Wednesday, 6 March 2019

സലാം ഹോ ചി മിന്‍







വിദ്യാസാഗര്‍ വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിലേക്കുള്ള വിമാനത്തില്‍ കയറി തന്‍റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു

കൂടെ സുഹൃത്തായ ജോണും ഉണ്ട്.

ചരിത്ര വിദ്യാര്‍ഥിയായ വിദ്യക്ക് വിയറ്റ്നാം എന്നും ആവേശമാണ്.

അവിടത്തെ ജനങ്ങളുടെ രാഷ്ട്ര സ്നേഹം, വന്‍കിട ശക്തികളോട് നടത്തിയ ഗറില്ല യുദ്ധങ്ങള്‍, കമ്യൂണിസ്റ്റ് അധിനിവേശം, ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയെ അടിയറവു പറയിച്ച, 20 കൊല്ലം നീണ്ടു നിന്ന യുദ്ധം, ഒരിക്കലും അടിയറവു പറയാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ് ഹോ ചി മിന്‍. അങ്ങനെ സംഭവ ബഹുലമായ നീണ്ട ചരിത്രം തന്നെയുണ്ട് വിദ്യയ്ക്ക് ഓര്‍ക്കാന്‍.

അവിടുത്തെ നെല്‍കൃഷി, മത്സ്യകൃഷി, അദ്ധ്വാന ശീലരായ ചന്തമുള്ള പെണ്ണുങ്ങള്‍, കൂട്ടു കുടുംബത്തിന്‍റെ കെട്ടുറപ്പ് അങ്ങനെ പലതും കേരളത്തോടു വളരെ സാമ്യമുള്ളവ.

ആ മഹായുദ്ധം ഒരിക്കല്‍ക്കൂടി വിദ്യയുടെ മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് നുരഞ്ഞു പൊങ്ങി വന്നു.

1955 ല്‍ ആയിരുന്നു ഒരു ചെറിയ യുദ്ധം പോലെ, വടക്കന്‍ വിയറ്റ്നാം, തെക്കന്‍ വിയറ്റ്നാമിനെ കൂട്ടിച്ചേര്‍ക്കാന്‍ എന്ന ഉദ്ധേശത്തോടെ യുദ്ധം തുടങ്ങിയത്. പക്ഷേ അത് ക്രമാതീതമായി വലുതായി രാക്ഷസാകാരം പൂണ്ടു.

തെക്കന്‍ വിയറ്റ്നാം തോറ്റാല്‍ തെക്ക്കിഴക്കേ ഏഷ്യയില്‍ കമ്മ്യൂണിസ്റ്റ് ആധിപത്യം ശക്തിപ്രാപിക്കും എന്ന്‍ കരുതി അമേരിക്കക്കാര്‍ തെക്കന്‍ വിയറ്റ്നാമിന്‍റെ കൂടെ യുദ്ധത്തില്‍ ചാടി വീണു. പിന്നീട് 20 കൊല്ലം നീണ്ടു നിന്ന യുദ്ധം.

1955 ല്‍, 97 കൊല്ലത്തെ ഫ്രഞ്ച് അധിനിവേശത്തില്‍ നിന്നും കഷ്ടിച്ച് വിയറ്റ്നാമിന് വിടുതി കിട്ടിയതേയുള്ളൂ, അടുത്ത യുദ്ധം പൊട്ടിപ്പുറപ്പെട്ടു
 ‍
അമേരിക്കയില്‍ നിന്ന് പുറപ്പെട്ട്, ഫ്രാന്‍സ് കടന്ന്, റഷ്യയിലൂടെ, വിയറ്റ്നാമില്‍ ആഞ്ഞു വീശിയ തപ്ത യുദ്ധക്കൊടുംകാറ്റില്‍ 3 ലക്ഷത്തോളം വിയറ്റ്നാംകാരും അറുപതിനായിരത്തോളം അമേരിക്കക്കാരും ഈയ്യാം പാറ്റകളെപ്പോലെ കരിഞ്ഞു വീണു.

അതിലിരട്ടിയിലധികം ആളുകള്‍, ചിറകുകള്‍ കരിഞ്ഞ, കാലൊടിഞ്ഞ ഈയ്യാം പാറ്റകളെപ്പോലെ ആ തീനാളങ്ങള്‍ക്ക് ചുറ്റും ഇഴഞ്ഞു നടന്നു. ആ ദീന രോദനം ഇന്നും വിയറ്റ്നാമില്‍ അങ്ങിങ്ങ് കേള്‍ക്കുമോ..

