Sunday, 18 March 2018

ചന്ദിരാ താരങ്ങളേ.....







ഞാനും അയ്യപ്പന്‍ കുട്ടിയും വലിയ കൂട്ടുകാരാണ്. ഞങ്ങളുടെ ഇടയിലെ 11 വയസ്സു വ്യത്യാസമൊന്നും ഞങ്ങള്‍ക്ക് കാര്യമല്ല. പ്രത്യേകിച്ചും 11 വയസ്സുകാരനായ എനിക്ക്.

എനിക്ക് എന്തും, കണ്ടും കേട്ടും തൊട്ടും തലോടിയും രുചിച്ചും മനസ്സിലാക്കുവാനുള്ള ആഗ്രഹം. പാടത്തെക്കുറിച്ചും, പശുക്കളെക്കുറിച്ചും, തെങ്ങിനെക്കുറിച്ചും പനയെക്കുറിച്ചും ഒക്കെ എപ്പോഴും ഒരുപാടു സംശയങ്ങള്‍ ആണ്. അവരെക്കുറിച്ചോക്കെ എന്തും ചോദിച്ചറിയാവുന്ന ഒരു നിഘണ്ടുവാണ് അയ്യപ്പന്‍കുട്ടി.
തരം കിട്ടിയാല്‍ ഞാന്‍ ഏതു കൃഷിപ്പണിക്കും അയ്യപ്പന്‍ കുട്ടിയുടെ കൂടെ ഉണ്ടാകും. കന്നു പൂട്ടാനും, നെല്ല് വിതക്കാനും, നടാനും, കിളയ്ക്കാനും ഒക്കെ.

തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ പെയ്യുന്ന പെരുമഴയത്ത്, കറുത്തിരുണ്ട ആകാശം, വെട്ടിത്തിളങ്ങുന്ന ഉറുമി ചുഴറ്റി അട്ടഹസിക്കുമ്പോള്‍ വീട്ടിലെ കാരണവര്‍ പറയുന്നത് കേള്‍ക്കാം, എടോ ഇങ്ങനെ മഴ പെയ്താല്‍ ഇട്ട വളമോക്കെ ഒലിച്ചു പോകൂല്ലോ, ആ വെള്ളം ഒന്നു തിരിച്ചു വിടടാ അയ്യപ്പന്‍ കുട്ടീ. അത് കേള്‍ക്കേണ്ട താമസം, ഞാന്‍ അയ്യപ്പന്‍ കുട്ടിയോടൊപ്പം തയ്യാര്‍.
‍
തൊപ്പിക്കുട തലയില്‍ ഇടാന്‍ നല്ല രസമാണ്. കരിമ്പനപ്പട്ട കൊണ്ടുണ്ടാക്കിയ നിറയെ ഈര്‍ക്കിലകള്‍ നിറച്ച വലിയ വട്ടമുള്ള കുടയ്ക്ക് നടുവില്‍ പാള കൊണ്ടൊരു തൊപ്പി. അത് വലിയ തലകള്‍ക്ക് പാകമായി ഉണ്ടാക്കിയതുകൊണ്ട്, എന്‍റെ തലയും മുഖവും അടക്കം താടി വരെ ആ തോപ്പിക്കുള്ളിലേയ്ക്ക് ഇറങ്ങിയിരിക്കും. കുട തലയില്‍ ഇരിയ്ക്കാന്‍ എനിക്ക് കുറച്ചു ബുദ്ധിമ്മുട്ടണം, കാരണം എല്ലാം ലൂസല്ലേ...

കുടയ്ക്ക് മുകളിലെ മഴയുടെ താളം ഇപ്പോള്‍ എന്‍റെ കാതുകള്‍ക്ക് നന്നായി ആസ്വദിക്കാം. മഴ കൂടുമ്പോള്‍ താളം മുറുകും, പിന്നെ കുറച്ചൊന്നു അയയും, പിന്നെയും കൂടും, അങ്ങനെ...അങ്ങനെ... തായമ്പകയുടെ ഒരു താളാത്മകത ഉണ്ട് മഴയ്ക്ക്. ഇടക്ക് കതനാ വെടിയുടെ പോലെ ഓരോ ഇടി വെട്ടും. ഇടി വെട്ടിയാല്‍ താളം മുറുകും.

പാടത്ത് വരമ്പു മുട്ടെ ചുവന്ന് കലങ്ങിയ വെള്ളം. വെള്ളം എങ്ങോട്ട് പോകണമെന്ന് അറിയാതെ നിന്ന് പരുങ്ങുന്നു. പക്ഷെ അയ്യപ്പന്‍ കുട്ടി ഒരു വിദഗ്ദ്ധനെപ്പോലെ രണ്ട് ചെത്ത്‌ ഈ വരമ്പില്‍, രണ്ട് ചെത്ത്‌ ആ വരമ്പില്‍, വെള്ളം അനുസരണയോടെ ഒരു ഭാഗത്ത്‌ കൂടി ഒഴിഞ്ഞു പോകുന്നത് കാണാം.

പാടത്ത് നെല്‍ചെടികള്‍ നാമ്പെടുത്തു. ഒരു പുതു ജീവന്‍റെ തുടിപ്പ് ആ നാമ്പിലൂടെ പുറത്തു വന്നു. അവ വളര്‍ന്നു വലുതായി, പച്ചയുടെ പകിട്ട് മാറി മാറി പരക്കുന്നത് കണ്ടു. ആ നെല്‍ച്ചെടികളില്‍ കതിര്‍ പോട്ടിളുകള്‍ തിങ്ങി നിറഞ്ഞു. അവ പുറത്തേക്ക് എത്തി നോക്കാന്‍ തുടങ്ങിയതോടെ പാടത്തിന്‍റെ നിറം പച്ചയില്‍ നിന്നും സ്വര്‍ണ്ണമയമായി മാറി.

സ്വര്‍ണ്ണ നിറത്തിലുള്ള ആ കതിര്‍മണികള്‍ കൊയ്യാന്‍,‍ തത്തയും, മൈനയും, കാക്കയും, കൊറ്റിയും ഒക്കെ കൂട്ടം കൂട്ടമായി പറന്നെത്തി, കൂടെ ചിങ്ങവും, ഞങ്ങളും.

കൊയ്ത്തിന്‍റെ പിറ്റേന്ന് അയ്യപ്പന്‍ കുട്ടി പറഞ്ഞു, ഇന്ന് പാടത്ത് കാവല്‍ കിടക്കേണ്ടി വരും. കറ്റയെല്ലാം കറ്റക്കളത്തില്‍ എത്തിയിട്ടില്ല.

ഇതുകേട്ട എന്‍റെ മനസ്സില്‍ സന്തോഷം പൊട്ടി വിടര്‍ന്നു. കാവല്‍ കിടക്കാന്‍ പോകാന്‍ പറ്റിയാല്‍ അത് ഒരു നല്ല സാഹസിക രാവ് തന്നെ ആയിരിക്കും. വീട്ടില്‍ നിന്ന് ഏഴെട്ടു കിലോമീറ്റര്‍ ദൂരെയുള്ള കല്ലടിക്കോടന്‍ പാടത്ത് മുമ്പൊരിക്കല്‍ കന്നുകളെയും കൊണ്ട് ഞാനും പോയിട്ടുണ്ട്.

അന്ന്, വഴിയിലെ കഠിന ചൂടില്‍ നിന്നും രക്ഷപ്പെടാന്‍, വീട്ടില്‍ നിന്ന്‍ അതിരാവിലെ ആണ് ഇറങ്ങിയത്. കരിമ്പനും ചെമ്പനും അവയുടെ കഴുത്തിലെ ചെറിയ കുടമണികള്‍ കിലുക്കിക്കൊണ്ട് മുന്നില്‍ നടക്കുന്നു. പുറകെ പണിക്കാര്‍ കൈക്കോട്ട്, കലപ്പ, നുകം എന്നീ സാമഗ്രികള്‍ക്കൊപ്പം. കൂടാതെ ഉച്ചക്ക് കഴിക്കാനുള്ള ചോറ് ചോറ്റുപാത്രത്തില്‍.

പുതിയ സ്ഥലം കാണാനുള്ള ആവേശത്തില്‍ ഞാന്‍ തെരുവോരക്കാഴ്ചകള്‍ കണ്ടു കൊണ്ട് നടന്നു. കൂടെയുള്ളവര്‍ ഏതോ നാടന്‍ പാട്ടിന്‍റെ ശീലുകള്‍ തട്ടിവിടുന്നുണ്ട്‌.

ഞങ്ങള്‍ എല്ലാവരും സത്രം കാവ് പുഴയില്‍ ഒന്നിറങ്ങി. മുഖവും കാലും കഴുകി. കൂടെ കരിമ്പനും ചെമ്പനും. എല്ലാവരും ഒന്ന് ഉഷാറായി.

പുഴയും കടന്ന് കുന്നുകള്‍ കയറി ഇറങ്ങി പാടത്തെത്തിയപ്പോള്‍, അതാ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശം.

സൂര്യന്‍ ഉദിച്ചു വരുന്നത് കിഴക്കേ മലയുടെ മുകളില്‍ നിന്ന്. ഇരുണ്ട നീല നിറത്തിലുള്ള മലകളുടെ ഒരു നീണ്ട നിര തന്നെ. ഒറ്റ നോട്ടത്തില്‍ ഏതോ ഒരു രാക്ഷസന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് പോലെ തോന്നും. രാക്ഷസന്‍റെ വയറു ഭാഗത്തു നിന്നും വെള്ളി അരഞ്ഞാണം പോലെ ചെറിയ നീര്‍ച്ചാല്‍ തൂങ്ങിക്കിടക്കുന്നു.

മലയുടെ താഴ്വരയിലൂടെ നോക്കെത്താദൂരം പച്ചയും ചുവപ്പും കലര്‍ന്ന ചതുര തട്ടുകള്‍ ചരിഞ്ഞു നീണ്ട് കിടക്കുന്നു. ആ ചതുരങ്ങള്‍ക്കിടയിലൂടെ തെളിനീര്‍ച്ചാലുകള്‍ പതുക്കെ താഴേക്ക് ഒഴുകുന്നു. എത്ര നോക്കിയാലും മതിവരാത്ത കാഴ്ച.

അവിടേക്കാണ് ഇപ്പോള്‍ രാത്രി കാവലെന്ന സാഹസികതയ്ക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്. ഒരു തരത്തിലും വിട്ടു കളഞ്ഞു കൂട.

ഞാന്‍ വീട്ടില്‍ പല നയങ്ങളും അനുനയങ്ങളും നടത്തി സമ്മതം നേടിയെടുത്തു

മൂന്ന്‍ നാല് വലിയ വടികള്‍, കമ്പിളി, വിരിപ്പ്, മടവാള്‍, വലിയ ടോര്‍ച്ച് എന്നീ ചില അവശ്യ സാമഗ്രികളുമായി ഞങ്ങള്‍ വൈകുന്നേരത്തോടെ പുറപ്പെട്ടു.

തലയില്‍ തോര്‍ത്തുകൊണ്ട് ഒരു കെട്ടും കെട്ടി ഇറങ്ങിയപ്പോള്‍ ഒരു വേട്ടക്കാരന്‍റെ മട്ടുണ്ട്.

ഏഴു മണിയോടെ ഞങ്ങള്‍ കാമ്പ് സ്ഥലത്തെത്തി. ഇനിയിപ്പോ ഒരു ടെന്റ് തയ്യാറാക്കണം. അയ്യപ്പന്‍ കുട്ടിയുടെ കരവിരുത് അതിവേഗം പണിയെടുത്തു തുടങ്ങി. വടികളും കറ്റകളും ചേര്‍ത്തു വച്ച് ടെന്റ് ഞൊടിയിടയില്‍ പൊങ്ങി.

