Wednesday 28 October 2020

ബദരീനാഥാ... നീ എവിടെ



 


ഈ കഥ നടക്കുന്നത് ഏകദേശം ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന്‍ മൊബൈലും സെല്‍ഫിയും ഒന്നും ഇല്ലാത്ത കാലം. എല്ലാവര്‍ക്കും എല്ലാവരോടും ഒന്നും പറയാതെ തന്നെ സ്നേഹവും അടുപ്പവും തോന്നിയിരുന്ന കാലം.

ഞങ്ങള്‍ അഞ്ചു ചെറുപ്പക്കാരും അഞ്ച് വയസ്സന്മാരും ഒരു അഞ്ചു വയസ്സായ കുട്ടിയും കൂടി ഹിമാലയ യാത്രയ്ക്ക് പുറപ്പെട്ടു. അങ്ങ് ഉയരത്തിലിരിക്കുന്ന ബദരീനാഥനെ കാണാന്‍..

11000 അടി ഉയരത്തില്‍ മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട, അളകനന്ദാ നദിയുടെ തീരത്തുള്ള സുന്ദര സുരഭിലമായ സ്ഥലം. അവിടെ നിര്‍മ്മോഹനായി ഇരിക്കുന്ന ബദരീനാഥനെ കാണാന്‍ എല്ലാവര്‍ക്കും അതിയായ മോഹവും. അവിടെ ഏത് തണുപ്പത്തും പൊള്ളുന്ന ചൂടുള്ള ജലധാരകള്‍ ഉണ്ടത്രേ. അത് ഒഴുകി നിറയുന്ന തപ്ത കുണ്ഡങ്ങളുണ്ടത്രേ. അതില്‍ കുളിച്ചാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകുമത്രേ..

വയസ്സായവര്‍ക്കാണ് ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ ഉത്സാഹം, ഇനി ശേഷിച്ച ആയുസ്സില്‍ ഇങ്ങനെ ഒരു സാഹസിക ഉദ്യമം സാധിക്കുമെന്ന്‍ തോന്നുന്നേയില്ല..ഇത് തന്നെ എത്രയോ വലിയ ഭാഗ്യം…!!

ചുരുങ്ങിയത് രണ്ട് ദിവസത്തെ യാത്ര വേണം അവിടെയെത്താന്‍. മലമുകളിലൂടെ, വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കയറിയും ഇറങ്ങിയും അങ്ങ് താഴെ കൊച്ചരുവി പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ഗംഗയെ കണ്ടുകൊണ്ടുമുള്ള ആ യാത്ര ഉദ്വേകം നിറഞ്ഞതായിരിക്കും സംശയമില്ല.

അതിരാവിലെ അഞ്ച് മണിയോടെ ഞങ്ങള്‍ ഡല്‍ഹിയില്‍നിന്ന് രണ്ട് ജീപ്പുകളിലായി യാത്ര പുറപ്പെട്ടു. ചെങ്കുത്തായ കയറ്റങ്ങള്‍ കയറാനും ഇറങ്ങാനും ജീപ്പാണല്ലോ കൂടുതല്‍ നല്ലത്.

ഓടിക്കുമ്പോള്‍ രണ്ട് ജീപ്പുകളും കണ്‍വെട്ടത്ത് നിന്ന് മാറരുത്, ഒരാള്‍ മറ്റൊരാളെ നോക്കി കൂടെ ഓടിക്കണം എന്നൊക്കെ വയസ്സന്മാര്‍ ഡ്രൈവര്‍മാരോട് പ്രത്യേകം ശട്ടം കെട്ടി. വഴിയില്‍ വച്ച് കാണാതായാല്‍ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമ്മുട്ടായിരിക്കുമല്ലോ..!!

രണ്ടു ജീപ്പുകളും മുന്നിലും പിന്നിലും ആയി അങ്ങനെ കുറെ ദൂരം നീങ്ങി. ഏകദേശം നൂറുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒരു ജീപ്പു‍ ഡീസല്‍ അടിക്കാന്‍ പമ്പില്‍ കയറി. മറ്റവന് ഇപ്പോള്‍ അടിക്കണ്ട..അവന്‍ ‍ പുറത്ത് ഹൈവേയില്‍ കാത്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പമ്പില്‍ നിന്ന് വണ്ടിയിറങ്ങുന്നത് കണ്ട് പുറത്തു നില്‍ക്കുന്നയാള്‍ വണ്ടിയെടുത്തു.

കുറച്ചോടിക്കഴിഞ്ഞു വഴിയരികില്‍ ചായ കുടിക്കാന്‍ ഞങ്ങള്‍ വണ്ടി ഒരിടത്ത് നിറുത്തിയപ്പോഴാണ് മനസ്സിലായത്‌, കൂടെയുണ്ടെന്ന്‍ കരുതിയ ജീപ്പ് മാറിപ്പോയി എന്ന്‍…!!

കൂട്ടത്തില്‍ പല വയസ്സന്മാര്‍ക്കും വലിയ അങ്കലാപ്പ് ഉണ്ടായെങ്കിലും ഡ്രൈവര്‍ പറഞ്ഞു സമാധാനിപ്പിച്ചു, സമാധാനമായി ചായ കുടിക്കൂ..ചായ കുടിച്ചു കഴിയുമ്പോഴേക്ക് അവര്‍ എത്തും. ഒരാള്‍ ഇവിടെ റോഡരികില്‍ കൈ കാണിക്കാന്‍ നില്‍ക്കട്ടെ.