ഉരുകിയൊലിക്കുന്ന ലോഹക്കൂട്ടില്‍ നിന്നും അപ്രതിമമായ പ്രതിമയുടെ രൂപം തെളിഞ്ഞു വരുന്നത് പോലെ, വിയറ്റ്നാമിന്‍റെ തപ്ത കുണ്ഡത്തില്‍ നിന്നും ഹോ ചി മിന്‍ എന്ന വിപ്ലവകാരിയായ ലോഹ മനുഷ്യന്‍ പൊങ്ങി വന്നു.

വിയറ്റ്നാം ജനതയുടെ സിരകളില്‍ ദേശസ്നേഹം ആളിപ്പടര്‍ത്തിയ ഹോ ചി മിന്‍ എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ് പിന്നീട് അവരുടെ രാഷ്ട്രപിതാവ് ആയി മാറി.

ആ അനന്ത നീലിമയാര്‍ന്ന ആകാശ കാന്‍വാസില്‍ , ഊശാം താടി വച്ച കൃശഗാത്രനായ അദ്ധേഹത്തിന്‍റെ മുഖം തെളിഞ്ഞു വരുന്നതായി വിദ്യ കണ്ടു.

അമേരിക്കയുടെ അന്ത:രംഗത്തെ അടിമുടി പിടിച്ചു കുലുക്കിയ ഇതുപോലെ ഒരു യുദ്ധം ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍പോലും അമേരിക്കയിലെ ജനങ്ങള്‍ ഇത്രയധികം ഭയന്നിട്ടുണ്ടാകില്ല....!!

ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടി അമേരിക്കയില്‍ പലയിടത്തും പ്രതിഷേധങ്ങള്‍‍ ആഞ്ഞടിച്ചു. വാഷിംഗ്ടണില്‍ മാത്രം മൂന്ന്‍ ലക്ഷത്തോളം യുവാക്കള്‍ തെരുവില്‍ ഇറങ്ങി. ആര്‍മിയില്‍ ചേര്‍ന്നാല്‍ വിയറ്റ്നാമില്‍ പോകേണ്ടി വരുമെന്ന് ഭയന്ന് പലരും കാനഡയിലേക്ക് നാട് കടന്നു.

പെട്ടെന്ന് എയര്‍ ഹോസ്റ്റസ്സിന്‍റെ മധുരശബ്ദം കേട്ട്, വിദ്യ പരിസരത്തേക്ക് തിരിച്ചു വന്നു. സര്‍ ബ്രേക്ക്‌ഫാസ്റ്റ്. ബ്രെഡ്‌ ഓംലെറ്റ്‌.

ജോണ്‍ പതുക്കെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു വരുന്നു.

പ്രാതല്‍ കഴിഞ്ഞ് അധികം താമസിയാതെ സീറ്റ് ബെല്‍റ്റ്‌ മുറുക്കാനുള്ള അനൌണ്‍സ്മെന്‍റ് വന്നു. ഇനി പതിനഞ്ചു മിനിറ്റില്‍ ഇറങ്ങുകയാണത്രേ..

എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പുറത്തു കടന്നപ്പോള്‍ ജോണിന് ഒരു സംശയം.

അല്ല, നമ്മള്‍ തിരിച്ച് കേരളത്തില്‍ എത്തിയോ.. ചുറ്റും നിറയെ തെങ്ങുകള്‍, ഓടിട്ട വീടുകള്‍, പച്ചപ്പ്‌ വിരിച്ച നെല്‍ പാടങ്ങള്‍. ശരിക്കും പണ്ടത്തെ കേരളം തന്നെ.

എടാ വിദ്യാ, നമുക്ക് ഇവിടെ എങ്ങാനും കൂടിയാലോ.. ഒരു സുന്ദരിയെ കല്യാണവും കഴിച്ച്, ഒരു കൊച്ചു ഓട്ടുപുരയ്ക്ക് കീഴില്‍.. കുറച്ചു കൃഷിയും ഒക്കെയായി അങ്ങനെ കൂടാം.. അടിപൊളി സ്ഥലം. ജോണിന്‍റെ മനോഗതം ശബ്ദമായി പുറത്തു വന്നു.

വിദ്യയ്ക്ക് അല്ലെങ്കിലും ഇവിടുത്തെ ജനങ്ങളെ വളരെ ഇഷ്ടമാണ്. അവരുടെ വസ്ത്ര ധാരണം, സ്നേഹം നിറഞ്ഞ ഋജുവായ പെരുമാറ്റം ഇതെല്ലാം. 

ഹോട്ടലില്‍ എത്തിയ ഉടനെ വിദ്യയ്ക്ക് അവിടുത്തെ ബുദ്ധ ക്ഷേത്രങ്ങള്‍ കാണാന്‍ തിരക്കായി.

ഒരു ഭാഗത്ത്‌ ഗറില്ല യുദ്ധത്തില്‍ അമേരിക്കയെ പമ്പരം തിരിപ്പിച്ച ധീരത, മറുവശത്ത് ആത്മീയതയുടെ ശാന്തി മന്ത്രമോതുന്ന ബുദ്ധ ക്ഷേത്രങ്ങള്‍ , വിഹാരങ്ങള്‍....

എന്തൊരു വൈപരീത്യം. പക്ഷേ ശ്രീ ബുദ്ധന്‍റെ ഈ ആത്മീയ മന്ത്രമായിരിക്കാം ഇത്ര വലിയ യുദ്ധത്തില്‍ ജയിക്കാന്‍ അവരെ പ്രാപ്തരാക്കിയത്.

ഹോട്ടലിലെ സുസ്മേര വദനയായ വനിത നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ അടുത്തുള്ള പേരുകേട്ട ബുദ്ധക്ഷേത്രം കാണാന്‍ പുറത്തിറങ്ങി.

റോഡിനിരുവശവും നിറയെ ചെറിയ കടകള്‍. കച്ചവടത്തില്‍ പെണ്ണുങ്ങള്‍ ആണ് മുന്നില്‍.

റോഡിലൂടെ തുലാസ് പോലെ തോളിനിരു വശവും ചെറിയ കുട്ടകള്‍ തൂക്കിയിട്ട്, പലവ്യഞ്ജനങ്ങള്‍ നടന്നു വില്‍ക്കുന്ന പെണ്ണുങ്ങള്‍. അത് ജോണിനും വിദ്യയ്ക്കും ഒരു പ്രത്യേക കാഴ്ചയായിരുന്നു.

നടക്കുമ്പോള്‍ അവരുടെ തോളിലെ തുലാസ് താളത്തില്‍ പൊങ്ങി താഴുന്നുകൊണ്ടിരുന്നു. അതിനൊത്ത് അവരുടെ ശരീരത്തിലെ ഓരോ അംഗവും താളാത്മകമായി മുന്നോട്ട് തുടിക്കുന്നു...

വിദ്യയും ജോണും അവരുടെ നടത്തത്തിന്‍റെ താളം ഒരു വേള നോക്കി നിന്നു. ജോണ്‍ പറഞ്ഞു, വിദ്യാ, നീ എന്‍റെ റിട്ടേണ്‍ ടിക്കെറ്റ് ക്യാന്‍സല്‍ ചെയ്തോ, ഞാന്‍ ഇനി നാട്ടിലേക്കില്ല.

വിദ്യയ്ക്കും ഇതുതന്നെ മനസ്സില്‍ തോന്നായ്കയില്ല. അവര്‍ ഉള്ളില്‍ നിന്നും ഊറി ചിരിച്ചു.

ജോണ്‍ ധൃതിയില്‍ നടന്നു ചെന്ന്‍ ഒരു വനിതയോടു കുട്ടയിലുള്ള ആപ്പിളിന് വില ചോദിച്ചു. അവര്‍ പറഞ്ഞു, ഫിഫ്ടീന്‍ തൌസണ്ട് ഡോംഗ്. ഒന്നിനോ എന്ന് ജോണ്‍, അതേ എന്ന് അവര്‍.

മൊത്തത്തില്‍ അവിടുത്തെ സാധനങ്ങളുടെ വില അത്തരത്തിലാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല. അവിടുത്തെ വിനിമയ നിരക്ക് ഇന്‍ഡ്യന്‍ 100 രൂപയ്ക്ക് 32000 വിയറ്റ്നാം ഡോംഗ് ആണ്. എന്തായാലും രണ്ടുപേരും രണ്ടു ആപ്പിള്‍ വീതം വാങ്ങി, ബുദ്ധ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍
 
അവര്‍ നടന്നു നടന്ന്‍ ആ ബുദ്ധക്ഷേത്രത്തില്‍ എത്തി. പഗോഡ എന്നാണത്രേ പൊതുവേ ഇവിടത്തെ ബുദ്ധക്ഷേത്രങ്ങളെ വിളിക്കുന്നത്‌.

അവിടെ ശ്രീ ബുദ്ധന് പ്രധാന വഴിപാടുകള്‍ ചന്ദനത്തിരി കത്തിക്കലും വിളക്ക് കത്തിക്കലുമാണ്. കൂടാതെ പൂക്കളും പഴങ്ങളും നേരിട്ട് സമര്‍പ്പിക്കുന്നു. ആ കൊച്ചു കുളിരുള്ള പ്രഭാതത്തില്‍ നൂറു കണക്കിന് പൂക്കളും ചന്ദനത്തിരികളും അവിടം മുഴുവന്‍ പരിമള മുകുളങ്ങള്‍ വിടര്‍ത്തുന്നു. ആ ശാന്തമായ അന്തരീക്ഷം വിദ്യയില്‍ അവാച്യമായ സ്വര്‍ഗീയ അനുഭൂതി ഉളവാക്കി.

അടുത്തു തന്നെ ഒരു വലിയ തടാകം..



അവിടെ എത്ര വേണമെങ്കിലും കണ്ണടച്ച് പ്രകൃതിയില്‍ അലിഞ്ഞങ്ങനെ ഇരിക്കാം. അങ്ങിങ്ങ് കെട്ടിത്തൂക്കിയ കുഞ്ഞു കുടമണികളെ ഇടയ്ക്ക് കാറ്റ് തലോടുമ്പോള്‍ ഉണ്ടാകുന്ന മധുര ശബ്ദം നിര്‍വൃതി പരത്തി. വിദ്യയും ജോണും കുറേ നേരം അവിടെ അങ്ങനെ കണ്ണടച്ചിരുന്നു.

തിരിച്ചു നടക്കുമ്പോള്‍, വഴിനീളെ വിഹാരങ്ങളും വീടുകളും ഗംഭീരമായി അലങ്കരിച്ചിരിക്കുന്നത് അവര്‍ ശ്രദ്ധിച്ചു
 
ഫെബ്രുവരി ആദ്യ വാരത്തില്‍ ചൈനീസ് കലണ്ടറിലെ പുതു വര്‍ഷമാണത്രേ. സന്ധ്യയോടെ എല്ലായിടത്തും അലങ്കാര ദീപങ്ങള്‍ തെളിയുന്നു. പല ഡ്രാഗണ്‍ ലൈറ്റുകള്‍, മത്തങ്ങ പോലുള്ള അലങ്കാര ദീപങ്ങള്‍ എന്നുവേണ്ട, വര്‍ണ്ണങ്ങളുടെ മായാപ്രപഞ്ചം.

നമ്മള്‍ ഇപ്പോള്‍ ഇവിടെ വന്നുപെട്ടത് വളരെ ഭാഗ്യമായി.. ഇവിടുത്തെ പുതുവത്സര ആഘോഷമൊക്കെ കാണാനുള്ള ഭാഗ്യമുണ്ടായി. ജോണിന്‍റെ സന്തോഷം...

നിരത്തിലും, വീടുകളുടെ ഉമ്മറത്തും, പീടികത്തിണ്ണകളിലും എന്നുവേണ്ട, എല്ലാ മുക്കിലും മൂലയിലും ഓറഞ്ചു നിറത്തിലുള്ള, നാരങ്ങ നിറയെ കായ്ക്കുന്ന, ദീപസ്തംഭത്തിന്‍റെ ആകൃതിയില്‍ വളരുന്ന, അലങ്കാര ചെടി ഇടം പിടിച്ചിരിക്കുന്നു.

ഇതിന് കുംകത്ത് ട്രീ എന്നാണത്രേ പറയുന്നത്. ഇത് ഉള്ള സ്ഥലത്ത് ആരോഗ്യവും സമ്പത്തും വളരെ അധികം വര്‍ദ്ധിക്കും എന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. പ്രത്യേകിച്ചും പുതുവല്‍സരത്തില്‍. അതുകൊണ്ട് ഇത് വളര്‍ത്തി വലുതാക്കി വില്‍ക്കുന്നത് ഇക്കാലത്തെ ഒരു പ്രധാന വ്യവസായം തന്നെയാണത്രെ.

ഈ വര്‍ണ്ണങ്ങളുടെ മായാപ്രപഞ്ചം നന്നായി ആസ്വദിക്കണമെങ്കില്‍ ഓള്‍ഡ്‌ ക്വാര്‍ട്ടര്‍ എന്ന പഴയ തെരുവിലേയ്ക്ക് പോയാല്‍ മതി എന്ന്‍ ഹോട്ടലിലെ വനിത ഗൈഡ് ഉപദേശിച്ചു.

ഹോട്ടലിലെ അവരുടെ എന്താവശ്യങ്ങളും തര്‍ജ്ജമ ചെയ്യുവാന്‍ ഈ സുന്ദരിയാണ് കൂട്ട്.

ജോണ്‍ അവരുടെ പേര് ചോദിച്ചറിഞ്ഞു.. ഹാംഗ്....

വാട്ട് ഈസ്‌ ദി മീനിംഗ് ഓഫ് ഹാംഗ്, ജോണ്‍ വിട്ടില്ല..
ഹാംഗ് മീനിംഗ് മൂണ്‍ ലൈറ്റ് എന്ന്‍ സുന്ദരിയുടെ മറുപടി..

മൂണ്‍ ലൈറ്റ് എന്നാല്‍ ചന്ദ്രിക...

അളിയാ നമ്മുടെ ചന്ദ്രികയാണ് ഇത്...
ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം.....ജോണിന്‍റെ ചുണ്ടില്‍ മൂളിപ്പാട്ട് വിടര്‍ന്നു..
  
ഞാന്‍ നിന്നെ പൊന്നുപോലെ നോക്കും ചന്ദ്രികേ...!!

വാട്ട്, ഹാംഗ് പെട്ടെന്ന്, മറിച്ച് ചോദിച്ചു...

നത്തിംഗ്, ഐ സെഡ്, മൂണ്‍ലൈറ്റ് ഈസ്‌ ബ്യൂട്ടിഫുള്‍....
ഹാംഗ് ഒന്ന് വശ്യമായി ചിരിച്ചു...

ജോണും, വിദ്യയും ഓള്‍ഡ്‌ ക്വാര്‍ട്ടറിലേക്ക് തിരിച്ചു...

ഡല്‍ഹിയിലെ ചാന്ദ്നി ചൌക്കിനോട് സാമ്യമുള്ള, ഭൂമിയിലെ എല്ലാ സാധനങ്ങളും കിട്ടുന്ന ഒരു വലിയ മാര്‍ക്കെറ്റ്. ഒരു വഴിയുടെ അറ്റം എപ്പോഴും രണ്ടായി പിളരുന്ന ആ മാര്‍ക്കെറ്റ് എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന്‍ കണ്ടുപിടിക്കാന്‍ വലിയ പ്രയാസം.

ഇതില്‍ 36 തെരുവുകള്‍ ഉണ്ടത്രേ, ഓരോ തെരുവിലും ഒരോന്നിനു പ്രത്യേകത. ഒന്ന് മധുര പലഹാരങ്ങള്‍ക്കാണെങ്കില്‍ മറ്റൊന്ന് ലൈറ്റുകള്‍ക്ക്, വേറൊന്ന് പല വ്യന്ജനങ്ങള്‍ക്ക്. ഇതില്‍ ബിയര്‍ തെരുവും ഉണ്ട്.

പലവ്യഞ്ജന തെരുവില്‍ പച്ചക്കറികള്‍, മസാലകള്‍, പലതരം മുളകുകള്‍, മുളയുടെ കൂമ്പ്, കോഴി, ഞണ്ട്, തവള, ഒച്ച്‌ എന്നുവേണ്ട ഭൂമിയിലെ ഒട്ടു മിക്ക സസ്യങ്ങളും, ജീവികളും...!!

അലങ്കാര വിളക്കുകളുടെ തെരുവില്‍ പുതുവല്‍സരത്തിന് ഒരുങ്ങിയ വര്‍ണ്ണ പ്രപഞ്ചം.!!

നമുക്ക് ബിയര്‍ തെരുവില്‍ പോയി മടങ്ങി വരാം, അപ്പോള്‍ ഈ ലൈറ്റൊക്കെ കാണാന്‍ കൂടുതല്‍ ഭംഗിയായിരിക്കും...ജോണ്‍ പറഞ്ഞു..!!

അവര്‍ അങ്ങനെ ഒരു തെരുവില്‍ നിന്നും മറ്റൊന്നിലേക്ക് ചേക്കേറിയും ചന്തമുള്ള വനിതകളോട് സാധനങ്ങളുടെ വിലപേശിയും അലഞ്ഞു നടന്നു.

ബിയര്‍ തെരുവില്‍ നടന്ന് ഉന്മത്തരായി, മടങ്ങി വന്ന്, ലൈറ്റ് തെരുവിലെ വര്‍ണ്ണപ്രപഞ്ചം കൂടുതല്‍ ആസ്വദിച്ചു.

അടുത്തുള്ള തടാകക്കരയില്‍, ഇളം കാറ്റിന്‍റെ തലോടലില്‍ ക്ഷീണം ആറ്റി.

വൈകുന്നേരം ഹോട്ടലില്‍ എത്തിയപ്പോള്‍ ജോണിന് ചെറിയ തലവേദന, ഒരു ഹെഡ് മസ്സാജ് കിട്ടാനുള്ള തോന്നലായിരിക്കും..!!

ഒരു ചെറിയ ശങ്കയോടെ വിദ്യയും കൂടെ ചേര്‍ന്നു. അവിടെ താമസിക്കുന്നവര്‍ക്ക് ഹെഡ് മസ്സാജ് ഫ്രീ ആണത്രേ..

പല പൂക്കളുടെ സുഗന്ധം വിതറുന്ന, നിറയെ മെഴുകുതിരികള്‍ കത്തുന്ന ശാന്തമായ ഹാള്‍, ഫെംഗ്ഷുയി രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. നനുത്ത ഉപകരണ സംഗീതം അവിടുത്തെ സുഗന്ധം പോലെ അന്തരീക്ഷത്തില്‍ അലിഞ്ഞോഴുകുന്നു.

വിദ്യയ്ക്ക് തലയില്‍ ഹാര്‍മോണിയം വായിക്കുന്നത് പോലെയുള്ള പ്രതീതി. നല്ല ഹെഡ് മസ്സാജും സംഗീതം പോലെ മധുരം. എല്ലാ ക്ഷീണവും പമ്പ കടക്കും. പക്ഷേ വിദ്യ ഇടയ്ക്ക് വച്ച് ഉറങ്ങിപ്പോയി. ഒന്നും അറിഞ്ഞതേയില്ല...!!

പുതുവത്സര ദിനം വന്നതോടെ അവരുടെ ഹോട്ടലും അടുത്തുള്ള അങ്ങാടിയും, മാളുകളും പഗോഡയും എല്ലാം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

നഗരം മുഴുവന്‍ വര്‍ണ്ണാഭമാണ്. കുട്ടികളും ചെറുപ്പക്കാരും വസന്ത ഋതുവിനെ വരവേല്‍ക്കാന്‍ പല നിറങ്ങളിലുള്ള പുത്തനുടുപ്പുകളിലാണ്.
വൈകുന്നേരം ആഘോഷത്തിമര്‍പ്പിനു ആക്കം കൂട്ടാന്‍ വെടിക്കെട്ടും ഉണ്ടത്രേ.

പോരാത്തതിന് വൈകുന്നേരം അവര്‍ക്ക് ഹോട്ടലില്‍ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ടത്രേ...

രാവിലെ തന്നെ വിദ്യയും ജോണും ഹോ ചി മിനെ കണ്ടു വണങ്ങാന്‍ തീരുമാനിച്ചു
 



അദ്ദേഹം താമസിച്ചിരുന്ന സ്ഥലം ഒരു തടാകക്കരയിലാണ്

ഉപയോഗിച്ചിരുന്ന കുട, വടി, ചെരുപ്പ്, മേശ കസേര എന്നിവ അതേപടി മുറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരച്ചുവട്ടിലെ ആ ശാന്ത ഗംഭീര വസതി കാണാന്‍ നൂറുകണക്കിന് യാത്രികര്‍..

തടാകത്തിന്‍റെ മറ്റൊരു വശത്ത് സുഗന്ധ പൂരിതമായ, ശാന്ത സുന്ദരമായ  ഒറ്റത്തൂണില്‍ നില്‍ക്കുന്ന പഗോഡ. അദ്ദേഹം ഇവിടെ വന്നിരുന്ന്‍ ധ്യാനിച്ചിരുന്നുവോ എന്തോ..!!

എന്തായാലും വിയറ്റ്നാം റിപ്പബ്ലിക്കായി പ്രഖാപിച്ചത് ഈ പഗോഡയില്‍ വച്ചാണ് എന്ന്‍ ഗൈഡ് പറഞ്ഞു.

തുടര്‍ന്ന് അവര്‍‍ അദ്ധേഹത്തിന്‍റെ സമാധി - മുസോലിയം - കാണാന്‍ പോയി.

ഗ്രനൈറ്റില്‍ പൊതിഞ്ഞ കലാ ചാതുരിയുള്ള പ്രൌഡഗംഭീരമായ സമാധി. ചുറ്റിലും തണല്‍ വൃക്ഷങ്ങള്‍, പുല്‍പ്പരപ്പുകള്‍, അതില്‍ നിറയെ വസന്തം വിളിച്ചോതുന്ന വര്‍ണ്ണപ്പൂക്കള്‍. ആ സമുച്ചയത്തിന് ചുറ്റും തോക്കേന്തിയ പട്ടാളക്കാര്‍...

അവര്‍ വണ്ടിയിറങ്ങി, ഗൈഡ് പറഞ്ഞിടത്തേക്ക് നടന്ന് വരിയില്‍ ചേര്‍ന്നു. തന്ത്ര പ്രധാന സ്ഥലമായതിനാല്‍ എല്ലാ സുരക്ഷാപരിശോധനകളും കടന്നുവേണം അകത്ത് കടക്കാന്‍..‍.

ആ കെട്ടിടത്തിനകത്ത് ആരും ഒച്ചയുണ്ടാക്കാന്‍ പാടില്ല. കൈ പോക്കറ്റില്‍ ഇടാന്‍ പാടില്ല. മൗനമായി അകത്തു പോകുന്നത് ആദര സൂചകമാണ്.

അങ്ങനെ ആ കാത്തുനിന്ന നിമിഷം വരവായി. അതാ ഒരു ചില്ലു കൂട്ടില്‍ ജീവസ്സുറ്റ മുഖവും ശരീരവുമായി ഹോ ചി മിന്‍ എന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവ്, അഘണ്ട വിയറ്റ്നാമിന്‍റെ രാഷ്ട്രപിതാവ്, ശാന്തനായി ശയിക്കുന്നു.

വിദ്യയും ജോണും ആദര സൂചകമായി ശിരസ്സ് നമിച്ചുകൊണ്ട് അദ്ധേഹത്തിന്‍റെ കാല്‍ക്കല്‍ നിന്നു.

പുറത്തു കടക്കുമ്പോള്‍ വിദ്യയുടെ മനസ്സിലൂടെ ആ യുദ്ധം ഒരിക്കല്‍ കൂടി മിന്നി മറിഞ്ഞു. ആ തപ്ത കുണ്ഡത്തില്‍ നിന്ന് പൊങ്ങി വന്ന അതേ മുഖം. താന്‍ വിമാനത്തിലെ ജനല്‍പാളിയിലൂടെ നീലാകാശത്ത് തെളിഞ്ഞു കണ്ട അതേ മുഖം...!!

ജോണ്‍ പതുക്കെ പറയുന്നത് കേട്ടു, ഹോ ചി മിന്‍ ശാന്ത ഗംഭീരന്‍ തന്നെ..!!

പിന്നീട് ഗൈഡ് അവരെ‍ പാവക്കൂത്ത് കാണാന്‍ കൂട്ടികൊണ്ടുപോയി. നാട്ടിലേതെന്നു തോന്നിക്കുന്ന ആ കലാ വിരുത് വെള്ളത്തില്‍ നിന്നുകൊണ്ടാണ് അവര്‍ നടത്തുന്നത്. 

നാല്‍പ്പത് മീറ്റര്‍ നീളത്തില്‍ കെട്ടിയ ഓല മേഞ്ഞ നേടുംപുരകള്‍ കണ്ടു..

അതില്‍ എത്രയെത്ര കുടുംബങ്ങള്‍ പരസ്പരം സ്നേഹിച്ചും പിണങ്ങിയും കഴിഞ്ഞിട്ടുണ്ടാകും. എത്രയെത്ര കുഞ്ഞുങ്ങള്‍ ഒരേ പിഞ്ഞാണത്തില്‍ നിന്നും വിശപ്പടക്കിയിട്ടുണ്ടാകും.

അവര്‍ അത്യാധുനിക മാളുകളില്‍ കറങ്ങി..വസ്ത്രം ഇട്ടു ഇട്ടില്ല എന്ന്‍ തോന്നിക്കുന്ന ഫാഷന്‍ പരേഡ് കണ്ടു..

റെഡ് നദിയുടെ ആഴവും പരപ്പും കണ്ട് അമ്പരന്നു. അതിലൂടെ അവര്‍ ബോട്ട് സവാരി നടത്തി..

ഹോംഗ്കി തടാകത്തിലെ സ്ഫടിക ജലത്തില്‍ തോണി തുഴഞ്ഞു...തടാകക്കരയിലെ പച്ചപ്പില്‍ അലിഞ്ഞു ചേര്‍ന്നു..

ജോണ്‍ ചോദിച്ചു... നീ എന്‍റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തല്ലോ അല്ലേ.. ചെയ്തു എന്ന്‍ വിദ്യ ചിരിച്ചുകൊണ്ട് തലയാട്ടി..

രാത്രിയില്‍ അവര്‍ ഹോട്ടലില്‍ തിരിച്ചെത്തി. ഹോട്ടിലില്‍ ഗംഭീര പാര്‍ട്ടിയുടെ ആരവം തുടങ്ങിയിരിക്കുന്നു.

വിദ്യയ്ക്കും ജോണിനും പാര്‍ട്ടിയിലെ ഓരോ വിഭവങ്ങളും ആസ്വദിക്കാനുള്ള വെമ്പല്‍. മിസ്‌ ഹാംഗ് അവരെ അലങ്കരിച്ച ആ ഹാളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഹോളില്‍ നല്ല തിരക്ക്, എല്ലാവരും പുതുവത്സരം ആഘോഷിക്കാനെത്തിയിരിക്കുന്നു. ഒരിടത്ത് കുറച്ചുപേര്‍ നൃത്തവും പരിപാടികളും.

മിസ്‌ ഹാംഗ് അവര്‍ക്ക് വെല്‍ക്കം ഡ്രിങ്ക്സ് നല്‍കി സ്വീകരിച്ചു. അത് അവരുടെ മര്യാദയാണത്രേ..

ജോണും വിദ്യയും ഡ്രിങ്ക്സ് പതുക്കെ നുണഞ്ഞു തുടങ്ങി. അത്ര പരിചയമുള്ള സ്വാദല്ല, എങ്കിലും കുഴപ്പമില്ല, വല്ല പഴച്ചാറുകള്‍ കൊണ്ട് ഉണ്ടാക്കിയ വിശേഷ മദ്യമായിരിക്കും. കുറച്ചു വീര്യമുണ്ടെങ്കിലും കുഴപ്പമില്ല.

കൂടെ കഴിക്കാന്‍ മേശപ്പുറത്ത് പല വിഭവങ്ങളും നിരന്നു തുടങ്ങി. അതില്‍ പലതും അവര്‍ രുചി നോക്കുവാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ക്ക് ഒരു പിടിയും കിട്ടുന്നില്ല.. പച്ചരിചോറും, നൂഡില്‍സും മുളയുടെ കൂമ്പും മാത്രം അവര്‍ തിരിച്ചറിഞ്ഞു..

ബാക്കി പലതിലും ജീവന്‍ ഉണ്ടെന്നു തോന്നിക്കുന്ന പല ജീവികളെയും കണ്ടു എന്നവര്‍ക്ക് തോന്നി... തോന്നിയതാകാം...!!

ജോണ്‍ പതുക്കെ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന മട്ടില്‍ മിസ്‌ ഹാംഗിന്‍റെ അടുത്തേയ്ക്ക് ചെന്നു.

അവരുടെ പുറകിലെ കൌണ്ടറില്‍ നിറയെ ലഹരിക്കുപ്പികള്‍ നിരത്തിയിരിക്കുന്നു.

അതില്‍ ഒന്ന്‍ ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു, ദിസ്‌ ഈസ്‌ വാട്ട് യു ട്രൈഡ്‌ നൌ... വെരി വെരി സ്പെഷല്‍..ദിസ്‌ ഈസ്‌ ഫോര്‍ വൈറ്റാലിറ്റി ..!!

ഇതില്‍ ഒന്നാണ് നിങ്ങള്‍ ഇപ്പോള്‍ രുചിച്ചത്..ഇത് പൌരുഷവും ധൈര്യവും കൂടാന്‍ വേണ്ടിയാണത്രേ...!!

ജോണ്‍ സൂക്ഷിച്ചു നോക്കി, ഒരു മദ്യക്കുപ്പിയില്‍ മൂര്‍ഖന്‍ പാമ്പ്‌, അടുത്തതില്‍ വലിയ കറുത്ത തേള്‍. ഇങ്ങനെ പല വിഷ ജീവികളും പല പല കുപ്പികളില്‍..!!

എന്‍റെ ദൈവമേ, ഇതാണോ ഞാന്‍ ഇപ്പോള്‍ അകത്താക്കിയത്..



ജോണിന് വയറ് പൊങ്ങി മറയുന്നത് പോലെ..തല ചുറ്റുന്നത്‌ പൊലെ.. നെറ്റിയില്‍ ചെറിയ വിയര്‍പ്പ് കണികകള്‍ പടര്‍ന്നു..

കാലുകള്‍ തളരുന്നു...അവിടെ നില്‍ക്കാന്‍ അവന് വിഷമം തോന്നിത്തുടങ്ങി. അവന്‍ തിരിഞ്ഞു വിദ്യയെ നോക്കി.

കാര്യം അത്ര ശരിയല്ല എന്നറിഞ്ഞ വിദ്യ ജോണിനെ പിടിച്ചു കസേരയില്‍ ഇരുത്തി. ജോണിന് ആധി അധികമായി. ഉടനെ കിടക്കണമെന്ന് തോന്നി...

ഹാംഗിനും കാര്യങ്ങള്‍ അത്ര ശരിയല്ല എന്ന്‍ തോന്നിയിട്ടുണ്ടാകണം.

ഹാംഗും വിദ്യയും പിടിച്ച് അവനെ അടുത്തുള്ള സോഫയില്‍ കിടത്തി.

വിദ്യയ്ക്ക് കാര്യം മനസ്സിലായെങ്കിലും പുറത്ത് പറഞ്ഞില്ല. അവനും അത്ര നല്ല അവസ്ഥയില്‍ അല്ല...!!

അര മണിക്കൂര്‍ മയങ്ങിയ ജോണ്‍ മയക്കം ഉണര്‍ന്ന ഉടനെ വിദ്യയോട് ചോദിച്ചു, അളിയാ, നീ എന്‍റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തിരുന്നോ..
ഇല്ല എന്ന്‍ വിദ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

നമുക്ക് അടുത്ത ഫ്ലൈറ്റിന് സ്ഥലം വിടാം. ഇവിടെ നിന്നാല്‍ ശരിയാകില്ല, ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം....!!

വിദ്യ അത് കേട്ടു ചിരിച്ചു കൊണ്ട് ചോദിച്ചു, അപ്പൊ നിന്‍റെ ഹാംഗോ..

ഏത് ഹാംഗ്, ഇനി നമ്മുടെ നാട്ടില്‍ പോയിട്ടേ ഏത് ഹാംഗും ഉള്ളു, ജോണിന്‍റെ ചുണ്ടില്‍ ഒരു വിളറിയ ചിരി വിടര്‍ന്നു.

നിനക്ക് നാട്ടിലെ ഹാംഗിനെ പരിചയപ്പെടാമല്ലോ..വിദ്യയും കൂടെ ചിരിച്ചു.