ഞങ്ങള്‍ ചുറ്റുമൊന്ന് അവലോകനം നടത്തി. കൊയ്ത കറ്റകളൊക്കെ യഥാ സ്ഥാനത്തുണ്ടോ, പരിസരമൊക്കെ ശരിയാണോ എന്നൊക്കെ.

മുന്‍പ് കണ്ട പര്‍വത രാക്ഷസ രൂപം ഇപ്പോള്‍ ഇരുട്ടില്‍ അലിഞ്ഞു പോയിരിക്കുന്നു. അങ്ങിങ്ങ് ചെറിയ വെളിച്ചങ്ങള്‍, അങ്ങ് മലയുടെ ഉയരങ്ങളില്‍ കാണാം.

നാട്ടു വെളിച്ചത്തില്‍ പാടത്തെ മരങ്ങള്‍ രക്ഷസികളുടെ രൂപം പൂണ്ടു. അവ കാറ്റത്ത്‌, മുടി അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി നൃത്തമാടിക്കൊണ്ടിരുന്നു. അവയില്‍ ചിലതില്‍ നിറയെ മിന്നാമിനുങ്ങുകള്‍ കണ്‍ ചിമ്പിക്കൊണ്ടിരുന്നു.

ചുറ്റിലും ചീവീടുകള്‍ ഒരേ താളത്തില്‍ ശബ്ദമുണ്ടാക്കുന്നു. ഒരു കൂട്ടം നിറുത്തുമ്പോള്‍, മറ്റൊരു കൂട്ടം തുടങ്ങും. തവളകള്‍ ചുറ്റിലും പേക്രോം പേക്രോം പറയുന്നു. ഇടക്ക് പോക്കാച്ചി തവളകള്‍ ബ്ധും എന്ന്‍ വെള്ളത്തിലേക്ക് ചാടുന്ന ശബ്ദം കേള്‍ക്കാം.

ആകാശത്ത് ചന്ദ്രന്‍ ഉദിച്ചിട്ടുണ്ട്‌. അതിന്‍റെ തണുപ്പൂറുന്ന വെളിച്ചം നാടെങ്ങും പരന്നിരിക്കുന്നു. ചന്ദ്രന്‍റെ പ്രഭയാല്‍ ആകാശം നല്ല നീല നിറമായി കാണാം. വെന്മേഘങ്ങള്‍ ചന്ദ്രനു ചുറ്റും തത്തിക്കളിക്കുന്നത് കാണുമ്പോള്‍ ആകാശത്തിന് ആഴം കൂടിയത് പോലെ. കൂടെ ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ എപ്പോഴും കണ്ണു ചിമ്മി തുറന്നു കൊണ്ടിരുന്നു.

അങ്ങ് പാടത്തിന് അക്കരെ കുറുക്കന്‍ ഓരി ഇടുന്നത് കേള്‍ക്കാം. അവന്‍ ഞണ്ടിനെ പിടിക്കാന്‍ ഇറങ്ങിയതായിരിക്കും. ചില പട്ടികള്‍ അതിന് മറുപടി എന്നോണം എന്തൊക്കെയോ പറഞ്ഞു.

കമ്പിളിയും വിരിപ്പുമായി ഞങ്ങള്‍ അകത്ത് കയറിക്കൂടി. എന്തെന്നില്ലാത്ത ഒരു പ്രത്യേക അനുഭൂതി. ആകെ ഒരു വല്ലാത്ത സ്വാതന്ത്ര്യം കിട്ടിയ പ്രതീതി. ഇന്നേ വരെ അറിഞ്ഞിട്ടില്ലാത്ത ജീവ പ്രപഞ്ചത്തിന്‍റെ തോട്ടുരുമ്മല്‍. രാത്രിയില്‍ ആണ് കൂടുതല്‍ ജീവികള്‍ ഉണര്‍ന്നിരിക്കുന്നത് എന്ന് തോന്നുന്നു.

മുകളില്‍ വൈക്കൊലിന്നിടയിലൂടെ നക്ഷത്രങ്ങള്‍ കണ്‍ ചിമ്മുന്നത് കാണാം. ഇരു വശത്തു നിന്നും നനുത്ത തണുപ്പുള്ള കാറ്റ് പുതപ്പിനുള്ളിലൂടെ ഊളമിട്ടു കടന്നു പോയി. രാത്രിയില്‍ എന്‍റെ ഉറക്ക മുറിയും എന്നും ഇങ്ങനെ ആകണം. നിലത്തു വിരിച്ചിട്ട കമ്പിളിക്കിടയിലൂടെ നെല്‍ച്ചെടിക്കുറ്റികള്‍ പതുക്കെ അവിടെയും ഇവിടെയും കുത്തുന്നു. പക്ഷെ അതൊക്കെ ഒരു പ്രത്യേക സുഖം പകരുന്നു.

അയ്യപ്പന്‍ കുട്ടി കുറെ വീര കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു. പതുക്കെ കണ്ണിണയില്‍ നിദ്രാ ദേവി തലോടി.

പെട്ടെന്ന് ഒരു ബഹളവും ശബ്ദവും കേട്ടാണ് ഉണര്‍ന്നത്. കുറച്ചു ദൂരെ നിന്ന് ചെടികള്‍ ഒടുഞ്ഞമരുന്ന ശബ്ദം. ഞാന്‍ ചാടി എണീറ്റ് ചുറ്റിലും നോക്കി. അയ്യപ്പന്‍ കുട്ടി ഉണര്‍ന്ന് ഇരിക്കുന്നു. ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാട്ടി. ഒരു ഇരുനൂറടി ദൂരെ ആയി പാടത്തിന്‍റെ കരയില്‍ ആനക്കൂട്ടം വന്നിരിക്കുകയാണ്. ചെറിയ കുട്ടികളടക്കം അഞ്ചെട്ടു പേരുണ്ട്.

