Saturday 24 December 2016

റോസെറ്റോ ഗ്രാമത്തിന്‍റെ ആരോഗ്യ രഹസ്യം





റോസെറ്റോ ഇറ്റലിയുടെ ഒരു പ്രാന്ത പ്രദേശം. റോമില്‍ നിന്ന് ഏകദേശം 150 കി.മി. തെക്ക് കിഴക്ക് മാറി, കൊച്ചു കൊച്ചു മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം. അവിടുത്തെ പള്ളിക്കു ചുറ്റുമാണ് ജനങ്ങള്‍ പൊതുവേ നിവസിച്ചിരുന്നത്.  

ചുവന്ന കല്ലുകളാല്‍ നിര്‍മ്മിക്കപ്പെട്ട രണ്ടു നില കെട്ടിടങ്ങള്‍ അവിടത്തെ പ്രധാന നിരത്തിന് ഇരു പുറവും കാണാം.
നൂറ്റാണ്ടുകളോളം റോസെറ്റോക്കാര്‍ ചുറ്റുമുള്ള മാര്‍ബിള്‍ ക്വാറികളില്‍ ആണ് പണിയെടുത്തിരുന്നത്, താഴ്വരകളില്‍ കുറച്ചു കൃഷിയും. ജീവിതം ദുഷ്കരം. രാവിലെ 7-8 കി.മി ദൂരെയുള്ള കുന്നിന്‍ മുകളില്‍ പണിക്കു പോയാല്‍ രാത്രിയാണ് തിരിച്ചു വരുന്നത്.  

അക്ഷരാഭ്യാസം പോലുമില്ലാത്ത അവര്‍ അങ്ങേയറ്റം ദരിദ്രരായിരുന്നു. ആശയറ്റു ജീവിച്ചിരുന്ന അവര്‍ക്ക് പത്തൊമ്പതാം ശതകത്തിന്‍റെ അന്ത്യത്തില്‍(end of 1900th century) ഒരു ആശാ കിരണം പോലെ, കടലിനക്കരെയുള്ള അവസരങ്ങളുടെ ദേശത്തെക്കുറിച്ചുള്ള വാര്‍ത്ത കടന്നു വന്നു.

1882 ജനുവരിയില്‍ 11 പേരടങ്ങുന്ന (10 മുതിര്‍ന്നവരും ഒരു കുട്ടിയും) ആദ്യത്തെ റോസെറ്റന്‍ സംഘം ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു. ആദ്യം അവര്‍ മന്‍ഹാട്ടനിലെ ലിറ്റില്‍ ഇറ്റലിയില്‍ തെരുവില്‍ കിടന്നുറങ്ങി

പതുക്കെ അവര്‍ പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി, പെന്‍സില്‍വാനിയയിലെ ബന്‍ഗോര്‍ എന്ന കൊച്ചു പട്ടണത്തിനരികിലായുള്ള സ്ലേറ്റ് ക്വാറികളില്‍ ജോലിക്ക് കയറിപ്പറ്റി.

അടുത്ത വര്‍ഷം 15 റോസെറ്റോകാര്‍ അമേരിക്കയിലേക്ക്‌ തിരിച്ചു. അവരില്‍ മിക്കവരും ഇതേ സ്ലേറ്റ്‌ ക്വാറികളില്‍ത്തന്നെയാണ് ഇടം തേടിയത്

ഇവരുടെ വിജയഗാഥ ഇറ്റലിയിലെ റോസെറ്റോയിലെത്തിയപ്പോള്‍ ഒന്നിനു പുറകെ ഒന്നൊന്നായി പല പല സംഘങ്ങള്‍ ബന്‍ഗോറിലേക്ക് തിരിച്ചു.

1894 - ല്‍ മാത്രം 1200 പേര്‍ അമേരിക്കന്‍ പാസ്പോര്‍ട്ട്‌ കൈക്കലാക്കി പെനിസില്‍വാനിയയില്‍ എത്തി. ഇറ്റലിയിലെ റോസെറ്റോ യുടെ തെരുവുകള്‍ ഒഴിഞ്ഞ് തുടങ്ങി.

റോസെറ്റോക്കാര്‍ ആ മലഞ്ചെരുവില്‍ ഭൂമി വാങ്ങുവാന്‍ തുടങ്ങി. ആ ചെങ്കുത്തായ പാതകള്‍ക്കിരുവശവും ക്വാറിയിലെ സ്ലേറ്റ്‌ കല്ലുകള്‍ കൊണ്ട് വീടുകള്‍ പണിതു തുടങ്ങി.  

