Friday, 16 December 2016

അതെന്താ അച്ഛാ അങ്ങനെ...





ബാബുവിന്‍റെ പൂജാമുറിയില്‍ കൃഷ്ണ വിഗ്രഹമാണ്‌ മുന്‍പില്‍.

ബാബു കൃഷ്ണനെ തികഞ്ഞ ആരാധ്യനായി കണക്കാക്കുന്നു. അദ്ദേഹത്തിന്‍റെ ഗീതോപദേശങ്ങള്‍ ഇന്നത്തെ ഉഴലുന്ന മനസ്സുകള്‍ക്ക് ഒരു മഹത്തായ വഴികാട്ടിയായി ബാബു കാണുന്നു.

ദിവസവും ഒരിക്കലെങ്കിലും അദ്ദേഹത്തോട് മനസ്സുകൊണ്ട് സംവദിക്കാന്‍ ബാബു ശ്രമിക്കാറുണ്ട്. ബാബു പലപ്പോഴും മനസ്സിടറി മുന്നിലിരിക്കുമ്പോള്‍, കൃഷ്ണന്‍ തന്നോടു പല കാര്യങ്ങളും ശരിയോ തെറ്റോ എന്ന് വേര്‍തിരിച്ചു കാട്ടി കൊടുക്കുന്നു എന്ന് തോന്നിയിട്ടുണ്ട്.

അതുകൊണ്ട് പൂജാമുറിയില്‍ കൃഷ്ണന്‍റെ മുന്നില്‍ ഇരുന്നില്ലെങ്കിലും എവിടെ ഇരുന്നും അദ്ദേഹത്തോട് സംവദിക്കാന്‍ ഉള്ള ഒരു പ്രവണത ബാബു നേടിയെടുത്തു എന്ന് സ്വയം ആശ്വസിക്കുകയും ചെയ്യാറുണ്ട്.
അങ്ങനെ കഴിഞ്ഞ ദീപാവലിക്ക് പൂജാമുറി വൃത്തിയാക്കുന്നതിനിടയില്‍ കൃഷ്ണ വിഗ്രഹം ഒന്ന് ചരിഞ്ഞു. ഒരു ചെറിയ മല്‍പ്പിടുത്തം പോലെ, വീണു വീണില്ല എന്ന നിലയില്‍ വിഗ്രഹത്തെ രക്ഷപ്പെടുത്തിയെങ്കിലും ആ മല്‍പ്പിടുത്തത്തില്‍ അദ്ദേഹത്തിന്റെ മൂക്കിനു ചെറിയ ക്ഷതം പറ്റി. ബാബു ആകെ വിഷണ്ണനായി. ബാബു അദ്ദേഹത്തിന്‍റെ മുഖത്തേക്കൊന്നു നോക്കി. എന്തബദ്ധമാണ് ഞാന്‍ കാണിച്ചത്.

അദ്ദേഹത്തിന്‍റെ കണ്ണുകളിലെ തെളിമക്കും പുഞ്ചിരിക്കും ഒരു മാറ്റവുമില്ല തന്നെ. പക്ഷേ മൂക്കിനു ക്ഷതം പറ്റിയ പ്രതീതി. എന്തായാലും ഫെവിക്വിക് എടുത്ത് ഒട്ടിക്കുക തന്നെ എന്ന് കരുതി വിഗ്രഹവുമായി ഉമ്മറത്തേക്കു നടന്നു.

മൂക്കില്‍ ചെറുതായി പശ തേച്ചു ഒട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോ വാതില്‍ക്കല്‍ ബെല്ലടിക്കുന്നു. ബാബു വാതില്‍ തുറന്നു നോക്കിയപ്പോള്‍ കൃഷ്ണന്‍കുട്ടിയാണ്.

കൃഷ്ണന്‍റെ മൂക്കില്‍ പശ തേക്കുന്ന ബാബുവിനെ കണ്ട്, കൃഷ്ണന്‍കുട്ടി ആരാഞ്ഞു.