അവരെങ്ങാന്‍ ഇങ്ങോട്ട് വന്നാല്‍... ഉദ്വേകവും ജിജ്ഞാസയും നിറഞ്ഞ നിമിഷങ്ങള്‍. അവര്‍ കൊയ്തു വച്ച കറ്റകള്‍ ഒന്നൊന്നായി അകത്താക്കുന്നു. ഞങ്ങള്‍ കാവല്‍ കിടക്കുന്നത്, ആരും നെല്ല് കൊണ്ടുപോകാതിരിക്കാനാണ്. പക്ഷേ ഇപ്പോള്‍ ഇവിടെ ഒന്ന് ഒച്ചയുണ്ടാക്കാന്‍ പോയിട്ട്, ഒന്ന് ശ്വാസം വിടാന്‍ വയ്യാത്ത അവസ്ഥ.

അയ്യപ്പന്‍ കുട്ടി പേടിക്കണ്ട എന്ന് ആംഗ്യം കാട്ടി. അവര്‍ ഇങ്ങോട്ട് ഇറങ്ങില്ലത്രേ. അവര്‍ക്ക് വേണ്ടത് അവിടെ തന്നെ ഉണ്ടല്ലോ..
നേരം പര പരാ വെളുത്തു തുടങ്ങുന്നു. കുറച്ചു നേരത്തെ അവരുടെ നെല്‍ക്കൊയ്ത്തു കഴിഞ്ഞ് അവര്‍ അക്കരയ്ക്ക് തന്നെ മടങ്ങിപ്പോയി.

ഞാന്‍ ഒന്ന് നേരെ ശ്വാസം വിട്ടു. മടവാളും, വടിയും അഞ്ചുകട്ട ടോര്‍ച്ചുമായി കാവല്‍ കിടന്ന ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.

പതുക്കെ വടിയും ടോര്‍ച്ചുമെല്ലാം എടുത്ത്, അടുത്തുള്ള ചാലിലെ തെളിനീരില്‍ മുഖം കഴുകി ഞങ്ങള്‍ തിരിച്ചു യാത്രയായി.







Sunday, 4 February 2018

ഭാന്ഗഡില്‍ ഭൂതമോ...(The most haunted fort in India)









സരിസ്കയിലെ കുളിരുന്ന പ്രഭാതത്തില്‍ പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ ഭൂതത്തെ കാണാനുള്ള പുറപ്പാടിലാണ്.

സരിസ്ക വനപ്രദേശത്തില്‍, അരാവലി മല നിരകളോട് ചേര്‍ന്ന് ഏകദേശം 60 കി മി ദൂരത്തായാണ് ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന കോട്ടകളില്‍ ഒന്നായ ഭൂതത്താന്‍റെ കോട്ട എന്ന്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഭാന്ഗഡ് സ്ഥിതി ചെയ്യുന്നത്.

ഞങ്ങള്‍ ഗൂഗിള്‍ അങ്കിളിന്റെ കൂട്ടു പിടിച്ച് പുറപ്പെടാന്‍ തീരുമാനിച്ചു. അങ്കിളെവിടെടേ...എന്ന്‍ സാരഥിയായ സുഹൃത്ത്. ഞാന്‍ ഗൂഗിള്‍ മാപ്പില്‍ തോട്ടപ്പോള്‍ ഒരു കിളി നാദം... 'വേഗം പുറപ്പെടൂ' എന്നു ഞങ്ങളോട് പറയുന്നു. ഇഗ്ലീഷിലാണെങ്കിലെന്താ നമ്മുടെ ഹൃദയം തോട്ടല്ലേ അവര് വര്‍ത്തമാനം പറയുന്നത്. ഈ മണി നാദം കേട്ടാല്‍ വണ്ടി ഓടിച്ചു കൊണ്ടേ ഇരിക്കാന്‍ തോന്നും എന്ന് സാരഥി സുഹൃത്ത്. ആ മണി നാദം ഒഴുകി വരുമ്പോള്‍ ഞങ്ങളില്‍ പലരും ആ ശബ്ദത്തിന്‍റെ ഉടമയെ ഉള്ളാലെ കാണാതിരുന്നില്ല…!!

നിരത്തില്‍ അധികം വാഹനങ്ങള്‍ എതിരേ വരുന്നത് കണ്ടില്ല, അതുകൊണ്ട് തന്നെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു കൊണ്ടാണ് ഞങ്ങള്‍ നീങ്ങിയത്. ഇത് കണ്ടറിഞ്ഞു കൊണ്ടാകണം ഗൂഗിള്‍ അംഗന പല നാഴികകളോളം ഒന്നും ഉരിയാടിയില്ല.

അംഗന പറയുന്ന വഴിയെ ഞങ്ങള്‍ വണ്ടി ഓടിച്ചു.  ചുറ്റും ഇരുണ്ട കൊച്ചു മലകള്‍. ആ കൊച്ചു മലകള്‍ക്കു മുകളിലായി നല്ല ഇളം നീലാകാശം. പരന്ന താഴ്വരകളില്‍ പച്ചപ്പു നിറഞ്ഞ കൊച്ചു കൊച്ചു കൃഷിത്തടങ്ങള്‍. സത്യത്തില്‍ വണ്ടി ഓടിച്ചു കൊണ്ടേ ഇരിക്കാന്‍ തോന്നും.

വഴിയില്‍ പലയിടത്തും മലമുകളില്‍ കൊച്ചു കോട്ടകള്‍ കാണാനുണ്ട്. അവയിലേക്ക് എത്തിചേരാനുള്ള വഴികള്‍ ദുര്‍ഘടങ്ങള്‍ ആണ്. ചരിത്രമുറങ്ങുന്ന ഈ സ്മാരകങ്ങള്‍ക്ക് നൂറ്റാണ്ടുകളിലെ അനേകായിരം കഥകള്‍ പറയാനുണ്ടാകും.

