Wednesday 18 April 2018

പുനര്‍ജ്ജന്മമോ....





 
പാലക്കാടു നിന്ന് പട്ടാമ്പിക്ക് യാത്ര ചെയ്യുമ്പോള്‍ കൂടെയിരുന്ന ഡോക്ടര്‍ അനിയന്‍ സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ചോദിച്ചു, ഈ പുനര്‍ജ്ജന്മമെന്നത് ഉണ്ടോ.. തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. ഞാന്‍ ആലോചിച്ച് ഒരു ഉത്തരം പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് അവന്‍ ഉത്തരവും പറഞ്ഞു.... ഞാന്‍ നൂറു കണക്കിന് രോഗികളെ ദിവസവും ചികിത്സിക്കുന്നു. അവരുടെ സുഖദുഃഖങ്ങള്‍ ഞാനുമായി ദിവസവും പങ്കു വയ്ക്കുന്നു. പക്ഷെ ഇന്നേ വരെ പുനര്‍ജ്ജന്മത്തില്‍ വല്ല കഴമ്പും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

പിന്നീട് പലപ്പോഴും ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചു. പല ആശയങ്ങളും മിന്നി മറിഞ്ഞു. ചിന്തിക്കുംതോറും ഗഹനത കൂടുന്നു.

അങ്ങനെ ഒരു ദിവസം, പ്രതീക്ഷിക്കാതെ ഹിമാലയത്തിന്‍റെ ഹിമഗിരി ശൃംഗങ്ങള്‍ സന്ദര്‍ശിച്ച് ആസ്വദിക്കാന്‍ സുഹൃത്തുക്കളില്‍ നിന്നും ക്ഷണം ലഭിച്ചു.

പ്രകൃതി ഭംഗിയും ചിന്തകളും കോര്‍ത്തിണക്കാന്‍ പറ്റിയ ഒരു നല്ല അവസരം.

ഞങ്ങള്‍ പത്തുപേര്‍ ഹിമാലയ സാനുക്കളില്‍ മുങ്ങിപ്പൊങ്ങാനുള്ള അതിയായ ആഗ്രഹത്തോടെ യാത്ര പുറപ്പെട്ടു.14500 അടി ഉയരമുള്ള നാഥുലാ പാസ്സിലെങ്കിലും എത്തുകയാണ് ഉദ്ദേശ്യം.

ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം ബാഗ്ഡോഗ്രയിലെത്തി. അവിടെ നിന്ന് ഗാങ്ടോക്കിലേക്ക് ഞങ്ങള്‍ റോഡ് മാര്‍ഗ്ഗം യാത്ര തുടങ്ങി. ഒരു ടെമ്പോ ട്രാവലറില്‍ ആണ് യാത്ര. കൂട്ടത്തില്‍ പലരും ധാരാളം യാത്ര ചെയ്തിട്ടുള്ളവര്‍. ചില മുതിര്‍ന്നവര്‍ നാഥുലാ പാസ് വഴി മാനസ സരോവര്‍ വരെ എത്തിയവര്‍.

യാത്ര, രണ്ടു മണിക്കൂര്‍ പിന്നിട്ടതോടെ തീസ്താ നദി റോഡിന്‍റെ വലതു വശത്ത് തെളിഞ്ഞു. ഹിമാലയ സാനുക്കളില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഈ നദിയല്ലേ പശ്ചിമ ബംഗാളിന്‍റെയും സിക്കിമിന്‍റെയും അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളുടെയും ജീവ ധാരയാണ് തീസ്ത.

യാദൃശ്ചികമായെന്നോണം പഴയ ഉത്തരം കിട്ടാത്ത സംശയം എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍ നിന്ന്‍ തെളിഞ്ഞുവന്നു. പുനര്‍ജ്ജന്‍മം എന്നൊന്നുണ്ടോ?.. അല്ലെങ്കിലും, മനസ്സ് പതിവ് കോലാഹലങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കോമ്പോള്‍, ചിന്താ-തിരമാലകള്‍ ശക്തി കുറഞ്ഞ് കൊച്ചു ഓളങ്ങളായി തീരത്ത് തലോടുമ്പോള്‍‍, ഈ ആഴം കാണാക്കയത്തിലെ കൊച്ചു കൊച്ചു ഓര്‍മ്മച്ചെപ്പുകള്‍ അങ്ങു താഴെ തിളങ്ങുന്നത് തെളിഞ്ഞു കാണാം.