എല്ലാവരും ചായ കുടിച്ചു കഴിഞ്ഞു പക്ഷെ അവരെ ഇതുവരെ കണ്ടില്ല. കുറച്ചുനേരം കാത്തു നിന്നപ്പോള്‍ ഡ്രൈവര്‍ വീണ്ടും സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..ഒരു പക്ഷേ അവര്‍ മുന്‍പിലാണെങ്കിലോ..നമുക്കവരെ വേഗം കണ്ടുപിടിക്കാം. അവര്‍ നമ്മളെ കാണാതെ ഉഴലുന്നുണ്ടാകും. എന്തായാലും അധിക ദൂരമൊന്നും പോയിരിക്കാന്‍ വഴിയില്ല..നമുക്ക് പതുക്കെ വണ്ടിയെടുത്ത് നീങ്ങാം.

ഡ്രൈവര്‍ വണ്ടിയെടുത്തു. കൂടെ യാത്രക്കാരൊക്കെ റോഡില്‍ കണ്ണുംനട്ട് ഇരിപ്പായി. മുന്നിലും പിന്നിലും ഉള്ള ഓരോ ജീപ്പും പല കണ്ണുകളാല്‍ അരിച്ചുപെറുക്കി. പല സ്ഥലത്തും കാത്തു നിന്നു, പക്ഷെ അവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുന്‍പ് ഹരിദ്വാര്‍ എത്തേണ്ടിയിരുന്ന ഞങ്ങള്‍ ഇപ്പോഴും ഉഴലുകയാണ് നേരം മൂന്നുമണി കഴിഞ്ഞു.

ഹരിദ്വാര്‍ എത്താറായത് പോലെ..തിരക്ക് കൂടിക്കൂടി വരുന്നു. അപ്പോള്‍ ‍ഞങ്ങളുടെ മുതിര്‍ന്ന കാരണവര്‍ ഡ്രൈവറോട് ശക്തിയായ ഭാഷയില്‍ പറഞ്ഞു. ഇനി മുന്നിലേയ്ക്ക് പോവുന്ന പ്രശ്നമില്ല.. ആ തിരക്കില്‍ പെട്ടാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.അതുകൊണ്ട് ഇവിടെ കാത്ത് നില്‍ക്കുക..അല്ലെങ്കില്‍ തിരിച്ചു പോകുക.

ഡ്രൈവര്‍ വണ്ടി ഒരിടത്ത് നിറുത്തി..ഞങ്ങള്‍ ഹട്ടലുകളില്‍ ലാന്‍ഡ്‌ ഫോണ്‍ അന്വേഷിച്ചു നടന്നു.. അവസാനം ഫോണുള്ള ഒരു ഹോട്ടല്‍ കണ്ടെത്തി. ഡ്രൈവര്‍ അവരുടെ ഓഫീസിലേയ്ക്ക് വിളിച്ചു. മറ്റു ജീപ്പുകാരെക്കുറിച്ച് വിവരമുണ്ടോ എന്നറിയാന്‍. അവര്‍ക്ക് തല്‍ക്കാലം വിവരമൊന്നുമില്ല. പക്ഷെ ഞങ്ങള്‍ അവിടത്തെ നമ്പര്‍ കൊടുത്ത് കാത്തിരുന്നു. അവര്‍ക്കാര്‍‍ക്കെങ്കിലും ഇതുപോലെ വിളിക്കാന്‍ തോന്നിയാലോ.

അധികനേരം കഴിഞ്ഞില്ല, ഓഫീസില്‍ നിന്ന് ഡ്രൈവര്‍ക്ക് ഫോണ്‍ വന്നു. അവര്‍ നിങ്ങളെ കാണാതെ കുറച്ചു ദൂരം തിരികെ പോയിരിക്കുന്നു. അപ്പോഴാണ് ഞങ്ങളെ വിളിക്കുന്നത്‌. ഞങ്ങള്‍ വിവരങ്ങള്‍ അറിയിച്ചത് കൊണ്ട് അവര്‍ നിങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

അധികം താമസിയാതെ അവര്‍ ഞങ്ങളുടെ അടുത്തെത്തി. ആര്‍ക്കും ആരോടും പ്രത്യേകിച്ച് പരാതിയൊന്നുമില്ലെങ്കിലും എല്ലാവരുടെയും മുഖത്ത് പരാതിയില്‍ ചാലിച്ച വലിയൊരു ആശ്വാസം. അങ്ങനെ സംഭവിച്ചുപോയി..പറഞ്ഞിട്ട് കാര്യമില്ല.

ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ നോക്കാം.

ആരും ആഹാരം കഴിച്ചിട്ടില്ല. ആകെയുള്ള അങ്കലാപ്പില്‍ ആരും ചായപോലും കുടിച്ചുകാണില്ല. എല്ലാവരും കൂടി ആഹാരം കഴിച്ച് അവിടെ നിന്നും വേഗം പുറപ്പെട്ടു.

ഹരിദ്വാര്‍ ഹിമാലയത്തിന്‍റെ താഴ്വരയിലാണ്. മലമുകളിലൂടെ നുരഞ്ഞു പതഞ്ഞ് കുത്തിയൊഴുകി വരുന്ന ഗംഗ ഇവിടെ സമതലത്തില്‍ എത്തുമ്പോള്‍ ശാന്തയായി പരന്നൊഴുകുന്നു. പല വഴികളായി പിരിഞ്ഞോഴുകുന്നു. അതുകൊണ്ട് ഹരിദ്വാറില്‍ പല ദ്വീപുകളും അങ്ങിങ്ങ് കാണാം. എവിടെയും ഭക്തര്‍ നാമജപങ്ങളോടെ ഗംഗയില്‍ മുങ്ങി നിവരുന്ന കാഴ്ച്ച. ഇവിടത്തെ സന്ധ്യക്കുള്ള ഗംഗ ആരതി വളരെ പ്രസിദ്ധമാണ്, അത് കാണാന്‍ ആയിരങ്ങളാണ് ദിവസവും എത്തുന്നത്‌. ‍‍

ഹരിദ്വാര്‍ കടന്ന്‍ ഋഷികേശ് എത്തിയപ്പോഴേയ്ക്കും നേരം അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.

ഋഷികേശ് ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ത്തന്നെയാണ്. ഇവിടെ ഗംഗയുടെ ആഴവും പരപ്പും കണ്ടാല്‍ ആരും അതിശയിക്കും. ഗംഗയ്ക്ക് കുറുകെ കെട്ടിയ ലക്ഷ്മണ്‍ ജ്ഹൂല എന്ന തൂക്കുപാലത്തില്‍ നിന്നും ഗംഗയെ നോക്കിയാല്‍ ആ നദിയുടെ സൗന്ദര്യവും ഗാംഭീര്യവും ഒരുപോലെ ആസ്വദിക്കാം.

വെറുതെയല്ല എത്രയോ ഋഷി മുനിമാര്‍ ഈ ഗംഗയുടെ തീരത്തിരുന്ന്‍, മനസ്സിന്‍റെ പുതിയ തലങ്ങള്‍ അന്വേഷിച്ചത്, ജീവിതത്തിന് പുതിയ മാനങ്ങള്‍ കണ്ടത്. അങ്ങ് ഗിരിശൃംഗങ്ങളിലുള്ള മഞ്ഞുകട്ടകള്‍ ഉരുകി വരുന്ന ഗംഗയിലെ അമൃതധാര തഴുകി വരുന്ന കുളിര്‍കാറ്റ് ഏത് തപ്ത ഹൃദയത്തേയും അകത്തുനിന്നും പുറത്തുനിന്നും ആശ്വസിപ്പിക്കുന്നുണ്ടാകണം.

ഇതൊന്നും അറിയാനോ നോക്കാനോ സമയമില്ലാതെ ഞങ്ങള്‍ മുന്നോട്ട് പാഞ്ഞുകൊണ്ടിരിക്കുകയാണ്, കാരണം ഇന്നത്തെ ഒറിജിനല്‍ പ്ലാന്‍ പ്രകാരം വൈകുന്നേരമാകുമ്പോഴേക്കും കുറച്ചു ദൂരെ മലമുകളിലുള്ള ശ്രീനഗര്‍ എന്ന സ്ഥലത്ത് എത്തണം. അവിടെയാണ് താവളം ഉറപ്പിച്ചിരിക്കുന്നത്. അവിടെ എത്തിയില്ലെങ്കില്‍ എല്ലാം തകിടം മറിയുന്ന ലക്ഷണമുണ്ട്. നേരം അഞ്ചരയല്ലേ ആയിട്ടുള്ളൂ, നമുക്ക് പോകാം എന്ന്‍ സാരഥികള്‍.

ഋഷികേശില്‍ നിന്നും കയറ്റമാണ്. ഞങ്ങള്‍ മുകളിലേക്ക് കയറുംതോറും വാഹനങ്ങളുടെയും വഴിയാത്രക്കാരുടെയും തിരക്ക് കുറഞ്ഞുവന്നു. ഞങ്ങള്‍ക്ക് മുന്നില്‍ മലനിരകള്‍ മടക്ക് മടക്കുകളായി മുകളിലേയ്ക്കുള്ള തരംഗങ്ങള്‍ പോലെ കാണപ്പെട്ടു.

നേരം ആറുമണിയെ ആയിട്ടുള്ളൂവെന്ന് തോന്നുന്നു. പെട്ടെന്ന്‍ സൂര്യന്‍ ഏതോ മലയിടുക്കില്‍ ഒളിച്ചു. വഴിയാകെ ഇരുട്ട് പടര്‍ന്നു തുടങ്ങി. വലിയ മലകള്‍ ഇരുട്ടിന്‍റെ കൂമ്പാരങ്ങളായി തോന്നിത്തുടങ്ങി. വന്മരങ്ങള്‍ ഏതോ യക്ഷികളെ ഓര്‍മ്മിപ്പിച്ചു.

വണ്ടികള്‍ രണ്ടും, ഒന്നിന് പുറകില്‍ ഒന്നായി പ്രയാണം തുടര്‍ന്നു. നേരം എഴുമണി ആയപ്പോഴേയ്ക്കും ഇരുട്ടിന്‍റെ ആഴം കൂടി. ഇരുട്ടിന്‍റെ കൂമ്പാരങ്ങളെല്ലാം ഇരുട്ടില്‍ത്തന്നെ മുങ്ങിപ്പോയി. മുന്നില്‍ ഹെഡ്-ലൈറ്റ് ചെല്ലാവുന്നിടത്തോളം മാത്രം റോഡിന്‍റെ ചിത്രം കണ്ടു. ആ വെളിച്ചത്തിന്‍റെ അറ്റത്ത്‌ അപ്രതീക്ഷിത വളവുകളും മടക്കുകളും പ്രത്യക്ഷപ്പെട്ടു.

വണ്ടി, മുന്നില്‍ കാണുന്ന വളഞ്ഞു പുളഞ്ഞ വഴികളില്‍ ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചരിഞ്ഞും ഓടി. ക്രമേണ മലകളില്‍ അങ്ങിങ്ങ് വെളിച്ചം കണ്ടിരുന്നതും അപ്രത്യക്ഷമായി. കുറ്റാ കൂരിരുട്ടു മാത്രം. ഒരുമണിക്കൂറ് നേരത്തെ ഞങ്ങളുടെ പ്രയാണത്തില്‍ ഒന്നോ രണ്ടോ വണ്ടികള്‍ മാത്രം എതിരേ കടന്നു പോയി.

വണ്ടികള്‍ ഓരോ ഹെയര്‍പിന്‍ വളവു തിരിയുമ്പോഴും ഹെഡ് ലൈറ്റിന്‍റെ വെളിച്ചം റോഡ്‌ വക്കുകള്‍ കഴിഞ്ഞ് നേരിയ മഞ്ഞിന്‍റെ സുതാര്യതയിലൂടെ അനന്തമായ ഇരുട്ടില്‍ അലിയുന്നത് കണ്ടു. ചിലപ്പോള്‍ അത് അഗാധതയിലേയ്ക്ക് കൂപ്പ് കുത്തുന്നത് പോലെ തോന്നി. മറ്റു ചിലപ്പോള്‍ ഇടയിലുള്ള ഗര്‍ത്തങ്ങള്‍ താണ്ടി അടുത്ത മലയുടെ രൂപം കാണിച്ചു തന്നു.

ആരും ആരോടും ഒന്നും പറയുന്നില്ല. അതിനുള്ള ധൈര്യമില്ല. കയറ്റവും ഇറക്കവും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര മാത്രം ഭീതിജനകമാകും ഈ യാത്ര എന്ന്‍ ആരും കരുതിയില്ല.

അപ്രതീക്ഷിതമായ വളവുകള്‍ യാത്രക്കാരെ ഓരോരുത്തരായി തളര്‍ത്തി.. ആദ്യം കൊച്ചു കുഞ്ഞ് ഛര്‍ദ്ദിച്ചു. പിന്നെ അടുത്തിരുന്ന ഓരോരുത്തരിലേക്കും ഛര്‍ദ്ദി പടര്‍ന്നു പിടിച്ചു. ആര്‍ക്കും ഒന്നും പറയാനോ ചെയ്യാനോ വയ്യാത്ത അവസ്ഥ.

രണ്ടു വണ്ടികളും നിറുത്തി പരസ്പരം കാര്യങ്ങള്‍ അന്വേഷിച്ചു. എല്ലാവരുടെയും അവസ്ഥ ഒന്ന് തന്നെ. ഡ്രൈവര്‍മാര്‍ ഈ വഴിക്ക് ധാരാളം വന്നിട്ടുണ്ടെങ്കിലും അവര്‍ക്ക് രാത്രിയുടെ ആഴം ഇത്രത്തോളം അറിയില്ലായിരുന്നു എന്ന്‍ തോന്നുന്നു.

എന്തായാലും ഇനി അടുത്ത് കാണുന്ന താവളത്തില്‍ തല്‍ക്കാലം തങ്ങാതെ നിവൃത്തിയില്ല എന്ന്‍ കാരണവന്മാര്‍ ശഠിച്ചു. അതിന്, ഒരു തരി വെട്ടമെങ്കിലും എവിടെയെങ്കിലും കാണണ്ടേ?!!

കുറേ മുന്നിലേക്ക് പോയപ്പോള്‍ ഒരു കൊച്ചു വെളിച്ചം ദൂരെ കാണായി. ഇത്രയും നേരത്തെ യാത്രയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തരി വെളിച്ചം കാണുന്നത്.

അല്‍പ ദൂരത്തെ യാത്രക്ക് ശേഷം ആ വെളിച്ചത്തിനടുത്തെത്തിയപ്പോള്‍ മനസ്സിലായി അത് ഒരു കമ്പിറാന്തല്‍ ആണ് എന്ന്‍. ഒരു പെട്ടിക്കട നടത്തുന്ന കാരണവരുടെ കുടിലിന് മുന്നില്‍ കമ്പിറാന്തല്‍ മുനിഞ്ഞു കത്തുന്നു.

ഞങ്ങള്‍ വണ്ടി നിറുത്തി അടുത്തു പോയി. ആ കാരണവരോട് ചോദിച്ചു..’യഹാ രഹ്-നെ കേ ലിയേ ജഗാ ഹേ' ഇവിടെ എവിടെയെങ്കിലും താമസിക്കാന്‍ ഇടമുണ്ടോയെന്ന്‍...അയാള്‍ ചരിച്ചുകൊണ്ട് ആ കൊച്ചു കുടിലിനകത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..'യേ ജഗാ ഹേ'.. നിലത്ത് പായും കുറച്ചു തുണികളും മൂന്ന് നാല് പാത്രങ്ങളും ഉള്ള കൊച്ചു കൂരയിലേയ്ക്ക് ഞാന്‍ എത്തിനോക്കി.

ഈ വിശാല മനസ്കതയ്ക്ക് മുന്നില്‍ ശിരസ്സ് നമിക്കാതെ വയ്യ. പക്ഷേ ഞങ്ങള്‍ക്കിവിടെ ഒന്നും ചെയ്യാനൊക്കില്ലല്ലോ..ഒരു നിമിഷം ഞങ്ങള്‍ പരസ്പരം നോക്കി..

വീണ്ടും വൃദ്ധന്‍റെ വാക്കുകള്‍.. ‘യേ ലാന്‍റെന്‍ അഭി ഭുജ്നേ ജാ രഹേ ഹേ…’ ഈ വിളക്കും അധികം താമസിയാതെ കെടാന്‍ പോകുകകയാണ്. ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ ആ വയോധികനെ ഒന്ന് കൂടി നോക്കി..പറയാതെ പറയുന്ന വാക്കുകള്‍…

ഞങ്ങള്‍ നന്ദി പറഞ്ഞ് വേഗം വണ്ടിയില്‍ കയറി. ഇനി എങ്ങനെയെങ്കിലും ലക്ഷ്യത്തെത്തുക മാത്രമാണ് ഒരേയൊരു പോം വഴിയെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കി.

വണ്ടിയില്‍ കയറി എല്ലാവരും അള്ളിപ്പിടിച്ച് തല കുനിച്ച് ഇരുന്നു. വണ്ടി വളഞ്ഞും പുളഞ്ഞും പൊയ്ക്കൊണ്ടിരുന്നു. ഏകദേശം ഒന്‍പത് മണിയോടെ ശ്രീനഗര്‍ എന്ന്‍ കൊച്ചു അങ്ങാടിയിലെ വെളിച്ചങ്ങള്‍ കണ്ടു തുടങ്ങി. താമസിയാതെ ഞങ്ങള്‍ അവിടെയെത്തി.

ഗസ്റ്റ് ഹൗസില്‍ കയറിയപ്പോള്‍ എന്തൊരാശ്വാസം. ചൂടുള്ള ചപ്പാത്തിയും ദാലും കഴിച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ എനിക്ക് വീണ്ടും ആ വയോവൃദ്ധനെ ഓര്‍‍മ്മ വന്നു. താഴ്വരകളിലെ തിരക്കു പിടിച്ച സ്വാര്‍ഥത നിറഞ്ഞ ലോകം കണ്ട മനസ്സിന്‍റെ, പക്വത വന്ന പുതിയ തലങ്ങളിലെ ഭാവങ്ങളാവാം... അതോ ഇവിടത്തെ നിഷ്കളങ്ക ജനങ്ങളുടെ വിശാല മനസ്കതയോ..രണ്ടായാലും നമോവാകം…!!

രാവിലെ എഴുന്നേറ്റ് ചായ കുടിക്കുമ്പോള്‍ അടുത്തു തന്നെ നദി ഒഴുകുന്ന കളകളാരവം...അന്വേഷിച്ചപ്പോള്‍ അവിടെ അടുത്തു തന്നെ അളകനന്ദ ഒഴുകുന്നുണ്ട്. ഇതറിഞ്ഞ എല്ലാവരും നദിയില്‍ കുളിക്കാമെന്നായി. ഇതില്‍പ്പരം ഭാഗ്യം വേറെ എന്തുണ്ട്.

എല്ലാവരും നദിക്കരയിലേക്ക് നടന്നു. റോഡ്‌ കുറുകെക്കടന്നു ഇറങ്ങുന്നതും ഒരു മഹാമേരുവിന്‍റെ നിഴലിലേക്കാണ്. ഒരു വലിയ കോട്ടമതില്‍ പോലെ ആ മല ചെങ്കുത്തായി നില്‍ക്കുന്നു. സൂര്യന്‍ പതുക്കെ കോട്ട മതിലിനു മുകളിലൂടെ എത്തി നോക്കിത്തുടങ്ങിയിരിക്കുന്നു. ആ മലയുടെ അടി ഉരുമ്മിക്കൊണ്ട് അളകനന്ദ സൌമ്യയായി ഒഴുകുന്നു. തണുത്ത കാറ്റ് എപ്പോഴും ആ നദിക്ക് മുകളിലൂടെ പതുക്കെ വീശിക്കൊണ്ടിരിക്കുന്നു. നദി ഒഴുകുന്ന ശബ്ദവും, പക്ഷികളുടെ കലപിലയും അല്ലാതെ ഒന്നും അവിടെ കേള്‍ക്കാനില്ല.

ഞങ്ങള്‍ വേഗം കുളിക്കാനിറങ്ങി. ഹിമാവാനിലെ മഞ്ഞുരുകി വരുന്ന വെള്ളത്തിന്‌ എന്ത് തണുപ്പാണെന്ന്‍ പറയാനുണ്ടോ. ആ വെള്ളത്തില്‍ മുങ്ങി നിവര്‍ന്നാലത്തെ അനുഭൂതി പറഞ്ഞറിയിക്കാന്‍ വയ്യ. കൂട്ടത്തില്‍ ഒരമ്മ എന്‍റെ കൈ പിടിച്ചിട്ടു പറഞ്ഞു. എന്‍റെ മരിച്ചു പോയ മകനെയോര്‍ത്ത് നിന്‍റെ കൈ പിടിച്ചൊന്ന് ഞാന്‍ മുങ്ങട്ടെ മോനേ. ആ അമ്മയുടെ മുങ്ങലില്‍ എല്ലാ തപ്തതയും ഉരുകി ഗംഗയില്‍ മഞ്ഞു കട്ട പോലെ അലിയുന്നത് ഞാന്‍ എന്‍റെ നനഞ്ഞ കണ്ണുകളിലൂടെ കണ്ടു. .

കുളി കഴിഞ്ഞപാടെ ഞങ്ങള്‍ ഉഷാറായി, തലേന്ന്‍ കണ്ട സ്വപ്‌നങ്ങള്‍ പോയി മറഞ്ഞു. ഇനിയുള്ള യാത്ര കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍.

രാവിലത്തെ പ്രാതല്‍ കഴിഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറിയപ്പോള്‍ സാരഥി ദൂരെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു. അങ്ങ് ദൂരെ കാണുന്ന മലയില്ലേ ആ മലയുടെ അപ്പുറത്താണ് നമുക്ക് എത്തേണ്ട സ്ഥലം.

പക്ഷേ ആ മലയിലെത്താന്‍ എത്ര മലകള്‍ കയറിയിറങ്ങണം, ആ മലക്കപ്പുറത്ത് എത്ര മലകളുണ്ടെന്ന്‍ ആര്‍ക്കറിയാം. ഇവിടങ്ങളില്‍ അങ്ങനെയാണ്. പല മലകളും ദൂരെ നിന്ന് കാണാം, പക്ഷേ എത്താന്‍ എത്ര ദിവസം വേണമെന്ന് അറിയില്ല. വഴികളാണെങ്കില്‍ ദുര്‍ഘടം.

വൈകുന്നേരമാകുമ്പോഴേക്കും എത്തുമായിരിക്കും എന്നാശ്വസിച്ചു. ഇനി രാത്രി ഈ മലകളില്‍ കറക്കരുതേ..!!

അധികം താമസിയാതെ രുദ്രപ്രയാഗില്‍ എത്തി. ഇവിടെ മന്ദാകിനി നദി അളകനന്ദയില്‍ ചേരുന്ന മനോഹര ദൃശ്യം കാണാം. ആ ദൃശ്യം കണ്ണിലും മനസ്സിലും പകര്‍ത്താന്‍ ഞങ്ങള്‍ അവിടെയിറങ്ങി. ഒരു മലയിടുക്കിലൂടെ മന്ദാകിനി ഒഴുകി വരുന്നു. മറ്റേ മലയിടുക്കിലൂടെ അളകനന്ദ ഒഴുകി വരുന്നു.

നദികള്‍ സംഗമിക്കുന്ന മുനമ്പില്‍ തന്നെ ഒരു ശിവക്ഷേത്രമുണ്ട്. ആ മുനമ്പില്‍ നിന്നാല്‍ പച്ചയും നീലയും കലര്‍ന്ന രണ്ടു നദികള്‍ ഒന്നായി കൈയും മെയ്യും ചേര്‍ത്ത് പിടിച്ച് ഒഴുകുന്ന കാഴ്ച്ച ഒന്ന്‍ വേറെത്തന്നെയാണ്.

ഇനിയും കയറ്റമാണ്. പലയിടങ്ങളില്‍ കയറിയ അത്രയും ഇറങ്ങണം, പിന്നെ അടുത്ത മലയില്‍ കയറണം. പലയിടത്തും ഒറ്റ വരിപ്പാതകള്‍, അതായത് ഒരു ഭാഗത്തേയ്ക്കുള്ള വണ്ടികള്‍ കടന്ന് പോയതിനു ശേഷമേ മറുഭാഗത്ത്‌ നിന്ന് വണ്ടികള്‍ വരികയുള്ളു.

പലയിടങ്ങളിലും വീഴാന്‍ കാത്ത് നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ റോഡിലേയ്ക്ക് എത്തി നോക്കി നില്‍ക്കുന്നു. ഒരു സ്ഥലത്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് വീണ പാറക്കല്ലുകളും മണ്ണും മാറ്റുന്ന ബുള്‍ഡോസര്‍. പ്രകൃതിയുടെ കനിവില്ലാതെ അങ്ങ് മുകളില്‍ എത്താന്‍ ‍ പറ്റില്ല എന്നത് തീര്‍ച്ചയാണ്.

വൈകുന്നേരം അഞ്ചു മണിയായപ്പോഴെക്കും ഏകദേശം എത്താറായ മട്ടായി. മലകളാല്‍ ചുറ്റപ്പെട്ട ആ സ്ഥലത്തേയ്ക്ക് എത്തുമ്പോഴേയ്ക്കും മുകളില്‍ മഴക്കാറ് മൂടുന്നതായി കണ്ടു.

ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ സാധനങ്ങള്‍ എടുത്തു വയ്ക്കുന്നതിനിടയില്‍ അവിടത്തെ സഹായി പറഞ്ഞു.. ‘സാബ്, മോസം ഖറാബ് ഹോ രഹാഹേ' കാലാവസ്ഥ മോശമാകുകയാണത്രേ.. അതായത് മഞ്ഞു വീഴ്ച്ചയും മഴയും ഉണ്ടാകുമെന്ന്.

ഞങ്ങള്‍ രക്ഷപ്പെട്ടു, പെട്ടില്ല എന്ന മട്ടില്‍ ആണ് ഇവിടെ എത്തിയത്. പല ചെറുപ്പക്കാരുടെയുള്ളിലും സന്തോഷം. കാരണം മഞ്ഞു വീഴ്ച കാണാമല്ലോ..

തണുത്ത കാറ്റടിച്ചു. മഴച്ചാറ്റല്‍ തുടങ്ങി. ആലിപ്പഴം അങ്ങിങ്ങ് വീണു തുടങ്ങി.. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു വയസ്സായ അമ്മയ്ക്ക് കലശലായ അസ്വസ്ഥത. പെട്ടെന്ന്‍ വളരെയധികം ഉയരവും, കാലാവസ്ഥ പ്രതികൂലവും കൂടിയായപ്പോള്‍ ശ്വസിക്കാന്‍ വലിയ ബുദ്ധിമ്മുട്ട്.. ഓക്സിജന്‍ വേണ്ടത്ര കിട്ടാത്തതിലുള്ള വിഷമം ആണ്. വളരെ വേഗം അത് വലിയ വിഷമസ്ഥിതിയില്‍ ആകുന്നതു ഞങ്ങള്‍ കണ്ടു.

പെണ്ണുങ്ങള്‍ വളണ്ടിയര്‍മാര്‍ ആയി അവരെ ശുശ്രൂഷിച്ചു. തണുത്ത് മരവിച്ച കാലും കൈയും തിരുമ്മി ചൂടാക്കി. ചൂടു ചായ കുടിക്കാന്‍ കൊടുത്തു.

പുറത്ത് അവരുടെ ഭര്‍ത്താവ് ബദരീനാഥനെ നോക്കി തൊഴു കൈകളോടെ നില്‍ക്കുകയാണ്. തികച്ചും നിസ്സഹായനായി തോന്നുന്ന അവസ്ഥ. അദ്ദേഹം ആതുര ശുശ്രൂഷയില്‍ അഗ്രഗണ്യന്‍, പക്ഷെ ഇങ്ങനെയൊരു സ്ഥലത്ത് ഇങ്ങനെയൊരു അനുഭവം..!! ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥ.

അദ്ദേഹം എന്നെ കണ്ടപ്പോള്‍ ചോദിച്ചു, ഡാ, കുട്ടാ, ഇവിടെ ഹെലികോപ്റ്റര്‍ സര്‍വീസ് ഉണ്ടോ ആവോ..അത്യാവശ്യം വേണ്ടി വന്നാല്‍ താഴെ‍ കൊണ്ടുപോകാന്‍.

പുറത്ത് കാറ്റും മഴയും മഞ്ഞും..എല്ലാ രീതിയിലും നിസ്സഹായാവസ്ഥയുടെ പരമകാഷ്ഠ.

എന്തായാലും അതൊന്നും വേണ്ടിവന്നില്ല. അവര്‍ക്ക് വിഷമങ്ങള്‍ ഭേദമായി. എല്ലാവരും രാത്രി ആഹാരം കഴിച്ച് പുതപ്പിനടിയില്‍ കയറി. പുറത്ത് തട്ട് പൊളിപ്പന്‍ മഴ. ഉറങ്ങാന്‍ നല്ല സുഖം.

അതിരാവിലെ എഴുന്നേറ്റ് പുറത്ത് നോക്കിയപ്പോള്‍ എന്തൊരു ഭംഗി..ചുറ്റിലും മലകളില്‍ മഞ്ഞു മൂടിക്കിടക്കുന്നു. താഴെ ഭൂമിയില്‍ അങ്ങിങ്ങ് മഞ്ഞ്, കട്ട പിടിച്ചു കിടക്കുന്നു. ആകാശം വെള്ളകീറിയിട്ടേയുള്ളൂ ആ തെളിഞ്ഞ നീലാകാശത്ത് പരുന്ത് വട്ടമിട്ട് പറക്കുന്നു.

വേഗം റെഡിയായി എല്ലാവരും ക്ഷേത്രത്തില്‍ എത്തി. ഇങ്ങു വടക്കേ അറ്റത്ത്‌, അങ്ങ് തെക്കേ അറ്റത്ത്‌ നിന്ന് വന്ന ശങ്കരാചാര്യ സ്വാമികള്‍ സ്ഥാപിച്ച സാക്ഷാല്‍ ബദരീനാഥനെ കണ്ടു വണങ്ങി. അവിടത്തെ പൂജാരിയോട് തനി മലയാളത്തില്‍ കുശലാന്വേഷണം നടത്തി. ക്ഷേത്രത്തിന് മുന്നിലെ തപ്ത കുണ്ഡത്തില്‍ മുങ്ങി, തൃപ്തിയടഞ്ഞു. എല്ലാം വെള്ളിത്തിരയില്‍ തെളിയുന്ന ഒരുതരം സ്വപ്ന ചിത്രങ്ങള്‍ പോലെ ഞങ്ങളില്‍ പലര്‍ക്കും തോന്നി. പ്രൊജക്ടര്‍ എവിടെയാണ് വച്ചിട്ടുള്ളത് എന്നുമാത്രം ആര്‍ക്കും അറിയില്ല..!!

അത്യാവശ്യം ആളുകളും കൊച്ചു കടകമ്പോളങ്ങളും ഉള്ള അങ്ങാടി ചുറ്റി നടന്ന് പല കൊച്ചു കൌതുക വസ്തുക്കളും വാങ്ങി.

പിറ്റേ ദിവസം അതിരാവിലെ ഞങ്ങള്‍ പുറപ്പെട്ടു. ഇനി എവിടെയും തങ്ങാതെ ഋഷികേശ് എത്തുകയാണ് ലക്ഷ്യം.

സാമാന്യം നല്ല വേഗത്തില്‍ വണ്ടി താഴേക്കിറങ്ങുന്നു. താഴെ നൂലുപോലെ ഒഴുകുന്ന അളകനന്ദ. കയറ്റം കയറുന്നതിനേക്കാള്‍ ഇറങ്ങുമ്പോഴാണ് കൂടുതല്‍ പേടി, എന്നപ്പോള്‍ തോന്നി. എല്ലാം വണ്ടിയുടെ ബ്രേക്കിന്‍റെ മുകളിലല്ലേ..!!

പേടിയോടെ എത്തിനോക്കുന്ന എന്നോട് ഡ്രൈവര്‍ കുശലപ്രശ്നത്തിനിടയ്ക്ക് ചോദിക്കുകയാണ്, നിങ്ങള്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടോ എന്ന്‍..ഞാന്‍ പറഞ്ഞു ഇല്ല. ഡ്രൈവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..ഞങ്ങള്‍ക്ക് 5 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് ഉണ്ട്, കുടുംബത്തിനും. വെറുതെയല്ല ഈ പഹയന്‍ ഇങ്ങനെ വേഗത്തില്‍ ഓടിക്കുന്നത്.!!

ഉച്ചക്ക് ധാഭയില്‍ നിന്ന് ആഹാരം കഴിഞ്ഞ് വീണ്ടും അതിവേഗത്തില്‍ ഇറക്കം. പക്ഷെ വൈകുന്നേരത്തോടെ പഴയ സ്ഥലത്ത് തന്നെ എത്തി. ആ മങ്ങിയ റാന്തല്‍ കണ്ട സ്ഥലം. ആ മഹാമനസ്കന്‍ കിടക്കാന്‍ കുടില്‍ കാട്ടിത്തന്ന സ്ഥലം. ശിവപുരി. പക്ഷേ ഇപ്പോള്‍ ആര്‍ക്കും അത്രയ്ക്ക് പേടി തോന്നുന്നില്ല. ഞങ്ങള്‍ ഇതിലും വലിയത് കണ്ടിട്ടാണ് വരുന്നത് എന്ന മട്ടിലാണ് എല്ലാവരും ഇരിക്കുന്നത്.

ഒരു ദിവസം കൊണ്ട് ഇത്ര മാറ്റമോ..അറിയേണ്ടതിനെ അറിഞ്ഞാല്‍ പേടിക്കേണ്ട എന്ന്‍ പഴമക്കാര്‍ പറയുന്നത് ഈ അനുഭവത്തെക്കുറിച്ച് ആയിരിക്കും.

ഏകദേശം ഒന്‍പത് മണിയോടെ ഞങ്ങള്‍ ഋഷികേശ് എത്തി. വഴിവക്കില്‍ ശാന്തമായ ഒരു ആശ്രമത്തില്‍ ഞങ്ങള്‍ അഭയം തേടി. രാത്രി ഭക്ഷണം കഴിഞ്ഞ് സുഖമായി ഉറങ്ങി.

അടുത്ത ദിവസം രാവിലെ ജനലില്‍ക്കൂടി നോക്കിയപ്പോള്‍ വീണ്ടും അതിശയം. വരാന്തയ്ക്ക് തൊട്ടു മുന്നിലായി ഗംഗാ നദി പരന്നോഴുകുകയാണ്. വരാന്തയ്ക്ക് മുന്നില്‍ തന്നെ പടവുകള്‍ കെട്ടിയ കടവുകള്‍, സുഖമായി സുരക്ഷിതമായി കുളിക്കാന്‍.

ബദരീനാഥനെ കാണാന്‍ പോകമ്പോള്‍ കാണാന്‍ കൊതിച്ച ആ ഗംഗയുടെ രൂപം ഇപ്പോള്‍ തൊട്ടു മുന്നില്‍. ഗംഗേ നീ വീണ്ടും കനിഞ്ഞിരിക്കുന്നു. ആ ജലപ്പരപ്പിനടുത്തിരുന്നു നോക്കിയാല്‍ കാണാം ഗംഗയുടെ ഇരു കരയിലും എണ്ണിയാല്‍ തീരാത്ത ആശ്രമങ്ങള്‍. ഗംഗാ മയ്യേ നീ ഒരു നദിയോ അതോ സംസ്കാരമോ. രണ്ടുമാകാം.. എന്തായാലും നിന്‍റെ അനുഗ്രഹം കൊണ്ട് ഞങ്ങള്‍ ബദരീനാഥനെക്കണ്ട് തിരിച്ചു സമതലത്തില്‍ എത്തി. ആ അമൃത ധാരയുടെ മധുരവും കുളിര്‍മയും മതി വരുവോളം ആസ്വദിച്ച് ഞങ്ങള്‍ വീണ്ടും കുളിച്ചു.

ഉത്തുംഗ ശൃംഗങ്ങളില്‍ നിന്ന് നീയും ഞങ്ങളും ഞങ്ങളുടെ മനസ്സും താഴെ സമതലത്തില്‍ എത്തിയിരിക്കുന്നു. നിന്‍റെയും ഞങ്ങളുടെയും ഇനിയുള്ള യാത്രകള്‍ സമതലങ്ങളിലൂടെയാണ്. അവിടെ ഭൂമി സമതലമാണെങ്കിലും മനസ്സുകള്‍ കുണ്ടും കുഴിയും നിറഞ്ഞതാകാം. സൂക്ഷിക്കുക.

 



No comments: