ഗിരിധര്‍ ധര്‍മ്മശാലയില്‍ നിന്നും വന്നിട്ട് കുറെ നാളായി. അവന്‍ ടിയാരയോടൊപ്പം അവിടെ ചിലവഴിച്ച ദിവസങ്ങള്‍ അവന് ഓര്‍മ്മ വന്നു. അവന്‍ ഇക്കിഗായിയിലെ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരാന്‍ ആദ്യമാദ്യം ശ്രമിച്ചെങ്കിലും പതുക്കെ പതുക്കെ വെള്ളത്തില്‍ വരച്ച വരപോലെ അവയെല്ലാം കാണാതായി. എല്ലാം ജപ്പാനിലെ വയസ്സന്മാരെപ്പോലെ നമുക്ക് കാണിക്കാന്‍ കഴിയില്ലല്ലോ, എന്നാല്‍ ഇന്ത്യ ജപ്പാനേപ്പോലെ ആയി മാറില്ലേ. എന്തായാലും ടിയാരയുടെ ഓര്‍മ്മകള്‍ അവനെ ചൂഴ്ന്നിറങ്ങി നിന്നു.
അവന്‍റെ തലവേദനയ്ക്ക് പറയത്തക്ക മാറ്റങ്ങള്‍ ഒന്നും വന്നില്ല. മരുന്നുകള്‍ പലതും മാറി മാറി കഴിച്ചിട്ടും പറയത്തക്ക കുറവ് ഒന്നുമില്ല.അവന്‍ പല ന്യൂറോ സ്പെഷലിസ്റ്റ്കളെയും കണ്ടു. ആയുര്‍വേദ മരുന്നുകള്‍ കുറേ കഴിച്ചു നോക്കി. ദലൈലാമ നടത്തുന്ന തിബത്തന്‍ ആയുര്‍വേദ ശിബിരത്തില്‍ കുറേ നാള്‍ അവരുടെ ചികിത്സയുമായി കഴിഞ്ഞു കൂടി. പല ഹോമിയോ ഡോക്ടര്‍മാരേയും കണ്ടു. അതില്‍ ഒരു ഡോക്ടര്‍ പത്മശ്രീ കിട്ടിയ വിദഗ്ധ ഡോക്ടര്‍ ആയിരുന്നു. എന്നിട്ടും വഞ്ചി തിരുനക്കരെ തന്നെ.
ഈ അസുഖം കഴിഞ്ഞ മുപ്പത് വര്‍ഷമായി ഗിരിധറിനെ അലട്ടുന്നു എന്ന് കേട്ടിട്ട് ചിലര്‍ മുജ്ജന്മത്തിലെ ഏതോ പാപത്തിന്‍റെ ബാക്കിപത്രമാണ് എന്ന് പറഞ്ഞ് അവന്‍റെ തിക്താനുഭവങ്ങള്‍ക്ക് ഒന്ന് കൂടി കയ്പ്പ് കൂട്ടി. അവരോടൊക്കെ എന്തു പറയാന്‍. അവയൊക്കെ ചിരിച്ചു തള്ളേണ്ട അഭിപ്രായങ്ങളാണ് എന്ന് ഗിരിധറിനു തോന്നി.
അവന്‍റെ ഉറ്റ സുഹൃത്തിന് കാന്‍സര്‍ വന്നപ്പോള്‍ അവന്‍റെ ചേച്ചി ചോദിക്കുകയാണ് പോലും, നീ മുജ്ജന്മത്തില്‍ എന്തു പാപം ചെയ്തിട്ടാണ് നിനക്ക് ഇങ്ങനെ വന്നത് എന്ന്. ഇത് പറഞ്ഞു അവന്‍ ഗിരിധറിന്‍റെ മുന്നില്‍ വല്ലാതെ കരഞ്ഞു. ഗിരിധര്‍ അവനെ സമാധാനിപ്പിക്കാന്‍ തമാശയായി പറഞ്ഞു, നീ മുജ്ജന്മത്തില്‍ ഒരു പുലി ആയിരുന്നിരിക്കണം, കണ്ടമാനം ജീവികളെ പിടിച്ചു തിന്നിട്ടുണ്ടാകും. അതിന്‍റെ പാപമായിരിക്കും ഇപ്പോള്‍ അനുഭവിക്കുന്നത്.
മുജ്ജന്മ പാപത്തെക്കുറിച്ച് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നവരെ അവഗണിക്കാനാണ് ഗിരിധറിനും കൂട്ടുകാരനും തോന്നിയത്. മുജ്ജന്മത്തില്‍ ഒരു മരമായിട്ടാണ് ജനിച്ചതെങ്കില്‍ അവന്‍ എന്ത് പാപം ചെയ്യാനാണ്. വളരുക തന്നെ. പിന്നെ പ്രത്യുല്‍പാദനവും. അതില്‍ പുണ്യവും പാപവും വല്ലതുമുണ്ടോ. ഒരു ഈച്ചയോ പൂച്ചയോ ആണെങ്കില്‍ എന്തു പാപവും പുണ്യവും ചെയ്യും? ഒന്ന് ആലോചിച്ചു നോക്കൂ.
സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു, അപ്പൊ എന്താണ് ഈ പുണ്യവും പാപവുമൊക്കെ? സമൂഹത്തിന് ശരി എന്ന് തോന്നുന്നത് പുണ്യം അല്ലാത്തത് പാപം. അങ്ങനെയാണോ? കാരണം, മുന്‍പ് സ്വവര്‍ഗ്ഗരതി ഒരു പാപമായാണ് കണക്കാക്കിയിരുന്നത്, ഇപ്പോഴും ഇന്ത്യയില്‍ അത് പാപമാണ്. കാരണം ഗവണ്മെന്റും കോടതിയും അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ പല രാജ്യങ്ങളും അത് അംഗീകരിച്ചിട്ടുണ്ട്. അവിടെ ഇത് പാപമല്ല. അല്ലേ?പോപ്പു പോലും LGBTQ+ നെ തള്ളിക്കളയണ്ട എന്ന അഭിപ്രായത്തിലല്ലേ ഇപ്പോള്‍. അപ്പോള്‍ അവര്‍ ചെയ്യുന്നതൊക്കെ പാപമല്ലാതായിത്തീരും. അത്രേയുള്ളൂ കാര്യങ്ങളൊക്കെ.
ഗിരിധറിനു ഉത്തരമില്ലായിരുന്നു. അവന്, പണ്ട് ചിന്മയാനന്ദ സ്വാമി പറഞ്ഞത് ഓര്‍മ്മ വന്നു. മനസ്സിന്‍റെ തട്ടിലാണ് പുണ്യവും പാപവും ഉള്ളത്. മനസ്സിലെ തുലാസില്‍ അത് തെറ്റാണ് എന്ന് എപ്പോഴെങ്കിലും തോന്നിയാല്‍ അത് പാപം, ശരി എന്ന് തോന്നിയാല്‍ അത് പുണ്യം.
അത് കൊണ്ടാണല്ലോ ജിഹാദികള്‍ ജീവന്‍ വെടിഞ്ഞും ഉഗ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. അവരെ അങ്ങനെ ചെറുപ്പം മുതലേ വലിയവര്‍ പഠിപ്പിച്ചു വളര്‍ത്തി. അതിന്‍റെ തിക്ത ഫലങ്ങള്‍ ലോകം മുഴുവന്‍ അനുഭവിക്കുന്നു. അവര്‍ക്ക് ജീവത്യാഗം ഒരു പുണ്യം, സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തുറക്കല്‍, ലോകത്തിന് അത് ഒരു തീരാ ശാപം.
പുരാണങ്ങളില്‍ വ്യാഥഗീതയുണ്ട്, അറിയാമോ? ഇറച്ചി വെട്ടുകാരനായിരുന്നു വ്യാഥന്‍. അദ്ദേഹം ഒരു മഹര്‍ഷിക്ക് ഗീത ഉപദേശിച്ചു. ശരിയും തെറ്റും എന്താണെന്നും, സമൂഹത്തില്‍ എങ്ങനെ നല്ല ജീവിതം നയിക്കണം എന്നും ഒക്കെയായിരുന്നു ആ ഗീതയുടെ ഉള്ളടക്കം. അപ്പോള്‍ ഇറച്ചി വെട്ടും കഴിക്കലും പുണ്യമോ പാപമോ എന്ന് സംശയം.
അപ്പോള്‍ ഒന്നേ പറയാനുള്ളൂ. പണ്ട് ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ
അവനവനാത്മ സുഖത്തിന്നാചരിക്കുന്നവ
അപരന്നു ആത്മ സുഖത്തിനായ് വരേണം, എന്ന് വിചാരിച്ച് മുന്നോട്ട് പോകുക.
മുന്‍പ് പൂര്‍വജര്‍ ചെയ്ത ശരിയും തെറ്റും വരുന്ന തലമുറകളും കുറച്ചൊക്കെ അനുഭവിക്കും എന്ന് വേണം കരുതാന്‍. പണ്ടുള്ളവര്‍ വച്ച മാവിന്‍റെയും, പ്ലാവിന്‍റെയും മാങ്ങ, ചക്കകള്‍ പിന്നീട് വരുന്ന തലമുറക്കാര്‍ സുഖമായി കഴിക്കുന്നു. പണ്ടുള്ളവര്‍ കുളങ്ങള്‍ പാടത്തും, കുന്നിന്‍ ചരിവിലും കുഴിച്ചു. അടുത്ത തലമുറയ്ക്ക് വെള്ളം സുഭിക്ഷം. പിന്നീടുള്ള തലമുറ അതൊക്കെ വറ്റിച്ചു നാശമാക്കി, ഇന്നുള്ളവരും അതിന്‍റെ ഫലം - വെള്ള ക്ഷാമം - അനുഭവിക്കുന്നു. പലരുടേയും പ്രവൃത്തികളുടെ ഫലങ്ങള്‍ സമൂഹം ഒട്ടാകെ അനുഭവിക്കുന്നു. ഒന്നേ പറയാനുള്ളൂ..
അനന്തമജ്ഞാതം അവര്‍ണ്ണനീയം
ഈ ലോക ഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു.
ചര്‍ച്ച അങ്ങനെ നീണ്ടു പോയി.....
രണ്ട് മൂന്ന് കൊല്ലമായി പേരുകേട്ട ഒരു ന്യൂറോ സര്‍ജനെയാണ് ഗിരിധര്‍ കാണിക്കുന്നത്. എല്ലാ രണ്ടു മാസവും മുപ്പത്തഞ്ച് കി.മി അകലെയുള്ള ഡോക്ടറെ കാണാന്‍ പോകും. വാടക മുറിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹം ഒരു വലിയ ആസ്പത്രി തന്നെ കെട്ടിപ്പൊക്കി. ദൂരെ ദൂരെ നിന്ന് വരുന്ന രോഗികള്‍. അവര്‍ക്കൊക്കെ ആശ്വാസം പകരുന്ന ഡോക്ടര്‍.
അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു കൂട്ടുകാരന്‍ വിളിച്ചു. ഞങ്ങള്‍ കുട്ടികളെക്കൂട്ടി നിങ്ങളെയൊക്കെ കാണാന്‍ വരുന്നു. പഴയ കൂട്ടുകാരെയൊക്കെ ഒന്ന് കാണണമെന്ന് അവര്‍ക്ക് കലശലായ ആഗ്രഹം....ഒരു നോസ്ടാല്‍ജിയ...
അവര്‍ക്ക് താമസിക്കാന്‍ ഗസ്റ്റ് ഹൌസ് റെഡിയാക്കി ഗിരിധര്‍. ഒരാഴ്ചക്കുള്ളില്‍ അവര്‍ എത്തി. അപ്പോഴാണ് അറിയുന്നത് അവര്‍ക്ക് കശ്മീര്‍ കാണാനും പ്ലാനുണ്ട് എന്ന്. ഏപ്രില്‍ 24 ന് ആണ് ഇവരുടെ യാത്രാ പരിപാടി. 22-)o തീയ്യതി പകല്‍ ആണ് അറിയുന്നത് കാശ്മീരില്‍ 26 വിനോദ സഞ്ചാരികളായ നിരപരാധികളെ ഉഗ്രവാദികള്‍ പുലര്‍ച്ചെ വെടി വെച്ചു കൊന്ന വിവരം. ഉഗ്രവാദികളുടെ ഉഗ്ര താണ്ഡവം.
പിന്നെ ആകെ വെപ്രാളമായി. നാട്ടില്‍ നിന്ന് വിളികളായി. ആര്‍ക്കും ഇരിക്കപ്പൊറുതി ഇല്ല. ടിക്കറ്റ് കാന്‍സിലേഷന് എയര്‍ലൈന്‍സിനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് അവര്‍ കാശ് മുഴുവന്‍ മടക്കി തരാമെന്ന് ഉറപ്പിച്ചു പറഞ്ഞു. അല്ലെങ്കില്‍ വലിയ നഷ്ടമായേനെ. ഇനി എന്ത് ചെയ്യും എന്ന് കുട്ടികള്‍. വിനോദ സഞ്ചാരത്തിന് വന്നിട്ട് എവിടെയും പോകാതെ മടങ്ങുന്നതില്‍ കുട്ടികള്‍ക്ക് വലിയ വിമ്മിഷ്ടം. ഉടനെ പോകാന്‍ പറ്റിയ സ്ഥലമേതാണ്. അങ്ങനെ അവര്‍ മനാലിക്ക് പോകാന്‍ ആലോചനയിട്ടു. കൂടെ പോകാന്‍ അവര്‍ ഗിരിധറിനെയും കുടുംബത്തെയും വിളിച്ചു.
ഗിരിധറിന്‍റെ അജ്ഞാതവാസത്തിന് ഒരു അറുതി വരുന്നു. കുട്ടികളുടെ കൂടെ ഒരു കുട്ടിയാവാനുള്ള അവസരം. അവന്‍ തലവേദനയെ മൂന്ന് നാല് ദിവസത്തേയ്ക്ക് അവഗണിക്കാന്‍ തീരുമാനിച്ചു. കിട്ടുന്ന അവസരം പാഴാക്കണ്ട. വേദന സഹിച്ചാലും വേദന സംഹാരി കഴിച്ചാലും സാരമില്ല, ഈ അജ്ഞാതവാസത്തില്‍ നിന്ന് ഒരു വിടുതി.
ഒരു ഇന്നോവയാണ് യാത്രയ്ക്ക് ഏര്‍പ്പാടാക്കിയിരിക്കുന്നത്. രാത്രിയാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. പകലുള്ള റോട്ടിലെ തിരക്ക് ഒഴിവാക്കാമല്ലോ. വഴിനീളെ ഡ്രൈവര്‍ ഉറക്കം തൂങ്ങിയാണ് വണ്ടിയോടിച്ചത്. മുന്നിലിരിക്കുന്ന ആള്‍ക്ക് ശരിക്കും പേടി പിടിച്ചു. പലയിടത്തും നിറുത്തി ചായ കുടിപ്പിച്ചു. അര മണിക്കൂര്‍ ഉറങ്ങാന്‍ സമയം കൊടുത്തു. അങ്ങനെ വലിയ പ്രശ്നങ്ങളോന്നുമില്ലാതെ അവര്‍ മനാലിയിലെ ഹോട്ടലില്‍ എത്തി.
ഹോട്ടലിലെ ബാല്‍ക്കണിയില്‍ നിന്ന് പുറത്ത് കാണാന്‍ നല്ല വശ്യത. ഒരു ഭാഗത്ത് പൈന്‍ മരങ്ങള്‍ വളര്‍ന്ന് നിബിഡമായ പര്‍വതം. അതിനോട് തൊട്ടുരുമ്മി കറുപ്പും വെള്ളയും മേഘങ്ങള്‍. അവയ്ക്കിടയിലൂടെ ഇടയ്ക്കിടക്ക് ഒളിച്ചു നോക്കുന്ന സൂര്യന്‍. വെയിലിനു നല്ല ചൂടാണ്. അതിനൊപ്പം തണുത്ത കാറ്റടിക്കും. മറുവശത്ത് ഒരു ചെറിയ നദി ഒഴുകുന്നു. ഹിമവാന്‍റെ മഞ്ഞുരുകി വരുന്ന വെള്ളം. അവര്‍ ബാല്‍ക്കണിയില്‍ ആ കാഴ്ചകള്‍ കണ്ടു കുറേ നേരം ചിലവഴിച്ചു.
അന്ന് കാര്യമായ പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല, ലോക്കല്‍ സൈറ്റ്സീയിംഗ് ഒഴികെ. രാവിലെ നല്ലൊരു ഉറക്കം പാസ്സാക്കി. കമ്പിളിക്കുള്ളില്‍ രാവിലെ ഉറക്കത്തിന് ഒരു പ്രത്യേക സുഖം. വൈകുന്നേരം കാഴ്ചകള്‍ കാണാന്‍ ഇറങ്ങി. ഹിടമ്പ ദേവിയുടെ ക്ഷേത്രവും മറ്റ് രണ്ട് മൂന്ന് ക്ഷേത്രങ്ങളും ബുദ്ധ മൊണാസ്ട്രിയും കണ്ടു. വൈകുന്നേരം അഞ്ച് മണിയോടെ അവിടത്തെ പ്രധാന സ്ട്രീറ്റ് ആയ മാള്‍ റോഡില്‍ എത്തി.
എന്തൊരു തിരക്കാണ് അവിടെ. അവിടെ കിട്ടാത്തതായി ഒന്നുമില്ല. ചൂട് തുണിത്തരങ്ങള്‍, ഫാഷന്‍ തുണിത്തരങ്ങള്‍ എന്നിവ എവിടെ നോക്കിയാലും കാണാം. പ്രധാനമായും പെണ്ണുങ്ങള്‍ ആണ് കച്ചവടക്കാര്‍. ചുറു ചുറുക്കുള്ള ചെറുപ്പക്കാരായ കാണാന്‍ ഭംഗിയുള്ള പെണ്ണുങ്ങള്‍. എത്ര പ്രായമുണ്ടെങ്കിലും പ്രായം തോന്നിക്കാത്ത ദേഹപ്രകൃതിയുള്ളവരാണ് അവര്‍. എവിടെയും വിലപേശല്‍. അവര്‍ കടകള്‍ കയറിയിറങ്ങി വിലപേശി.
വൈകുന്നേരത്തെ കാറ്റിന് നല്ല തണുപ്പ്. ചെറിയ മഴചാറ്റലും. ഇവിടെ അന്തരീക്ഷം മാറുന്നത് എപ്പോഴാണ് എന്ന് പറയാന്‍ പറ്റില്ല. രാവിലെ നല്ല വെയിലാണെങ്കില്‍ വൈകുന്നേരം ആകുമ്പോഴേയ്ക്കും മേഘങ്ങള്‍ ഉരുണ്ടു കൂടി തണുത്ത കാറ്റോടു കൂടിയ മഴയായിരിക്കും. കുട്ടികളും മുതിര്‍ന്നവരും വിലപേശി പല ചന്തക്കുപ്പായങ്ങളും വാങ്ങി. രാത്രി ഒന്‍പത് മണിയോടെ ഹോട്ടലില്‍ എത്തി. അത്താഴം കഴിച്ച് കമ്പിളിക്കുള്ളില്‍ മുളഞ്ഞു.
രാവിലത്തെ പരിപാടി കുറച്ചകലെയുള്ള കിര്‍ജൂ പാസില്‍ പോകുകയാണ്, മഞ്ഞില്‍ കളിക്കാന്‍. അവിടെ സ്കേറ്റിംഗ്, ട്യൂബില്‍ ഉരുസി ഇറങ്ങല്‍ തുടങ്ങിയ നല്ല ഐസില്‍ കളിക്കുന്ന കളികള്‍ ഉണ്ടത്രേ. മഞ്ഞ് കൂടുതലുള്ളത് കൊണ്ട് രോഹ്താങ്ങ് പാസ് തുറന്നിട്ടില്ല. അവര്‍ കാലത്ത് തന്നെ പുറപ്പെട്ടു. വഴിയില്‍ ഒരു കടയില്‍ നിന്ന് ഐസില്‍ ഇട്ട് നടക്കാനുള്ള ബൂട്ടും പാന്റും കോട്ടും ഒക്കെ വാടകക്ക് എടുത്ത് ഇടുവിച്ചു. മഞ്ഞില്‍ കളിക്കുമ്പോള്‍ നനയാതിരിക്കാന്‍ ഇതൊക്കെ വേണമത്രേ.
പോകുന്ന വഴിക്കാണ് അടല്‍ ടണല്‍. ഒന്‍പത് കി.മില്‍ അധികം നീളമുള്ള ആ ടണല്‍ നമ്മുടെ ടെക്നോളജിയുടെ മികവ് തെളിയിക്കുന്ന ഒന്നാണ്. വഴിനീളെ കേടാ വിളക്കുകളും, ഫാനുകളും, എമെര്‍ജെന്‍സി എക്സിറ്റുകളും അങ്ങനെ എല്ലാം.
താമസിയാതെ അവര്‍ ആ മഞ്ഞു മൂടിയ മലയുടെ താഴ്വാരത്തില്‍ എത്തി. അവിടെ നോക്കെത്താ ദൂരത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടികള്‍. നല്ല വെയില്‍. തണുത്ത കാറ്റ്. അവര്‍ നിയമിക്കപ്പെട്ട ഗൈഡിന്‍റെ അടുത്ത് എത്തി. അയാള്‍ മാറ്റൊരാളുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. അങ്ങനെ മാറി മറിഞ്ഞ് മഞ്ഞില്‍ കളിക്കുന്ന സ്ഥലത്ത് എത്തി.
അവിടെ അവര്‍ മാറി മാറി ജീവിതത്തില്‍ ആദ്യമായി സ്കേറ്റിംഗ് നടത്തി. വിഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും വേണ്ടി. നന്നായി ബാലന്‍സില്‍ സ്കേറ്റിംഗ് ചെയ്യാന്‍ ധാരാളം പരിചയം വേണം. ഐസില്‍ വീണുരുണ്ടു കളിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും ക്ഷീണിച്ചു. വെയിലിന്‍റെ തീക്ഷ്ണത അത്രയ്ക്കുണ്ട്. കൂടാതെ നനയാതിരിക്കാന്‍ ഈ പൊക്കണവും വലിച്ചു കെട്ടിയിട്ടുണ്ടല്ലോ.
അതുകൊണ്ട്‍ അവിടുന്ന് വേഗം പുറപ്പെട്ടു. വണ്ടിക്കരികിലെത്താന്‍ കുറച്ചു ദൂരമുണ്ട്. വഴിയില്‍ ഈ പോക്കണമെല്ലാം ഊരിയെടുത്ത് രണ്ടു കിലോ ഭാരമുള്ള ഷൂ മാത്രം ഇട്ട് എങ്ങിനെയോ വണ്ടിക്കരികില്‍ എത്തി. അവിടെ ശബരിമലയില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് പോലെ തിരക്കാണ്. ഒന്ന് പുറത്ത് കടക്കാന്‍ ഒരു മണിക്കൂര്‍ വണ്ടിയില്‍ ട്രാഫിക് ജാമില്‍ ഇരിക്കണം.ഇന്ത്യയില്‍ എവിടെപ്പോയാലും ഈ തിരക്ക് അനുഭവിച്ചല്ലേ പറ്റൂ. അത്രയ്ക്ക് ജനസംഖ്യയല്ലേ നമ്മുടെ നാട്ടില്‍.
അടുത്ത ദിവസം രാവിലെ 100കി.മി അകലെയുള്ള മണികരണ്‍ സിഖ് ഗുരുദ്വാരയും കൂടെത്തന്നെ ഒരു ഹിന്ദു ക്ഷേത്രവും കാണാന്‍ പോകുകയാണ്. അവിടത്തെ പ്രത്യേകത തിളച്ച വെള്ളം ഒഴുകുന്ന കുണ്ഡ ത്തില്‍ വേവിച്ച ചോറ് കൂട്ടി നല്‍കുന്ന ഭക്ഷണം - ലങ്കര്‍ - ആണ്.
രാവിലെ നേരത്തേ തന്നെ പുറപ്പെട്ടു. ദൂരം കുറെ ഉണ്ടല്ലോ. പോകുന്ന വഴി അത്ര നല്ലതല്ല. പൊട്ടിപ്പൊളിഞ്ഞ റോഡ്. റോഡില്‍ സാമാന്യം തിരക്ക്. വണ്ടിക്ക് നല്ല സ്ഫീഡില്‍ പോകാന്‍ കഴിയുന്നില്ല. വഴിയില്‍ ആണ് കസോള്‍ എന്ന ചെറുപ്പക്കാര്‍ക്ക് അത്യാകര്‍ഷകകമായ സ്ഥലം. കാംപിംഗ്, പിക്നിക്, ട്രെക്കിംഗ്, നൈറ്റ് ലൈഫ് എന്നിവയുടെ കേന്ദ്രം. ധാരാളം ചെറുപ്പക്കാരെ അവിടെ അടിച്ചു പൊളിക്കുന്നത് കണ്ടു. ഉച്ചയോടെ മണികരണില്‍ എത്തി. നല്ല തിരക്ക്.
ഗുരുദ്വാരക്കും ക്ഷേത്രത്തിനും താഴെ ബ്യാസ് നദിയുടെ ഒരു ഉപ നദി തെളിഞ്ഞൊഴുകുന്നു. അത് ഹിമവാന്‍റെ മഞ്ഞ് ഉരുകി വരുന്ന വെള്ളമാണ്. നല്ല തണുത്ത വെള്ളം. ഗുരുദ്വാരക്കും ക്ഷേത്രത്തിനും ഇടക്ക് തിളച്ച വെള്ളം ആവിയായി പറക്കുന്ന ഒരു അരുവി ഒഴുകുന്നു. അതില്‍ ഒരു കുണ്ഡം ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്നു. അതില്‍ വെള്ളം തിളച്ചുമറിയുകയാണ്.അതില്‍ ആണ് ഗുരുദ്വാരക്കാര്‍ ചോറു പാത്രങ്ങള്‍ ഇറക്കി വക്കുന്നത്. പതിനഞ്ചു മിനിട്ടുകൊണ്ട് അരി വെന്തു കിട്ടും. അത്രക്ക് ചൂടാണ് വെള്ളത്തിന്. അവിടമാകെ ചൂട് വെള്ളത്തിന്‍റെ ആവി നിറഞ്ഞിരിക്കുന്നു. ചൂട് നിറഞ്ഞ പല ഗുഹകളും അവിടെ കണ്ടു. താമസിയാതെ അവര്‍ അവിടെ നിന്ന് തിരിച്ചു.
പിറ്റേന്ന് മടക്ക യാത്രയാണ്. പക്ഷേ അവര്‍ ഇവിടത്തെ പ്രധാന ഇനങ്ങളായ റിവര്‍ റാഫ്റ്റിംഗ്, പാരാ ഗ്ലൈഡിങ്ങും ചെയ്തിട്ടില്ല. കൂട്ടുകാരന്‍റെ കുട്ടികള്‍ക്ക് കുറച്ചു പേടിയുണ്ട്. വെള്ളത്തില്‍ തല കറങ്ങും, ഉയരത്തില്‍ തല കറങ്ങും എന്നൊക്കെ. എന്നാല്‍ ഗിരിധറിനും കുടുംബത്തിനും ഈ ഒരവസരം പാഴാക്കാതെ നോക്കണമെന്നുണ്ട്.
വണ്ടി വഴിയില്‍ നദിക്കരയില്‍ നിറുത്തി. റിവര്‍ റാഫ്റ്റിംഗ്. ടിക്കറ്റെടുത്തു. അവര്‍ ഭാഗ്യത്തിന് തോണി തുഴയുമ്പോള്‍ ഇട്ട ഉടുപ്പിനു പകരം പ്ലാസ്റ്റിക് ഉടുപ്പുകള്‍ തരാം എന്ന് ഏറ്റു. അങ്ങനെ അവര്‍ ക്യാപ്റ്റനടക്കം ആറുപേര്‍ നദിയില്‍ പത്ത് കി.മി റാഫ്റ്റിംഗ് നടത്താന്‍ തോണിയില്‍ ഇറങ്ങി. നദി പലയിടത്തും കുത്തനെ പായുകയാണ്. ക്യാപ്റ്റന്‍റെ ചടുല രീതിയിലുള്ള തുഴച്ചില്‍ കൊണ്ട് അവര്‍ അങ്ങനെ തോണിയില്‍ വീണും ഉരുണ്ടും മുന്നോട്ട് പോയി. ഇടക്കിടക്ക് കുത്തനെയുള്ള വെള്ളപ്പാച്ചിലുകള്‍ തോണി ആടിഉലഞ്ഞു. പാട്ടുപാടിയും കൂക്കി വിളിച്ചും അവര്‍ ഓരോ വെള്ളച്ചാട്ടവും ആസ്വദിച്ചു.
പത്ത് കി.മി ഒഴുകിയെത്തിയത് അറിഞ്ഞില്ല. എല്ലാവരും ഇറങ്ങി. ക്യാപ്റ്റനും കൂട്ടരും റബ്ബര്‍ തോണി പൊക്കി ജീപ്പിനു മുകളില്‍ ഇട്ടു. അവര്‍ ജീപിന്‍റെ പുറകില്‍ കയറി. പുറപ്പെട്ട സ്ഥലത്തെത്തി. എല്ലാവരും ഡ്രസ്സ് മാറ്റി വണ്ടിയില്‍ കയറി. ഇനി അടുത്ത പരിപാടി.
വൈകുന്നേരം തിരിച്ചു വരുന്ന വഴിക്ക് ചായ കുടിക്കാന്‍ ഒരിടത്ത് നിറുത്തി. ബ്യാസ് നദിയുടെ തീരം തൊട്ടു കിടക്കുന്ന ഒരു റെസ്റ്റോറന്റില്‍. അവിടത്തെ പ്രത്യേകത ബ്യാസ് നദിയില്‍ കിട്ടുന്ന ട്രോട്ട് എന്ന മത്സ്യം വറുത്തതാണ്. വലിയ വലുപ്പത്തിലും അവ കാണാറുണ്ട്, എന്നാല്‍ ഇവിടെ കരി മീനിനെക്കാള്‍ കുറച്ചു കൂടി വലിപ്പത്തില്‍ ഉള്ളവയാണ്. ചൂടോടെ വറുത്ത മീന്‍ കൊണ്ടുവന്നപ്പോള്‍ നല്ല സ്വാദോടെ കഴിച്ചു. ചായയും കുടിച്ചു.
അധികം വൈകാതെ ഹോട്ടലില്‍ എത്തി. പരിസര പ്രദേശങ്ങള്‍ ചുറ്റി നടന്നു കണ്ടു. ചുറ്റും വണ്ടികളുടെ തിരക്കാണ്. താഴെ ഒന്നുമറിയാതെ ബ്യാസ് നദി അങ്ങനെ ചാടിയും മറിഞ്ഞും ഒഴുകുന്നു. തണുത്ത കാറ്റടിക്കുന്നുണ്ട്. ചിലപ്പോള്‍ മഴ പെയ്യാം. അവര്‍ താമസിയാതെ അത്താഴത്തിനു എത്തി. അത്താഴം കഴിഞ്ഞ് പതിവ് പോലെ കമ്പിളിക്കുള്ളില്‍. paragliding ന്‍റെ ത്രില്‍ മനസ്സിലേയ്ക്ക് കടന്നുവന്നു. നാളെ അത് സാധിച്ചിരുന്നെങ്കില്‍. ജീവിതത്തിലെ ഒരു അസുലഭ മുഹൂര്‍ത്തം ആകും അത്. അവന്‍ താമസിയാതെ ആ കമ്പിളിചൂടില്‍ മെല്ലെ ഉറക്കത്തിലേയ്ക്ക് ഊര്‍ന്നു വീണു.
രാവിലെ കൂട്ടുകാരന്‍ പറഞ്ഞു, ഇത് നടക്കുമെന്ന് തോന്നുന്നില്ല, കുട്ടികള്‍ക്ക് താല്‍പ്പര്യം കുറവാണ്. എന്നാല്‍ അവര്‍ രാവിലെ പ്രാതലിന് ഒത്തു കൂടിയപ്പോള്‍ കുട്ടികള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞങ്ങള്‍ റെഡിയാണ് അങ്കിളേ, നമുക്ക് ഇതൊക്കെ ചെയ്തിട്ട് പോകാം. അപ്പോള്‍ എല്ലാവര്‍ക്കും ഉത്സാഹമായി. ഇനി ഒരു സന്ദര്‍ഭം ഇത് പോലെ കിട്ടി എന്ന് വരില്ല.
അവര്‍ paragliding officeല്‍ എത്തി. അവിടെ നിന്ന് പൈലറ്റ് മാരോടൊപ്പം paragliding തുടങ്ങുന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. അത് ഒരു മലയുടെ നെറുകയിലാണ്. വളഞ്ഞു പുളഞ്ഞ പലയിടത്തും ടാറിടാത്ത വഴികള്‍. പൊടി പറത്തിക്കൊണ്ട് വണ്ടിയോടി. അവിടെ എത്താറായപ്പോഴേയ്ക്കും നാലഞ്ച് വണ്ടികള്‍ മുന്നില്‍. എല്ലാവരും ഒരിടത്ത് നിന്നാണ് പറക്കല്‍ തുടങ്ങുന്നത്.
അവിടെ മലഞ്ചരുവില്‍ നിന്നാണ് പറക്കലിന്‍റെ തുടക്കം. ഓരോരുത്തര്‍ അവരവരുടെ നിശ്ചയിച്ച പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡി എന്ന് പറയുമ്പോള്‍ ആള്‍ മലഞ്ചെരുവില്‍ ഇറങ്ങുന്നു. തെന്നിയാല്‍ താഴ്പ്പോകുന്ന ചെരിവ്. പൈലറ്റ് കൂടെ നിന്ന് റെഡി എന്ന് പറയുമ്പോള്‍ രണ്ടുപേരും നാലഞ്ചടി ഓടുന്നു, ആകാശത്തിലേയ്ക്ക് പറക്കുന്നു.
കൂട്ടത്തില്‍ മോളുടെ ഊഴം വന്നു. പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡിയെന്നു പറഞ്ഞ് പറക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ഒരു കൂക്കല്‍. പേടിച്ചിട്ടാണ് എന്ന് തോന്നുന്നു. അവള്‍ പതുക്കെ പറന്നകന്നു. കൂക്കല്‍ കേള്‍ക്കാതായി. പിന്നെ കൂട്ടുകാരന്‍റെ ഊഴമാണ്. പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡിയെന്നു പറഞ്ഞ് പറക്കാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ കാല്‍ തെന്നി, രണ്ടു പേരുടെയും കാല്‍ തെന്നി,താഴെ വീണു. ഭാഗ്യത്തിന് താഴെ പോയില്ല, അവിടെ നിന്നും പറന്നു തുടങ്ങി. കൈയില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്നു തോന്നുന്നു. അടുത്തത് ഗിരിധറിന്‍റെ ഊഴമാണ്. പൈലറ്റ് പാരച്യൂട്ട് നിവര്‍ത്തി റെഡിയെന്നു പറഞ്ഞ് നാലഞ്ചടിയോടി പറന്നു തുടങ്ങി.
ആദ്യം പേടി, പിന്നെ താമസിയാതെ അത് ഒരു സാഹസ പ്രവൃത്തിയായി തോന്നി. തൊട്ടു പിന്നാലെ അത് ആസ്വദിക്കാനുള്ള മാനസിക സ്ഥിരത കൈവന്നു. പിന്നീടുള്ള നിമിഷങ്ങള്‍ അതി മനോഹരങ്ങള്‍ ആയിരുന്നു. പരുന്ത് ആകാശത്ത് ഉയര്‍ന്നു പറക്കുമ്പോള്‍ കാണുന്ന കാഴ്ച പോലെ എല്ലാം താഴെ തെളിഞ്ഞു കാണാം.
gopro കാമറ ഉപയോഗിച്ച് എല്ലാ കാഴ്ചകളും റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. എണ്ണായിരം അടി ഉയരത്തില്‍ നിന്ന് ബ്യാസ് നദിയുടെ മുകളിലൂടെ പാരച്യൂട്ട് പതുക്കെ താഴേയ്ക്ക് വന്നു. ഇറങ്ങുമ്പോള്‍ കാല്‍ ഉയര്‍ത്തി താഴെയുള്ള മണ്ണില്‍, ഇരിക്കുന്ന കുഷ്യന്‍ കുത്തി ഇറങ്ങുകയാണ് ചെയ്യുന്നത്. താഴെ വന്നു അവര്‍ ഒത്തുകൂടിയപ്പോള്‍ കൂട്ടുകാരന്‍റെ കൈയില്‍ ചെറിയ നീരും വിറയലുമുണ്ട്. വലുതായി പറ്റിയില്ല എന്ന് തോന്നുന്നു. കയില്‍ കരുതിയിരുന്ന പെയിന്‍ സ്പ്രേ അടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞത് കണ്ട് സമാധാനമായി.
അങ്ങനെ ഗിരിധറും കൂട്ടുകാരും തീരെ പ്രതീക്ഷിക്കാതെ ഒരു സാഹസിക പറക്കല്‍ നടത്തിയിരിക്കുന്നു. എന്നെന്നേയ്ക്കും ഓര്‍ക്കാനുള്ള ആ സാഹസിക യാത്രയുടെ മധുര സ്മരണകകളുമായി അവര്‍ മടക്ക യാത്ര തുടങ്ങി. കൂടുകാരൊക്കെ വിഡിയോ ഫെസ്ബൂക്കിലും വട്സപ്പിലും ഇടുന്ന തിരക്കിലാണ്. ഗിരിധര്‍ കണ്ണടച്ച് അങ്ങനെയിരുന്നു. ഇത് സാധിപ്പിച്ചു തന്ന ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട്.