എന്താ ബാബു, കൃഷ്ണ വിഗ്രഹവുമായി ഉമ്മറത്ത്‌. കൃഷ്ണനെന്തു പറ്റി.

ബാബു കാര്യം പറഞ്ഞു.

അയ്യോ പൊട്ടിയ വിഗ്രഹം വീട്ടില്‍ വച്ചുകൂട. അതു മഹാ അപകടമാണ്. ഇനി ഇല്ലാത്ത പൊല്ലാപ്പൊക്കെ വീട്ടില്‍ കയറി വരും.

എന്തു പൊല്ലാപ്പ്, ബാബു ചോദിച്ചു.
നീ ഈ പൊട്ട പ്രതിമ വീട്ടില്‍ വച്ചുകൊണ്ടിരിക്കണ്ട, കുടുംബത്തിനു വല്ല ആപത്തും വന്നാല്‍ പറഞ്ഞിട്ട് കാര്യമില്ല.

ഇനി ഇതു ഏതെങ്കിലും പുഴയില്‍ കൊണ്ടുപോയി ഒഴുക്ക്. യമുനയില്ലേ ഇവിടെ, നാളെത്തന്നെ കൊണ്ടുപോയി ഒഴുക്കിക്കോ...

ഇതുകേട്ടപ്പോള്‍ ബാബുവിന്‍റെ കുടുംബക്കാര്‍ക്കും ഒരു തരം ആശങ്ക. ഇനി ഇപ്പൊ ഇതു പൂജിക്കാന്‍ എടുക്കണ്ട...നമുക്കിത് നദിയില്‍ ഒഴുക്കാം.

ബാബു പിറ്റേ ദിവസം വിഗ്രഹവുമായി നദിക്കരയിലേക്ക് പുറപ്പെടാനൊരുങ്ങി. ഇതു കണ്ടു മകള്‍ രേഷ്മ ചോദിച്ചു എങ്ങോട്ടാ അച്ഛാ...

പുഴയിലേക്ക്..ബാബു പറഞ്ഞു..

പുഴ കാണാനോ...എന്നാ ഞാനൂണ്ട്...രേഷ്മ സന്തോഷത്തോടെ കൂടെക്കൂടി..

രണ്ടു പേരും കൂടി യമുനയിലേക്ക് യാത്ര പുറപ്പെട്ടു…പോകുന്ന വഴി രേഷ്മ ചോദിച്ചു, എന്തിനാ അച്ഛാ പോണത്..

മോളേ, ഈ വിഗ്രഹം പുഴയിലോഴുക്കണം..ബാബു പറഞ്ഞു.

അയ്യോ എന്തിനാ അച്ഛാ..ഇത് അച്ഛനെന്നും പ്രാര്‍ഥിക്കണ വിഗ്രഹമല്ലേ… അതെന്തിനാ അച്ഛാ ഒഴുക്കണത്...

അതോ അദ്ദേഹത്തിന്‍റെ മൂക്കു പൊട്ടി.

മൂക്ക് പൊട്ടിയാല്‍ വെള്ളത്തില്‍ കളയണോ അച്ഛാ...ഒട്ടിച്ചാല്‍ പോരേ…

പോര മോളേ, പൊട്ടിയ വിഗ്രഹം വീട്ടില്‍ വെക്കാന്‍ പാടില്ല എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.
അതെന്താ അച്ഛാ, അതു വീട്ടില്‍ വെച്ചാല്‍…




വീട്ടുകാര്‍ക്ക് അപകടം ഉണ്ടാകുമത്രേ…

അപ്പൊ എന്‍റെ മൂക്കു പൊട്ടിയാലോ..രേഷ്മ ചിണുങ്ങി…

നിന്നെ വെള്ളത്തില്‍ കളയാന്‍ പറ്റോ, നീ എന്‍റെ ചുന്ദരിക്കോതയല്ലേ…
ബാബു ഒന്ന് ചിരിച്ചു..

ബാബു കുറച്ചു വിശദമായി പറഞ്ഞു കൊടുക്കുവാന്‍ ശ്രമിച്ചു…

സാധാരണ പൂജിക്കാത്ത വിഗ്രഹങ്ങള്‍ നദിയില്‍ ഒഴുക്കുക പണ്ട് മുതലുള്ള പതിവാണ്. അത് അനാഥമായി അവിടെയും ഇവിടെയും കിടക്കാതിരിക്കാന്‍ വേണ്ടിയാവണം അങ്ങനെ ചെയ്തിരുന്നത്.

നീ ദുര്‍ഗ്ഗാ പൂജ കഴിഞ്ഞിട്ട് ആ വലിയ പ്രതിമ ട്രക്കില്‍ കയറ്റി യമുനാ നദിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ..

ഉവ്വച്ഛാ, ഭയങ്കര കൊട്ടും ബഹളവുമായി ആള്‍ക്കാര് ചാടിക്കളിച്ചല്ലേ അന്ന്, അതൊക്കെ കൊണ്ട്പോയത്.

നദിക്കരയില്‍ എത്തിയപ്പോള്‍ വണ്ടി നിറുത്തി, ബാബു വിഗ്രഹവും എടുത്തു കൊണ്ട് നടന്നു.

എന്താച്ഛാ ഇവിടെ ആകെ ഒരു നാറ്റം.. രേഷ്മ മൂക്ക് പൊത്തിപ്പിടിച്ചു.

ഈ പൊഴയിലിപ്പോ ചെളിവെള്ളമാണ് ഒഴുകണത്…

ബാബു പതുക്കെ നദീ തീരത്തേക്ക് നീങ്ങി.

അവിടെ ആകെ മലിന മയം..കറുകറുത്ത നാറുന്ന വെള്ളം. ചെറുതായി ഒഴുകുന്നോ എന്ന് തോന്നിക്കുന്ന നദിയില്‍ മാലിന്യത്തിനിടയില്‍ നിന്ന് അങ്ങിങ്ങ് കുമിളകള്‍ പോങ്ങിക്കൊണ്ടിരിക്കുന്നു... മരിക്കാറായ നദി അന്ത്യശ്വാസം വലിക്കുന്നത് പോലെ..

വെള്ളത്തിന്‍റെ വക്കത്തു പോയി ബാബു ഒന്ന് നിന്നു.
തിരിച്ചു പോയാലോ എന്ന് ബാബു ഒരു വേള ചിന്തിച്ചു.. പക്ഷേ തിരിച്ചു പോയാല്‍ ഉണ്ടാകാവുന്ന കുറ്റപ്പെടുത്തലിനെ ആലോചിച്ചു ബാബു അവിടെത്തന്നെ നിന്നു.

ഞാന്‍ ഈ വിഗ്രഹം എങ്ങനെ ഇതില്‍ ഒഴുക്കും…ഇനി തിരിച്ചു കൊണ്ടുപോകുക സാദ്ധ്യവുമല്ല. വല്ലിടത്തും ഇട്ടാല്‍ അതിലേറെ കഷ്ടം. എന്തായാലും അങ്ങയെ ഈ യമുനയില്‍ ഒഴുക്കുക തന്നെ.

ബാബു ആ വിഗ്രഹം പതുക്കെ വെള്ളത്തില്‍ നിക്ഷേപിച്ചു.

ആ വിഗ്രഹം ആ കറുത്തിരുണ്ട വെള്ളത്തില്‍ പാറി പാറി നീങ്ങുന്നത് കണ്ടപ്പോള്‍ ബാബുവിന് ഇടനെഞ്ചില്‍ രക്തം ഖനീഭവിച്ചത് പോലെ...
ഒരു കാലത്ത്, ഓരോ നദിയും ഓരോ സംസ്കാരത്തെ പ്രതിനിധാനം ചെയ്തിരുന്നു. നദീ തീരങ്ങളിലാണ് ഓരോ മഹത്തായ സംസ്കാരവും വളര്‍ന്നു പന്തലിച്ചത്.