ഞാന്‍ എഴുന്നേറ്റു നിന്ന് എല്ലാവരോടുമായി ഉച്ചത്തില്‍ പറഞ്ഞു. എന്നെ, ഒരു സംശയം സാരമായി അലട്ടുന്നുണ്ട്. ഈ യാത്ര അതിനുത്തരം കണ്ടു പിടിക്കാന്‍ ഉതകുമെങ്കില്‍ വളരെ നല്ലത്. പുനര്‍ജ്ജന്‍മം എന്നൊന്നുണ്ടോ? അത് സംശയാതീതമായി തെളിയിക്കാന്‍ സാധിക്കുമോ? ഇതാണ് എന്‍റെ സംശയം.


ഉടനെ പലരും ചാടി എണീറ്റ് അതിലെന്താ സംശയം, പുനര്‍ജന്‍മം ഉണ്ടല്ലോ, അതു കൊണ്ടാണല്ലോ പലരും ജന്മനാ ധിഷണാ ശാലികള്‍ ആകുന്നത്, ജന്മനാ പാട്ടുകാരാകുന്നത്, പഴയ ജന്മത്തിലെ പലതും ഓര്‍ക്കുന്നത് എന്നും മറ്റും പറഞ്ഞു. മറ്റു ചിലര്‍ അതിനെ നഖ ശിഖാന്തം എതിര്‍ത്തു. അതെല്ലാം ജീനിന്‍റെ പ്രവര്‍ത്തനമാണ്, ഇത് എപ്പോഴും എവിടേയും സംഭവിക്കാം എന്നൊക്കെ... തമ്മില്‍ വലിയ വാദ പ്രതി വാദങ്ങള്‍ ആയി.

തര്‍ക്കങ്ങള്‍ ഒട്ടൊന്ന് ശാന്തമായപ്പോള്‍, ഞങ്ങളില്‍ വളരെ മുതിര്‍ന്ന ആള്‍, ഗംഗാധരന്‍, ഞങ്ങളുടെ പ്രിയ ഗംഗന്‍, ഈ യാത്രയുടെ സംഘാടകന്‍, ധാരാളം വായിച്ചറിവുള്ള ആള്‍, പതുക്കെ പറഞ്ഞു. നമുക്ക് ഈ സംശയവും സംവാദവും ഈ യാത്രക്ക് ഉപയോഗിക്കാം. വഴി നീളെ കാഴ്ചകള്‍ കണ്ടുകൊണ്ട് നമുക്ക് ഇതിനെക്കുറിച്ച് വിചിന്തനം നടത്താം. എന്താ....!!!

എല്ലാവര്‍ക്കും സമ്മതം...വണ്ടിക്കുള്ളില്‍ എല്ലാവരും അവരവരുടെ ചിന്താ സരണികള്‍ തുറന്നു.. കൂടെ, കേള്‍ക്കാനുള്ള ഔല്‍സുക്യവും.

ഗംഗന്‍ തീസ്തയെ നോക്കിക്കൊണ്ടു പറഞ്ഞു തുടങ്ങി. നമ്മള്‍ പുനര്‍ജ്ജന്‍മത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ഈ പ്രകൃതി ഏതു തരത്തില്‍ ആണ് ഭൂമിയിലെ ഓരോ ശ്രോതസ്സും സന്തുലിതമായി കൊണ്ടു നടക്കാന്‍ ശ്രമിക്കുന്നത് എന്ന്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും..

ഇതിന് രണ്ടു മൂന്നു അടിസ്ഥാന കാര്യങ്ങള്‍ നാം അറിയണം.

അദ്ദേഹം തുടര്‍ന്നു.

നമ്മുടെ ഭൂമിയില്‍ എഴുപതു ശതമാനവും ജലം ആണ് എന്ന് നമുക്ക് അറിയാമല്ലോ. അതിന്‍റെ ഭൂരിഭാഗവും സമുദ്രത്തിലുമാണ്. ആ ജലം ഏതു രീതിയിലാണ് നമുക്ക് ഭൂമിയില്‍ എമ്പാടും ലഭിക്കുന്നത് എന്നു നോക്കൂ.

സമുദ്രത്തിലെ ജലം സൂര്യ താപമേറ്റ് ആവിയായി മുകളിലേക്കു പൊങ്ങി, മേഘങ്ങളായി മലകളില്‍ പോയി തട്ടി ഘനീഭവിച്ച് മഴയായി താഴോട്ട് വരുന്നു. സമുദ്രത്തിലെ ലവണമയമായ ജലം ശുദ്ധ ജലമായി ഭൂമിയില്‍ പെയ്യുന്നു. ആ ശുദ്ധ ജലം മലങ്കാടുകളിലും സമതലങ്ങളിലും പെയ്ത് കൊച്ചരുവികളായി ഒഴുകി വന്‍ നദികളായി ഭൂമിയെ വീണ്ടും കുളിര്‍പ്പിച്ചു കൊണ്ടു സമുദ്രത്തില്‍ പോയി ചേരുന്നു. കൂടാതെ ഒഴുകുന്നിടത്തൊക്കെ ഭൂമിയെ ഫലഭൂയിഷ്ടവുമാക്കുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നില്ലേ...

ഇടക്ക് ഒരു കൊച്ചു ടൌണ്‍ എത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും ചായ കുടിക്കുവാന്‍ ഇറങ്ങി. റോഡരികിലുള്ള ഒരു ചായക്കടയില്‍ നല്ല ഇഞ്ചി ചതച്ചിട്ട ചായയും ചൂടു സമോസയും ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. ആ നേരിയ തണുപ്പില്‍ സമോസക്കും ചായക്കും അസാമാന്യ സ്വാദ്.

ചായ കുടിച്ചു ഉഷാറായി ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.
ഞങ്ങളുടെ വണ്ടി വളഞ്ഞു പുളഞ്ഞുള്ള വഴികളിലൂടെ കയറ്റം കയറിക്കൊണ്ടിരുന്നു. മുകളില്‍ നിന്ന് താഴെ തീസ്ത വളഞ്ഞു പുളഞ്ഞ് ഒഴുകുന്നതും കാണാം. റോഡിനിരുവശവും ഘന ഗംഭീരമായ കറുത്തിരുണ്ട കാടുകള്‍.

ആദിത്യന്‍ മലകള്‍ നോക്കി ഉറക്കെ പറഞ്ഞു. എന്തൊരു ഭംഗിയാണ് ഈ കാടുകള്‍ക്ക്, ചുവപ്പും, പച്ചയും, മഞ്ഞയും നിറങ്ങള്‍ മല നിറയെ വാരി വിതറിയിരിക്കുന്നു.

നമ്മുടെ മനുഷ്യ ശരീരവും ഈ കാടുകള്‍ പോലെയാണ്, ഗംഗന്‍ അടുത്ത പടിയിലേക്ക് കടന്നു. നമ്മുടെ ശരീരത്തിലെ ഓരോ അംഗങ്ങളിലും അനു നിമിഷം ലക്ഷക്കണക്കിന് കോശങ്ങള്‍ ജനിക്കുന്നു, മരിക്കുന്നു. പക്ഷെ പുറമേ നിന്ന് കണ്ടാല്‍ എല്ലാ അംഗങ്ങളും മാറ്റങ്ങള്‍ വരാത്തത് പോലെ... കൂടാതെ പുതിയത് ജനിക്കുമ്പോള്‍ പഴയ കോശത്തിന്‍റെ ഓര്‍മ്മകള്‍ പുതിയതിന് കൈമാറുമാത്രേ... അതുകൊണ്ടാണല്ലോ നമ്മുടെ എല്ലാ അംഗങ്ങളും അതാത് ആകൃതിയില്‍ തന്നെ കാണുന്നതും, വളരുന്നതും... പുതിയ കോശങ്ങള്‍ തോന്നിയ പോലെ വളര്‍ന്നാല്‍ എല്ലാം വികൃതമാകും. അതാണല്ലോ കാന്‍സര്‍. ഇത് ഡോ. ദീപക് ചോപ്രയുടെ പ്രസിദ്ധ പുസ്തകമായ "ക്വാണ്ടം ഹീലിംഗില്‍" വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ‍

കാടുകളും ഇതുപോലെയല്ലേ...