ഭാരതത്തിലെ രാജാക്കന്‍മാര്‍ക്ക് മലകളാല്‍ ചുറ്റപ്പെട്ട ഈ ഭൂപ്രദേശം കണ്ടപ്പോള്‍ അവരുടെ ശക്തി ദുര്‍ഗ്ഗം, പ്രകൃതി കനിഞ്ഞരുളിയ ഈ പ്രദേശത്തു തന്നെ ആകണം എന്ന് തോന്നിയതില്‍ തെല്ലും അതിശയമില്ല. അതുകൊണ്ട് തന്നെ ആയിരിക്കാം രാജസ്ഥാനിലെ ഈ ഭൂപ്രക്രുതിയില്‍ ഇത്ര അധികം കോട്ടകള്‍ പൊട്ടി മുളച്ചത്.

ഞങ്ങള്‍ വഴിയില്‍ ബിജാക് കി പഹാഡി എന്ന സ്ഥലത്തേക്ക് തിരിഞ്ഞു. ഇത് ഒരു ചെറിയ കുന്നിന്‍ പ്രദേശം ആണ്. നിറയെ കുറ്റിച്ചെടികളും ചെറു മരങ്ങളും നിറഞ്ഞ പ്രദേശം. മുകളിലേക്ക് കയറാന്‍ നല്ല ചരിഞ്ഞ വഴി ഉണ്ടാക്കിയിട്ടുണ്ട്.

അധികം കയറ്റം കയറി ശീലമില്ലാത്ത ഞങ്ങള്‍ക്ക് ഈ കയറ്റം അത്ര നിസ്സാരമായി തോന്നിയില്ല. കുട്ടികള്‍ നന്നായി ആസ്വദിക്കുന്നുണ്ട്. തണുപ്പ് കാലമായതിനാല്‍ സൂര്യന്‍ നിലാവുപോലെ വെളിച്ചം തൂവുന്നു. സുഖമുള്ളൊരു ചൂട് ഞങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്കുള്ളില്‍ നിറയുന്നതായി തോന്നി.

കുന്നിന്‍റെ മുകളില്‍ എത്തിയപ്പോഴേക്കും ഓന്തിന്റെ ആകൃതിയിലുള്ള ഒരു വലിയ പാറ ഞങ്ങളെ എത്തിനോക്കുന്നത് ഞങ്ങള്‍ കണ്ടു. ഇത്ര ഭീമാകാരനായ ഒന്തോ.. ഈ ആകൃതിയിലുള്ള പാറ എങ്ങനെ ഇങ്ങനെ നില്‍ക്കുന്നു. ഞങ്ങളില്‍ പലരും അതിശയം പ്രകടിപ്പിച്ചു.

അതിന് തൊട്ടടുത്തു തന്നെ കമ്പി വേലിയാല്‍ ചുറ്റപ്പെട്ട് ഒരു പ്രദേശം.
അവിടെ 26 അഷ്ട കോണുകളുള്ള സ്തംഭങ്ങളാല്‍ വൃത്താകാരം ‍ ഉണ്ടാക്കിയിരിക്കുന്നു. ഇത് മൌര്യ സാമ്രാജ്യ കാലത്ത് അശോകന്‍ പണിത സ്തൂപങ്ങളില്‍ ഒന്നാണെന്ന് ഇവിടത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശിലാ ഫലകത്തില്‍ എഴിതി വച്ചിരിക്കുന്നു. ഇത് ക്രിസ്തുവിനു മുന്പ് ഏകദേശം 3 -)o ശതകത്തില്‍  നിര്‍മ്മിച്ചതാണത്രെ. 1935 - 36 ല്‍ നടത്തിയ പുരാ വസ്തു ഗവേഷണത്തില്‍ ഈ കുന്നിന്‍ മുകളില്‍ കണ്ടെടുത്തതാണത്രെ ഇത്. ഈ അശോക സ്തൂപം പുരാ വസ്തു ഗവേഷകരില്‍ വളരെ പ്രസിദ്ധമാണ്. 

 

 

കൂടാതെ ഈ പ്രദേശത്താണത്രേ, മഹാഭാരത കഥയില്‍ പ്രതിപാദിച്ചു കാണുന്ന മല്‍സ്യ രാജ്യത്തിന്‍റെ തലസ്ഥാനമായ വിരാട് നഗരം ഉണ്ടായിരുന്നത്. ഇവിടെയാണത്രേ പാണ്ഡവര്‍ അവരുടെ 12 വര്‍ഷത്തെ വനവാസത്തിന് ശേഷമുള്ള ഒരു വര്‍ഷത്തെ അജ്ഞാത വാസം അനുഷ്ഠിച്ചത്. ഇവിടത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശം കണ്ടാല്‍ മനസ്സിലാകും പാണ്ഡവര്‍ എന്തിനാണ് ഈ സ്ഥലം തന്നെ അജ്ഞാത വാസത്തിന് തിരഞ്ഞെടുത്തതെന്ന്....!!!
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പഴഞ്ചൊല്ല് അപ്പോള്‍ ഓര്‍മ്മ വന്നു....

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന സ്ഥലമാണ് ഞങ്ങള്‍ ഇപ്പോള്‍ കാണുന്നത്. മല്‍സ്യ രാജ്യ കാലം - അതായത് ഏകദേശം 5500 വര്‍ഷം മുന്‍പ് മുതല്‍ മൌര്യ സാമ്രാജ്യത്തിലൂടെ മുങ്ങി മുഗള്‍ സാമ്രാജ്യത്തിലൂടെ പൊങ്ങി ഇന്നീക്കാണുന്ന സ്വതന്ത്ര ഭാരതത്തിലൂടെ പ്രവഹിക്കുന്ന ഈ ചരിത്ര നദി ഒഴുകിക്കൊണ്ടേ ഇരിക്കുകയാണ്. അനന്തമായി മുന്‍പോട്ടും പുറകോട്ടും നീളുന്ന ചരിത്ര നദി.

പാണ്ഡവരോടും അശോക സാമ്രാട്ടിനോടും യാത്ര പറഞ്ഞ് ഞങ്ങള്‍ വീണ്ടും യാത്ര പുറപ്പെട്ടു.

യാത്രക്കിടയില്‍ പല കോട്ടകളും റോഡിന് ഇരു വശവുമുള്ള കറുപ്പും നീലയും കലര്‍ന്ന മലകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം.

