Wednesday, 10 January 2018

സരിസ്കയിലെ പുലിയെ തേടി





രാവിലെ അഞ്ചു മണിക്ക് എണീറ്റ് ഞങ്ങള്‍ വേഗം ഒരുങ്ങാന്‍ തുടങ്ങി.. ആറുമണിക്ക് മുന്‍പ് സരിസ്ക നാഷണല്‍ പാര്‍ക്കിന്‍റെ കവാടത്തില്‍ എത്തണം, എങ്കിലേ അകത്തുകടക്കാന്‍ ടിക്കറ്റ് കിട്ടാന്‍ സാദ്ധ്യതയുള്ളൂ.

രാവിലെ സാധാരണ ഒരു കട്ടന്‍ എങ്കിലും അടിച്ചേ വെളിക്ക് പോകാറുള്ളു. ഇന്നിപ്പോള്‍ അത്തരത്തിലുള്ള ആര്‍ഭാടങ്ങള്‍ക്കു നിന്നാല്‍ പുലി പുലിയുടെ പാട്ടിനു പോകും. അല്ലെങ്കിലും പുലിയുടെ കാര്യം ആലോചിക്കുമ്പോള്‍ വെളിക്ക് പോക്ക് നടക്കും എന്ന്‍ തോന്നുന്നില്ല. അവനൊന്നു തീക്ഷ്ണമായി നോക്കിയാല്‍, ഒന്നു അടുത്തുനിന്നു മുരണ്ടാല്‍ എല്ലാം ഒന്നിച്ചു മുകളിലേക്കോ അല്ലെങ്കില്‍ എല്ലാം ഒന്നിച്ചു താഴേക്കോ പോകും.

പക്ഷെ ഞങ്ങള്‍ ആറു മുതിര്‍ന്നവരും രണ്ടു കൊച്ചു കുട്ടികളും ആ മൃഗരാജന്മാര്‍ കാട്ടില്‍ വിലസുന്നത് ഒരു നോക്ക് കാണാന്‍ കിട്ടുമോ എന്നുള്ള ആവേശത്തിലാണ്, ആകാംക്ഷയിലാണ്.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഒരുങ്ങി പുറത്തു കടന്നപ്പോഴേക്കും ഭാഗ്യത്തിന് ചായക്കാരന്‍ പയ്യന്‍ ചൂടു ചായയുമായി വന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്ന കൊച്ചു വെളുപ്പാന്‍ കാലത്ത് ചൂടു ചായ അമൃതമായി തോന്നി. .

മാമരം കോച്ചും തണുപ്പത്ത്
താഴ്വര പൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചു കിടക്കും കാറ്റേ
മൂളിക്കുതിച്ചു പറന്നാട്ടെ

എന്ന നാലാം ക്ലാസ്സില്‍ പഠിച്ച ഇടശ്ശേരി കവിത ചുണ്ടില്‍ വിടര്‍ന്നു. ഞങ്ങള്‍ ഇനി പറക്കാന്‍ പോകുകയാണ്. കാരണം ഞങ്ങള്‍ താമസിക്കുന്ന ഗുല്‍മോഹര്‍ റിസോര്‍ട്ടില്‍ നിന്നും 30 കി. മി താണ്ടണം സരിസ്കയുടെ കവാടത്തില്‍ എത്താന്‍. പിന്നെ അവിടെ തിരക്കുണ്ടെങ്കില്‍ ടിക്കറ്റ് കിട്ടാനും ബുദ്ധിമ്മുട്ടാകും..