അവര്‍ പ്രധാന തെരുവില്‍ ഒരു പള്ളിയും പണിതു - our lady of mount carmel - എന്ന പേരും നല്‍കി. ആ തെരുവിന്‍റെ പേരും അതായിമാറി.

തുടക്കത്തില്‍ ന്യൂ ഇറ്റലി എന്നാണു ആ കൊച്ചു പട്ടണം അറിയപ്പെട്ടത്. 

പിന്നീട് അതു റോസെറ്റോ എന്നാക്കി മാറ്റി. കാരണം, അവരില്‍ ഭൂരിഭാഗവും ഇറ്റലിയിലെ ആ കൊച്ചു ഗ്രാമത്തില്‍ നിന്നായിരുന്നു.

1896ല്‍ ചുറുചുറുക്കുള്ള ഒരു യുവാവ്, പാതിരി ഫാദര്‍ പാസ്കല്‍ ടെനിസ്കോ our lady of mount carmel പള്ളിയുടെ ചുമതല ഏറ്റെടുത്തു.

അദ്ദേഹം പല ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും തുടങ്ങി. ഉത്സവങ്ങള്‍ സംഘടിപ്പിച്ചു, അന്നാട്ടുകാരെ നിലം വെട്ടിത്തെളിച്ച് കൃഷി ചെയ്യുവാനും അടുക്കളത്തോട്ടങ്ങള്‍ ഉണ്ടാക്കുവാനും പ്രേരിപ്പിച്ചു, പഠിപ്പിച്ചു

അങ്ങനെ അവിടം മുഴുവന്‍ ഉള്ളിയും, ഒരുളക്കിഴങ്ങും,ബീന്‍സും, മത്തനും, പല പഴ വര്‍ഗ്ഗങ്ങളും സമൃദ്ധമായി

സ്കൂളുകളും, പാര്‍ക്കും, കോണ്‍വെന്‍റും സെമിത്തേരിയും ഉണ്ടാക്കി.

ചെറു ചെറു ബേക്കറി കടകളും, ഹോട്ടലുകളും പൊതു നിരത്തില്‍ പൊങ്ങി വന്നു

ഒരു ഡസനോളം ബ്ലൗസുകള്‍ തുന്നുന്ന തുണി ഫാക്ടറികള്‍ ഉണ്ടായി.

റോസെറ്റോക്ക് ഒരു വശത്തുള്ള സമീപ ഗ്രാമം ഒരു ഇംഗ്ലീഷ് ഗ്രാമമായിരുന്നു. മറുവശത്ത് ഒരു ജര്‍മന്‍ അധിവാസ ഗ്രാമവും

ജര്‍മന്‍കാരും ഇംഗ്ലീഷ്കാരുമായി ചരിത്രപരമായി അത്ര അടുപ്പമില്ലാതിരുന്നത്കൊണ്ട് റോസെറ്റോക്കാര്‍ റോസെറ്റോക്കാരുടേതായി തന്നെ നില നിന്നു.

1900 കളില്‍ പെന്‍സില്‍വാനിയയിലെ റോസെറ്റോയുടെ തെരുവുകളില്‍, ഇറ്റലിയിലെ അതേ പ്രാദേശിക ഭാഷ മുഴങ്ങികേട്ടു.  

സ്റ്റുവാര്‍ട് വോള്‍ഫ്(Stewart Wolf) അവിടെ വന്നു ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ റോസെറ്റോ ആരും അധികം അറിയപ്പെടാത്ത ഒരു പ്രദേശമാകുമായിരുന്നു,

സ്റ്റുവാര്‍ട് വോള്‍ഫ് ഒരു ഡോക്ടര്‍ ആയിരുന്നു.  

അദ്ദേഹത്തിന്‍റെ പഠന വിഷയം- ഉദരവും ദഹനവും സംബന്ധിച്ച വിഷയങ്ങളായിരുന്നു. അദ്ദേഹം യുണിവേഴ്സിറ്റി ഓഫ് ഒക്ലൊഹോമയിലെ മെഡിക്കല്‍ സ്കൂളില്‍ പഠിപ്പിക്കുകയായിരുന്നു.