ഒരു മരത്തില്‍ നിന്ന് വിത്തുകള്‍ അങ്ങിങ്ങ് ചിതറി വീണു പുതിയ മരത്തൈകള്‍ ജനിക്കുന്നു, പഴയ മരത്തിന്‍റെ ഗുണങ്ങള്‍ പുതിയതിലേക്ക് കൈമാറുന്നു. പഴയ മരങ്ങള്‍ ക്രമേണ ഇല്ലാതാകുന്നു. പക്ഷെ‍ കാടു കാടായി തന്നെ നില നില്‍ക്കുന്നു. അല്ലേ...

എന്ന് വച്ചാല്‍ പ്രകൃതി അതിന്‍റെ ശ്രോതസ്സ് വീണ്ടും വീണ്ടും ഉപയോഗിച്ച് (റീ സൈക്ക്ലിങിലൂടെ) അതിന്‍റെ വിഭവങ്ങളെല്ലാം നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഞങ്ങള്‍ രാത്രിയോടെ ഗാങ്ങ്ടോക്കില്‍ എത്തി. രാത്രിഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഗംഗന്‍ പറഞ്ഞതിനെക്കുറിച്ചുള്ള അപഗ്രധനങ്ങള്‍ ആയിരുന്നു. എല്ലാം അതിന്‍റെതായ ചിട്ടയോടെയാണ് ജനിക്കുന്നതും, വളരുന്നതും, നശിക്കുന്നതും. ഈ ചിട്ട ഇല്ലായിരുന്നെങ്കില്‍ എല്ലാം താറുമാറാകുമായിരുന്നു.

നമ്മുടെ സൗരയൂധത്തിനും ഒരു താളം ഉണ്ടല്ലോ. ആ താള ക്രമത്തില്‍ എല്ലാവരും അവരവരുടെ വഴിക്ക് അതിവേഗം ഓടിക്കൊണ്ടിരിക്കുന്നു, ആരും എവിടെയും കൂട്ടിമുട്ടാതെ. പ്രപഞ്ചത്തില്‍ ഗ്രഹങ്ങള്‍ മുതല്‍ നമ്മുടെ കോശങ്ങള്‍ വരെ തനതായ താളക്രമത്തില്‍ ജനിക്കുന്നു, വളരുന്നു, നശിക്കുന്നു. എല്ലാവരും അതത് ഓര്‍മ്മകള്‍ പിന്‍തലമുറയില്‍ നിന്ന് ഏറ്റു വാങ്ങിക്കൊണ്ട്. പ്രസിദ്ധ ഫിസിക്സ് ശാസ്ത്രജ്ഞനായ സ്ടീഫെന്‍ ഹോക്കിംഗ്സ്‌ തന്‍റെ വിശ്വ പ്രസിദ്ധ പുസ്തകമായ "ഗ്രാന്‍ഡ്‌ ഡിസൈനില്‍" ഇതേക്കുറിച്ച് എഴുതിയിരിക്കുന്നത് ഓര്‍മ്മവന്നു...

ഇതെല്ലാം ഓര്‍ത്തോര്‍ത്ത് ഉറക്കത്തിലേക്ക് തെന്നി വീണതറിഞ്ഞില്ല .

രാവിലെ വേഗം റെഡിയായി പ്രാതല്‍ കഴിക്കാന്‍ വന്നു.

ഇനി ഹിമാലയത്തിന്‍റെ ഉത്തുംഗ ശൃംഗങ്ങളില്‍ ഒന്നായ നാഥുലാ പാസ് കാണാന്‍ പോകണം. പുറത്തു വണ്ടി റെഡി. ഞങ്ങള്‍ എല്ലാവരും കൃത്യം ഒന്‍പത് മണിക്ക് തന്നെ പുറപ്പെട്ടു.

പതുക്കെ ഞങ്ങള്‍ മല കയറി തുടങ്ങി. ഹെയര്‍ പിന്‍ വളവുകളോടെ ചാഞ്ഞും ചെരിഞ്ഞുമുള്ള വഴികള്‍. ഓരോ വളവു കഴിയുമ്പോഴും ഞങ്ങളുടെ ഉയരങ്ങള്‍ കൂടിക്കൊണ്ടിരുന്നു. ഒരു ഭാഗത്ത്‌ തലയില്‍ വെള്ളപ്പാവണിഞ്ഞ മാമലകള്‍. മറു വശത്ത് ഭൂമിയുടെ ആഴത്തിലേക്ക് എത്തി നോക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍. ആവേശവും ഭീതിയും സമ്മിശ്രമായ നിമിഷങ്ങള്‍.

