്ഷക്ക് വിപരീതമായി നാലും അഞ്ചും നിലയുള്ള കെട്ടിടങ്ങള്‍ ആണ് ചുറ്റിലും. പക്ഷെ അവയുടെ പലതിന്‍റെയും മുകളില്‍ ഓടിട്ടിരിക്കുന്നത് കണ്ടപ്പോള്‍ അതിശയം, തനി നാടന്‍ ശൈലി.

അവിടെ മഴ കൂടുതല്‍ ആയതുകൊണ്ടാണത്രേ ഓടിട്ടിരിക്കുന്നത്. നാട്ടില്‍ നിന്ന് ഓട് ഇങ്ങോട്ട് വന്നതോ അതോ ഓട് ഇവിടെ നിന്ന് അങ്ങോട്ട്‌ പോയതോ.
ബ്രോംലെ എന്ന സ്ഥലത്ത് ആണ് വണ്ടി ചെന്ന് നിറുത്തിയത്. കൊച്ചു കൊച്ചു കുന്നുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. കുന്നുകളില്‍ അങ്ങിങ്ങ് വീടുകള്‍. എങ്ങും പച്ചപ്പ്‌.

അവിടെ ഒരു അപ്പാര്‍ട്ട്മെന്ടില്‍‍ ഇന്ത്യന്‍ ദമ്പതികളോടൊപ്പം രാജുവിന് ഒരു മുറി കിട്ടി.

അവന് സ്ഥലം നന്നേ ഇഷ്ടപ്പെട്ടു. ഓഫീസിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളു. ഉച്ചക്ക് ആഹാരം കഴിക്കാനും വരാം. വൈകുന്നേരം റോഡിനിരുവശവും വള്ളികളും പൂക്കളും ചെടികളും കണ്ട് ആസ്വദിച്ചു അങ്ങനെ മെല്ലെ വീട്ടിലേക്ക്‌ നടക്കും. ശംഘു പുഷ്പവും, വള്ളി കോളാമ്പിയും ഒക്കെ പൂത്തു നില്‍ക്കുന്നു. അവന്‍ ഒരു വേള ഇത് നാട് തന്നെയോ എന്ന് ചിന്തിച്ചു.

ആദ്യത്തെ ഞായറാഴ്ച തന്നെ കൂട്ടുകാരോടൊത്ത് ലണ്ടന്‍ ബ്രിഡ്ജ് കാണാന്‍ പുറപ്പെട്ടു.

ബ്രിഡ്ജിന്‍റെ മനോഹാരിത മുഴുവന്‍ നുകരാന്‍ ബോട്ടിലാണ് പുറപ്പെട്ടത്‌. പലരും ബിയര്‍ വാങ്ങി കുടിക്കുന്നത് കണ്ടു. രാജു തല്‍ക്കാലം അതിന് മുതിര്‍ന്നില്ല. കാഴ്ചകള്‍ അതിന്‍റെ തനിമയോടെ കാണണം.

നദിയില്‍ നിറയെ വെള്ളം. നല്ല ആഴമുണ്ടെന്നു തോന്നുന്നു. കപ്പലുകളും ബോട്ടുകളും അങ്ങോട്ടും ഇങ്ങോട്ടും കാഹളം മുഴക്കിക്കൊണ്ട് നീങ്ങുന്നു.

ഗൈഡ് ഈ നദിയുടെ വിശേഷങ്ങള്‍ പലതും പങ്കു വയ്ക്കാന്‍ തുടങ്ങി.

324 കി.മി നീളമുള്ള ഈ നദി ലണ്ടനെ മുറിച്ചുകൊണ്ട് കടന്നു പോകുന്നു. ഇതിന്‍റെ ഇരു വശവും ഉള്ള നടപ്പാതകളിലൂടെ നദിയുടെ ജന്മ സ്ഥാനം വരെ നടന്നോ സൈക്കിളിലോ പോകാനാകുമത്രേ.

രണ്ടാം ലോക മഹായുദ്ധത്തിനൊടുവില്‍ 1945 കളില്‍ ഈ നദി മരിച്ചിരുന്നു. നിര്‍ജ്ജീവമായ ഈ നദി ദുര്‍ഗ്ഗന്ധം വമിക്കുന്ന കറുത്തിരുണ്ട ഒരു വലിയ നാളയായി മാറിയിരുന്നു.

ഇടക്കിടക്ക് വെള്ളപ്പൊക്കവും ഉണ്ടാകുമായിരുന്നു.

പക്ഷെ 1950 കളില്‍ വന്ന ഭരണ സാരഥികള്‍ ഇവിടെ അഴുക്ക് ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം വളരെ ശ്രദ്ധയോടെ വര്‍ഷങ്ങളായി നടപ്പിലാക്കിയപ്പോള്‍ നദിക്ക് ജീവന്‍ വന്നു തുടങ്ങി. പതുക്കെ ഇന്നിക്കാണുന്ന മനോഹര നദിയായി മാറി.

നദിയുടെ ഇരു വശവും മതില്‍ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം വന്നാല്‍ പട്ടണത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ആണത്രേ .

ഇപ്പോള്‍ ഇതിന്‍റെ വക്കത്താണ് ലോകത്തിലെ മിക്ക ഭരണാധിപന്‍മാരും മണി മാളികകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഈ നദി കാണാന്‍, ഇതിന്‍റെ ചുറ്റുമുള്ള മനോഹര കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികള്‍ ആണ് ഇവിടെ വരുന്നത്.

രാജു നാട്ടിലെ നദികളെക്കുറിച്ച് ഓര്‍ത്തു. നമ്മുടെ യമുനയുടെയും ഗംഗയുടെയും നിളയുടെയും പെരിയാറിന്‍റെയും ഒക്കെ സ്ഥിതി എന്താണ്. നാം ഇവരുടെ 1950 കളില്‍ ആണ് ഇപ്പോള്‍ അല്ലേ?. ഒരു ദീര്‍ഘ നിശ്വാസം ആ തണുത്ത അന്തരീക്ഷത്തില്‍ മുഖത്ത് ചൂടേല്‍പ്പിച്ചു. ഇനി വരുന്ന ഭരണാധികാരികള്‍ക്കെങ്കിലും നമ്മുടെ നദികളെ സംരക്ഷിക്കാനുള്ള സന്മനസ്സ് ഉണ്ടാകണേ..

അതാ അങ്ങ് ദൂരെ ലണ്ടന്‍ ബ്രിഡ്ജ് കാണുമാറായി. അത് അടുത്തടുത്ത് വരുംതോറും ഹൃദയ മിടിപ്പ് കൂടിക്കൂടി വന്നു. താന്‍ സിനിമകളില്‍ മാത്രം കണ്ട, ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിച്ച ആ മനോഹര സ്തംഭം അതാ മുന്നില്‍ തെളിഞ്ഞിരിക്കുന്നു.

ബോട്ടില്‍ വന്നത് കൊണ്ട് ഒരു ഗുണം കൂടിയുണ്ട്. കപ്പലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കുമ്പോള്‍ ബ്രിഡ്ജിന്‍റെ കവാടം അവര്‍ക്കായി തുറക്കപ്പെടും. അതിമനോഹരമായ ആ കാഴ്ച കാണാന്‍ ബോട്ടുകള്‍ നിറുത്തിയിടും. ഞങ്ങള്‍ ആ തുറന്ന കവാടത്തിലൂടെ ബ്രിഡ്ജു കടന്നു.

ഗൈഡ്, പല മാളികകളും കൊട്ടാരങ്ങളും ചൂണ്ടിക്കാട്ടി അതിന്‍റെ വിശേഷങ്ങള്‍ വിസ്തരിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ വലതു വശത്തായി ബിഗ്‌ ബെന്‍ - ഹൌസ് ഓഫ് പാര്‍ലമെന്‍റ് - കാണുന്നു. ഇത് നദിയോട് ചേര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഇവിടെയാണ് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ ഒത്തുചേരുന്നത്.