ഞങ്ങള്‍ രണ്ട് വണ്ടികളിലായി അതിവേഗം പുറപ്പെട്ടു. പുറത്തു നല്ല തണുപ്പും മഞ്ഞും. ഗൂഗിള്‍ അങ്കിള്‍ കാണിച്ചു തന്ന വഴിയിലൂടെ ഞങ്ങള്‍ അതിവേഗം പാഞ്ഞു. വഴി ദുര്‍ഘടം. പുറത്തു മഞ്ഞ്. വഴി തെളിഞ്ഞു കാണാന്‍ വിഷമം. ഞങ്ങള്‍ പലപ്പോഴും ചില്ലു തുടക്കുകയും തല പുറത്തിട്ടു നോക്കുകയും ചെയ്തു കൊണ്ട് വണ്ടിയുടെ വേഗം കൂട്ടാന്‍ ശ്രമിച്ചു. എങ്കിലും ഞങ്ങള്‍ ആറുമണിക്ക് മുന്‍പ് തന്നെ കൌണ്ടറില്‍ എത്തി.

പുറത്ത് ടിക്കറ്റ് വാങ്ങുവാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കാലില്‍ നിന്നും തുടങ്ങിയ വിറയല്‍ ദേഹമാസകലം പരന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നത് പുറത്തു കാണാതിരിക്കാന്‍ ബുദ്ധിമ്മുട്ടി. മിക്കവരും ഹിമാലയത്തിലെ തണുപ്പിനൊത്ത ജാക്കറ്റുകളാണ് ഇട്ടിരിക്കുന്നത്. ഈ മാമരം കോച്ചും തണുപ്പത്ത് ഞങ്ങള്‍ ഇട്ടിരിക്കുന്ന ജാക്കെറ്റുകളൊന്നും മതിയാകില്ല. പക്ഷെ ഒന്നും ചെയ്യാനില്ല, ഉള്ളത് വാരിച്ചുറ്റി തണുപ്പ് കുറയ്ക്കുക. എന്ത് സഹിച്ചും പുലിയെ കാണാന്‍ പോകുക, അത്ര തന്നെ.

കൌണ്ടറില്‍ നിന്ന് കിട്ടിയ ടിക്കറ്റില്‍, ഗൈഡ് - ‍ അശോക്‌ എന്നും വണ്ടിയുടെ നമ്പറും എഴുതിക്കണ്ടു. ഞങ്ങള്‍ ഉറക്കെ അശോക്‌ എന്ന്‍ വിളിച്ചു. അശോക്‌ പ്രത്യക്ഷപ്പെട്ടു. മുഖമല്ലാത്തിടമെല്ലാം അദ്ദേഹം കമ്പിളി കൊണ്ട് മൂടിയിട്ടുണ്ട്. ഞങ്ങളെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു, വേഗം പുറപ്പെട്ടാല്‍ ജീവികളെ കാണാന്‍ സാദ്ധ്യത കൂടുതലാണ്. നമ്മള്‍ വൈകുന്തോറും മുന്നില്‍ പോയ വാഹനങ്ങളുടെ ശബ്ദം കൊണ്ട് ജീവികള്‍ ഓടിയകലാന്‍ സാദ്ധ്യതയുണ്ട്.

അശോകിനോട്, ഞങ്ങള്‍ ഉടനെ തയ്യാറെന്ന് പറഞ്ഞു. ഒരു ജിപ്സി മുന്നില്‍ വന്നു നിന്നു. വണ്ടി കണ്ടപ്പോഴാണ് തുറന്ന ജിപ്സിയില്‍ ആണ് തങ്ങള്‍ വന്യ മൃഗങ്ങളെ കാണാന്‍ പോകുന്നത് എന്ന ആ വലിയ സത്യം വളരെ അതിശയത്തോടെ അറിഞ്ഞത്.

തുറന്ന ജീപ്പില്‍ പുലിയുടെ സങ്കേതം അന്വേഷിച്ചുള്ള യാത്ര കൂടുതല്‍ ഉദ്വേഗപൂര്‍ണമാകുകയാണ്. എല്ലാവരും മഫ്ലറും തോപ്പിയുമൊക്കെ വലിച്ചു കേറ്റി. ആരും തമ്മില്‍ തമ്മില്‍ കണ്ടാല്‍ അറിയാത്ത അവസ്ഥ.

