Friday 9 December 2016

ഭഗവദ് ഗീത






ഞാന്‍ ഭഗവദ്ഗീതയുമായി ബന്ധപ്പെടുന്നത് പന്ത്രണ്ടാമത്തെ വയസ്സിലാണ്

എന്നെ അച്ഛന്‍ രാമക്രിഷ്ണാശ്രമത്തിലെ ഗുരുകുലത്തില്‍ ചേര്‍ക്കുവാന്‍ ആഗ്രഹിച്ചു അവിടത്തെ ഇന്റര്‍വ്യൂവിന് തയ്യാറെടുപ്പിക്കുകയാണ്. അന്ന്‍ അച്ഛന്‍ പന്ത്രണ്ടാം അദ്ധ്യായം കാണാതെ ചൊല്ലി പഠിക്കുവാന്‍ പറഞ്ഞു. പന്ത്രണ്ടാം അദ്ധ്യായം ഭക്തിയോഗമാണ്, വളരെ ചെറിയ അദ്ധ്യായം. 20 ശ്ലോകങ്ങളേ ഉള്ളു, മാത്രമല്ല മഹാത്മാ ഗാന്ധിജിക്ക് വളരെ പ്രിയപ്പെട്ട അദ്ധ്യായവുമാണ്, എന്ന് അച്ഛന്‍ പറഞ്ഞു.  

ഞാന്‍ അന്ന് ഇതിന്‍റെ ഒരു മാഹാത്മ്യവുമറിയാതെ ഈ അദ്ധ്യായം കാണാപ്പാഠം പഠിച്ചു. അങ്ങനെ ഗുരുകുലത്തില്‍ പ്രവേശനവും കിട്ടി.

ഗുരുകുലത്തില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നത് പതിവായിരുന്നു. പല അദ്ധ്യായങ്ങളും പരീക്ഷക്ക്‌ വേണ്ടി പഠിച്ചു ജയിച്ചു.  

എന്നാല്‍ ആ പഠനം പിന്നീടുള്ള ജീവിത ആയോധനത്തില്‍ ഇത്രത്തോളം സഹായകരം ആകുമെന്ന് അന്ന് കരുതിയതേ ഇല്ല.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ഇതിനു മുന്‍പുള്ള കാലമായിരുന്നു എത്രയോ ഭേദമെന്നു തോന്നി തുടങ്ങിയത്.  

ഇതുവരെ കോളേജിലോ സ്കൂളിലോ പഠിച്ചതൊന്നുമല്ല ഇവിടെ പ്രാവര്‍ത്തികമാക്കേണ്ടത്. ഏതു തീരുമാനവും സ്വയം ആലോചിച്ചുറച്ചു ചെയ്യേണ്ടി വരുന്നു. തെറ്റായാലും ശരിയായാലും അവനവന്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണം

ജീവിതത്തില്‍, തന്‍റെ തനതായ പാത വെട്ടിത്തുറന്ന് മുന്നോട്ടു പോകണമെന്ന് തോന്നുന്ന കാലം. ഈ സന്ദര്‍ഭത്തിലാണ് ഞാന്‍ വീണ്ടും, പണ്ട് പഠിച്ച ഭഗവദ് ഗീതയെ കുറിച്ചു ഓര്‍ത്തത്‌.  

ഓരോ ആവൃത്തി വായിക്കുമ്പോഴും പുതിയ പുതിയ മാനങ്ങള്‍ പറഞ്ഞു തരുന്ന ഭഗവദ് ഗീത പല ആവൃത്തി വായിച്ചിട്ടുണ്ട്. പക്ഷേ ചിന്മയാനന്ദ സ്വാമിജിയുടെ ഭാഷൃത്തോടു കൂടി വായിച്ചപ്പോഴാണ് കൂടുതല്‍ പ്രാവര്‍ത്തികത മനസ്സിലായി തുടങ്ങിയത്.

വ്യാസ ഭഗവാന്‍, സംഘര്‍ഷ ഭരിതമായ മഹാഭാരത കഥനത്തിന് നടുവില്‍, ഏറ്റവും സന്ദിഘ്ധമായ ഘട്ടത്തില്‍, ഭഗവദ് ഗീത എന്ന ഭഗവാന്‍റെ സന്ദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു

ഇതു ഒരു മുത്തു മാലയ്ക്കു ഏറ്റവും അഴകേറിയ ലോക്കെറ്റ് എന്ന പോലെ പരസ്പര പൂരകങ്ങളായി നില കൊള്ളുന്നു. ഈ രണ്ടു മഹാ പ്രസ്ഥാനങ്ങളും, വെവ്വേറെ ആയിരുന്നെങ്കില്‍ ഇത്രത്തോളം ശോഭിക്കുമായിരുന്നില്ല എന്നതിന് ഒരു സംശയവും ഇല്ല.




അര്‍ജുനന്‍ എന്ന എക്കാലത്തും വാഴ്ത്തപ്പെടുന്ന വില്ലാളി വീരന്‍, ധാര്‍മികമായി തനിക്ക് അവകാശപ്പെട്ട ജീവിതത്തിലെ മിക്ക ജീവിതൈശ്വര്യങ്ങളും നിഷേധിക്കപ്പെട്ടതിന്‍റെ രോഷവും പ്രതികാര വാന്ഛയും വഹിച്ചു യുദ്ധത്തിന് തയ്യാറായി. യുദ്ധഭൂമിക്ക് നടുവില്‍ എത്തി.  

തന്‍റെ ഗുരുക്കന്മാരേയും ബന്ധു ജനങ്ങളെയും ശത്രു പക്ഷത്തു കണ്ട് ഇവരോട് എങ്ങനെ യുദ്ധം ചെയ്യും എന്ന് ചിന്തിച്ചപ്പോള്‍ താന്‍ ഇന്നേവരെ ആര്‍ജ്ജിച്ച എല്ലാ ധൈര്യവും ചോര്‍ന്നു പോയി

ഇനി എന്തു ചെയ്വേണ്ടൂ എന്നറിയാതെ രഥത്തട്ടില്‍ വീണു പുലമ്പുംമ്പോള്‍, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ അര്‍ജുനനെ ആണും പെണ്ണും കേട്ടവനെ എന്ന് വിളിക്കുമ്പോള്‍, ഓരോ ഗീതാ വിദ്യാര്‍ത്ഥിയും തന്നെയാണോ ശ്രീ കൃഷ്ണന്‍ മനസ്സ് തൊട്ടു വിളിക്കുന്നത്‌ എന്ന് തോന്നിപ്പോകും.

പിന്നീട് അദ്ദേഹം പതിനെട്ടദ്ധ്യായങ്ങളിലായി ഉപദേശിക്കുന്നത് ജീവിതായോധനതിന്‍റെ കലകളാണ്

ഇവയില്‍ പ്രധാനമായും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത് കര്‍മ ഭക്തി ജ്ഞാന മാര്‍ഗ്ഗങ്ങളാണ്. ഒരുവന്‍ തനിക്കു നിര്‍ദേശിക്കപ്പെട്ട കര്‍മങ്ങള്‍ നിഷ്കാമമായി അര്‍പ്പണ ബുദ്ധിയോടെ ചെയ്യുകയാണെങ്കില്‍ ഇവ മൂന്നും ഒന്നിന് പുറകെ ഒന്നൊന്നായി വന്നു ചേര്‍ന്നു കൊള്ളും. ഈ സാരമാണ് ഗീത എന്നെ പഠിപ്പിക്കുന്നത്.

ഗുരുകുലത്തില്‍ ഭഗവദ് ഗീത പഠിക്കുമ്പോള്‍ പണ്ട് ശ്രീരാമകൃഷ്ണ മഠാധിപതി ശ്രീ ശക്രാനന്ദ സ്വാമികള്‍ കുട്ടികള്‍ക്കായുള്ള ഒരു ക്ലാസ്സില്‍ പറഞ്ഞതോര്‍ക്കുന്നു

ഗീതയുടെ ആദ്യത്തെ വാചകം"ധര്‍മ്മ ക്ഷേത്രേ കുരു ക്ഷേത്രേ" എന്നാണ്.  

ഈ വാചകം മാത്രം വിഗ്രഹിച്ചാല്‍ നമുക്ക് ഗീതയുടെ കാതലായ അര്‍ത്ഥം കിട്ടും. അതായത് ക്ഷേത്രേ ക്ഷേത്രേ ധര്‍മം കുരു എന്ന്

ക്ഷേത്രം എന്നാല്‍ മണ്ഡലം എന്നും അര്‍ത്ഥമുണ്ട്. അതോടു കൂടി കര്‍മം എന്ന വാക്ക് ചേര്‍ക്കുമ്പോള്‍ നമുക്ക് കര്‍മ കണ്ഡലം എന്ന് ചേര്‍ത്ത് വായിക്കാം.  

അപ്പോള്‍ ഈ വാചകത്തിന്‍റെ അര്‍ത്ഥം, അതാതു കര്‍മ്മ മണ്ഡലങ്ങളില്‍ അതാത് ധര്‍മ്മം ചെയ്യൂ എന്നാകും. ധര്‍മം എന്ന വാക്ക് ധൃ ധാതുവില്‍ നിന്നുണ്ടായതാണ്. അതിനര്‍ത്ഥം താങ്ങി നിറുത്തുന്ന, സൂക്ഷിക്കുന്ന എന്നൊക്കെയാണ്. അതായത് ഒരു വസ്തുവിന്‍റെ ധര്‍മം അതിന്‍റെ പ്രത്യക്ഷ ഗുണമാകുന്നു

സൂര്യന്‍റെ ധര്‍മം പ്രകാശവും താപവുമാകുന്നു. തീയിന്‍റെ ധര്‍മം പ്രധാനമായും ചൂടാകുന്നു. അപ്പോള്‍ നാം നമ്മുടെ കര്‍മ മണ്ഡലങ്ങളില്‍ ധര്‍മ്മാനുസാരം ജോലി ചെയ്യുകയാണെങ്കില്‍ പല വലിയ ആശയ കുഴപ്പങ്ങളും ഒഴിവാക്കാം.

ഇത് മനസ്സിലാക്കി ഭഗവദ് ഗീതയുടെ അടുത്ത തലത്തിലേക്ക് കടന്നാല്‍ നമുക്ക് മനസ്സിലാകും ആ കര്‍മ്മം നിഷ്കാമമായി ചെയ്യണമെന്ന്

നിഷ്കാമമായി ചെയ്‌താല്‍ നമുക്ക് ഫലത്തെ കുറിച്ചുള്ള ആകാംക്ഷ ഇല്ലാതാകുന്നു. ആകാംക്ഷ ഇല്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍ കൂടുതല്‍ ഫല പ്രാപ്തിയില്‍ എത്തുന്നു. ഇതു തന്നെയാണ് മോഡേണ്‍ മാനേജ്മെന്റും അനുശാസിക്കുന്നത്.

ഗീത അനുശാസിക്കുന്ന അടുത്ത തലത്തിലേക്ക് കടന്നാല്‍ മനസ്സിലാകും, ഏതു പ്രവൃത്തിയും അര്‍പ്പണ ബോധത്തോടെ ചെയ്യണമെന്ന്.  

അര്‍പ്പണ ഭാവം എന്നാല്‍ താന്‍ ആണ് ഇതു ചെയ്യുന്നത് എന്ന ഭാവം ഇല്ലാതെ ചെയ്യുന്ന പ്രവൃത്തി. ഒരുവന്, തന്നെക്കൊണ്ട് ഒരു പ്രവൃത്തി ചെയ്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കണമെങ്കില്‍ പല സാഹചര്യങ്ങള്‍ ഒത്തു ചേര്‍ന്നു വരണം. ആ എല്ലാ സാഹചര്യങ്ങളും ഒരാള്‍ തന്നത്താന്‍ വിചാരിച്ചാല്‍ മാത്രം വന്നു ചേരുക സാദ്ധ്യമല്ല

അതിനു പ്രകൃതിയുടെ അഭിപ്രായ സമന്വയം വേണം. ആ അഭിപ്രായ സമന്വയത്തിനുള്ള മാനങ്ങള്‍(dimensions) ചിന്തിച്ചാല്‍ മനസ്സിലാകും, താന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും നാം കാണാത്ത എത്രയോ മാനങ്ങള്‍ ഉണ്ടെന്ന്. ആ മാനങ്ങള്‍ പരസ്പര പൂരകങ്ങളായി വരണമെങ്കില്‍ പ്രകൃതിയുടെ ഏതെല്ലാം കോണില്‍ നിന്നുള്ള സഹായം വേണം.  

അപ്പോള്‍ മനസ്സിലാകും മറ്റു പല ശക്തികളുടെയും സഹായത്തോടെ ചെയ്യുന്ന പ്രവൃത്തിയില്‍ താന്‍ അവകാശപ്പെടുന്ന കര്‍തൃത്വ വിഹിതം തുലോം തുച്ഛമാണ് എന്ന്. ഇതു മനസ്സിലാക്കി ചെയ്യുന്ന പ്രവൃത്തികള്‍ സമര്‍പ്പണ ഭാവത്തോടു കൂടിയതാകും

മോഡേണ്‍ മാനേജ്‌മന്റിന്‍റെ കാഴ്ചപ്പാടും ഇതു തന്നെയാണ്. ഒരു പരിധി കഴിഞ്ഞാല്‍ കര്‍തൃത്വ ഭാവം വിടുക, അല്ലെങ്കില്‍ ആ പ്രവൃത്തി എങ്ങനെ പൂര്‍ത്തിയാക്കണമെന്ന ആകാംക്ഷയില്‍ താന്‍ സ്വയം എരിഞ്ഞു ആരോഗ്യവും സ്വസ്ഥതയും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും.