മലകളുടെ തലപ്പാവുകളായി തത്തിക്കളിച്ചിരുന്ന വെണ്‍മേഘങ്ങളെ മറികടന്നു ഞങ്ങള്‍ മുകളിലെത്തിയിരിക്കുന്നു.

ഡ്രൈവര്‍ ഡാന്‍-റാക്ക് എന്ന സ്ഥലത്ത് ചായ കുടിക്കാന്‍ വണ്ടി നിറുത്തി. മിടു മിടുക്കുള്ള സിക്കിം പെണ്ണുങ്ങള്‍ വേഗം കടയ്ക്ക് പുറത്തു വന്നു. ഞങ്ങള്‍ എല്ലാവര്‍ക്കും നല്ല ചൂടു കാപ്പി ഓര്‍ഡര്‍ ചെയ്തു.

ചൂടു കാപ്പി കുടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം. ഞങ്ങള്‍ സിക്കിം അംഗനമാരോട് യാത്ര പറഞ്ഞ്, വണ്ടിയില്‍ കയറി യാത്ര തുടങ്ങി.

അധിക ദൂരം പോകുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ റോഡിനിരുവശവും പഞ്ഞികെട്ട് പരത്തി ഇട്ടിരിക്കുന്നത് പോലെ മഞ്ഞു കട്ടകള്‍ കണ്ടു തുടങ്ങി.

ഈ കാണുന്ന മഞ്ഞുകട്ട സമയാസമയങ്ങളില്‍ രൂപാന്തരം പ്രാപിക്കുന്നത് പോലെയാണ് നമ്മുടെ ജീവന്‍റെ രൂപാന്തരവും, ഗണേശന്‍ മഞ്ഞുകട്ട കണ്ട് വിശകലനം നടത്തി. ഈ മഞ്ഞുകട്ട തന്നെ ഹിമവാന്‍റെ തലപ്പാവായും, മാറത്തു തത്തിക്കളിക്കുന്ന കാര്‍ മേഘങ്ങളായും, അരയിലെ അരഞ്ഞാണങ്ങള്‍ പോലെയുള്ള അരുവികളായും, സമതലത്തിലെ മഹാ നദികളായും, നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന പാരാവാരമായും മാറി മാറിക്കാണുന്നു.

എന്താ കഥ, ഗണേശാ, നീ ഹിമവാന്‍റെ മുകളില്‍ എത്തിയപ്പോഴേക്കും വാഗ്മിയും, തത്വ ജ്നാനിയുമൊക്കെ ആയല്ലോ കൂടെയിരുന്ന ആദിത്യന്‍ കമന്റ‍ടിച്ചു
 
കുറച്ചു കൂടി ദൂരം പോയപ്പോള്‍ ഘനീഭവിച്ച സോംഗോ തടാകം. അതിന്‍റെ ഒരു വശത്തു വെള്ളം സ്ഫടികമായി മാറിയിരിക്കുന്നു. 14000 അടി ഉയരത്തില്‍ സ്ഫടിക തടാകം. അതിന്‍റെ ആഴം നമുക്ക് മുകളില്‍ നിന്ന്‍ കാണാം.

ഇങ്ങനെ പല തടാകങ്ങളും അങ്ങിങ് ഒളിഞ്ഞും തെളിഞ്ഞും, സൂര്യന്‍റെ കിരണങ്ങളില്‍ ഒളി മിന്നുന്നു.

അങ്ങനെ ഞങ്ങള്‍ 14410 അടി ഉയരത്തില്‍ ചൈനയുടെ അതിര്‍ത്തിയില്‍ നാഥുലാ പാസില്‍ എത്തി. പുറത്തിറങ്ങേണ്ട താമസം ഞങ്ങളെ തട്ടി വീഴ്ത്തുമാറുള്ള തണുത്ത കാറ്റ് ആഞ്ഞടിക്കുന്നു. ഞൊടിയിട കൊണ്ട് കൈ കാലുകള്‍ മരവിക്കുന്നു. ഇവിടുത്തെ ഇപ്പോഴത്തെ താപനില -2 ഡിഗ്രി സെന്റിഗ്രേഡ്‌ ആണത്രേ.

ഞങ്ങളെ കണ്ട് അതിര്‍ത്തി കാവല്‍ നിന്നിരുന്ന സര്‍ദാര്‍ജി അവരുടെ കൂടാരത്തില്‍ നിന്നും പുറത്ത് വന്ന് ഞങ്ങളെ അഭിവാദ്യം ചെയ്തു. കുശല പ്രശ്നം നടത്തി.

ഏത് കഠിന പരിതസ്ഥിതിയേയും അനു നിമിഷം വെല്ലുവിളിച്ചുകൊണ്ടു നമ്മുടെ അതിര്‍ത്തി കാക്കുന്ന ധീര ജവാന്മാര്‍. അവരുടെ ത്യാഗത്തിനു മുന്നില്‍ ഞങ്ങളുടെ പ്രണാമം
 
ഞങ്ങള്‍ കുറച്ചു താഴെ കണ്ട തണുത്ത പഞ്ഞിക്കെട്ടുകളില്‍, കൊച്ചു കുട്ടികളെപ്പോലെ വീണുരുണ്ടു മതി വരുവോളം കളിച്ചു.

പെട്ടെന്ന് വെയില്‍ മങ്ങി. കാര്‍മേഘങ്ങള്‍ കറുത്തിരുണ്ട് തുടങ്ങി. അങ്ങ് ദൂരെ ചില പൊട്ടലും ചീറ്റലും ഒക്കെ കേള്‍ക്കാം. ഇവിടെ ഇങ്ങനെ ആണത്രേ. എപ്പോഴാണ് പ്രകൃതിയുടെ ഭാവം മാറുന്നത് എന്നറിയില്ല.

വേഗം വണ്ടിയില്‍ കയറുവാന്‍ ഡ്രൈവര്‍ തിടുക്കം കൂട്ടി. വണ്ടി സ്ടാര്‍ട്ട് ആക്കിയപ്പോഴേക്കും കൂടുതല്‍ തണുത്ത കാറ്റ് വീശി തുടങ്ങി. തുടര്‍ന്ന് ആലിപ്പഴ വര്‍ഷം.

ഇതാണ് പ്രകൃതിയുടെ ട്രാന്‍സഫര്‍മെഷന്‍ - രൂപാന്തരം. ആദിത്യന്‍ പറഞ്ഞു.

ഇത് രൂപാന്തരമല്ല, ഭാവാന്തരം. ഗണേശന്‍റെ കമന്റു വന്നു.

പുറത്ത് ആലിപ്പഴം ശക്തിയായി വണ്ടിയുടെ ചില്ലുകളില്‍ വലിയ ശബ്ദത്തോടെ വീഴുന്നത് കാണാം. കൂടെ കനത്ത മഴയും.

എല്ലാവരും പേടി നിറഞ്ഞ ഔല്‍സുക്യത്തോടെ പുറത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. വണ്ടി തെന്നുമോ എന്നുള്ള ഭയത്തോടെ ഡ്രൈവര്‍ വളരെ പതുക്കെയാണ് ഓടിക്കുന്നത്.

ആദിത്യന്‍റെ ഉറക്കെയുള്ള ചോദ്യം കേട്ട് എല്ലാവരും ചെറുതായൊന്ന് അമ്പരന്നു.. ഈ കര്‍മ്മ ഫലം എന്നൊന്നുണ്ടോ?

ഗണേശന്‍ പറഞ്ഞു, ഉണ്ടല്ലോ..ഏത് പ്രവൃത്തിക്കും ഫലം ഉണ്ട്. അത് ചെയ്ത ആളെ മാത്രമല്ല, അവരുമായി ബന്ധപ്പെട്ടവരെയൊക്കെ അത് ബാധിക്കുകയും ചെയ്യും.

എന്നു വച്ചാല്‍, ഒരു ഉദാഹരണം പറയൂ…

നമ്മുടെ ഡ്രൈവര്‍ അല്പം അശ്രദ്ധയോടെ വണ്ടി ഓടിച്ചാല്‍ മതി, അയാള്‍ മാത്രമല്ല നമ്മളെല്ലാവരും ഇവിടെ നിന്ന്‍ താഴെ അഗാധഗര്‍ത്തത്തില്‍ എത്തി, മുകളിലേക്ക് പോകും. ഗണേശന്‍റെ ‍ മറുപടി ഉടന്‍ വന്നു.

അയ്യോ, എന്നു പറഞ്ഞു എല്ലാവരും ഒന്ന് പതുക്കെ ചിരിച്ചു.

ആദിത്യന്‍ വിടുന്ന മട്ടില്ല..അപ്പോള്‍ എന്‍റെ അടുത്ത സംശയം.. ഈ ജന്മത്തില്‍ കര്‍മ്മം ചെയ്‌താല്‍, അടുത്ത ജന്മത്തില്‍ അതിന്‍റെ അനുഭവം ഉണ്ടാകുമോ, ആദിത്യന്‍ കൂടുതല്‍ ഉയരത്തില്‍ ചിന്തിക്കാന്‍ ശ്രമിച്ചു..

ഉണ്ടാകുമല്ലോ..നമ്മള്‍ ഈ ജന്മത്തില്‍ കാടുകള്‍ ഇതുപോലെ നശിപ്പിച്ചാല്‍, വെള്ളം ഇതുപോലെ പാഴാക്കിയാല്‍, പുഴയിലെ ജലം ഇതുപോലെ മലിനമാക്കിയാല്‍, മണല്‍ ഇതുപോലെ വാരിയാല്‍, പ്ലാസ്ടിക് ഇതുപോലെ കുമിഞ്ഞു കൂടിയാല്‍, നമ്മുടെ അടുത്ത തലമുറ അനുഭവിക്കില്ലേ… ഗണേശന്‍ ധാര്‍മ്മിക രോഷത്തോടെ ചോദിച്ചു.

അതു ശരിയാണ്, നമ്മുടെ അടുത്ത തലമുറ - ആ പാവങ്ങള്‍ - വല്ലാതെ കഷ്ടപ്പെടും. ആദിത്യന് കാര്യങ്ങള്‍ തെളിഞ്ഞു വരുന്നത് പോലെ.

പക്ഷേ... ആദിത്യന്‍ വീണ്ടും ചോദിക്കാന്‍ മുതിര്‍ന്നു.

ഗംഗന്‍ പറഞ്ഞു.. ഒരു കാര്യം ഉറപ്പാണ്. നല്ല കാര്യങ്ങള്‍ ചെയ്‌താല്‍, പ്രകൃതിയോട് ഇണങ്ങി ജീവിച്ചാല്‍ നിങ്ങള്‍, വരും തലമുറകളിലൂടെ സുഖമായി ജീവിക്കും. അവര്‍ നിങ്ങളെ നന്ദിയോടെ ഓര്‍ക്കും.

അല്ലെങ്കില്‍…. മറിച്ചും ആകും.

ഞങ്ങളുടെ വണ്ടി ഉയരങ്ങളില്‍ നിന്ന് പാതി വഴി ഇറങ്ങിയിരിക്കുന്നു. പുറത്ത് കാറ്റും കോളും ശമിച്ചു നീലാകാശം തെളിഞ്ഞു പുഞ്ചിരിക്കുന്നു, ഒന്നുമറിയാത്ത മട്ടില്‍




 


4 comments:

  1. Areanavo eitile Gangan alloru prakarti snehi anallo. Nanayittundu 😀😁

    ReplyDelete
    Replies
    1. ഗംഗന്‍ ഒരു പഴയ കൂട്ടുകാരനാണ്, :-)... നന്ദ്രി..

      Delete
  2. നന്നായിട്ടുണ്ട് ,പുനർജന്മ സംശയം തീർന്നു ,ഉദാഹരണങ്ങൾ നന്നായി ,രവിയുടെ കൊച്ചു കൊച്ചു ജീവിതയാത്രകൾ അനസ്യൂതം തുടരട്ടെ ആംശoസകൾ

    ReplyDelete
    Replies
    1. ഗണേശാ, പ്രചോദനങ്ങള്‍ക്ക് നന്ദി...

      Delete