നമ്മള്‍ തമ്മില്‍ അറിഞ്ഞാലും, പുലിക്ക് നമ്മളെ തിരിച്ചറിയാന്‍ പറ്റില്ല എന്ന് ഒരു സ്നേഹിതന്‍ ചിരിച്ചുകൊണ്ട് കമന്‍റ് അടിച്ചു.

ഞങ്ങള്‍ ആറുപേരും രണ്ടു കുഞ്ഞു കുട്ടികളും ആ ജിപ്സിയില്‍ കയറി. നാഷണല്‍ പാര്‍ക്കിന്‍റെ കമാന കവാടത്തിലൂടെ അകത്തേക്ക് കടന്നപ്പോള്‍ ഡ്രൈവര്‍ യാദ്ഗാര്‍ സിംഗ് പറഞ്ഞു, നമ്മുടെ വണ്ടിയാണ് ആദ്യത്തേത്.

ഹാവു, ഇനിയിപ്പോള്‍ കാണാന്‍ ഭാഗ്യമുണ്ടെങ്കില്‍, പുലി നിങ്ങളെന്താ വൈകി വന്നേ, എന്ന് ചോദിക്കില്ലല്ലോ…

നേരം പരപരാ വെളുത്തു വരുന്നു. മുന്നിലുള്ള മണ്ണടിപ്പാത നീണ്ടു പോകുന്നത് മങ്ങിയ വെളിച്ചത്തില്‍ കാണാം. നൂറടി പോയപ്പോഴേക്കും ഡ്രൈവര്‍ യാദ്ഗാര്‍ സിംഗ് പതുക്കെ ഉദ്വേഗത്തോടെ പറഞ്ഞു, അതാ ഹൈന കണ്ടോ? വണ്ടി പതുക്കെയാക്കി. അപ്പോള്‍ ചെന്നായയെക്കാള്‍ കുറച്ചു വലിപ്പം കൂടിയ രോമക്കുപ്പായമുള്ള ഒരു ജീവി റോട്ടില്‍ നിന്നിറങ്ങുന്നു. ഇയാളെ നാറ്റ് ജിയോ ടിവിയില്‍ കണ്ടിട്ടുണ്ടെന്ന് കൊച്ചു മോള്‍. നടത്തം വേഗത്തിലാക്കി, അയാള്‍ ഞങ്ങളെ സാകൂതം നോക്കുന്നു. ഇവരാരെടാ ഇത്ര കൊച്ചു വെളുപ്പാന്‍ കാലത്ത് എന്ന മട്ടില്‍.

ഞങ്ങള്‍ വീണ്ടും അന്‍പതടി കൂടി മുന്നോട്ട് പോയിക്കാണും അതാ ഒരു ചെന്നായ. വണ്ടിയുടെ ശബ്ദം കേട്ടിട്ടാകണം അയാള്‍ വഴിയില്‍ നിന്ന് താഴേക്കിറങ്ങി. എന്നിട്ട് മേലോട്ട് നോക്കി ഓരിയിടുന്നു. ഞങ്ങളെ കണ്ടത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. രാവിലെ ഉറങ്ങാന്‍ പോകുമ്പോഴാ ഇവന്മാരുടെ ഒരു വണ്ടീം, കിണ്ടീം..

എന്തായാലും ഞങ്ങള്‍ക്ക് ആവേശം കൂടുക തന്നെയാണ്. ആവേശം കൊണ്ട് പുറകിലിരുന്നവര്‍ തണുപ്പിനെ വക വയ്ക്കാതെ എഴുന്നേറ്റ് നിന്ന്‍ തുടങ്ങി. ഇനി ഒരു കാഴ്ചയും വിട്ടുപോകരുത് എന്ന്‍ കരുതിയായിരിക്കണം അവര്‍ ആവേശഭരിതരായി നില്‍ക്കുന്നത്.

കാലും കയ്യും ഒരുപോലെ മരവിച്ചിരിക്കുന്നു. വര്‍ത്തമാനം പറയുമ്പോള്‍ ഒരുതരം കൊഞ്ഞല്‍...ചുണ്ടുകള്‍ തമ്മില്‍ കൂട്ടി മുട്ടാന്‍ വിഷമം.

വണ്ടി പ്രധാന നിരത്തില്‍ നിന്നും താഴേക്കിറങ്ങി.. അതാ മുന്നില്‍ ഒരു കൂട്ടം മാനുകളും മയിലുകളും തെളിയുന്നു. അവയുടെ ഒരു വസന്ത ഋതു തന്നെ മുന്നില്‍ വിരിഞ്ഞു. അവ യഥേഷ്ടം അങ്ങനെ മേഞ്ഞു നടക്കുകയാണ്. കുറ്റിക്കാടുകളില്‍ ആണ് മാനും പുലിയും ഒരുപോലെ വളരുന്നത്‌ എന്ന്‍ നാറ്റ് ജിയോയില്‍ കേട്ടതായി ഓര്‍ക്കുന്നു. സൂര്യ പ്രഭയേറ്റ് മാനുകളുടെ കണ്ണുകള്‍ തിളങ്ങി. . ജിപ്സിയുടെ ശബ്ദം കേട്ട് അവ ഒന്നടങ്കം തല ഉയര്‍ത്തി നോക്കി..

പ്രഭാത സൂര്യന്റെ കിരണങ്ങള്‍ കാടിനെ പതുക്കെ കൂടുതല്‍ പ്രഭാ പൂര്‍ണമാക്കിത്തുടങ്ങി. ബാല സൂര്യന്‍ ഞങ്ങളോടൊത്ത് കാടു കാണാന്‍ ഇറങ്ങിയിരിക്കുകയാണ്. ചുമന്ന സൂര്യ കിരണങ്ങള്‍ ചെമ്മണ്ണിനെ കൂടുതല്‍ ചുവപ്പാക്കി. കാവി പൂശിയ ഭൂമിയില്‍ ചെടികളും മരങ്ങളും മാനുകളും മയിലുകളും. പ്രകൃതിയുടെ കാന്‍വാസ് മുന്നില്‍ വിടരുന്നത് കണ്ടപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത കുളിര്‍മയും ആഹ്ലാദവും. ഈ കാന്‍വാസില്‍ പുലിയുടെ ചിത്രം ഇപ്പോള്‍ ചേരില്ല...അല്ലേ...

ഞങ്ങളുടെ കൂട്ടത്തില്‍ ആരോ മൂളിപ്പാട്ട് പാടുന്നു…

മാനേ മധുര കരിമ്പേ
മലര്‍ തേനേ മദന കുഴമ്പേ….

അധികം വൈകിയില്ല, ഒരു ആണ്‍മയില്‍ മെല്ലെ പീലി വിടര്‍ത്തി. മഴവില്‍ നിറങ്ങളോടു കൂടിയ അതിമനോഹരമായ അവന്‍റെ പീലികള്‍ ബാല സൂര്യന്‍റെ കിരണങ്ങളേറ്റ് തിളങ്ങി. ഒരു ചെറിയ വിറയലോടു കൂടി, നാട്ടിലെ പൂരത്തിന് തിറയുടെ നൃത്തം പോലെ, അവന്‍ ചുറ്റും കൊച്ചു കൊച്ചു ചുവടോടെ നൃത്തം ചവിട്ടി. ഞങ്ങടെ പെണ്ണുങ്ങളെ ഞാനിതെത്ര കാണിച്ചതാ, ഇനി നിങ്ങളും ഇത് കണ്ടോളിന്‍, എന്ന മട്ടാണ് അയാളുടേത്.

വണ്ടി പ്രധാന വഴികളൊക്കെ വിട്ട് ഉള്ളിലേക്ക് കയറി തുടങ്ങി. നാട്ടു നടപ്പാതയുടെ വീതിയില്‍, ‍ ഇരു ചക്രങ്ങള്‍ ഉരുണ്ട് ഉണ്ടായ കാനന പാത. വണ്ടി അകത്തേക്ക് പോകുന്തോറും കാടിന്‍റെ ഘനം കൂടിക്കൂടി വന്നു. ഞങ്ങള്‍ ഇപ്പോള്‍ ചമ്പലിലെ കൊള്ളക്കാരെ പോലെ മുഖവും ദേഹവും മൂടി ജിപ്സിയില്‍ ഇരുന്നും നിന്നും സവാരി ചെയ്യുകയാണ്.

ഹേ കാലിയ, കിത്നെ ആദ്മി ഹെ രേ.... ജിപ്സിയില്‍ നില്‍ക്കുന്നയാള്‍ ഷോലെയിലെ പഴയ ഡയലോഗ് തട്ടിവിടാന്‍ ശ്രമിച്ചു.…

മുന്നിലിരുന്ന സ്നേഹിതന്‍ പറഞ്ഞു, കാലിയാ...അബ് ഏ ഗോലി ഖാ.…

വണ്ടിയില്‍ എല്ലാവരും കൂട്ടച്ചിരി…

ഇടക്ക് വണ്ടി മേല്ലെയാക്കി എന്തോ കേട്ടിട്ടെന്ന പോലെ ഡ്രൈവര്‍ യാദ്ഗാര്‍ സിംഗും ഗൈഡ് അശോകും വളരെ ശ്രദ്ധിച്ചു ചെകിടോര്‍ത്തു. പുലി അടുത്തുണ്ടെങ്കില്‍ പക്ഷികളും മൃഗങ്ങളും ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമത്രേ. അവരുടെ കൂട്ടുകാര്‍ക്ക് അപായ സൂചന നല്‍കുകയാണത്രേ ഇവര്‍.

ഡ്രൈവറും ഗൈഡും നിലത്തിറങ്ങി സൂക്ഷിച്ചു നോക്കി. അവര്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടു. ഇതാണ് പുലിയുടെ പഗ് മാര്‍ക്ക്. അശോക്‌ പറഞ്ഞു. പുലി അടുത്തെവിടെയോ ഉണ്ട്. ഇത്, ഇന്ന് പതിഞ്ഞ കാല്‍പ്പാടുകള്‍ ആണ്.

പക്ഷെ ഞങ്ങളില്‍ ആര്‍ക്കും അതത്ര വിശ്വാസം വന്നില്ല. , കാരണം മിക്ക സരിസ്ക സാഹസിക യാത്രികരും പുലിയുടെ പഗ് മാര്‍ക്ക് കണ്ടു മടങ്ങിയവരാണ്. എന്തായാലും യാദ്ഗാര്‍ സിംഗ് വണ്ടി മുന്നിലോട്ടു കൊണ്ട് പോയി. അവിടെ ഒരു പക്ഷി ഉറക്കെ ചിലയ്ക്കുന്നത്‌ കേട്ടു വണ്ടി നിറുത്തി ചെവി വട്ടം പിടിച്ചു. പുലി അടുത്തെവിടെയോ ഉണ്ടെന്നു തോന്നുന്നു. നമുക്ക് പുലിയുടെ വഴികളിലൂടെ പിന്തുടരാം. ചിലപ്പോള്‍ അവന്‍ വെള്ളം കുടിക്കാന്‍ ചോലയില്‍ വന്നിട്ടുണ്ടാകും. യാദ്ഗാര്‍ സിംഗ് പറഞ്ഞു.

ജിപ്സി കുണ്ടും കുഴിയും താണ്ടി വളഞ്ഞു പുളഞ്ഞ വഴിയിലൂടെ മുന്നോട്ടു പോയി. വലിയ ഒരു കയറ്റം കയറി ചരുവില്‍ നിറുത്തി. അവിടെ മഴവെള്ളം കെട്ടി നില്‍ക്കുന്ന ഒരു ചോല. ഞങ്ങള്‍ ശബ്ദം ഉണ്ടാക്കാതെ നിര്‍ന്നിമേഷരായി ചുറ്റും നോക്കി. പക്ഷെ പുലി അവിടെ ഒന്നും ഇല്ല. എല്ലാവരുടെയും മുഖത്ത് തെല്ല് നിരാശ.