കര്‍മണേൃവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ ഫല ഹേതുര്‍ഭൂ മാ തേ സംഗോസ്ത്വകര്‍മണി Ch 2-47

പക്ഷേ ഇതു മനസ്സിലായി എന്ന് കരുതി, പ്രകൃതി തന്നെ തനിക്ക് എല്ലാത്തിനും ഒത്താശ ചെയ്തു തരും എന്ന് വിചാരിച്ചു കര്‍മം ചെയ്യാതിരിക്കാമോ...അതും പാടില്ല.  

താന്‍ തിരഞ്ഞെടുത്ത കര്‍മ്മ മണ്ഡലത്തിനനുശ്രുതമായി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കണം. കര്‍മം ചെയ്തു മുന്നോട്ടു പോകുന്നവര്‍ക്കേ പ്രകൃതി ഒത്താശകള്‍ ചെയ്തു തരൂ. ഇതാണ് ശ്രീ കൃഷ്ണന്‍റെ അടുത്ത മഹത്തായ സന്ദേശം.

പ്രാപഞ്ചിക വൃത്തികളില്‍ മുഴുകി കഴിയുന്ന നമുക്ക് അതിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിപ്പോകാതെ മുന്നോട്ടു പോകണമെങ്കില്‍ ഭഗവാന്‍റെ ഈ സന്ദേശം അല്‍പ്പമെങ്കിലും ഉള്‍ക്കൊണ്ടാല്‍ വളരെ സഹായകമാകും എന്നെനിക്കു തോന്നുന്നു.

ഓരോ അദ്ധ്യായങ്ങളില്‍ ഓരോ ജീവിതായോധന കലകളെ പ്രത്യേകം പ്രത്യേകം പ്രതിപാദിച്ച് അവസാന അദ്ധ്യായമായ 18-) അദ്ധ്യായത്തില്‍ നേരത്തേ പറഞ്ഞെതെല്ലാം ഒന്നുകൂടി ആവര്‍ത്തിച്ചു ഊന്നി പറയുന്നു. ശരിക്കും ആത്മാര്‍ത്ഥതയുള്ള ഒരു അദ്ധ്യാപകന്‍ പഠിക്കാന്‍ താല്പര്യമുള്ള ഒരു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ.

ഉപസംക്രമം എന്ന രീതിയില്‍ ഭഗവാന്‍ പറയുകയാണ്, ഈ ഔന്നത്യത്തില്‍ എത്തുന്ന ഒരു വിദ്യാര്‍ഥി - ഭക്തിയുടെ അവസാനത്തെ പടിയും കടന്നു വരുന്ന ഒരുവന്‍ - പാരമ്യതയില്‍ എത്തുന്ന ഒരുവന്‍ - ഞാനുമായി ഒത്തു ചേരുന്നു.

അവന്‍ പ്രകൃതിയുമായി ഒത്തു ചേരുന്നു. പ്രകൃതിയില്‍ നടക്കുന്ന ഓരോ ചലനങ്ങളും അവന്‍റെ സ്പന്ദനങ്ങളായി അവനു തോന്നുന്നു.

അവസാനം ഇതെല്ലാം കേട്ടു നിന്ന സഞ്ജയന്‍, യുദ്ധ ഭൂമിയിലെ എല്ലാ സ്പന്ദനങ്ങളും അതേപടി, അന്ധനായ ദൃതരാഷ്ട്രരുടെ ദ്രിഷ്ടിയില്‍ പതിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ ദ്രിക്സാക്ഷി വിവരണക്കാരന്‍ പറയുകയാണ്‌:

യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ Ch 18-78

എവിടെയൊക്കെ യോഗത്തിന്‍റെ - കൂടിച്ചേരലിന്‍റെ ഈശ്വരന്‍- കൃഷ്ണനുണ്ടോ, എവിടെയൊക്കെ ധനു - വില്ല് ധരിച്ചിരിക്കുന്ന പാര്‍ഥനുണ്ടോ അവിടെയൊക്കെ തീര്‍ച്ചയായും സമ്പത്തും വിജയവും, ശക്തിയും നീതിയും ഉണ്ടാകുമെന്നാണ് എന്‍റെ അഭിപ്രായം.

ഇത്തരത്തില്‍ ഭഗവദ് ഗീത എന്ന മഹാ സാഗരത്തില്‍ മുങ്ങി തപ്പുന്ന ഓരോരുത്തര്‍ക്കും അവരവരുടെ ജീവിത പന്ഥാവിനുതകുന്ന ഓരോ അമൂല്യ നിധി കിട്ടുമെന്നെനിക്കുറപ്പുണ്ട്. അതിനായി പ്രകൃതി നമ്മളെ അനുഗ്രഹിക്കട്ടെ….














3 comments:

  1. Raviettan...nannayittundu...super...I could connect with what you said...keep writing...

    ReplyDelete
  2. എഴുതുക ഇനിയും എഴുതുക

    ReplyDelete