പിന്നീട് ഞങ്ങള്‍ ചെന്ന് കയറിയത് സീ ലൈഫ് എന്ന വലിയ അക്വേറിയത്തിന്‍റെ മുന്‍പിലേക്കാണ്. ധാരാളം വമ്പന്‍ മത്സ്യങ്ങള്‍ ഉള്ള അക്വേറിയം. സ്രാവ്, തിമിംഗലങ്ങളെയൊക്കെ നിങ്ങള്‍ക്ക്, ചില്ലു ചുമരിനോടു ചേര്‍ന്ന് നിന്ന് തൊടാം. സെല്‍ഫി എടുക്കാം.

അക്വേറിയത്തിനു മുന്‍പില്‍ ലോകത്തില്‍ മത്സ്യം കഴിക്കുന്നവരുടെ എണ്ണം അനുനിമിഷം എത്രയാണെന്ന് കാണിക്കുന്ന മീറ്റര്‍ ഉണ്ട്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിനു മുന്‍പില്‍ നമ്മുടെ ജനസംഘ്യ അനുനിമിഷം കൂടുന്നത് കാണിച്ചിട്ടുള്ളത് പോലെ…!!

തൊട്ടടുത്തു തന്നെ വിശ്വ പ്രസിദ്ധമായ ലണ്ടന്‍ ഐ. ആ കറങ്ങുന്ന വലിയ ചക്രത്തില്‍ കയറി ഇരുന്നാല്‍, അതിന്‍റെ നിറുകയില്‍ നിന്ന് ലണ്ടന്‍ മുഴുവന്‍ കാണാം.

ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബക്കിംഗ്ഹാം പാലസ് പുറമേ നിന്ന് കണ്ട് രാജുവും കൂട്ടരും അന്നത്തെ കാഴ്ചകള്‍ മതിയാക്കി മടങ്ങി.

അടുത്ത ആഴ്ച കമ്പനിയുടെ വക ഒരു അത്താഴ വിരുന്ന്‍ ആയിരുന്നു. രാജു സ്മാര്‍ട്ട് ആയി വിരുന്നിനെത്തി. അവനെ അതിശയിപ്പിക്കുന്ന രീതിയില്‍ ഓഫീസിലുള്ള തരുണികള്‍ സാരി ഉടുത്താണ് വന്നിരുന്നത്.

സാരിയില്‍ എന്തൊരു ഭംഗിയായിരുന്നു അവര്‍ക്ക്. സാരി, അവരുടെ ഓരോ ശരീര വടിവിനും ആകര്‍ഷണീയത കൂട്ടി. ‍

പാര്‍ട്ടിയിലെ മിക്കവരും ബിയറും മറ്റും ആസ്വദിക്കുന്നുണ്ടായിരുന്നു. രാജു പെട്ടെന്ന് തന്നെ അവരില്‍ ഒരാളായി മാറി. പലരുമായും ഇടപഴകുന്നിതിനിടയില്‍ രണ്ടും കല്‍പ്പിച്ച്, മുന്‍പ് പരിചയമുള്ള, ഏറ്റവും ഇഷ്ടപ്പെട്ട മാലാഖയെ നോക്കി 'യു ലുക്ക്‌ ലൈക്ക് എ പ്രിന്‍സെസ്സ്' എന്ന്‍ കമന്റ് പാസ്സാക്കി. അവള്‍ രാജുവിനെ നോക്കി വശ്യമായ പുഞ്ചിരിയോടെ 'താങ്ക് യു വെരി മച്ച്.., യു ആള്‍സോ ലുക്ക്‌ സ്മാര്‍ട്ട്‌' എന്ന്‍ മറുപടിയും നല്‍കി.

പിന്നീട് ബിയര്‍ നുകര്‍ന്നതും, ആഹാരം കഴിച്ചതും അവര്‍ ഒരുമിച്ചായിരുന്നു.