വോള്‍ഫ് വേനല്‍ക്കാലത്ത് റോസെറ്റോക്കടുത്തുള്ള ഒരു വസതിയില്‍ വന്നു താമസിക്കുമായിരുന്നു. "1950 കളുടെ അവസാനത്തില്‍ ഒരു വേനല്‍ക്കാലാവധിയില്‍ റോസെറ്റോയിലെ ഒരു മെഡിക്കല്‍ സൊസൈറ്റി എന്നെ ഒരു പ്രഭാഷണത്തിന് ക്ഷണിച്ചു”. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്റര്‍വ്യൂവില്‍ ഡോ. വോള്‍ഫ് ഇങ്ങനെ ഓര്‍ക്കുന്നു

പ്രഭാഷണത്തിന് ശേഷം അന്നാട്ടുകാരനായ ഒരു ഡോക്ടര്‍ എന്നെ ബിയര്‍ കഴിക്കുവാനായി ക്ഷണിച്ചു. സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ ഇവിടെ 17 കൊല്ലമായി പ്രാക്ടീസ് ചെയ്യുന്നു. എല്ലാ തരത്തിലുള്ള രോഗികളും എന്‍റെ അടുത്തു വരാറുണ്ട്. പക്ഷേ റോസെറ്റോയില്‍ നിന്ന് 65 വയസ്സിനു താഴെയുള്ള ഹൃദ്രോഗികളെ കാണുന്നത് വളരെ വളരെ വിരളമാണ്.

ഡോ. വോള്‍ഫിന് അതു വിശ്വസിക്കാന്‍ ബുദ്ധിമ്മുട്ടായിരുന്നു. കാരണം, 1950 കളില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന മരുന്നുകള്‍ വരുന്നതിനു മുന്‍പ്, ഈ രോഗം അമേരിക്കയില്‍ ഒരു മഹാമാരിയോ പകര്‍ച്ചവ്യാധിയോ പോലെ ആയിരുന്നു.  

ഈ രീതിയില്‍ ഒരു ഒരു ഹൃദ്രോഗിയെ വിരളമായി കാണുക എന്നത് തികച്ചും അവിശ്വസനീയമായിരുന്നു.

വോള്‍ഫ് ഇതിനെക്കുറിച്ചന്വേഷിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം ഒക്ലൊഹോമയിലെ വിദ്യാര്‍ത്ഥികളുടെയും സതീര്‍ത്ഥൃരുടെയും സഹകരണം ആവശ്യപ്പെട്ടു.  

ആ ഗ്രാമത്തിലെ കഴിയുന്നത്ര മരണ സര്‍ട്ടിഫിക്കറ്റ്കള്‍, ഡോക്ടര്‍മാരുടെ റെകോര്‍ഡുകള്‍, മെഡിക്കല്‍ പപ്പേറുകള്‍ എന്നിവ വിശ്ലഷണത്തിനു വിധേയമാക്കി.  

കുടുംബ പാരമ്പര്യത്തെ കുറിച്ചു പഠിച്ചു. അവിടുത്തെ മേയറുടെ സഹായത്തോടെ ഒരു സ്കൂളില്‍ ക്യാമ്പ്‌ ചെയ്തു ആ ഗ്രാമ വാസികളുടെ എല്ലാവരുടെയും EKG എടുത്തു.

അവയുടെ ഫലം അദ്ഭുതാവഹമായിരുന്നു.  

അമ്പത് വയസ്സിനു താഴെ, ഹൃദയാഘാതത്താല്‍ മരിച്ചവര്‍ തുലോം വിരളമാണ്.  

അറുപത്തഞ്ചു വയസ്സിനു മുകളില്‍ ഹൃദയാഘാതത്താല്‍ മരിച്ചവര്‍ അമേരിക്കയുടെ ശരാശരിയുടെ പകുതി.  

റോസെറ്റോയുടെ മരണ നിരക്കു തന്നെ ശരാശരി അമേരിക്കക്കാരേക്കാള്‍ 30-35 ശതമാനം കുറവ്.

വോള്‍ഫ് സൊഷ്യോളജിസ്റ്റായ ജോണ്‍ ബ്രുഹന്‍റെ (John Bruhn) സഹായം തേടി

ഞങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും സൊഷ്യോളജി വിദ്യാര്‍ഥികളുടെയും സഹായത്തോടെ റോസെറ്റോയിലെ ഓരോ വീട്ടിലും പോയി 21 വയസ്സിനു മുകളിലുള്ള ഓരോരുത്തരോടും സംസാരിച്ചു". ബ്രുഹന്‍ ഓര്‍ക്കുന്നു.  

