Tuesday, 7 October 2025

ഗിരിധറിന്‍റെ മലേഷ്യയിലെ ഓണം




ഗിരിധറിനെ കുറേ കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. അവന്‍റെ പാസ്സ്പോര്‍ട്ടില്‍ കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലമായി അങ്ങിങ്ങ് മഷി പുരണ്ടു കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലെ മഷികള്‍. ചുവപ്പ്, പച്ച മഞ്ഞ നീല മറ്റു പല നിറങ്ങളും. എന്നാല്‍ അവന്‍റെ വാമ ഭാഗത്തിന്‍റെ പാസ്സ്പോര്‍ട്ടില്‍ ഒരു കോറല്‍ പോലും ഇതുവരെ വീണിട്ടില്ല. പാസ്സ്പോര്‍ട്ട് പലതവണ പുതുക്കിയെങ്കിലും ഒരു വര എവിടെയെങ്കിലും വീഴണ്ടേ...ഇല്ല....എല്ലാം ശൂന്യം.

ഗിരിധറിനെ അറിയുന്ന കൂട്ടുകാരെല്ലാം ചോദിച്ചു കൊണ്ടിരുന്നു. എന്താ ഭാര്യയെ ഇതുവരെ പുറത്തുപോകുമ്പോള്‍ കൂടെ കൊണ്ടുപോകാത്തത് എന്ന്. ഇതു കേട്ടു കേട്ട് അവന് യാത്രകളെക്കുറിച്ച് പറയാന്‍ മടിയായിത്തുടങ്ങി ‍. ഈ സുഹൃത്തുക്കളില്‍ എത്ര പേര്‍ക്കറിയാം, അവനോട് boss ഇന്ന് പറഞ്ഞാല്‍ മറ്റന്നാള്‍ പെട്ടിയെടുത്ത്‌ ഓടിയിരുന്ന കാലം. താമസം എത്ര വലിയ നക്ഷത്ര ഹോട്ടലിലാണെങ്കിലും സമയം നോക്കാതെ പണിയെടുത്തിയിരുന്ന കാലം. ഹോട്ടലില്‍ വന്നാല്‍ ചുറ്റും പഞ്ച നക്ഷത്രങ്ങള്‍ തിളങ്ങിരുന്നെങ്കിലും ഏകാന്തത അനുഭവിച്ചിരുന്ന കാലം. ഇത് പലപ്പോഴും ഭാര്യക്ക് പോലും മനസ്സിലായിരുന്നിരിക്കില്ല.

ഇതാ ഇപ്പോള്‍ പ്രാരബ്ധങ്ങളൊക്കെ കുറഞ്ഞ് ഊരു ചുറ്റാനുള്ള കാലം വന്നപ്പോള്‍ ആരോഗ്യം സമ്മതിക്കുന്നില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കാരണമൊന്നുമില്ലാതെ അവന്‍റെ ബ്ലഡ് പ്രഷര്‍ 80/40 ആയി. എഴുന്നേറ്റാല്‍ തല കറങ്ങും. പല്ലു പോലും നിന്ന് തേക്കാന്‍ പറ്റാത്ത അവസ്ഥ. അവന്‍റെ മനസ്സിന്‍റെ ഉള്ളില്‍ ഒരു തേങ്ങലുയര്‍ന്നു. ഈ ആരോഗ്യം വച്ചുകൊണ്ട് ഞാന്‍ ഇനി എങ്ങനെ യാത്ര ചെയ്യും. നാട്ടില്‍ പോയിട്ട് തന്നെ കുറേ വര്‍ഷങ്ങളായി. കുടുംബത്തെ കൂട്ടി യാത്രകളൊക്കെ ചെയ്യണമെന്ന് വളരെ ആഗ്രഹിച്ചതാണ്‌. ‍

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഒരു സുഹൃദ് കുടുംബത്തെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ സൌഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ യാദൃശ്ചികമായി ഗിരിയോടും കുടുംബത്തോടും ചോദിച്ചു. ഞങ്ങള്‍ റിട്ടയര്‍മെന്റിന്‍റെ വക്കത്താണ്. കുറച്ചു യാത്രകള്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. നിങ്ങള്‍ കൂടെ കൂടുമോ. ഗിരിധറിനു സന്തോഷവും സങ്കടവും. തനിക്ക് ഇവരുടെ കൂടെ യാത്ര ചെയ്യാന്‍ പറ്റുമോ. താന്‍ ഇവര്‍ക്ക് ഒരു ഭാരമാവുമോ. അവന്‍ ഭാര്യയെ ഒന്ന് നോക്കി. ഇത് പോലുള്ള ഒരു സന്ദര്‍ഭം ഇനി വരുമോ.

സുഹൃത്തുക്കളുടെ കൂടെ പോകുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ നോക്കണമെങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് ഒരു ബലമാണ്‌. കൂടെയുള്ളവര്‍ ആരെങ്കിലുമൊക്കെ സഹായിക്കും. ഉല്ലാസ സമയങ്ങള്‍ ആഘോഷമാക്കാം. ഒന്ന് ശ്രമിക്കുക തന്നെ. അവന്‍ പറഞ്ഞു, സിംഗപ്പൂര്‍ പോലുള്ള അടുത്ത സ്ഥലങ്ങള്‍ ആണെങ്കില്‍ നോക്കാം. അവരും നോക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ ഒരു ട്രാവല്‍ quotation അയച്ചു തന്നു. പിന്നെ അടുത്തുള്ള ഒരു സുഹൃദ് കുടുംബവും കൂടി ചേരുന്നുണ്ട് എന്ന് പറഞ്ഞു. അത് കൊള്ളാം. മൂന്ന് കുടുംബം ആറു പേര്‍. കൊള്ളാം, കാര്യങ്ങള്‍ ഉത്സാഹമാക്കാം. അടുത്ത ആഴ്ച അവര്‍ ട്രാവല്‍ എജെന്റിന്‍റെ അടുത്ത് വിശദ വിവരങ്ങള്‍ തിരക്കുവാന്‍ പോകുമ്പോള്‍ ഗിരിധറിനെ വിളിച്ചു. അവന് അത്ര സുഖമില്ലായിരുന്നു. അവന്‍ കൂടെ പോയില്ല.

അവര്‍ അവിടെ നിന്ന് പെട്ടെന്ന് അഡ്വാന്‍സ് കൊടുക്കാന്‍ പോകുകയാണ് എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഗിരിധറും ഭാര്യയും ഒന്ന് പകച്ചു. ഒരു സാവകാശവുമില്ലാതെ ഇത്ര പെട്ടെന്നോ. അവര്‍ ഭാര്യയും ഭര്‍ത്താവും ഒന്ന് ഇരുന്ന് ആലോചിച്ചു. ലീവെടുക്കണം, NOC ഉണ്ടാക്കണം, പാര്‍ലമെന്റിന്‍റെ തകൃതിയായ പണി നടക്കുകയാണ് എന്നൊക്കെ ഭാര്യ പറഞ്ഞു. ഗിരിധര്‍ പറഞ്ഞു. ഇത് ഒരു സുവര്‍ണ്ണ സന്ദര്‍ഭം ആണ്. നമ്മള്‍ രണ്ടുപേര്‍ മാത്രമായി ഇതിന് ഒരുങ്ങി എന്ന് വരില്ല. പോരാത്തതിന് നമ്മുടെ വേണ്ടപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ട്. നമുക്ക് ഇതില്‍ ചാടി വീഴുക തന്നെ.

അങ്ങനെ അവര്‍ ‍ അഡ്വാന്‍സ്ഡ് കൊടുക്കാന്‍ തയ്യാറായി. UPI വഴി പണമടച്ച ഉടനെ തന്നെ എജന്റ്റ് പാസ്സ്പോര്‍ട്ടിന്‍റെ കോപ്പി ആവശ്യപ്പെട്ടു. ഉടനെ ഹോട്ടല്‍ ടിക്കറ്റും ഫ്ലൈറ്റ് ടിക്കറ്റും ബുക്ക്‌ ചെയ്യുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ തീരെ അപ്രതീക്ഷിതമായി അവര്‍‍ ഒരു വിദേശ യാത്രക്ക് തയ്യാറെടുത്തിരിക്കുന്നു.

പിന്നെ കാര്യങ്ങള്‍ ഒന്നിന് പുറകെ ഒന്നൊന്നായി നടന്നുകൊണ്ടിരുന്നു. ഓരോ തീരുമാനങ്ങള്‍ എടുക്കാനും ഓരോ മീറ്റിങ്ങുകള്‍ ഓരോരുത്തരുടെ വീടുകളിലുമായി നടന്നു. അത് സമോസ പാര്‍ട്ടിയും, പൊക്കോട പാര്‍ട്ടിയും, പനീര്‍ പൊക്കോട പാര്‍ട്ടിയും ഒക്കെയായി ആഘോഷമാക്കി. ലീഡറേയും തിരഞ്ഞെടുത്തു. ഏതു കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന പരിചയമുള്ള ആള്‍ എപ്പോഴും നല്ലതാണല്ലോ. ‍

പലപ്പോഴും നടക്കാന്‍ പോകുന്ന സംഭവത്തെക്കാളധികം അതിനുള്ള ഒരുക്കങ്ങളാണ് നമുക്ക് കൂടുതല്‍ സന്തോഷം തരുന്നത്. അത്തരത്തിലൊന്നായിരുന്നു ഇത്. കല്യാണത്തിന് ഉള്ള ഒരു‍ക്കുമാനങ്ങള്‍ ഒരു മാസത്തിലധികം നീണ്ടു നില്‍ക്കും എന്നാല്‍ കല്യാണം ഒരു ദിവസം കൊണ്ട് കഴിഞ്ഞു പോകും. അത് പോലെ.

അങ്ങനെ പുറപ്പെടുവാനുള്ള ആ സുദിനം വന്നു. രാത്രിയാണ് ഫ്ലൈറ്റ്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭീമാകാരനായ ബോയിംഗ് 747 അര്‍ദ്ധ ഡബിള്‍ ഡക്കറാണ് ഫ്ലൈറ്റ്. ഗിരിധറിന്‍റെ അനുഭവം വച്ച് നോക്കുമ്പോള്‍ അത്തരത്തിലുള്ള ഭീമന്‍മാരില്‍ ഇരിക്കുന്നതിനേക്കാള്‍ താരതമ്യേന ചെറിയ ഫ്ലൈറ്റ്കളില്‍ ഇരിക്കുന്നതാണ് നല്ലത്. വളരെ വലിയ ഫ്ലൈറ്റുകളില്‍ ‍ എന്തിനും ഏതിനും ജനപ്രവാഹമാണ്. ടോയ്ലെറ്റില്‍ പോകാന്‍ വരെ വലിയ ക്യൂവില്‍ നില്‍ക്കണം.

എന്തായാലും രാവിലെ അവര്‍ സിംഗപ്പൂരില്‍ ഇറങ്ങി. അവിടെ ഒന്നര മണിക്കൂര്‍ നേരത്തെ സമയമുണ്ട്. രാവിലെ പല്ലുതേപ്പും കാര്യങ്ങളും കഴിക്കാം. അപ്പോഴേക്കും മലേഷ്യക്കുള്ള വിമാനം തയ്യാറാകും. അവര്‍ പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞ് ഫ്ലൈറ്റില്‍ കയറി. ‍

രാവിലെ 10 മണിയോടെ അവര്‍ ക്വലലംപുര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അടുത്തുള്ള ടെര്‍മിനലുകളുമായി കണക്റ്റ് ചെയ്യാന്‍ ട്രാം ഉണ്ട്. അവര്‍ ടെര്‍മിനലില്‍ എത്തി, എമിഗ്രേഷന്‍ കാര്യങ്ങള്‍ അധികം താമസിയാതെ കഴിഞ്ഞു. പറയത്തക്ക തിരക്ക് അവിടെയൊന്നും അനുഭവപ്പെട്ടില്ല. അല്ലെങ്കിലും ഏറ്റവും ജന സംഖ്യയുള്ള ഇന്ത്യയില്‍ നിന്ന് എവിടെപ്പോയാലും തിരക്ക് കുറവേ തോന്നൂ...!!

എമിഗ്രേഷന്‍ കഴിഞ്ഞ്, കണ്‍വെയര്‍ ബെല്‍ട്ടില്‍ നിന്നിറങ്ങി അവരെയും കാത്തു കിടക്കുന്ന ലഗ്ഗെജുകള്‍ എടുത്ത് അവര്‍ പുറത്തേക്ക് നടന്നു. അവിടെ പുറത്തേക്കുള്ള കവാടത്തില്‍ തന്നെ പ്ലക്കാര്‍ഡും പിടിച്ച് ഒരു ചെറുപ്പക്കാരന്‍ കാത്തു നില്‍ക്കുന്നു. കൂടെ ഒരു ചെറുപ്പക്കാരിയും ഉണ്ട്. ആ വനിത അവരെ ഓരോരുത്തരേയുമായി ഹസ്തദാനം ചെയ്ത് പരിചയപ്പെടുത്തി. Hi, I am Manal, your tour guide in Malaysia Kualalampur. Welcome to Malaysia.അവള്‍ മലായ് ചുവയുള്ള ഇംഗ്ലിഷില്‍ മൊഴിഞ്ഞു. താരതമ്യേന വെളുത്ത തടികുറഞ്ഞു ഉയരമുള്ള ശരീരം. വിടര്‍ന്നു മലര്‍ന്ന ചുണ്ടുകള്‍. തലയില്‍ ഒരു വലിയ പൂവ് ചൂടിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ഒരു ആണ്‍കുട്ടിയുടെ ശരീര പ്രകൃതമുള്ള ഒരു യുവതി. ഒരു ഗൈഡിന് തനതായ പ്രത്യേകതകള്‍ ഉണ്ടെങ്കില്‍ നല്ലതാണല്ലോ. ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയാന്‍.

അവര്‍ ആകെ 17 പേര്‍. മിക്കവരും ഡല്‍ഹിയില്‍ നിന്നുള്ളവര്‍. മൂന്ന് പേര്‍ ബറെലിയില്‍ നിന്നാണ്. അവരെ ഹോട്ടലുകളിലേയ്ക്ക് കൊണ്ടുപോകാന്‍ ബസ്സ്‌ വന്നു നിന്നു. അവര്‍ ലഗേജുകള്‍ ഡിക്കിയില്‍ നിറച്ച് വണ്ടിയില്‍ കയറി. ഗൈഡ് മനാല്‍ മധുര സ്വരത്തില്‍ മൊഴിഞ്ഞു. ഇവിടെ നിന്ന് ഒരു മണിക്കൂറിലധികം ദൂരമുണ്ട്. യാത്ര ആസ്വദിക്കൂ...

നല്ല നിരന്ന പാതകള്‍. റോഡിനിരുവശവും പച്ചപ്പ്‌. റോഡില്‍ തിരക്ക് നന്നേ കുറവ്. ബസ്സ്‌ നല്ല സ്പ്പീഡില്‍ ആണ്. ആരും ലെയിന്‍ തെറ്റിക്കുന്നില്ല.

ഇന്ത്യയില്‍ നിന്ന് പുറത്ത് കടന്നാല്‍ ആദ്യം ശ്രദ്ധിക്കുന്നത് അവിടത്തെ അച്ചടക്കമാണ്. ഒരു ഹോണ്‍ അടി അവിടെ കേള്‍ക്കാനില്ല. നിരത്തില്‍ ആര്‍ക്കും അനാവശ്യ ധൃതിയില്ല. പൊതുവേ പോറല്‍ പോലും ഏല്‍ക്കാത്ത വണ്ടികള്‍. ധാരാളം സ്ത്രീകള്‍ വണ്ടി ഓടിക്കുന്നുണ്ട്. ആരും തുറിച്ചു നോക്കുന്നില്ല. ഇതിനു കടക വിപരീതമായി കണ്ടു ശീലിച്ച ഇന്ത്യക്കാര്‍ക്ക് ഇത് എപ്പോഴും ഒരു പുതുമയാണ്.

ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമിന്‍റെ തലസ്ഥാനം ഗാംടോകില്‍ ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടിട്ടുണ്ട്. അവരുടെ എല്ലാ മേഘലകളിലും അച്ചടക്കം. രാവിലെ അവനവന്‍റെ കടകളും നിരത്തും വൃത്തിയാക്കുന്നത് മുതല്‍ വൈകുന്നേരം പച്ചക്കറിച്ചന്ത അടിച്ചുവാരി വൃത്തിയാക്കി വീട്ടില്‍ പോകുന്നത് വരെയുള്ള അവരുടെ ശുചിത്വ ശീലം ശ്ലാഖനീയം. നിരത്തില്‍ ഒരു ഹോണടിയില്ല. ബസ്സുകളും കാറുകളും നിറുത്തേണ്ടിടത്ത് മാത്രമേ നിറുത്തൂ. ഗതാഗത കുരുക്കുകള്‍ വളരേ ചുരുക്കം. ഇവര്‍ക്കൊക്കെ ഇവരുടെ അയല്‍ക്കാരായ തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് കിട്ടിയതായിരിക്കും ഈ നല്ല സംസ്കാരം.

ഇന്ത്യ പുരോഗമിക്കുമെങ്കിലും ഇത്തരത്തിലുള്ള സഹവര്‍ത്തിത്ത്വ സംസ്കാരം ഇവിടെ വരുമോ എന്നുള്ള കാര്യം സംശയമാണ്.

അവരുടെ ബസ്സ്‌ ഹോട്ടല്‍ ഫുരാമയുടെ മുന്‍പില്‍ നിന്നു. ബസ്സിലുള്ള പലരും പല ഹോട്ടലിലേയ്ക്കുള്ളവരാണ്. അവര്‍ ലോബിയില്‍ ലഗേജുമായി ചെന്നു നോക്കിയപ്പോള്‍ അവിടെ ഒരു പൂരത്തിന്‍റെ ആള്‍ക്കാര്‍. ചെക്കിന്‍ ചെയ്യാനും ചെകൌട്ട് ചെയ്യാനുമായി ലോബിയില്‍ എത്തിയ ആള്‍ക്കാര്‍. അവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ് എന്ന് കണ്ടാലറിയാം.

നേരം ഉച്ചക്ക് ഒരുമണി ആയിക്കാണും. രാവിലെ ഫ്ലൈറ്റില്‍ ഒരു കാപ്പി കിട്ടിയതാണ്. അതിനുശേഷം ഒന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട്. രണ്ടു മണിക്ക് ശേഷമേ ഹോട്ടല്‍ റൂമില്‍ ചെക്കിന്‍ ചെയ്യാന്‍ പറ്റൂ. ലഗേജ് അവര്‍ ലോക്കറില്‍ ഏല്‍പ്പിച്ച് ആഹാരം കഴിക്കാനും സിം കാര്‍ഡ് വാങ്ങാനുമായി ഇറങ്ങി. ഇന്ന് തിരുവോണമാണ്. നാട്ടില്‍ ആണെങ്കില്‍ ഇലയിട്ട് സദ്യ ഊണിന്‍റെ സമയം.

സിംകാര്‍ഡ് ഇല്ലാതെ ഗൂഗിള്‍ മാപ്പില്‍ സ്ഥലം തിരയാനും വിഷമം. നടക്കുന്ന വഴിക്ക് ഒരു ഇന്ത്യന്‍ ഹോട്ടല്‍ കണ്ടു. പക്ഷേ അവിടെ ഇഡ്ഡലി വട സാമ്പാര്‍ അല്ലാതെ വേറെ എല്ലാം മലേഷ്യന്‍ വിഭവങ്ങളാണ്. ഞങ്ങള്‍ കുറച്ചുകൂടെ നടന്നു. വിശപ്പിന്‍റെ വിളി കൂടിക്കൂടി വരുന്നു. ഇനി അലയാന്‍ വയ്യ. കിട്ടുന്നിടത്ത് നിന്ന് കഴിക്കുക തന്നെ. മുന്നില്‍ ഒരു മാള്‍ കണ്ടു. അതില്‍ ഫുഡ്‌ കോര്‍ട്ട് ഉണ്ടാകും. അവിടെ എന്തങ്കിലും കിട്ടാതിരിക്കില്ല. അതിനകത്ത് കയറി തിരയല്‍ തുടങ്ങി. അവിടെയും മിക്ക കടകളും മലേഷ്യന്‍ ആഹാരം വിളമ്പുന്നതാണ്. മലേഷ്യയില്‍ വന്നാല്‍ മലേഷ്യന്‍ കടകളല്ലേ കാണൂ. എങ്കിലും ഒരു ശ്രമം. അതാ കാണുന്നു പിസ ഹട്ട്. ഇത് ഇന്ത്യയില്‍ കേട്ടും കഴിച്ചും പരിചയമുള്ള ഒന്നാണ്. പിസയെങ്കില്‍ പിസ...

അവര്‍ അവിടെ കയറി. തമിഴ് മലയ് വംശജയായ ഒരു വയസ്സായ സ്ത്രീ ആണ് ഇവിടത്തെ വെയിറ്റര്‍. വലിയ വിശാലമായ ഒരു കടയില്‍ രണ്ടോ മൂന്നോ വെയിറ്റര്‍മാരാണ് ഉള്ളത്. ജനങ്ങള്‍ അധികമില്ലാത്ത സ്ഥലത്ത് ചെന്നാല്‍ അങ്ങനെയാണ്. അവര്‍ പിസ ഓര്‍ഡര്‍ ചെയ്തു. ഇപ്രാവശ്യത്തെ ഓണം പിസയിലാവട്ടെ.

ഭക്ഷണം കഴിഞ്ഞ് 7/11 -എന്ന കടയില്‍ നിന്ന് സിംകാര്‍ഡും വാങ്ങി. അവിടെ ഭാഷയ്ക്ക്‌ അധികം ബുദ്ധിമ്മുട്ടേണ്ടി വന്നില്ല കാരണം അവിടെ നില്‍ക്കുന്നത് ഒരു ബംഗ്ലാദേശി ആണ്. അവന്‍ ഹിന്ദിയില്‍ നന്നായി സംസാരിക്കുന്നു. മലേഷ്യയില്‍ പൊതുവേ ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ട് ആശയവിനിമയത്തിന് വലിയ ബുദ്ധിമ്മുട്ടില്ല . അവര്‍ ഹോട്ടല്‍ ഫുരാമയില്‍ തിരിച്ചെത്തി. റൂമുകളില്‍ ചെക്കിന്‍ ചെയ്തു. വിശാലമായ മുറികള്‍. നല്ല വെടിപ്പും വൃത്തിയും സൌകര്യവുമുള്ള 4 സ്റ്റാര്‍ ഹോട്ടലാണ് ഇത്. 28 നിലകളുള്ള ഈ ഹോട്ടല്‍ അവിടത്തെ ഒരു ലാന്‍ഡ്‌ മാര്‍ക്ക് ആണ്. അവരുടെ ഇന്ത്യയിലെ ഏജന്‍സി ഇക്കാര്യത്തില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല.

ഇന്നത്തെ പരിപാടി ഉച്ചതിരിഞ്ഞ് ക്വലലംപുര്‍ സിറ്റിസെന്‍റെറിലെ പ്രധാന കാഴ്ചകള്‍ കാണുകയാണ്. കുറച്ചു കഴിഞ്ഞാല്‍ മലായ് ഇംഗ്ലിഷ് ചറപറ സംസാരിച്ചു കൊണ്ട് പട്ടണം കാണിക്കാന്‍ മനാല്‍ വണ്ടിയുമായി വരും. ഗൈഡ്-മാര്‍ക്ക് സംസാരിക്കലാണല്ലോ പണി.

അവര്‍ കൃത്യം 2.30 ന് വന്നു. ഞങ്ങള്‍ മൊത്തം 17 പേര്‍ പല ഹോട്ടലുകളിലായി താമസിക്കുന്നു. അവരെയൊക്കെ എല്ലായിടത്തു നിന്നും കൂട്ടി അവര്‍ സിറ്റി സെന്‍റര്‍ കാണാന്‍ ഇറങ്ങി.

മനാല്‍ അവരെ ആദ്യം കൊണ്ടുപോയത് KL ടവറിലേയ്ക്കാണ്. മിനാര ക്വലലംപുര്‍ എന്ന് അറിയപ്പെടുന്ന ഈ ടവറിന് 421 മീറ്റര്‍ ഉയരമുണ്ട്. തെക്ക് കിഴക്കേ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ടവറിന്‍റെ 270 മീറ്റര്‍ ഉയരത്തില്‍ ഒരു observatory deck ഉണ്ട്. അവിടേയ്ക്കാണ് ഞങ്ങളെ കൊണ്ടുപോയത്. അവിടെ നിന്നും അംബര ചുംബികള്‍ നിറഞ്ഞ ആ പട്ടണം വളരെ നന്നായി കാണാം. ഈ ടവര്‍ ഒരു കുന്നിന്‍ മുകളിലായത് കൊണ്ട് കുറച്ചുകൂടി ഉയരം തോന്നിക്കും. ഇതില്‍ ഒരു revolving restaurant ഉം ഉണ്ട്. പതുക്കെ ചുറ്റുന്ന ആ റെസ്ടോറന്റില്‍ ഇരുന്ന് ഡൌണ്‍ടൌണിന്‍റെ ഭംഗി കണ്ടുകൊണ്ട്‌ അങ്ങനെ സ്വാദുള്ള ആഹാരം കഴിക്കാം.

അവിടെ നിന്ന് തിരിക്കുന്ന വഴിക്ക് ഒരു ചോക്ക്ലേറ്റ് ഫാക്ടറി ഉണ്ട്. അവിടെ തികച്ചും vegetarian ആയ നല്ല സ്വാദുള്ള നാവില്‍ ഇട്ടാല്‍ വെണ്ണ പോലെ അലിയുന്ന ബെല്‍ജിയം ചോക്ലേറ്റ് കിട്ടും. അവിടെ ചെന്നപ്പോഴെയ്ക്കും അവിടത്തെ മലയ സുന്ദരിമാര്‍ ഓരോ വിധം ചോക്ലേറ്റും സ്വാദ് നോക്കാന്‍ തന്നു. അവര്‍ ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പലതും പറഞ്ഞു. അതിഥികളെ ആകര്‍ഷിക്കാന്‍. എന്നാല്‍ ഭയങ്കര വിലയായിരുന്നത് കൊണ്ട് ഗിരിയും കൂട്ടരും അതൊന്നും വാങ്ങണ്ട എന്ന് വച്ചു. നല്ല ചോക്ലേറ്റ് ഇനിയും കിട്ടും.

അവര്‍ പിന്നെ പോയത് independence square അഥവാ മെര്‍ദേകാ സ്ക്വയര്‍ കാണാനാണ്. മലേഷ്യക്ക് 1957-ല്‍ ആദ്യമായി ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പതിനായിരങ്ങള്‍ തടിച്ചു കൂടിയ സ്ഥലമാണ് ഇത്. ഇവിടെയാണ് ആദ്യമായി മലേഷ്യന്‍ പതാക ഉയര്‍ന്ന് പാറിക്കളിച്ചത്. ഇന്ത്യയുടെ ചെങ്കോട്ട പോലെ. പഴയ ബ്രിട്ടീഷ് മന്ദിരങ്ങളും പുല്‍മൈതാനവും അവര്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. അതിന് മുന്നില്‍ അവര്‍ എല്ലാവരും പല പോസുകളില്‍ ഫോട്ടോ എടുത്തു.

ഇതിന് തൊട്ടടുത്തു തന്നെയാണ് സുല്‍ത്താന്‍ അബദുല്‍ സമദിന്‍റെ കൊട്ടാരവും. ബ്രിട്ടീഷ് ഭരണ കാലത്ത് ഫെഡറെഷന്‍ ഓഫ് സ്റ്റേറ്റ്സ് ഭരിച്ചിരുന്ന ഇദ്ദേഹത്തിന്‍റെ പേരിലാണ് ഈ മനോഹര കെട്ടിടം. ഇതിപ്പോള്‍ പല ഗവണ്മെന്റ്റ് മന്ത്രാലയങ്ങളുടെയും സിരാ കേന്ദ്രമാണ്.

പിന്നീട് അവര്‍ പോയത് ഇസ്താന നെഗാര എന്നറിയപ്പെടുന്ന സുല്‍ത്താന്‍റെ കൊട്ടാരത്തിലേയ്ക്കാണ്. ഇവിടത്തെ ജനാധിപത്യം 13 സംസ്ഥാനങ്ങളിലെ 9 സുല്‍ത്താന്‍മാരില്‍ നിന്ന് 5 കൊല്ലത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സുല്‍ത്താനും, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിയുമടങ്ങുന്ന ഒരു മിശ്ര ജനാധിപത്യമാണ്. എങ്കിലും പ്രധാന മന്ത്രിയാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നത്. ആ തിരഞ്ഞെടുക്കപ്പെട്ട സുല്‍ത്താന്‍ ആണ് ഇപ്പോള്‍ ഈ കൊട്ടാരത്തില്‍ 5 കൊല്ലത്തേയ്ക്ക് താമസിക്കുന്നത്.

ഇനിയത്തെ സ്റ്റോപ്പ് പെട്രോണാസ് ട്വിന്‍ ടവേര്‍സ് ആണ്. ക്വലലംപുറിലെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലം. സൂര്യന്‍ പടിഞ്ഞാറെങ്ങോ ആ അംബര ചുംബികള്‍ക്കിടയിലേയ്ക്ക് ഊര്‍ന്നു വീണു. നഗരമാകെ നക്ഷത്ര തിളക്കങ്ങളുള്ള വിളക്കുകളുടെ ആഭയില്‍ മുങ്ങി നിന്നു. പ്രത്യകിച്ചും പെട്രോണാസ് ടവര്‍ എന്ന അംബര ചുംബി പ്രത്യക ആകര്‍ഷകമായ ലൈറ്റ്കളാല്‍ അണിഞ്ഞൊരുങ്ങി. അതിനു മുന്നിലെ ഫോട്ടോ ഷൂട്ടാണ് അതികേമം.

അതിന് മുന്നിലുള്ള ജലധാരക്കിടയിലുള്ള പലനിറത്തിലുള്ള ജലകണങ്ങള്‍ വന്നു വീഴുമ്പോഴുള്ള സുഖത്തിനിടയിലെ ഫോട്ടോ എടുക്കുന്ന പോസ്..അത് വല്ലാത്ത ഒരനുഭൂതി ഉണര്‍ത്തുന്നതാണ്. നമ്മുടെ ഗൈഡ് മനാല്‍ ഫോട്ടോ എടുക്കാന്‍ പലരെയും സഹായിച്ചു കൊണ്ടിരുന്നു. അവര്‍ക്ക് ഇത് എന്നും ശീലമുള്ളതാണല്ലോ. ആര്‍ക്കും എത്ര ഫോട്ടോ എടുത്തിട്ടും മതിയാകുന്നില്ല. ഒരെണ്ണം കൂടി...ഒന്നും കൂടി...എന്ന് പലരും.

ഒരുവിധത്തില്‍ എല്ലാവരെയും പാട്ടിലാക്കി വണ്ടിയില്‍ കയറ്റി. ബസ്സ് അവിടത്തെ ലിറ്റില്‍ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ റെസ്ടോറന്റിന് മുന്നില്‍ വന്ന് നിന്നു. ഇന്ത്യന്‍ ഭക്ഷണം ഒക്കെ കൊള്ളാമെങ്കിലും അവിടെ ടോയ്ലെറ്റില്‍ കാലു കുത്തരുത്. ടോയ്ലെട്ട് വൃത്തികേടാക്കുക എന്നത് ഇന്ത്യക്കാരുടെ ഒരു ട്രേഡ്മാര്‍ക്കാണ്. അവര്‍ ചെന്നപ്പോള്‍ അവിടെ ഏതോ ഒരു ഗ്രൂപ്പിന്‍റെ പാര്‍ട്ടി നടന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഇന്ത്യന്‍ റെസ്ടോറന്റില്‍ കാണുന്നത് പോലെ പാട്ടും ഡാന്‍സും കൂക്കലും ബഹളവും.

അവിടെ നിന്നും കഴിച്ചിറങ്ങിയപ്പോള്‍ നമ്മുടെ ലീഡര്‍ ഡ്രൈവരോട് ചോദിച്ചു, അവിടെ നിന്ന് ചൈന മാര്‍ക്കെറ്റിലേയ്ക്ക് എത്ര ദൂരമുണ്ട് എന്ന്. അടുത്താണ് എന്ന് കേട്ടപ്പോള്‍ അവരുടെ ഗ്രൂപ്പ് അവിടേയ്ക്ക് പോകാമെന്ന് തീരുമാനിച്ച് ചൈന മാര്‍ക്കെറ്റിനുള്ള വഴിയില്‍ ഇറങ്ങി.

തെരുവോരങ്ങള്‍ ചൈനീസ് ലൈറ്റുകള്‍ ഭക്ഷണ വിഭവങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്നു. പെണ്ണുങ്ങള്‍ക്ക് വാങ്ങാന്‍ പറ്റിയ മാല വള കമ്മലുകള്‍ നിറയെ. പിന്നെ പെണ്ണുങ്ങള്‍ അതില്‍ തിരക്കിലായി. രാത്രി പന്ത്രണ്ട് മണി വരെ അവര്‍ ആ തെരുവുകളില്‍ ചുറ്റി നടന്നു. അവസാനം തലേദിവസം ഫ്ലൈറ്റില്‍ ഉറങ്ങാത്ത ഉറക്കച്ചടവും നടന്നുള്ള ക്ഷീണവും കാരണം അവര്‍ ഹോട്ടലിലേയ്ക്ക് മടങ്ങുവാന്‍ തീരുമാനിച്ചു. അവിടെ ടാക്സികള്‍ സുലഭം. രണ്ടു മലയ കാറുകളിലായി അവര്‍ ഹോട്ടലില്‍ എത്തി. രാത്രി പന്ത്രണ്ട് മണിക്കും സ്ത്രീകളാണ് ടാക്സി ഓടിച്ചിരുന്നത്.

രാത്രി കിടന്നതറിഞ്ഞില്ല, രാവിലെ 7 മണിയായി.

രാവിലെ 9.30 ന് തയ്യാറാവാന്‍ മനാല്‍ പറഞ്ഞിരുന്നു. ഹോട്ടലില്‍ രാവിലെ ആറരക്ക് തന്നെ ബ്രേക്ക്ഫാസ്റ്റ് റെഡിയാണ്. അവിടെ ഒരു പൂരത്തിന്‍റെ തിരക്കാണ്. 250 പേര്‍ക്ക് ഒന്നിച്ചിരിക്കാവുന്ന ഹാള്‍. അതില്‍ ഒരു വരിയില്‍ വെസ്റ്റേണ്‍ ‍ ബ്രേക്ക്ഫാസ്റ്റ്, ഒരു ഭാഗത്ത്‌ ചൈനീസ്‌ വിഭവങ്ങള്‍, ഒരു വരിയില്‍ ഇന്ത്യന്‍ വിഭവങ്ങള്‍. ഒരു ഭാഗത്ത്‌ ഒമ്ലെറ്റ് ഉണ്ടാക്കി കിട്ടാനുള്ള ക്യൂ. അങ്ങനെ വലിയ തിരക്ക്. ലിഫ്റ്റുകളെല്ലാം തിങ്ങിനിറഞ്ഞ് ആളുകള്‍. അപ്പോഴാണ്‌ ആ ഹോട്ടലിന്‍റെ ബാഹുല്യം അവര്‍ക്ക് മനസ്സിലായത്‌.

ഒമ്പതരയ്ക്ക് തന്നെ മനാല്‍ സുന്ദരി എത്തി. എല്ലാവരും ബസ്സില്‍ കയറി. അവള്‍ മലായ് ഇംഗ്ലിഷില്‍ മൊഴിഞ്ഞു...അടുത്ത കാഴ്ച ഗെറ്റിംഗ് ഹൈലാന്‍ഡില്‍.

താമസിയാതെ അവര്‍ ഗെറ്റിംഗില്‍ എത്തി. അത് ഒരു മലമുകളില്‍ ആണ്. കേബിള്‍ കാറില്‍ പോകണം. അവര്‍ ടിക്കറ്റ് കാണിച്ച് വരിവരിയായി കേബിള്‍ കാറില്‍ കയറി. കേബിള്‍ കാര്‍ നല്ല ഉയരമുള്ള മല മുകളിലേയ്ക്കാണ് പോകുന്നത്. മുകളില്‍ എത്താറാകുമ്പോള്‍ അവരെ മഞ്ഞ് വന്ന് മൂടിത്തുടങ്ങി. താഴെ സാധാരണ ചൂടുള്ള അന്തരീക്ഷത്തില്‍ നിന്ന് പത്തു മിനുട്ട് കൊണ്ട് അവര്‍ മഞ്ഞ് മൂടിയ തണുത്ത ചെറു ചാറ്റലുള്ള അന്തരീക്ഷത്തില്‍ എത്തി. ഉട്ടിയിലെ കാലാവസ്ഥ.

അവര്‍ അവിടെ ഇറങ്ങിയപ്പോള്‍ കണ്ടത് അവരെ അതിശയിപ്പിച്ചു. ആ മലമുകളില്‍ ഹോട്ടലുകള്‍ റെസ്ടോറന്റുകള്‍, ബാറുകള്‍, പലതരം റൈഡകള്‍ ചൂതാട്ടത്തിന് കസീനോ. ചില സ്ഥലങ്ങളില്‍ നൃത്തങ്ങള്‍, ബാലെ എന്നിവ. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും.

ചിലര്‍ റൈഡില്‍കയറി. നാല് മണി വരെ‍ അവിത്തെ ചാറ്റല്‍ മഴയും മഞ്ഞും തണുപ്പും ആസ്വദിച്ച് കാഴ്ചകള്‍ കണ്ടു കൊണ്ട് അവരങ്ങനെ നടന്നു.

ഇടയ്ക്ക് ഉച്ചക്ക് ആഹാരം കഴിക്കാന്‍ അവര്‍ തിരഞ്ഞുപിടിച്ച് സോള്‍ഡ് ഔട്ട്‌ എന്ന അവിടത്തെ പ്രധാന ലാന്‍ഡ്‌മാര്‍ക്ക് ആയ റസ്ടോറന്റില്‍ എത്തി. നോക്കിയപ്പോള്‍ അതാ നമ്മുടെ മനാലും കൂടെയുള്ള ഗൈഡ്-മാരുമായി സൊറ പറഞ്ഞുകൊണ്ട് ആഹാരം കഴിക്കുന്നു. ഗിരിയും കൂട്ടരും അവരുടെ അടുത്തുള്ള ടേബിളില്‍ ഇരുന്നു. അവരുടെ സൊറയില്‍ പങ്കു ചേര്‍ന്നു.

പലതും സംസാരിക്കുന്നതിനിടയ്ക്ക് മലേഷ്യയില്‍ 61% കാട് ഇപ്പോഴും നശിപ്പിക്കാതെ നിലനിറുത്തി പ്പോരുന്നു എന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ക്ക് നാണക്കേടു തോന്നി. ഇവിടെ ഓരോ മരവും കാടായി കണക്കാക്കുന്ന സര്‍ക്കാരുകള്‍ക്ക് എന്ത് മറുപടി പറയാനുണ്ടോ ആവോ. അത് കൂടാതെ അവര്‍ പല കാടുകളും ചതുപ്പ് നിലങ്ങളായി സൂക്ഷിക്കുന്നു കാട്ടുതീ ഉണ്ടാവാതിരിക്കാന്‍.

ഇതിനിടെ അവിടുത്തെ ദേശീയ പുഷ്പം ചെമ്പരത്തി ആണ് എന്ന് മനാല്‍ പറഞ്ഞു. ചെമ്പരത്തി എന്ന് മലയാളത്തില്‍ ആണ് പറഞ്ഞത്. അത് അവരെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്. അവളുടെ വീട്ടില്‍ അവളെ കുട്ടിക്കുരങ്ങ് എന്നാണത്രേ പലരും വിളിക്കുന്നത്‌. പിന്നെയും പല വാക്കുകളും വരൂ.. പോകൂ.. എന്നൊക്കെ മലയാളത്തില്‍ പറഞ്ഞു.

അവള്‍ ഒരു ഫ്രീലാന്‍സ് ഗൈഡ് ആണത്രേ. സീസണ്‍ അനുസരിച്ച് വിനോദ സഞ്ചാരികള്‍ വന്നുകൊണ്ടേയിരിക്കുമത്രേ. ഡിസംബര്‍ ജനുവരി കാലത്ത് യൂറോപ്യന്‍ സഞ്ചാരികള്‍ അവിടെ നിന്ന് തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വരുന്നു. മറ്റു മാസങ്ങളില്‍ ഏഷ്യയില്‍ തന്നെ പല രാജ്യങ്ങളില്‍ നിന്നും വരുന്നു. ഇന്ത്യക്കാര്‍ ധാരാളം വരുന്നുണ്ട്. അതില്‍ത്തന്നെ മലയാളികളെ മാത്രം കൊണ്ടുവരുന്ന ഏജന്‍സികളും ഉണ്ടത്രേ...!! മനാല്‍ ആ ഏജന്‍സികളില്‍ ധാരാളം പണിഎടുക്കാറുണ്ടത്രേ.

അവള്‍ ചൂടിയിരിക്കുന്ന ആ വലിയ പൂവ് ഏകദേശം ചെമ്പരത്തി പോലെ തോന്നി. നിറം മാത്രം ചുവപ്പല്ല. ചുവപ്പ് ചെമ്പരത്തി ചെവിയില്‍ ചൂടിയ പലരെയും നമ്മള്‍ നാട്ടില്‍ കണ്ടിട്ടുണ്ടല്ലോ..!! അതവള്‍ക്കും അറിയാമെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കും അവള്‍ നല്ല ഭംഗിയുള്ള വെളുപ്പും മഞ്ഞയും പൂവുകള്‍ ചൂടിയത്. ഗിരിയും കൂട്ടരും അവള്‍ക്ക് ചെമ്പരത്തി എന്ന് ഓമനപ്പേരിട്ടു.

നാലു മണിക്ക് അവര്‍ താഴേക്ക് പുറപ്പെട്ടു. താഴെ ഇറങ്ങുന്നതിനിടെ മലയുടെ ഇടയില്‍ നല്ല ഭംഗിയുള്ള ഒരു ചൈനീസ്‌ ക്ഷേത്രം കണ്ടു. അവിടെ ഇറങ്ങിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ സമയം അതിന് അവരെ അനുവദിച്ചില്ല. നേരെ താഴെ വന്നു.

ബസ്സില്‍ കയറിയപ്പോള്‍ മധുര മൊഴി വീണ്ടും..ഇനി കാണാന്‍ പോകുന്ന സ്ഥലം ബാട്ടു കേവ്സ് ആണ്. അത് മുരുകന്‍ എന്ന ഹിന്ദു ദൈവത്തിന്‍റെ അമ്പലം ആണ്. അത് ഒരു മലമുകളില്‍ ആണ് പണിതിരിക്കുന്നത്, ഒരു ഗുഹാ മുഖത്ത്.

ബസ്സ് ആ മലയടിവാരത്തില്‍ നിറുത്തി. ബസ്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആദ്യം കാണുന്നത് വളരെ ഉയരത്തില്‍ വിശാലമായി നിര്‍മ്മിച്ച സ്വര്‍ണ്ണം പൂശിയ മുരുകനെയാണ്. ആ വിശാല മുരുകന് 140 അടി ഉയരമുണ്ട് എന്ന് മനാല്‍ അല്ല ചെമ്പരത്തി പറഞ്ഞു.

മലയടിവാരത്തില്‍ നിന്ന് നോക്കിയാല്‍ പല വര്‍ണ്ണങ്ങളില്‍ ഉള്ള സ്റ്റെപ്പുകള്‍ മുകളിലേയ്ക്ക് കയറിപ്പോകുന്നത് കാണാം. ഏകദേശം പഴനിയില്‍ ഉള്ള ഒരു സങ്കല്‍പ്പം നമുക്ക് ഇവിടെയും തോന്നും. താഴെ കുറേ ക്ഷേത്ര സമുച്ചയങ്ങള്‍. അതൊക്കെ കണ്ട് അവര്‍ പതുക്കെ പടി കയറി. നല്ല കയറ്റമാണ്. 272 പടികള്‍ ഉണ്ട് കയറാന്‍. അതിന് മുകളില്‍ എത്തിയാല്‍ ചുണ്ണാമ്പുകല്‍ മലയില്‍ വിശാലമായ ഗുഹകള്‍. വിശാലമെന്നാല്‍ ഒരു മല മുഴുവന്‍ തുരന്ന പോലെയുള്ള വിശാലമായ ഗുഹകള്‍. മുകളിലേയ്ക്ക് നോക്കിയാല്‍ ആകാശം കാണുന്ന ഗുഹകള്‍. അതിനുള്ളിലാണ് മുരുകന്‍റെ ക്ഷേത്രം. ദര്‍ശനവും കഴിഞ്ഞ് അവര്‍ പതുക്കെ പടിയിറങ്ങി. താഴെ എത്തിയപ്പോള്‍ ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. മല നിറയെ വിളക്കുകള്‍ ചിമ്മി നിന്നു. താഴെ നിന്ന് നോക്കുമ്പോള്‍ നല്ല ഭംഗി.

ബസ്സില്‍ കയറാറായപ്പോള്‍ ചെമ്പരത്തി പറഞ്ഞു. നിങ്ങളുടെ കൂടെ എന്‍റെ അവസാനത്തെ ദിവസമാണ് ഇന്ന്. നാളെ നിങ്ങള്‍ മലാക്കാ സിറ്റി ടൂറിന് പോകും. അവിടെ നല്ല ചൂടാണ്. Feeling like 37 digree. അതുകൊണ്ട് കുടയും തൊപ്പിയും ഒക്കെ കരുതുക. എല്ലാവര്‍ക്കും അവളെ പിരിയനൊരു മടി. ഇതിനിടെ അവര്‍ പറഞ്ഞു, നമുക്ക് ഒരു ഗ്രൂപ്പ് ഫോട്ടോ വേണം, ഞങ്ങള്‍ക്ക് നിങ്ങളെ അത്ര വേഗം മറക്കാന്‍ പറ്റില്ലല്ലോ.

പിന്നെ പല രീതിയിലുള്ള ഫോട്ടോ ഷൂട്ടായി. അവര്‍ പതിനേഴ്‌ പേര്‍ ഒന്നായി ചെമ്പരത്തിയ്ക്ക് വേണ്ടി ചിയേഴ്സ് പറഞ്ഞു. ചെമ്പരത്തി പലരെയും ആശ്ലേഷിച്ച് യാത്ര പറഞ്ഞു. അവള്‍ ഗിരിധറിനെയും ആശ്ലേഷിച്ചു. അവന് ചെമ്പരത്തിയെ പിരിയുമ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ ഒരു നൊമ്പരം.

അവിടെ നിന്ന് ലിറ്റില്‍ ഇന്ത്യയിലെ ഇന്ത്യന്‍ റെസ്ടോറന്റില്‍ ആഹാരം കഴിക്കാന്‍ എത്തി. ആഹാരം കഴിഞ്ഞ് ചെമ്പരത്തി യാത്ര പറഞ്ഞ് പിരിഞ്ഞു.

ലീഡര്‍ ബസ്സ്‌ ഡ്രൈവര്‍ തമിഴനോട്‌ ഇവിടെ നല്ല മാര്‍ക്കെറ്റ് ഉണ്ടോ ഷോപ്പിങ്ങിന് എന്ന് ചോദിച്ചു. തമിഴ് കേള്‍ക്കേണ്ട താമസം. അയാള്‍ വാചാലനായി. അയാള്‍ പറഞ്ഞു ഇങ്കെ പക്കത്ത് താന്‍ സെന്‍ട്രല്‍ മാര്‍ക്കെറ്റ് ഇരുക്ക്‌ങ്കെ... ലോക്കല്‍ ആര്ടിസന്‍സ് ഉണ്ടാക്കുന്ന മുന്തിയ തരം സാധനങ്ങള്‍ ചെറിയ വിലയ്ക്ക് കിട്ടുന്ന സ്ഥലമാണ് അത്. സിംഗപ്പൂരില്‍ നിന്ന് വരെ ഇവിടെയാണ് ആളുകള്‍ നല്ല സാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങാന്‍ വരുന്നത്. ഇതുകേട്ട ഗിരിധറും കൂട്ടരും അവിടെത്തന്നെ ഇറങ്ങി നേരെ മാര്‍ക്കെറ്റിലേയ്ക്ക് നടന്നു.

സെന്‍ട്രല്‍ മാര്‍ക്കെറ്റ് നല്ല ഒരു മാര്‍ക്കെറ്റ് ആണ്. എല്ലാ തരം സാധനങ്ങളും നല്ല തരം തുണിത്തരങ്ങള്‍, പെയിന്റിങ്ങുകള്‍, മരത്തില്‍ ഉള്ള കൊത്തുപണികള്‍, വള, മാല എന്നുവേണ്ട അവിടെ കിട്ടാത്തതായി ഒന്നുമില്ലെന്ന് തന്നെ പറയാം. പെണ്ണുങ്ങള്‍ പതിവ് പോലെ അവരുടെ വളയും മാലയും കമ്മലും അന്വേഷിച്ചിറങ്ങി. അവര്‍ അവിടെ തൂക്കിയിട്ടിരുന്ന ഹുസൈന്‍ പെയിന്റിംഗ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ആണുങ്ങള്‍ വലഞ്ഞേനെ..!!

ഷോപ്പിംഗ്‌ കഴിഞ്ഞ് രാത്രി വൈകി അവര്‍ ഹോട്ടലില്‍ എത്തി.

രാവിലെ 9.30 നു അവര്‍ മലാക്ക സിറ്റിയിലേയ്ക്ക് പുറപ്പെട്ടു. ഒരു 60 കി.മി. ദൂരെയാണ് വേള്‍ഡ് ഹെറിറ്റേജ് സെന്‍റര്‍ സൈറ്റില്‍ ‍ ഇടം നേടിയ ഈ കൊച്ചു പട്ടണം. പോകുന്ന വഴി മുഴുവന്‍ പച്ചപ്പ്‌. കുറേ സ്ഥലങ്ങളില്‍ എണ്ണപ്പന ധാരാളം കൃഷി ചെയ്തിരിക്കുന്നു. പിന്നെ റബ്ബര്‍ കൃഷി. പിന്നെ വാഴ. ഏകദേശം കേരളത്തോട് സാമ്യമുള്ള ഭൂപ്രകൃതി.

ഒരു തമിഴ് ഹോട്ടലിന് മുന്നില്‍ ഡ്രൈവര്‍ അവരെ ഇറക്കി വിട്ടിട്ടു പറഞ്ഞു മലാക്ക എത്തി. കാഴ്ചകളെല്ലാം കണ്ടിട്ട് വൈകുന്നേരം അഞ്ചുമണിക്ക് തിരിച്ചു വരൂ. അവര്‍ ‍ ഇറങ്ങി പതുക്കെ നടന്നു തുടങ്ങി. നായകനില്ലാത്ത കൂട്ടം തെറ്റിയ ചെമ്മരിയാടുകളെപ്പോലെ അവര്‍ അങ്ങിങ്ങ് അലഞ്ഞു നടന്നു. ഒരു ചെറിയ പിങ്ക് സിറ്റിയാണ് മലാക്ക. പഴയ ചര്‍ച്ചുകള്‍, പഴയ തെരുവുകള്‍, കപ്പലിന്‍റെ ആകൃതിയിലുള്ള ചരിത്ര മ്യൂസിയം എന്നിങ്ങനെ പലതുമുണ്ട് കാണാന്‍. ചരിത്ര ‍വിദ്യാര്‍ഥികള്‍ക്ക് മുത്തുച്ചിപ്പികളാണ് അവിടുത്തെ ഓരോ സ്മാരകങ്ങളും. പക്ഷേ ചെമ്പരത്തിയില്ലാതെ അവര്‍ക്ക് അതിലൊന്നും മനസ്സ് ഉടക്കി നിന്നില്ല. ആരും പറഞ്ഞു തരാനില്ല.

പിന്നെയുണ്ടായിരുന്ന ആകര്‍ഷണം ബോട്ട് ക്രൂഇസ് ആണ്. അന്നാട്ടുകാര്‍ ‍ നദിയെ ഇരു വശത്തു നിന്നും കെട്ടി കനാല്‍ പോലെ ആക്കിയിരിക്കുകയാണ്. ആ കനാലിലൂടെ ഇരുവശത്തും കാണുന്ന കെട്ടിടങ്ങളുടെ ചരിത്ര കഥകള്‍ കേട്ടുകൊണ്ടങ്ങനെ അര മണിക്കൂര്‍ നേരത്തെ ബോട്ട് യാത്ര. അവര്‍ ആ നദീ തടത്തെ വെനീസിന്‍റെ മാതൃകയില്‍ ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരു വശത്തും നിറയെ ഭക്ഷണ ശാലകള്‍. അവിടെ സുന്ദരിമാരും സുന്ദരന്മാരും സൊറ പറഞ്ഞുകൊണ്ട് രുചിയുള്ള ഭക്ഷണം ആസ്വദിക്കുന്നു.

എന്തൊക്കെ പറഞ്ഞാലും ഗിരിധറിനും കൂട്ടര്‍ക്കും ഒരു വിരസത. ചെമ്പരത്തി ഇതൊക്കെ വിശദീകരിക്കാന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍. സമയം ഉച്ചയ്ക്ക് രണ്ടു മണി. നല്ല വിശപ്പ്. അവര്‍ തമിഴര്‍ തിങ്ങി താമസിക്കുന്ന ആ തെരുവുകളിലൂടെ നടന്നു. അപ്പോഴുണ്ട് അതാ ശരവണഭവ എന്നെഴുതിയ ഒരു ഹോട്ടല്‍. ഹോട്ടലില്‍ നല്ല തിരക്കുണ്ട്‌.

അവര്‍ അതില്‍ കയറി. ഊണ് റെഡി. ഇലയിട്ട സദ്യയാണ്. സദ്യവട്ടത്തിന് പുറമെ മീന്‍ വറുത്തത് മീന്‍ കറി. ഇവിടങ്ങളില്‍‍ വെജിറ്റെറിയന്‍ എന്നൊന്ന് കൃത്യമായി പാലിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അവര്‍ മീന്‍ വറുത്തതും മീന്‍ കറിയും സാമ്പാറും എല്ലാം ആസ്വദിച്ചു. വളരെ ചുരുങ്ങിയ നിരക്ക്. സംതൃപ്തരായി അവര്‍ പുറത്തേയ്ക്ക് ഇറങ്ങി. അങ്ങനെ വൈകിയാണെങ്കിലും അവര്‍ നല്ല ഒരു ഓണസദ്യ ഉണ്ടിരിക്കുന്നു.

പുറത്ത് ഡോ. മനോഹര്‍ കാത്ത് നില്‍ക്കുന്നു. ഒരു വിധം വയസ്സായ, വയസ്സ് മറയ്ക്കാന്‍ കറുത്ത വിഗ്ഗിട്ട, അരികില്‍ ചുറു ചുറുക്കുള്ള ഭാര്യയുള്ള അദ്ദേഹത്തിനും ഒരു വിരസത. 'ചലോ യാര്‍ വാപാസ് ചല്‍ത്തേ ഹേ' എന്ന് അദ്ദേഹം. ചെമ്പരത്തിയെ കാണാഞ്ഞിട്ടോ അതോ എങ്ങും കാവി പൂശിയ ഈ കൊച്ചു പട്ടണം കണ്ടിട്ടോ.

ഈ വിരസതയും വിരക്തിയും ഒരു പകര്‍ച്ചവ്യാധിയാണോ. ഗിരിധര്‍ വിചാരിച്ചു അവന് മാത്രമേ ഇതുള്ളു എന്ന്, ഇപ്പൊ നോക്കുമ്പോള്‍ എല്ലാവര്‍ക്കും ഇത് പടര്‍ന്ന് പിടിച്ചിരിക്കുന്നു.

അവര്‍ പറഞ്ഞതിലും നേരത്തെ അവിടെ നിന്ന് പുറപ്പെട്ടു. വഴിയില്‍ വലിയ ഗതാഗതക്കുരുക്ക് ആയിരുന്നു. എന്നിട്ടും ആരെങ്കിലും തിരക്ക് കൂട്ടുകയോ ഹോണടിക്കുകയോ ലെയിന്‍ തെറ്റിച്ച് വണ്ടി ഒടിക്കുകയോ ഉണ്ടായില്ല. ചെറിയ ഒരു രാജ്യം നമുക്ക് മാതൃകയാകുന്നു.

നേരം സന്ധ്യ മയങ്ങി. തെരുവു വിളക്കുകളെല്ലാം ചെമ്പരത്തിയുടെ ആകൃതിയില്‍ കണ്‍ ചിമ്മി. രാത്രി എവിടെ നോക്കിയാലും ചെമ്പരത്തിയുടെ പല പല വര്‍ണ്ണങ്ങള്‍. ഇവിടെയുള്ളവര്‍ ദേശീയ പുഷ്പത്തെ അത്രകണ്ട് സ്നേഹിക്കുന്നു.

നേരത്തേ അത്താഴം കഴിഞ്ഞ് അവര്‍ ഹോട്ടലിലേയ്ക്ക് മടങ്ങി. പെട്രോണാസ് ടവര്‍ ഒന്നുകൂടി കാണാന്‍ അവര്‍ തീരുമാനിച്ചു. ഇതിലും ഉയരം കൂടിയ അംബര ചുംബികളില്‍ ഗിരിധര്‍ കയറിയിട്ടുണ്ടെങ്കിലും രാത്രിയില്‍ വര്‍ണ്ണാഭയില്‍ കുളിച്ചു നില്‍ക്കുന്ന ഈ മനോഹര സൌധം എത്ര കണ്ടാലും മതി വരില്ല. കൂടെ അവിടത്തെ ഫൌണ്ടന്‍ ഷോയും ആസ്വദിച്ചു.

നാളെ രാവിലെ നേരത്തേ ഫ്ലൈറ്റ് പിടിക്കേണ്ടാതാണ് സിംഗപ്പൂര്‍ക്ക്.

രാവിലെ നേരത്തേ ബ്രെയ്ക്ക് ഫാസ്റ്റ് കഴിഞ്ഞ് അവര്‍ എയര്‍പോര്‍ട്ടില്‍ എത്തി. ഫ്ലൈറ്റില്‍ ഇരുന്ന് ചെമ്പരത്തിയെയും അവള്‍ കാണിച്ചു തന്ന മനോഹര ദൃശ്യങ്ങളെയും ആ നല്ല നാടിനെയും അവര്‍ ഓര്‍ത്തു. മായാത്ത ഓര്‍മ്മകള്‍.

ഇനിയത്തെ യാത്ര അടുത്ത ചെമ്പരത്തിയെ കാണാന്‍...!!!