വിരുന്ന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന രാജുവിനോട് ആ മാലാഖ പതുക്കെ ചോദിച്ചു. ‘ഡോ യു വാണ്ട്‌ ടു ഡ്രോപ് മി അറ്റ്‌ മൈ പ്ലേസ്' .

രാജു ഒന്ന് പകച്ചു. ഇത്ര പെട്ടെന്ന്‍ ഇത്ര മുന്‍പോട്ടു പോകുമെന്ന് കരുതിയില്ല. ചിലപ്പോള്‍ ബിയറിന്‍റെ ബലത്തിലായിരിക്കും ഈ കമന്റൊക്കെ.

ഒന്നും അറിയില്ല. എന്തായാലും, ലണ്ടന്‍ വലിയ പരിചയമില്ലാത്തത് കൊണ്ടും ഇവളുടെ ബോയ്‌ ഫ്രണ്ട് എവിടെയെങ്കിലും കാത്തു നില്‍ക്കുന്നുണ്ടോ എന്നറിയാത്തത് കൊണ്ടും, അവളെ കാറില്‍ കയറ്റി യാത്ര അയച്ച് രാജു തന്‍റെ വീട്ടിലേക്ക് വണ്ടി പിടിച്ചു.

ദിവസങ്ങള്‍ പെട്ടെന്ന്‍ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അവന്‍ സ്ഥലങ്ങള്‍ കാണാന്‍ പൊയ്ക്കൊണ്ടിരുന്നു.

മാഡം തുസാദില്‍ പോയി അമിതാഭ്ബച്ചനു കൈ കൊടുത്തും, പ്രസിഡന്റ്‌ ക്ളിന്ടനോടോത്ത് പ്രസംഗിച്ചും, ജാക്കിചാനോടൊത്തു ചിരിച്ചഭിനയിച്ചും ആഘോഷമാക്കി. എല്ലായിടത്തും നിറയെ ജീവന്‍ തുടിക്കുന്ന പ്രതിമകള്‍.

ലണ്ടന്‍ ഡന്‍ജിയനില്‍ പോയി ചരിത്രമുറങ്ങുന്ന 18 -)o നൂറ്റാണ്ടിലെ തെരുവുകളും, ചരിത്രം മറക്കാത്ത കറുത്ത അധ്യായങ്ങളും, ഡ്രാക്കുളയുടെ കൂടെ അന്തിയുറങ്ങുന്ന വസ്ത്ര ലേശമില്ലാത്ത തരുണീ മണികളെയും കണ്ടു.

വെസ്റ്റ്മിനിസ്റ്റര്‍ അബ്ബെയില്‍ പോയി, കണ്ണിമ പോലും വെട്ടാതെ പ്രതിമ പോലെ നില്‍ക്കുന്ന പാറാവുകാരന്‍റെ കൂടെ നിന്ന് സെല്‍ഫി എടുത്തു.

'ദില്‍ വാലെ ദുല്‍ഹനിയ ലേ ജയേന്‍ഗേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഓം പുരി അതിരാവിലെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന സ്ഥലമായ ട്രഫല്‍ഗര്‍ സ്ക്വയറില്‍ പോയി.

രാജുവിന്‍റെ ടെന്നീസ് അഭിനിവേശം, അവനെ ആളൊഴിഞ്ഞു കിടന്ന വിംബിള്‍ഡണ്‍ സ്റ്റേഡിയത്തില്‍ കൊണ്ടെത്തിച്ചു.

അവന്‍റെ ക്രിക്കറ്റിനോടുള്ള താല്പ്പര്യം, പല ചരിത്രങ്ങളും തിരുത്തിക്കുറിച്ച ഓവല്‍ സ്റ്റേഡിയത്തിന്‍റെ മുന്നില്‍, അവനെ കൊണ്ട് ചെന്നു നിറുത്തി.

അവന്‍ സെയിന്‍റ് പീറ്റര്‍സ് കത്തീഡ്രലില്‍ പോയി. അവിടുത്തെ മാസ്മരിക ചിത്ര രചനകള്‍ നുകര്‍ന്നു. പല ഡോമുകളുടെയും ആവിഷ്കാര ചാതുര്യം ‍കണ്ട് വായും പിളര്‍ന്ന്‍‍ നിന്നു.

അവിടത്തെ അക്ഷര്‍ ധാം ക്ഷേത്രത്തില്‍ പോയി. ഭാരതീയ ചിത്ര രചനകള്‍ യൂറോപ്യന്‍ മണ്ണില്‍ കണ്ട് അതിശയിച്ചു.

മിക്ക യാത്രകളും അണ്‍ഡര്‍ഗ്രൌണ്ട്, ട്യൂബ് - എന്നൊക്കെ ഓമനപ്പേരില്‍ അറിയപ്പെടുന്ന ലണ്ടന്‍ മെട്രോയില്‍ ആയിരുന്നു. ‍ 1860 കളില്‍ തുടങ്ങിയ ഈ ട്യൂബ് സര്‍വീസ് അതിശയിപ്പിക്കുന്നതാണ്. നാലഞ്ചു നിലകള്‍ താഴെയാണ് പലയിടത്തും ട്രെയിനുകള്‍ ഓടുന്നത്.

സമയം കിട്ടുമ്പോഴൊക്കെ അവന്‍ കൂട്ടുകാരോടൊത്ത് ഹൈ സ്ട്രീറ്റില്‍ പോകും. അവിടത്തെ ഓരോ ടൌണിന്‍റെയും പ്രധാന തെരുവിന് ഹൈ സ്ട്രീറ്റ് എന്നാണ് പറയുന്നത്. ഷോപ്പിങ്ങും ആവാം സൊറ പറയലും ആവാം.

രാജുവിന് തിരിച്ചു പോകാനുള്ള സമയമായി തുടങ്ങി.

ഈ വെള്ളിയാഴ്ച ഓഫീസിലെ മലയാളി സുഹൃത്ത്‌ ദാമു എന്ന ദാമോദരന്‍, രാജുവിനെ അത്താഴ വിരുന്നിന് ക്ഷണിച്ചു.

വെള്ളിയാഴ്ച പൊതുവേ എല്ലാവരും ബിയര്‍ കുടിക്കുന്ന തിരക്കിലാണ്. ഉച്ചമുതല്‍ ബാറുകളില്‍ തിരക്ക് തുടങ്ങും. നിന്നും, നടന്നും, ഇരുന്നും കിടന്നും കുടിക്കും. ചില ബാറുകളില്‍ നേരിട്ടുള്ള ബിയര്‍ പൈപ്പുകള്‍ പിടിപ്പിച്ചിരിക്കുകയാണ് എളുപ്പത്തിന്…!!

രാജു വൈകുന്നേരം ദാമുവിന്‍റെ വീട്ടില്‍ എത്തി. പ്രതീക്ഷിച്ച പോലെ ബിയര്‍ റെഡി. കൂടെ ദാമു പാകം ചെയ്ത ബിരിയാണിയും. പക്ഷെ രാജു കൂടുതല്‍ അതിശയിച്ചത്, ടി വി യില്‍ മലയാളം പടം തെളിയുന്നത് കണ്ടാണ്‌. മോഹന്‍ ലാലിന്‍റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നരസിംഹം…

രാജുവും, ദാമുവും ബിയര്‍ നുകരുന്നതിനിടെ ലാലേട്ടന്‍റെ ആര്‍ത്തിരമ്പുന്ന ഡയലോഗുകള്‍ കേട്ട് കൈ അടിച്ചു. ഇടക്കിടെ നീ പോ മോനേ ദിനേശാ…..എന്നും.

അത്താഴം കഴിഞ്ഞ് ഏകദേശം പതിനൊന്നു മണിക്ക് രാജു ദാമുവിനോടു യാത്ര പറഞ്ഞ് ഇറങ്ങി.

അപ്പാര്‍ട്ട്മെന്റിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ.

രാജു ഇറങ്ങി നടന്നു. നല്ല നിലാവുള്ള രാത്രി. പെയ്തിറങ്ങുന്ന നിലാവും, മദിരയും, മോഹന്‍ ലാലിന്‍റെ ഡയലോഗും അവനെ ഉന്മാദത്തില്‍ എത്തിച്ചിരിക്കുന്നു. ഈ സ്വപ്ന രാത്രിയില്‍ ഇത്തരത്തില്‍ ഇറങ്ങി നടക്കാന്‍ ഭാഗ്യം ചെയ്യണം. ഇവിടെ ഒന്നിനേയും പേടിക്കാനില്ല. ഇത്ര കാലമായിട്ട് നാട്ടില്‍ ഞാന്‍ ഇങ്ങനെ ഇറങ്ങി നടന്നിട്ടില്ല… നീ പോ മോനേ ദിനേശാ……

അപ്പാര്‍ട്ട്മെന്റിന്‍റെ ഗെയിറ്റ് എത്താന്‍ ഇനി മൂന്നടിയെ ഉള്ളു. പെട്ടെന്ന്‍ അതിനടുത്തുള്ള മരത്തണലില്‍ നിന്ന്‍ ഒരു അഞ്ച്, ആറു യുവാക്കള്‍ ചാടി. ബ്ലഡി ബാസ്ടാര്‍ഡ്‍ , കാച് ഹിം, സ്നാച് ഹിം എന്ന്‍ പറഞ്ഞു കൊണ്ട് അര്‍ദ്ധ വൃത്താകൃതിയില്‍‍ നിരന്നു.

രാജുവിന് ആദ്യം ഒന്നും മനസ്സിലായില്ല. അവരെ കണ്ടാല്‍ അറിയാം അവര്‍ ഡ്രഗ് അഡിക്റ്റ്കള്‍ ആണ് എന്ന്, എന്തും ചെയ്യാന്‍ മടിക്കാത്തവര്‍. രാജു ഒറ്റ ചാട്ടത്തിന് ഗെയിറ്റില്‍ എത്തി. അവര്‍ പിടിച്ചു പിടിച്ചില്ല എന്നാകുന്നതിനു മുന്‍പ് അവന്‍ ഗെയിറ്റിനകത്തു കടന്നു. തലനാരിഴ കൊണ്ടാണ് രാജു രക്ഷപ്പെട്ടത്.

ഗെയിറ്റിനകത്തു അലാറം ഉള്ളത് കൊണ്ട് അവര്‍ അകത്ത് കടക്കാന്‍ മുതിര്‍ന്നില്ല. അവര്‍ പുറകില്‍ നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

രാജു എങ്ങനെയോ അപ്പാര്‍ട്ട്മെന്റില്‍ കയറിപ്പറ്റി. മുറിയില്‍ എത്തി.

അവന്‍റെ കൈ കാലുകള്‍ വിറയ്ക്കുന്നു. ഹൃദയ മിടിപ്പിന് ഒട്ടും കുറവ് വന്നിട്ടില്ല. ഈ സ്വപ്ന നഗരിയില്‍ ഇങ്ങനെയും സംഭവിക്കുമോ. വിശ്വസിക്കാനാകുന്നില്ല…!!

അന്ന് രാത്രി അവന്‍ ഉറങ്ങിയതേ ഇല്ല…

കിടക്കയില്‍ കിടന്നുകൊണ്ട് അവന്‍ ഓര്‍ത്തു. മഹാ നഗരമേ നീ എനിക്ക് എല്ലാം കാട്ടിത്തന്നു... ഒടുവില്‍ നിന്‍റെ വിശ്വരൂപവും....!!







6 comments:

  1. Awesome style of writing,Ravietta..I never read your blogs in a hurry...I just wait for the right oppurtunity when I have some quiet time for myself so that I can relish every bit of it to its fullest...simply superb


    ReplyDelete
    Replies
    1. Your feedback is simply superb..:-) Hope I can do justice to such complements..

      Delete
  2. Cool... Kept me engaged till the last. Keep writing and keep smiling!

    ReplyDelete