പക്ഷേ, കൃഷ്ണാ, ഇന്നിതാ നീ വളര്‍ത്തിയ സംസ്കാര ശ്രോതസ്സ് കറുത്തിരുണ്ട് ഏതു ജീവനും ആവാസ യോഗ്യമല്ലാതായിരിക്കുന്നു.
അതേ സമൂഹത്തിലെ ഒരംഗമെന്ന നിലക്ക്, നീ എനിക്ക് മാപ്പ് നല്‍കിയാലും. ബാബു ആത്മഗതമെന്നോണം പറഞ്ഞു..


നമ്മുടെ നാട്ടിലെ പുഴയോന്നും ഇങ്ങനെ കറുത്തിട്ടല്ലല്ലോ അച്ഛാ..

രേഷ്മയുടെ ശബ്ദം ബാബുവിനെ സ്വബോധത്തിലേക്കു കൊണ്ടുവന്നു.

ഇനി വേഗം അതും കറുക്കാന്‍ തുടങ്ങും…

അതെന്താ അച്ഛാ അങ്ങനെ…

നാട്ടില്‍ ആള്‍ക്കാര് കൂടുമ്പോള്‍ മാലിന്യങ്ങളൊക്കെ പുഴയിലേക്കൊഴുക്കി തുടങ്ങും…

ഇപ്പൊത്തന്നെ നമ്മുടെ പുഴയൊക്കെ ഒഴുക്കു കുറഞ്ഞ്, കറുത്ത്, ഉണങ്ങിയ ആറ്റു കൈതകള്‍ നിറഞ്ഞ നീര്‍ച്ചാലായി മാറി തുടങ്ങിയില്ലേ…ഒരു അസ്ഥി പന്ജരം പോലെ..

അതെന്താ അച്ഛാ എല്ലാരും അഴുക്ക് പുഴയിലേക്ക് തള്ളി വിടണത്..

അതാണെളുപ്പം മോളേ…

മറ്റു രാജ്യങ്ങളിലും ഇങ്ങനെയാണോ അച്ഛാ...

അല്ല മോളേ...അവിടെ പൊതുവേ നല്ല വൃത്തിയാണ്..

അതെന്താ അച്ഛാ അങ്ങനെ…

അവിടെ എല്ലാവരേയും, ചെറിയ കുട്ടികളേയും പരിസരം വൃത്തിയാക്കി വെക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്..
നമ്മളോ...അങ്ങനെയല്ല, അല്ലേ

അങ്ങനെയാണെങ്കില്‍ ഇങ്ങനെ ആവുമോ മോളേ...ബാബു മറു ചോദ്യം ചോദിച്ചു…

ഇല്ല…...അതെന്താ അച്ഛാ അങ്ങനെ…

അറിയില്ല മോളേ…

സാധാരണ അറിയില്ല എന്ന് പറയാത്ത അച്ഛനെ അവള്‍ സാകൂതം നോക്കി...

നമുക്കെവിടെയോ താളം തെറ്റി മോളേ… ആത്മീയ കാര്യങ്ങളില്‍ ഔന്നത്യത്തിലാണെന്നു അഭിമാനിക്കുന്ന നമുക്ക്, സാമൂഹിക കാര്യങ്ങളില്‍ എവിടെയോക്കെയോ പിഴവ് പറ്റി.

കഴിയുന്നതും വേഗം ആ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ അടുത്ത തലമുറയുടെ കാര്യം ഈ കാളിന്ദിയേക്കാളും ഇരുണ്ടതായിരിക്കും…ബാബു ഒരു നെടു വീര്‍പ്പോടെ ചിന്തിച്ചു.


ബാബു രേഷ്മയുടെ മുടിയില്‍ സ്നേഹത്തോടെ തഴുകി.








4 comments:

  1. It's been a pleasure to read. Keep writing.

    ReplyDelete
  2. Thanks very much, Prashanth for encouraging..

    ReplyDelete
  3. Excellent, very good theme, need wider publicity.

    ReplyDelete
  4. Thanks Prasannaji...yes I also feel so..

    ReplyDelete