മുന്നിലിരുന്ന സ്നേഹിതന്‍ പതുക്കെ പറയുന്നതു കേട്ടു. നമ്മള്‍ ആശയെ വിടരുത്, മുറുകെ പിടിക്കൂ.

ഡ്രൈവര്‍ വണ്ടി തിരിച്ചു. കുറച്ചു ദൂരം താണ്ടിയപ്പോള്‍ വീണ്ടും അതാ പുതിയ പഗ് മാര്‍ക്ക്. പുലി ഇപ്പോള്‍ പോയതാണ് പോലും. ഞങ്ങള്‍ അതത്ര വിശ്വസിച്ചില്ലെങ്കിലും ആശ കൈവിട്ടില്ല.

ഡ്രൈവര്‍ എല്ലാവരോടും മിണ്ടാതിരിക്കാന്‍ ആംഗ്യം കാട്ടി. പുലി അടുത്തു തന്നെയുണ്ട്. വണ്ടി പതുക്കെ മുന്നിലേക്ക് പോകുന്നതിനിടയില്‍ കൊച്ചുമോള്‍ ഉറക്കെ പറഞ്ഞു, പപ്പാ അതാ റാബ്ബിറ്റ്. ഞങ്ങള്‍ നോക്കിയപ്പോള്‍ ചാര നിറവും കറുപ്പ് പുള്ളികളും ഉള്ള ഒരു വലിയ മുയല്‍ ചാടി ചാടി പോകുന്നു. എന്തൊരു ചാട്ടമാണ് അവന്‍റെ. വെറുതെയല്ല കുറുക്കനും ചെന്നായക്കും ഒന്നും ഇവനെ പിടിക്കാന്‍ കിട്ടാത്തത്. പപ്പാ പറഞ്ഞു, മോളേ ശബ്ദം ഉണ്ടാക്കല്ലേ, പുലി അടുത്തു തന്നെയുണ്ട്.

ഞങ്ങള്‍ വീണ്ടും പല വഴികളിലൂടെ കയറി ഇറങ്ങി. ഒരിടത്ത് ‍പക്ഷികള്‍ ഒന്നിച്ചു ചിലക്കുന്നത് കേട്ടു. കൂടെ മാനിന്‍റെ ഒരു പ്രത്യേക ശബ്ദവും. യാദ്ഗാര്‍ സിംഗ് ഉഷാറായി. വണ്ടി പെട്ടെന്ന് ആ ചെറിയ വഴിയും വിട്ട് കുറ്റിച്ചെടികള്‍ക്കിടയിലൂടെ ഉരുളന്‍ കല്ലിനു മുകളിലൂടെ അതിവേഗം പാഞ്ഞു. ഷോലേയിലെ യുദ്ധഭൂമിയാണ്‌ അപ്പോള്‍ ഓര്‍മ്മ വന്നത്

ഞങ്ങള്‍ കാടിനു ഒത്ത നടുക്ക്, യാതൊരു വഴിയും കാണാത്ത ഒരിടത്ത് ആണിപ്പോള്‍ വന്നു നില്‍ക്കുന്നത്. ഡ്രൈവര്‍ ഗൈഡിനോട് അവന്‍ ഇവിടെ തന്നെയുണ്ട് എന്ന്‍ ആംഗ്യം കാട്ടി. പക്ഷെ ഞങ്ങള്‍ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇങ്ങനെ പിന്തുടര്‍ന്നാല്‍ അവന്‍ ഒരു വേള പുറകില്‍ നിന്നെങ്ങാന്‍ വന്നാലോ. ഞങ്ങളുടെ ജീപ്പ് ആണെങ്കില്‍ ഒരു തുറന്ന പുസ്തകം പോലെ, അങ്ങോര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്നു വായിക്കാം.