റോടിനിരുവശവും പലയിടത്തും കടുക് കൃഷി ചെയ്തിരിക്കുന്നു. കടുകിന്‍റെ   മഞ്ഞപ്പൂക്കള്‍ അവിടെ റോടിനിരുവശവും മഞ്ഞപ്പരവതാനി വിരിച്ചിരിക്കുന്നു. കുറച്ചപ്പുറത്ത്‌ പച്ചയും സ്വര്‍ണ നിറവും കലര്‍ന്ന ഗോതമ്പ് വയലുകള്‍. ഇടക്കിടക്ക് ഇരുണ്ട പച്ച നിറഞ്ഞ വന്‍ വൃക്ഷങ്ങള്‍. അതിനപ്പുറത്ത് കരി നീലന്‍ മലകള്‍. മുകളില്‍ നല്ല ഇളം നീല ആകാശം. മങ്ങി പ്രകാശിക്കുന്ന അര്‍ക്കന്‍ ചെറു ചൂടു വെള്ളി രശ്മികള്‍ ഏവരിലും കോരി ഒഴിക്കുന്നു. തൂ വെള്ള മേഘങ്ങള്‍ പഞ്ഞിക്കെട്ടു പോലെ അങ്ങിങ്ങു പാറി നടക്കുന്നു.

എന്‍റെ നീലാകാശം നിറയെ വെള്ളി മുകില്‍ മാലാ... എന്ന് ഓ എന്‍ വി കുറുപ്പ് പാടിയത് ഇവിടം കണ്ടിട്ടായിരിക്കുമോ...എന്തായാലും എനിക്ക് ഈ കവിത ഉറക്കെ പാടാന്‍ തോന്നി....!!

ഞങ്ങള്‍ ഈ സ്ഥലം മുഴുവന്‍ കാമറയിലൂടെ ഊറ്റിക്കുടിക്കുവാന്‍ തീരുമാനിച്ചു. എത്ര കുടിച്ചാലും മതിവരാത്ത, വര്‍ണ്ണ ജാലങ്ങള്‍ ഒഴുകുന്ന വറ്റാത്ത ഉറവ.

കൂടെയുള്ള പെണ്ണുങ്ങള്‍ അവരുടെ ചന്തക്കുപ്പായങ്ങള്‍ ഈ കാന്‍വാസിനോടു ചേര്‍ത്തു പിടിച്ചു ചാഞ്ഞും ചരിഞ്ഞും നിന്നു. ഞങ്ങള്‍ ആ ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ശ്രമിച്ചു...

എനിക്കാണെങ്കില്‍ ആ നീലാംബരത്തിലെ ഒരു വെള്ള മുകില്‍ ആകാനായിരുന്നു മോഹം.., നീല വിഹായസ്സില്‍ യാതൊരു ബന്ധനങ്ങളുമില്ലാതെ മന്ദ മാരുതനൊത്തു തെന്നി തെന്നി ഇവിടമാകെ വിഹഗ വീക്ഷണം നടത്താന്‍....ഈ മലകളൊക്കെ കൊച്ചു കുടകള്‍ കമഴ്ത്തി വച്ചിരിക്കുന്നതായേ അങ്ങു മുകളില്‍ നിന്ന്‍ തോന്നൂ...

ഇനി ഭാന് ഗഡിലേക്ക് അധികം ദൂരമില്ല. പക്ഷേ വഴി അത്ര നല്ലത് അല്ലാത്തത് കൊണ്ട് യാത്ര പതുക്കെ ആണ്. ഗൂഗിള്‍ അംഗന പലയിടത്തും റോഡുകളെ അറിയാത്ത രീതിയില്‍ ആണ് പറഞ്ഞത്. ഞങ്ങള്‍ ലാവണ്യ മുഗ്ധതയില്‍ ആയിരുന്നതു കൊണ്ട് അതു കേട്ടിരിക്കാനുമിടയില്ല.

ഉച്ചക്ക് ഒരു മൂന്നു മണിയോടെ ഞങ്ങള്‍ ഭാന് ഗഡില്‍ എത്തി. പ്രതീക്ഷിച്ചതിലും വളരെ അധികം തിരക്ക്. ആളുകള്‍ കോട്ടക്കുള്ളിലെ ഭൂതത്തെ കാണാന്‍ ഒഴുകുകയാണ്.

കാര്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. അന്‍പതു രൂപ പാര്‍ക്കിങ് ചാര്‍ജ് കൊടുത്ത് ഒരു തരത്തില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ കോട്ടക്കടുത്തേക്ക് നടന്നു.

മുന്നില്‍ തന്നെ ഒരു വലിയ ഇരുമ്പ് ഗേറ്റ്, രാത്രിയില്‍ ആരും അകത്തേക്ക് കടക്കാതിരിക്കാനായിരിക്കാം. അതോ പ്രേതം പുറത്തു വരാതിരിക്കാനോ...!!!

രാത്രിയില്‍ പ്രവേശനമില്ല എന്ന്‍ അവിടെ എഴുതി വച്ചിട്ടും ഉണ്ട്. ആരോടാണാവോ...

ഈ കോട്ട 17 -)o ശതകത്തില്‍ അന്നത്തെ രാജാവായിരുന്ന രാജാ മാന്‍ സിംഗ് അദ്ദേഹത്തിന്റെ സഹോദരന്‍ മാധവ് സിങ്ങിന് വേണ്ടി പണി കഴിച്ചതാണത്രേ..

കൊച്ചു മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം ശത്രുക്കള്‍ക്ക് എത്തിപ്പെടാന്‍ വളരെ പ്രയാസമുള്ള സ്ഥലമാണ്. എന്നിട്ടുമെന്തേ ഇതു നശിക്കാന്‍…

ഗേറ്റ് കടന്നാല്‍ ഒരു ഹനുമാന്‍ ക്ഷേത്രം ആണ്. പ്രേതത്തെ പേടിയുള്ളവര്‍ക്കൊക്കെ അവിടെ തൊഴാം.. ...അല്ലാത്തവര്‍ക്കും തൊഴാം..

ക്ഷേത്രം കഴിഞ്ഞ ഉടനെ നീണ്ടു പോകുന്ന രാജ വീഥിക്കു ഇരു വശവും കൊച്ചു കൊച്ചു മുറികളുള്ള അങ്ങാടി. മേല്‍ക്കൂരകളെല്ലാം പോയി, ചുമരുകള്‍ മാത്രം ബാക്കി നില്‍ക്കുന്ന, ഒരേ രീതിയില്‍ നിര നിരയായി ഉണ്ടാക്കിയിരിക്കുന്ന നൂറു കണക്കിനു കടകള്‍.

കാലത്തിന്റെ കൊള്ളിയാന്‍ വെട്ടേറ്റ് വിണ്ടുകീറിയ ചുമരുകള്‍.... ചെവിയോര്‍ത്താല്‍ ആ കട കമ്പോളങ്ങളിലെ തിരക്കും ബഹളവും ഇപ്പൊഴും കേള്‍ക്കുന്നുണ്ടോ... കുപ്പി വളകള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ…ആ തിരക്കില്‍ ഞാന്‍ ഒരു പീടികയ്ക്ക് മുന്നില്‍ കുപ്പി വളകള്‍ നോക്കി നില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നൊരു കൊച്ചു ശബ്ദം.. ഈ ചുമരോക്കെ എങ്ങനെയാ പൊട്ടിയത് അങ്കിള്‍, കൊച്ചു മോളുടെ ചോദ്യം.

അതൊക്കെ കാലപ്പഴക്കത്തില്‍ പൊട്ടിപ്പോയതാ മോളെ..ഞാന്‍ മോളുടെ ജിജ്ഞാസ, തെല്ലൊന്നു ശമിപ്പിക്കാന്‍ ശ്രമിച്ചു.

ആ രാജ വീഥിയില്‍ നിന്നു നോക്കിയാല്‍ മുന്നിലുള്ള കറുത്ത മലയില്‍ കറുത്ത കല്ലുകള്‍ കൊണ്ട് തീര്‍ത്ത വളരെ ഉയര്‍ന്നു നില്‍ക്കുന്ന കോട്ട കാണാം. അന്ന് അതിനു ഏഴു നിലകളുണ്ടായിരുന്നുവത്രെ, പക്ഷേ ഇന്ന്‍ നാലു നിലകളേ ഉള്ളൂ. അതും പൊട്ടി പൊളിഞ്ഞ നിലയില്‍. അതിനു പുറകില്‍ അതേ നിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കറുത്ത മല.ഒന്നിനോടൊന്ന് അനുപൂരകങ്ങള്‍.

മുന്നില്‍ നിരന്ന സ്ഥലത്ത് പല കെട്ടിടങ്ങളും ചുമരും മേല്‍ക്കൂരയും പൊളിഞ്ഞ്,  നഷ്ട പ്രതാപങ്ങളുടെ കഥയോതി അങ്ങനെ നില്‍ക്കുന്നു.

ഈ കോട്ട ഈ നിലയില്‍ പൊട്ടിപ്പൊളിയാന്‍ ഉണ്ടായ ഒരു കഥ ഇന്നാട്ടില്‍ വളരെ പ്രചാരത്തില്‍ ഉണ്ട്..

രാജാ മാന്‍ സിംഗ് ഈ കോട്ട പണിയാന്‍ തീരുമാനിച്ചപ്പോള്‍ അവിടെ താമസിച്ചിരുന്ന ബാബാ ബാലോനാഥിനോട് അഭിപ്രായം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു, കോട്ട പണിതോളു പക്ഷേ ആ കോട്ടയുടെ നിഴല്‍ ഒരു കാരണവശാലും ഈ നില്‍ക്കുന്ന കുടിലില്‍ വീഴാന്‍ പാടില്ല. അങ്ങനെ ഉണ്ടായാല്‍ ഈ പട്ടണത്തിനും കോട്ടക്കും നാശം സംഭവിക്കും. അതു പ്രകാരം രാജാ മാന്‍ സിംഗ് കോട്ട പണിതു.

പക്ഷേ പിന്നീട് വന്ന രാജാ മാധവ് സിംഗ് ഇത്തരം വിശ്വാസങ്ങള്‍ മാനിക്കാതെ കോട്ട കുറച്ചു കൂടി ഉയര്‍ത്തി. അതിന്‍റെ നിഴല്‍ ആ കുടിലില്‍ വീഴാന്‍ തുടങ്ങി. അതോടെ കോട്ടയുടെയും പട്ടണത്തിന്‍റെയും നാശം തുടങ്ങി.

വേറൊരു കഥ, സുന്ദരിയായ റാണി രത്നാവതി ഭാന് ഗഡിലെ രാജകുമാരി ആയിരുന്നു. അതീവ സുന്ദരിയായ രാജകുമാരിയെ അന്ന് പലരും മോഹിച്ചിരുന്നു. കൂട്ടത്തില്‍ ഒരു കൂടതന്ത്രക്കാരനും. അയാള്‍ ഈ രാജകുമാരിയെ മയക്കാനായി ഒരു മരുന്ന് ഇത്തറില്‍ ചേര്‍ത്തു കൊടുത്തു. ഇത് എങ്ങനെയോ അറിഞ്ഞ രാജകുമാരി അത് വലിച്ചെറിഞ്ഞു. ഇത് കല്ലായി രൂപം കൊണ്ട് ഈ കൂടതന്ത്രക്കാരന്‍റെ ദേഹത്ത് വീഴുകയും അയാള്‍ മരിക്കാന്‍ ഇടയാകുകയും ചെയ്തു. അതിനു ശേഷം ഈ കോട്ടയും പരിസര പ്രദേശങ്ങളും ഭൂത പ്രേതങ്ങളുടെ ആവാസ കേന്ദ്രമായി.

ഇന്നാട്ടുകാര്‍ ഈ കഥ വിശ്വസിച്ചാലും ഇല്ലെങ്കിലും രാത്രി കാലങ്ങളില്‍ ഈ കോട്ടയില്‍ ആരും വരാറില്ല. സാഹസം കാണിച്ച് വന്നവര്‍ക്കൊക്കെ രാത്രികാലങ്ങളില്‍ പേടി പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രേ. അങ്ങനെ ആണ്, ഇത് ഇന്ത്യയിലെ ഏറ്റവും പേടിപെടുത്തുന്ന കോട്ട ആയി മാറിയത്.

ഞങ്ങള്‍ മുകളിലേ നിലയിലേക്ക് പതുക്കെ കയറാന്‍ തുടങ്ങി. നാലു നിലയിലേക്ക് ചെങ്കുത്തായ പടികളാണ്. കയറി മുകളില്‍ എത്തിയപ്പോഴേക്ക് പലരും ക്ഷീണിച്ച മട്ടായി.

ചുറ്റും പല മുറികളും, ഗുഹാ രൂപത്തിലുള്ള ദ്വാരങ്ങളും. ദര്‍ബാര്‍ ഹാളും, അന്തപ്പുരവും… അങ്ങനെ പലതും.

തൊട്ടു മുന്നില്‍ കാണുന്ന ഒരു ചെറിയ ഗുഹാ രൂപത്തിലുള്ള വാതിലിലൂടെ ഞങ്ങള്‍ അടുത്ത നിലയിലേക്ക് കയറാന്‍ ശ്രമിച്ചു. എന്‍റെ കൂടെ കൊച്ചു മോളുമുണ്ട്. വളഞ്ഞു പോകുന്ന പടികളിലൂടെ പതുക്കെ കയറി പകുതി വഴി എത്തിക്കാണും, കുഞ്ഞ് ഉറക്കെ നിലവിളിച്ചു. ശ്വാസം കിട്ടാത്ത രീതിയിലുള്ള മുഖഭാവം കണ്ട് ഞങ്ങള്‍ ആകെ അന്ധാളിച്ചു. കുട്ടി തിരിച്ച് താഴത്തേക്ക്‌ ഓടി. ഒരു പക്ഷെ കുഞ്ഞിന്‍റെ മനസ്സില്‍ പേടിപ്പിക്കുന്ന വല്ല ചിന്തകളും വന്നിട്ടുണ്ടാവാം….
ഞങ്ങളില്‍ രണ്ടുപേര്‍ വീണ്ടും പടി കയറി മുറിയുടെ പുറം ഭാഗത്തു വന്ന് ഫോട്ടോ ഷൂട്ടുകളും മറ്റും തുടര്‍ന്നു.

താഴെ നിന്ന മറ്റൊരു ഗ്രൂപ്പ് ഈ വഴിയില്‍ക്കൂടി മുകളിലേക്ക് വന്നു. അവര്‍ക്കും പകുതി വഴിയെത്തിയപ്പോള്‍ ശ്വാസം കിട്ടാത്ത ഒരു പ്രതീതി. ഒരു വിധത്തില്‍ മുകളില്‍ വന്ന് കാഴ്ചകള്‍ കണ്ട് തിരിച്ചിറങ്ങി.

അടുത്തത് മൂന്നാമത്തെ ഗ്രൂപ്പായിരുന്നു. അവരും ഈ വഴിയില്‍ പകുതി എത്തിയപ്പോള്‍ വല്ലാത്ത വിമ്മിഷ്ടം പ്രകടിപ്പിച്ചു. എന്താണാവോ ഇതിനു കാരണം…..!!

എന്തോ ചില കലാ വൈഭവങ്ങള്‍ ഇവിടെ ആള്‍ക്കാരെ പേടിപ്പിക്കത്തക്കതായി ഉണ്ടാകാം എന്ന് ഞങ്ങള്‍ക്കും തോന്നി. അതോ കഥകളുടെ ചാതുര്യമോ…!!! രണ്ടായാലും പ്രേത കോട്ട, ശരിക്കും അതിന്‍റെ വിചാര വികാരങ്ങളോടെ ആസ്വദിച്ചു എന്ന വലിയ ക്രെഡിറ്റ്‌ ഞങ്ങള്‍ക്ക് സ്വന്തം….!!!

കോട്ടയിലെ ആവിഷ്കാരങ്ങളൊക്കെ കണ്ടാസ്വദിച്ച് തിരിച്ചിറങ്ങുമ്പോള്‍ നേരം അഞ്ച് മണി. ഒരു മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്താകെ ഇരുട്ട് പരക്കും. പിന്നെ വെളുത്ത സാരി ഉടുത്തവര്‍ നിലം തൊടാതെ നില്‍ക്കുന്നതും നടക്കുന്നതും ഞങ്ങള്‍ കാണേണ്ടി വരും. ആര്‍ക്കെങ്കിലും ഞങ്ങളെ ഇഷ്ടപ്പെട്ടാലോ...

അതിനെന്തായാലും ഞങ്ങള്‍ നില്‍ക്കുന്നില്ല. ഇളം മനസ്സുള്ള കൊച്ചു കുട്ടികളും, ശരീരം വളര്‍ന്നെങ്കിലും കൊച്ചു കുട്ടികളുടെ മനസ്സും പേറി നടക്കുന്നവരുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍.

ഞങ്ങള്‍ വേഗം വണ്ടിയില്‍ കയറി. രാത്രി ആകുന്നതിന് മുന്‍പ് അതിര്‍ത്തി കടക്കണം. കാരണം ഇവടത്തെ വെള്ള സാരിക്കാര്‍ ആരെങ്കിലും പുറകെ കൂടിയാല്‍ അവര്‍ അതിര്‍ത്തി വരെ വരുമത്രേ...അതിനപ്പുറത്ത് അവരുടെ നാടല്ലല്ലോ..

അവര്‍ക്കും ഉണ്ടാകാം അതിര്‍ത്തി പ്രശങ്ങള്‍…അല്ലേ...!!!