ഇതു ഒരു അമ്പത്തഞ്ചു കൊല്ലം മുന്‍പാണെങ്കിലും ഇന്നും അദ്ദേഹം ഒരദ്ഭുതതോടെ ഇത് ഓര്‍ക്കുന്നു. “ അവിടെ ആത്മഹത്യകളോ, മദ്യത്തിനടിമപ്പെടലോ, മയക്കുമരുന്നിനടിമപ്പെടലോ ഒന്നുമുണ്ടായിരുന്നില്ല

കുറ്റകൃത്യങ്ങള്‍ തുലോം വിരളം. പിന്നീട് ഞങ്ങള്‍ ഉദര സംബന്ധ രോഗങ്ങളേക്കുറിച്ച് പഠിച്ചു. അവര്‍ക്ക് അതൊന്നുമുണ്ടായിരുന്നില്ല. അവര്‍ മരിച്ചിരുന്നത്, വയസ്സായിട്ടു മാത്രം".....!!!


വോള്‍ഫ് ആദ്യം വിചാരിച്ചത് അവര്‍ക്ക് ഇറ്റലിയില്‍ നിന്ന് കിട്ടിയ ഭക്ഷണക്രമങ്ങള്‍ ആകാം ആരോഗ്യ കാരണമെന്ന്. പക്ഷേ ആ ധാരണ വേഗം തെറ്റാണെന്ന് തെളിഞ്ഞു.  

അവര്‍ ഉപയോഗിച്ചിരുന്ന എണ്ണ ഇറ്റലിയില്‍ ഉപയോഗിച്ചിരുന്ന ഒലിവെണ്ണയേക്കാള്‍ വളരെ ഗുണം കുറഞ്ഞതായിരുന്നു

ഇറ്റലിയില്‍ അവര്‍ പിസ്സ (pizza) ഉണ്ടാക്കിയിരുന്നത് ധാരാളം പച്ചക്കറികള്‍ ഉപയോഗിച്ചായിരുന്നെങ്കില്‍ പെന്‍സില്‍വാനിയയില്‍ ധാരാളം പെപ്രോനിയും, സലാമിയും, ഹാമും പോലെയുള്ള മാംസ്യം ഉപയോഗിച്ചായിരുന്നു.  

വോള്‍ഫ് ഡയറ്റീഷ്യന്‍സിനെക്കൊണ്ട് വിശകലനം ചെയ്യിച്ചപ്പോള്‍, അവര്‍ക്ക് കിട്ടിയിരുന്ന 41 ശതമാനം ഊര്‍ജ്ജവും മംസ്യാഹാരത്തില്‍ നിന്നാണെന്ന് കണ്ടു.  

അദ്ഭുതം. ഇവിടുത്തെ ആള്‍ക്കാര്‍ അതിരാവിലെ എണീറ്റ്‌ യോഗ ചെയ്യുകയോ, പ്രഭാതത്തില്‍ നടക്കുകയോ മറ്റോ ചെയ്തിരുന്നില്ല. കൂടാതെ ഇവര്‍ ധാരാളം സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നു. പലരും പൊണ്ണത്തടിയരായിരുന്നു.

ഇതൊന്നുമല്ല അവരുടെ ആരോഗ്യ കാരണമെങ്കില്‍ വോള്‍ഫിന്‍റെ അടുത്ത ശ്രമം പാരമ്പര്യമായി അവര്‍ക്കെന്തെങ്കിലും സവിശേഷതയുണ്ടോ എന്നറിയാനായിരുന്നു

ഇറ്റലിയിലെ റോസെറ്റോയില്‍ നിന്ന്‍ വന്ന പലരും അമേരിക്കയില്‍ പലയിടത്തും താമസിച്ചിരുന്നു. അവരെ തേടിപ്പിടിച്ചു.  

അവര്‍ ഇവരെ പോലെ പൂര്‍ണ ആരോഗ്യവാന്‍മാരാണോ എന്ന് വിശകലനങ്ങള്‍ നടത്തി. പക്ഷേ റോസെറ്റോക്കാരെപ്പോലെ ആരോഗ്യവാന്‍മാര്‍ ആയിരുന്നില്ല.

പിന്നെ വോള്‍ഫിന്‍റെ അന്വേഷണം, അവര്‍ താമസിക്കുന്ന ഗ്രാമത്തിനു എന്തെങ്കിലും സവിശേഷതയുണ്ടോ എന്നറിയാനായിരുന്നു

അദ്ദേഹം തൊട്ടടുത്ത ഗ്രാമങ്ങളായ ബംഗേറും നസരെത്തും നടന്നു വിശകലനം നടത്താന്‍ തീരുമാനിച്ചു. ഭൂപ്രകൃതി ഏകദേശം ഒരുപോലെ

അവരും യൂറോപ്പില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍. പക്ഷേ അവരുടെ, ഹൃദയാഘാതത്താല്‍ ഉള്ള മരണ നിരക്ക് മൂന്നിരട്ടി ആയിരുന്നു. വീണ്ടും വഴി മുട്ടി.

റോസെറ്റോക്കാരുടെ ആരോഗ്യ രഹസ്യം അവര്‍ തന്നെയാണ് എന്ന് വോള്‍ഫ് പതുക്കെ മനസ്സിലാക്കാന്‍ തുടങ്ങി.  

വോള്‍ഫും ബ്രുഹനും റോസെറ്റോയുടെ തെരുവിലൂടെ നടന്നു ശ്രദ്ധിച്ചപ്പോള്‍, ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത ചില സവിശേഷതകള്‍ കാണാന്‍ കഴിഞ്ഞു.

എങ്ങനെയാണ് തെരുവിലൂടെ നടക്കുമ്പോള്‍ ആളുകള്‍ ഒരാള്‍ മറ്റൊരാളോട് കുശലം പറഞ്ഞിരുന്നത്, എങ്ങനെ അവര്‍ സ്നേഹിതരുടെ വീടുകളില്‍ സന്ദര്‍ശിച്ചിരുന്നു എന്നൊക്കെ.  

അവരുടെ വീടിന്‍റെ പിന്നാമ്പുറങ്ങളില്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കുമായി ആഹാരം പാകം ചെയ്തിരുന്നതെങ്ങനെ എന്ന് കൌതുകത്തോടെ വോള്‍ഫ് കണ്ടറിഞ്ഞു.


വോള്‍ഫ് അവരുടെ കൂട്ടുകുടുംബ ഘടന എങ്ങനെ ആ ഗ്രാമത്തിന്‍റെ  ഊടും പാവും ആകുന്നു എന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങി

ഒരേ പുരക്കീഴില്‍ മൂന്നു തലമുറയെങ്കിലും താമസിക്കുന്നു, മുതിര്‍ന്നവര്‍ എത്രത്തോളം ആ വീടുകളില്‍ മാനിക്കപ്പെടുന്നു എന്നൊക്കെ അദ്ഭുതത്തോടെ കണ്ടറിഞ്ഞു.  

അവര്‍ പള്ളിയില്‍ കൂട്ട പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നപ്പോള്‍ എത്രത്തോളം ശാന്തരായി കാണപ്പെടുന്നു എന്ന് മനസ്സിലാക്കി. 

ഏകദേശം 2000 വരുന്ന നാട്ടുകാര്‍ക്കിടയില്‍ 22 സേവാ സംഘടനകളെയെങ്കിലും വോള്‍ഫ് കണ്ടു

സമ്പന്നര്‍ക്ക് അവരുടെ മഹത്വം പുറത്തു കാണിക്കാന്‍ കഴിയാത്ത, ദരിദ്രര്‍ക്ക് അവരുടെ പോരായ്മകള്‍ മറച്ചു വയ്ക്കാന്‍ സാധിക്കുന്നതുമായ - ഒരു സാമുദായിക സമത്വ ഭാവന, അവര്‍തന്നെ, അവര്‍ക്കിടയില്‍ വളര്‍ത്തിയെടുത്തിരുന്നു.

ഇറ്റലിയില്‍ നിന്ന് പസേനി (Paseni) എന്ന അവരുടെ പുരാതന സംസ്കാരം ഇവിടേക്ക് പറിച്ചു നട്ടപ്പോള്‍, നൂതന ലോകത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ നിന്നും പരിരക്ഷ നല്‍കുന്ന ഒരു സുരക്ഷാ കവചമായി അവര്‍ ഇതിനെ വളര്‍ത്തിയെടുത്തിരിക്കുന്നു.  

അവരുടെ ആരോഗ്യ രഹസ്യം അവര്‍ തന്നെ വളര്‍ത്തിയെടുത്ത സംസ്കാരമായിരുന്നു.

വോള്‍ഫും ബ്രുഹനും അവരുടെ നിരീക്ഷണങ്ങള്‍ മെഡിക്കല്‍ സമൂഹത്തിനു മുന്നില്‍ അവതരിച്ചപ്പോള്‍ ഒരു കോളിളക്കം തന്നെ ഉണ്ടായി

ആരോഗ്യ വിചക്ഷണര്‍ക്ക് അതു ദഹിക്കാവുന്നതിലും അപ്പുറമായിരുന്നു

അക്കാലത്ത്, ദൈര്‍ഖ്യ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം നാം എന്തു ആഹാരം കഴിക്കുന്നു, എത്ര കായിക വ്യായാമം ചെയ്യുന്നു, വൈദ്യശാസ്ത്രം എത്ര ഫല പ്രദമായ ചികിത്സ നല്‍കുന്നു എന്നതിലൊക്കെ ഊന്നിയായിരുന്നു

അവരുടെ സതീര്‍ത്ഥൃര്‍ നീണ്ട നിരകളുള്ള കണക്കുകളും പ്രമാണങ്ങളും നിരത്തി ജീനിന്‍റെയും, ശാരീരിക പ്രവര്‍ത്തനങ്ങളെയും കുറിച്ചു പ്രസംഗിച്ചപ്പോള്‍, വോള്‍ഫും ബ്രുഹനും, തെരുവില്‍ നിന്ന് കുശലം പറയുമ്പോഴും, ഒരേ പുരക്കീഴില്‍ മൂന്നു തലമുറ താമസിച്ചാലുമുള്ള നിഗൂഢാത്മകമായ, മാന്ത്രികമായ ഗുണങ്ങളെ കുറിച്ചു പഠിപ്പിക്കുകയായിരുന്നു.

ആരും ആരോഗ്യത്തെ സമൂഹത്തിന്‍റെ ഭാഗമായി അന്ന് കണ്ടിരുന്നില്ല.
 
വോള്‍ഫും ബ്രുഹനും ഒരു പുതിയ ചിന്താ രീതി തന്നെ ഈ രംഗത്ത് വെട്ടിത്തുറന്നു.  

ഒരാളുടെ പൂര്‍ണ്ണാരോഗ്യസ്ഥിതി അറിയാന്‍, അയാളെ വ്യക്തിപരമായി കണ്ടാല്‍ പോര, മറിച്ച് ഒരു വ്യക്തിക്കതീതമായ അവരുടെ സംസ്കാരത്തെക്കുറിച്ച് അറിയണം. അവരുടെ കുടുംബക്കാരാരാണെന്നും സുഹൃത്തുക്കള്‍ ആരാണെന്നും അവരുടെ കുടുംബ പാരമ്പര്യവും അറിയണം.

നമ്മളെ നമ്മളാക്കി മാറ്റുന്നതില്‍ നമ്മുടെ സംസ്കാരിക മൂല്യങ്ങളും , നമ്മുക്ക് ചുറ്റുമുള്ള ജനങ്ങളും, പരിതസ്ഥിതികളും സവിശേഷ പങ്കു വഹിക്കുന്നു എന്നതില്‍ ഒരു സംശയവുമില്ല.

റോസെട്ടോ ഇഫെക്റ്റിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍...



ഇതു വായിക്കുമ്പോപ്പോള്‍ നിങ്ങളുടെ പഴയ കേരളത്തിലെ കൊച്ചു ഗ്രാമത്തെക്കുറിച്ച് ഓര്‍മ്മ വരുന്നുണ്ടോ….


കടപ്പാട്: introduction of Outliers by Malcom Gladwel
(International Best selling Author of books like The Tipping Point and Blink)















5 comments:

  1. Good article, very educative and giving importance of community life.

    ReplyDelete
    Replies
    1. Thanks very much Prasannaji. Very much delighted to see your encouraging comments. Regs.

      Delete
  2. സമഗ്രവും പുതിയ അറിവുകൾ അടങ്ങുന്ന തുമായ write up. മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന നിലയിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കേണ്ടതാണ്

    ReplyDelete
  3. സമഗ്രവും പുതിയ അറിവുകൾ അടങ്ങുന്ന തുമായ write up. മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന നിലയിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കേണ്ടതാണ്

    ReplyDelete
  4. നന്ദി അനൂപ്ജി....ശ്രമിക്കാം...!!

    ReplyDelete