അപ്പോള്‍ മറ്റെവിടുന്നോ പക്ഷികള്‍ ഒന്നടങ്കം ചിലക്കുന്ന ശബ്ദം കേട്ടു. എന്തായാലും ഞങ്ങള്‍ ഇവിടെ നിന്ന് തെല്ലു നിരാശരായി മടങ്ങി. അവന്‍ റോട്ടിലേക്ക് വരുന്നില്ലെങ്കില്‍ അങ്ങോട്ട്‌ ചെന്നു കാണാം എന്ന്‍ കരുതിയാണ് ഈ പാടൊക്കെ പെട്ട് ഷോലേ സീന്‍ സൃഷ്ടിച്ചത്. പക്ഷെ പുള്ളി പതുക്കെ നടന്നകന്നു കൊണ്ടിരിക്കുകയാണ് എന്ന് തോന്നുന്നു.

വണ്ടി പുറകോട്ട് എടുത്ത് വീണ്ടും കാനന പാതയില്‍ വന്ന് അതിവേഗത്തില്‍ മറ്റൊരു വഴിയിലൂടെ, പുലി പോകാവുന്ന വേറൊരു വഴിയിലെത്തി. ജിപ്സി എഞ്ചിന്‍ ഓഫ് ചെയ്തിട്ടു. നമ്മള്‍ ഒരു മിനിട്ട് വൈകി എന്ന് തോന്നുന്നു എന്ന്‍ ഡ്രൈവര്‍ സംശയം പ്രകടിപ്പിച്ചു. ഞങ്ങള്‍ അങ്ങനെ കാത്തു നില്‍ക്കുകയാണ്. അപ്പോള്‍ മരക്കൊമ്പത്തിരിക്കുന്ന കുരങ്ങന്‍ ഉറക്കെ ശബ്ദം പുറപ്പെടുവിക്കുവാന്‍ തുടങ്ങി. യാദ്ഗാര്‍ പറഞ്ഞു, അവന്‍ അടുത്തിവിടെത്തന്നെ ഉണ്ട്. കുരങ്ങന്‍ കരയുന്നു.

എന്‍റെ ഹൃദയം അതിവേഗം തുടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഇത്ര അടുത്തെത്തിയിട്ട്, അവന്‍ കൈ വിട്ടു പോകുമോ. അവന്‍ റോഡ്‌ മുറിച്ചു പോയിക്കാണുമോ… ഒന്നും അറിയില്ല..

അപ്പോഴേക്കും കാടിനകത്തു ഒരു അനക്കം. ഒരാള്‍ പറഞ്ഞു അതാ പുലി. എല്ലാവരും അങ്ങോട്ട്‌ നോക്കി. പക്ഷെ അവിടെ പുലിയെ കാണുന്നില്ല. ഇത് തിര നോട്ടം മാത്രമായിരിക്കുമോ. വീണ്ടും ആകാംക്ഷാഭരിതമായ നിമിഷങ്ങള്‍.

കുരങ്ങന്‍റെ ശബ്ദവും നിലച്ചു. കുറേ നേരത്തേക്ക് നിശബ്ദത. പുലി റോഡു മുറിച്ചു പോയിക്കഴിഞ്ഞിട്ടുണ്ടാകും. ഞങ്ങള്‍ നിരാശയുടെ വക്കത്ത്. ആരും ഒന്നും മിണ്ടുന്നില്ല. കാട്ടില്‍ ഒരനക്കവും കേള്‍ക്കുന്നില്ല.

അപ്പോഴതാ, ഞങ്ങളുടെ വണ്ടിയുടെ ഏകദേശം ആറടി അകലത്തില്‍ ഞങ്ങളെ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട്, കുറ്റിക്കാട്ടില്‍ നിന്ന് അവന്‍റെ മുഖം തെളിഞ്ഞു. അവന്‍ ഞങ്ങളെ ഒളി കണ്ണിട്ടു നോക്കിക്കൊണ്ട്‌ വണ്ടിയുടെ അരികിലേക്ക് വന്ന്, വണ്ടിയുടെ മുന്നിലൂടെ യാതൊരു കൂസലുമില്ലാതെ പതുക്കെ നടന്നു… മഞ്ഞയും കറുപ്പും വെള്ളയും കലര്‍ന്ന വരകളോടു കൂടിയ, ഗാംഭീര്യ മുഖവും, അതിനൊത്ത ശരീരവും ഉള്ള അഴകാര്‍ന്ന വരയന്‍ പുലി.

ഞങ്ങളുടെ പതിനാറു കണ്ണുകള്‍ അവനെ മാത്രം പിന്തുടര്‍ന്നു... നിര്‍ന്നിമേഷരായി നോക്കി നിന്നു. ഒരു ജീവിത കാലം മുഴുവന്‍ ഓര്‍മ്മിക്കുവാന്‍, താലോലിക്കുവാന്‍, വീമ്പിളക്കുവാന്‍ പറ്റിയ നിമിഷങ്ങള്‍.

ഈ ഒരു നിമിഷത്തിനു വേണ്ടി ഞങ്ങള്‍ മൂന്നു മണിക്കൂര്‍ ആയി കാട്ടില്‍ കീഴ് മേല്‍ അലയുന്നു. ഒരു പക്ഷേ ജീവിത കാലമത്രയും താലോലിച്ചു നടന്ന ഒരു അസുലഭ നിമിഷമാണ് ഇത്.

ഞങ്ങള്‍ പതുക്കെ വണ്ടി തിരിച്ചു. അടുത്തു കണ്ട മാനുകളും, നീല്‍ ഗായിയും(antelope) പുലി പോയ വഴിയിലേക്ക് തന്നെ വളരെ ആശങ്കയോടെ നോക്കി നില്‍ക്കുന്നത് കണ്ടു.

ഞങ്ങള്‍ അതീവ ഭാഗ്യ ശാലികളാണ് എന്ന് പിന്നീട് വന്ന പല വണ്ടിക്കാരും പറഞ്ഞു. പലരും വിവരം കേട്ടറിഞ്ഞ് അവനെ ഒരു നോക്ക് കാണാന്‍ ബദ്ധപ്പെട്ട് വരികയാണ്. പലരും ഞങ്ങളുടെ കയ്യില്‍ നിന്ന്‍ അതിന്‍റെ വീഡിയോ പകര്‍പ്പ് വാങ്ങി.

തിരിച്ചു കവാടത്തില്‍ എത്തിയപ്പോള്‍ ഫോറസ്റ്റ് റെയിന്‍ജര്‍ വന്ന്, പുലിയുടെ ഫോട്ടോ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ബോദ്ധ്യമായി, ഞങ്ങള്‍ അസാധാരണമായി തന്നെയാണ് പുലിയെ കണ്ടത് എന്ന്. ഈ ചിത്രം അവര്‍ അവരുടെ ന്യൂസ്‌ ലെറ്ററില്‍ പ്രസിദ്ധപ്പെടുത്തുമത്രേ.

ഞങ്ങള്‍ യാദ്ഗാര്‍ സിംഗിന്‍റെയും, ഗൈഡ് അശോകിന്‍റെയും ജിപ്സിയുടെയും കൂടെ ഒരു ഫോട്ടോ സെഷന്‍ നടത്തി. ഈ അനര്‍ഘ നിമിഷങ്ങള്‍ക്ക് വഴിയോരുക്കിത്തന്ന അവരോടു ഹൃദ്യമായി നന്ദി പറഞ്ഞു. ആ അസുലഭ ഓര്‍മ്മകള്‍ നെഞ്ചില്‍ നിറച്ച് റിസോര്‍ട്ടിലേക്ക് മടങ്ങി, അടുത്ത നിര്‍ന്നിമേഷ നിമിഷങ്ങള്‍ മനസ്സില്‍ പകര്‍ത്താനുള്ള ഉത്സാഹത്തോടെ.









No comments: